മഡുറോ കാലത്തെ ലഹരിമരുന്ന് കടത്തിനെ കുറിച്ചുള്ള ആരോപണങ്ങൾ ശക്തമായത് 2015ലെ ഒരു സംഭവത്തോടെയാണ്.

അമേരിക്കയ്ക്ക് ഭീഷണി ഉയർത്തുന്ന വെനസ്വേലൻ ലഹരിക്കടത്തിന്റെ പേരിലാണ് നിക്കോളാസ് മഡുറോയ്ക്കെതിരെ ട്രംപ് നടപടി സ്വീകരിച്ചത്. വെനസ്വേലയിലെ ലഹരിമരുന്ന് ഭീകരവാദത്തിനെതിരേ അമേരിക്ക ഏറെക്കാലമായി ഉയർത്തുന്ന ഭീഷണികൾക്ക് ശേഷമായിരുന്നു ജനുവരി മൂന്നിലെ ട്രംപിന്റെ നടപടി. ഇതിന് ഔദ്യോഗികമായി ട്രംപ് നൽകുന്ന വിശദീകരണം ലഹരിമരുന്ന് കടത്താണ്. ഇതോടെ വെനസ്വേലയിലെ സൈനികർക്ക് പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന 'കാർട്ടൽ ഓഫ് ദി സൺസ്' വീണ്ടും ചർച്ചയാവുകയാണ്.
ലഹരിക്കടത്ത് സംഘങ്ങളെ ചുറ്റിപ്പറ്റി ദീർഘകാലമായി ഉയരുന്ന ആരോപണങ്ങളും സജീവമാവുകയാണ്. എന്താണ് വെനസ്വേലയെ ചുറ്റിപ്പറ്റിയുള്ള ലഹരിക്കടത്ത് ആരോപണങ്ങൾ? ആഗോള കൊക്കെയ്ൻ കടത്തിന്റെ ഇടനിലക്കാരായി വെനസ്വേല മാറിയതെങ്ങനെ? അമേരിക്കയുടെ ആരോപണങ്ങളിൽ കഴമ്പുണ്ടോ?
എന്താണ് കാർട്ടൽ ഓഫ് ദി സൺസ്?
വെനസ്വേലയിലെ സൈനിക വിഭാഗങ്ങളിൽ, പ്രത്യേകിച്ച് ഉയർന്ന റാങ്കിലുള്ള ജനറൽമാർ ഉൾപ്പെടെയുള്ളവർക്ക് പങ്കുള്ള ലഹരിക്കടത്ത് സംഘത്തെ അമേരിക്ക വിളിക്കുന്ന പേരാണ് കാർട്ടൽ ഓഫ് ദി സൺ (കാർട്ടൽ ഡി ലോസ് സോളെസ്). ഉയർന്ന പദവിയിലുള്ള ഉദ്യോഗസ്ഥർ ഉൾപ്പെടുന്നവർ ഈ ശൃംഖലകളിലെ കണ്ണികളാണെന്ന് ആരോപിക്കപ്പെടുന്നു. സൈനിക ജനറൽമാരുടെ യൂണിഫോമുകളിൽ സൂര്യന്റെ ആകൃതിയിലുള്ള ചിഹ്നങ്ങൾ (സോളെസ്) ഉള്ളതിനാലാണ് കാർട്ടൽ ഓഫ് ദി സൺ എന്ന് ഇതറിയപ്പെടുന്നത്.
സൈനിക, സർക്കാർ ഉദ്യോഗസ്ഥർ അനധികൃതമായി പണം സമ്പാദിക്കുന്നതിനായി കൊക്കെയ്ൻ കടത്ത് കപ്പലുകളേയും വാഹനങ്ങളേയും സംരക്ഷിക്കുകയും ലഹരിക്കടത്തിന് കൂട്ടുനിൽക്കുകയും ചെയ്യുന്നുവെന്നാണ് ആരോപണം. ഒരു ഉദ്യോഗസ്ഥനോ ഒരു ഓഫീസോ മാത്രമല്ല ഇതിലുള്ളത്, ഒരു സംവിധാനം പൂർണമായും പദവികളും സ്ഥാനമാനങ്ങളും ദുരുപയോഗം ചെയ്തുകൊണ്ട് അഴിമതിക്ക് ഒത്താശ ചെയ്യുകയാണെന്നാണ് അമേരിക്ക സ്ഥാപിക്കുന്നത്.
