
കൊച്ചി: രാജ്യത്തിന് അഭിമാനമായ ആദ്യത്തെ തദ്ദേശീയ യാത്രാ വിമാനമായ 'സാരസ് എംകെ 2' വിലെ നിർണായക വൈദ്യുതി വിതരണ സംവിധമായ പ്രൈമറി പവർ ഡിസ്ട്രിബ്യൂഷൻ സിസ്റ്റം വികസിപ്പിച്ച് എസ്‌എഫ്‌ഒ ടെക്നോളജീസ്. ബെംഗളൂരു സി.എസ്.ഐ.ആർ-നാഷണൽ എയറോസ്‌പേസ് ലബോറട്ടറിയുമായി ചേർന്ന് വികസിപ്പിച്ച സംവിധാനത്തിന്റെ ആദ്യ എയർവർത്തി യൂണിറ്റ് എസ്‌എഫ്‌ഒ അധികൃതർ എൻ.എ.എല്ലിന് കൈമാറി. കളമശ്ശേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന നെസ്റ്റ് ഗ്രൂപ്പിന്റെ പ്രതിരോധ-വ്യോമയാന വിഭാഗമാണ് എസ്‌എഫ്‌ഒ ടെക്നോളജീസ്.
കളമശ്ശേരി ഹൈടെക് പാർക്കിൽ നടന്ന ചടങ്ങിൽ നെസ്റ്റ് ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. എൻ. ജഹാംഗീർ, എൻ.എ.എൽ ഡയറക്ടർ ഡോ. അഭയ് അനന്ത് പാഷിൽക്കർ, മുതിർന്ന ശാസ്ത്രജ്ഞർ തുടങ്ങിയവർ പങ്കെടുത്തു.
ദേശീയ പ്രാധാന്യമുള്ള ഈ പദ്ധതിയിൽ എൻ.എ.എല്ലിന്റെ പങ്കാളിയാകാൻ കഴിഞ്ഞതിൽ എസ്‌എഫ്‌ഒക്ക് അഭിമാനമുണ്ടെന്നും 'ആത്മനിർഭർ ഭാരത്', 'മേയ്ക്ക് ഇൻ ഇന്ത്യ' ദൗത്യങ്ങളുടെ ഭാഗമായി പ്രതിരോധ-വ്യോമയാന രംഗത്ത് അത്യാധുനിക ഉൽപ്പന്നങ്ങൾ തദ്ദേശീയമായി നിർമിക്കുന്നതിൽ മറ്റൊരു നാഴികക്കല്ലാണിതെന്നും നെസ്റ്റ് ഗ്രൂപ്പ് ചെയർമാൻ ഡോ. എൻ. ജഹാംഗീർ പറഞ്ഞു. ഭാവിയിൽ വെല്ലുവിളി നിറഞ്ഞ പദ്ധതികൾ ഏറ്റെടുക്കാൻ ഈ വിജയം പ്രചോദനമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വ്യോമയാന മേഖലയിലെ ഏറ്റവും ഉയർന്ന ഡിസൈൻ സെക്യൂരിറ്റി മാനദണ്ഡമായ 'DAL-A' (Design Assurance Level-A) ഉറപ്പുനൽകുന്നതാണ് ഈ പവർ ഡിസ്ട്രിബ്യൂഷൻ സിസ്റ്റം. വിമാനത്തിന്റെ രണ്ടു ടർബോ-പ്രോപ്പ് എൻജിനുകളിൽനിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതി, വിമാനത്തിലെ നിയന്ത്രണ സംവിധാനങ്ങളടക്കമുള്ള വിവിധ ഭാഗങ്ങളിലേക്ക് കൃത്യമായി വിതരണം ചെയ്യുന്നതിനും നിരീക്ഷിക്കുന്നതിനും ഈ സ്മാർട്ട് സിസ്റ്റം സഹായിക്കും.
ജനറേറ്ററുകൾ, ബാറ്ററികൾ തുടങ്ങിയ ഒന്നിലധികം ഉറവിടങ്ങളിൽനിന്ന് മുഴുവൻ വിമാനത്തിനും ആവശ്യമായ വൈദ്യുതി നൽകുന്ന സാരസ് എം.കെ 2-ന്റെ ഇലക്ട്രിക്കൽ സിസ്റ്റത്തിന്റെ ഹൃദയമാണ് പി.പി.ഡി.എസ്. 'വികസിത് ഭാരത്@2047' എന്ന ലക്ഷ്യത്തിലേക്ക് കുതിക്കുന്ന ആത്മനിർഭർ ഭാരതിന് പി.പി.ഡി.എസിന്റെ തദ്ദേശീയമായ വികസനം അത്യന്താപേക്ഷിതമാണ്. സാരസ് എം.കെ 2 പ്രോഗ്രാം എല്ലാ സിസ്റ്റങ്ങളുടെയും ക്രിട്ടിക്കൽ ഡിസൈൻ റിവ്യൂകൾ പൂർത്തിയാക്കി കഴിഞ്ഞു. ഇനി എയർക്രാഫ്റ്റ് ലെവൽ ക്രിട്ടിക്കൽ ഡിസൈൻ റിവ്യൂവിലേക്ക് കടക്കുകയാണ്, ഡോ. അഭയ് അനന്ത് പാഷിൽക്കർ പറഞ്ഞു.
പവർ ഡിസ്ട്രിബ്യൂഷൻ സിസ്റ്റത്തിന് ആവശ്യമായ സോഫ്റ്റ്‌വെയർ വികസിപ്പിച്ചെടുത്തത് നെസ്റ്റ് ഗ്രൂപ്പിന്റെ സോഫ്റ്റ്‌വെയർ വിഭാഗമായ 'നെസ്റ്റ് ഡിജിറ്റൽ' ആണ്. റീജിയണൽ കണക്റ്റിവിറ്റി പദ്ധതിയായ 'ഉഡാൻ' വഴി ചെറു നഗരങ്ങളെ ബന്ധിപ്പിക്കുന്നതിന് നിർമ്മിക്കുന്ന 19 സീറ്റുകളുള്ള സാരസ് വിമാനം ഇന്ത്യൻ വ്യോമസേനയുടെ ആവശ്യങ്ങൾക്കും ഉപയോഗിക്കും. ഡി.ആർ.ഡി.ഒ വികസിപ്പിക്കുന്ന ഇന്ത്യയുടെ അഞ്ചാം തലമുറ യുദ്ധവിമാനമായ 'അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റിനായും' പവർ മാനേജ്‌മെന്റ് സിസ്റ്റങ്ങൾ വികസിപ്പിച്ചു വരുന്നത് എസ്‌എഫ്‌ഒ ടെക്‌നോളജീസ് ആണ്.
Content Highlights: SFO Technologies delivered the Primary Power Distribution System (PPDS) for Saras MK 2., Developed in collaboration with CSIR-NAL under the Atmanirbhar Bharat initiative., Features high design security standard 'DAL-A' for safe power management., Saras MK 2 is a 19-seater indigenous passenger aircraft supporting the UDAN scheme.
Published: 16 Sept 2026, 04:46 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented