കോഴിക്കോട്: ഗവ. മെഡിക്കൽ കോളേജ് ഐ.സി.യു. പീഡനക്കേസിലെ അതിജീവിതയ്ക്ക് സർക്കാർ അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. തിരുവനന്തപുരത്തു നടന്ന പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ നഷ്ടപരിഹാരം പ്രഖ്യാപിച്ചത്. ദുരിതാശ്വാസനിധിയിൽ നിന്നാണ് തുക നൽകുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

To advertise here,

2023 മാർച്ച് 18-നാണ് കേസിനാസ്പദമായ സംഭവം. തൈറോയ്ഡ് ശസ്ത്രക്രിയകഴിഞ്ഞ് മെഡിക്കൽകോളേജ് ഐ.സി.യുവിൽ പാതിമയക്കത്തിൽ കിടക്കവേ യുവതിയെ ആശുപത്രിയിലെ അറ്റൻഡറായ എം.എം. ശശീന്ദ്രൻ പീഡിപ്പിച്ചതായാണ് കേസ്.

നീണ്ട പോരാട്ടം, ഒടുവിൽ ആശ്വാസം

സാധാരണക്കാരുടെ ആശ്രയമായ സർക്കാർ മെഡിക്കൽകോളേജിൽ പീഡിപ്പിക്കപ്പെടുക, നീതി നടപ്പാക്കേണ്ടവരിൽനിന്ന് വീണ്ടും അപമാനവും മാനസിക പീഡനവും നേരിടേണ്ടിവരുക. കുറ്റക്കാർ കൺമുന്നിൽ സംരക്ഷിക്കപ്പെടുക. പിന്നെ, നീണ്ട പോരാട്ടത്തിന്റെ നാളുകളായിരുന്നു.

നീതിനിഷേധിച്ച സംവിധാനങ്ങൾക്കെതിരേ തെരുവിൽവരെയെത്തിയ പ്രതിഷേധം. എല്ലാറ്റിനുമൊടുവിൽ മെഡിക്കൽകോളേജ് ഐ.സി.യു. പീഡനക്കേസിലെ അതിജീവിതയ്ക്ക് ആശ്വാസം.

സർക്കാർ നഷ്ടപരിഹാരമായി അഞ്ചുലക്ഷം രൂപ പ്രഖ്യാപിച്ചതാണ് കരുതലിന്റെ തണലായത്. ഏറെ ചർച്ചയായ കേസിൽ പ്രതിയായ മെഡിക്കൽകോളേജിലെ അറ്റൻഡർ എം.എം. ശശീന്ദ്രനെ 2025 ഓഗസ്റ്റിൽ പിരിച്ചുവിടുകയുംചെയ്തിരുന്നു. പീഡനം നേരിട്ടതിന്റെ പിറ്റേന്നുതന്നെ പരാതി നൽകി. രണ്ടുദിവസത്തിനകം ശശീന്ദ്രനെ അറസ്റ്റ് ചെയ്തെങ്കിലും അധികാരകേന്ദ്രങ്ങൾതന്നെ പ്രതിയെ സംരക്ഷിക്കാൻ നടത്തുന്ന ശ്രമങ്ങളാണ് പിന്നീട് കണ്ടത്. പ്രതിക്കായി അഞ്ചു ജീവനക്കാർ അതിജീവിതയെ ഭീഷണിപ്പെടുത്താനെത്തി. ഇതിൽ പരാതി നൽകിയതോടെ ഇവരെ സസ്പെൻഡ് ചെയ്തു. പിന്നീട് ഇവരെ തിരിച്ചെടുത്ത് സ്ഥലംമാറ്റിയെങ്കിലും വീണ്ടും തിരിച്ചു കൊണ്ടുവന്നു.

മറ്റു നടപടികളെടുക്കാതെ ശശീന്ദ്രന്റെ സസ്പെൻഷൻ നീട്ടിക്കൊണ്ടുപോവുക മാത്രമാണ് അധികാരികൾ ചെയ്തത്. പരിശോധിച്ച മെഡിക്കൽകോളേജിലെ ഡോക്ടർ കെ.വി. പ്രീതി പോലീസിനു നൽകിയ റിപ്പോർട്ടിൽ അതിജീവിതയുടെ മൊഴി പൂർണമായി രേഖപ്പെടുത്തിയില്ല. അതിന് വീണ്ടും പരാതിയുമായി ഇറങ്ങേണ്ടിവന്നു.

ഐ.ജിക്ക് നൽകിയ പരാതി അനുസരിച്ച് അസിസ്റ്റന്റ് കമ്മിഷണർ ഇതേക്കുറിച്ച് നടത്തിയ അന്വേഷണത്തിന്റെ പകർപ്പു ലഭിക്കാൻ ദിവസങ്ങളോളം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിനു മുന്നിലിരുന്ന് അതിജീവിതയ്ക്ക് സമരംചെയ്യേണ്ടിവന്നു.

അതിജീവിതയ്ക്ക് അനുകൂലമായി മൊഴിനൽകിയ സീനിയർ നഴ്‌സിങ് ഓഫീസർ പി.ബി. അനിതയെ സ്ഥലംമാറ്റിയതായിരുന്നു പിന്നത്തെ വിചിത്ര നടപടി. തിരികെ മെഡിക്കൽകോളേജിൽത്തന്നെ ജോലിയിൽ പ്രവേശിക്കാൻ ഹൈക്കോടതിയുടെ അനുകൂല ഉത്തരവുണ്ടായിട്ടും അതിന് അനുവാദംനൽകിയില്ല. അന്നും സമരവുമായി അതിജീവിതയെത്തി. ഒടുവിൽ അനിതയെ ജോലിയിൽ പ്രവേശിപ്പിക്കേണ്ടിവന്നു. രണ്ട് പോലീസ് അന്വേഷണങ്ങളും മെഡിക്കൽകോളേജിലെ രണ്ട് ആഭ്യന്തര അന്വേഷണങ്ങളും ഈ വിഷയത്തിലുണ്ടായി.