
ബാങ്കറുടെ കണിശമായ സാമ്പത്തിക വൈദഗ്ധ്യത്തിന് രാജ്യത്തെ രക്ഷിച്ചെടുക്കാൻ സാധിക്കുമോ? കാനഡയെ സംബന്ധിച്ച് ഏറ്റവും സുപ്രധാനമായ ചോദ്യമാണിത്. കലുഷിതമായ രാഷ്ട്രീയാന്തരീക്ഷത്തിൽ രാജ്യം നിൽക്കെയാണ് പാതിയിൽ പടിയിറങ്ങാൻ ജസ്റ്റിൻ ട്രൂഡോ തീരുമാനിക്കുന്നത്. പകരം വന്നതാകട്ടെ, രണ്ട് രാജ്യങ്ങളുടെ കേന്ദ്ര ബാങ്ക് ഗവർണറായിരുന്ന 59-കാരനും. കാനഡയുടെ പുതിയ പ്രധാനമന്ത്രി മാർക് കാർനി. തീരുവയുദ്ധം പ്രഖ്യാപിച്ച് കാനഡയുടെ സ്വത്വത്തെ പോലും ചോദ്യം ചെയ്തുകൊണ്ട് മുന്നോട്ട് പോകുന്ന ട്രംപാണ് കാർനിയുടെ ഏറ്റവും വലിയ വെല്ലുവിളി. തിരഞ്ഞെടുപ്പ് രാഷ്ട്രീയ കോലാഹലങ്ങൾ അത്ര പരിചയമുള്ള ആളല്ല കാർനി. ട്രംപിനെപ്പോലെ അടിമുടി 'രാഷ്ട്രീയക്കാരനായ' ഒരാളോട് ഏറ്റുമുട്ടാൻ കണക്കിലെ കണിശത മതിയാകുമോ എന്നതാണ് ചോദ്യം.
കഴിഞ്ഞ ദിവസമാണ് ജസ്റ്റിൻ ട്രൂഡോയുടെ പിൻഗാമിയായി മാർക് കാർനിയെ ലിബറൽ പാർട്ടി തിരഞ്ഞെടുക്കുന്നത്. മുൻ ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായിരുന്ന ക്രിസ്റ്റിയ ഫ്രീലാൻഡ്, മന്ത്രിസഭാംഗം കരിന ഗൗൾഡ്, ബിസിനസുകാരനും മുൻ എം.പിയുമായ ഫ്രാൻക് ബെയ്‌ലിസ് എന്നിവരെ പരാജയപ്പെടുത്തി, 85.9% വോട്ട് നേടി വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് കാർനി നേതൃസ്ഥാനത്തെത്തുന്നത്. ഒക്ടോബർ 20-ന് പൊതുതിരഞ്ഞെടുപ്പ് നടക്കുന്നതുവരെയാണ് അദ്ദേഹത്തിന്റെ കാലാവധി. ചെയ്തുതീർക്കാനും വ്യക്തമാക്കാനും ഒട്ടേറെ കാര്യങ്ങളും. പാതിവഴിയിൽ വിള്ളലുവീണ നയതന്ത്ര ബന്ധം പുനർനിർമിക്കാനുള്ള സാധ്യതയിലാണ് ഇന്ത്യയുടെ നോട്ടം. രാഷ്ട്രീയത്തിലെ പരിചയക്കുറവ് വിനയാകുമോ എന്നതും ചോദ്യമാണ്. കൺസർവേറ്റിവുകൾക്ക് മുന്നിൽ അടിപതറി നിൽക്കെ സ്വന്തം പാർട്ടിയെ വീണ്ടെടുക്കാൻ കാർനിക്ക് സാധിക്കുമോ എന്നതും കണ്ടറിയേണ്ടതാണ്.
ആരാണ് മാർക് കാർനി?
കാനഡയിലെ വടക്കു പടിഞ്ഞാറൻ പ്രദേശത്തെ ഫോർട്ട് സ്മിത്ത് എന്ന ഗ്രാമത്തിൽ അധ്യാപക ദമ്പതിമാരുടെ മകനായിട്ടായിരുന്നു മാർക് കാർനിയുടെ ജനനം. ഹാർവാർഡ് സർവകലാശാലയിൽ സാമ്പത്തികശാസ്ത്രം പഠിക്കുന്നതിനായി യു.എസിലേക്ക് പോകുന്നത് വരെ എഡ്മണ്ടിലായിരുന്നു കാർനി വളർന്നത്. ഹാർവാർഡിൽനിന്ന് ബിരുദം പൂർത്തിയാക്കിയ കാർനി പിന്നീട് ബിരുദാനന്തര ബിരുദത്തിനായി യു.കെയിലെ ഓക്സ്ഫഡിലേക്ക് പറന്നു. ബിരുദാനന്തര ബിരുദവും സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റും സ്വന്തമാക്കിയാണ് കാർനി ഓക്സ്ഫഡ് വിട്ടത്.
പഠനത്തിന് സമാനമായി കരിയറിലും കാർനി ലോകമെമ്പാടും സഞ്ചരിച്ചു. ഗോൾഡ്മാൻ സാക്സിൽ 13 വർഷം ജോലി ചെയ്ത കാർനി ലണ്ടൻ, ടോക്കിയോ, ന്യൂയോർക്ക്, ടൊറന്റോ എന്നിവടങ്ങളിലെ ഓഫീസുകളിൽ പ്രവർത്തിച്ചു. 2003-ലാണ് അദ്ദേഹം ബാങ്ക് ഓഫ് കാനഡയിൽ ഡെപ്യൂട്ടി ഗവർണറായി ജോലിയിൽ പ്രവേശിക്കുന്നത്. 2008-ൽ ബാങ്ക് ഓഫ് കാനഡയുടെ ഗവർണറായി നിയമതിനായതോടെ കാർനിയെ തേടി അംഗീകാരങ്ങളുടെ പെരുമഴയായിരുന്നു. 2010-ൽ ടൈം മാഗസിൻ പുറത്തുവിട്ട ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള 25 വ്യക്തികളിൽ ഒരാളായിരുന്നു കാർനി. തൊട്ടടുത്ത വർഷം റീഡേഴ്സ് ഡൈജസ്റ്റ് കാനഡ അദ്ദേഹത്തെ "ദ മോസ്റ്റ് ട്രസ്റ്റ്ഡ് കനേഡിയൻ" ആയി തിരഞ്ഞെടുത്തു.

ലോകമാകെ വൻ സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പുകുത്തിയ കാലത്ത് ജോലിയിൽ പ്രവേശിച്ച കാർനി ഈ പ്രതിസന്ധികളെ മറികടക്കുന്നതിലെ തന്റെ പങ്കിനെക്കുറിച്ച് പ്രചാരണവേളയിൽ ആവർത്തിച്ച് ചൂണ്ടിക്കാട്ടിയിരുന്നു. 2008-ലെ സാമ്പത്തികമാന്ദ്യത്തിൽ ലോകരാജ്യങ്ങളെല്ലാം ആടിയുലഞ്ഞപ്പോഴും കാനഡ തിരികെക്കയറിയതിന് പിന്നിൽ കാർനിയുടെ കരങ്ങളായിരുന്നു. തൊഴിൽ സംരക്ഷിക്കാനും കനേഡിയൻ സമ്പദ്‌വ്യവസ്ഥയെ സ്ഥിരപ്പെടുത്തുന്നതിലും അന്ന് അദ്ദേഹമെടുത്ത തീരുമാനങ്ങൾ നിർണായകമായി. ബാങ്ക് ഓഫ് കാനഡയിൽ അഞ്ച് വർഷത്തെ കാലാവധി അവസാനിക്കുമ്പോഴേക്ക് കാർനിയെ തേടി ബാങ്ക് ഓഫ് ഇംഗ്ലണ്ടിൽനിന്ന് ഓഫർ എത്തിയിരുന്നു. 2013-ൽ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണറായി സ്ഥാനമേൽക്കുമ്പോൾ ഈ പദവിയിലേക്കെത്തുന്ന ആദ്യത്തെ യു.കെ. പൗരനല്ലാത്ത വ്യക്തിയായി കാർനി മാറി. യൂറോപ്യൻ യൂണിയനിൽനിന്ന് പുറത്തുപോകാനുള്ള യു.കെ.യുടെ തീരുമാനത്തെ തുടർന്നുണ്ടായ പ്രതിസന്ധികളെ മറികടക്കാൻ ആ രാജ്യത്തെ സഹായിച്ചതും കാർനിയാണ്. 2020 വരെ അദ്ദേഹം ഈ സ്ഥാനത്ത് തുടർന്നു.
2020-ലാണ് ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥാ പ്രവർത്തനത്തിനും ധനകാര്യത്തിനുമുള്ള പ്രത്യേക പ്രതിനിധിയായി കാർനി നിയമിതനാകുന്നത്. ശേഷം, കാലാവസ്ഥ നയങ്ങൾ, പുറന്തള്ളപ്പെടുന്ന കാർബൺ എന്നീ കാര്യങ്ങളിൽ കാർനി തന്റെ നയം വ്യക്തമാക്കി. പുറന്തള്ളപ്പെടുന്ന കാർബണിന്റെ അളവ് കുറയ്ക്കുന്നത് രാജ്യത്തെ സംബന്ധിച്ച മികച്ചതാകുമെന്ന് അദ്ദേഹം ആവർത്തിച്ച് പറഞ്ഞു. കൂടാതെ, കാർബൺ നികുതിയുടെ സാമ്പത്തികഭാരം സാധാരണക്കാരായ ഉപഭോക്താക്കളിൽനിന്ന് വൻകിട കോർപ്പറേറ്റുകൾക്ക് മാറ്റാനും അദ്ദേഹം നിർദേശിച്ചു.
തിരശ്ശീലയ്ക്ക് പിന്നിൽ നിന്ന കാർനി
കാർനിയുടെ സാമ്പത്തിക വൈദഗ്ധ്യത്തെക്കുറിച്ച് ആളുകൾക്ക് തർക്കമില്ലെങ്കിലും വർത്തമാനലോകത്തെ പ്രായോഗിക തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ സംബന്ധിച്ച് കാർനി പുതുമുഖമാണ്. വളരെ ചെറിയ കാലത്തേക്ക് ട്രൂഡോയുടെ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന കാർനി ഒരു രാഷട്രീയ സ്ഥാനത്തേക്ക് പോലും ഇതുവരെ മത്സരിച്ചിട്ടില്ല. അതിനാൽ തന്നെ തന്റെ പ്രചാരണപ്രവർത്തനങ്ങളിൽ ഭൂരിഭാഗം സമയവും കനേഡിയൻ ജനതയ്ക്ക് മുന്നിൽ തന്നെ പരിചയപ്പെടുത്താനായിരുന്നു മാർക്ക് കാർനി ഉപയോഗിച്ചത്.
സർക്കാർ ചെലവുകൾ നിയന്ത്രിക്കുക, ഭവനനിർമാണത്തിൽ വർധിച്ച നിക്ഷേപം, കുടിയേറ്റത്തിന് താത്ക്കാലിക പരിധി എന്നിങ്ങനെ വിപുലമായ വാഗ്ദാനങ്ങൾ കാർനി ജനങ്ങൾക്ക് മുന്നിൽ വെച്ചു. ശക്തമായ സമ്പദ്‌വ്യവസ്ഥ എങ്ങിനെ കെട്ടിപ്പെടുത്തണമെന്ന് പൂർണബോധ്യമുള്ള വ്യക്തിയാണ് താനെന്ന് അദ്ദേഹം ഉറപ്പിച്ചു പറയുന്നു. ജനങ്ങളുടെ പോക്കറ്റിലേക്ക് കൂടുതൽ പണമെത്തിക്കുന്നതിനുള്ള പദ്ധതി തന്റെ പക്കലുണ്ടെന്നതാണ് അദ്ദേഹം ആളുകൾക്ക് നൽകിയ ഏറ്റവും വലിയ ഉറപ്പ്. പ്രതിസന്ധികളെ മറികടക്കാനാകുമെന്ന ആത്മവിശ്വാസവും പ്രചരണവേളകളിൽ കാർനി പ്രകടിപ്പിച്ചു.
ട്രംപിനെതിരേ തീരുവയുദ്ധം
ആഭ്യന്തരപ്രശ്നങ്ങൾക്കും കുടിയേറ്റവുമായി ബന്ധപ്പെട്ട വിഷയങ്ങൾക്കും അപ്പുറം ഇന്ന് കനേഡിയൻ ജനതയെ ഭയപ്പെടുത്തുന്നത് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വ്യാപാരയുദ്ധമാണ്. ലോകം തങ്ങളിലേക്ക് ചുരുങ്ങണമെന്ന ലക്ഷ്യത്തോടെ ട്രംപും മസ്കും കച്ചകെട്ടിയിറങ്ങുമ്പോൾ അതിൽ ഏറ്റവും വലിയ വെല്ലുവിളി നേരിടുന്നതും കാനഡയാണ്. തീരുവയുദ്ധത്തിന് പുറമെ കാനഡയെ 51-ാം സംസ്ഥാനമാക്കണമെന്ന ഭീഷണി കൂടെ അന്തരീക്ഷത്തിലുള്ള ഘട്ടത്തിലാണ് കാർനി കാനഡയുടെ പ്രധാനമന്ത്രിപദം ഏറ്റെടുക്കുന്നത്.
കാനഡയെ സംബന്ധിച്ച് അവരുടെ ഏറ്റവും അടുത്ത സഖ്യകക്ഷികളായിരുന്നു യു.എസ്. എന്നാൽ, ട്രംപ് അധികാരത്തിലേറിയതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. ദിവസങ്ങൾക്ക് മുമ്പാണ് എല്ലാ കനേഡിയന്‍ ഉത്പ്പന്നങ്ങൾക്കും 25 ശതമാനം നികുതി ചുമത്തുമെന്ന ഭീഷണിയുമായി ട്രംപ് രംഗത്തെത്തുന്നത്. തത്ക്കാലത്തേക്ക് ഈ തീരുമാനം മാറ്റിവെച്ചെങ്കിലും ഇത്തരം ആശങ്കകൾ വിപണിയേയും നയതന്ത്രബന്ധത്തേയും വലിയ തോതിലാണ് ബാധിക്കുന്നത്.

2025 ഒക്ടോബറിലാണ് കാനഡയിൽ തിരഞ്ഞെടുപ്പ്. ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ വിഷയവും ട്രംപ് തന്നെയായിരിക്കും. യു.എസ്. പ്രസിഡന്റിനെ മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ സാധിക്കുന്ന ഒരാൾ ആരായിരിക്കും എന്ന ചോദ്യം കനേഡിയൻ ജനതയെ സ്വാധീനിക്കുമെന്നത് തീർച്ചയാണ്. അതേസമയം, ഈ കലഹം കാനഡ ആവശ്യപ്പെട്ടതല്ലെന്ന നിലപാടിലാണ് കാർനി. കാനഡയിലെ കുടുംബങ്ങളെയും തൊഴിലാളികളെയും കച്ചവടക്കാരെയും ആക്രമിക്കുന്ന ട്രംപിനെ വിജയിക്കാൻ അനുവദിക്കില്ലെന്നും അർത്ഥശങ്കയ്ക്കിടയില്ലാത്ത വിധം അദ്ദേഹം വ്യക്തമാക്കി.
