കോഴിക്കോട് മെഡിക്കൽ കോളേജ് പോസ്റ്റ് മോർട്ടം മുറിയിലെ നിശബ്ദതയ്ക്കിടയിലും ഒട്ടും പേടിയില്ലാതെ ശവശരീരങ്ങളെ തുന്നിക്കൂട്ടുകയായിരുന്നു വിൽഫ്രഡ് രാജ്. 13-ാം വയസ്സിൽ വീട്ടിനടത്തുള്ള റെയിൽവേ ട്രാക്കിൽ ആത്മഹത്യ ചെയ്ത ആളുടെ മൃതദേഹം കണ്ട് അന്ന് തുടങ്ങിയതാണ് മൃതദേഹങ്ങളോടുള്ള സൗഹൃദം. പേടിയെ പടിക്ക് പിന്നിൽ നിർത്തി കോഴിക്കോട് മെഡിക്കൽ കോളേജിലെ മോർച്ചറി ജോലിക്ക് എത്തിയതും അങ്ങേയറ്റത്തെ ആഗ്രഹം കൊണ്ടാണ്.

To advertise here,

കേരളം ഞെട്ടിയ ടി.പി ചന്ദ്രശേഖരന്റെ 51 മുറിവേറ്റ മൃതദേഹം പോലും തുന്നിക്കെട്ടി വീട്ടുകാർക്ക് കാണാൻ കഴിയുന്ന രീതിയിൽ വിൽഫ്രഡ് രാജ് മാറ്റി. 35 വർഷത്തോളം കോഴിക്കോട് മെഡിക്കൽ കോളേജിൽ ജോലി ചെയ്ത് ഒമ്പത് വർഷത്തോളം മോർച്ചറി അറ്റന്ററായി സേവനം അനുഷ്ടിച്ച് വിരമിച്ച വിൽഫ്രഡ് മാതൃഭൂമി ഡോട്ട്‌കോമിനോട് അനുഭവം പങ്കുവെക്കുമ്പോൾ കേൾക്കുന്നവരെല്ലാം തരിച്ച് നിന്നുപോവും.

ഇക്കാലമത്രയുമുള്ള മോർച്ചറി ജോലിക്കിടയിൽ 7159 മൃതദേഹങ്ങളെയാണ് വിൽഫ്രഡ് കീറിമുറിച്ച് തുന്നികൂട്ടിയത്. അതിൽ ഒരിക്കലും മറക്കാത്തതാണ് ആർഎംപി നേതാവ് ടി.പി ചന്ദ്രശേഖരന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിയ ദിവസം. എന്നത്തേയും പോലെ അന്നും പതിവിലും നേരത്തെ ആശുപത്രിയിലെത്തുമ്പോഴും അസ്വാഭാവികമായ ആൾക്കൂട്ടമായിരുന്നു വിൽഫ്രഡിനെ സ്വീകരിച്ചത്. ഏതോ പ്രമുഖനായ വ്യക്തിയുടെ മൃതദേഹമാണ് മോർച്ചറിയിലെത്തിച്ചതെന്ന് ഉറപ്പായിരുന്നു. ഇതോടെ അന്ന് മറ്റ് ജോലി ചെയ്യേണ്ടിയിരുന്ന വിൽഫ്രഡ് ഡോക്ടറോട് അങ്ങോട്ട് ചോദിച്ച് ടി.പിയുടെ മൃതദേഹത്തിന്റെ ജോലി ഏറ്റെടുക്കുകയായിരുന്നു.

കേരളം ഫോട്ടോയിൽ കണ്ട ടി.പിയെ താൻ ഒരുക്കിയതാണ്. എന്നിട്ട് പോലും ഞാൻ ഞെട്ടിപ്പോയി. തുന്നിക്കൂട്ടുന്നതിന് മുമ്പ് ആ മൃതദേഹത്തെ തിരിച്ചറിയാൻ പോലും കഴിഞ്ഞിരുന്നില്ല. 51 വെട്ട് എന്ന് പറയുമ്പോഴും 51 മുറിയും മുഖത്തായിരുന്നു. ഒറ്റവെട്ടുമാത്രമാണ് കൈകൊണ്ട് തടുക്കാൻ ശ്രമിച്ചത്. ബാക്കിയെല്ലാം മുഖത്താണ്. വികൃതമാക്കുക തന്നെയായിരുന്നു ലക്ഷ്യം. അല്ലെങ്കിൽ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും വെട്ടമായിരുന്നല്ലോ എന്നും വിൽഫ്രഡ് ചോദിക്കുന്നു.

ചുണ്ടുമുതൽ തുന്നാൻ തുടങ്ങിയതാണ്. അതീവ സൂക്ഷ്മതയോടെ ഒന്നരമണിക്കൂറെടുത്തു ആ മുഖം തുന്നിക്കൂട്ടി ഒരുക്കാൻ. ബന്ധുക്കൾ അവസാനമായി കാണുന്ന മുഖത്തെ ആവുന്നത്ര നല്ലതാക്കുക എന്നതായിരുന്നു ലക്ഷ്യം. അത് സാധിച്ചുവെന്ന് തന്നെയാണ് കരുതുന്നതെന്നും വിൽഫ്രഡ് പറയുന്നു. അരിവാൾ കൊണ്ട് മീൻ മുറിക്കുന്നത് പോലെയായിപ്പോയിരുന്നു മുഖം. അത്രമാത്രം ഭയാനകമായിരുന്നുവെന്നുവെന്നും വിൽഫ്രഡ് ഓർക്കുന്നു.

വയനാട്ടിൽ ഒരമ്മ കുഞ്ഞിനെ 32 കഷണങ്ങളാക്കി വെട്ടിനുറുക്കി കക്കൂസ് കഴിയിൽ ഒഴുക്കിയതും അതിന്റെ പരിശോധനയ്ക്ക് ഡോക്ടർമാരുടെയും പോലീസുകാരുടെയും കൂടെ പോയതും വിൽഫ്രഡ് ഇന്നും ഓർത്തുവെക്കുന്നുണ്ട്. കുഞ്ഞിനെ കൊലപ്പെടുത്തി മാസങ്ങൾക്ക് ശേഷമാണ് സംഭവം പുറത്തുവരുന്നത്. അങ്ങനെയാണ് പ്രതിയെ പിടികൂടുന്നതും മൊഴി നൽകിയതിന് അനുസരിച്ച് തെളിവെടുപ്പിന് പോവുന്നതും.

കക്കൂസിന്റെ കുഴി വറ്റിച്ച് വേണമായിരുന്നു തെളിവുകൾ ശേഖരിക്കാൻ. പരിസരത്ത് ഒരു കുഴി കുഴിച്ച് അതിലേക്ക് വെള്ളം മാറ്റി ഒഴിച്ച് അവശിഷ്ടങ്ങൾ ശേഖരിക്കാമെന്നായിരുന്നു ആദ്യം കരുതിയത് കുറെ സമയം അങ്ങനെ ചെയ്തിട്ടും ഒന്നും കിട്ടിയില്ല. ഇതോടെ താൻ ഒരു ഗ്ലൗസ് കൂടിയിട്ട് തന്റെ രണ്ട് കയ്യിലേക്കും ഒഴിച്ചുകൊള്ളാൻ പറഞ്ഞു. ഇങ്ങനെ കുറെ സമയം ഒഴിച്ചപ്പോൾ കുഞ്ഞിന്റെ അവിശിഷ്ടങ്ങൾ കിട്ടാൻ തുടങ്ങി. എല്ലുകളടക്കം 32 കഷണം കയ്യിലേക്ക് വീണു. ഇത് ഒരു കാലത്തും മറക്കാൻ കഴിയാത്തതാണെന്നും വിൽഫ്രഡ് പറയുന്നുണ്ട്.

പേടിയെന്ന വികാരത്തെ പടിക്ക് പുറത്ത് നിർത്തിയായിരുന്നു വിൽഫ്രഡിന്റെ ജോലി. 15-ാം വയസ്സുമുതൽ മൃതദേഹങ്ങൾ കണ്ട് പേടിയില്ലാതായതാണ്. അങ്ങനെയാണ് വലുതായപ്പോൾ മോർച്ചറി ജോലി ചോദിച്ച് വാങ്ങിയത്. ഏറ്റവും കൂടുതൽ ആളുകളെ സഹായിക്കാനായി എന്നതാണ് ഈ ജോലികൊണ്ട് എനിക്ക് കിട്ടിയ ഗുണം. ആ കടപ്പാട് പല കുടുംബങ്ങൾക്കും ഇന്നും എനിക്കുണ്ടാവും. 7159 മൃതദേഹങ്ങളെയാണ് രേഖ പ്രകാരം ഞാൻ കൈകാര്യം ചെയ്തത്. പ്രേതങ്ങളൊക്കെ ഉണ്ടെങ്കിൽ ഈ 7159 പ്രേതവും എന്റെ കൂടെയുണ്ടാവണ്ടേയെന്നും വിൽഫ്രഡ് ചോദിക്കുന്നുണ്ട്.

ജോലിയിൽ നിന്നും വിരമിച്ചെങ്കിലും ഇപ്പോഴും വിളിച്ചാൽ താൻ ഈ ജോലിക്ക് പോകുമെന്ന് പറയുന്നു വിൽഫ്രഡ്. ഏറെ ഇഷ്ടമാണ് ഈ ജോലി. രണ്ട് തവണ ആത്മഹത്യയ്ക്ക് ശ്രമിച്ച വ്യക്തികൂടിയാണ് വിൽഫ്രഡ്. രണ്ട് തവണയും രക്ഷപ്പെട്ടു. ഇതിന് ശേഷമാണ് മെഡിക്കൽ കോളേജിലേക്കെത്തുന്നത്. അന്ന് മരിച്ചിരുന്നുവെങ്കിൽ ഈ 7159 മൃതദേഹലും ഒരുക്കി നൽകാൻ ഞാൻ ഉണ്ടാകുമായിരുന്നില്ലല്ലോ എന്നും വിൽഫ്രഡ് ചോദിക്കുന്നു.