
മാനവ വിഭവശേഷി നിക്ഷേപത്തിന് (Investment in Human Capital) ഊന്നല്‍ നല്‍കുന്നുവെന്നു പ്രഖ്യാപിച്ചു കൊണ്ടുള്ള ഒരു ബജറ്റാണ് പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെട്ടത്. സാങ്കേതികവിദ്യ, അടിസ്ഥാന സൗകര്യങ്ങള്‍, നൈപുണ്യ വികസനം എന്നിവയിലെ പുരോഗതിക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് വിദ്യാഭ്യാസ മേഖലയ്ക്ക് 1.28 ലക്ഷം കോടി രൂപയാണു ഈ ബജറ്റ് വകയിരുത്തിയിരിക്കുന്നത്. അതില്‍ തന്നെ സ്‌കൂള്‍-ഉന്നത വിദ്യാഭ്യാസത്തിന് വേണ്ടിയുള്ള പദ്ധതികള്‍ പ്രധാനമാണ്. എല്ലാ സ്‌കൂളുകളിലും അടല്‍ ടിങ്കറിങ്ങ് ലാബുകള്‍, എല്ലാ ഹൈസ്‌ക്കൂള്‍ - ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും ബ്രോഡ്ബാന്റ് കണക്ഷനുകള്‍, പ്രാദേശിക ഭാഷകളില്‍ ഡിജിറ്റല്‍ പാഠപുസ്തകങ്ങള്‍ ലഭ്യമാക്കുന്നതിനായുള്ള ഭാരതീയ ഭാഷാ പുസ്തക പദ്ധതി എന്നിവയൊക്കെയാണ് സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ പുതുതായി പറഞ്ഞ പരിപാടികളില്‍ ശ്രദ്ധേയമായ ചിലത്. ഉന്നത വിദ്യാഭ്യാസത്തിനാവട്ടെ നൂതനത്വത്തിനും (Innovation) നിര്‍മ്മിത ബുദ്ധിക്കും (Artificial Intelligence) ഗവേഷണത്തിനും പ്രാധാന്യം കൊടുക്കുന്ന പല നിര്‍ദ്ദേശങ്ങളുമുണ്ട്. ഉദാഹരണത്തിനു മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് അടുത്ത അഞ്ചു വര്‍ഷങ്ങള്‍ക്കകം എഴുപത്തിഅയ്യായിരം പുതിയ സീറ്റുകള്‍ വിഭാവനം ചെയ്യുന്ന ബജറ്റ് അടുത്ത വര്‍ഷം പതിനായിരം പുതിയ സീറ്റുകള്‍ ഇതിനകം തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞു. ഈ ബജറ്റ് പ്രഖ്യാപനങ്ങള്‍ കേരളത്തിന്റെ വിദ്യാഭ്യാസ മേഖലക്ക് എത്രത്തോളം പ്രയോജനം ചെയ്യുമെന്നു നോക്കുന്നത് ഇവിടെ പ്രസക്തമായിരിക്കും.
ബജറ്റ് വഴിയുള്ള കേന്ദ്ര പദ്ധതികള്‍ പ്രധാനമായി രണ്ടുതരത്തിലുണ്ട്- കേന്ദ്ര സഹായ പദ്ധതികളും ( Central Sector Schemes) കേന്ദ്രാവിഷ്‌കൃതപദ്ധതികളും ( Centrally Sponsored Schemes). ഇതില്‍ ആദ്യത്തേത് പ്രത്യേക സ്ഥാപനങ്ങള്‍ക്കും പ്രത്യേക പ്രദേശങ്ങള്‍ക്കുമായി കേന്ദ്ര സര്‍ക്കാര്‍ചില മുന്‍ഗണനനകള്‍ പ്രകാരം തിരഞ്ഞെടുക്കുന്ന ഇടങ്ങളില്‍ മാത്രം നടപ്പിലാക്കുന്നതാണ്. എന്നാല്‍ ഓരോ സംസ്ഥാനത്തിനും പ്രഖ്യാപിത പദ്ധതികളുടെ ഗുണഫലം ലഭിക്കാനുള്ള സാദ്ധ്യതകളെക്കുറിച്ച് അറിയണമെങ്കില്‍ കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്കുവേണ്ടി നീക്കിവെച്ചിരിക്കുന്ന പദ്ധതിവിഹിതം എത്രയാണെന്ന് ആദ്യം പരിശോധിക്കേണ്ടതുണ്ട്.
സ്‌കൂള്‍ വിദ്യാഭ്യാസമേഖല
സ്‌കൂള്‍ വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള മിക്കവാറും എല്ലാം കേന്ദ്ര പരിപാടികളും കേന്ദ്രാവിഷ്‌കൃത പദ്ധതിയായ സമഗ്ര ശിക്ഷ അഭിയാന്‍ വഴിയാണ് സംസ്ഥാനങ്ങള്‍ നടപ്പാക്കുന്നത്. ഇതിനുപുറമേ ഉച്ചഭക്ഷണത്തിനു വേണ്ടിയുള്ള പി.എം പോഷണ്‍ പദ്ധതിയും പഠന-ബോധനം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയുള്ള സ്റ്റാര്‍സ് പദ്ധതിയുമാണ് മറ്റു രണ്ടു പദ്ധതികള്‍. ഈ മൂന്ന് തുടര്‍ പദ്ധതികള്‍ക്കും പുറമേ രണ്ടുവര്‍ഷം മുമ്പ് ആരംഭിച്ച പി.എം. ശ്രീ പദ്ധതിയാണ് മറ്റൊരു കേന്ദ്രപദ്ധതി.ഈ പദ്ധതികളിലെല്ലാം കൂടി കേരളത്തിന്റെ സ്‌കൂള്‍ വിദ്യാഭ്യാസ മേഖലക്ക് എത്രമാത്രം ഗുണകരമാകുമെന്നു നോക്കാം.
ബജറ്റില്‍ പ്രത്യേകമായി പ്രഖ്യാപിച്ച അടല്‍ ടിങ്കറിംഗ് ലാബുകള്‍ക്കും ബ്രോഡ്ബാന്‍ഡ് കണക്ടിവിറ്റിക്കും എക്‌സ്‌പെന്‍ഡിച്ചര്‍ ബജറ്റില്‍ പ്രത്യേകം വകയിരുത്തലുകള്‍ ഒന്നും ഇല്ലാത്തത് കൊണ്ടുതന്നെ സംസ്ഥാനങ്ങള്‍ക്ക് ഇവ എങ്ങനെ ഗുണകരമാവുമെന്ന് ഇപ്പൊള്‍ പറയാന്‍വയ്യ. ഇവ സമഗ്ര ശിക്ഷ പദ്ധതിയുടേയോ, സ്റ്റാര്‍സിന്റെയോ ഉപഘടകങ്ങളായി നടപ്പാക്കുവാനാണ് സാധ്യത. അങ്ങിനെയാണെങ്കില്‍ അവ സംസ്ഥാനങ്ങള്‍ക്ക് എത്രമാത്രം പ്രയോജനപ്പെടുമെന്ന് കണ്ടിരുന്നു കാണുക തന്നെ വേണം.ഇനി ബ്രോഡ്ബാന്‍ഡ് കണക്ടിവിറ്റിയുടെ കാര്യമെടുക്കുകയാണെങ്കില്‍ അതിന്റെ ഗുണഫലം കേരളത്തിനുണ്ടാവുമോ എന്നത് സംശയമാണ്. കാരണം കേരളത്തില്‍ എല്ലാ ഗവണ്‍മെന്റ് സ്‌കൂളുകളിലും കൈറ്റ് (KITE) വഴി ഇന്റര്‍നെറ്റ് കണക്ഷനും ഹൈടെക് ക്ലാസ് പദ്ധതിയും ഇപ്പോള്‍ തന്നെ നടപ്പിലാക്കുന്നുണ്ട്.
സമഗ്ര ശിക്ഷയും പി.എം. ശ്രീയും കേരളത്തിന്റെ നിരാശയും
പക്ഷെ കേരളത്തിലെ പ്രധാന പ്രശ്‌നം മേല്‍പറഞ്ഞ പദ്ധതികളില്‍ സമഗ്ര ശിക്ഷയും പി.എം. ശ്രീയുമായി ബന്ധപ്പെട്ടതാണ്. കഴിഞ്ഞ വര്‍ഷം ഈ രണ്ടു പദ്ധതികള്‍ വഴിയും കേരളത്തിന് ഒരു ഫണ്ടും ലഭിച്ചിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. ഇതിനു കൃത്യമായ ഒരു കാരണവുമുണ്ട്. സ്‌കൂള്‍ വിദ്യാഭ്യാസത്തിന് കാര്യമായി പിന്തുണ നല്‍കുന്ന ഒരു കേന്ദ്ര പദ്ധതിയായിരുന്നു സമഗ്ര ശിക്ഷ അഭിയാന്‍ (മുന്‍പ് സര്‍വ ശിക്ഷ അഭിയാന്‍).കേരളത്തിനും മുന്‍കാലങ്ങളില്‍ ഇതിന്റെ ഗുണഫലം ലഭിച്ചിട്ടുണ്ട്.
എന്നാല്‍ മുന്‍കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി സമഗ്ര ശിക്ഷ അഭിയാന്‍ വഴി ഫണ്ട് ലഭിക്കുന്നതിനുള്ളവ്യവസ്ഥകളായി പി.എം. ശ്രീ പദ്ധതിയും പുതിയ വിദ്യാഭ്യാസ നയവും നടപ്പാക്കുന്നത് മുന്നോട്ടുവയ്ക്കപ്പെട്ടിരിക്കയാണ്.സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ കരിക്കുലവും സംസ്ഥാന പദ്ധതി മുന്‍ഗണനകളും മാറ്റി മറിക്കാനുള്ള പ്രധാന ഉപാധിയാക്കി കേന്ദ്ര ഗവണ്‍മെന്റ് പി.എം. ശ്രീ പദ്ധതിയെ ഉപയോഗിക്കുന്നതുകൊണ്ടുതന്നെ കേരളം ഈ പദ്ധതിയെ നയപരമായി അംഗീകരിച്ചിട്ടില്ല.
കടുത്ത വ്യവസ്ഥകളോടെയുള്ള പി.എം. ശ്രീ പദ്ധതി നടപ്പാക്കുന്നത്,സ്‌കൂള്‍ വിദ്യാഭ്യാസരംഗത്ത് കേരളം ഇതുവരെ കൈവരിച്ച തുല്യതയിലും ജനാധിപത്യ മൂല്യങ്ങളിലും ഊന്നിയുള്ള നേട്ടങ്ങള്‍ തുടര്‍ന്നു കൊണ്ടു പോവുന്നതിന് തടസ്സമാവും. അതുകൊണ്ട് സംസ്ഥാനത്തിനു ഈ നയപരമായ തീരുമാനത്തില്‍ ഉറച്ച് നില്‍ക്കേണ്ടി വരും. അതുകൊണ്ടു തന്നെ സമഗ്ര ശിക്ഷ വഴിയോ പി. എം ശ്രീ വഴിയോ കേരളത്തിന് ഒരു ഫണ്ടും ഈ വര്‍ഷവും ലഭിക്കാനുള്ള സാധ്യതയില്ല.
സ്‌കൂള്‍ വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള എല്ലാ കേന്ദ്ര പദ്ധതികള്‍ക്കുമായി ആകെ5723 കോടി രൂപയുടെ വര്‍ദ്ധനവ് ഉണ്ട്.ഇതില്‍ 3000 കോടി രൂപ പി.എം. ശ്രീക്കും ബാക്കി തുക സമഗ്ര ശിക്ഷക്കും സ്റ്റാര്‍സിനുമാണ്.കേരളത്തിന് സാധാരണയായി ഫണ്ട് ലഭിക്കാറുള്ള പദ്ധതിയായ പി.എം. പോഷണ്‍ -ഉച്ചഭക്ഷണ പരിപാടിക്ക് കഴിഞ്ഞ വര്‍ഷത്തെ അതേ വിഹിതം നിലനിര്‍ത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ കഴിഞ്ഞവര്‍ഷം കേരളത്തിന് ലഭിച്ച വിഹിതം ഈ വര്‍ഷവും ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.
ചുരുക്കത്തില്‍ 2025-26 ലെ കേന്ദ്ര ബജറ്റില്‍ സ്‌കൂള്‍ വിദ്യാഭ്യാസത്തിനായി 78,572 കോടിരൂപ വകയിരുത്തിയിട്ടും, കേരളത്തിന് 200-250 കോടിരൂപ മാത്രമേ ലഭിക്കൂ, അതും ഉച്ചഭക്ഷണ പദ്ധതിക്കും നാമമാത്രമായി സ്ടാര്‍സിനും മാത്രം. സമഗ്ര ശിക്ഷാ അഭിയാന്‍ പദ്ധതിയിലോ പിഎം ശ്രീ പദ്ധതിയിലോ സംസ്ഥാനത്തിന് ഈ വര്‍ഷവും ധനസഹായം ലഭിക്കുന്നതിനെക്കുറിച്ച് ഇതുവരെ സൂചനയൊന്നുമില്ല. ഈ കേന്ദ്രീകൃത പദ്ധതികളില്‍ നിന്ന് തുടര്‍ന്നും പ്രയോജനം നേടുന്ന മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ഇത് തികച്ചും വ്യത്യസ്തമാണ്. ഇത് ഫണ്ടിംഗ് അസമത്വത്തെയും കേരളത്തിലെ സ്‌കൂള്‍ വിദ്യാഭ്യാസ മേഖലയോടുള്ള കേന്ദ്രത്തിന്റെ സമീപനത്തെയുംകുറിച്ച് കടുത്ത ആശങ്കകളാണ് ഉയര്‍ത്തുന്നത്.
ഉന്നത വിദ്യാഭ്യാസ മേഖല
ഉന്നത വിദ്യാഭ്യാസത്തിന്റെ കാര്യമെടുത്താല്‍ പ്രഖ്യാപിത പദ്ധതി നിര്‍ദ്ദേശങ്ങളൊക്കെ തന്നെ സ്ഥാപന കേന്ദ്രീകൃതമാണെന്നു കാണാം. അതായത്, കേന്ദ്ര സഹായ പദ്ധതികള്‍ (central sector schemes) മിക്കവാറും നടപ്പാക്കപ്പെടുന്നത് കേന്ദ്ര സര്‍ക്കാരിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ തിരഞ്ഞെടുക്കുന്ന സ്ഥാപനങ്ങള്‍ വഴി മാത്രമായിരിക്കും. ഉദാഹരണത്തിന് ഗവേഷണവും നൂതനത്വവും മെച്ചപ്പെടുത്തുന്നത്തിനുള്ള പരിപാടികള്‍ പൂര്‍ണമായും ഐ.ഐ.ടി കളെ (മാത്രം എന്ന് പറയാം) കേന്ദ്രീകരിച്ചാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഇവിടെയൊന്നും തന്നെ സംസ്ഥാന സര്‍കാരുകള്‍ക്കോ പ്രാദേശികമായി പ്രാധാന്യമുള്ള മറ്റു ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കോ യാതൊരു പങ്കുമില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
അന്താരാഷ്ട്ര നിലവാരമുള്ള അഞ്ച് നൈപുണ്യ മികവു കേന്ദ്രങ്ങള്‍ ഈ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട് ഐ.ഐ.ടി യെ പരിഗണിച്ചുകൊണ്ട് ഇതില്‍ ഒന്നെങ്കിലും കേരളത്തില്‍ വന്നിരുന്നെങ്കില്‍ നന്നാകുമായിരുന്നു. അതുപോലെ തന്നെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഒരു മികവ് കേന്ദ്രം 500 കോടി മുതല്‍ മുടക്കില്‍ തുടങ്ങുമെന്നാണ് മറ്റൊരു പ്രഖ്യാപനം. എന്നാല്‍ രാജ്യത്തിനു മൊത്തമായി ഒരു കേന്ദ്രം മാത്രമായതിനാല്‍ തന്നെ അത് കേരളത്തിനത് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതില്‍ പോലും അര്‍ത്ഥമില്ലെന്നു തോന്നുന്നു.
പി.എം. ഉഷയും ഉന്നത വിദ്യാഭ്യാസവും
2023-ല്‍ പി.എം.ഉഷ എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ട, മുന്‍പ് റൂസ എന്നറിയപ്പെട്ടിരുന്ന പദ്ധതിയാണ് കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍ കേരളത്തിനു ഫണ്ടിന് അപേക്ഷിക്കാനെങ്കിലും അര്‍ഹതയുള്ള ഏക പദ്ധതി. രാജ്യത്തെ മുഴുവന്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമായുള്ള ഈ പദ്ധതിക്കാകട്ടെ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വെറും ഒരു കോടി രൂപയാണ് അധികമായി വകയിരുത്തിയിരിക്കുന്നത്. 1814 കോടിയായിരുന്നത് ഇപ്പോള്‍ 1815 കോടിയായി ഉയര്‍ത്തിയിരിക്കുന്നു!
മുന്‍ വര്‍ഷങ്ങളില്‍ ഈ പദ്ധതിയുടെ ചെലവും പരമ ദയനീയമാണെന്ന് പറയാതെ വയ്യ. 2023-24ല്‍ 186 കോടി രൂപയാണ് രാജ്യത്താകെ ഈ പദ്ധതിയില്‍ നിന്നും മൊത്തം ചെലവായിരിക്കുന്നത്. കേരളത്തിനകട്ടെ 2013 മുതല്‍ 2022-23 വരെ ഈ പദ്ധതി പ്രകാരം കിട്ടിയിരിക്കുന്നത് വെറും 259 കോടി രൂപ! അതായത്, ഒരു വര്‍ഷം ശരാശരി 25.9 കോടി രൂപ വീതം.
ഉന്നത വിദ്യാഭ്യാസ രംഗത്തെ വിദ്യാര്‍ഥികളുടെ ശരാശരിയില്‍ ഇന്ത്യയില്‍ രണ്ടാമത് വരുന്ന സംസ്ഥാനത്തിനാണ് ഇത്രയും ചെറിയ തുക വകയിരുത്തുന്നതെന്നോര്‍ക്കണം. ഉന്നത വിദ്യാഭ്യാസ രംഗത്ത് സമൂലമായ മാറ്റങ്ങള്‍ നടന്നു കൊണ്ടിരുക്കുന്ന ഈ കാലത്ത് പിറകോട്ടു പോവാതിരിക്കുവാന്‍ വലിയ തോതില്‍ തന്നെ സംസ്ഥാന സര്‍ക്കാരിനു ഈ മേഖലയില്‍ നിക്ഷേപങ്ങള്‍ നടത്തേണ്ടി വരും. ഈയൊരു സാഹചര്യത്തില്‍ നാമമാത്രമായ കേന്ദ്ര സഹായം ഒട്ടും ആശാസ്യകരമല്ല എന്നു മാത്രമല്ല ഒട്ടനവധി ആശങ്കകള്‍ ഉണര്‍ത്തുന്നതുമാണ്.
ഉന്നത വിദ്യാഭ്യാസവും സ്‌കൂള്‍ വിദ്യാഭ്യാസവും മൊത്തത്തില്‍ പരിഗണിക്കുമ്പോള്‍ കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍ നിന്ന് അടുത്ത സാമ്പത്തിക വര്‍ഷം കേരളത്തിന് ലഭിക്കുമെന്ന് പ്രതീക്ഷിക്കാവുന്ന ആകെ തുക 250-300 കോടി രൂപ മാത്രമായിരിക്കും.കേന്ദ്ര പദ്ധതികളുടെ വകയിരുത്തലും കേരളത്തിന്റെ നയപരമായ തീരുമാനങ്ങളും ഇതുവരെയുള്ള ഫണ്ട് ലഭ്യതയും പരിഗണിച്ചു കൊണ്ടാണ് ഈ വിലയിരുത്തല്‍. സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ മേഖലയുടെ ഗുണമേന്‍മ മെച്ചപ്പെടുത്തലും ഉന്നത വിദ്യാഭ്യാസ പരിഷ്‌ക്കരണവും സാധ്യമാക്കണമെങ്കില്‍ സംസ്ഥാനത്ത് വിദ്യാഭ്യാസ മേഖലയില്‍ വന്‍ നിക്ഷേപം ആവശ്യമുണ്ട്. എല്ലാ സംസ്ഥാനങ്ങള്‍ക്കുമെന്നതുപോലെ കേരളത്തിന് അര്‍ഹതപ്പെട്ട കേന്ദ്ര ഫണ്ട് ലഭ്യമായേ മതിയാവൂ. കേരളത്തില്‍ നിന്ന് ലഭിക്കുന്ന വിദ്യാഭ്യാസ സെസില്‍ നിന്നുള്ള ആനുപാതിക വിഹിതമെങ്കിലും കേരളത്തിന് ലഭ്യമാക്കണം. പൊതു നിക്ഷേപത്തിന് പുറമേ സ്വകാര്യ മേഖലയുടെ പങ്കാളിത്തം കൂടി ഉറപ്പാക്കി കൊണ്ട് സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയെ ലോക നിലവാരത്തിലേക്കുയര്‍ത്താനുള്ള എന്തെങ്കിലും നിര്‍ദ്ദേശങ്ങള്‍ സംസ്ഥാന ഗവണ്‍മെന്റിന്റെ ഭാഗത്ത് നിന്നുണ്ടാവുമോ എന്നത് സംസ്ഥാന ബജറ്റ് കൂടി പ്രഖ്യാപിച്ചതിന് ശേഷം വിലയിരുത്താവുന്നതാണ്.
(തിരുവനന്തപുരം ലൊയോള കോളേജില്‍ റിസര്‍ച്ച് ഓഫീസറാണ് ലേഖകന്‍)
Content Highlights: union budget allocation of fund on education sector in kerala
Published: 06 Feb 2025, 12:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented