സ്ത്രീക്ക് ഒന്നു കാലുറച്ച് നില്‍ക്കാന്‍ കൂടി കഴിയുന്നുണ്ടായിരുന്നില്ല. റോഡിലൂടെ പോകുന്ന മറ്റുള്ളവർ തന്നെ നോക്കുന്നത് പോലും അറിഞ്ഞില്ല. അമിതമായ അളവിൽ ലഹരി ഉപയോഗിച്ച്, നില്‍ക്കാനോ നടക്കാനോ കഴിയാതെ നിസഹായയായ അവളുടെ ദയനീയമായ, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളില്‍ വലിയ ചർച്ചയായിരുന്നു.

To advertise here,

പഞ്ചാബ് അമൃത്സറിലെ മഖ്ബൂല്പുരയില്‍ നിന്നുള്ള ആ ഉള്ളുലയ്ക്കുന്ന ദൃശ്യം ഒറ്റപ്പെട്ട സംഭവമായിരുന്നില്ല. മയക്കുമരുന്നിന്റെ വലയത്തില്‍ വീണുപോയ പഞ്ചാബിലെ നിരവധി സ്ത്രീകളിൽ ഒരാൾ മാത്രമായിരുന്നു അത്. 2023 ഡിസംബറിൽ നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച് 2022ൽ മയക്കുമരുന്ന് കൈവശംവെച്ചതുമായി ബന്ധപ്പെട്ട കേസുകളിൽ രാജ്യത്ത് തന്നെ ഒന്നാം സ്ഥാനത്താണ് പഞ്ചാബ്. അതിൽ തന്നെ രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകളിൽ ഏറെയും സ്ത്രീകളാണ് പ്രതികൾ. 2016ല്‍ പുറത്തിറങ്ങിയ ബോളിവുഡ് ബ്ലോക്ക്ബസ്റ്റർ ഉഡ്താ പഞ്ചാബിലുള്ളതിനേക്കാൾ ഭയാനകമാണ് സംസ്ഥാനത്തെ വർത്തമാന മയക്കുമരുന്ന് വിശേഷങ്ങളെന്ന് സാരം. സർക്കാരിന്റെ ചട്ടപ്പടി പ്രതിരോധ സംവിധാനങ്ങൾ നോക്കുകുത്തിയായി തുടരുമ്പോൾ സ്വയം പ്രതിരോധിക്കാൻ ഇറങ്ങുകയാണ് പഞ്ചാബിലെ വനിതകൾ.

ഞെട്ടിപ്പിക്കുന്ന കണക്കുകൾ

മയക്കുമരുന്ന് ദുരുപയോഗം സംബന്ധിച്ച് പഠനം നടത്താന്‍ നിയോഗിച്ച ഇന്ത്യയിലെ ഏക സംസ്ഥാനമാണ് പഞ്ചാബ്. 2015 ഫെബ്രുവരിക്കും ഏപ്രിലിനുമിടയിൽ നടത്തിയ പഞ്ചാബ് ഒപിയോയിഡ് ഡിപെന്‍ഡന്‍സ്‌ സർവേയിൽ സംസ്ഥാനത്ത് രണ്ടര ലക്ഷം പേർ മയക്കുമരുന്ന്  ഉപയോഗിക്കുന്നവരാണെന്ന്‌ കണ്ടെത്തിയിരുന്നു. അതായത്, സംസ്ഥാനത്തെ ഒരു ലക്ഷം ആളുകളിൽ 836 പേരും മയക്കുമരുന്ന്‌ ഉപയോഗിക്കുന്നവരാണെന്ന്‌ അർഥം. 2021ലെ സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് അഖിലേന്ത്യാ ശരാശരി ഒരു ലക്ഷം ആളുകളിൽ 250 മാത്രമാണ്.  പഞ്ചാബിലെ ഒപിയോയിഡ് ഉപയോഗിക്കുന്നവരിൽ 89 ശതമാനം സാക്ഷരരും വിദ്യാസമ്പന്നരുമാണെന്നാണ് പഞ്ചാബ് ഒപിയോയ്​ഡ് ഡിപെന്‍ഡന്‍സ്‌ സർവെയിലെ മറ്റൊരു കണ്ടെത്തൽ. ഇവരിൽ 83 ശതമാനം പേർ ജോലി ചെയ്യുന്നവരുമാണ്.

ഇനി നാർക്കോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റാന്‍സ്‌ (എന്‍ഡിപിഎസ്) പ്രകാരം റിപ്പോർട്ട് ചെയ്യപ്പെട്ട കുറ്റകൃത്യങ്ങളുടെ എണ്ണം കൂടി നോക്കാം. 2005നും 2014നും ഇടയിൽ പഞ്ചാബിൽ 7,524 മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമായ ഉത്തർപ്രദേശിന് ശേഷം രണ്ടാം സ്ഥാനത്താണിത്.

2014ൽ മാത്രം റിപ്പോർട്ട് ചെയ്ത എന്‍ഡിപിഎസ് കുറ്റകൃത്യങ്ങളുടെ നിരക്ക് നോക്കിയാൽ ഒരു ലക്ഷത്തിൽ ഇത് 50.5 ആണ്. 12.4 എന്ന നിരക്കിൽ രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്ട്രയേക്കാൾ നാലിരട്ടിയാണിത്. ഇതേ വർഷം തന്നെ പുറത്തുവിട്ട ഏറ്റവും കൂടുതൽ മയക്കുമരുന്ന് പിടികൂടിയ സംസ്ഥാനങ്ങളുടെ പട്ടികയിലും രണ്ടാം സ്ഥാനത്ത് പഞ്ചാബാണുള്ളത്. 2014 അവസാനത്തോടെ ഇന്ത്യയിൽ എന്‍ഡിപിഎസ് നിയമപ്രകാരം ശിക്ഷിക്കപ്പെട്ടവരിൽ 44.5 ശതമാനം പേരും പഞ്ചാബിലാണ്. 

2023 ഡിസംബര്‍ 14ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് രാജ്യസഭയില്‍ അവതരിപ്പിച്ച കണക്കുപ്രകാരം കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ലഹരി കച്ചവടം നടത്തുന്ന 3,164 സ്ത്രീകളെയാണ് പഞ്ചാബില്‍ എന്‍ഡിപിഎസ് ആക്റ്റ് പ്രകാരം അറസ്റ്റ് ചെയ്തിരിക്കുന്നത്. 2020ല്‍ 18 വയസിനു മുകളിലുള്ള 788 സ്ത്രീകളെയും 2021ല്‍ 928 സ്ത്രീകളെയുമാണ് അറസ്റ്റ് ചെയ്തതെങ്കില്‍, 2022 ആയപ്പോഴേക്കും അറസ്റ്റ് ചെയ്യപ്പെട്ട സ്ത്രീകളുടെ എണ്ണം 1,448 ആയി ഉയര്‍ന്നു. ഇതേ വര്‍ഷം രാജ്യത്ത് ആകെ അറസ്റ്റ് ചെയ്ത 4,146 സ്ത്രീകളില്‍ 35 ശതമാനവും പഞ്ചാബില്‍ നിന്നുള്ളവരായിരുന്നു.

കേന്ദ്രമന്ത്രി രാജ്യസഭയില്‍ അവതരിപ്പിച്ച കണക്ക്

സംസ്ഥാനം/ കേന്ദ്രഭരണ പ്രദേശം

സ്ത്രീകള്‍

18 വയസിനു  താഴെയുള്ള കുട്ടികള്‍

2020  2021  2022   2020 2021 2022
പഞ്ചാബ് 788 9281448 16 25 37
ഹരിയാണ 243 174 337 28 13 14
ഹിമാചല്‍ പ്രദേശ് 93 108 83 12 19 12
ചണ്ഡീഗഢ് 15  8 10  0 0 1
രാജ്യത്തെ ആകെ കേസുകള്‍262032424146272411464

2022 ഫെബ്രുവരി 1നും 2023 ഫെബ്രുവരി 28നും ഇടയിൽ പഞ്ചാബ് പോലീസ് എന്‍ഡിപിഎസ് നിയമപ്രകാരം രജിസ്റ്റർ ചെയ്ത 11,156 എഫ്ഐആറുകൾ പരിശോധിച്ച് ദി ഇന്ത്യന്‍ എക്‌സ്പ്രസ്‌ നടത്തിയ വിശകലനത്തിൽ 10 ശതമാനത്തിലധികം കേസുകളിലും സ്ത്രീകൾ ഭാഗമാണെന്ന് കണ്ടെത്തിയിരുന്നു. 2027ലും 2018ലും സത്രീകള്‍ക്കെതിരേ 900ത്തിൽ താഴെ കേസുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ 2019ൽ അത് 1,233 ആയി ഉയർന്നു. 2020ൽ കോവിഡ് മഹാമാരി കാരണം കേസുകളുടെ എണ്ണത്തിൽ കുറവുണ്ടായെങ്കിലും ഇപ്പോൾ ഇത് വീണ്ടും വർധിച്ചുകൊണ്ടിരിക്കുകയാണ്. സ്ത്രീകള്‍ക്കെതിരേ 226 കേസുകളുള്ള പട്യാലയാണ് പട്ടികയിൽ ഏറ്റവും മുന്നിലുള്ള ജില്ല. കപൂർത്തലയിലും ലുധിയാനയിലും 63 കേസുകളും എസ്ബിഎസ് നഗറിൽ 56 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.  

ലഹരിയുടെ വഴിയിലേയ്ക്ക് കാരണങ്ങളേറെ

1. ജീവിക്കാന്‍ പണമില്ല, പലര്‍ക്കുമിത് ഉപജീവനം

മയക്കുമരുന്ന് കേസുകളില്‍ പ്രതികളായ സ്ത്രീകളില്‍ മിക്കവരും ഗ്രാമപ്രദേശങ്ങളിൽ നിന്നോ നഗരങ്ങളിലെ ബസ്തി അഥവാ ഇഡബ്യുഎസ് കോളനികളിൽ നിന്നോ ഉള്ളവരാണ്. പഞ്ചാബിൽ ഏറ്റവും കൂടുതൽ കേസുകളുള്ളത് മാല്വ എന്ന പ്രദേശത്താണ്. 731 കേസുകളാണ് ഇവിടെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ദോബയിൽ 303 കേസുകളും മജ്ഹയിൽ 131 കേസുകളും പോഡിൽ 26 കേസുകളുമാണുള്ളത്. സാമൂഹിക സൂചികയിൽ ഏറ്റവും കുറഞ്ഞ സ്‌കോര്‍ നേടിയ പ്രദേശങ്ങളാണ് ഇവയെല്ലാം. ദാരിദ്ര്യവും മയക്കുമരുന്ന കച്ചവടവും തമ്മിൽ നേരിട്ടുള്ള ബന്ധത്തെയാണ് ഇത് സൂചിപ്പിക്കുന്നത്.

സ്ത്രീകൾ മാത്രമല്ല, നിരവധി പുരുഷന്മാരെയും ലഹരിയിലേക്ക് നയിക്കുന്നത് ദാരിദ്ര്യമാണ്. കൂലിത്തൊഴിലും മറ്റും ചെയ്ത് ജീവിക്കുന്നവർക്ക് അന്നന്നത്തെ ചെലവിനുള്ളത് പോലും കണ്ടെത്താനാകാതെ വരുമ്പോൾ അവർ കൂടുതൽ സമ്പാദിക്കാനുള്ള വഴികൾ കണ്ടെത്തും. ലഹരി ഉപയോഗിച്ചാല്‍ അധികസമയം പണിയെടുക്കാനുള്ള ഊര്‍ജം ലഭിക്കുമെന്ന കാര്യം പലരും പ്രാവർത്തികമാക്കുന്നത് ഇങ്ങനെയാണ്. കൂടുതല്‍ പണിയെടുക്കാന്‍ വേണ്ടി തുടങ്ങിയ ശീലം പലരെയും പിന്നീട് ഇതിന് അടിമകളാക്കും. പിന്നീട് ഇവയ്ക്ക് കൂടുതൽ പണം ആവശ്യമായി വരുമ്പോൾ അത് കണ്ടെത്താനായി മയക്കുമരുന്ന് കച്ചവടത്തിലേക്കും തിരിയും.  അരക്കിലോ  ഹെറോയിൻ കടത്തുമ്പോൾ 50,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെയാണ് ലഭിക്കുക. തങ്ങളുടെ ആവശ്യമുള്ളതിനും കൂടുതൽ പണം ഇങ്ങനെ കണ്ടെത്താന്‍ കഴിയുന്നതോടെ പലർക്കും ഇതായി  പ്രധാന ഉപജീവനമാർഗം. 

ലഹരിവില്‍പ്പന ഉപജീവനമാര്‍ഗമായിരുന്ന കുടുംബത്തിലെ പുരുഷന്‍മാര്‍ അറസ്റ്റിലാവുകയോ മരണപ്പെടുകയോ ചെയ്താലാണ് മറ്റൊരു വിഭാഗം സ്ത്രീകൾ ആ മേഖലയിലേക്ക് തിരിയുന്നത്. ഇത്തരം കേസുകളില്‍ അറസ്റ്റിലാവുന്ന മിക്ക സ്ത്രീകളും വിവാഹിതരാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തങ്ങള്‍ക്കും കുട്ടികള്‍ക്കും ജീവിക്കാന്‍ മറ്റു മാർഗങ്ങളിലാതെ വരുമ്പോൾ അവർ ഈ ജോലി ഏറ്റെടുക്കാന്‍ നിർബന്ധിതരാവുകയാണ്. ഭര്‍ത്താവ് ജയിലിലാവുമ്പോൾ പണത്തിനും മറ്റ്  ആവശ്യമുള്ളതിനാല്‍ അവരുടെ ഭാര്യയോ കുടുംബത്തിലെ മറ്റു അംഗങ്ങളോ ഇത് ഏറ്റെടുക്കുമെന്ന് ഡീലര്‍മാര്‍ക്കും ഗ്രാമവാസികള്‍ക്കും ഉറപ്പാണ്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും മയക്കുമരുന്ന് കച്ചവടം ഒരു കുടുംബ ബിസിനസായി മാറിയെന്നും ഇതിലെല്ലാം സ്ത്രീകൾ പങ്ക് വഹിക്കുന്നുണ്ടെന്നാണ് പോലീസ് ഉദ്യോഗസ്ഥർ പറയുന്നത്.

2. സകലതും സുലഭം

ലഹരിമരുന്നുകള്‍ സുലഭമായി ലഭിക്കുമെന്നതാണ് ഇവയുടെ അമിത ഉപയോഗത്തിനുളള കാരണമായി പ്രദേശവാസികള്‍ തന്നെ ചൂണ്ടിക്കാട്ടുന്നത്. പത്തുവയസുള്ള കുട്ടികള്‍ക്കു പോലും ഒരു ഗ്രാമത്തില്‍ എവിടെയാണ് ലഹരി ലഭിക്കുകയെന്നറിയാം. ലഹരിവസ്തുക്കള്‍ ഹോംഡെലിവറി നടത്തുന്ന ഗ്രാമങ്ങള്‍ പോലും സംസ്ഥാനത്തുണ്ട്. അതിര്‍ത്തി പ്രദേശമായതിനാല്‍ തന്നെ മറ്റു രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്കുള്ള മയക്കുമരുന്നു കടത്തും പഞ്ചാബിലൂടെയാണ്. ഇതുകൂടാതെ പലവിധ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ പോലും ദുരുപയോഗം ചെയ്ത് ലഹരിമരുന്നുകളായി ഉപയോഗിക്കുന്നുണ്ട്.

3. തൊഴിലില്ലായ്മയെന്ന വില്ലൻ

2021ലെ സാമ്പത്തിക സര്‍വെ അനുസരിച്ച് തൊഴിലിലായ്മ ഏറ്റവും കൂടുതലുള്ള അഞ്ച് സംസ്ഥാനങ്ങളിലൊന്നായിരുന്നു പഞ്ചാബ്. 2018-19 ല്‍ ദേശീയതലത്തില്‍ തൊഴിലില്ലായ്മാ നിരക്ക് 5.8 ശതമാനം ആയിരുന്നപ്പോള്‍ പഞ്ചാബിലെ ഗ്രാമ-നഗര പ്രദേശങ്ങളിലെ നിരക്ക് 7.4 ശതമാനമായിരുന്നു. 2011-12 മുതല്‍ 2020-21 വരെ സംസ്ഥാനത്തെ വളര്‍ച്ചാനിരക്ക് 4.6 ശതമാനമായിരുന്നുവെന്നും മറ്റു സംസ്ഥാനങ്ങളിലെ ഏഴ് ശതമാനം വരുമാനം കൂടുതലുള്ളപ്പോള്‍ പഞ്ചാബില്‍ ഇത് 3.05 ശതമാനമായിരുന്നുവെന്നും ഈ സര്‍വേയില്‍ കണ്ടെത്തിയിരുന്നു. ജീവിക്കാന്‍ ഒരു തൊഴിലില്ലാതെ വന്നപ്പോള്‍ മയക്കുമരുന്ന് വ്യാപാരത്തിലേക്ക് തിരിഞ്ഞവരും നിരവധിയാണ്. ലഹരി വ്യാപാരത്തിലൂടെ നല്ല വരുമാനം ലഭിച്ചുതുടങ്ങിയതോടെ പലരുടെയും ഉപജീവനമാര്‍ഗമായി ഇതുമാറി.

4. സ്ത്രീകള്‍ സൂരക്ഷിതവാഹകർ

സ്ത്രീകളെ താരതമ്യേന സുരക്ഷിരായ മയക്കുമരുന്ന് വാഹകരായാണ് കണക്കാക്കുന്നത്. സ്ത്രീകളെ പരിശോധിക്കാനുള്ള സാധ്യത കുറവാണെന്നും അതിനാല്‍ മയക്കുമരുന്ന് കടത്താനായി ഇവര്‍ക്ക് പൊതുഗതാഗതം ഉള്‍പ്പെടെയുള്ള എളുപ്പമുള്ള മാര്‍ഗങ്ങള്‍ ഉപയോഗിക്കാനും കഴിയും. ഈയൊരു കാരണത്താല്‍ സ്ത്രീകളെ ലഹരിക്കടത്തിലേക്ക് കൊണ്ടുവരാനായി പലരും ശ്രമിക്കാറുണ്ട്. പലപ്പോഴും വിവിധ ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം അഡ്മിറ്റ് ചെയ്യുമ്പോഴോ കേസുകളില്‍ ഉള്‍പ്പെടുമ്പോഴോ ആണ് സ്ത്രീകളിലെ മയക്കുമരുന്ന്‌ ഉപയോഗം കണ്ടെത്തുക.

5. ആസക്തിയില്‍ നിന്നും കച്ചവടത്തിലേക്ക്

വര്‍ധിച്ചുവരുന്ന സ്ത്രീ മയക്കുമരുന്ന് കച്ചവടക്കാരുടെ എണ്ണത്തിന് മയക്കുമരുന്ന് ഉപയോഗിക്കുന്ന സ്ത്രീകളുടെ എണ്ണത്തിലെ വര്‍ധനവുമായി നേരിട്ട് ബന്ധമുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ലുധിയാന സിവില്‍ ഹോസ്പിറ്റലിലെ നവജീവന്‍ കേന്ദ്രത്തില്‍ (ഡി-അഡിക്ഷന്‍ സെന്റര്‍) 2018-ല്‍ 26 സ്ത്രീകളായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ 2022-ല്‍ ഇത് 49 ആയി ഉയര്‍ന്നു. ലഹരിയ്ക്ക് അടിമപ്പെട്ട സ്ത്രീകള്‍ പിന്നീട് ഇവ വാങ്ങാന്‍ പണമില്ലാതെ വരുമ്പോഴാണ് കച്ചവടത്തിലേക്ക് തിരിയുന്നത്. ഇതോടൊപ്പം പെട്ടെന്ന് സമ്പന്നരാകാനായി ലഹരിമരുന്നുകളുടെ വ്യാപാരം ചെയ്യുന്നവരുമുണ്ട്.

6. വേശ്യാലയങ്ങളില്‍ മദ്യത്തിനു പകരം മയക്കുമരുന്ന്

തങ്ങളുടെ ജോലിയുടെ സ്വഭാവത്തിന്റെ ഭാഗമായി ലൈംഗിക തൊഴിലാളികളും മയക്കുമരുന്നില്‍ അഭയം പ്രാപിക്കുന്നുണ്ടെന്നാണ് പോലീസ് പറയുന്നത്. പണ്ട് വേശ്യാലയങ്ങളില്‍ മദ്യമാണ് സൂക്ഷിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ അത് മയക്കുമരുന്നാണെന്നും ലൈംഗിക ജോലി, മയക്കുമരുന്ന് ഉപയോഗം, മയക്കുമരുന്ന് വ്യാപാരം എന്നിവ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നുണ്ടെന്നുമാണ് ഒരു ദശാബ്ദത്തിലേറെയായി കപൂര്‍ത്തലയില്‍ ഡി-അഡിക്ഷന്‍ സെന്റര്‍ നടത്തുന്ന ഡോക്ടര്‍ സന്ദീപ് ഭോല ഒരു മാധ്യമത്തിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്..

ഇതു കൂടാതെ സ്‌നേഹത്തിന്‌റെ പേരില്‍ ആണ്‍സുഹൃത്തിനുവേണ്ടി മയക്കുമരുന്ന് സൂക്ഷിക്കുകയും കേസില്‍ കുടുങ്ങുകയും ചെയ്യുന്നവരും നിരവധിയാണ്. പരിചയക്കാരനായ ഒരു പുരുഷന്‍ നല്‍കിയ മയക്കുമരുന്ന് സൂക്ഷിച്ചതിന് വനിതാ ധാബ ഉടമയെ ഈയടുത്ത് പിടികൂടിയിരുന്നു. ആണ്‍സുഹൃത്തുക്കള്‍ നല്‍കിയ ലഹരി ചെറിയ രീതിയില്‍ ഉപയോഗിച്ച് പിന്നീട് ഇതിന് അടിമകളായും കാലാന്തരത്തില്‍ വില്‍പ്പനക്കാരാവുകയും ചെയ്ത സ്ത്രീകളുമുണ്ട്.

ഇരകളായി കുട്ടികളും

സ്ത്രീകള്‍ മയക്കുമരുന്ന് വ്യാപാരത്തിന്റെ കണികളാവുകയും ഇവര്‍ക്കെതിരെ എന്‍ഡിപിഎസ് കേസുകളെടുക്കുകയും ചെയ്യുമ്പോള്‍ ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് കുട്ടികളെയാണ്. മാതാപിതാക്കള്‍ കേസില്‍ അകപ്പെട്ട് ജയിലിലാകുമ്പോള്‍ അവരുടെ വിദ്യാഭ്യാസവും ജീവിതവുമെല്ലാം അനിശ്ചിതത്തിലാവുകയാണ്. പലപ്പോഴും മാതാപിതാക്കള്‍ ചെയ്ത തെറ്റിന്റെ പേരില്‍ നാട്ടില്‍ നിന്നും കുറ്റപ്പെടുത്തലും മാറ്റിനിര്‍ത്തലുകളും കുട്ടികള്‍ നേരിടുന്നുണ്ട്.

ഒരിക്കല്‍ ഇത്തരം കേസുകളില്‍ ഉള്‍പ്പെട്ടവരെ പോലീസ് നിരന്തരം വേട്ടയാടുന്നുവെന്നതും ഏറ്റവും പ്രതികൂലമായി ബാധിക്കുന്നത് കുട്ടികളെയും കൗമാരക്കാരെയുമാണ്. വീട്ടിലെ ഒരാള്‍ക്കെതിരെ കേസുണ്ടെങ്കില്‍ പോലീസ് അവരുടെ വീടുകളില്‍ എത്തുന്നത് സ്ഥിരമാകും. ഇതോടെ മറ്റു ബന്ധുക്കളോ നാട്ടുക്കാരോ സംസാരിക്കാതെയാവും. കുട്ടികള്‍ക്ക് സ്‌ക്കൂളില്‍ പോകാന്‍ കഴിയാത്ത അവസ്ഥയാകും. വിദ്യാഭ്യാസം ലഭിക്കാതെ, നല്ല തൊഴില്‍ ലഭിക്കാതെ വരുന്നതോടെ ഭാവിയില്‍ അവരും മയക്കുമരുന്ന വ്യാപാരമെന്ന് വഴിയിലേക്കെത്തും. ഇതുകൂടാതെ മാതാപിതാക്കള്‍ ഇരുവരും ജയിലിലാവുകയോ, അമിത ലഹരി ഉപയോഗത്തിലൂടെ മരിക്കുകയോ ചെയ്താലും കുട്ടികളാണ് ഒറ്റപ്പെട്ടുപോകുന്നത്.

പുനരധിവാസം അത്ര എളുപ്പമല്ല

കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ 3164 സ്ത്രീ മയക്കുമരുന്ന് വില്പനക്കാരെയാണ് പഞ്ചാബില്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. കൃത്യമായ കണക്കില്ലെങ്കിലും ഏതാണ്ട് രണ്ടു ലക്ഷത്തോളം സ്ത്രീകള്‍ സംസ്ഥാനത്ത് മയക്കുമരുന്ന ഉപയോഗിക്കുന്നുണ്ടെന്നാണ് അനുമാനം. കണക്കുകള്‍ ഇങ്ങനെ ഉയരുമ്പോഴും സ്ത്രീകള്‍ക്ക്‌ മാത്രമായി സംസ്ഥാനത്ത്‌ ആകെയുള്ളത് ഒരു പുനരധിവാസ കേന്ദ്രം മാത്രമാണെന്നതാണ് വസ്തുത.  

placeholder
സ്വാമി വിവേകാനന്ദ് ഡ്രഗ് ഡി-അഡിക്ഷന്‍ സെന്ററില്‍ ചികിത്സക്കായി വന്നവര്‍ I Photo: AFP

പഞ്ചാബിലാകെ 31 സര്‍ക്കാര്‍ ഡി അഡിക്ഷന് സെന്ററുകളുണ്ടെങ്കിലും ഇതെല്ലാം പുരുഷന്മാര്‍ക്കും കൂടിയുള്ളതാണ്. അവിടെയെത്തുന്ന തങ്ങളെ പുരുഷന്മാര്‍ തുറിച്ചുനോക്കുന്നുവെന്നും സ്വകാര്യതയില്ലെന്നും ചൂണ്ടിക്കാട്ടി മിക്ക സ്ത്രീകളും ഇവിടേക്കെത്താന്‍ തയ്യാറല്ല. തങ്ങള്‍ ലഹരിക്കടിമകളാണെന്ന് തുറന്നുസമ്മതിക്കാനുള്ള വിമുഖത, പുനരധിവാസ കേന്ദ്രങ്ങളിലേക്കുള്ള യാത്രയ്ക്ക് വരുന്ന ചിലവ് എന്നിവയെല്ലാം പുനരധിവാസത്തിനു വെല്ലുവിളിയാകുന്നുണ്ട്.

ജീവിക്കാന്‍ പണമില്ലാത്തതിന്റെ പേരിലാണ് പല സ്ത്രീകളും ലഹരിമരുന്ന് വില്‍പ്പനക്കാരും ഇടനിലക്കാരുമെല്ലാമായി മാറുന്നത്. ഇതുപേക്ഷിച്ചാല്‍ പിന്നീട് എങ്ങനെ ജീവിക്കുമെന്നും ചികിത്സ കാലയളവിലുള്ള ചെലവുകള്‍ എങ്ങനെ നിറവേറ്റുമെന്നുമാണ് പലരും ചോദിക്കുന്നത്. ലഹരിയില്‍ നിന്നുള്ള മോചനം മാത്രമല്ല, ജീവിക്കാനുള്ള മറ്റൊരു വരുമാനമാര്‍ഗം കൂടി ഇവര്‍ക്കു മുന്നില്‍ തുറക്കേണ്ടതുണ്ട്.

സ്ത്രീകള്‍ക്ക് വേണ്ടി സ്ത്രീകൾ തന്നെ രംഗത്ത്

പഞ്ചാബിലെ മയക്കുമരുന്ന് ആസക്തി ഓരോ വര്‍ഷവും വർധിക്കുകയും വലിയ ഭീഷണിയാവുകയും ചെയ്ത സാഹചര്യത്തിലാണ് സ്ത്രീകള്‍ തന്നെ കളത്തിലിറങ്ങിയത്. മയക്കുമരുന്ന് ആസക്തി ഇല്ലാതാക്കുക, മയക്കുമരുന്ന് വ്യാപാരത്തില്‍ സ്ത്രീകളുടെ പങ്കാളിത്തത്തിന് പരിഹാരം കാണുക  തുടങ്ങിയ ലക്ഷ്യങ്ങളോടെ ഗ്രാമതലത്തില്‍ നിരവധി മയക്കുമരുന്ന് വിരുദ്ധ സമിതികളാണ് സ്ത്രീകളുടെ നേതൃത്വത്തില്‍ രൂപീകരിച്ചിരിക്കുന്നത്.

2023 സെപ്റ്റംബർ ആദ്യവാരത്തില്‍ സാമൂഹിക ആരോഗ്യ പ്രവര്‍ത്തക ഷിന്ദര്‍ പാല്‍ കൗറിന്റെ നേതൃത്വത്തില്‍ ബതിന്ഡ ജില്ലയിലെ ദുല്ലേവാല ഗ്രാമത്തിലാണ് ആദ്യ സംഘം രൂപീകരിച്ചത്. 11 സ്ത്രീകള്‍ അംഗങ്ങളായുള്ള സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതിനുശേഷം എന്‍ട്രി പോയിന്റ് പരിശോധനയുടെ ആവശ്യകത തന്നെ ചിലയിടങ്ങളില്‍ ഇല്ലാതായി. ഇവര്‍ തങ്ങളുടെ ഗ്രാമത്തിലേക്ക് പുതുതായി എത്തുന്നവരെ കൃത്യമായി നിരീക്ഷിക്കുകയും സംശയാസ്പദമായ രീതിയില്‍ ആരെയെങ്കിലും കണ്ടാല്‍ പോലീസില്‍ വിവരം അറിയിക്കുകയും ചെയ്യും. പകലോ രാത്രിയോ എന്ന വ്യത്യാസമില്ലാതെ ഗ്രാമത്തിലേക്കെത്താനുള്ള എല്ലാ വഴികളിലും ഇവര്‍ നിരീക്ഷണം നടത്തുന്നുണ്ട്.

സ്ത്രീകളുടെ സജീവമായ ഇടപെടലിലൂടെ മയക്കുമരുന്ന് വിതരണക്കാര്‍ ഇപ്പോള്‍ ഗ്രാമത്തിലേക്ക് നേരിട്ട് ലഹരിവസ്തുക്കള്‍ കൊണ്ടുവരുന്നില്ലെന്നും ചിലര്‍ ചൂണ്ടിക്കാട്ടി. ബതിന്ഡ ജില്ലയിലെ സമിതിയുടെ പ്രവര്‍ത്തനവിജയം കണ്ട് അയല്‍ ഗ്രാമമായ ഭനാ ബസ്തിയിലും പിന്നീട് മറ്റു പല ഗ്രാമങ്ങളിലും സ്ത്രീകള്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.

പ്രധാനമായും കാര്‍ഷിക പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്ന സംഘടനയായ ബികെയു ദകൗണ്ടയിലെ അംഗമായ ഷിന്ദര്‍പാല്‍ കൗര്‍ ഇത്തരത്തില്‍ മയക്കുമരുന്നിനെതിരായ പ്രവര്‍ത്തനത്തില്‍ പോരാട്ടം നടത്തുന്ന സ്ത്രീയാണ്. കഴിഞ്ഞ നാല് മാസമായി വിവിധ ഗ്രാമങ്ങളിലൂടെ സഞ്ചരിച്ച് മയക്കുമരുന്നുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇവര്‍ മറ്റുസ്ത്രീകളുമായി സംസാരിക്കുന്നുണ്ട്. നമ്മുടെ അടുക്കളകളില്‍ പോലും ആസക്തി കടന്നുകൂടിയിരിക്കുന്ന അവസ്ഥയില്‍ ഇത്‌ നിയന്ത്രിക്കാനായി സ്ത്രീകള്‍ മുന്‍കൈ എടുക്കണമെന്നാണ് ഷിന്ദര്‍പാല്‍ കൗര്‍ പറയുന്നത്.

മാന്‍സയിലെ അക്ലിയ ഗ്രാമത്തിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമയായ കുല്‍വീന്ദര്‍ കൗറാണ് മയക്കുമരുന്നിനെതിരെ പോരാടുന്ന മറ്റൊരു സ്ത്രീ. 'പല ഗ്രാമങ്ങളിലും ആണ്‍കുട്ടികള്‍ മാത്രമല്ല പെണ്‍കുട്ടികളും മയക്കുമരുന്നിന് ഇരയാകുന്നുണ്ട്. ഈ വിപത്തിനെ ചെറുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് മനസിലായപ്പോള്‍ മുന്നില്‍ നിന്ന് നയിക്കുകയല്ലാതെ ഞങ്ങള്‍ക്ക് മറ്റ് മാര്‍ഗമുണ്ടായിരുന്നില്ല', അവര്‍ പറഞ്ഞു.

മയക്കുമരുന്ന് വിതരണക്കാര്‍ക്കെതിരായ പോരാട്ടത്തില്‍ സ്ത്രീകളും പങ്കാളികളാവണമെന്നാണ് പുരുഷന്മാരുടെ നേതൃത്വത്തിലുള്ള മയക്കുമരുന്ന് വിരുദ്ധ ബോധവല്‍ക്കരണ സമിതിയുടെ നേതാവായ ബഹാദൂര്‍ സിംഗ് പറയുന്നത്. ശരിയായ കൗണ്‍സിലിംഗിലൂടെ നിരവധി ജീവനുകള്‍ രക്ഷിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമതലത്തില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം സംഘങ്ങള്‍ക്ക് പോലീസും പിന്തുണ നല്‍കുന്നുണ്ട്. ചുരുക്കത്തില്‍ വലിയൊരു യഞ്ജത്തിനായി പോലീസും ലിംഗഭേദമന്യേ ജനങ്ങളും ഒത്തുചേരുകയാണ്.

നിരോധനത്തിൽ പൂക്കുന്ന ബദലുകള്‍

തുച്ഛമായ വിലയില്‍ എളുപ്പത്തില്‍ ലഭ്യമാകുന്ന പ്രാദേശികമായി നശീലി ഗോലിയാന്‍ എന്നറിയപ്പെടുന്ന ലഹരി ഗുളികകളാണ് ഇപ്പോള്‍ പഞ്ചാബില്‍ ആളുകള്‍ കൂടുതലായി ഉപയോഗിക്കുന്നത്. 2022 ഏപ്രില്‍ 1 നും 2023 ഫെബ്രുവരി 28 നും ഇടയില്‍ പഞ്ചാബ് പോലീസ് നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റാന്‍സസ് ആക്ട് (എന്‍ഡിപിഎസ്) പ്രകാരം ഫയല്‍ ചെയ്ത 11,165 എഫ്‌ഐആറുകളില്‍ ഏകദേശം 25% അഥവാ 2,746 എണ്ണത്തിലും ഇത്തരം ഗുളികകളാണ് കണ്ടെടുത്തതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ഹെറോയിന്‍ കൂടുതലായി കാണപ്പെടുന്ന അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നിന്ന് മാറിയുള്ള പ്രദേശങ്ങളില്‍ ഫാര്‍മസ്യൂട്ടിക്കല്‍ മരുന്നുകളുടെ ദുരുപയോഗം വര്‍ധിക്കുന്നതായി പോലീസ് ഡയറക്ടര്‍ ജനറല്‍ ഗൗരവ് യാദവ് പറഞ്ഞു. കപൂര്‍ത്തല (326), ശ്രീ മുക്ത്സര്‍ സാഹിബ് (174), ലുധിയാന (170), മാന്‍സ (157), ബതിന്ഡ (151) എന്നിവിടങ്ങളിലാണ് ഇത്തരത്തിലുള്ള കൂടുതല്‍ കേസുകളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവയെല്ലാം അതിര്‍ത്തിയില്‍ നിന്നും വളരെ അകലെയുള്ള പ്രദേശങ്ങളാണ്.

അതേസമയം മാള്‍വ മേഖലയില്‍ 'സിഗ്നേച്ചര്‍' എന്ന ക്യാപ്‌സ്യൂള്‍ ആണ് കൂടുതലായി ഉപയോഗിക്കുന്നത്. ഗുളികകളുടെ ദുരുപയോഗം വര്‍ധിക്കുന്നത് ഹെറോയിന്‍ വിതരണം കുറയുന്നതിന്റെ സൂചനയാണെന്ന് ചില പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. 20,800 റീട്ടെയിലും 9,750 മൊത്തവ്യാപാര ഫാര്‍മസികളുമുള്ള പഞ്ചാബിലെ കെമിസ്റ്റ് ഷോപ്പുകളുടെ എണ്ണം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ 24,000 ല്‍ നിന്ന് 29,000 ആയി ഉയര്‍ന്നിട്ടുണ്ട്. ട്രമാഡോള്‍, അല്‍സെപാം, ബ്യൂപ്രെനോര്‍ഫിന്‍, ലോമോട്ടില്‍ പോലെയുള്ള വയറിളക്കത്തിനുള്ള മരുന്നുകളും വേദനസംഹാരികളും വിഷാദത്തിനുള്ള മരുന്നുകളും വരെ ഇപ്പോള്‍ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നാണ് ഏറ്റവും പേടിപ്പിക്കുന്ന കാര്യം.

ഇതോടെ പല ജില്ലാ ഭരണകൂടങ്ങളും ഗുളികകള്‍ വാങ്ങുന്നതിന് കുറിപ്പടികള്‍ നിര്‍ബന്ധമാക്കുകയും 30 ഗ്രാം വീര്യത്തിലുമധികമുള്ള മരുന്നുകള്‍ വില്‍ക്കരുതെന്ന നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. പക്ഷേ പ്രെഗബാലിന്‍, ട്രമഡോള്‍ എന്നിവ എളുപ്പത്തില്‍ ലഭ്യമാകുന്ന രാജസ്ഥാന്‍ പോലുള്ള അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് ആളുകള്‍ക്കിത് വാങ്ങാനാവുമെന്നത് വെല്ലുവിളി തന്നെയാണ്.

രണ്ട് വര്‍ഷം മുമ്പ്, പഞ്ചാബ് സര്‍ക്കാര്‍ കെമിസ്റ്റ് ഷോപ്പുകളുടെ എല്ലാ പ്രൊപ്രൈറ്റര്‍മാര്‍ക്കും ഫാര്‍മസ്യൂട്ടിക്കല്‍ ബിരുദം നിര്‍ബന്ധമാക്കിയിരുന്നു, എന്നാല്‍ പണ്ട് ലൈസന്‍സ് കിട്ടിയ പല ഉടമകളും ഇപ്പോഴും ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ട്. ഓരോ തവണയും ഒരു ഗുളിക നിരോധിക്കുമ്പോള്‍ പുതിയ ബദലുകള്‍ കണ്ടെത്തുമെന്നത് വലിയ പ്രശ്‌നം തന്നെയാണ്. അതുകൊണ്ടുതന്നെ ഇത്തരം മരുന്നുകളുടെ നിരോധനങ്ങളിലൂടെ പ്രശ്‌നം പൂര്‍ണമായി പരിഹരിക്കപ്പെടില്ല. പ്രാദേശിക അതിര്‍ത്തികള്‍ക്കുള്ളില്‍ ഒതുങ്ങുന്ന പ്രശ്‌നമല്ലാത്തതിനാല്‍  രാജ്യത്തുടനീളം മെച്ചപ്പെട്ട നിയന്ത്രണവും നിരീക്ഷണവും വിഷയത്തില്‍ ആവശ്യമാണ്.

പ്രതിരോധം ശക്തിപ്പെടുത്തുന്നു

ഒരു വർഷത്തിനുള്ളിൽ മയക്കുമരുന്നെന്ന വിപത്തിനെ ഇല്ലാതാക്കുമെന്ന് 2023ലെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാൻ പ്രതിജ്ഞയെടുത്തിരുന്നു. 2023 നവംബർ 1 ലെ 'പഞ്ചാബ് ദിന'ത്തിലും ഇതേകാര്യം ചൂണ്ടികാട്ടിയ അദ്ദേഹം, മയക്കുമരുന്ന് ഇല്ലാതാക്കുന്നതിനുള്ള വഴി ഉപഭോഗം ഇല്ലാതാക്കുന്നതാണെന്നും വ്യക്തമാക്കിയിരുന്നു.

വിതരണക്കാർക്കെതിരെ അവരുടെ സ്വത്തുക്കൾ പിടിച്ചെടുക്കുന്നതുൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിച്ച് മയക്കുമരുന്ന് വില്പനയിൽ ഇല്ലാതാക്കുക എന്നതാണ് ഭാഗവത് സിങ് മാനിന്റെ ആദ്യത്തെ നീക്കം. ഇതോടൊപ്പം മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ പുനരധിവസിപ്പിക്കുന്നതിനായി പുതിയ മാനസികാരോഗ്യ നയം രൂപീകരിക്കാനും സംസ്ഥാനം തീരുമാനിച്ചിട്ടുണ്ട്.

placeholder
പഞ്ചാബിലെ മയക്കുമരുന്ന് ആസക്തിക്കെതിരെ പ്രതിജ്ഞയെടുക്കാന്‍ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ നേതൃത്വത്തിൽ സുവർണക്ഷേത്രത്തിൽ നടന്ന വിദ്യാർഥികളുടെ പ്രാര്‍ഥനായോഗം I Photo: Reuters

വാസ്തവത്തിൽ, എന്‍.ഡി.പി.എസ് നിയമപ്രകാരമുള്ള കേസുകളിൽ പലതും പിടിച്ചെടുത്തിരിക്കുന്നത് ചെറിയ അളവിലുള്ള ലഹരിവസ്തുക്കളാണ്. ഇത്തരം കേസുകളിൽ പ്രതിയുടെ പേരും വിവരങ്ങളും കൃത്യമായി നല്കിയിട്ടുണ്ട്. എന്നാൽ കോടികളോളം വിലവരുന്ന മയക്കുമരുന്ന് പിടിച്ചെടുത്ത കേസുകളിലെല്ലാം പ്രതികളുടെ വിവരങ്ങളെല്ലാം അജ്ഞാതമെന്നാണ് നല്കിയിരിക്കുന്നത്. 

എന്നാല്‍ 2023 ഡിസംബർ ആദ്യം, മയക്കുമരുന്ന് വ്യാപാരത്തിൽ ഭാഗമായവരോട് സീറോ ടോളറൻസ് നയം സ്വീകരിക്കണമെന്ന് ജില്ലാ പോലീസ് മേധാവികൾക്ക് മുഖ്യമന്ത്രി നിർദേശം നൽകിയിരുന്നു. ചെറിയ വില്പനക്കാരായ സാധാരണക്കാരെയല്ലാതെ  വ്യാപാരത്തിലെ വലിയ കണ്ണികൾക്കെതിരെ നടപടി സ്വീകരിക്കാനുള്ള നീക്കം സംസ്ഥാനത്ത് തുടങ്ങിക്കഴിഞ്ഞു. എൻഡിപിഎസ് കേസുകളിലെ പ്രതികളുടെ 88 കോടിയുടെ സ്വത്ത് 2023 അവസാനത്തോടെ കണ്ടുകെട്ടിയിരുന്നു. ഇതോടൊപ്പം മയക്കുമരുന്ന് പണം ഉപയോഗിച്ച് നിർമ്മിച്ച സ്വത്തുക്കൾ മരവിപ്പിക്കാൻ എസ്എച്ച്ഒമാർക്ക് അധികാരം നൽകാനും നിർദ്ദേശമുണ്ട്. കൂടാതെ, എല്ലാ ജില്ലയിലും ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റുകൾ രൂപീകരിച്ചിട്ടുണ്ട്, ആറ് കോൺസ്റ്റബിൾമാരുടെ ഒരു ടീമിനൊപ്പം യുവാക്കളും സാങ്കേതിക വിദഗ്ദ്ധരുമായ അസിസ്റ്റന്റ് സബ്-ഇൻസ്‌പെക്ടർമാരും ഇതിന്റെ ഭാഗമാകും.

വിതരണം തടസ്സപ്പെടുത്തുക എന്നതാണ് മയക്കുമരുന്ന് ഉപഭോഗം ഇല്ലാതാക്കാനായി സ്വീകരിച്ച അടുത്ത നടപടി. ഇതിന്റെ ഭാഗമായി 553 കിലോമീറ്റർ അന്താരാഷ്ട്ര അതിർത്തിയിൽ 100 ചെക്ക്‌പോസ്റ്റുകളാണ് പഞ്ചാബ് പോലീസ് സ്ഥാപിച്ചത്. ഓരോ അഞ്ച് കിലോമീറ്ററിലും ഒരു പോലീസ് ചെക്ക്‌പോസ്റ്റ് ഉണ്ടായിരിക്കും. ഇതോടൊപ്പം രാജ്യാന്തര അതിർത്തിയിൽ നിന്ന് 19 കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ ഗ്രാമങ്ങളിലും ഗ്രാമപ്രതിരോധ സമിതികളും രൂപീകരിച്ചിട്ടുണ്ട്.

പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലാ പോലീസ് മേധാവികളും സ്റ്റേഷൻ ഹൗസ് ഓഫീസർമാരും (എസ്‌എച്ച്‌ഒ) ഉൾപ്പെടുന്ന സംഘം സാമൂഹ്യ മാധ്യമങ്ങൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനവും കഴിഞ്ഞ ഓഗസ്റ്റ് മുതൽ നടത്തുന്നുണ്ട്. കഴിഞ്ഞ രണ്ട് മാസത്തിനിടെ 2,288 പോസ്റ്റുകളാണ് ലഹരി ഉപയോഗത്തിനെതിരെ അവരുടെ സാമൂഹ്യ മാധ്യമ പേജുകളിൽ പങ്കുവെച്ചിരിക്കുന്നത്. ഇതുകൂടാതെ മാരത്തണുകൾ, സൈക്ലോത്തണുകൾ, ഗള്ളി ക്രിക്കറ്റ്, മത്സരങ്ങൾ, തെരുവ് നാടകങ്ങൾ തുടങ്ങി സംസ്ഥാനത്തുടനീളം പ്രതിമാസം ശരാശരി 37 പരിപാടികൾ പോലീസ് സംഘടിപ്പിക്കുന്നുണ്ട്. 

placeholder
ലഹരി ഉപയോഗത്തിനെതിരേ ബോധവത്കരണത്തിന്റെ ഭാഗമായി അമൃത്സര്‍ പോലീസ് സംഘടിപ്പിച്ച 'ദി ഹോപ്പ് കപ്പ് ഗള്ളി ക്രിക്കറ്റ് ലീഗ്'  മുഖ്യമന്ത്രി ഭഗവന്ത് മാന്‍ ഉദ്ഘാടനം ചെയ്യുന്നു I Photo: PTI

ഇതിനെല്ലാം പുറമെ മയക്കുമരുന്നിന് അടിമകളായവരെ പുനരധിവസിക്കുന്നതിനായി മെച്ചപ്പെട്ട ആരോഗ്യ സംവിധാനങ്ങളും സർക്കാർ ഉറപ്പുവരുത്തുന്നുണ്ട്. ഇതിനായി സർക്കാർ പുതിയ മാനസികാരോഗ്യ നയം രൂപീകരിക്കുമെന്നും അവരുടെ പുനരധിവാസം, നൈപുണ്യ വികസനം, ഉന്നമനം എന്നിവയ്ക്ക് തുല്യമായ ഊന്നൽ നൽകുമെന്നും പഞ്ചാബ് ആരോഗ്യമന്ത്രി പറഞ്ഞു.

ലഹരിക്കെതിരേ ജനങ്ങളും പോലീസും അധികാരികളുമെല്ലാം ഒരുമിച്ചു ഇറങ്ങുമ്പോൾ വലിയൊരു മാറ്റം ഉണ്ടാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. പഞ്ചാബിന് മുന്നിൽ ഇനി സമയം ഏറെയില്ല. സ്ത്രീകൾ ചങ്കൂറ്റത്തോടെ വെട്ടിയ വഴിയിലേയ്ക്ക് യുവാക്കളും രാഷ്ട്രീയക്കാരും പോലീസും ചുവടുവച്ചിറങ്ങുമോ? പഞ്ചാബ് മാത്രമല്ല, രാജ്യം മുഴുവൻ നെഞ്ചിൽ കൈവച്ച് ഉറ്റുനോക്കുകയാണ്.