യു.എസ്. തങ്ങളോട് ആദരം കാണിക്കുന്നതുവരെ പകരച്ചുങ്കം ചുമത്തുമെന്ന നിലപാടാണ് തീരുവയുമായി ബന്ധപ്പെട്ട വിഷയത്തിൽ കാർനിക്കുള്ളത്. കാനഡ വിൽക്കുന്ന വസ്തുക്കൾക്ക് അന്യായമായ തീരുവയാണ് ട്രംപ് ചുമത്തുന്നത് എന്നതിലും കാർനിക്ക് സംശയമില്ല. കാനഡയെ തങ്ങളുടേതാക്കാമെന്ന് ട്രംപിന്റെ സ്വപ്നത്തിനും കാർനി വ്യക്തമായ മറുപടി നൽകി. രൂപത്തിൽപ്പോലും കാനഡ ഒരിക്കലും യു.എസിന്റെ ഭാഗമാകില്ലെന്ന് പറഞ്ഞ കാർനി ഇനി വരാനിരിക്കുന്ന ദുഷ്കരമായ നാളുകളിൽ നാം ഒന്നിച്ചുനിൽക്കേണ്ടതുണ്ടെന്നും ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
ഇന്ത്യക്കു നല്ലകാലമോ
വലിയ പ്രശ്നങ്ങളൊന്നുമില്ലാതെ ഭേദപ്പെട്ട നയതന്ത്ര ബന്ധത്തോടെ മുന്നോട്ടുപോയിരുന്ന രാജ്യങ്ങളായിരുന്നു ഇന്ത്യയും കാനഡയും. എന്നാൽ, ഖലിസ്താൻ ഭീകരൻ ഹർദീപ് സിങ് നിജ്ജറെ വധിച്ചത് ഇന്ത്യയുടെ അറിവോടെയാണെന്ന ട്രൂഡോയുടെ ആരോപണത്തോടെ ഇരുരാജ്യങ്ങളും രണ്ടുവഴിക്കായി. ഉന്നത നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിക്കുന്നതിലേക്ക് വരെ കാര്യങ്ങളെത്തി. ട്രൂഡോയുടെ ജനപ്രീതിയും നാൾക്കുനാൾ ഇടിഞ്ഞു താഴേക്കെത്തി. ഈ രീതിയിൽ കലങ്ങിമറിഞ്ഞ രാഷ്ട്രീയസാഹചര്യത്തിലായിരുന്നു ട്രൂഡോ രാജിവെയ്ക്കുന്നത്. എന്നാൽ, ഈ വിഷയത്തിൽ ഇന്ത്യയെ സംബന്ധിച്ച ശുഭപ്രതീക്ഷ നൽകുന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഇന്ത്യ-കാനഡ ബന്ധത്തിൽ ഈയിടെയുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് നേരത്തെ വ്യതക്തമാക്കിയ നേതാവാണ് കാർനി. ഇപ്പോഴാകട്ടെ, ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള അവസരങ്ങളുണ്ടെന്നും അദ്ദേഹം തുറന്നുപറഞ്ഞു.
വാണിജ്യമേഖലയെക്കുറിച്ച് വ്യക്തമായ ധാരണയുള്ള കാർനി ഇന്ത്യയെ പിണക്കില്ല എന്ന പ്രതീക്ഷയിലാണ് അന്നാട്ടിലെ ഇന്ത്യൻ പൗരന്മാർ. ട്രംപിന്റെ നിലപാടുകളിൽ അവ്യക്തതയുള്ളതിനാൽ ഇന്ത്യയും കാനഡയെ ഒപ്പം നിർത്താനേ തരമുള്ളൂ. എന്നാൽ, കുടിയേറ്റനിയന്ത്രണത്തിലും വിസാ മാനദണ്ഡങ്ങൾ കടുപ്പിച്ചതുമായ വിഷയങ്ങളിൽ കാർനി എന്ത് നിലപാട് എടുക്കുമെന്ന് കണ്ടറിയേണ്ടതാണ്. നയതന്ത്രത്തിനും വാണിജ്യത്തിനുമപ്പുറം വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകൂടെ അദ്ദേഹത്തിന്റെ മുന്നിലുണ്ട്. 2015 മുതൽ ഭരണത്തിലുള്ള ലിബറുകൾക്കെതിരായ ഭരണവിരുദ്ധ വികാരത്തെ മറികടക്കുക എന്ന ദൗത്യം ഇപ്പോഴും വെല്ലുവിളിയായി കാർനിക്ക് മുന്നിലുണ്ട്.
Content Highlights: Who is Mark Carney, Canada’s new Liberal leader and next prime minister
Published: 12 Mar 2025, 10:30 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented