ടതുപക്ഷക്കാരിയും പ്രതിപക്ഷ മുന്നണിയുടെ സ്ഥാനാര്‍ഥിയായ കാതറിന്‍ കൊണോളിയുടെ വമ്പന്‍ വിജയത്തെ തുടര്‍ന്ന് ലോകശ്രദ്ധ ആകര്‍ഷിച്ചിരിക്കുകയാണ് അയര്‍ലന്‍ഡിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ്. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ വോട്ട് നേടിയാണ് അയര്‍ലന്‍ഡിന്റെ പത്താമത് പ്രസിഡന്റായി കാതറിന്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ചരിത്രത്തില്‍ ആദ്യമായി രാജ്യത്തെ ഇടതുപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരുമിച്ച് പിന്തുണ നല്‍കിയ സ്ഥാനാര്‍ഥി കൂടിയാണ് ഇവര്‍.

To advertise here,

കുടിയേറ്റക്കാരെയും അഭയാര്‍ഥികളെയും പിന്തുണയ്ക്കുന്ന പുരോഗമനവാദിയായ കാതറിന്റെ വിജയം അയര്‍ലന്‍ഡിലെ ഇന്ത്യന്‍ ജനസമൂഹത്തിനും നിര്‍ണായകമായാണ് വിലയിരുത്തപ്പെടുന്നത് (കാതറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യന്‍ സമൂഹവും സജീവമായിരുന്നു). പോള്‍ ചെയ്ത വോട്ടിന്റെ 63% (9,14,143) നേടിയാണ് ഈ അറുപത്തെട്ടുകാരി വിജയിച്ചിരിക്കുന്നത്. നേരത്തെ ലേബര്‍ പാര്‍ട്ടി അംഗമായിരുന്ന കാതറിന്‍ കൊണോളി പാര്‍ലമന്റ് അംഗമായും ഡെപ്യൂട്ടി സ്പീക്കറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.  ആന്റി എസ്റ്റാബ്ലിഷ്‌മെന്റ് സ്ഥാനാര്‍ഥി എന്ന് സ്വയം വിശേഷിപ്പിച്ച കാതറിന്‍ യാഥാസ്ഥിതിക, ക്രിസ്ത്ര്യന്‍- വലതുപക്ഷ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികളായ ഹെതര്‍ ഹംഫ്രിയെസ്, ജിം ഗാവിന്‍ എന്നിവരെയാണ് പരാജയപ്പെടുത്തിയത്. 

വര്‍ഷങ്ങളായി പരസ്പരം എതിര്‍ത്ത് നിന്നിരുന്ന അയര്‍ലന്‍ഡിലെ ഇടത്, മധ്യവര്‍ത്തി പാര്‍ട്ടികളെ ഒരു മുന്നണിക്ക് കീഴില്‍ കൊണ്ടുവന്ന കാതറിന്റെ രാഷ്ട്രീയ മിടുക്ക് തന്നെയാണ് വിജയത്തില്‍ ഏറ്റവും നിര്‍ണായകമായത്. നവംബര്‍ പതിനെട്ടിനാണ് കാതറിന്‍ കൊണോളി അയര്‍ലന്‍ഡിന്റെ പുതിയ പ്രസിഡന്റായി സ്ഥാനമേല്‍ക്കുന്നത്. രാജ്യത്തിന്റെ ഭരണസിരാകേന്ദ്രമായ ഡബ്ലിന്‍ കോട്ടയില്‍ ഒരു ഇടതുപക്ഷക്കാരി അധികാരമേല്‍ക്കുമ്പോള്‍ അത് യൂറോപ്പിലെ വലതുപക്ഷ യാഥാസ്ഥിതിക ശക്തികളെ കുറച്ചൊന്നുമല്ല അസ്വസ്ഥയാക്കുന്നത്. കടുത്ത ഇസ്രയേൽ-നാറ്റോ വിമര്‍ശകയായ, സൈനിക സഖ്യങ്ങളെ രൂക്ഷമായ ഭാഷയില്‍ എതിര്‍ക്കുന്ന, ഐറിഷ് ന്യൂട്രാലിറ്റിയുടെ വക്താവായ, ഐറിഷ് ഏകീകരണത്തിനായി നിലകൊള്ളുന്ന കാതറിന്‍ കൊണോളി അയര്‍ലന്‍ഡിന്റെ പ്രസിഡന്റായി എത്തുന്നത് ബ്രിട്ടണും യൂറോപ്യന്‍ യൂണിയനും അമേരിക്കയുമെല്ലാം ഉറ്റുനോക്കുകയാണ്.

ചര്‍ച്ചയായി പാലസ്തീനും നേറ്റോയും

നേരത്തെ ലേബര്‍ പാര്‍ട്ടി അംഗമായിരുന്നെങ്കിലും പിന്നീടുള്ള തന്റെ രാഷ്ട്രീയ ജീവിതത്തിലുടനീളം കാതറിന്‍ സ്വതന്ത്രയായായാണ് പ്രവര്‍ത്തിച്ചിരുന്നത്. എങ്കിലും അയര്‍ലന്‍ഡിലെ പുരോഗമന- ഇടത് രാഷ്ട്രീയ ധാരയോടൊപ്പമായിരുന്നു അവരുടെ സ്ഥാനം. പാര്‍ലമെന്റ് അംഗമായിരിക്കെ അയര്‍ലന്‍ഡിലെ മാരേജ്-ഇക്വാളിറ്റി റഫറണ്ടം, അബോര്‍ഷന്‍ റൈറ്റ്‌സ് റഫറണ്ടം എന്നിവയെ അവര്‍ പിന്തുണച്ചു. പാര്‍ലമെന്റില്‍ സ്ത്രീകള്‍ക്കും അഭയാര്‍ഥികള്‍ക്കും വേണ്ടിയും അടിസ്ഥാന സൗകര്യ വികസനത്തിനും ദാരിദ്ര നിര്‍മ്മാര്‍ജനത്തിനും ഭവനരഹിതരുടെ അവകാശങ്ങള്‍ക്കും വേണ്ടിയും നിരന്തരം സംസാരിച്ചു. സാമൂഹിക ക്ഷേമത്തിന് നീക്കിവെച്ചതിനേക്കാള്‍ കൂടുതല്‍ പണം പ്രതിരോധ മേഖലയ്ക്ക് നീക്കിവെക്കുന്നതിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. ഒടുവില്‍ അവരുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിത്വത്തിനായി ചരിത്രത്തില്‍ ആദ്യമായി അയര്‍ലന്‍ഡിലെ ഇടത് പാര്‍ട്ടികള്‍ ഒന്നിക്കുകയും മിന്നുന്ന വിജയം നേടുകയും ചെയ്തു.

പലസ്തീന്‍ അനുകൂലിയും ഇസ്രയേല്‍ വിമര്‍ശകയുമായ കാതറിന്‍ കൊണോളിയുടെ അന്താരാഷ്ട്ര വിഷയങ്ങളിലെ നിലപാടുകളും തിരഞ്ഞെടുപ്പില്‍ വലിയ ചര്‍ച്ചയായി. അവര്‍ തന്റെ പ്രസംഗങ്ങളില്‍ ഇസ്രയേലിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയും ഗാസയിലെ വംശഹത്യ ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടുകയും ചെയ്തിരുന്നു. അമേരിക്കയും ബ്രിട്ടണും ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്ക് ഈ വംശഹത്യയില്‍ പങ്കുണ്ടെന്ന് പറയാനും അവര്‍ മടിച്ചില്ല. ഹമാസ് അനുകൂലിയെന്നും ജൂതവിരുദ്ധയെന്നും ആക്ഷേപിച്ചാണ് എതിര്‍ സ്ഥാനാര്‍ഥികള്‍ തിരഞ്ഞെടുപ്പ് വേദികളില്‍ അവരെ വിമര്‍ശിച്ചത്. എന്നാല്‍, തന്റെ നിലപാടുകളില്‍ ഉറച്ചുനിന്നുകൊണ്ടാണ് അവര്‍ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ മുന്നോട്ട് കൊണ്ടുപോയത്. പൊതുവില്‍ പലസ്തീന്‍ അനുകൂല നിലപാടുകള്‍ സ്വീകരിക്കുന്ന നേതാക്കളും പൊതുമസമൂഹവുമാണ് അയര്‍ലന്‍ഡിലേത്. നിലവിലെ പ്രസിഡന്റ് ഉള്‍പ്പടെയുള്ളവരും പലസ്തീനെ പിന്തുണയ്ക്കുന്നവരാണ്.

യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ യൂറോപ്പിനെ സൈനികവത്കരിക്കുന്നതിനെയും കാതറിന്‍ ശക്തമായി എതിര്‍ത്തിരുന്നു. അമേരിക്കയുടെയും യൂറോപ്യന്‍ രാജ്യങ്ങളുടെയും സൈനിക സഖ്യമായ നാറ്റോയെയും കടുത്ത ഭാഷയില്‍ കാതറിന്‍ വിമര്‍ശിക്കാറുണ്ട്. നാറ്റോ പോലുള്ള സൈനിക സഖ്യങ്ങളിലും അമേരിക്കന്‍ നേതൃത്വത്തിലുള്ള യുദ്ധത്തിലും പങ്കാളികളാവാതെയുള്ള ഐറിഷ് ന്യൂട്രാലിറ്റി എന്ന ആശയത്തിന്റെ വക്താവാണ് അവര്‍.

ഐറിഷ് പട്ടാളത്തെ വിദേശത്ത് വിന്യസിക്കുന്നതിനെ ഐറിഷ് ന്യൂട്രാലിറ്റി വാദക്കാര്‍ ശക്തമായി എതിര്‍ക്കുന്നു. സൈനിക സഖ്യങ്ങളില്‍ നിന്ന് പിന്‍വാങ്ങുന്നത് ഭീരുത്വമല്ലെന്നും യുദ്ധങ്ങളെ എതിര്‍ക്കുകയും മനുഷ്യാവകാശം സംരക്ഷിക്കുകയും ചെയ്യുന്നതാണ് ധീരതയെന്നുമാണ് അവര്‍ വാദിക്കുന്നത്. യൂറോപ്യന്‍ യൂണിയന്‍ എന്നത് യൂറോപ്പിനെ സൈനികവത്കരിക്കാന്‍ മാത്രമുള്ള ഒരു സംവിധാനമായി മാറിയെന്നും മറ്റുള്ളവരുടെ യുദ്ധത്തില്‍ പങ്കാളികളാവുന്നതിന് പകരം ഐക്യരാഷ്ട്ര സഭ പോലുള്ള പ്രസ്ഥാനങ്ങളുടെ സമാധാന ശ്രമങ്ങളെ പിന്തുണയ്ക്കുകയാണ് വേണ്ടതെന്നും കാതറിന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ നാറ്റോ വിമര്‍ശകയായ കാതറിന്‍ റഷ്യയെ എതിര്‍ക്കുന്നതില്‍ അത്ര ആവേശം കാണിക്കാറില്ലെന്നായിരുന്നു എതിരാളികള്‍ തിരഞ്ഞെടുപ്പ് സമയത്ത് ഉയര്‍ത്തിക്കൊണ്ടുവന്ന ആരോപണം.

സൈക്കോളജിസ്റ്റില്‍നിന്ന് രാഷ്ട്രീയപ്രവര്‍ത്തകയിലേക്ക്

“എല്ലാ ശബ്ദങ്ങളും പ്രധാനപ്പെട്ടതാണ്. എല്ലാവരെയും കേള്‍ക്കാനും പരിഗണിക്കാനും കഴിയുന്നവരാകണം പൊതുപ്രവര്‍ത്തകര്‍. ”- തന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കാതറിന്‍ പറഞ്ഞ വാക്കുകളായിരുന്നു ഇത്. 14 കുട്ടികളുള്ള ഒരു കുടുംബമായിരുന്നു എന്റേത്. എല്ലാവരുടെയും ശബ്ദത്തിന് ചെവികൊടുക്കേണ്ടതിന്റെ പ്രാധാന്യം ഞാന്‍ മനസ്സിലാക്കിയത് എന്റെ വീട്ടില്‍നിന്ന് തന്നെയാണ്- കാതറിന്‍ കൂട്ടിച്ചേര്‍ക്കുന്നു.

അയര്‍ലന്‍ഡിലെ ഗാല്‍വെ നഗരത്തില്‍ ഒരു തൊഴിലാളി കുടുംബത്തില്‍ സാധാരണക്കാരായ മാതാപിതാക്കളുടെ 14 മക്കളില്‍ ഒരാളായാണ് കാതറിന്‍ ജനിച്ചത്. അവരുടെ ചെറുപ്പത്തില്‍ തന്നെ അമ്മ മരിച്ചു. വലിയ കുടുംബത്തെ പോറ്റാനായി എപ്പോഴും അധ്വാനിച്ചുകൊണ്ടിരിക്കുന്ന പിതാവിനെ കണ്ടാണ് കാതറിന്‍ വളര്‍ന്നത്. രണ്ട് മുതിര്‍ന്ന സഹോദരിമാരാണ് കാതറിനെയും മറ്റ് കുഞ്ഞുങ്ങളെയും നോക്കി വളര്‍ത്തിയത്. ഇത്തരമൊരു കുടുംബത്തില്‍ ജനിച്ച് വളര്‍ന്നതാണ് തന്റെ നിലപാടുകളം സാമൂഹിക ബോധ്യവും രൂപപ്പെടുത്തിയതെന്ന് കാതറിന്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്.

കൗമാരപ്രായത്തില്‍ തന്നെ കാതറിന്‍ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. പ്രായമായവരെയും വികലാംഗരെയും സഹായിക്കാനുള്ള സന്നദ്ധ സംഘടനകളായിരുന്നു അവരുടെ പ്രവര്‍ത്തന മേഖല. വൈകാതെ സൈക്കോളജി പഠനത്തിന് ചേര്‍ന്ന കാതറിന്‍ ബിരുദം നേടിയ ശേഷം ഗാല്‍വേ മെഡിക്കല്‍ ബോര്‍ഡില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായി ജോലിക്ക് കയറി. പിന്നീട് സ്ഥിരമായ ജോലി ലഭിച്ചെങ്കിലും അത് വേണ്ടെന്ന് വച്ച് നിയമ പഠനത്തിന് ചേര്‍ന്നു. 1991-ല്‍ ബാരിസ്റ്റര്‍ ബിരുദം നേടുകയും പിറ്റേവര്‍ഷം  കാമുകന്‍ ബ്രയന്‍ മകന്രിയെ വിവാഹം കഴിക്കുകയും ചെയ്തു. 1999-ല്‍  നാല്‍പ്പതാമത്തെ വയസ്സില്‍ രണ്ട് മക്കളുടെ മാതാവായിരിക്കുമ്പോഴാണ് സജീവ രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്.

രാജ്യത്തെ ഭവനരഹിതരായ മനുഷ്യരുടെ കഷ്ടതകളാണ് അവരെ മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകയാകാന്‍ പ്രേരിപ്പിച്ചത്. ലേബര്‍ പാര്‍ട്ടിയില്‍ ചേര്‍ന്ന കാതറിൻ വളരെ പെട്ടെന്ന് തന്നെ അതിന്റെ പ്രാദേശിക നേതൃത്വത്തിലേക്കെത്തി. ഗാല്‍വേയുടെ കൗണ്‍സിലറായി 17 വര്‍ഷം പ്രവര്‍ത്തിച്ചു. ഇടക്കാലത്ത് ഒരുവര്‍ഷം നഗരത്തിന്റെ മേയറുമായി.

ലേബര്‍ പാര്‍ട്ടി വിട്ട് സ്വതന്ത്രയാവുന്നു

അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് 2007-ലാണ് കാതറിന്‍ ലേബര്‍ പാര്‍ട്ടി വിടുന്നത്. 2016-ല്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2020-ല്‍ പാര്‍ലമെന്റ് ഡെപ്യൂട്ടി സ്പീക്കറുമായി. പാര്‍ലമെന്റ് ചെയറിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ വനിതയായി ചരിത്രം സൃഷ്ടിച്ചു. ഈ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തീര്‍ത്തും അപ്രതീക്ഷിതമായാണ് ഭരണമുന്നണിയുടെ സ്ഥാനാര്‍ഥിക്കെതിരായി കാതറിന്‍ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്.

പ്രതിപക്ഷ പാര്‍ട്ടികളെയെല്ലാം ചേര്‍ത്ത് മുന്നണിയുണ്ടാക്കി അവരുടെ പിന്തുണ നേടാനും സാധിച്ചതാണ് അവരുടെ വിജയത്തില്‍ നിര്‍ണായകമായത്. പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ സിന്‍ ഫിയന്‍, ലേബര്‍ പാര്‍ട്ടി, സോഷ്യല്‍ ഡെമോക്രാറ്റ്‌സ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് അയര്‍ലന്‍ഡ്, സോഷ്യലിസ്റ്റ് പാര്‍ട്ടി, പീപ്പീള്‍ ബിഫോര്‍ പ്രോഫിറ്റ്, ഗ്രീന്‍ പാര്‍ട്ടി എന്നിവരെല്ലാം കാതറിനെ പിന്തുണച്ചു. 

വൈറലായ ബാസ്‌കറ്റ്‌ബോള്‍ കളി

പ്രചാരണ സമയത്തെ കാതറിന്‍ കൊണോളിയുടെ രാഷ്ട്രീയ ഉള്ളടക്കത്തോടുള്ളതും ശാന്തവുമായ സംവാദങ്ങളാണ് അവരുടെ ജനപ്രീതി വര്‍ധിപ്പിച്ചതിന് കാരണമായതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. സാമൂഹിക മാധ്യമങ്ങള്‍ ഉള്‍പ്പടെ കൃത്യമായി ഉപയോഗപ്പെടുത്തിയതിലൂടെ യുവവോട്ടര്‍മാരും കാതറിനെ പിന്തുണച്ചു. ഒരു ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ടില്‍ വെച്ച് യുവാക്കളോടൊപ്പം അനായാസേനെ ബാസ്‌കറ്റ്‌ബോള്‍ കളിച്ചും ഫുട്‌ബോള്‍ ജിഗിള്‍ ചെയ്തുമെല്ലാം വോട്ട് ചോദിക്കുന്ന കാതറിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വന്‍ ഹിറ്റായിരുന്നു.

ലക്ഷങ്ങള്‍ കണ്ട ഈ വീഡിയോയും കാതറിന്റെ കായിക പശ്ചാത്തലവുമെല്ലാം യുവാക്കളുടെ വോട്ട് ആകര്‍ഷിക്കുന്നതില്‍ നിര്‍ണായകമായി. സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരിക്കുമ്പോഴും സ്‌പോര്‍ട്‌സിലും സജീവമായിരുന്നു കാതറിന്‍. ചെറുപ്പത്തില്‍ മാരത്തോണും ബാഡ്മിന്റണുമായിരുന്നു അവരുടെ പ്രിയപ്പെട്ട ഇനങ്ങള്‍.

അയര്‍ലന്‍ഡ് രാഷ്ട്രീയം മാറുമോ?

ബ്രിട്ടന്റെ കോളനിവത്കരണത്തിന്റെ ഭാഗമായി വിഭജിക്കപ്പെട്ട രാജ്യമാണ് അയര്‍ലന്‍ഡ്. അമ്പത് ലക്ഷത്തിലേറെ ജനങ്ങള്‍ ജീവിക്കുന്ന അയര്‍ലന്‍ഡാണ് ഇതില്‍ വലുത്. പതിനഞ്ച് ലക്ഷത്തോളം ജനങ്ങള്‍ ജീവിക്കുന്ന വടക്കന്‍ അയര്‍ലന്‍ഡ് യുകെയുടെ ഭാഗമാണ്. അയര്‍ലന്‍ഡിന്റെ ഏകീകരണത്തിനായി വാദിക്കുന്നവരുടെ കൂടെയാണ് കാതറിനും. തന്റെ ജീവിതകാലത്ത് തന്നെ അയര്‍ലന്‍ഡ് ഏകീകരണം സാധ്യമാവുമെന്നാണ് കാതറിന്‍ വ്യക്തമാക്കുന്നത്.

ഭൂവുടമകളുടെയും ബാങ്ക് മുതലാളിമാരുടെയും പ്രസിഡന്റായിരിക്കില്ലെന്നും അയര്‍ലന്‍ഡിലെ അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ ജനപ്രതിനിധിയായരിക്കും താനെന്നുമാണ് തിരഞ്ഞെടുക്കപ്പെട്ട ശേഷം കാതറിന്‍ കൊണോളി പറഞ്ഞത്. അയര്‍ലന്‍ഡ് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി പാര്‍പ്പിട പ്രശ്‌നമാണ്. ജനസംഖ്യയുടെ വലിയൊരു വിഭാഗം ഭവനരഹിതരാണ്. ഉയര്‍ന്ന വാടകനിരക്കും സാധാരണക്കാരുടെ ജീവിതം വലിയ പ്രതിസന്ധിയിലാക്കുന്നു. ഇത് പരിഹിക്കാനായിരിക്കും പ്രഥമ പരിഗണന നല്‍കുകയെന്നും മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ കാതറിന്‍ പറഞ്ഞിരുന്നു.

രാഷ്ട്രത്തലവനാണെങ്കിലും പരിമിതമായ ഭരണഘടനാ അധികാരങ്ങള്‍ മാത്രമാണ് അയര്‍ലന്‍ഡ് പ്രസിഡന്റിനുള്ളത്. ബില്ലുകള്‍ പ്രസിഡന്റ് ഒപ്പുവെച്ചാല്‍ മാത്രമേ നിയമമാവുകയുള്ളെങ്കിലും പ്രസിഡന്റിന് വീറ്റോ അധികാരമില്ല. പ്രസിഡന്റ് സര്‍വ്വ സൈന്യാധിപനാണെങ്കിലും പ്രതിരോധ നയങ്ങള്‍ രൂപികരിക്കുന്നതില്‍ പങ്കുവഹിക്കാനാവില്ല. ഇന്ത്യയിലേതിന് സമാനമായി പ്രധാനമന്ത്രിയാണ് ഭരണകാര്യങ്ങളിലെ അവസാനവാക്ക്. എങ്കിലും രാജ്യം ഭരിക്കുന്ന യാഥാസ്ഥിതിക പക്ഷത്തുള്ള പാര്‍ട്ടി സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തി ഇടത്-പ്രതിപക്ഷ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥി പ്രസിഡന്റ് സ്ഥാനത്തേക്ക് വന്‍വിജയം നേടിയത് അയര്‍ലന്‍ഡ് രാഷ്ട്രീയത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന വന്‍ മാറ്റത്തെയാണ്  സൂചിപ്പിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.