സ്രയേലും ലെബനനിലെ ഇറാൻ അനുകൂല സായുധസംഘടന ഹിസ്ബുള്ളയും തമ്മിലുള്ള യുദ്ധത്തിന് ഭാഗികമായ വെടിനിർത്തലുണ്ടാക്കുന്നതിൽ അമേരിക്ക വിജയിച്ചു. ഇറാൻ-അമേരിക്ക യുദ്ധത്തിന് സമാധാനമുണ്ടാക്കാനുള്ള ശ്രമത്തിലെ ഏറ്റവും വലിയ കീറാമുട്ടികളിലൊന്നാണ് ലെബനനിൽ ഇസ്രയേൽ നടത്തുന്ന ആക്രമണം. തെക്കൻ ലെബനനിൽ ഇപ്പോഴും ഏറ്റമുട്ടലുകൾ തുടരുന്നു. ഇസ്രയേലിൽ ഹിസ്ബുള്ളയുടെ റോക്കറ്റാക്രമണത്തിലും ജൂതസേനയുടെ വ്യോമാക്രമണത്തിലും മാറ്റമില്ല.

To advertise here,

ലെബനനിലെ പോരാട്ടത്തിന് അറുതി വരുത്തിയാലേ അമേരിക്കൻ-ഇസ്രയേൽ സഖ്യവുമായി സമാധാനച്ചർച്ചയ്ക്ക് തങ്ങൾ സന്നദ്ധമാവൂ എന്ന് ഇറാൻ വ്യക്തമാക്കിയിരുന്നു. തുടർന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ലെബനനിൽ വെടിനിർത്തലുണ്ടാക്കാൻ മുന്നിട്ടിറങ്ങിയത്. മൂന്നുമാസത്തിലധികമായി തുടരുന്ന യുദ്ധം ലോകത്തെയാകെ ബാധിച്ചു. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിട്ടത് എണ്ണവില മാത്രമല്ല, പാചകവാതകം, രാസവളം എന്നിവയുടെ വിലകളും ഗണ്യമായി വർധിപ്പിച്ചു. അമേരിക്കയും യൂറോപ്പുമടക്കം ലോകമെമ്പാടും സാമ്പത്തികപ്രതിസന്ധി പടരുകയാണ്.

ഇറാന്റെ സാമ്പത്തിക, സൈനിക പിന്തുണയുള്ള ഹിസ്ബുള്ളയുടെ മേൽ ലെബനീസ് സർക്കാരിന് കാര്യമായ നിയന്ത്രണമില്ല. അതുകൊണ്ടുതന്നെ, ഇസ്രയേലിന് ലെബനൻ സൈന്യവുമായി നേരിട്ട് ശത്രുതയുമില്ല. ഉടമ്പടിയിൽ ലെബനീസ് സർക്കാർ സൈന്യം ചില മേഖലകളുടെ നിയന്ത്രണം പരീക്ഷണാടിസ്ഥാനത്തിൽ ഏറ്റെടുക്കണമെന്നും അവിടങ്ങളിൽ നോൺ- സ്റ്റേറ്റ് ആക്ടേഴ്സിനെ (സർക്കാരുമായി ബന്ധമില്ലാത്ത, വലിയ രാഷ്ട്രീയ, സാമൂഹിക സ്വാധീനമുള്ള പോലുള്ള സംഘടനകളും വ്യക്തികളും) നിയന്ത്രിക്കണമെന്നും പറയുന്നു. ഏത് രാഷ്ട്രബാഹ്യ ശക്തിയെയാണ് ഇസ്രയേൽ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാണല്ലോ.

ഏപ്രിലിൽ ലെബനനും ഇസ്രയേലും തമ്മിൽ വെടിനിർത്തൽ കരാർ ഉണ്ടാക്കിയെങ്കിലും പോരാട്ടം തുടരുകയായിരുന്നു. തെക്കൻ ലെബനനിലെ വലിയൊരു ഭാഗം ഇസ്രയേൽ പിടിച്ചെടുത്തുകഴിഞ്ഞു. ഗാസയിലെന്ന പോലെ ലെബനനിനും തങ്ങളുടെ അതിർത്തിക്കുമിടയിൽ ഒരു സുരക്ഷാമേഖല ഉണ്ടാക്കുകയാണ് ഇസ്രയേലിന്റെ ലക്ഷ്യം. വെടിനിർത്തലും സമാധാനക്കരാറുമൊക്കെ എന്തായാലും അവശേഷിക്കുന്ന പ്രധാന ഭീഷണിയായ ഇറാന്റെ പല്ലും നഖവും പിഴുതെടുക്കാനുള്ള ശ്രമം ഇസ്രയേൽ തുടരും, അവരെ സംബന്ധിച്ചിടത്തോളം അത് നിലനിൽപ്പിന്റെ പ്രശ്‌നമാണ്. ഇറാനും ഹിസ്ബുള്ളയും ചിന്തിക്കുന്നതും ഏതാണ്ട് ഇതേ രീതിയിലാവും. അതിജീവനത്തിന് ഈ വെടിനിർത്തൽ അനിവാര്യമാണെന്ന് അവർ മനസ്സിലാക്കുന്നു.

ട്രംപിന്റെ വിരട്ടലും ഹിസ്ബുള്ളയുടെ അതിജീവനവും

ഇസ്രയേലിനു ചുറ്റും ഇറാൻ ഒരുക്കിയ ചക്രവ്യൂഹത്തിലെ പ്രധാന കണ്ണിയാണ് ഹിസ്ബുള്ള. 2023 ഒക്ടോബർ ഏഴാംതീയതി ഹമാസ് ഇസ്രയേലിൽ നടത്തിയ കനത്ത ഭീകരാക്രമണത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച ഹിസ്ബുള്ള ഇസ്രയേലിലേക്ക് തുടർച്ചയായി റോക്കറ്റുകളെയ്തു. തെക്കൻ ലെബനണിൽ നിന്നുള്ള റോക്കറ്റുകളും തിരിച്ചടിയായി ഇസ്രയേലിന്റെ വ്യോമാക്രമണങ്ങളും അതിർത്തിയുടെ ഇരുവശത്തുമുള്ള ലക്ഷക്കണക്കിന് ജനങ്ങളെ കിടുകിടെ വിറപ്പിക്കുന്ന ദിനചര്യയായി മാറി. 2024 ഒക്ടോബറിൽ ഇസ്രയേൽ പട്ടാളം ലെബനനിലേക്ക് ഇരച്ചുകയറി. 2024 നവംബറിൽ അമേരിക്കയും ഫ്രാൻസും ഇടപെട്ട് വെടിനിർത്തൽ കരാർ സാധ്യമാക്കി. 2026 മാർച്ചു വരെയായിരുന്നു കരാർ. പക്ഷേ, ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രയേലും സംയുക്തമായി ഇറാനെ ആക്രമിച്ചതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനി അടക്കമുള്ള പ്രമുഖ നേതാക്കൾ വധിക്കപ്പെട്ടതിൽ പ്രകോപിതരായ ഹിസ്ബുള്ള മാർച്ച് രണ്ടിന് ഇസ്രയേലിലേക്ക് മിസൈലുകളും ഡ്രോണുകളും വിക്ഷേപിച്ചു.

തിരിച്ചടിക്കാൻ ഇസ്രയേൽ വൈകിയില്ല. ആദ്യ മണിക്കൂറുകൾക്കുള്ളിൽ ലെബനനിലെ ഹിസ്ബുള്ള ലക്ഷ്യങ്ങളിൽ തുടർച്ചയായി ബോംബാക്രമണം നടത്തി. മാർച്ച് മധ്യത്തോടെ കരയാക്രമണം ആരംഭിച്ചു, മാർച്ച് 16-ന് തെക്കൻ ലെബനനിൽ പ്രവേശിച്ച സൈന്യം ഹിസ്ബുള്ളയുടെ മുതിർന്ന കമാൻഡർമാരെ കണ്ടെത്തി കൊല്ലുന്ന നടപടികൾ ഊർജിതപ്പെടുത്തി. ഗാസയിലെ യുദ്ധം തുടരുന്നതിനൊപ്പം വലിയ തോതിൽ സൈനികസന്നാഹം ലെബനനിൽ നിയോഗിച്ചു. ഹിസ്ബുള്ളയുടെ ആയുധശേഖരം നശിപ്പിക്കുക, തെക്കൻ ലെബനനിൽ നിന്ന് അവരെ ഓടിക്കുക, വടക്കൻ ഇസ്രയേലിന്റെ സുരക്ഷ ഉറപ്പാക്കുക എന്നിവയായിരുന്നു പ്രധാന ലക്ഷ്യങ്ങൾ. മാർച്ചിൽ ആരംഭിച്ച യുദ്ധത്തിൽ ഇതിനകം മൂവായിരത്തിലധികം പേർ കൊല്ലപ്പെട്ടു കഴിഞ്ഞു. ലെബനനിൽ ആകെയുള്ള 60 ലക്ഷം ജനങ്ങളിൽ ആറിലൊന്നിനും നാടുവിട്ട് ഓടേണ്ടി വന്നു.

ഒടുവിൽ ജൂൺ ഒന്നിന് ഇസ്രയേലും ഹിസ്ബുള്ളയും തമ്മിൽ പരിമിത ധാരണയിലെത്തി: ബെയ്‌റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിലെ ഹിസ്ബുള്ള ലക്ഷ്യങ്ങളിൽ ഇസ്രയേൽ ആക്രമണം നടത്തില്ല, പകരം ഹിസ്ബുള്ള ഇസ്രയേലിലേക്കുള്ള ആക്രമണങ്ങൾ നിർത്തും. പക്ഷേ, മണിക്കൂറുകൾക്കുള്ളിൽ ധാരണ പൊളിഞ്ഞു, ഇരുകൂട്ടരും ആക്രമണം പുനഃരാരംഭിച്ചു. ഈ പശ്ചാത്തലത്തിലാണ് അമേരിക്ക ഇസ്രയേലും ലെബനനും ഉൾപ്പെട്ട ത്രികക്ഷിചർച്ച വിളിച്ചുചേർത്തത്. അതിന്റെ ഫലമാണ് പുതിയ കരാർ. ഹിസ്ബുള്ള ഇസ്രയേലിനെ ആക്രമിക്കുന്നത് അവസാനിപ്പിക്കുകയും ലെബനനിലെ ലിതാനി നദിക്ക് തെക്കുനിന്നും എല്ലാ പ്രവർത്തകരെയും പിൻവലിക്കുകയും വേണമെന്ന് വാഷിംഗ്ടണിൽ ഒപ്പുവെച്ച ഉടമ്പടി ആവശ്യപ്പെടുന്നു.

സമാധാനമുണ്ടാക്കാൻ ട്രംപിന് ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹുവിനോട് വളരെ പരുഷമായി സംസാരിക്കേണ്ടി വന്നുവെന്നാണ് റിപ്പോർട്ടുകൾ. താൻ കാരണമാണ് നെതന്യാഹു ജയിലിൽ പോകാതിരിക്കുന്നതെന്നും പ്രധാനമന്ത്രിയുടെ അതിരുവിട്ട നടപടികൾ കാരണം ലോകം ഇസ്രയേലിനെ വെറുക്കുന്നുവെന്നും യുഎസ് പ്രസിഡന്റ് തുറന്നടിച്ചു. ബെയ്‌റൂട്ടിലെ ഹിസ്ബുള്ള ലക്ഷ്യങ്ങളിൽ ആക്രമണം നടത്താനുള്ള പദ്ധതി നെതന്യാഹു ആസൂത്രണം ചെയ്യുകയാണെന്ന ഇന്റലിജൻസ് മുന്നറിയിപ്പാണ് ട്രംപിനെ കോപാകുലനാക്കിയത്. അതുണ്ടായെങ്കിൽ ഇറാനുമായുള്ള ആണവ ചർച്ചകൾ പൂർണമായും തകർന്നേനെ. നീക്കത്തിൽ നിന്ന് പിൻമാറണമെന്ന് നെതന്യാഹുവിനോട് ട്രംപ് കടുത്ത ഭാഷയിൽ ആവശ്യപ്പെട്ടു, അദ്ദേഹം വഴങ്ങി-റിപ്പോർട്ടുകൾ പറയുന്നു. അതുപോലെ, ഹിസ്ബുള്ളയുമായി മധ്യസ്ഥർ മുഖേന സംസാരിച്ചുവെന്ന് ട്രംപ് പറഞ്ഞു. വിദേശ ഭീകരസംഘടനയായി അമേരിക്ക പ്രഖ്യാപിച്ച ഹിസ്ബുള്ളയുമായി സംസാരിച്ചതായി യുഎസ് പ്രസിഡന്റ് പരസ്യമായി സമ്മതിക്കുന്നത് ചരിത്രത്തിൽ ആദ്യമാണ്.

കോൺഗ്രസിൽ ട്രംപിന് തിരിച്ചടി

ലെബനനിലെ വെടിനിർത്തൽ ഉടമ്പടി ശുഭസൂചനയാണെങ്കിലും രാജ്യത്തിനകത്തുനിന്നുള്ള വാർത്തകൾ ട്രംപിന് അത്രയ്ക്ക് സന്തോഷം പകരുന്നതല്ല. സൈനികനടപടി തുടരാൻ യുഎസ് കോൺഗ്രസ് ഔപചാരികമായി അധികാരപ്പെടുത്താത്ത പക്ഷം അമേരിക്കൻ സൈന്യത്തെ ഇറാൻ യുദ്ധത്തിൽ നിന്നും പിൻവലിക്കാൻ ആവശ്യപ്പെടുന്ന പ്രമേയം ജനപ്രതിനിധിസഭ പാസാക്കി. നാല് റിപ്പബ്ലിക്കൻ എംപിമാർ ഡെമോക്രാറ്റുകളോടൊപ്പം പ്രമേയത്തെ അനുകൂലിച്ചു. യുദ്ധത്തിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങൾ, പ്രത്യേകിച്ച് എണ്ണവിലയിലുണ്ടായ വർധനവ്, വോട്ടർമാരെ ആശങ്കയിലാഴ്ത്തിയിരിക്കുന്നു. ഏകദേശം പത്തിൽ ആറ് അമേരിക്കൻ വോട്ടർമാരും ഈ സംഘർഷത്തിന് എതിരാണെന്ന് ചില അഭിപ്രായ സർവേകൾ പറയുന്നു. യുദ്ധവിരുദ്ധപ്രമേയം കൊണ്ട് ട്രംപിന് തൽക്കാലം പേടിക്കാനില്ല. അത് നടപ്പാക്കണമെങ്കിൽ റിപ്പബ്ലിക്കൻ ഭൂരിപക്ഷമുള്ള സെനറ്റും പാസാക്കണം, പിന്നെ പ്രസിഡന്റിന്റെ വീറ്റോ അതിജീവിക്കണം.

ലെബനനിലെ വെടിനിർത്തൽ സംബന്ധിച്ച ചർച്ചകൾ വാഷിംഗ്ടണിൽ നടക്കുന്നതിനിടെയാണ് യുഎസ് സേന ഹോർമുസ് പ്രദേശത്തെ തന്ത്രപ്രധാന ദ്വീപായ ഖേഷം ദ്വീപിനെ ആക്രമിച്ചത്. 'സ്വയരക്ഷാ' നടപടിയായിരുന്നു അതെന്ന് പെന്റഗൺ അവകാശപ്പെട്ടു. അതിന് മുമ്പ് ഇറാൻ കുവൈത്തിലും ബഹ്‌റൈനിലുമുള്ള അമേരിക്കൻ താവളങ്ങളിലേക്ക് മിസൈലുകളും ഡ്രോണുകളും തൊടുത്തിരുന്നു. ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് വലിയ നാശനഷ്ടമുണ്ടായി. ഇറാനുമായുള്ള വെടിനിർത്തൽ ഇപ്പോഴും നിലനിൽക്കുന്നുവെന്ന് യുഎസ് അവകാശപ്പെടുമ്പോഴാണ് ഈ ആക്രമണങ്ങൾ. കുവൈത്തിലെ ആക്രമണം ഗൾഫ് രാജ്യങ്ങളെ വലിയ ഉത്കണ്ഠയിലാഴ്ത്തി. അമേരിക്കൻ സുരക്ഷാ ഉറപ്പുകളെ ആശ്രയിക്കുന്ന അവർക്ക് തങ്ങളുടെ നാടുകളിലെ അമേരിക്കൻ സൈനികത്താവളങ്ങൾ ശാപമാവുകയാണ്.

വെടിനിർത്തലും ഇറാനും ഇസ്രയേലും

ലെബനനിലെ ദീർഘകാല വെടിനിർത്തൽ ഒരുപക്ഷേ, ഇറാൻ യുദ്ധം അവസാനിക്കുന്നതിനുള്ള തുടക്കമായേക്കും. അത്, ലോകത്തെ ഊർജ്ജ വിപണികൾക്കും പ്രാദേശിക വിതരണ ശൃംഖലകൾക്കും വലിയ ആശ്വാസമാകും. ഇറാനെ സംബന്ധിച്ചിടത്തോളം ഈ കരാർ വലിയ വിജയമാണ്. യുദ്ധത്തിൽ ഇറാന് ഏറെ കെടുതികൾ അനുഭവിക്കേണ്ടി വന്നെങ്കിലും ആണവപദ്ധതി അവസാനിപ്പിക്കുക എന്ന അമേരിക്കയുടെ പ്രഖ്യാപിതലക്ഷ്യം നടന്നില്ല. സമാധാനചർച്ചക്ക് ലെബനനിലെ വെടിനിർത്തൽ കൂടിയേ തീരൂ എന്ന ഇറാന്റെ നിർബന്ധത്തിന് അമേരിക്ക വഴങ്ങേണ്ടി വന്നു. വെടിനിർത്തൽ കരാർ പൊതുവേ ഇസ്രയേലിന് അനുകൂലമാണെങ്കിലും ഹിസ്ബുള്ളയ്ക്ക് വലിയ പരാതികളുണ്ടാകാനിടയില്ല. അവരുടെ യോദ്ധാക്കൾ ജീവനോടിരിക്കുന്നു (ഹമാസിന്റെ കാര്യം ആലോചിക്കുക), ലെബനനിൽ ഇപ്പോഴുമുണ്ട് ഗണ്യമായ രാഷ്ട്രീയ സ്വാധീനം, തലതൊട്ടപ്പൻ ഇറാന്റെ പിന്തുണയ്ക്കും മാറ്റമില്ല.

കഴിഞ്ഞ വർഷം ഇറാനിൽ യുഎസ്-ഇസ്രയേൽ സഖ്യം നടത്തിയ 12 ദിവസത്തെ ആക്രമണം ജോലി പൂർത്തിയാക്കാതെ നിർത്തിയത് ചരിത്രപരമായ തെറ്റായിരുന്നുവെന്ന് ഇസ്രയേൽ കരുതുന്നു. ശത്രുവിനെ പൂർണമായി തകർക്കാതെ ശക്തി സംഭരിച്ച് പിന്നീട് തിരിച്ചുവന്ന് ഭീഷണി ഉയർത്താൻ അനുവദിക്കുന്നത് പല തവണ ആവർത്തിച്ചിരിക്കുന്നു. അതിനാൽ ആര് കണ്ണുരുട്ടിയാലും സഹകരിക്കില്ലെന്ന് പറഞ്ഞാലും ഇസ്രയേൽ തങ്ങളുടെ നിലനിൽപ്പിന് ഭീഷണിയാവുമെന്ന് തോന്നുന്ന കാര്യങ്ങൾക്കെതിരെ നടപടിയെടുക്കും. അമേരിക്കയുടെ അനുമതിക്ക് അവർ കാത്തുനിൽക്കില്ല.

പതിവില്ലാത്ത രീതിയിൽ അമേരിക്ക കടുത്ത നയതന്ത്രസമ്മർദം ചെലുത്തിയതിനെ തുടർന്നാണ് ഈ വെടിനിർത്തൽ. തന്ത്രപരമായ മുൻഗണനകളെ ബാധിക്കുന്ന കാര്യങ്ങളിൽ അമേരിക്ക മേലിൽ ഇസ്രയേലിന് അനിയന്ത്രിത സ്വാതന്ത്ര്യം നൽകില്ല എന്ന സൂചനയാണ് ഉടമ്പടി. അത് ഇസ്രയേൽ വകവെക്കുമോ എന്ന് കണ്ടറിയണം. തത്​കാലം തങ്ങളുടെ സൈന്യം ലെബനനിൽ തുടർന്നും ഓപ്പറേഷനുകൾ നടത്തുമെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്‌സ് വ്യക്തമാക്കിയിട്ടുണ്ട്. ഈ വെടിനിർത്തൽ നയതന്ത്രതലത്തിലെ താത്കാലികവിരാമം മാത്രമായാണ് വിദഗ്ധർ കാണുന്നത്. ഇസ്രയേൽ ഇതിനെ സൈനികശക്തി പുനഃസംഘടിപ്പിക്കാനുള്ള ഇടവേളയായി കാണുമ്പോൾ ഹിസ്ബുള്ളയ്ക്കും ഇറാനും സമാധാനമായി ശ്വാസം വിടാനുള്ള സമയമാണിത്.