ജി.ഇ എയ്റോസ്പേസ് കമ്പനിയുടെ എഫ്-414 ജെറ്റ് എന്‍ജിനുകള്‍ ഇന്ത്യയ്ക്കു വില്‍ക്കാനുള്ള കരാര്‍ നടപ്പാക്കുന്നതില്‍ അമേരിക്കയ്ക്ക് വീണ്ടുവിചാരമെന്ന് സൂചനകള്‍. ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്കല്‍ ലിമിറ്റഡിന് എന്‍ജിനുകള്‍ക്കൊപ്പം എണ്‍പതു ശതമാനം സാങ്കേതികവിദ്യയും കൈമാറാനായിരുന്നു കരാര്‍. ഈ ജെറ്റ് എന്‍ജിനുകള്‍ ഇന്ത്യയുടെ തേജസ് മാര്‍ക്ക് രണ്ട്, അഡ്വാന്‍സ്ഡ് മീഡിയം കോംബാറ്റ് എയര്‍ക്രാഫ്റ്റ് എന്നിവയുടെ വികസനത്തില്‍ വളരെ പ്രധാനമാണ്. അത്യാധുനിക സ്റ്റെല്‍ഥ് യുദ്ധവിമാനങ്ങള്‍ തദ്ദേശീയമായി നിര്‍മിക്കാനുള്ള ഇന്ത്യയുടെ പദ്ധതികളെ ഇത് ബാധിച്ചേക്കും.
ജോ ബൈഡന്‍ പ്രസിഡന്റായിരുന്ന കാലത്താണ് ഇന്ത്യയും അമേരിക്കയും തമ്മില്‍ നൂറുകോടി ഡോളറിന്റെ കരാര്‍ ഒപ്പുവെച്ചത്. വരും വര്‍ഷങ്ങളില്‍ നിര്‍മാണം ആരംഭിക്കുമെന്ന് കരുതപ്പെട്ടിരുന്ന തേജസ്- മാര്‍ക്ക് രണ്ടില്‍ എഫ് 414 എന്‍ജിനെ ഉപയോഗിക്കാനാണ് ഉദ്ദേശ്യം. അതുപോലെ, അഞ്ചാംതലമുറ പോര്‍വിമാനമായ അഡ്വാന്‍സ്ഡ് മീഡിയം കോംബാറ്റ് എയര്‍ക്രാഫ്റ്റിലും (എ.എം സി.എ) ഇതേ എന്‍ജിനുകളാണ് ഉദ്ദേശിക്കുന്നത്.
പ്രതീക്ഷിച്ച രീതിയില്‍ സാങ്കേതികവിദ്യാക്കൈമാറ്റമില്ലെങ്കില്‍ സ്വന്തമായി പോര്‍വിമാന എന്‍ജിന്‍ സംവിധാനം വികസിപ്പിച്ചെടുക്കാനുള്ള ഇന്ത്യയുടെ പരിശ്രമങ്ങള്‍ക്ക് ബുദ്ധിമുട്ടേറും. ചൈന ഇപ്പോള്‍ തന്നെ 200-ലധികം അഞ്ചാം തലമുറ വിമാനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്, പാകിസ്താന്‍ ചൈനയുടെ ജെ- 35 വിമാനങ്ങള്‍ വാങ്ങാനുള്ള ചര്‍ച്ചകളിലാണ്. ഇനിയും കാലതാമസമുണ്ടായാല്‍ മേഖലയിലെ ഇന്ത്യയുടെ വ്യോമ മേധാവിത്വത്തെ കാര്യമായി ബാധിക്കുമെന്ന് പറയേണ്ടല്ലോ.

മെയ്ക്ക് ഇന്‍ ഇന്ത്യയും സ്വാശ്രിതത്വവും
സമീപകാലത്ത് ആയുധ ഇറക്കുമതിയില്‍ ലോകത്ത് ഒന്നാംസ്ഥാനം ഇന്ത്യയ്ക്കാണ്, 2019-നും 2023-നും ഇടയില്‍ 9.8 ശതമാനം. ഇപ്പോള്‍ ചെറിയൊരു വ്യത്യാസമുണ്ട്, രാജ്യത്തിനാവശ്യമായ പടക്കോപ്പുകളുടെയും ആയുധങ്ങളുടെയും ഉപകരണങ്ങളുടെയും വലിയൊരു ഭാഗം തദ്ദേശീയമായി നിര്‍മിക്കുകയാണ്. സ്വന്തമായി വിമാനവാഹിനിക്കപ്പലും- ഐ.എന്‍.എസ് വിക്രാന്ത്- ആണവ അന്തര്‍വാഹിനി ഐ.എന്‍.എസ് അരിഹന്തുമൊക്കെ ഉദാഹരണം. മെയ്ക്ക് ഇന്‍ ഇന്‍ഡ്യയ്ക്കും സാങ്കേതികവിദ്യാകൈമാറ്റത്തിനും മുന്‍ഗണന നല്‍കിയതും പ്രതിരോധരംഗം സ്വകാര്യമേഖലയ്ക്കു തുറന്നു കൊടുത്തതുമൊക്കെ വലിയ തോതില്‍ ആയുധക്കയറ്റുമതി കൂടുന്നതിനും കാരണമായി. ബ്രഹ്‌മോസ്, ആകാശ്, നാഗ് മിസൈല്‍ സംവിധാനങ്ങള്‍, പിനാകാ റോക്കറ്റ് ലോഞ്ചര്‍, മിലിട്ടറി ഹാര്‍ഡ്വെയര്‍ എന്നിവയ്ക്കൊക്കെ വിദേശവിപണിയില്‍ നല്ല ഡിമാന്‍ഡാണ്. 2023-24 വര്‍ഷത്തില്‍ ഇന്ത്യ തൊണ്ണൂറിലധികം രാജ്യങ്ങളിലേക്ക് 21,083 കോടി രൂപയുടെ ആയുധങ്ങള്‍ കയറ്റി അയച്ചെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദശകത്തെ വെച്ചുനോക്കിയാല്‍ 31 ഇരട്ടിയുടെ വളര്‍ച്ച.
കാലങ്ങളായി റഷ്യയായിരുന്നു ഇന്ത്യയുടെ പ്രധാന ആയുധവിതരണക്കാര്‍. 2009 മുതല്‍ 2013 വരെ നമുക്കാവശ്യമായ ആയുധങ്ങളുടെ 76 ശതമാനവും റഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്യുകയായിരുന്നു. പക്ഷേ, 2019-2023 ആയപ്പോള്‍ വിദേശാശ്രിതത്വം 36 ശതമാനമായി കുറഞ്ഞു. അക്കാലത്ത് ഫ്രാന്‍സില്‍ നിന്നുള്ള ഇറക്കുമതി 33 ശതമാനമായി കുതിച്ചുയര്‍ന്നു. റഫാല്‍ പോര്‍വിമാനങ്ങള്‍ക്കുള്ള കരാര്‍ ഓര്‍മിക്കുക. അമേരിക്കയില്‍ നിന്നുള്ള ഇറക്കുമതി കഴിഞ്ഞ 15 വര്‍ഷത്തിനകം 1,500 കോടി ഡോളറായി വര്‍ധിച്ചു. അമേരിക്കയില്‍ നിന്നുള്ള 330 കോടി ഡോളറിന്റെ പ്രിഡേറ്റര്‍ ഡ്രോണ്‍ ഇറക്കുമതിക്കരാറും റഷ്യയില്‍ നിന്നും ടി-90 ടാങ്കുകള്‍ക്കുള്ള കരുത്തേറിയ എന്‍ജിനടക്കമുള്ള സാമഗ്രികള്‍ വാങ്ങാന്‍ 626 കോടി ഡോളറിന്റെ കരാറും ഉള്‍പ്പെടെ നിരവധി വന്‍കിട ഇറക്കുമതികള്‍ വരുന്നുണ്ട്. കരാറുകളിലെല്ലാം തദ്ദേശീയമായി നിര്‍മിക്കാനും സാങ്കേതികവിദ്യാ കൈമാറ്റത്തിനുള്ള വ്യവസ്ഥയ്ക്കും ഇന്ത്യ ശ്രമിക്കുന്നു, മിക്കപ്പോഴും വിജയിക്കുകയും ചെയ്യുന്നുണ്ട്.

ട്രംപും അമേരിക്കാ ഫസ്റ്റും
കഴിഞ്ഞ നവംബറില്‍ അധികാരമേറ്റ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ 'അമേരിക്ക ഫസ്റ്റ്' നയം വിഖ്യാതമാണ്. 'അമേരിക്കന്‍ താല്‍പര്യങ്ങളുടെ ചെലവില്‍ വിദേശ സൈന്യങ്ങളെ ശക്തിപ്പെടുത്തുന്ന സാങ്കേതികവിദ്യാകൈമാറ്റം' ട്രംപ് ആരാധകര്‍ക്ക് ഇഷ്ടമാവണമെന്നില്ല. ഇന്ത്യയുമായുള്ള ജെറ്റ് എന്‍ജിന്‍ കയറ്റുമതിക്കരാറും അതുപോലെ തന്നെ. പ്രത്യേകിച്ചും, അമേരിക്കന്‍ ആയുധക്കമ്പനികളോട് ആഭ്യന്തര ഉല്‍പ്പാദനത്തിന് മുന്‍ഗണന നല്‍കാന്‍ സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തിക്കൊണ്ടിരിക്കുമ്പോള്‍.
രണ്ടാമതായി, ഇന്റര്‍നാഷണല്‍ ട്രാഫിക് ഇന്‍ ആംസ് റെഗുലേഷന്‍സ് പോലുള്ള കയറ്റുമതി നിയന്ത്രണ ചട്ടങ്ങളുണ്ട്. അമേരിക്കയുടെ പ്രധാനപ്പെട്ട പ്രതിരോധപങ്കാളികളില്‍ ഒരാളാണെങ്കിലും ഇന്ത്യയ്ക്ക് എഫ് 414 ജെറ്റ് എന്‍ജിന്‍ സാങ്കേതികവിദ്യ നല്‍കുന്നതിനെതിരെ അമേരിക്കന്‍ കോണ്‍ഗ്രസിനകത്തു നിന്നും വിദേശ വകുപ്പില്‍ നിന്നും എതിര്‍പ്പ് ഉണ്ടായിട്ടുണ്ടാകാം. റഷ്യയുമായി ഇന്ത്യക്കുള്ള ദീര്‍ഘകാല ബന്ധം കണക്കിലെടുക്കുമ്പോള്‍ ബൗദ്ധിക സ്വത്തവകാശത്തിന്റെ ചോര്‍ച്ചയുണ്ടാകാമെന്നും അവരില്‍ ചിലര്‍ ഭയക്കുന്നുണ്ടാകാം.
മൂന്നാമതായി, ഇന്‍ഡോ- പസഫിക് മേഖലയിലെ തന്ത്രങ്ങള്‍ അമേരിക്ക പുനര്‍നിര്‍ണയിക്കുന്ന കാലമാണ്. അമേരിക്കയുടെ സുരക്ഷാസംവിധാനത്തിന് കൂടുതല്‍ നല്ലത് ഏറ്റവുമടുത്ത സഖ്യകക്ഷികള്‍ക്കു മാത്രമായി ഉന്നത സാങ്കേതികവിദ്യകള്‍ പരിമിതപ്പെടുത്തുന്നതാവും എന്ന് ഒരു വിഭാഗം കരുതുന്നുണ്ട്. തന്ത്രപരമായി സ്വതന്ത്ര നിലപാടുകള്‍ സ്വീകരിക്കുന്ന ഇന്ത്യയെക്കാള്‍ അവര്‍ക്ക് താല്‍പര്യം ഓക്കസ് (ഓസ്‌ട്രേലിയ, യു.കെ, യു.എസ്) അംഗങ്ങളെയാവും. ചൈനയെ ലക്ഷ്യം വെച്ചുള്ള ചതുര്‍രാഷ്ട്രസഖ്യത്തില്‍ (ക്വാഡ്-ഇന്ത്യ, അമേരിക്ക, ജപ്പാന്‍, ഓസ്ട്രേലിയ) ഇന്ത്യ അംഗമാണെങ്കിലും ആംഗ്ലോ സാക്സന്‍ കൂട്ടായ്മയ്ക്കൊപ്പം വരില്ലല്ലോ. കേരളത്തില്‍ വര്‍ണവിവേചനം നടക്കുന്ന കാലത്ത് ഇതുംകൂടി ഇരിക്കട്ടെ!

പ്രത്യാഘാതങ്ങള്‍ ഇന്ത്യയ്ക്കു മാത്രമല്ല
സാങ്കേതികവിദ്യാക്കൈമാറ്റത്തില്‍ നിന്ന് അമേരിക്ക പിന്മാറിയാല്‍ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാവുമെന്നതില്‍ സംശയമില്ല. ഇപ്പോള്‍തന്നെ അത്യാധുനിക പോര്‍വിമാന നിര്‍മാണ രംഗത്ത് വലിയ കാലതാമസമാണ്. ജി.ഇയുടെ ജെറ്റ് എന്‍ജിനുകള്‍ ഇല്ലാതെ ഇന്ത്യയുടെ വ്യോമസേനക്ക് ശക്തമായ ഒരു 4.5 ജനറേഷന്‍ രഹസ്യ (സ്റ്റെല്‍ത്ത്) പോര്‍വിമാനത്തെ രംഗത്തിറക്കാന്‍ പറ്റില്ല. അനുവദനീയമായ 42 സ്‌ക്വാഡ്രണുകളുടെ സ്ഥാനത്ത് 31 നിരകളേ നിലവില്‍ ഇന്ത്യയ്ക്കുള്ളൂ. കരാര്‍ വൈകുന്നത് അഞ്ചാം തലമുറ പോര്‍വിമാനമായി ഉദ്ദേശിക്കപ്പെട്ടിരിക്കുന്ന എ.എം.സി.എക്കും ഭീഷണിയാണ്. പദ്ധതി വെള്ളത്തിലായാല്‍ രാജ്യത്തിന് തുടര്‍ന്നും ഇറക്കുമതി ചെയ്ത പോര്‍വിമാനങ്ങളെ ആശ്രയിക്കേണ്ടി വരും.
അമേരിക്ക സാങ്കേതികവിദ്യാക്കൈമാറ്റത്തില്‍ നിന്നും പിന്നോട്ടുപോവുകയോ, പുതിയ വ്യവസ്ഥകള്‍ മുന്നോട്ടു വെക്കുകയോ ചെയ്താല്‍ അത് ക്വാഡിനെയും സഖ്യത്തിന്റെ സംയുക്ത സൈനികാഭ്യാസങ്ങളെയുമൊക്കെ ബാധിച്ചേക്കാം. സ്വതന്ത്രനിലപാടുകളും അപ്രിയസത്യങ്ങള്‍ വിളിച്ചു പറയുന്നതും കാരണം പാശ്ചാത്യരാജ്യങ്ങളുടെ കണ്ണിലെ കരടാണ് ഇന്ത്യ. രാജ്യതാല്‍പ്പര്യങ്ങള്‍ക്ക് കൂടുതല്‍ ഗുണകരമായ കരാര്‍ വാഗ്ദാനം ചെയ്യുന്നവരെ സ്വീകരിക്കാന്‍ ഇന്ത്യ മടിക്കില്ലെന്നത് വ്യക്തമാണ്. റഷ്യയും ഫ്രാന്‍സുമൊക്കെ ഇന്ത്യയുമായുള്ള ആയുധവില്‍പ്പനക്കരാറുകള്‍ക്ക് എപ്പോഴും സന്നദ്ധമാണ്. അമേരിക്കയുടെ വിശ്വാസ്യത കുറയുന്നത് അമേരിക്കന്‍ ആയുധക്കമ്പനികള്‍ക്ക് തിരിച്ചടിയായേക്കും. ഇനി, ഈ പ്രശ്നത്തിന്റെ അടിസ്ഥാനകാരണത്തിലേക്ക് പോകാം.
സ്റ്റാര്‍ട്ടാകാത്ത കാവേരി എന്‍ജിനും എച്ച്.എ.എല്ലിന്റെ ചങ്കിടിപ്പും
ജെറ്റ് എന്‍ജിന്‍ പ്രതിസന്ധി തുറന്നുകാട്ടുന്നത് ഇന്ത്യയുടെ പ്രതിരോധ സംവിധാനത്തിലെ ദീര്‍ഘകാലമായുള്ള ഒരു ദൗര്‍ബല്യമാണ്- തദ്ദേശീയമായി മികച്ച ഒരു ജെറ്റ് എന്‍ജിന്‍ വികസിപ്പിക്കാന്‍ നമുക്കു കഴിയാത്തത്. 1986-ല്‍ ഡി.ആര്‍.ഡി.ഒയുടെ (പ്രതിരോധ ഗവേഷണ വികസന സംഘടന) കീഴിലുള്ള ഗ്യാസ് ടര്‍ബൈന്‍ റിസര്‍ച്ച് എസ്റ്റാബ്ലിഷ്മെന്റ് (ജി.ടി.ആര്‍.ഇ) എന്ന സ്ഥാപനം തേജസ് ലൈറ്റ് കോമ്പാക്ട് എയര്‍ക്രാഫ്റ്റിനായി കാവേരി എന്‍ജിന്‍ വിഭാവനം ചെയ്തു. തുടങ്ങിയിട്ട് 40 വര്‍ഷമാകാറായിട്ടും, നൂറുകണക്കിന് കോടികള്‍ ചെലവാക്കിയിട്ടും അത് എങ്ങുമെത്തിയിട്ടില്ല.
1989-ല്‍ 382 കോടി രൂപയായിരുന്നു എന്‍ജിന്‍ വികസിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്ന ചെലവ്. 2010 ആയപ്പോള്‍ ചെലവ് 2,800 കോടിയായി. കാരണങ്ങള്‍ നമുക്കറിയുന്നതു തന്നെ- അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം, വൈദഗ്ധ്യമില്ലായ്മ, 1998-ലെ പൊഖ്റാന്‍ ആണവ പരീക്ഷണത്തെ തുടര്‍ന്ന് അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധം എന്നിങ്ങനെ. 2008-ല്‍ ഉണ്ടാക്കിയ എന്‍ജിന് വേണ്ടത്ര കരുത്തില്ലായിരുന്നു. ഒടുവില്‍ കാവേരിയെ രക്ഷിക്കാന്‍ 2014-ല്‍ ഫ്രാന്‍സിലെ ഒരു കമ്പനിയുമായി പങ്കാളിത്തം ഉണ്ടാക്കിയെങ്കിലും നിന്നുപോയി. 2021-ല്‍ ഡി.ആര്‍.ഡി.ഒ പതിനായിരം കോടി രൂപ മുടക്കി പദ്ധതി പുനരാരംഭിച്ചു. ഇന്നത്തെ നിലയില്‍ എന്‍ജിന്റെ പ്രോട്ടോടൈപ്പുകള്‍ പ്രവര്‍ത്തനക്ഷമമാകാന്‍ കുറഞ്ഞത് പത്തുവര്‍ഷമെടുക്കും എന്നാണ് വിദഗ്ധര്‍ കണക്കാക്കുന്നത്. കാവേരീപുരാണം സൂചിപ്പിക്കുന്നത് ആഴത്തിലുള്ള തകരാറുകളാണ്. ഗവേഷണത്തിനും വികസനത്തിനും ആവശ്യത്തിന് പണം മുടക്കാത്തത്. സ്വകാര്യ മേഖലയുടെ പങ്കാളിത്തമില്ലായ്മ, വിദേശ സഹകരണത്തിലുള്ള അമിത ആശ്രിതത്വം എന്നിവയും പ്രശ്നങ്ങളാണ്.
സമയത്ത് കരാറുകള്‍ പൂര്‍ത്തിയാക്കാത്തതിന്റെ പേരില്‍ എച്ച്.എ.എല്‍ കുറച്ചു വര്‍ഷങ്ങളായി കനത്ത സമ്മര്‍ദം നേരിടുകയാണ്. നിശ്ചയിച്ച സമയത്ത് പോര്‍വിമാനങ്ങള്‍ എത്തിക്കാതിരുന്നതു കാരണം എച്ച്.എ.എല്ലില്‍ ആത്മവിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നുവെന്ന് എയര്‍മാര്‍ഷല്‍ എ.പി സിംഗ് തുറന്നടിച്ചിരുന്നു. അദ്ദേഹത്തെ കുറ്റം പറയാനാവില്ല. 2010-ല്‍ ഓര്‍ഡര്‍ കൊടുത്ത തേജസ് വിമാനം 2025-ലെങ്കിലും കിട്ടണ്ടേ? 2024 ഫെബ്രുവരിയില്‍ വ്യോമസേനയ്ക്ക് തേജസ്- മാര്‍ക്ക് ഒന്ന് എ പോര്‍വിമാനങ്ങള്‍ നല്‍കാമെന്നായിരുന്നു 2021-ല്‍ ഒപ്പുവെച്ച 48,000 കോടി രൂപയുടെ കരാര്‍. പക്ഷേ, ഇതുവരെ നടന്നിട്ടില്ല. കാരണം, ജി.ഇ കമ്പനിയുടെ എഫ്-404 എന്‍ജിന്‍ ലഭിക്കുന്നതിലെ കാലതാമസവും. ജി.ഇയില്‍ നിന്നും വാങ്ങുന്ന 99 എഞ്ചിനുകളില്‍ ഒരെണ്ണം ഈ മാസം എത്തിയെന്നാണ് വിവരം. എന്തായാലും ഒരു വിമാനം ഈ വര്‍ഷം തന്നെ വ്യോമസേനയ്ക്കു കൈമാറാനാവുമെന്ന് എച്ച്.എ.എല്‍ കരുതുന്നു.
പിന്‍തൊഴി: സ്വയംപര്യാപ്തത, മെയ്ക്ക് ഇന്‍ ഇന്ത്യ എന്നൊക്കെ പറയുമ്പോള്‍ കേള്‍ക്കാന്‍ സുഖം ഇന്ത്യക്കാര്‍ക്ക് മാത്രമായിരിക്കും! സാങ്കേതിവിദ്യ കൈമാറിക്കിട്ടിയാല്‍ പിന്നീട് ഇന്ത്യക്ക് സ്വന്തമായി ആ ഉപകരണങ്ങള്‍ നിര്‍മിക്കാം. അതിനാല്‍ തീരെ നിവൃത്തിയില്ലാത്ത സാഹചര്യങ്ങളില്‍ മാത്രമേ അവര്‍, പ്രത്യേകിച്ച് പാശ്ചാത്യരാജ്യങ്ങള്‍, ഈ കൈമാറ്റത്തിന് സന്നദ്ധമാവൂ. കട പൂട്ടിപ്പോകരുതല്ലോ!
Content Highlights: US Reconsiders F-414 Engine Deal with India
Published: 29 Mar 2025, 12:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented