കൊച്ചി: ലഹരിക്കായി ദുരുപയോഗം ചെയ്യുമെന്നതിനാൽ എൻ.ഡി.പി.എസ്. ആക്ടിനുകീഴിൽ വിൽപ്പനയ്ക്ക് നിയന്ത്രണമുള്ള ഫാർമസ്യൂട്ടിക്കൽ മരുന്നുകൾ ഓൺലൈൻ പ്ലാറ്റ്ഫോമുകൾവഴി അനധികൃതമായി വിൽക്കുന്നു.
ഷെഡ്യൂൾഡ് വിഭാഗത്തിൽപ്പെടുന്ന, വിൽപ്പന നിയന്ത്രിച്ചിട്ടുള്ള മരുന്നുകൾ ചില ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വിൽപ്പനയ്ക്കായി പരസ്യപ്പെടുത്തുന്നതും രേഖകളില്ലാതെ വിൽക്കുന്നതുമായി ബന്ധപ്പെട്ട കേസുകൾ കൂടിയിട്ടുണ്ട്. ഇൗ സാഹചര്യത്തിൽ നർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി.) വെബ് അധിഷ്ഠിത പരിശോധന തുടങ്ങി. വിദേശ രാജ്യങ്ങളിലെ എൻഫോഴ്‌സ്‌മെൻറ് ഏജൻസികളുമായി സഹകരിച്ചാണ് ഓൺലൈൻ-ഡാർക്ക്‌നെറ്റ് നിരീക്ഷണം.
122 ഇനം ഫാർമസ്യൂട്ടിക്കൽ മരുന്നുകൾ ലഹരിക്കായി ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്. അതിൽ 58 ഇനം മരുന്നുകൾക്ക് എൻ.ഡി.പി.എസ്. നിയമത്തിനുകീഴിൽ വിൽപ്പന നിയന്ത്രണമുണ്ട്. നാലെണ്ണം നിയന്ത്രിത ലഹരിവസ്തുക്കളായി തരംതിരിച്ചിട്ടുമുണ്ട്. അത്യാവശ്യഘട്ടങ്ങളിൽ ഡോക്ടറുടെ കുറിപ്പടിയുണ്ടെങ്കിൽ കർശന നിയന്ത്രണത്തിൽ നൽകുന്ന മരുന്നുകളാണ് ഓൺലൈനിലൂടെ വിറ്റഴിക്കുന്നതായി കണ്ടെത്തിയത്.
നിയമവിരുദ്ധ മരുന്നുവ്യാപാരം നടത്തുന്ന ഒരു സംഘടിതശൃംഖലയെ ഏതാനും മാസംമുൻപ് കണ്ടെത്തിയിരുന്നു. വിദേശ മയക്കുമരുന്ന് നിയമ നിർവഹണ ഏജൻസികളുടെ സഹായത്തോടെയാണ് ഏഷ്യ, വടക്കേ അമേരിക്ക, യൂറോപ്പ്, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ വിൽപ്പന നടത്തിവന്ന സിൻഡിക്കേറ്റിനെ തകർത്തത്. കർണാടകത്തിലെ ഉഡുപ്പിയിൽ അനധികൃത കോൾസെന്റർ തുറന്ന് ചില ഓൺലൈൻ -ബി. ടു ബി. പ്ലാറ്റ്ഫോം വഴി ആഗോളതലത്തിൽ വിൽപ്പന നടത്തുന്ന സംഘമായിരുന്നു ഇത്. നിയന്ത്രണമുള്ള മരുന്നുകളുടെ വിവരം സൈറ്റുകളിൽ പ്രസിദ്ധീകരിച്ചായിരുന്നു പ്രവർത്തനം. ഇത്തരം കേസുകൾ കൂടുന്ന സാഹചര്യത്തിലാണ് നിരീക്ഷണം കൂട്ടിയത്.
അതിനിടെ, ഇന്ത്യയിൽ ലഹരിക്കുവേണ്ടി ഫാർമസ്യൂട്ടിക്കൽ മരുന്നുകളുടെ ദുരുപയോഗത്തിൽ വൻവർധനയാണുള്ളത്. 2024-ൽ മാത്രം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് 4.69 കോടി ഗുളികകളാണ് ഏജൻസികൾ പിടിച്ചെടുത്തത്. 2023-ലേതിനെക്കാൾ മൂന്നിരട്ടിയോളം അധികമാണിത്.
ഓപ്പറേഷൻ വൈപ്പ്
ലഹരിക്കായി ഫാർമസ്യൂട്ടിക്കൽ മരുന്നുകൾ ഓൺലൈൻ കച്ചവടം തടയാനുള്ള ‘ഓപ്പറേഷൻ വൈപ്പ്’ പദ്ധതിക്കാണ് എൻ.സി.ബി. തുടക്കമിട്ടിട്ടുള്ളത്. ഇന്റർനാഷണൽ നർക്കോട്ടിക് കൺട്രോൾ ബോർഡിന്റെ നിയന്ത്രണത്തിലുള്ള ഓൺലൈൻ പ്ലാറ്റ്‌ഫോം നൽകുന്ന വിവരങ്ങൾ ചേർത്താണ് എൻ.സി.ബി. ടെക്‌നിക്കൽ സംഘത്തിന്റെ നിരീക്ഷണം. അമേരിക്കൻ ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് ഏജൻസിയുടെ സഹായവുമുണ്ട്.
Content Highlights: NCB launched 'Operation Wipe' to monitor and shut down illegal online pharmaceutical sales., Global syndicates are being tracked in coordination with international agencies like the US DEA., 122 pharmaceutical drugs identified for abuse, with 58 under strict NDPS Act control
Published: 21 Jul 2026, 09:57 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented