ഏപ്രില്‍ 17-നാണ് അമേരിക്ക യെമനിലെ രാസ് ഇസ പെട്രോളിയം തുറമുഖത്തില്‍ വ്യോമാക്രമണം നടത്തിയത്. മരണം ഇതിനകം 80 കഴിഞ്ഞു, പരിക്കേറ്റവരുടെ എണ്ണം 171-ലധികം. മരിച്ചവരില്‍ സാധാരണക്കാരും സുരക്ഷാപ്രവര്‍ത്തകരും തുറമുഖം ജോലിക്കാരും ഒക്കെയുണ്ട്. വിമതസൈന്യമായ ഹൂതികളുടെ അധീനതയിലുള്ള തുറമുഖത്തിലെ ഇന്ധനടാങ്കുകളും ട്രക്കുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും എല്ലാം തകര്‍ന്നു. അമേരിക്കന്‍ ആക്രമണത്തില്‍ ബി 2 'അദൃശ്യ' ബോംബറുകളും ഡ്രോണുകളും നാവികസേനയും പങ്കെടുത്തു.

To advertise here,

യമനിലെ ഹുദൈദ പ്രവിശ്യയിലുള്ള തുറമുഖം ഇറാന്റെ പിന്തുണയുള്ള വിമതസേനാ വിഭാഗമായ ഹൂതികളുടെ നിര്‍ണായകമായ സാമ്പത്തിക സ്രോതസ്സാണ്. മൂന്ന് മില്യന്‍ ബാരല്‍ എണ്ണ സംഭരിക്കാനുള്ള ശേഷിയുണ്ട് തുറമുഖത്തിന്. പൊതുവേ എണ്ണ കയറ്റുമതിക്ക് ഉപയോഗിക്കപ്പെട്ടിരുന്ന തുറമുഖം ഇപ്പോള്‍ പ്രനാണ് ഉപയോഗിക്കുധാനമായും എണ്ണ ഇറക്കുമതി ചെയ്യാന്നത്. പെട്രോളിയം വിതരണം തടസ്സപ്പെടുന്നത് ഇവിടത്തെ സാധാരണക്കാരുടെ ജീവിതത്തെ ബാധിക്കും. ഇപ്പോള്‍ തന്നെ ലോകത്തിലേക്കും വലിയ മാനുഷിക ദുരന്തം നടക്കുന്ന സ്ഥലങ്ങളിലൊന്നാണ് ഹൂതികളുടെ നിയന്ത്രണത്തിലുള്ള മേഖല. വര്‍ഷങ്ങളായി സംഘര്‍ഷം നടക്കുന്ന ഇവിടെ ഇതിനകം 1,60,000 പേര്‍ കൊല്ലപ്പെട്ടു കഴിഞ്ഞു!

കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടായെങ്കിലും ഹൂതികള്‍ പത്തി മടക്കിയിട്ടില്ല. തുറമുഖത്തിലെ ആക്രമണത്തിനുശേഷം 18 ബാലിസ്റ്റിക്, ക്രൂസ് മിസൈലുകളും ഡ്രോണുകളും അവര്‍ അമേരിക്കന്‍ വിമാനവാഹിനി കപ്പലുകള്‍ക്കും ഇസ്രയേലിനും നേര്‍ക്ക് തൊടുത്തു. അതില്‍ പതിനൊന്നെണ്ണം ലക്ഷ്യമെത്തും മുമ്പ് തകര്‍ത്തു. കഴിഞ്ഞ മാര്‍ച്ച് പകുതിക്കുശേഷം ഹൂതികള്‍ ഏതാണ്ട് 80 ആക്രമണങ്ങള്‍ നടത്തി. അതില്‍ 30 എണ്ണം വിമാനവാഹിനി കപ്പലുകള്‍ക്ക് നേരെ ആയിരുന്നു, 26 എണ്ണം ഇസ്രയേലിനു നേര്‍ക്കും. അവയില്‍ മിക്കതും വഴിക്ക് വച്ച് തകര്‍ക്കപ്പെട്ടു, ലക്ഷ്യമെത്തിയവയ്ക്ക് കാര്യമായ നാശനഷ്ടങ്ങള്‍ ഉണ്ടാക്കാനും കഴിഞ്ഞില്ല.

രാസ് ഇസ തുറമുഖം ആക്രമിച്ചത് ഹൂതികളുടെ അനധികൃതമായ വരുമാനമാര്‍ഗങ്ങളെ നിയന്ത്രിക്കാനായിരുന്നു എന്ന് അമേരിക്കന്‍ സൈന്യം ന്യായീകരിക്കുന്നു. ചെങ്കടലിലെ കപ്പല്‍ഗതാഗതത്തെ ആക്രമിക്കാനും ഇസ്രായേലിനും അമേരിക്കന്‍ കപ്പലുകള്‍ക്കും നേര്‍ക്ക് മിസൈലുകളും ഡ്രോണുകളും തൊടുക്കാനുമുള്ള പണം ഇതില്‍ നിന്നാണ് വരുന്നതെന്ന് അമേരിക്ക പറയുന്നു. അതേസമയം, അമേരിക്കന്‍ ആക്രമണത്തെ ശക്തമായ ഭാഷയില്‍ ഇറാനും ഹമാസും ഐക്യരാഷ്ട്രസഭയും അപലപിച്ചിട്ടുണ്ട്. മുന്‍പ്രസിഡന്റ് ജോ ബൈഡന്റെ കാലത്ത് ഹൂതികളുടെ സൈനികകേന്ദ്രങ്ങള്‍ മാത്രമാണ് ആക്രമിച്ചിരുന്നത്. ഇപ്പോള്‍ അവരുടെ സാമ്പത്തിക അടിത്തറയേയും നേതൃത്വത്തെയും കൂടി ലക്ഷ്യം വെക്കുകയാണ് അമേരിക്ക. ഫണ്ടിങ് തടഞ്ഞ് ശത്രുവിനെ തളര്‍ത്താനുള്ള തന്ത്രമാണ് ട്രംപ് പയറ്റുന്നത്.

പക്ഷേ, പെട്ടെന്ന് ആക്രമണം രൂക്ഷമാക്കിയതിന് പിന്നിലെ പ്രധാന ലക്ഷ്യമെന്താണ്? എക്കാലവും അമേരിക്കയുടെയും ഇസ്രയേലിന്റെയും കണ്ണിലെ കരടായിരുന്ന ഇറാനെ ആണവായുധ നിര്‍മാണത്തില്‍ നിന്നും പിന്തിരിയാനും മധ്യസ്ഥചര്‍ച്ചയ്ക്കും നിര്‍ബന്ധിതമാക്കുക. മധ്യപൂര്‍വേഷ്യയിലെ ഇറാന്റെ പ്രോക്‌സികളില്‍ അവശേഷിക്കുന്നവരില്‍ ഏറ്റവും കരുത്തരാണ് ഹൂതികള്‍. ഇസ്രയേലിന്റെ നിരന്തരമായ ആക്രമണത്തില്‍ ഗാസയിലെ ഹമാസും ലെബനോനിലെ ഹിസ്ബുള്ളയും തകര്‍ന്നടിഞ്ഞതിനാല്‍ മേഖലയില്‍ ഇറാന് ആശ്രയിക്കാവുന്നതായി ബാക്കിയുള്ളത് ഹൂതികളാണ്. ഇറാഖിലും സിറിയയിലും ഇറാന്റെ പിന്തുണയുള്ള സായുധസേനകളുണ്ടെങ്കിലും അവരുടെ കാര്യം പരുങ്ങലിലാണ്. ഇറാഖിലെ മിലിഷ്യ ട്രംപിന്റെ കോപം മുന്‍കൂട്ടിക്കണ്ട് സ്വയം നിരായുധീകരിക്കാമെന്ന് ഏറ്റിരിക്കുകയാണ്!

placeholder
ചെങ്കടലിൽ ഹൂതി ആക്രമണത്തെ തുടർന്ന് മെർലിൻ ലുവാണ്ട എന്ന എണ്ണ ടാങ്കറിന് തീപിടിച്ചപ്പോൾ (ഫയൽ ചിത്രം) | Photo: Indian Navy via AP
ചെങ്കടലിൽ ഹൂതി  ആക്രമണത്തെ തുടർന്ന് മെർലിൻ ലുവാണ്ട എന്ന എണ്ണ ടാങ്കറിന് തീപിടിച്ചപ്പോൾ (ഫയൽ ചിത്രം) | Photo: Indian Navy via AP

ഹൂതികളും ഗാസയ്ക്കുള്ള പ്രതികാരവും

യെമനിലെ ഷിയാമുസ്ലീം വിഭാഗമായ സെയ്ദികളുടെ രാഷ്ട്രീയ, മതസേനയാണ് ഹൂതികള്‍. ഇസ്രയേല്‍, അമേരിക്ക, പാശ്ചാത്യലോകം എന്നിവയ്‌ക്കെതിരേ ഇറാന്‍ നയിക്കുന്ന പ്രതിരോധ അച്ചുതണ്ടിന്റെ ഭാഗമാണ് അവര്‍. 1990-കളില്‍ സംഘടന സ്ഥാപിച്ചത് പരേതനായ ഹുസൈന്‍ അല്‍ ഹൂതിയാണ്. നിലവിലെ നേതാവ് അബ്ദുല്‍ മാലിക് അല്‍ ഹൂതി അദ്ദേഹത്തിന്റെ സഹോദരനാണ്. 2015-ല്‍ അറബ് വസന്തകാലത്ത് അവര്‍ യെമന്‍ തലസ്ഥാനമായ സനാ അടക്കമുള്ള ചില വടക്കന്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്തു, 2015-ല്‍ പടിഞ്ഞാറന്‍ യെമന്റെ ഗണ്യമായ ഭാഗങ്ങളും. അന്നത്തെ പ്രസിഡന്റ് അബ്ദ്‌റബ്ബ് മന്‍സൂര്‍ ഹാദി രാജ്യം വിട്ടോടി. ഹൂതികള്‍ യെമന്‍ പിടിച്ചെടുത്ത് ഇറാന്റെ ഉപഗ്രഹരാജ്യമാക്കുമെന്ന് ഭയന്ന സൗദി അറേബ്യ അറബി രാജ്യങ്ങളുടെ സൈനികസഖ്യമുണ്ടാക്കി, യെമനില്‍ ബോംബാക്രമണ പരമ്പരകള്‍ നടത്തി. പക്ഷേ, ഹൂതികളെ നിഷ്‌കാസനം ചെയ്യാന്‍ അവര്‍ക്കായില്ല.

ഹൂതികള്‍ 2023 ഒക്ടോബറില്‍ ഗാസയില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ട കാലം മുതല്‍ അമേരിക്കന്‍-ഇസ്രയേലി താല്‍പര്യങ്ങളെ പരസ്യമായി വെല്ലുവിളിക്കുകയാണ്. 2023 നവംബര്‍ മുതല്‍ അവര്‍ ചെങ്കടല്‍ വഴിയുള്ള കപ്പല്‍ ഗതാഗതത്തെ ആക്രമിച്ചുതുടങ്ങി. ഈ വഴിക്കുള്ള 70 ശതമാനം വാണിജ്യക്കപ്പലുകളും തിരിച്ചുവിടേണ്ടിവന്നു. ചെങ്കടലിലെ വ്യാപാരക്കപ്പലുകള്‍ക്കും ഇസ്രയേലിനും നേര്‍ക്ക് അവര്‍ നൂറുകണക്കിന് മിസൈലുകളും ഡ്രോണുകളും തൊടുത്തു. വിദേശ ഭീകരസംഘടനയായി ഹൂതികളെ ജനുവരിയില്‍ പുനര്‍നാമകരണം ചെയ്ത ട്രംപ് ഭരണകൂടം അവരുടെ ആക്രമണങ്ങളെ അമേരിക്കയുടെ സമുദ്രയാന സുരക്ഷിതത്വത്തിന് നേരിട്ടുള്ള വെല്ലുവിളിയായി കാണുന്നു. 2025 മാര്‍ച്ച് 15-ന് ആക്രമണപരമ്പര തുടങ്ങിവെച്ച അമേരിക്ക മേഖലയില്‍ ഗണ്യമായ തോതില്‍ സൈനികവിന്യാസം നടത്തിയിട്ടുണ്ട്.

പലസ്തീനികളെ പിന്തുണയ്ക്കാന്‍ എന്ന പേരിലാണ് ഹൂതികള്‍ ആക്രമണം തുടങ്ങിയതെങ്കിലും വിപരീത ഫലമാണുണ്ടായതെന്ന് കരുതുന്നവരുണ്ട്. അത് അമേരിക്കയുടെയും ഇസ്രയേലിന്റെയും സംയുക്തമായ തിരിച്ചടി ക്ഷണിച്ചുവരുത്തി. ഇറാന്റെയും പ്രോക്‌സികളുടെയും മേല്‍ ട്രംപ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ ഗാസ പ്രധാനവിഷയം അല്ലാതായി. ഇസ്രയേല്‍- ഹമാസ് വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ എന്തെങ്കിലും മുന്നേറ്റം ഉണ്ടാവുന്നില്ല. തുടരുന്ന ആക്രമണങ്ങൾ പലസ്തീനിലെ പുതിയ തലമുറയെയും കടുത്ത നിലപാടുകളിലേക്ക് തള്ളിവിടാനും ഹമാസിനെ പോലുള്ള ഗ്രൂപ്പുകളെ ശക്തിപ്പെടുത്താനുമുള്ള സാധ്യതകള്‍ ശക്തമാണ്.

ഹൂതികളെ എളുപ്പത്തില്‍ മുട്ടുകുത്തിക്കാമെന്ന് അമേരിക്കയും ചിന്തിക്കാനിടയില്ല. കഴിഞ്ഞ ഒരു ദശകത്തോളമായി അവര്‍ പാശ്ചാത്യനിര്‍മിത ആയുധങ്ങളെയും ബോംബാക്രമണങ്ങളെയും തന്നെയാണ് എതിര്‍ത്തുനില്‍ക്കുന്നത്. യുദ്ധം ചെയ്ത് തഴമ്പിച്ച ഹൂതി പോരാളികളെ വ്യോമയുദ്ധത്തിലൂടെ തറപറ്റിക്കാനാവില്ലെന്നത് ഏറെക്കുറെ വ്യക്തമാണ്. ഇറാനില്‍ നിന്നും ആയുധങ്ങളെത്താനുള്ള വഴിയടഞ്ഞാല്‍ അവരെ കൂടുതല്‍ വിഷമിപ്പിക്കാനായേക്കും. എന്തായാലും യെമനിലെ സാധാരണക്കാരുടെ ജീവിതം കൂടുതല്‍ ദുരന്തപൂര്‍ണമായിരിക്കുന്നു. അത് അമേരിക്കന്‍ വിരുദ്ധവികാരം ശക്തമാക്കും, ഹൂതികളുടെ സൈനിക റിക്രൂട്ട്‌മെന്റ് അനായാസമാക്കും.

placeholder
.
ഡൊണാൾഡ് ട്രംപ് | Photo: AP

ട്രംപിന് ഇറാനെ വരുതിയിലാക്കാനാവുമോ?

ഇറാനെ ആണവപരിപാടികള്‍ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതമാക്കാനുള്ള ട്രംപിന്റെ തന്ത്രങ്ങളുടെ ഭാഗമായാണ് എണ്ണത്തുറമുഖത്തെ ആക്രമിച്ചത്. പരമാവധി സമ്മര്‍ദം എന്ന രീതിയാണ് ട്രംപ് ഇക്കാര്യത്തില്‍ സ്വീകരിച്ചിട്ടുള്ളത്. സൈനികവും സാമ്പത്തികവും നയതന്ത്രപരവുമായ സമ്മര്‍ദ നടപടികളിലൂടെ ഇറാനെ ചര്‍ച്ചയ്ക്ക് നിര്‍ബന്ധിതമാക്കുക. ഇറാന്റെ ആണവനിരായുധീകരണം സംബന്ധിച്ച 2015-ലെ സംയുക്ത സമഗ്ര കര്‍മ്മപദ്ധതിയില്‍ നിന്നും ട്രംപ് 2018-ല്‍, തന്റെ  ആദ്യപ്രസിഡന്‍സി കാലത്ത്, പിന്‍മാറിയിരുന്നു. ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ പദ്ധതി ഉള്‍പ്പെടാത്തതിനാല്‍ അത് മോശം കരാറാണെന്ന് ട്രംപ് അന്ന് വിമര്‍ശിച്ചിരുന്നു.

ആണവനിരായുധീകരണത്തിന് വഴങ്ങിയില്ലെങ്കില്‍ ഇറാനെതിരേ തന്നെ നടപടികള്‍ കടുപ്പിക്കാനാണ് അമേരിക്കന്‍ ഉദ്ദേശ്യം. പുതിയ ആണവകരാറിന് സന്നദ്ധമായില്ലെങ്കില്‍ ഇറാനില്‍ ബോംബ് വര്‍ഷിക്കുമെന്ന് ഈ മാസമാദ്യം ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. ഇറാന്റെ എണ്ണ കയറ്റുമതിയെ ശ്വാസംമുട്ടിക്കാന്‍ അമേരിക്ക ഉപരോധങ്ങള്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. പ്രത്യേകിച്ച്, ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്ന പ്രധാനപ്പെട്ട രാജ്യങ്ങളില്‍ ഒന്നായ ചൈനയിലേക്കുള്ള കയറ്റുമതിക്ക്. ഇറാന് സഹായം നല്‍കുന്നതായി ആരോപിക്കപ്പെടുന്ന റഷ്യ, യു.എ.ഇ, തുടങ്ങിയ രാജ്യങ്ങളിലെ കമ്പനികളെയും അമേരിക്കന്‍ ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റ് ലക്ഷ്യം വച്ചിട്ടുണ്ട്.

ഇറാന്റെ ആണവപദ്ധതി തുടര്‍ന്നു കൊണ്ടുപോകുന്നതിന് ആവശ്യമായ സാമ്പത്തിക സ്രോതസ്സുകള്‍ അടയ്ക്കുക, പ്രോക്‌സി ശൃംഖലകളെ ഇല്ലാതാക്കുക, ഇറാന്റെ ആണവ പ്രവര്‍ത്തനങ്ങള്‍ക്ക് ശാശ്വതനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന പുതിയ ആണവ കരാര്‍ ഉണ്ടാക്കുക- ട്രംപ് ലക്ഷ്യംവെക്കുന്നത് ഇവയാണ്. ബാലിസ്റ്റിക് മിസൈല്‍ പദ്ധതികളെയും നിയന്ത്രിക്കാന്‍ കൂടി ഉദ്ദേശിച്ചുള്ളതാണ് ട്രംപിന്റെ മനസ്സിലുള്ള കരാര്‍. ഒമാനില്‍ ഏപ്രില്‍ മാസം തുടങ്ങിയ ആദ്യഘട്ട മാധ്യസ്ഥ ചര്‍ച്ചകളില്‍ കാര്യമായ പുരോഗതി ഉണ്ടായില്ല. നേരിട്ട് ചര്‍ച്ച ചെയ്യാമെന്ന് ട്രംപ് നിര്‍ദ്ദേശിക്കുമ്പോള്‍ ഇടനിലക്കാര്‍ വഴി പരോക്ഷ ചര്‍ച്ചകള്‍ മതി എന്നാണ് ഇറാന്റെ പക്ഷം. 2015-ലെ കരാര്‍ ഉപേക്ഷിച്ചത് പോലെ പുതുതായി ഉണ്ടാക്കുന്ന കരാര്‍ ഉപേക്ഷിക്കില്ലെന്ന് ഉറപ്പു വേണമെന്ന് ഇറാന്‍ ആവശ്യപ്പെടുന്നു.

രണ്ടുമാസത്തിനകം കരാര്‍ ഉണ്ടാക്കണമെന്ന അന്ത്യശാസനമാണ് ട്രംപ് നല്‍കിയിരിക്കുന്നതെങ്കിലും ഇറാന്‍ കുലുങ്ങുമെന്നു തോന്നുന്നില്ല. യുറേനിയം സമ്പുഷ്ടീകരിക്കുന്ന കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നും മിസൈല്‍ പദ്ധതിയില്‍ നിയന്ത്രണത്തിനു തയ്യാറല്ലെന്നും പരമോന്നത ആത്മീയ നേതാവ് ആയത്തൊള്ള ഖമേനി  വ്യക്തമാക്കിയിരുന്നു. ഇറാനെതിരായ ആക്രമണത്തെ പിന്തുണയ്ക്കുന്നത് രാജ്യത്തിനെതിരായ നീക്കമായി കാണുമെന്ന് വിദേശമന്ത്രി അബ്ബാസ് അരാഗ്ച്ചി അയല്‍രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഇറാന്‍ സ്വന്തമായി അണ്വായുധം നിര്‍മിക്കുന്നതിന് അടുത്തെത്തിയിരിക്കുകയാണ് എന്ന സൂചനകള്‍ അമേരിക്കയെ കൂടുതല്‍ സമ്മര്‍ദത്തിലാഴ്ത്തുന്നു. മധ്യസ്ഥ ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ കാര്യങ്ങള്‍ കൈവിട്ടു പോകാനുള്ള സാധ്യത കൂടുതലാണ്.

ഇന്ത്യയ്ക്കും തലവേദന

എണ്ണ ഇറക്കുമതിയെ വലിയതോതില്‍ ആശ്രയിക്കുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യന്‍ മഹാസമുദ്രവുമായി ബന്ധപ്പെട്ടു കിടക്കുന്ന ചെങ്കടലിലെ കപ്പലുകള്‍ക്കു നേരെ ഹൂതികള്‍ ആക്രമണം നടത്താന്‍ തുടങ്ങിയതോടെ എണ്ണ ടാങ്കറുകളടക്കമുള്ള കപ്പലുകള്‍ ആഫ്രിക്കയിലെ പ്രത്യാശാ മുനമ്പുവഴി തിരിച്ചുവിടേണ്ടി വന്നു. അവ യൂറോപ്പിലെത്താന്‍ പത്തു പതിന്നാലു ദിവസം കൂടുതലെടുക്കും. സമയനഷ്ടവും സാമ്പത്തികനഷ്ടവും. നമുക്കാവശ്യമുള്ള എണ്ണയുടെ 60 ശതമാനവും വാങ്ങുന്നത് മേഖലയിലെ സൗദി അറേബ്യ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ്. അതുപോലെ, യൂറോപ്പിലേക്ക് ഇന്ത്യ അയക്കുന്ന സംസ്‌കരിച്ച പെട്രോളിയവും കൂടിയ വിലയ്ക്ക് വില്‍ക്കേണ്ടി വരും.

മറ്റൊന്ന് ഇന്ത്യയും ഇറാനും ആയുള്ള സാമ്പത്തികവും നയതന്ത്രപരവുമായ ബന്ധമാണ്. കടുത്ത പാശ്ചാത്യസമ്മര്‍ദ്ദമുണ്ടായിട്ടും ഇറാനുമായി ഇന്ത്യ ബന്ധം വിച്ഛേദിച്ചില്ല. ഇന്ത്യയെ അഫ്ഗാനിസ്താനും മധ്യേഷ്യയുമായി ബന്ധിപ്പിക്കാനുദ്ദേശിച്ചുള്ള ചബഹാര്‍ തുറമുഖം ഉദാഹരണം. മധ്യപൂര്‍വേഷ്യ യുദ്ധത്തിലേക്കു നീങ്ങിയാല്‍ അത് ഇന്ത്യയുടെ നയതന്ത്രസന്തുലനത്തെ ബാധിക്കും. ചെങ്കടല്‍ മേഖലയിലെ തടസ്സങ്ങള്‍ ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ പ്രവാസികളെയും ബാധിക്കും. ഈ മേഖലയിലെ വാണിജ്യകപ്പലുകളെ സംരക്ഷിക്കാന്‍ പടക്കപ്പലുകളെ നിയോഗിച്ചിരിക്കുന്നത് ഇന്ത്യയുടെ ദേശീയ താല്‍പര്യത്തിന് അത് എത്ര പ്രധാനപ്പെട്ടതാണെന്നതിന്റെ സൂചനയാണ്.