1990-കളുടെ തുടക്കത്തിൽ സൈനികരുടെ ലഹരി മരുന്ന് ഇടപാടുകളിൽ അമേരിക്കയുടെ മേൽനോട്ടത്തിൽ അന്വേഷണം ആരംഭിച്ചിരുന്നു. വെനസ്വേലയുടെ മുൻ പ്രസിഡന്റ് ഹ്യൂഗോ ഷാവേസിന്റെയും പിൻഗാമിയായെത്തിയ നിക്കോളാസ് മഡുറോയുടെയും ഭരണത്തിൻ കീഴിൽ നിയമവിരുദ്ധ എണ്ണഖനനം, ഇന്ധനക്കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളും നടന്നു. ലഹരിക്കടത്തിന് പുറമേയാണ് ഈ അഴിമതികളും. ഇന്ധനക്കടത്തിന് വേണ്ടി അധികാരത്തിലിരിക്കുന്നവരുടെ ശൃംഖല വിപുലീകരിക്കുകയും ചെയ്തുവെന്നാണ് അമേരിക്ക കണ്ടെത്തിയത്.
നാർക്കോ ടെററിസ്റ്റ് സംഘടന
കൊക്കെയ്ൻ ഉൾപ്പെടെയുള്ള ലഹരിമരുന്ന് കടത്ത് സുഗമമാക്കുന്നതിനാൽ നാർക്കോ ടെററിസ്റ്റ് സംഘടനയെന്നാണ് അമേരിക്ക ഈ ശൃംഖലയെ വിശേഷിപ്പിക്കുന്നത്. ദശാബ്ദങ്ങളായി അമേരിക്ക വെനസ്വേലയ്‌ക്കെതിരേ ഈ ആരോപണം ഉയർത്തുന്നുണ്ട്. 2020-ൽ യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസ് മഡുറോയെയും പന്ത്രണ്ടിലധികം ഉദ്യോഗസ്ഥരെയും നാർക്കോ-ടെററിസം, ലഹരിമരുന്ന് കടത്ത് എന്നിവയിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. പിന്നീടും ഇവർക്കെതിരേയുള്ള ആരോപണങ്ങൾ വർധിച്ചു. 2025-ൽ ട്രംപ് ഭരണകൂടം കാർട്ടൽ ഓഫ് ദി സൺസിനെ പ്രത്യേക ഗണത്തിലുള്ള ആഗോള ഭീകര സംഘമായും അതേവർഷം നവംബറിൽ ഒരു വിദേശ തീവ്രവാദ സംഘമായും പ്രഖ്യാപിച്ചു. കൊളംബിയയിലെ വിമതസംഘവുമായി സഹകരിച്ച് ഈ ശൃംഖല കൊക്കെയ്ൻ കടത്തുന്നതായി യുഎസ് ഉദ്യോഗസ്ഥർ ആരോപിച്ചു. കൂടാതെ വെനസ്വേലയിലെ ട്രെൻ ഡി അരാഗ്വ സംഘവുമായും മെക്‌സിക്കോയിലെ സിനലോവ കാർട്ടലുമായും ബന്ധം പുലർത്തുന്നതായും അമേരിക്ക ആരോപിക്കുന്നുണ്ട്. അമേരിക്കൻ വിപണിയിൽ ലഹരിമരുന്നുകളുടെ സ്വാധീനം വർധിപ്പിക്കാനുള്ള ആയുധമാക്കുകയാണ് ലഹരിക്കടത്തിനെയെന്നും അമേരിക്ക അവകാശപ്പെട്ടു.
വെനസ്വേലയ്‌ക്കെതിരേയുള്ള അമേരിക്കയുടെ നിരന്തരമായ ആരോപണങ്ങളും രാജ്യത്തെ എണ്ണസമ്പത്തിൽ സ്വാധീനം വർധിപ്പിക്കാനുള്ള ശ്രമങ്ങളും മൂലം ഇരുരാജ്യങ്ങൾക്കും ഇടയിലുള്ള ബന്ധം വഷളായി. അത് സംഘർഷത്തിലേക്കും ഏറ്റുമുട്ടലുകളിലേക്കും ഉപരോധങ്ങളിലേക്കുമാണ് കൊണ്ടെത്തിച്ചത്. ട്രംപിന്റെ ആരോപണങ്ങൾ ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് വെനസ്വേല പ്രതികരിച്ചു. അമേരിക്കയുടെ അവകാശവാദം പൂർണമായും കള്ളമാണ്. രാജ്യത്തിന്റെ എണ്ണ, സ്വർണ്ണം തുടങ്ങിയ വിഭവങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കാനുള്ള അമേരിക്കൻ നേതൃത്വത്തിലുള്ള പ്രചാരണത്തിന്റെ ഭാഗമാണ് ട്രംപ് നടത്തുന്നതെന്ന് വിശദീകരിച്ച് ആരോപണങ്ങളെ വെനസ്വേല തള്ളിക്കളഞ്ഞു. അതുമാത്രമല്ല, പ്രസിഡന്റ് നിക്കോളാസ് മഡുറോ ഒരു കാർട്ടൽ നിയന്ത്രിക്കുന്നുവെന്ന് സ്ഥാപിക്കുന്ന യാതൊരു തെളിവും അമേരിക്കയ്ക്ക് ലഭിച്ചിട്ടുമില്ലായിരുന്നു.
കാർട്ടൽ ഡി ലോസ് സോളെസ്
1990-കളുടെ തുടക്കം മുതലാണ് കാർട്ടൽ ഡി ലോസ് സോളെസ് എന്ന പേര് വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയത്. അന്ന് സൈന്യത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന രണ്ട് നാഷണൽ ഗാർഡ് ജനറൽമാരായ റാമോൺ ഗില്ലൻ ഡാവിലയ്ക്കും ഓർലാൻഡോ ഹെർണാണ്ടസ് വില്ലെഗാസിനും ലഹരിമരുന്ന് കടത്തിൽ പങ്കുള്ളതായി കണ്ടെത്തിയിരുന്നു. ഇവർ രണ്ട് പേരുടേയും സൈനിക യൂണിഫോമിൽ സൂര്യന്റെ ചിഹ്നം ഔദ്യോഗിക പദവികളുടെ ഭാഗമായി ധരിച്ചിരുന്നു. ലഹരിക്കടത്ത് ആരോപണത്തെ തുടർന്ന് വാർത്തകളിൽ സ്ഥിരം സാന്നിധ്യമായതോടെയാണ് കാർട്ടൽ ഡി ലോസ് സോളെസ്/കാർട്ടൽ ഓഫ് ദി സൺസ് എന്നീപേരുകൾ മാധ്യമങ്ങൾ ഉപയോഗിച്ചു തുടങ്ങിയത്. അയൽരാജ്യമായ കൊളംബിയയിൽ കൊക്കെയ്ൻ ഉത്പാദനം വർധിച്ചുവരുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്ന കാലമായിരുന്നു അത്. അമേരിക്കയിലേക്കുള്ള ലഹരിക്കടത്തിന്റെ പ്രധാന ഇടനാഴിയായി വെനസ്വേല മാറി.
കണക്കറ്റ എണ്ണസമ്പത്തുണ്ട് വെനസ്വേലയ്ക്ക്. ഭരണ പരിഷ്‌കാരങ്ങളെ തുടർന്ന് സാമ്പത്തിക തകർച്ച നേരിട്ടപ്പോൾ പൊതുജനങ്ങളും ഉദ്യോഗസ്ഥരും മറ്റ് വരുമാന മാർഗങ്ങൾ തേടിയാണ് ലഹരിക്കടത്തിലേക്ക് തിരിഞ്ഞതെന്നാണ് പറയപ്പെടുന്നത്. അതിനാൽ ലഹരിക്കടത്തിനുള്ള മൗനാനുവാദം സർക്കാർ നൽകിയതാണ് തുടക്കം. ഇതോടെ സൈന്യവും ഉദ്യോഗസ്ഥരും ലഹരിക്കടത്തിന്റെ ഇടനിലക്കാരായി പ്രവർത്തിക്കാൻ തുടങ്ങിയതായാണ് വിദഗ്ധർ പറയുന്നത്. ഇത് വിപുലമായതോടെ കൊളംബിയയിലെ വിമത ഗ്രൂപ്പായ FARC-ഉം വെനസ്വേലൻ സൈന്യവും ഒന്നിച്ചുനിന്നതോടെ കൊളംബിയയിൽ നിർമിക്കുന്ന ടൺ കണക്കിന് കൊക്കെയ്ൻ വെനസ്വേല വഴി അമേരിക്കയിലേക്കൊഴുതി. വെനസ്വേലൻ വ്യോമസേനയുടെ സഹായത്തോടെയാണ് ഈ ഒഴുക്ക് നടക്കുന്നതെന്ന് മുൻ ഡി.ഇ.എ ഏജന്റായ വെസ്ലി ടാബർ നേരത്തെ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഷാവേസിന്റെ കാലത്തും മഡുറോയുടെ കാലത്തും ഇത് നിർബാധം തുടർന്നു.
കൊളംബിയയിലെ വിമത വിഭാഗം (റെവല്യൂഷണറി ആംഡ് ഫോഴ്‌സ് ഓഫ് കൊളംബിയ) ഉത്പാദിപ്പിച്ച കൊക്കെയ്ൻ സുരക്ഷിതമായി കടത്തുന്നതിന് വെനസ്വേലൻ സുരക്ഷാ സേനയിലെ ചില വിഭാഗങ്ങൾ വിമാനത്താവളങ്ങൾ സുരക്ഷിതമാക്കുകയും റഡാർ സംവിധാനങ്ങൾ പ്രവർത്തനരഹിതമാക്കുകയും ആയുധങ്ങൾ നൽകുകയും ചെയ്തതായി യുഎസ് ഉദ്യോഗസ്ഥർ ആരോപിച്ചു. ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുക മാത്രമല്ല, കൊക്കെയ്ൻ വ്യാപാരത്തിൽ നേരിട്ട് പങ്കാളികളാകുകയും ചെയ്തു. 2025-ൽ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പുറത്തുവിട്ട കണക്കുകൾ അനുസരിച്ച് ഓരോ വർഷവും 200 മുതൽ 250 മെട്രിക് ടൺ കൊക്കെയ്‌നാണ് വെനസ്വേലയിലൂടെ കടന്നുപോവുന്നത്. കൊക്കെയ്‌ന്റെ ലോക ഉത്പാദനത്തിന്റെ ഏകദേശം ഏകദേശം 10-13% ആണിത്.
അമേരിക്കയിലേക്കും മറ്റ് രാജ്യങ്ങളിലേക്കുമുള്ള ലഹരിക്കടത്തിന് യാതൊരു നിയന്ത്രണങ്ങളുമില്ലാതെ വെനസ്വേല കുട പിടിക്കുകയാണെന്ന് കണക്കുകൾ വെളിപ്പെടുത്തിക്കൊണ്ട് അമേരിക്ക ആരോപിച്ചു. ഇതിന് കൂട്ടുനിൽക്കുന്ന ഭരണ-സൈനിക സംവിധാനമാണ് കാർട്ടൽ ഡി ലോസ് സോളെസ്. അതിലെ പ്രധാന പങ്കാളിയാണ് പ്രസിഡന്റ് മഡുറോയെന്ന് ട്രംപ് ഉൾപ്പെടെയുള്ളവർ പറയുന്നു. എന്നാൽ, ഈ സംഘത്തെ പ്രത്യേക സംഘടനയായ ഏകീകൃത ചട്ടങ്ങളോ നിയമങ്ങളോ ഉള്ള ക്രിമിനൽ വിഭാഗമായോ വിശേഷിപ്പിക്കാൻ കഴിയില്ലെന്ന് ചില വിശകലന വിദഗ്ധരും പറയുന്നു. വ്യക്തിഗത ലാഭത്തിനായി പ്രവർത്തിക്കുന്ന, അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ ശൃംഖലകളായി മാത്രമേ ഇതിനെ കണക്കാക്കാൻ കഴിയുകയുള്ളൂവെന്നാണ് അവർ അഭിപ്രായപ്പെടുന്നത്. ഇതിന് തടയിടാനാണ് കടുത്ത നടപടികളിലേക്ക് അമേരിക്ക കടന്നത്. 2008-ൽ വെനസ്വേലൻ ഉദ്യോഗസ്ഥർക്കെതിരായ ഉപരോധങ്ങൾ അമേരിക്ക ഏർപ്പെടുത്തിയത്. 2017 വരെ ഇത് ശക്തമായി തുടർന്നിരുന്നു.
മഡുറോയ്ക്കും ഭാര്യയ്ക്കും മകനുമെതിരേ ആരോപണം
കൊക്കെയ്ൻ കടത്തു മുതൽ അഴിമതി വരെയുള്ള ആരോപണങ്ങളാണ് മഡുറോയ്‌ക്കെതിരേയുള്ളത്. അമേരിക്കൻ ജനതയെ നശിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ മഡുറോ യുഎസിലേക്ക് വലിയ തോതിൽ ലഹരിമരുന്ന് കടത്തിയെന്ന് യുഎസ് ആരോപിക്കുന്നു. ലോകത്തെ ഏറ്റവും അപകടകാരികളായ ലഹരിമരുന്ന് കടത്തുകാരുടെയും നാർക്കോ ഭീകരരുടെയും പങ്കാളിയാണ് മഡുറോ. സിനലോവ, ട്രെൻ ഡെ അരഗ്വ എന്നീ കുപ്രസിദ്ധ ലഹരിക്കടത്തു സംഘങ്ങൾക്ക് മഡുറോ സർക്കാരുമായി അടുത്ത ബന്ധമുണ്ട്. സംഘങ്ങൾക്ക് നിയമസംരക്ഷണവും ലഹരിമരുന്നു കടത്താൻ പിന്തുണയും മഡുറോയും കുടുംബവും നൽകി. ലഹരിമരുന്നു കടത്തുകാർക്ക് വെനസ്വേലയുടെ ദേശീയ ലഹരിമരുന്നു വിഭാഗം ഓഫീസ് ഡയക്ടറുമായുള്ള കൂടിക്കാഴ്ച സാധ്യമാക്കുന്നതിനായി സീലിയ കോടിക്കണക്കിന് ഡോളർ കൈക്കൂലി വാങ്ങി, പണം നൽകാത്തവരെയും ലഹരിമരുന്നു കടത്ത് തടസ്സപ്പെടുത്തിയവരെയും തട്ടിക്കൊണ്ടുപോകാനും മർദിക്കാനും വധിക്കാനും ഉത്തരവിട്ടു തുടങ്ങിയ കുറ്റങ്ങളാണ് മഡുറോയ്‌ക്കെതിരേയുള്ളത്. എന്നാൽ, ഇവയ്‌ക്കൊന്നും ട്രംപ് സർക്കാർ തെളിവു നൽകിയിരുന്നില്ല.
നിയമവിരുദ്ധ പ്രവർത്തനങ്ങൾ മറച്ചുവെച്ചുവെന്നാണ് പ്രഥമ വനിത സിലിയ ഫ്‌ലോറസിനെതിരെയുള്ള കുറ്റം. കൊക്കെയ്ൻ കടത്ത് മറച്ചുപിടിക്കുന്നതിനായി കൈക്കൂലി വാങ്ങിയെന്ന് അമേരിക്ക അന്വേഷണത്തിൽ കണ്ടെത്തിയതായി പറയുന്നു. 2007-ൽ, ലഹരിക്കടത്തുകാരനും ലഹരിവിരുദ്ധ വിഭാഗം മേധാവിയും തമ്മിൽ കൂടിക്കാഴ്ച സംഘടിപ്പിക്കാൻ പണം വാങ്ങി. ലഹരിക്കടത്തുകാരൻ കൈക്കൂലിയും ഓരോ വിമാനയാത്രയ്ക്കും ഏകദേശം 1,00,000 ഡോളറും നൽകി. ഇതിൽ ഒരു പങ്കു ഫ്‌ലോറസിന് ലഭിച്ചതായി പറയപ്പെടുന്നു. ഈ അനധികൃത ഇടപാടുകളിൽ മഡുറോയുടെ മകൻ നിക്കോളാസ് എർനെസ്റ്റോ മാഡുറോ ഗ്വാരയും സജീവ പങ്കാളിയാണെന്നാണ് ആരോപണം.
അമേരിക്കയിലേക്ക് കൊക്കെയ്ൻ എത്തിക്കാൻ അദ്ദേഹം ഔദ്യോഗിക വിമാനങ്ങളും സൈനിക അകമ്പടിയും സർക്കാർ സൗകര്യങ്ങളും ഉപയോഗിച്ചതായി പ്രോസിക്യൂട്ടർമാർ പറയുന്നു. മാർഗരിറ്റ ദ്വീപ്, കൊളംബിയ, മധ്യ അമേരിക്ക എന്നിവിടങ്ങൾ വഴിയാണ് ഇത് നടത്തിയിരുന്നതായി പറയപ്പെടുന്നത്. വെനസ്വേല സർക്കാരിന്റെ കീഴിലുള്ള പൊതുമേഖല എണ്ണക്കമ്പനിയായ പിഡിവിഎസ്എയുടെ ഉടമസ്ഥതയിലുള്ള വിമാനങ്ങളിൽ ലഹരിമരുന്ന് അടങ്ങിയതായി കരുതുന്ന കെട്ടുകൾ കണ്ടെത്തിയെന്നും ഇത് കടത്താൻ സൈന്യം സഹായിച്ചുവെന്നും അമേരിക്ക ആരോപിക്കുന്നുണ്ട്.
മഡുറോ കാലത്തെ ലഹരിമരുന്ന് കടത്തിനെ കുറിച്ചുള്ള ആരോപണങ്ങൾ ശക്തമായത് 2015-ലെ ഒരു സംഭവത്തോടെയാണ്. മഡുറോയുടെ ഭാര്യയുടെ അനന്തരവന്മാരായ ഫ്രാങ്കി ഫ്‌ലോർസ്, കാർലോസ് ഫ്‌ലോർസ് എന്നീ യുവാക്കൾ പിടിയിലായതോടെയാണിത്. ഇവരെ പിന്നീട് നാർക്കോ നെവ്യൂസ് എന്ന് മാധ്യമങ്ങൾ വിശേഷിപ്പിക്കുകയുണ്ടായി. പ്രസിഡന്റ് വിമാനത്താവളത്തിലെ വിവിഐപി റൂം ഉപയോഗിച്ച് 800 കിലോഗ്രാം ലഹരി കടത്താമെന്ന് വാഗ്ദാനം ചെയ്തതിലൂടെയാണ് കള്ളത്തരം പുറത്തെത്തിയത്. വേഷം മാറിയെത്തിയ അമേരിക്കൻ ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർക്കായിരുന്നു നാർക്കോ നെവ്യൂസ് എളുപ്പത്തിൽ ലഹരിക്കടത്താനുള്ള വഴികൾ വെളിപ്പെടുത്തിയത്. ഇവരെ അമേരിക്ക അറസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നീട് 2022-ൽ തടവുകാരുടെ കൈമാറ്റത്തിലൂടെയാണ് ഇരുവരും ജയിൽമോചിതരായത്. 2025-ൽ ഇവർക്കെതിരേ അമേരിക്ക ഉപരോധം ഏർപ്പെടുത്തുകയും ചെയ്തു.
Content Highlights: Explore the allegations of Venezuela`s `Cartel of the Suns` drug trafficking network, implicating high-ranking officials and fueling US sanctions against Maduro`s regime. Understand the global cocaine trade connection.
Published: 08 Jan 2026, 09:30 am IST
ABOUT THE AUTHOR

Aswathy Anil
aswathyanil@mpp.co.inRelated Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented