കേരളത്തിലെ കൗമാരക്കാരിലും യുവാക്കളിലും വർധിച്ചുവരുന്ന ലഹരി ഉപയോഗം ഇന്ന് ഒരു നിയമപ്രശ്നം മാത്രമല്ല; അത് കുടുംബത്തെയും വിദ്യാഭ്യാസത്തെയും ആരോഗ്യത്തെയും സാമൂഹിക സുരക്ഷയെയും ബാധിക്കുന്ന ഗൗരവമായ പൊതുജനാരോഗ്യ പ്രശ്നമായി മാറിയിരിക്കുകയാണ്. വിമുക്തി മിഷന്റെ സർവേ റിപ്പോർട്ടുകളും കേന്ദ്ര സർക്കാരിന്റെ കണക്കുകളും ഈ ഭീഷണിയുടെ വ്യാപ്തി വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിൽ, ലഹരി ഉപയോഗിക്കുന്ന കുട്ടികളെയും യുവാക്കളെയും ശിക്ഷിക്കുന്നതിലോ കേസെടുക്കുന്നതിലോ മാത്രം ഒതുങ്ങാതെ, അവർ ലഹരിയിലേക്ക് എങ്ങനെ എത്തിപ്പെട്ടു എന്നത് ശാസ്ത്രീയമായി മനസ്സിലാക്കി ഇടപെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

To advertise here,

കണക്കുകൾ പറയുന്ന മുന്നറിയിപ്പ്

കേരള എക്സൈസ് വകുപ്പിന്റെ വിമുക്തി മിഷൻ 2020-21 കാലയളവിൽ 10 മുതൽ 19 വയസ്സ് വരെയുള്ള കൗമാരക്കാരെ കേന്ദ്രീകരിച്ച് നടത്തിയ പഠനം ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവിട്ടത്. പഠനവിധേയരിൽ 97% പേരും ഏതെങ്കിലും തരത്തിലുള്ള ലഹരി വസ്തുക്കൾ ഉപയോഗിച്ചവരായിരുന്നു. ഇവരിൽ 27.5% പേർ ലഹരി വിൽപ്പനയിലും 7% പേർ ലഹരി കടത്തിലും പങ്കാളികളായതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ലഹരി ഉപയോഗിക്കുന്നവരിൽ 70% പേരും 10 മുതൽ 15 വയസ്സ് വരെയുള്ള പ്രായത്തിലാണ് ഉപയോഗം ആരംഭിച്ചത്; 9% പേർ 5 മുതൽ 10 വയസ്സ് വരെയുള്ള പ്രായത്തിൽ തന്നെ ലഹരിയിലേക്ക് വഴുതിപ്പോയത് ഏറ്റവും ഗൗരവകരമായ കണ്ടെത്തലാണ്.

ഉപയോഗിക്കുന്ന വസ്തുക്കളിൽ കഞ്ചാവാണ് മുന്നിൽ — 82%. പുകയില ഉൽപ്പന്നങ്ങൾ 75.66% പേരും മദ്യം 64.66% പേരും ഉപയോഗിച്ചതായി റിപ്പോർട്ട് പറയുന്നു. 25.5% പേർ ഗുളികകൾ ലഹരിയായി ഉപയോഗിച്ചതും ശ്രദ്ധേയമാണ്. ഇവ വെറും കണക്കുകൾ മാത്രമല്ല; സ്കൂൾ പ്രായത്തിൽതന്നെ കുട്ടികൾ ലഹരിയുടെ വലയത്തിലേക്ക് കടക്കുന്നതിന്റെ സാമൂഹിക സൂചനകളാണ്.

ലോക്‌സഭയിൽ 2025 ഏപ്രിലിൽ സമർപ്പിച്ച കേന്ദ്ര സാമൂഹ്യനീതി-ശാക്തീകരണ മന്ത്രാലയത്തിന്റെ കണക്കുകളും കേരളത്തിലെ പ്രശ്നത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നു. 10 മുതൽ 17 വയസ്സ് വരെയുള്ളവരിൽ 39,000 പേർ ഇൻഹേലന്റുകളും, 31,000 പേർ ഒപിയോയിഡുകളും, 15,000 പേർ കഞ്ചാവും ഉപയോഗിക്കുന്നതായി കണക്കാക്കുന്നു. 18 മുതൽ 75 വയസ്സ് വരെയുള്ളവരിൽ കഞ്ചാവ് ഉപയോഗിക്കുന്നവർ 3.52 ലക്ഷവും ഒപിയോയിഡ് ഉപയോഗിക്കുന്നവർ 2.12 ലക്ഷവുമാണെന്ന കണക്കുകൾ ലഹരി പ്രശ്നം കൗമാരത്തിൽ മാത്രം ഒതുങ്ങുന്നില്ലെന്ന് വ്യക്തമാക്കുന്നു.

ലഹരി: കുറ്റമോ, രോഗമോ, അല്ലെങ്കിൽ സഹായത്തിനായുള്ള നിശ്ശബ്ദ നിലവിളിയോ?

ലഹരി ഉപയോഗത്തെ പലപ്പോഴും “സ്വഭാവദോഷം” അല്ലെങ്കിൽ “കുറ്റകൃത്യം” എന്ന നിലയിലാണ് സമൂഹം കാണുന്നത്. എന്നാൽ, ശാസ്ത്രീയമായ കാഴ്ചപ്പാട് വ്യത്യസ്തമാണ്. ചില കുട്ടികൾ കൗതുകം കൊണ്ടോ കൂട്ടുകാരുടെ സ്വാധീനത്താലോ ലഹരി പരീക്ഷിച്ചേക്കാം. ചിലർക്കത് മാനസിക വേദനയിൽനിന്ന് രക്ഷപ്പെടാനുള്ള വഴിയായി മാറുന്നു. വിമുക്തി റിപ്പോർട്ടിൽ 78.1% പേർ കൗതുകവും 72.33% പേർ സുഹൃത്തുക്കളുടെ സ്വാധീനവും ലഹരി ഉപയോഗത്തിന്റെ കാരണമായി പറഞ്ഞത് ഈ അപകടസാധ്യത വ്യക്തമാക്കുന്നു.

കുട്ടിക്കാലത്തെ മുറിവുകൾ: ലഹരിയിലേക്ക് നയിക്കുന്ന മറഞ്ഞിരിക്കുന്ന കാരണം

കുട്ടിക്കാലത്ത് നേരിട്ട ദുഷ്‌കരമായ അനുഭവങ്ങൾ- Adverse Childhood Experiences അഥവാ ACEs- ലഹരി ഉപയോഗം, അക്രമസ്വഭാവം, കുറ്റകൃത്യ പ്രവണത, മാനസികാരോഗ്യ പ്രശ്നങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നതായി നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. വീട്ടിലെ സ്ഥിരമായ വഴക്ക്, മാതാപിതാക്കളുടെ വേർപിരിയൽ, കുടുംബാംഗങ്ങളുടെ മദ്യ/ലഹരി ഉപയോഗം, കുട്ടിയോടുള്ള അവഗണന, ശാരീരികമോ മാനസികമോ ലൈംഗികമോ ആയ പീഡനം, സ്കൂളിലോ സമൂഹത്തിലോ നേരിടുന്ന ബുള്ളിയിംഗ്, അക്രമാന്തരീക്ഷം എന്നിവ കുട്ടിയുടെ മനസ്സിൽ ആഴത്തിലുള്ള മുറിവുകൾ സൃഷ്ടിക്കാം.

കേരള പശ്ചാത്തലത്തിൽ പ്രസിദ്ധീകരിച്ച ഒരു പഠനം ഇക്കാര്യത്തിൽ വളരെ പ്രസക്തമാണ്. ആവർത്തിച്ച് ഹിംസാത്മക കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട പുരുഷ കുറ്റവാളികളെയും നിയന്ത്രണ ഗ്രൂപ്പിനെയും താരതമ്യം ചെയ്ത ഈ പഠനം WHO ACE-IQ ഉപയോഗിച്ച് 13 വിഭാഗങ്ങളിലുള്ള കുട്ടിക്കാല പ്രതികൂല അനുഭവങ്ങൾ വിലയിരുത്തി. Household violence, community violence, collective violence എന്നിവ ആവർത്തന കുറ്റവാളികളിൽ നിയന്ത്രണ ഗ്രൂപ്പിനേക്കാൾ ഏകദേശം ഇരട്ടിയോളം കൂടുതലാണെന്നും ACE score-നും violent criminality-ക്കും ഇടയിൽ ഗണ്യമായ ബന്ധമുണ്ടെന്നും പഠനം കണ്ടെത്തി.

ഇത് വിദ്യാർത്ഥി ലഹരി ഉപയോഗവുമായി ബന്ധിപ്പിച്ച് കാണുമ്പോൾ, ഉദാഹരണത്തിന്, വീട്ടിൽ മദ്യപാനവും അക്രമവും പതിവായി കാണുന്ന കുട്ടി മാനസിക സമ്മർദ്ദത്തിൽ നിന്ന് രക്ഷപ്പെടാൻ പുകയിലയിലേക്കോ കഞ്ചാവിലേക്കോ നീങ്ങാം. മാതാപിതാക്കളുടെ വേർപിരിയലിന് ശേഷം ഏകാന്തത അനുഭവിക്കുന്ന കുട്ടി കൂട്ടുകാരുടെ അംഗീകാരം നേടാൻ ലഹരി പരീക്ഷിച്ചേക്കാം. സ്കൂളിൽ നിരന്തരം പരിഹസിക്കപ്പെടുന്ന കുട്ടി തന്റെ വേദന മറക്കാനായി ലഹരി ഉപയോഗിക്കാം. അതുകൊണ്ട്, “കുട്ടി എന്ത് ലഹരി ഉപയോഗിച്ചു?” എന്ന ചോദ്യത്തിനൊപ്പം “കുട്ടി എന്ത് ജീവിതാനുഭവങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നു?” എന്ന ചോദ്യവും കൗൺസിലിംഗിൽ ഉൾപ്പെടുത്തണം.

ജനിതക പ്രവണത: കുട്ടിയെ കുറ്റപ്പെടുത്താതെ അപകടസാധ്യത മനസ്സിലാക്കണം

ലഹരി ആശ്രിതത്വത്തിൽ കുടുംബചരിത്രവും ജനിതക പ്രവണതയും ഒരു പരിധിവരെ പങ്കുവഹിക്കുന്നു. കുടുംബത്തിൽ മദ്യാസക്തിയോ മയക്കുമരുന്ന് ആശ്രിതത്വമോ ഉണ്ടെങ്കിൽ കുട്ടിക്കു സമാനമായ അപകടസാധ്യത കൂടുതലാകാം. എന്നാൽ ഇത് “ജീനുകളുണ്ടെങ്കിൽ ലഹരിയിലാകും” എന്ന ലളിതമായ അർത്ഥമല്ല. ജൈവിക പ്രവണത, കുട്ടിക്കാലത്തെ ദുഷ്‌കര അനുഭവങ്ങൾ, കുടുംബാന്തരീക്ഷം, കൂട്ടുകാരുടെ സ്വാധീനം, ലഹരിയുടെ ലഭ്യത എന്നിവ ചേർന്നാണ് അപകടസാധ്യത ഉയരുന്നത്.

കേരളത്തിൽനിന്നുള്ള ലേഖകൻ പ്രസിദ്ധീകരിച്ച മറ്റൊരു പഠനം ചില ജനിതക വ്യതിയാനവും കുട്ടിക്കാലത്ത് നേരിട്ട ദുഷ്‌കരമായ അനുഭവങ്ങൾ തമ്മിലുള്ള ബന്ധം ആവർത്തിച്ച് ഹിംസാത്മക കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട പുരുഷ കുറ്റവാളികളിൽ പരിശോധിച്ചു. ഈ പഠനത്തിനറെ കണ്ടത്തെലുകളിൽ ജനിതക വ്യതിയാനങ്ങൾ ഒരാളെ കുറ്റവാളിയാക്കുകയോ ലഹരി ആശ്രിതനാക്കുകയോ ചെയ്യുന്നില്ല; പക്ഷേ പ്രതികൂല ബാല്യാനുഭവങ്ങളുമായി ചേർന്നാൽ അപകടസാധ്യത ഉയരാം.

ഉദാഹരണത്തിന്, കുടുംബത്തിൽ മദ്യപാനം സാധാരണമാക്കിയ അന്തരീക്ഷത്തിൽ വളരുന്ന കുട്ടി മദ്യത്തെയോ പുകയിലയെയോ അപകടകരമല്ലാത്തതായി കാണാൻ സാധ്യതയുണ്ട്. ആവേശപരമായ സ്വഭാവമുള്ള ഒരു കുട്ടി കൂട്ടുകാർ നിർബന്ധിക്കുമ്പോൾ പെട്ടെന്ന് ലഹരി പരീക്ഷിച്ചേക്കാം. അതിനാൽ കൗൺസിലിംഗിൽ കുടുംബത്തിലെ ലഹരി ചരിത്രം, മാനസികാരോഗ്യ ചരിത്രം, കുട്ടിയുടെ സ്വഭാവപ്രവണതകൾ, ആവേശപരമായ തീരുമാനങ്ങൾ എന്നിവ ചോദിച്ചറിയുന്നത് നിർബന്ധമാണ്.

ADHDയും പെരുമാറ്റ പ്രശ്നങ്ങളും: ശിക്ഷയല്ല, തിരിച്ചറിവാണ് വേണ്ടത്

അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്റ്റിവിറ്റി ഡിസോർഡർ (ADHD) ഉള്ള വിദ്യാർത്ഥികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ട് (Inattention), ഒരിടത്ത് അടങ്ങിയിരിക്കാൻ കഴിയാത്ത അവസ്ഥ (Hyperactivity), ആലോചിക്കാതെ പെട്ടെന്ന് പ്രതികരിക്കുക (Impulsivity), ശിക്ഷാനടപടികൾ ആവർത്തിച്ച് നേരിടൽ, അധ്യാപകരുമായോ കൂട്ടുകാരുമായോ സംഘർഷം എന്നിവ കാണാം. ഇത്തരക്കാർക്ക് കൂട്ടുകാരുടെ സമ്മർദ്ദത്തിന് എളുപ്പത്തിൽ വഴങ്ങാനുള്ള സാധ്യത കൂടുതലാണ്. വിമുക്തി റിപ്പോർട്ടിൽ കൗതുകവും സുഹൃത്തുക്കളുടെ സ്വാധീനവും ലഹരി ഉപയോഗത്തിലെ പ്രധാന കാരണങ്ങളായി കാണുന്നതും ഇതുമായി ബന്ധപ്പെടുത്തി വായിക്കാവുന്നതാണ്.

ഉദാഹരണത്തിന്, ക്ലാസിൽ ശ്രദ്ധിക്കാൻ കഴിയാതെ നിരന്തരം ശാസിക്കപ്പെടുന്ന കുട്ടി “എനിക്ക് എങ്ങനെയായാലും കാര്യമില്ല” എന്ന മനോഭാവത്തിലേക്ക് പോകാം. പരീക്ഷാഭയമോ പഠനസമ്മർദ്ദമോ കുറയ്ക്കാൻ ചിലർ ഗുളികകൾ ദുരുപയോഗം ചെയ്യാൻ തുടങ്ങാം. കൂട്ടുകാരുടെ മുന്നിൽ ധൈര്യമുള്ളവനായി കാണപ്പെടാൻ ചിലർ പുകയിലയോ കഞ്ചാവോ പരീക്ഷിച്ചേക്കാം. ഇത്തരം കുട്ടികളെ സ്കൂളിൽ നിന്ന് പുറത്താക്കുകയോ ശിക്ഷിക്കുകയോ ചെയ്യുന്നത് പ്രശ്നം കൂടുതൽ വഷളാക്കാം; പകരം ADHD സ്ക്രീനിങ്, ബിഹേവിയറൽ തെറാപ്പി, ഫാമിലി കൗൺസിലിങ്, അക്കാഡമിക് സപ്പോർട്ട്, സൈക്യാട്രിക് റെഫറൽ എന്നിവ നൽകണം.

വ്യക്തിത്വ-പെരുമാറ്റ പ്രശ്നങ്ങൾ: ലഹരി കുറ്റകൃത്യത്തിലേക്ക് മാറുന്ന വഴികൾ

വികാരങ്ങൾ നിയന്ത്രിക്കാൻ ബുദ്ധിമുട്ട്, പെട്ടെന്ന് കോപം വരിക, അപകടസാഹസികത, അച്ചടക്കലംഘനപരമായ പെരുമാറ്റം, നിരാശ സഹിക്കാനാവാത്തത്, കൂട്ടുകാരുടെ അംഗീകാരം അമിതമായി തേടൽ തുടങ്ങിയ ഘടകങ്ങൾ ലഹരി ഉപയോഗത്തിനും ചിലപ്പോൾ ലഹരി വിൽപ്പനയിലേക്കോ കടത്തിലേക്കോ പ്രവേശിക്കാനും കാരണമാകാം. വിമുക്തി റിപ്പോർട്ടിൽ 27.5%  പേർ ലഹരി വിൽപ്പനയിലും 7% പേർ കടത്തിലും ഉൾപ്പെട്ടതായി കണ്ടെത്തിയത് ഈ മാറ്റത്തിന്റെ അപകടകരമായ രൂപമാണ്.

ഒരു വിദ്യാർത്ഥി ആദ്യം പുകയിലയോ കഞ്ചാവോ ഉപയോഗിക്കുന്ന കൂട്ടത്തിൽ ചേരാം. പിന്നീട് ലഹരി വാങ്ങാനുള്ള പണം കണ്ടെത്താൻ ചെറിയ വിൽപ്പനയിൽ ഏർപ്പെടാം. പിന്നീട് പ്രാദേശിക വിതരണ ശൃംഖലയുടെ ഭാഗമാകാനുള്ള സാധ്യതയും ഉണ്ടാകും. അതിനാൽ വിദ്യാർത്ഥികളിലെ ലഹരി ഉപയോഗം ആദ്യം തന്നെ കണ്ടെത്തി ഇടപെടുന്നത് കുറ്റകൃത്യ പ്രതിരോധത്തിലും പ്രധാനമാണ്.

സർക്കാർ നടപടികൾ അഭിനന്ദനാർഹം

കേരളത്തിൽ ലഹരി വിരുദ്ധ നടപടികൾ ശക്തിപ്പെടുത്താനുള്ള സംസ്ഥാന സർക്കാരിന്റെ ഇടപെടലുകൾ അഭിനന്ദനാർഹമാണ്. എക്‌സൈസ് വകുപ്പിന് കീഴിൽ കേരള സ്റ്റേറ്റ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ രൂപീകരിക്കാനുള്ള തീരുമാനം ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഏകോപനവും ദിശയും നൽകും. അതോടൊപ്പം, സ്കൂളുകൾ കേന്ദ്രീകരിച്ച് ‘ഓപ്പറേഷൻ ടൂഫാൻ: ദ നാർക്കോ ഹണ്ട്’ പോലുള്ള പ്രത്യേക ഡ്രൈവുകൾ ആരംഭിച്ചത് കുട്ടികളെ ലക്ഷ്യമിടുന്ന ലഹരി വിതരണ ശൃംഖലകൾക്കെതിരെ നിർണായകമായ ചുവടുവെപ്പാണ്.

ഇത്തരം എൻഫോഴ്സ്മെന്റ് നടപടികൾക്കൊപ്പം ശാസ്ത്രീയ കൗൺസിലിംഗും ചികിത്സയും പുനരധിവാസവും ശക്തിപ്പെടുത്തണം. ലഹരി ഉപയോഗിക്കുന്ന വിദ്യാർത്ഥിയെ കുറ്റക്കാരനായി മാത്രം കാണാതെ, പലപ്പോഴും മാനസികാരോഗ്യ സഹായവും കുടുംബപിന്തുണയും ചികിത്സയും ആവശ്യമായ കുട്ടിയായി കാണണം.

പിടികൂടൽ മാത്രം പോരാ; ലഹരിയുടെ ശാസ്ത്രീയ പാതയും കണ്ടെത്തണം

ലഹരി വസ്തുക്കൾ പിടിച്ചെടുക്കുമ്പോൾ സാധാരണയായി കേസ് നമ്പർ, അളവ്, വസ്തുവിന്റെ തരം എന്നിവയാണ് രേഖപ്പെടുത്തുന്നത്. എന്നാൽ ആധുനിക ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഇത് മതിയാകില്ല. പിടിച്ചെടുത്ത ഓരോ ലഹരി സാമ്പിളിന്റെയും scientific chemical profile തയ്യാറാക്കി സംസ്ഥാനതല ഡാറ്റാബേസ് രൂപീകരിക്കണം.

GC-MS, LC-MS/MS, FTIR, Raman spectroscopy, isotope ratio analysis തുടങ്ങിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ലഹരി വസ്തുക്കളുടെ chemical fingerprint തയ്യാറാക്കാം. ഉദാഹരണത്തിന്, തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ വ്യത്യസ്ത സമയങ്ങളിൽ പിടിച്ചെടുത്ത MDMA സാമ്പിളുകളിൽ ഒരേ impurity profile കണ്ടെത്തിയാൽ, അവ ഒരേ നിർമ്മാണകേന്ദ്രത്തിൽ നിന്നോ ഒരേ batch-ൽ നിന്നോ വന്നതാണെന്ന് മനസ്സിലാക്കാം. അതുപോലെ, കഞ്ചാവിലെ trace minerals, cutting agents, organic contaminants എന്നിവ പരിശോധിച്ച് അതിന്റെ ഉറവിടത്തെക്കുറിച്ച് സൂചനകൾ ലഭിക്കാം.

ഈ ശാസ്ത്രീയ ഡാറ്റാബേസ് ലഹരി വിതരണ ശൃംഖലകളെ തകർക്കാൻ സഹായിക്കും. ചെറിയ കാരിയർ‍മാരെ മാത്രം പിടിക്കുന്നതിന് പകരം, പിന്നിലുള്ള പ്രാദേശിക സിൻഡിക്കേറ്റ്, ഇന്റർസ്റ്റേറ്റ് സപ്ലൈ റൂട്ട്, മാനുഫാക്ചറിങ് ഹബ് എന്നിവ കണ്ടെത്താൻ അന്വേഷണ ഏജൻസികൾക്ക് കഴിയണം. Synthetic drugs-ഉം New Psychoactive Substances-ഉം വേഗത്തിൽ മാറുന്ന സാഹചര്യത്തിൽ unknown chemical profiles കണ്ടെത്തി ആരോഗ്യവകുപ്പിനും ആശുപത്രികൾക്കും അടിയന്തര മുന്നറിയിപ്പ് നൽകാനും ഈ സംവിധാനം ഉപകരിക്കും.

കൂടാതെ തത്സമയ ലഹരി പരിശോധനാ (On-site drug testing) ഉപകരണങ്ങൾ ഉപയോഗിച്ച് സ്കൂൾ, കോളേജ് വിദ്യാത്ഥികളിൽ COVID പരിശോധന നടത്തിയത് പോലെ ഉമിനീരിലിൽനിന്നും 25-ൽപരം ലഹരി വസ്തുക്കളുടെ ഉപയോഗം കണ്ടെത്താവുന്നതാണ്. ലേഖകൻ കേരളത്തിലേക്കുള്ള ചരക്ക് വാഹനങ്ങളിലെ ഡ്രൈവർമാർക്കിടയിൽ Evidence Multistat എന്ന ഉപകരണം ഉപയോഗിച്ച് നടത്തിയ തത്സമയ ലഹരി പരിശോധനാ പഠനത്തിൽ 21% പേർ വിവിധ ലഹരി വസ്തുക്കൾ ഉപയോഗിച്ചാണ് ചരക്ക് വാഹനങ്ങൾ ഓടിക്കുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. ലഹരി ഉപയോഗം വാഹന ഗതാഗത്തിനും ഭീഷണിയായി കൊണ്ടിരിക്കുകയാണ്.

കേരളത്തിന് വേണ്ടത് ഏകോപിത ശാസ്ത്രീയ മാതൃക

കേരളത്തിലെ ലഹരി ഭീഷണി കുറയ്ക്കാൻ പോലീസ്, എക്സൈസ്, ഫോറൻസിക് സയൻസ് ലബോറട്ടറികൾ, ആരോഗ്യ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, വിമുക്തി മിഷൻ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, കുടുംബം എന്നിവ ഒരുമിച്ച് പ്രവർത്തിക്കണം. സ്കൂളുകളിൽ നേരത്തെ തിരിച്ചറിയൽ, trauma-informed counselling, ADHD screening, family counselling, life-skill training, refusal-skill training, relapse prevention എന്നിവ നടപ്പാക്കണം.

ഈ സംവിധാനത്തിൽ കേരള പോലീസ്, എക്സൈസ് ഡിപ്പാർട്മെന്റ്, ഫോറെൻസിക് സയൻസ് ലബോറട്ടറീസ്, ഡ്രഗ് കൺട്രോൾ ഡിപ്പാർട്മെന്റ്, ഹെൽത്ത് ഡിപ്പാർട്മെന്റ്, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ലഹരിവിമുക്തി കേന്ദ്രങ്ങൾ എന്നിവ തമ്മിലുള്ള ഡേറ്റ ഷെയറിങ് പ്രോട്ടോക്കോൾ നിർബന്ധമായും വേണം. ഓരോ seizure sample-നും unique sample ID, case details, place and date of seizure, physical description, laboratory result, chemical profile, adulterants/cutting agents, purity level, possible source linkage, batch-matching information, court status എന്നിവ സുരക്ഷിതമായി രേഖപ്പെടുത്തണം. എന്നാൽ വ്യക്തികളുടെ സ്വകാര്യതയും അന്വേഷണ രഹസ്യതയും കോടതിവിധേയ തെളിവുകളുടെ chain of custody-യും സംരക്ഷിക്കുന്ന cyber-secure സംവിധാനം ഉറപ്പാക്കണം.

വിമുക്തി റിപ്പോർട്ടിൽ 10–19 വയസ്സുകാരിൽ 97% പേരും ഏതെങ്കിലും തരത്തിലുള്ള ലഹരി ഉപയോഗിച്ചിട്ടുണ്ടെന്നും, 27.5% പേർ വിൽപ്പനയിലും 7% പേർ കടത്തിലും ഉൾപ്പെട്ടിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. 70% പേർ 10–15 വയസ്സിനിടെയാണ് ലഹരി ഉപയോഗം ആരംഭിച്ചതെന്ന കണ്ടെത്തൽ സ്കൂൾതല ഇടപെടലിന്റെ അടിയന്തര പ്രാധാന്യം വ്യക്തമാക്കുന്നു. അതിനാൽ, സർക്കാർ പ്രഖ്യാപിച്ച enforcement നടപടികൾക്കൊപ്പം, ശാസ്ത്രീയ രാസപരിശോധന, sample profiling, real-time intelligence sharing, public health warning system, student counselling and rehabilitation എന്നിവ ഏകോപിപ്പിക്കുന്ന evidence-based model ആണ് കേരളത്തിലെ ലഹരി ഭീഷണി ദീർഘകാലാടിസ്ഥാനത്തിൽ കുറയ്ക്കാൻ ഏറ്റവും ആവശ്യമായത്.

ലഹരിക്കെതിരെ കേരളം ഉണരുന്നത് പ്രതീക്ഷ നൽകുന്ന കാര്യമാണ്. എന്നാൽ, ദീർഘകാല വിജയം നേടാൻ നിയമനടപടി, ശാസ്ത്രീയ തെളിവെടുപ്പ്, മാനസികാരോഗ്യ ഇടപെടൽ, കുടുംബ പിന്തുണ, പുനരധിവാസം എന്നിവ ഒന്നിച്ച് പ്രവർത്തിക്കണം. കുട്ടിയെ ലഹരിയിൽനിന്ന് രക്ഷിക്കുക എന്നത് അവനെ ശിക്ഷിക്കുന്നതിലൂടെ മാത്രം സാധ്യമല്ല; അവന്റെ ജീവിത സാഹചര്യങ്ങൾ മനസ്സിലാക്കി, അവനെ തിരികെ കൊണ്ടുവരുന്ന ശാസ്ത്രീയവും കരുണാപൂർവ്വവുമായ സമീപനത്തിലൂടെയാണ് അത് സാധ്യമാകുക.

(കാലിക്കറ്റ് സർവകലാശാലയിൽ ഫോറൻസിക് സയൻസ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖകൻ)