ലോകത്തിലെ ഏറ്റവും സമ്പന്നവും വൈവിധ്യപൂർണ്ണവുമായ റെയർ എർത്ത് ധാതു നിക്ഷേപമുള്ള രാജ്യങ്ങളിലൊന്നാണ് ഓസ്ട്രേലിയ. ലോകത്തിലെ നാലാമത്തെ റെയർ എർത്ത് മൂലക നിക്ഷേപമുള്ള രാജ്യം.

പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസും റെയർ എർത്ത് മൂലക കരാറിൽ ഒപ്പുവെച്ചതിന് ശേഷം | Photo: AP/PTI
അപൂർവധാതുക്കളുടെ ഉത്പാദനത്തിൽ ചൈനയെ വെല്ലുവിളിക്കാൻ തയ്യാറെടുക്കുകയാണ് അമേരിക്ക. ഇതിന്റെ ആദ്യപടി എന്നോണം യുഎസ് ഓസ്‌ട്രേലിയയുമായി ധാതുഖനന കരാറിൽ ഒപ്പിട്ടു. അപൂർവധാതുക്കളുടെ കയറ്റുമതിയിൽ ചൈന നിയന്ത്രണമേർപ്പെടുത്തിയ സാഹചര്യത്തിലാണ് ഓസ്‌ട്രേലിയയുടെ സമ്പന്നമായ അപൂർവ ഭൗമവിഭവങ്ങളിൽ യുഎസ് കണ്ണുവയ്ക്കുന്നത്. വൈറ്റ്ഹൗസിൽ നടന്ന കൂടിക്കാഴ്ചയിലാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസും കരാറിൽ ഒപ്പുവെച്ചത്. 850 കോടി ഡോളറിന്റേതാണ് (74,787 കോടിയോളം രൂപ) കരാർ. ധാതു ഇറക്കുമതിയിൽ ചൈനയ്ക്കുമേലുള്ള ആശ്രയത്വം കുറയ്ക്കുകയാണ് ലക്ഷ്യം.
പുനരുപയോഗ ഊർജം, കാർ നിർമാണം, പ്രതിരോധം എന്നിവയുൾപ്പെടെ മിക്ക ആധുനിക വ്യവസായങ്ങൾക്കും നിർണായകമായ ധാതുക്കളുടെ ഖനനത്തിൽ ചൈനയാണ് ആധിപത്യം പുലർത്തുന്നത്. ഖനനത്തിൽ മാത്രമല്ല ഇവയുടെ ശുദ്ധീകരണത്തിന്റെ 90 ശതമാനവും നിയന്ത്രിക്കുന്നതും ചൈനയാണ്. മാത്രമല്ല, അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധത്തിന്റെ കേന്ദ്രബിന്ദുവുമാണ് റെയർ എർത്ത് മൂലകങ്ങൾ. ഈ ലോഹങ്ങൾ ഉപയോഗിച്ചുള്ള ചൈനയുടെ വിലപേശൽ കയറ്റുമതിയിൽ തങ്ങൾക്കുള്ള ആധിപത്യം ആയുധമാക്കാനുള്ള വ്യക്തമായ സൂചന നൽകുന്നു. ഈ സാഹചര്യത്തിലാണ് അമേരിക്കയും ഓസ്ട്രേലിയയും കരാറിലെത്തുന്നത്. എന്താണ് കരാറിന്റെ വിശദാംശങ്ങൾ? ഇത് എങ്ങനെയാണ് അമേരിക്കയ്ക്ക് ഗുണകരമാകുന്നത്?
എന്തുകൊണ്ട് ഓസ്ട്രേലിയ?
സമ്പന്നവും വൈവിധ്യപൂർണവുമായ റെയർ എർത്ത് ധാതു നിക്ഷേപമുള്ള രാജ്യങ്ങളിലൊന്നാണ് ഓസ്‌ട്രേലിയ. ലോകത്തെ നാലാമത്തെ റെയർ എർത്ത് മൂലക നിക്ഷേപമുള്ള രാജ്യം. ആകെ റെയർ എർത്ത് നിക്ഷേപത്തിന്റെ കുറഞ്ഞത് അഞ്ച് ശതമാനമെങ്കിലും ഓസ്ട്രേലിയയിലുണ്ടെന്ന് കണക്കാക്കപ്പെടുന്നു. ഇത് ഏകദേശം ഏകദേശം 5.7 ദശലക്ഷം മെട്രിക് ടണ്ണാണെന്ന് കരുതുന്നു. ആഗോള നിക്ഷേപത്തിന്റെ കാര്യത്തിൽ ചൈന ( 44 ദശലക്ഷം മെട്രിക് ടൺ), ബ്രസീൽ (21 ദശലക്ഷം മെട്രിക് ടൺ), ഇന്ത്യ (6.9 ദശലക്ഷം മെട്രിക് ടൺ) എന്നിവർക്ക് പിന്നിൽ നാലാമതാണ് ഓസ്‌ട്രേലിയ. കാറ്റാടി യന്ത്രങ്ങൾക്കായുള്ള കാന്തങ്ങളിൽ ഉപയോഗിക്കുന്ന നിയോഡൈമിയം പോലുള്ളവ ഏറ്റവും പ്രധാനപ്പെട്ട ചില റെയർ എർത്ത് ലോഹ നിക്ഷേപം രാജ്യത്തുണ്ട്.
ആഗോള ഉത്പാദനത്തിൽ നാലാം സ്ഥാനമാണ് രാജ്യത്തിന്. ആകെ ഉത്പാദനത്തിന്റെ ഏകദേശം 8 ശതമാനത്തോളമാണ് ഓസ്ട്രേലിയയിലയുടെ സംഭാവന. യുഎസ് ജിയോളജിക്കല്‍ സര്‍വേയുടെ കണക്കുകള്‍ പ്രകാരം ചൈന, അമേരിക്ക, മ്യാന്‍മര്‍, ഓസ്‌ട്രേലിയ, നൈജീരിയ, തായ്‌ലന്‍ഡ്, ഇന്ത്യ, റഷ്യ, മഡഗാസ്‌കര്‍, വിയറ്റ്‌നാം എന്നിവരാണ് 2024-ല്‍ ഏറ്റവും കൂടുതല്‍ റെയർ എർത്ത് ലോഹങ്ങള്‍ ഖനനം ചെയ്ത 10 രാജ്യങ്ങള്‍. 2024-ല്‍ ലോകമെമ്പാടും 390,000 മെട്രിക് ടണ്‍ റെയര്‍ എര്‍ത്ത് മൂലകങ്ങളാണ് ഉത്പാദിപ്പിച്ചത്. ഇതിൽ 13,000 മെട്രിക് ടൺ ആയിരുന്നു ഓസ്ട്രേലിയയുടെ ഉത്പാദനം. ചൈനയ്ക്ക് പുറത്ത് റെയർ എർത്ത് നിക്ഷേപത്തിന്റെ ഒരു പ്രധാന സ്രോതസ്സാണ് രാജ്യം. എന്നാൽ അവരുടെ ധാതുശേഖരം ചൈനയുടേതിന്റെ ഏകദേശം ഏഴിലൊന്നാണെന്നാണ് യുഎസ് ജിയോളജിക്കൽ സർവേയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി ഇത് വ്യാപിച്ചു കിടക്കുന്നു. പടിഞ്ഞാറൻ ഓസ്‌ട്രേലിയ, നോർത്തേൺ ടെറിട്ടറി, സൗത്ത് ഓസ്‌ട്രേലിയ, ന്യൂ സൗത്ത് വെയിൽസ് എന്നിവിടങ്ങളിൽ ഇവ കാണപ്പെടുന്നു. ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാനപ്പെട്ട റെയർ എർത്ത് ധാതുനിക്ഷേപം പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലെ മൗണ്ട് വെൽഡ് ഖനിയാണ്. ഇത് ലോകത്തിലെ ഏറ്റവും ഉയർന്ന ഗുണനിലവാരമുള്ള നിക്ഷേപങ്ങളിൽ ഒന്നാണ്. സൗത്ത് ഓസ്‌ട്രേലിയയിലും വിക്ടോറിയയിലും പുതിയ നിക്ഷേപങ്ങൾക്കായി പര്യവേക്ഷണം നടക്കുന്നു. ധാതുശേഖരത്തിൽ നിന്ന് റെയർ എർത്ത് മൂലകങ്ങളുടെ ഉത്പാദനം ലക്ഷ്യമിട്ടുള്ള പദ്ധതികളും വികസിപ്പിക്കുന്നു. ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, മറ്റേതൊരു രാജ്യത്തേക്കാളും സജീവമായ അപൂർവ എർത്ത് പദ്ധതികളുള്ള ശക്തമായ ഒരു പര്യവേക്ഷണ മേഖലയാണ് ഓസ്ട്രേലിയയ്ക്കുള്ളത്.
ഓസ്‌ട്രേലിയയുടെ വെല്ലുവിളികൾ
ഓസ്‌ട്രേലിയയുടെ റെയർ എർത്ത് മൂലക ഉത്പാദനം സാങ്കേതികവും പാരിസ്ഥിതികവും സാമ്പത്തികപരവുമായ വെല്ലുവിളികൾ അഭിമുഖീകരിക്കുന്നു. ചൈനയുമായുള്ള മത്സരത്തിൽ ഓസ്ട്രേലിയ പിന്നാക്കം പോകുന്നതിന്റെ കാരണങ്ങളിലൊന്നാണിത്. ഭൂവല്‍ക്കത്തില്‍ താരതമ്യേന സമൃദ്ധമായി കാണപ്പെടുന്നുവെങ്കിലും റെയർ എർത്ത് മൂലകങ്ങളുടെ ഖനനവും വേർതിരിക്കലും ശുദ്ധീകരണ പ്രക്രിയയും വളരെ സങ്കീർണമാണ്. ഓക്‌സൈഡ് രൂപങ്ങളില്‍ നിന്ന് ഇവ വേര്‍തിരിച്ചെടുക്കാന്‍ സാങ്കേതികമായി ബുദ്ധിമുട്ടാണ്. മാത്രമല്ല, ഖനനത്തിന് അനുയോജ്യമായ സാന്ദ്രീകൃത നിക്ഷേപങ്ങള്‍ വളരെ അപൂര്‍വമാണ്. റെയര്‍ എര്‍ത്ത് മൂലകങ്ങള്‍ ഒരിക്കലും വളരെ ഉയര്‍ന്ന സാന്ദ്രതയില്‍ കാണപ്പെടുന്നില്ല. അവ സാധാരണയായി പരസ്പരം അല്ലെങ്കില്‍ യുറേനിയം, തോറിയം പോലുള്ള റേഡിയോ ആക്ടീവ് മൂലകങ്ങളുമായി കൂടിച്ചേര്‍ന്നാണ് കാണപ്പെടുന്നത്. റെയർ എർത്ത് മൂലകങ്ങളുടെ രാസഗുണങ്ങള്‍ കാരണം അയിരുകളില്‍ നിന്നും അവയെ വേര്‍തിരിക്കുന്നത് സങ്കീര്‍ണമാണ്. ഈ പ്രക്രിയ ബുദ്ധിമുട്ടേറിയതും ചെലവേറിയതും പരിസ്ഥിതിക്ക് നാശമുണ്ടാക്കുന്നതുമാണ്.
ഈ ലോഹങ്ങളുടെ ശുദ്ധീകരണപ്രക്രിയയും അതീവ സങ്കീര്‍ണമാണ്. രാസഗുണങ്ങൾ ഏതാണ്ട് സമാനമാണെന്നതിനാൽ പരസ്പരം ചേർന്ന് കാണപ്പെടുന്നവയെ വേർതിരിക്കുന്നതും ബുദ്ധിമുട്ടാണ്. ഉദാഹരണത്തിന്, പ്രസിയോഡൈമിയത്തിൽ നിന്ന് നിയോഡൈമിയത്തെ വേർതിരിക്കുന്നതിന് നൂതന സാങ്കേതികവിദ്യകൾ ആവശ്യമാണ്. ആവശ്യമായ പരിശുദ്ധി കൈവരിക്കുന്നതിന് ഒട്ടനവധി വേർതിരിച്ചെടുക്കൽ ഘട്ടങ്ങൾ ആവശ്യമായി വന്നേക്കാം. ഈ പ്രക്രിയകൾ ഊർജം കൂടുതലായി ആവശ്യമുള്ളതും രാസപരമായി അപകടകരവും ചെലവേറിയതുമാണ്. ശ്രദ്ധാപൂർവ്വം ചെയ്തില്ലെങ്കിൽ ഇത് വലിയ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമാകും. ചൈനയുമായി താരതമ്യപ്പെടുത്തുമ്പോൾ ഓസ്‌ട്രേലിയയുടെ ശുദ്ധീകരണശേഷി പരിമിതമാണ്. അതിനാൽ തന്നെ റെയർ എർത്ത് ഉത്പാദനത്തിന്റെ ഭൂരിഭാഗവും മറ്റിടങ്ങളിൽ ശുദ്ധീകരണത്തിനായി അസംസ്കൃത അല്ലെങ്കിൽ സെമി-പ്രോസസ്ഡ് രൂപത്തിലാണ് അയയ്ക്കുന്നത്.
ചൈനയെ വെല്ലുവിളിക്കാൻ അമേരിക്ക
റെയർ എർത്ത് ലോഹങ്ങൾക്ക് അടുത്തിടെയാണ് ചൈന പുതിയ നിയന്ത്രണം പ്രഖ്യാപിച്ചത്. നിലവിലുണ്ടായിരുന്ന ഏഴ് എണ്ണത്തിന് പുറമേ അഞ്ച് എണ്ണത്തിന് കൂടി നിയന്ത്രണം കൊണ്ടുവന്നു. ഇതോടെ 17 റെയർ എർത്ത് മൂലകങ്ങളിൽ 12 എണ്ണത്തിനും കയറ്റുമതി നിയന്ത്രണമായി. ഹോൾമിയം, എർബിയം, തൂലിയം, യൂറോപ്പിയം, യെറ്റർബിയം എന്നിവയ്ക്കാണ് ഇപ്പോൾ നിയന്ത്രണം ഏർപ്പെടുത്തിയത്. സമേരിയം, ഗാഡോലിനിയം, ടെർബിയം, ഡിസ്പ്രോസിയം, ല്യൂട്ടീഷ്യം, സ്കാൻഡിയം, യിട്രിയം എന്നീ ഏഴ് ലോഹങ്ങൾ, അവയുടെ ലോഹസങ്കരങ്ങൾ, ഓക്‌സൈഡുകൾ, സംയുക്തങ്ങൾ, അനുബന്ധ ഉത്പന്നങ്ങൾ എന്നിവയുടെ കയറ്റുമതിക്കാണ് ഈ വർഷം ആദ്യം ചൈന കയറ്റുമതി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ഖനനം, ഉരുക്കൽ, ശുദ്ധീകരണം, പുനരുപയോഗം, കാന്തം-നിർമ്മാണ ഉപകരണങ്ങൾ എന്നിവയുടെ കയറ്റുമതിക്കും ലൈസൻസുകൾ ആവശ്യമാണ്.
ചൈനീസ് വാണിജ്യ മന്ത്രാലയം പ്രഖ്യാപിച്ച ചട്ടങ്ങൾ പ്രകാരം റെയർ എർത്ത് മൂലകങ്ങൾ ചെറിയ തോതിൽ അടങ്ങിയ ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നതിന് പോലും വിദേശ കമ്പനികൾ പ്രത്യേക അനുമതി വാങ്ങണം. ചൈനയിൽ നിന്ന് കുറഞ്ഞത് 0.1 ശതമാനം റെയർ എർത്ത് ലോഹങ്ങൾ അടങ്ങിയ കാന്തങ്ങളും ചില അർധചാലക വസ്തുക്കളും കയറ്റുമതി ചെയ്യാൻ വിദേശ കമ്പനികൾ പ്രത്യേക അനുമതി നേടേണ്ടതുണ്ട്. ലൈസൻസ് ലഭിക്കുന്നതിന്, വിദേശ കമ്പനികൾ നിർമിക്കാൻ ഉപയോഗിക്കുന്ന ഉത്പന്നത്തിന്റെ ഉദ്ദേശ്യം വിശദീകരിക്കണം. പ്രത്യേകിച്ച് ഈ വസ്തുക്കൾ സൈനിക/പ്രതിരോധ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നില്ല എന്ന് തെളിയിക്കേണ്ടതുണ്ട്. ചൈനീസ് റെയർ എർത്ത് മൂലകങ്ങളുടെ ദുരുപയോഗം തടയുകയാണ് ലക്ഷ്യമെന്നാണ് ഔദ്യോഗിക വിശദീകരണം. ഈ സാഹചര്യത്തിലാണ് അമേരിക്ക ഓസ്ട്രേലിയയുമായി പുതിയ കരാറിൽ എത്തുന്നത്.
ചൈനയെ ഒഴിവാക്കി റെയർ എർത്ത് മൂലകങ്ങളുടെ വിതരണ ശൃംഖല സൃഷ്ടിക്കുന്നതിൽ ഒരു നാഴികക്കല്ലാണ് ഡൊണാൾഡ് ട്രംപും ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസും ഒപ്പുവച്ച യുഎസ്-ഓസ്ട്രേലിയ ക്രിട്ടിക്കൽ മിനറൽസ് കരാർ. 850 കോടി ഡോളറിന്റെതാണ് കരാർ. കരാർ പ്രകാരം ഖനനം, ശുദ്ധീകരണം, സംസ്കരണം എന്നീ പദ്ധതികൾക്കായി ഇരുരാജ്യങ്ങളും ആറ് മാസത്തിനുള്ളിൽ കുറഞ്ഞത് ഒരു ബില്യൺ യുഎസ് ഡോളർ നിക്ഷേപിക്കും. റെയർ എർത്തിന് പുറമേ, ലിഥിയം, കൊബാൾട്ട്, ഗ്രാഫൈറ്റ് തുടങ്ങിയ അവശ്യ വസ്തുക്കളും കരാറിന്റെ ഭാഗമാണ്. ജപ്പാനേയും മറ്റ് യുഎസ് സഖ്യകക്ഷികളെയും കരാറിന്റെ ഭാഗമാക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.
മുന്നിലുള്ളത് വലിയ ലക്ഷ്യങ്ങൾ
റെയര്‍ എര്‍ത്ത് മൂലകങ്ങളില്‍ ഭൂരിഭാഗത്തിന്റെയും ഖനനത്തിലും ശുദ്ധീകരണത്തിലും ചൈനയാണ് മുന്നിൽ. ഡിസ്പ്രോസിയം, ടെർബിയം, നിയോഡൈമിയം, പ്രസിയോഡൈമിയം തുടങ്ങിയവയുടെ സംസ്‌കരണത്തിൽ ചൈനീസ് കുത്തകയാണ്. ഡിസ്‌പ്രോസിയത്തിന്റെ 85 ഉത്പാദനവും ചൈനയില്‍ നിന്നാണ്. ടെര്‍ബിയത്തിന്റെ കാര്യത്തില്‍ ഇത് 89 ശതമാനം വരും. യിട്രിയത്തിന്റെ 76 ശതമാനം സംഭാവന ചെയ്യുന്നതും ചൈനയാണ്. ലോഹസങ്കരങ്ങളുടെ ഉത്പാദനത്തിന്റെ 85 ശതമാനം വിപണി വിഹിതവും ചൈനയ്ക്ക് തന്നെയാണ്. അതിനാല്‍ തന്നെ സുപ്രധാന ധാതുക്കളുടെ വിതരണ ശൃംഖലകളെ നിയന്ത്രിക്കുന്നതില്‍ ചൈനയ്ക്ക് നിലവില്‍ കാര്യമായ മുന്‍തൂക്കമുണ്ട്. ഈ സാഹചര്യത്തിൽ റെയര്‍ എര്‍ത്ത് മൂലകങ്ങൾക്കായി ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കുക എന്നതാണ് കരാറിന്റെ പ്രധാന ലക്ഷ്യം.
നിർണായക ധാതു പദ്ധതികളെ പിന്തുണയ്ക്കുന്നതിന് ധനസഹായങ്ങൾ ലഭ്യമാക്കും. വിപണി സ്ഥിരപ്പെടുത്തുന്നതിനും ചൈനയുടെ ഇടപെടൽ തടയുന്നതിനും പ്രധാന ധാതുക്കൾക്ക് വില പരിധി നിശ്ചയിക്കുക. ഓസ്ട്രേലിയയ്ക്ക് സംസ്കരണശേഷി വികസിപ്പിക്കുക. അസംസ്കൃത അയിരുകളുടെ കയറ്റുമതി കുറയ്ക്കാൻ നൂതന ശുദ്ധീകരണ സാങ്കേതികവിദ്യകൾ ലഭ്യമാക്കുക. ഭൗമരാഷ്ട്രീയ സംഘർഷങ്ങളോ വ്യാപാര നിയന്ത്രണങ്ങളോ മൂലമുണ്ടാകുന്ന ഭാവിയിലെ വിതരണ തടസ്സങ്ങളിൽ നിന്ന് സംരക്ഷണം നൽകുക. സംയുക്ത ഗവേഷണവും സാങ്കേതിക സഹകരണവും ഉറപ്പാക്കുക. ഓസ്ട്രേലിയയുടെ മെറ്റലർജിസ്റ്റുകളുടെയും കെമിക്കൽ എഞ്ചിനീയർമാരുടെയും കുറവ് പരിഹരിക്കുന്നതിനുള്ള പരിശീലന സംരംഭങ്ങൾ. എന്നിങ്ങനെ കരാറിന്റെ ലക്ഷ്യങ്ങൾ വലുതാണ്. എന്നാൽ ഇക്കാര്യത്തിൽ എത്രത്തോളം വേഗത്തിലും കാര്യക്ഷമമായും ലക്ഷ്യത്തിൽ എത്തിച്ചേരും എന്നതാണ് പ്രധാന ചോദ്യം. ചൈന കൈയടക്കിവെച്ചിരിക്കുന്ന ഒരു മേഖലയിലേക്കുള്ള കടന്നുകയറ്റം അത്ര എളുപ്പമല്ല. എങ്കിലും അമേരിക്കയെ സംബന്ധിച്ചിടത്തോളം ഇത് പ്രധാനമാണ്.
Published: 23 Oct 2025, 01:31 pm IST
ABOUT THE AUTHOR

Akhil Sivanand
akhilsivanand@mpp.co.inമാതൃഭൂമി ഡോട്ട് കോം സീനിയർ കണ്ടന്റ് റൈറ്റർ. പരിസ്ഥിതി, കാലാവസ്ഥാ പ്രശ്നങ്ങള്‍, അന്താരാഷ്ട്ര രാഷ്ട്രീയം എന്നിവയില്‍ താല്പര്യം
.Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented