
പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പിടിവാശികൾക്ക് വഴങ്ങാത്ത ഇന്ത്യയെ മെരുക്കാൻ അമേരിക്ക വഴിവിട്ട സമ്മർദ്ദതന്ത്രങ്ങൾ ഉപയോഗിക്കുന്നുണ്ടോ എന്ന സംശയം ശക്തിപ്പെടുത്തുന്ന സംഭവ പരമ്പരകളാണ് അടുത്തിടെ അരങ്ങേുന്നത്. സിഐഎ ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന അമേരിക്കൻ പൗരൻ മാത്യു വാൻ ഡൈക്ക് അറസ്റ്റിലായത് മാർച്ച് മാസമാണ്. ഇപ്പോഴിതാ, സൈനിക പശ്ചാത്തലമുള്ള രണ്ടാമതൊരു അമേരിക്കൻ പൗരൻ ജോർഡൻ ബ്രൗൺ നേപ്പാൾ അതിർത്തിക്കടുത്തുവെച്ച് കസ്റ്റഡിയിലായിരിക്കുന്നു. കഴിഞ്ഞയാഴ്ച ലോറൻസ് ബിഷ്‌ണോയ് ക്രിമിനൽ സംഘത്തിനെതിരെ യു.എസ് പുറപ്പെടുവിച്ച വിപുലമായ കുറ്റപത്രവും തുർക്കിക്ക് എഫ് 35 യുദ്ധവിമാനങ്ങൾ വിൽക്കാനുള്ള അമേരിക്കയുടെ നീക്കവും പോലെ വേറെയുമുണ്ട് കാര്യങ്ങൾ. ഒറ്റനോട്ടത്തിൽ പരസ്പര ബന്ധമില്ലാത്തവയാണെങ്കിലും അവയ്‌ക്കെല്ലാം ഒരു പൊതുസ്വഭാവം കാണാം.
വ്യാപാരക്കരാർ ചർച്ചകളിൽ ഇന്ത്യയെ സമ്മർദ്ദത്തിലാക്കാനുള്ള തന്ത്രമാണ് അമേരിക്ക പയറ്റുന്നതെന്ന് കരുതുന്നവരുണ്ട്. രാജ്യത്തെ കാർഷിക, ക്ഷീര മേഖലകൾ അമേരിക്കൻ ഉൽപ്പന്നങ്ങൾക്കായി തുറന്നുകൊടുക്കാനും റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് കുറയ്ക്കാനും ആവർത്തിച്ച് സമ്മർദ്ദം ചെലുത്തിയിട്ടും ഇന്ത്യ വഴങ്ങിയിട്ടില്ല. രാജ്യതാൽപ്പര്യം മുൻനിർത്തിയുള്ള ലക്ഷ്മണരേഖകളിൽ വിട്ടുവീഴ്ചയില്ലെന്ന് ചർച്ചയ്ക്ക് നേതൃത്വം കൊടുക്കുന്ന വാണിജ്യമന്ത്രി പീയൂഷ് ഗോയൽ പലകുറി വ്യക്തമാക്കിയിട്ടുണ്ട്. മറ്റൊന്ന് വിദേശസംഭാവന നിയന്ത്രണ നിയമത്തിൽ (എഫ്‌സിആർഎ) ഇന്ത്യ കൊണ്ടുവരുന്ന ഭേദഗതിക്കെതിരായ നിലപാടാണ്. അമേരിക്കയിലെ ഭരണ, പ്രതിപക്ഷങ്ങൾ (റിപ്പബ്ലിക്കൻ, ഡെമോക്രാറ്റ്) ഇക്കാര്യത്തിൽ ഒറ്റക്കെട്ടാണ്. പക്ഷേ, ഇന്ത്യ വഴങ്ങിയില്ലെന്നു മാത്രമല്ല, ചട്ടങ്ങൾ കൂടുതൽ കർക്കശമാക്കുകയും ചെയ്തു.
അതേസമയം, ഈ സംഭവങ്ങൾക്ക് ട്രംപ് ഭരണകൂടവുമായി ബന്ധമില്ലെന്ന് വാദിക്കുന്നവരുമുണ്ട്. അമേരിക്കയിലെ നിഗൂഢരാഷ്ട്രത്തിന്റെ(ഡീപ് സ്റ്റേറ്റ്) ആസൂത്രണത്തിനും മുൻഗണനകൾക്കും അതതു സമയത്തെ രാഷ്ട്രീയ സാഹചര്യങ്ങളുമായി ബന്ധമുണ്ടാവാനിടയില്ലെന്നും അതിന്റെ ദീർഘകാല പദ്ധതികളുടെ ഭാഗമാകാം ഇപ്പോൾ നടക്കുന്നതെന്നും അവർ പറയുന്നു.
'സിഐഎക്കാരും' ഡീപ് സ്റ്റേറ്റ് കളികളും
നാൽപ്പത്തിയാറുകാരനായ മാത്യു വാൻ ഡൈക്ക് 2011-ൽ ലിബിയൻ ഭരണാധികാരി മുഅമ്മർ ഗദ്ദാഫിക്കെതിരായ ആഭ്യന്തരയുദ്ധത്തിൽ പങ്കെടുത്തതിന് തടവിലാക്കപ്പെട്ടയാളാണ്. ആറുമാസത്തെ ജയിൽവാസത്തിനു ശേഷം അവിടെനിന്ന് രക്ഷപ്പെട്ട അയാൾ സ്വന്തം അനുഭവം ചിത്രീകരിച്ച 'പോയിന്റ് ആൻഡ് ഷൂട്ട്' എന്ന ഡോക്യുമെന്ററിയിലൂടെ പ്രശസ്തനാണ്. 2014-ൽ ഐസിസ് ഭീകരർ കൊലപ്പെടുത്തിയ സുഹൃത്തുക്കളുടെ ഓർമ്മയ്ക്കായി അദ്ദേഹം സൺസ് ഓഫ് ലിബർട്ടി ഇന്റർനാഷണൽ (സോളി) എന്ന സംഘടന രൂപീകരിച്ചു. സിറിയ, ഇറാഖ്, യുക്രൈൻ, മ്യാൻമർ തുടങ്ങിയ സംഘർഷമേഖലകളിൽ സജീവമായിരുന്ന അയാൾ പ്രതിസന്ധിയിൽ പെട്ടപ്പോഴൊക്കെ സഹായിക്കാൻ സിഐഎയുടെ അദൃശ്യ കരങ്ങളുണ്ടായിരുന്നത്രെ. അദ്ദേഹത്തിന്റെ വൈദഗ്ധ്യം സ്വാതന്ത്ര്യപ്പോരാളികളെ (സിഐഎയ്ക്ക് താൽപ്പര്യമുള്ള കലാപകാരികൾ എന്നർത്ഥം) പരിശീലിപ്പിക്കുക, അവർക്ക് ആയുധങ്ങൾ ലഭ്യമാക്കുക എന്നിവയിലാണ് എന്ന് വ്യക്തം. പക്ഷേ, യുഎസ് രഹസ്യാന്വേഷണ ഏജൻസികളുമായി ബന്ധവുമില്ലെന്നാണ് അയാളുടെ അവകാശവാദം.
ടൂറിസ്റ്റ് വിസയിൽ ഇന്ത്യയിലെത്തിയ വാൻ ഡൈക്കിനെയും ആറ് യുക്രൈൻ പൗരന്മാരെയും മാർച്ച് 13-ന് ഇന്ത്യൻ ഏജൻസികൾ പിടികൂടി. മിസോറാമിലെ അതിർത്തി കടന്ന് നിയമവിരുദ്ധമായി മ്യാൻമറിൽ പ്രവേശിച്ച് അവിടെയുള്ള വിമത ഗ്രൂപ്പുകൾക്ക് ഡ്രോണുകളും ആശയവിനിമയം തടസ്സപ്പെടുത്തുന്നതിനുള്ള സാങ്കേതികവിദ്യയും സൈനികപരിശീലനവും നൽകി എന്നാരോപിച്ചാണ് ദേശീയ അന്വേഷണ ഏജൻസി അവരെ യുഎപിഎ പ്രകാരം അറസ്റ്റ് ചെയ്തത്. റഷ്യൻ ഇന്റലിജൻസാണ് വാൻഡൈക്കിന്റെ അറസ്റ്റിനു സഹായകമായ വിവരങ്ങൾ ഇന്ത്യയ്ക്ക് കൈമാറിയതെന്ന് വാർത്തയുണ്ട്.
ഒടുവിൽ പുറത്തുവന്ന റിപ്പോർട്ടുകൾ പറയുന്നത് ചോദ്യം ചെയ്യലിൽ അറിയാവുന്നതും അല്ലാത്തതുമായ എല്ലാ കാര്യങ്ങളും അയാൾ വെളിപ്പെടുത്തുകയാണെന്നാണ്. (അവയുടെ അടിസ്ഥാനത്തിൽ നിരവധി അറസ്റ്റുകളും നടന്നതായി കരുതപ്പെടുന്നു.) കോടതിയിൽ വീൽചെയറിൽ ഹാജരാക്കിയ അയാളുടെ ദയനീയത കണ്ടാൽ ഏതു സാഹചര്യത്തിലും ജീവിക്കാനുള്ള പരിശീലനം സിദ്ധിച്ച, ഗദ്ദാഫിയുടെ തടവറകളെ അതിജീവിച്ച കരുത്തൻ പോരാളി എന്ന പ്രതിച്ഛായയുള്ള വ്യക്തിയാണോ അതെന്ന് സംശയിച്ചുപോവും. അയാൾക്ക് ജയിലിലെ എരിവും എണ്ണമയവുമുള്ള ഭക്ഷണം പറ്റുന്നില്ലത്രെ.
കഴിഞ്ഞ മേയ് ആറാംതീയതി മുതൽ വാൻ ഡൈക്ക് ജയിലിലെ സാധാരണ ഭക്ഷണം ബഹിഷ്‌കരിച്ച് സമരത്തിലാണ്. സോയ മിൽക്കും മറ്റു ദ്രാവകങ്ങളും മാത്രമാണ് ആഹാരം. ഇതിനകം ഏകദേശം 14 കിലോ ഗ്രാം ഭാരം കുറഞ്ഞു, പോഷകാഹാരക്കുറവ് മൂലം കാഴ്ചശക്തി കുറയുകയും, പ്രതിരോധശേഷിയും ശാരീരികബലവും ക്ഷയിച്ചു- അയാളുടെ അഭിഭാഷകർ പറയുന്നു. വാൻ ഡൈക്കിന്റെ ഭക്ഷണപരാതിയുടെ ശരിയായ കാരണം ജയിൽ ഭക്ഷണവുമായി പൊരുത്തപ്പെടാൻ കഴിയാത്തതാണോ അതോ മാനസികമായി തകർന്നതുകൊണ്ടാണോ എന്നത് വ്യക്തമല്ല. എൻഐഎ ഇതൊരു വലിയ പ്രശ്‌നമായി കാണുന്നില്ല എന്നത് അവരുടെ മൗനത്തിൽനിന്നു വ്യക്തമാണ്. ഭീകരവിരുദ്ധ നിയമപ്രകാരം ഒരു അമേരിക്കൻ പൗരൻ ഇന്ത്യൻ ജയിലിൽ കഴിയുന്നത് വാഷിംഗ്ടണിന് സഹിക്കാവുന്ന കാര്യമല്ല.
യുഎസ് നേവിയിലെ അംഗമായിരുന്നെന്ന് അവകാശപ്പെടുന്ന ജോർഡൻ ബ്രൗൺ (36) കലിഫോർണിയക്കാരനാണ്. ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ വച്ച് അതിർത്തി രക്ഷാസേനയുടെ പിടിയിലാകുമ്പോൾ കൈയിൽ പാസ്‌പോർട്ടോ വിസയോ മറ്റ് രേഖകളോ ഉണ്ടായിരുന്നില്ല. ചോദ്യംചെയ്യലിൽ പരസ്പരവിരുദ്ധമായ മറുപടികളാണ് അയാൾ നൽകിയത്. തായ്‌ലൻഡിൽവെച്ച് പാസ്‌പോർട്ട് നഷ്ടപ്പെട്ടതിനെ തുടർന്ന് കടൽ മാർഗ്ഗം ശ്രീലങ്കയിലും അവിടെനിന്ന് ഇന്ത്യയിലുമെത്തി, എട്ടുമാസത്തോളം ഗോവയിൽ താമസിച്ച ശേഷമാണ് പിടിയിലായതെന്ന് ഒരു മൊഴി. ഏകദേശം രണ്ട് മാസം മുമ്പ് അമേരിക്കയിൽനിന്ന് നേരിട്ട് ഗോവയിൽ എത്തിയതാണെന്ന് മറ്റൊരു മൊഴി. തന്റെ പാസ്‌പോർട്ട് ബെംഗളൂരുവിലുള്ള ഒരു സുഹൃത്തിന്റെ കൈവശമാണെന്നും ബ്രൗൺ പറയുന്നു. അയാളുടെ സൈനിക പശ്ചാത്തലവും അതിർത്തിയിലെ സുരക്ഷാപ്രാധാന്യവും കണക്കിലെടുത്ത് കേന്ദ്ര ഏജൻസികൾ അന്വേഷണം ഏറ്റെടുത്തിട്ടുണ്ട്.
ഇതിനൊപ്പം ചേർക്കാവുന്നതാണ് 2025 ആഗസ്ത് 31-ന് ധാക്കയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ യുഎസ് സൈന്യത്തിലെ സ്‌പെഷൽ ഫോഴ്‌സസ് ഓഫീസർ ടെറൻസ് ആർവിൽ ജാക്‌സനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം. ബംഗ്ലാദേശ് അധികൃതരെ പോസ്റ്റുമോർട്ടത്തിനൊന്നും അനുവദിക്കാത്ത അമേരിക്കൻ എംബസി ഉദ്യോഗസ്ഥർ പ്രത്യേകവിമാനത്തിൽ മൃതദേഹം നാട്ടിലേക്കയക്കുകയായിരുന്നു. സെന്റ് മാർട്ടിൻസ് ദ്വീപുമായി ബന്ധപ്പെട്ട ഏതോ പരിശീലന പരിപാടിക്കാണ് ജാക്‌സൻ ബംഗ്ലാദേശിൽ എത്തിയതെന്ന് കരുതുന്നു. ചൈനയിൽ നടന്ന എസ്‌സിഒ സമ്മേളനത്തിൽ മോദിക്കെതിരെ നടന്നതായി അഭ്യൂഹമുള്ള (റഷ്യൻ സഹായത്തോടെ അത് പൊളിച്ചത്രെ) വധശ്രമവുമായി ജാക്‌സന്റെ മരണത്തെ ബന്ധിപ്പിച്ച് ചില വാർത്തകൾ (ആരും ഇതുവരെ സ്ഥിരീകരിക്കാത്തവ) വന്നിരുന്നു.
ഓപ്പറേഷൻ ഹാർഡ്‌ബോൾ
ഇന്ത്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര ക്രിമിനൽ സംഘങ്ങളെയും (പ്രത്യേകിച്ച് ലോറൻസ് ബിഷ്‌ണോയ് ശൃംഖല) അവരുടെ ആഗോള മയക്കുമരുന്ന്, കൊലപാതക റാക്കറ്റുകളെയും തകർക്കാൻ അമേരിക്കയിലെ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ), കാനഡയിലെ ആർസിഎംപി (റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ്), യൂറോപ്യൻ ഏജൻസികൾ എന്നിവർ സംയുക്തമായി നടത്തിയ ദൗത്യമാണ് ഓപ്പറേഷൻ ഹാർഡ്‌ബോൾ. യുഎസ്, കനഡ, യൂറോപ്പ് എന്നിവിടങ്ങളിലായി നടത്തിയ വ്യാപക റെയ്ഡുകളിൽ 24 പേർ അറസ്റ്റിലായി, ബിഷ്‌ണോയ് സംഘാംഗങ്ങൾ ഉൾപ്പെടെ 37 പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. ഗുജറാത്തിലെ ജയിലിൽ കഴിയുന്ന ലോറൻസ് ബിഷ്‌ണോയിയും കാനഡയിലുണ്ടെന്ന് കരുതപ്പെടുന്ന കൂട്ടാളി ഗോൾഡി ബ്രാറുമാണ് നിജ്ജർ വധത്തിന് ഉത്തരവിട്ടതെന്ന് യുഎസ് കുറ്റപത്രം ആരോപിക്കുന്നു.
ഇന്ത്യയെ പ്രതിരോധത്തിലാക്കുന്ന നയതന്ത്രവശങ്ങൾ ഓപ്പറേഷനുണ്ട്. പ്രത്യേകിച്ചും ബിഷ്‌ണോയ് സംഘം സർക്കാരിനു വേണ്ടി ഇന്ത്യാവിരുദ്ധരെ വധിക്കുന്നതായി ചില കേന്ദ്രങ്ങളിൽനിന്ന് ആരോപണമുള്ളതിനാൽ. പക്ഷേ, ഈ ഓപ്പറേഷനിലും ഇന്ത്യൻ, അമേരിക്കൻ ഏജൻസികൾ തമ്മിൽ നല്ല സഹകരണമുണ്ടായിരുന്നു. ഇന്ത്യയിലെ കേന്ദ്ര ഏജൻസികൾ ലോറൻസ് ബിഷ്‌ണോയ്, ഗോൾഡി ബ്രാർ, രോഹിത് ഗൊദാര എന്നിവരുടെ വിദേശത്തുള്ള കൂട്ടാളികളെക്കുറിച്ചും അവരുടെ ഒളിത്താവളങ്ങളെക്കുറിച്ചുമുള്ള നിർണായകവിവരങ്ങൾ എഫ്ബിഐയ്ക്ക് നൽകിയിരുന്നു. യുഎസിൽ ബിഷ്‌ണോയ് സംഘം നടത്തിയ കുറ്റകൃത്യങ്ങളുടെ അടിസ്ഥാനത്തിലാണ് കേസ് എങ്കിലും, കനഡയുടെ മുൻവാദങ്ങളെ പിന്തുണയ്ക്കുന്ന രീതിയിലുള്ള ഇതിന്റെ ടൈമിംഗ് ഇന്ത്യക്ക് നയതന്ത്രപരമായി വെല്ലുവിളിയാണ്.
ന്യൂയോർക്കിൽവെച്ച് ഖലിസ്താൻ വിഘടനവാദി ഗുർപട്‌വന്ത് സിങ് പന്നൂനെ വധിക്കാൻ ശ്രമിച്ച കേസിൽ വികാസ് യാദവ് എന്ന മുൻ റോ ഉദ്യോഗസ്ഥനെ യുഎസ് പ്രതി ചേർത്തിരുന്നു. കേസുമായി ബന്ധപ്പെട്ട് ഇന്ത്യൻ പൗരനായ നിഖിൽ ഗുപ്ത ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗ് വിമാനത്താവളത്തിൽവെച്ച് 2023- ജൂണിൽ അറസ്റ്റിലായി. അടുത്തവർഷം അമേരിക്കയിലേക്കു കൊണ്ടുവന്ന ഗുപ്ത ഈ ഫെബ്രുവരിയിൽ തനിക്കെതിരെയുള്ള കൊലപാതക, ഗൂഢാലോചന കുറ്റങ്ങൾ അപ്രതീക്ഷിതമായി സമ്മതിക്കുകയായിരുന്നു.
യാദവിന്റെ നിർദ്ദേശ പ്രകാരമാണ് പന്നൂനെ കൊല്ലാൻ വാടകക്കൊലയാളിക്ക് പണം കൈമാറിയതെന്ന് ഗുപ്ത പറഞ്ഞു. (മറ്റൊരു കേസിൽ ജയിലിലായിരുന്ന വികാസ് യാദവ് ഈയിടെ ജാമ്യത്തിൽ പുറത്തിറങ്ങി.) യാദവ് ആ കേസിൽ സ്വന്തം നിലയ്ക്ക് പ്രവർത്തിക്കുകയായിരുന്നു (റോഗ് ഏജന്റ്) എന്ന സൂചനയാണ് ഇന്ത്യൻ ഏജൻസികൾ നൽകുന്നത്.
ജസ്റ്റിൻ ട്രൂഡോ പ്രധാനമന്ത്രിയായിരിക്കുമ്പോൾ കനഡ പോലീസ് നിജ്ജർ വധത്തിൽ ഇന്ത്യൻ ഭരണകൂടത്തിന് പങ്കുണ്ടെന്ന് ആരോപിച്ചിരുന്നുവെങ്കിലും പിന്നീട് അതു തിരുത്തി. ഇന്ത്യൻ ഗവൺമെന്റിനോ ഉദ്യോഗസ്ഥരോ നിജ്ജാർ കൊലപാതകത്തിൽ ഉൾപ്പെട്ടിട്ടില്ല എന്നാണ് ആർസിഎംപിയുടെ നിലപാട്. എങ്കിലും നിജ്ജർ വധത്തിൽ അമേരിക്ക ബിഷ്‌ണോയ് സംഘത്തെ ഉൾപ്പെടുത്തിയത് 'ഇന്ത്യൻ ക്രിമിനൽ സംഘങ്ങൾ വിദേശത്ത് വിഘടനവാദികളെ ലക്ഷ്യമിടുന്നു' എന്ന ആഖ്യാനത്തിന് ശക്തി കൂട്ടും. പാക് മണ്ണിൽ ദിനംപ്രതിയെന്നോണം ഇന്ത്യാവിരുദ്ധ ഭീകരർ അജ്ഞാതരുടെ തോക്കിന് ഇരയാവുന്ന കാലത്ത് ഇത്തരം ആഖ്യാനങ്ങൾ പെട്ടെന്ന് വിശ്വസിക്കപ്പെട്ടേക്കും.
അമേരിക്കയുടെ സമ്മർദ്ദതന്ത്രങ്ങൾക്ക് ഏറ്റവും വലിയ ഉദാഹരണമാണ് ഗൗതം അദാനിക്കെതിരെയുള്ള അഴിമതിക്കേസ് പിൻവലിച്ചത്. 2024-ൽ ഇന്ത്യയിൽ സൗരോർജ്ജ കരാറുകൾ സ്വന്തമാക്കുന്നതിനായി ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് ഏതാണ്ട് 25 കോടി ഡോളർ കൈക്കൂലി നൽകാൻ അദാനിയും കൂട്ടരും ശ്രമിച്ചെന്നതായിരുന്നു യുഎസ് നീതിന്യായ വകുപ്പ് (ഡിഒജെ) കൊണ്ടുവന്ന കേസ്. പക്ഷേ, 2026 മേയിൽ അദാനിക്കും അനന്തരവൻ സാഗറിനുമെതിരെയുള്ള എല്ലാ ക്രിമിനൽ കുറ്റങ്ങളും പിൻവലിക്കാൻ ഡിഒജെ കോടതിയെ സമീപിച്ചു. തുടക്കം മുതലേ നിയമപരമായി നിലനിൽക്കാത്ത, രാഷ്ട്രീയപ്രേരിതമായ കേസായിരുന്നു അതെന്നും അമേരിക്കൻ നിക്ഷേപകർക്ക് ഒരു പൈസ പോലും നഷ്ടപ്പെട്ടിട്ടില്ലെന്നും വകുപ്പ് കോടതിയെ അറിയിച്ചു.
അദാനിക്കെതിരായ കേസ് മുതൽ ബിഷ്‌ണോയിക്കെതിരായ കുറ്റപത്രം വരെയുള്ള സംഭവങ്ങളുടെ പിന്നിൽ അമേരിക്കയുടെ ആസൂത്രണമുണ്ടെന്ന് തെളിയിക്കുക ഏറെക്കുറെ അസാധ്യമാണെങ്കിലും തിരഞ്ഞെടുത്ത സമ്മർദ്ദ തന്ത്രങ്ങൾ ഉപയോഗിച്ചിരിക്കാനുള്ള സാധ്യത പൂർണമായും തള്ളിക്കളയാനാവില്ല. (സ്ഥിരീകരിക്കാൻ 25 വർഷം കഴിഞ്ഞ് ഫയലുകൾ ഡീക്ലാസിഫൈ ചെയ്യുംവരെ കാത്തിരിക്കേണ്ടി വരും!).
വൻശക്തികൾ തങ്ങളുടെ താൽപ്പര്യങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ ലഭ്യമായ എല്ലാ ഉപായങ്ങളും- നിയമപാലനം, നയതന്ത്രം, സാമ്പത്തിക ഉപരോധങ്ങൾ, ആയുധ വിൽപ്പന തുടങ്ങിയവ- ഉപയോഗിക്കാറുണ്ട്. അമേരിക്ക അതിനപ്പുറം പോകാനും മടിക്കില്ലെന്ന് വിഖ്യാതവുമാണ്. ശീതയുദ്ധാനന്തര ബഹുധ്രുവ ലോക്രമത്തിൽ ഇന്ത്യ പോലുള്ള രാജ്യങ്ങൾ പരമാധികാരത്തിലും ആഭ്യന്തരസുരക്ഷയിലും വിട്ടുവീഴ്ച ചെയ്യാത്ത ദൃഢമായ നിലപാടാണ് സ്വീകരിക്കുന്നത്. ട്രംപ് 'അമേരിക്ക ഫസ്റ്റ്' പറയുമ്പോലെ അവരും പറയുകയാണ്, 'പ്രഥമം നമ്മുടെ രാജ്യം' എന്ന്.
Content Highlights: Analysis of recent arrests of US citizens in India linked to intelligence activities., Strategic evaluation of the 2026 withdrawal of criminal charges against Gautam Adani by the US DOJ., Impact of 'Operation Hardball' on India-US diplomatic relations and criminal investigations., India's firm stance on national sovereignty despite external pressure from the US., Examination of the 'Deep State' influence on international policy decisions.
Published: 14 Jul 2026, 07:11 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented