യുദ്ധം അടുത്തിടെയൊന്നും അവസാനിക്കുക എളുപ്പമല്ല. ഇതിനിടയിൽ കുടുങ്ങിപ്പോയത് ഇറാനിലെ ജനങ്ങളാണ്. സാധാരണ മനുഷ്യരെപ്പോലെ ജീവിക്കാനുള്ള എല്ലാ അവകാശങ്ങളും സാഹചര്യവും അവർക്ക് നഷ്ടമായിട്ട് വർഷങ്ങളായിരിക്കുന്നു!

'രക്തസാക്ഷിയായ നേതാവിന്റെ പരിശുദ്ധരക്തത്തിന് പകരം വീട്ടുമെന്ന് ഞങ്ങൾ ശപഥം ചെയ്യുന്നു.. നമ്മുടെ രാജ്യം ഈ പ്രതികാരം ആവശ്യപ്പെടുന്നു, അത് ഉറപ്പായും നടപ്പാക്കിയിരിക്കും.'
ആയത്തുള്ള മുജ്താബ ഖമനെയി,- ഇറാന്റെ പരമോന്നത നേതാവ്.
'ചർച്ചകൾ തുടരണമെന്ന് ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ ഞങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ഞങ്ങൾ അത് സമ്മതിച്ചു. എന്നാൽ അമേരിക്ക അവരെ ഒരുകാര്യം അസന്ദിഗ്ദ്ധമായി അറിയിച്ചിട്ടുണ്ട്, വെടിനിർത്തൽ അവസാനിച്ചു!' -ഡൊണാൾഡ് ജെ. ട്രംപ്, യു.എസ് പ്രസിഡന്റ്
അമേരിക്കയുടെയും ഇസ്രയേലിന്റെയും സംയുക്ത ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവായിരുന്ന അയത്തൊള്ള അലി ഖമനെയി വധിക്കപ്പെട്ടത് 2026 ഫെബ്രുവരി 28-നാണ്. പശ്ചിമേഷ്യയെ മാത്രമല്ല, ആഗോള സമ്പദ്‌വ്യവസ്ഥയെ തന്നെ പിടിച്ചുലച്ച നിരവധി സംഭവങ്ങൾക്ക് തുടക്കമിട്ട ആ ആക്രമണം നടന്ന് നാലരമാസം കഴിഞ്ഞിട്ടും സമാധാനം വിദൂരമായി തുടരുന്നു. കഴിഞ്ഞ ജൂണിൽ അമേരിക്കയും ഇറാനും സമ്മിലുണ്ടാക്കിയ രണ്ടുമാസത്തെ താൽക്കാലിക വെടിനിർത്തൽ വലിച്ചെറിഞ്ഞ് ഇരുപക്ഷവും വീണ്ടും യുദ്ധമുഖത്ത്് എത്തിയിരിക്കുന്നു.
'വെടിനിർത്തൽ അവസാനിച്ചു' എന്ന് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെ അമേരിക്കൻ സൈന്യം ഇറാനിലെ നൂറ്റമ്പതിലധികം ലക്ഷ്യങ്ങളിൽ ആക്രമണം നടത്തി. പ്രത്യാക്രമണമായി ഗൾഫിലെ യുഎസ് സഖ്യകക്ഷികൾക്ക് നേരെ ടെഹ്‌റാനും മിസൈലുകൾ തൊടുത്തു. ലോകത്ത് വിപണനം ചെയ്യുന്ന എണ്ണയുടെ അഞ്ചിലൊന്നും കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് ഇപ്പോൾ പൂർണ്ണമായും സ്തംഭിച്ച അവസ്ഥയിലാണ്. ഇത് താൽക്കാലികമായ തകർച്ചയാണോ, വീണ്ടും ഇരുകൂട്ടരും ചർച്ചാമേശയിലേക്ക് തിരിച്ചെത്തുമോ, അതോ ആർക്കും തടയാനാകാത്ത വൻ ദുരന്തത്തിന്റെ തുടക്കമാണോ? ഉത്കണ്ഠയോടെ ഉറ്റുനോക്കുകയാണ് ലോകം.
ഖമനെയിയുടെ വിലാപയാത്രയും മകന്റെ പ്രതികാര പ്രതിജ്ഞയും
എന്തായിരുന്നു ഏറ്റവും പുതിയ പ്രകോപനം? പാകിസ്താൻ മാധ്യസ്ഥം വഹിച്ച കരാറിനു വിരുദ്ധമായി ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളിൽ ആക്രമണം നടത്തുന്നത് ഇസ്രയേൽ തുടർന്നതായിരുന്നു ആദ്യത്തെ ആഴ്ചകളിൽ വെടിനിർത്തലിനെ ബുദ്ധിമുട്ടിച്ചത്. അമേരിക്ക ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ വിളിച്ച് ശകാരിച്ചിട്ടും അതിന് മാറ്റമുണ്ടായില്ല. ദിവസങ്ങൾ നീണ്ട വിലാപയാത്രകൾക്ക് ശേഷം ആയത്തൊള്ള അലി ഖമനെയിയുടെ ഭൗതികശരീരം ജൂലായ് ഒമ്പതിന് മഷാദിലെ ഇമാം റെസ മസ്ജിദിൽ അടക്കം ചെയ്തതാകാം അടക്കി വച്ചിരുന്ന പ്രതികാരവാഞ്ച ഇറാനിൽ പെട്ടെന്ന് ശക്തിപ്പെടാൻ കാരണമായത്. ചടങ്ങിൽ പങ്കെടുത്തവർ 'ട്രംപിനെ വധിക്കുക (കിൽ ട്രംപ്)' എന്ന് ഇംഗ്ലീഷിലെഴുതിയ പ്ലക്കാർഡുകൾ ഉയർത്തിയിരുന്നു. ആ സന്ദേശം ആരു വായിക്കാൻ വേണ്ടിയാണെന്നത് വ്യക്തമാണല്ലോ.
അദ്ദേഹത്തിന്റെ മകനും പുതിയ പരമോന്നത നേതാവുമായ മുജ്തബ ഖമനെയി ചടങ്ങുകളിൽ പങ്കെടുത്തതായി കണ്ടില്ല. ഇസ്രായൽ വധിക്കാൻ സാധ്യതയുണ്ടെന്ന ആശങ്ക കാരണം പുറത്ത് പ്രത്യക്ഷപ്പെടാത്തതാണെന്നു വാദമുണ്ട്. ബോംബാക്രമണത്തിൽ ഗുരുതരമായ പരിക്കുകളേറ്റ മുജ്തബ ഇപ്പോഴും പുറത്തിറങ്ങാൻ പറ്റിയ അവസ്ഥയിലല്ലെന്നും അഭ്യൂഹമുണ്ട്. ഇതിനൊക്കെ അവസാനം അടുത്ത ആഴ്ച ടെഹ്‌റാനിൽ നടക്കുന്ന ആയത്തൊള്ള അലി ഖമനെയിയുടെ അനുസ്മരണ ചടങ്ങിൽ ഉണ്ടായേക്കും. മുജ്തബ ഖമനെയിയുടെ നേതൃത്വത്തിൽ ആയിരിക്കും ചടങ്ങ് സംഘടിപ്പിക്കുകയെന്ന് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഒന്നാലോചിച്ചാൽ, മുജ്തബ ഖമനെയിയുടെ പ്രതികാര പ്രഖ്യാപനത്തിൽ ഒട്ടും ആശ്ചര്യപ്പെടാനില്ല. വ്യക്തിപരമായി അത്രയ്ക്ക് കനത്ത നഷ്ടമാണ് ഫെബ്രുവരി 28-ലെ ആക്രമണത്തിൽ അദ്ദേഹത്തിനുണ്ടായത്. പിതാവിനു പുറമേ പത്‌നി സഹ്രാ ഹദ്ദാദ് ഏഡൽ, ഒരുമകൻ, സഹോദരീഭർത്താവ് മിസ്ബാ അൽഹുദാ ബഗേരി കനി, ഒരു സഹോദരിയും കുഞ്ഞും (ഇക്കാര്യം പിന്നീട് മുജ്തബ ഖമനെയി വെളിപ്പെടുത്തിയതാണ്) എന്നിവരടക്കം നിരവധി ബന്ധുക്കൾ അന്ന് കൊല്ലപ്പെട്ടു. മിസൈൽ പതിക്കുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് പുറത്തേക്കിറങ്ങിയതിനാൽ കഷ്ടിച്ചു രക്ഷപ്പെടുകയായിരുന്നു പുതിയ പരമോന്നത നേതാവ്.
സൈന്യത്തിനു മുകളിൽ സ്ഥാനമുള്ള ഐആർജിസിയുടെ പ്രധാന ചുമതല മതഭരണകൂടത്തെ സംരക്ഷിക്കുകയാണ്. മുജ്തബയും ഐആർജിസിയുമുള്ളപ്പോൾ അമേരിക്കയും ഇസ്രയേലുമായി അർത്ഥവത്തായ സമാധാനം സാധ്യമാവില്ലെന്ന് വ്യക്തമാണ്.
ജൂലൈ പതിനൊന്നിന് ടെഹ്‌റാൻ നഗരസഭയുടെ ഉടമസ്ഥതയിലുള്ള 'ഹംഷഹരി' എന്ന തീവ്ര യാഥാസ്ഥിതിക പത്രം ഒരു ഇൻഫോഗ്രാഫിക്‌സ് പ്രസിദ്ധീകരിച്ചു- ഖമനെയിയുടെ കൊലപാതകത്തിന് പ്രതികാരമായി വധിക്കേണ്ട പതിമൂന്ന് വിദേശ നേതാക്കളുടെ പട്ടിക. ഇത് പ്രശ്‌നങ്ങളെ കൂടുതൽ വഷളാക്കി. ട്രംപ്, നെതന്യാഹു, യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ, യുഎസ് വിദേശസെക്രട്ടറി മാർക്കോ റൂബിയോ, പ്രതിരോധസെക്രട്ടറി പീറ്റ് ഹെഗ്‌സെത്, സെന്റ്‌കോം കമാൻഡർ ബ്രാഡ് കൂപ്പർ, ഇസ്രയേലിലെ യു.എസ് അംബാസഡർ മൈക്ക് ഹക്കബി, ഇസ്രായേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്‌സ്, വിദേശമന്ത്രി ഗിദിയോൻ സാർ, ഐഡിഎഫ് മേധാവി സമീർ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി, ജർമ്മൻ ചാൻസലർ മെർസ് എന്നിവരായിരുന്നു പട്ടികയിൽ. യുദ്ധത്തിൽ നേരിട്ട് പങ്കില്ലാത്ത നാല് യൂറോപ്യൻ നേതാക്കളെക്കൂടി ഉൾപ്പെടുത്തിയത് പാശ്ചാത്യ ലോകത്തോട് ഇറാനുള്ള ശത്രുതയുടെ ആഴം കാണിക്കുന്നതാണ്.
ട്രംപിന്റെ 'വധഭീഷണി'യും ഇറാനിലെ അധികാര വടംവലിയും
ട്രംപിനെ വധിക്കാൻ ഇറാൻ പുതിയ പദ്ധതികൾ തയ്യാറാക്കുന്നതായി ഇസ്രയേൽ നൽകിയ രഹസ്യവിവരം അമേരിക്കൻ ഉദ്യോഗസ്ഥർ പുറത്തുവിട്ടത് വിലാപയാത്രകൾ നടക്കുന്നതിനിടെയാണ്. തുർക്കിയുടെ തലസ്ഥാനമായ അങ്കാറയിലെ നേറ്റോ ഉച്ചകോടി കഴിഞ്ഞ് ട്രംപ് മടങ്ങുന്നതിനിടെയാണ് മൊസ്സാദിന്റെ മുന്നറിയിപ്പ് ലഭിച്ചത്. തുടർന്ന് യുഎസ് രഹസ്യാന്വേഷണ ഏജൻസികൾ ട്രംപിനോട് ഖത്തർ സംഭാവന ചെയ്ത പുതിയ ബോയിംഗ് 747 വിമാനത്തിന് പകരം പഴയ എയർഫോഴ്‌സ് വൺ വിമാനത്തിൽ യാത്ര ചെയ്യണമെന്ന് നിർദ്ദേശിച്ചു. ഇസ്രയേലിന്റെ ഈ മുന്നറിയിപ്പ് കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണോ, അതോ ഇറാനെതിരെ കൂടുതൽ ആക്രമണം നടത്താൻ ട്രംപിനെ പ്രേരിപ്പിക്കാനുള്ള തന്ത്രമാണോ എന്ന് അമേരിക്കൻ ഉദ്യോഗസ്ഥർക്കു തന്നെ സംശയമുള്ളതായി റിപ്പോർട്ടുകളുണ്ട്.
ഇസ്രയേലിന്റെ രഹസ്യവിവരത്തിൽ പുതിയതൊന്നുമില്ലെന്ന് ട്രംപ് തന്നെ പറയുന്നു. എങ്കിലും വധഭീഷണിയുടെ സൂചന അദ്ദേഹത്തെ പ്രകോപിപ്പിച്ചു എന്ന് വ്യക്തം. അതിന്റെ പിന്നാലെ 'ഉടൻ തൊടുക്കാൻ ആയിരം മിസൈലുകൾ തയ്യാറാണ്' എന്നും തനിക്കുനേർക്ക് വധശ്രമമുണ്ടായാൽ ഒരു വർഷത്തോളം ഇറാന്റെ എല്ലാ ഭാഗങ്ങളും തകർത്തു തരിപ്പണമാക്കാൻ സൈന്യത്തിന് ഉത്തരവു നൽകിയിട്ടുണ്ടെന്നും ട്രംപ് പോസ്റ്റ് ചെയ്തു.
ഖമനെയിയുടെ പ്രതികാരപ്രഖ്യാപനത്തിനും വധഭീഷണി അഭ്യൂഹങ്ങൾക്കും താഴെ ഇറാൻ ഭരണകൂടത്തിനകത്തെ വലിയ അധികാര വടംവലിയാണ്. ഒരുവശത്ത് സമാധാനചർച്ചകളെ അനുകൂലിക്കുന്ന പ്രസിഡന്റ് മസൂദ് പെസെഷ്‌കിയൻ, പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ്, വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി തുടങ്ങിയ മിതവാദികളാണ്. മറുവശത്ത് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോറിനെ (ഐആർജിസി) നയിക്കുന്ന തീവ്രനിലപാടുകാരും. സമാധാന ചർച്ചകൾക്ക് ഐആർജിസി ഇടപെടലുകൾ പലപ്പോഴും പ്രശ്‌നം സൃഷ്ടിച്ചെന്ന് സൂചനയുണ്ട്.
അമേരിക്കൻ ഉപരോധം തുടർന്നാൽ ആഗസ്‌തോടെ ഭക്ഷണ, മരുന്നുശേഖരം തീരുമെന്ന് കേന്ദ്രബാങ്ക് ഗവർണർ മുന്നറിയപ്പു നൽകുകയും പ്രസിഡന്റ് പെസെഷ്‌കിയാൻ രാജിവെക്കുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തപ്പോഴാണ് കടുംപിടിത്തക്കാർ ജൂണിലെ വെടിനിർത്തലിന് സമ്മതിച്ചതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നിരുന്നാലും, തർക്കം ഇതുവരെ ആഭ്യന്തരയുദ്ധത്തിലേക്ക് വഴിമാറിയിട്ടില്ലെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. എല്ലാവരുടെയും പ്രധാന ലക്ഷ്യം ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ നിലനിൽപ്പ് തന്നെയാണ്.
മാർച്ച് രണ്ടു മുതൽ അമേരിക്ക, ഇസ്രായേൽ എന്നിവരുമായി ബന്ധമുള്ള കപ്പലുകൾ ഹോർമുസ് കടലിടുക്കിലൂടെ പോകുന്നത് ഐആർജിസി തടഞ്ഞിരിക്കുകയാണ്. ജൂലൈ 11ന് ഹോർമുസ് കടലിടുക്കിൽ വെച്ച് സൈപ്രസ് പതാകയുള്ള ജിഎഫ്എസ് ഗാലക്‌സി എന്ന വാണിജ്യ കപ്പലിന് നേരെ ഇറാൻ സൈന്യം ആക്രമണം നടത്തി. ഈ കപ്പലിൽ ഉണ്ടായിരുന്ന 11 ഇന്ത്യൻ നാവികരിൽ 10 പേരെ രക്ഷപ്പെടുത്തിയെങ്കിലും, ഒരാളെ കാണാതായി. സംഭവത്തെ ഇന്ത്യ ശക്തമായ ഭാഷയിൽ അപലപിച്ചു. സഖ്യകക്ഷികളുടെ കപ്പലുകൾ ആക്രമിച്ചതിന് പ്രതികാരമായി അമേരിക്കൻ സൈന്യം ഇറാന് നേരെ വലിയ വ്യോമാക്രമണം നടത്തി.
മറുപടിയായി ഇറാൻ അമേരിക്കൻ നാവികസേനയുടെ അഞ്ചാം കപ്പൽപ്പടയുടെ ആസ്ഥാനമുള്ള ബഹ്‌റൈൻ, യു.എസ് താവളങ്ങളുള്ള കുവൈറ്റ്, ഖത്തർ എന്നീ രാജ്യങ്ങൾക്ക് നേരെ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിട്ടു. ജൂലൈ എട്ടിനുണ്ടായ യു.എസ് ആക്രമണത്തിൽ ഇറാന്റെ പ്രധാന തുറമുഖനഗരങ്ങളായ ബന്ദർ അബ്ബാസ്, സിരിക്, ബുഷെഹർ പ്രവിശ്യകൾ തകർക്കപ്പെട്ടിരുന്നു. ഇതിൽ ബുഷെഹറിലെ ഇറാന്റെ പ്രശസ്തമായ ആണവോർജ്ജ നിലയത്തിന് തൊട്ടടുത്താണ് അമേരിക്കൻ ബോംബുകൾ പതിച്ചത്.
അമേരിക്കയും ഇസ്രയേലും ഒപ്പമാണെന്ന് പറയുന്നുണ്ടെങ്കിലും അവർ തമ്മിലുള്ള ബന്ധത്തിൽ വിള്ളലുകൾ വീണിട്ടുണ്ട്. ഇസ്രയേൽ ലെബനനിൽ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങൾ വെടിനിർത്തലിനെ ബാധിക്കുമെന്ന് ട്രംപ് പരസ്യമായി വിമർശിച്ചു. തങ്ങൾ മാത്രമേ ഇസ്രയേലിനൊപ്പമുള്ളൂ എന്ന ട്രംപ് പ്രസ്താവനക്ക് 140 കോടി ജനങ്ങളുള്ള 'ചെറിയ രാജ്യമായ' ഇന്ത്യയെപ്പോലുള്ളവർ ഒപ്പമുണ്ടെന്ന് പറഞ്ഞ് നെതന്യാഹു യുഎസ്സിനെ പരിഹസിച്ചു. ഇറാന്റെ ആണവസൈനിക കേന്ദ്രങ്ങൾ നേരിട്ട് ആക്രമിക്കാൻ അമേരിക്കയുടെ അനുമതിക്കായി കാത്തിരിക്കുകയാണെന്ന് ഇസ്രയേൽ വ്യക്തമാക്കി കഴിഞ്ഞു. അമേരിക്ക ഒത്തുതീർപ്പിനു സമ്മതിച്ചാലും ഇസ്രയേൽ വഴങ്ങില്ല. ഈ സമാധാന ചർച്ചയിൽ ഇസ്രയേൽ കക്ഷിയല്ല എന്നതാണ് അതിന്റെ ഏറ്റവും വലിയ ദൗർബല്യം. ഇരുപക്ഷവും കടുത്ത ഭാഷയിലാണ് സംസാരിക്കുന്നതെങ്കിലും നയതന്ത്ര ചർച്ചകൾ പൂർണ്ണമായും അവസാനിച്ചിട്ടില്ല. അമേരിക്കയെയും ഇറാനെയും വീണ്ടും ചർച്ചകളിലേക്ക് കൊണ്ടുവരാൻ പാകിസ്താനും ഖത്തറും ശ്രമിക്കുന്നുണ്ട്.
ഹോർമുസ് കരുത്തും റഷ്യ, ചൈനാ സൗഹൃദവും
പേർഷ്യൻ ഉൾക്കടലിന്റെ തെക്കു പടിഞ്ഞാറൻ തീരത്തുള്ള കുവൈത്ത്, ബഹറിൻ, ഖത്തർ, യുഎഇ എന്നീ അറബി രാജ്യങ്ങൾക്ക് പുറംലോകത്തേക്കുള്ള സമുദ്രപാത ഹോർമുസ് കടലിടുക്കു വഴിയാണ്. ഒരു വശത്ത് ഇറാനും മറുവശത്ത് ഒമാനും. ഈ രാജ്യങ്ങൾക്ക് എണ്ണയും വാതകവും വിൽക്കുന്നതിനു മാത്രമല്ല, ഭക്ഷണമടക്കമുള്ള നിത്യോപയോഗ വസ്തുക്കൾ ഇറക്കുമതി ചെയ്യണമെങ്കിലും ഈ കടലിടുക്ക് വേണം. (സൗദി അറേബ്യക്ക് ഈ വഴി അടഞ്ഞാൽ പിൻഭാഗത്തുള്ള ചെങ്കടൽ വഴി വ്യാപാരം നടത്താനാവും.) പക്ഷേ, അതുവഴി ആരു യാത്ര ചെയ്യണമെന്ന് തീരുമാനിക്കാൻ ഇപ്പോഴും ഇറാനാവും. മണ്ണിലിറങ്ങി മുഖാമുഖം പൊരുതാൻ യുഎസ് പട്ടാളം തയ്യാറാകാത്തിടത്തോളം കാലം ആ സ്ഥിതി മാറാനിടയില്ലെന്ന് വിദഗ്ധർ കരുതുന്നു.
ആ ബോധ്യം തന്നെയാവണം വലിയ വിട്ടുവീഴ്ചകൾ നടത്തി വെടിനിർത്തൽ കരാറിൽ ഒപ്പുവെക്കാൻ ജൂണിൽ അമേരിക്ക തയ്യാറായത്. ഏറ്റവും വലിയ കീറാമുട്ടിയായിരുന്ന ആണവപ്രശ്‌നത്തിൽ പോലും വഴങ്ങി. 410 കിലോഗ്രാം യുറേനിയം ശേഖരം ഇറാനിൽ നിലനിർത്താൻ കരാർ അനുമതി നൽകി. കൂടാതെ, ഇറാൻ യുറേനിയം സമ്പുഷ്ടമാക്കുന്നത് എന്നെന്നേക്കുമായി നിരോധിക്കണമെന്ന മുൻ നിലപാടിൽ നിന്ന് മാറി, അത് 15 വർഷത്തേക്ക് താൽക്കാലികമായി നിർത്തിവെച്ചാൽ മതിയെന്ന മൃദുസമീപനവും ട്രംപ് സ്വീകരിച്ചു. മരവിപ്പിച്ചിരുന്ന 1,200 കോടി ബില്യൻ ഡോളറിന്റെ വിദേശനാണ്യ ശേഖരം ഉപയോഗിക്കാൻ അനുവദിക്കുകയും എണ്ണ ഇറക്കുമതിയ്ക്ക് ഏർപ്പെടുത്തിയിരുന്ന ഉപരോധം താൽക്കാലികമായി നീക്കുകയും ചെയ്തു.
റഷ്യയും ചൈനയും നൽകുന്ന വലിയ പിന്തുണയാണ് ഇറാനെ പിടിച്ചുനിർത്താൻ സഹായിക്കുന്നതെന്ന് വാർത്തകളുണ്ട്. അത്യാധുനിക ഇലക്ട്രോണിക് യുദ്ധസംവിധാനങ്ങളും ഉപഗ്രഹവിവരങ്ങളും സൈബർ സുരക്ഷയും നൽകുന്ന റഷ്യ ഡ്രോൺ യുദ്ധമുറകളിലും റഡാറുകളുടെ കണ്ണുപൊട്ടിക്കുന്ന സാങ്കേതികവിദ്യകളിലും മറ്റും ഐആർജിസിക്ക് പരിശീലനം നൽകുന്നുണ്ടത്രെ. ഇറാന്റെ സമ്പദ്‌വ്യവസ്ഥ തകരാതെ കാക്കുന്നത് ചൈനയാണ്. അമേരിക്ക വീണ്ടും എണ്ണ ഉപരോധവും നാവിക ഉപരോധവും ഏർപ്പെടുത്തിയിട്ടും, രഹസ്യ കപ്പലുകൾ വഴിയും കരമാർഗ്ഗവും ചൈന ഇറാനിൽ നിന്ന് വൻതോതിൽ എണ്ണ വാങ്ങുന്നതായി റിപ്പോർട്ടുണ്ട്. ഇതിനുപുറമേ, ഇറാൻ സൈന്യത്തിന് ആവശ്യമായ സെമികണ്ടക്ടർ ചിപ്പുകളും മിസൈൽ, ഡ്രോൺ നിർമ്മാണത്തിനുള്ള മറ്റ് സാങ്കേതികസാമഗ്രികളും ലഭ്യമാക്കുന്നതും ചൈനയാണെന്ന് കരുതപ്പെടുന്നു.
അനന്തമായ യുദ്ധങ്ങളിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് അധികാരത്തിലേറിയ ട്രംപ് പശ്ചിമേഷ്യൻ കുരുക്കിൽ നിന്ന് പുറത്തു കടക്കാൻ കൈകാലിട്ടടിക്കുകയാണ്. നവംബറിലെ ഇടക്കാല തിരഞ്ഞെടുപ്പ് അടുത്തുവരുമ്പോൾ റിപ്പബ്ലിക്കൻ പാർട്ടിക്ക് നെഞ്ചിടിപ്പ് ഏറുകയാണ്. തങ്ങളുടെ നിലനിൽപ്പിന് ഭീഷണിയായി കരുതുന്ന ഇറാനെ പൂർണമായും തകർക്കുന്നതിൽ കുറഞ്ഞൊന്നും ഇസ്രയേലിന് സമ്മതമല്ല. അമേരിക്കയെ പശ്ചിമേഷ്യയിൽ തളച്ചിടാൻ റഷ്യയും ചൈനയും ഇറാനെ ആയുധമാക്കുന്നതും സ്വാഭാവികം. യുദ്ധം അടുത്തിടെയൊന്നും അവസാനിക്കുക എളുപ്പമല്ല. ഇതിനിടയിൽ കുടുങ്ങിപ്പോയത് ഇറാനിലെ ജനങ്ങളാണ്. സാധാരണ മനുഷ്യരെപ്പോലെ ജീവിക്കാനുള്ള എല്ലാ അവകാശങ്ങളും സാഹചര്യവും അവർക്ക് നഷ്ടമായിട്ട് വർഷങ്ങളായിരിക്കുന്നു!
Content Highlights: The February 2026 assassination of Ayatollah Ali Khamenei remains the primary catalyst for ongoing regional instability., Donald Trump officially declared the collapse of the June ceasefire, leading to renewed US airstrikes and Iranian retaliation.
Published: 13 Jul 2026, 08:12 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented