
ധാതുസമ്പന്നമായ മേഘാലയയിലെ മലനിരകളുടെ മാത്രം സവിശേഷതയായിരുന്നു യന്ത്രസാമഗ്രികളൊന്നും ഉപയോഗിക്കാതെയുള്ള കല്‍ക്കരിഖനനം. മലയോരങ്ങളില്‍ പലതിലും എലിതീര്‍ത്ത മാളങ്ങള്‍ പോലെയുള്ള ചെറുതുരങ്കങ്ങള്‍ കാണാം. കല്‍ക്കരി ഖനനം അവശേഷിപ്പിച്ച തുരങ്കങ്ങളാണ് ഇവയെല്ലാം. മലയുടെ വശത്തുനിന്ന് മണ്‍വെട്ടികൊണ്ട് ചെറിയ ദ്വാരമുണ്ടാക്കി അകത്തുകടന്ന് കല്‍ക്കരി നിക്ഷേപം കാണുന്നതുവരെ കുഴിച്ചു കുഴിച്ചു ചെല്ലുന്ന ഖനനരീതിയാണ് ഇവിടത്തേത്ത്. 'റാറ്റ് ഹോള്‍ മൈനിങ് അഥവാ എലിമാളഖനനം' എന്നാണ് ഈ ഖനനരീതി അറിയപ്പെടുന്നത് പോലും. ചിറാപ്പുഞ്ചിയും ഷില്ലോങ്ങും മൗലിന്നോങ്ങും തുടങ്ങി എണ്ണമറ്റ വെള്ളച്ചാട്ടങ്ങളും പൂക്കളും മഞ്ഞും വിരിച്ച മലയോരങ്ങളുമടങ്ങുന്ന വശ്യസൗന്ദര്യം തേടിയെത്തുന്ന സഞ്ചാരികളെ ഈ ഖനികളും ആകര്‍ഷിക്കാറുണ്ട്. മേഘാലയ കയറിയെത്തുന്ന സഞ്ചാരികള്‍ മിക്കപ്പോഴും ഈ കുടുസ്സുഖനികളുംകൂടി കണ്ടിട്ടേ മടങ്ങാറുള്ളൂ.
ഉത്തരാഖണ്ഡില്‍ തുരങ്കനിര്‍മാണത്തിനിടെ കുടുങ്ങിപ്പോയ തൊഴിലാളികള്‍ക്കായി രക്ഷാമാര്‍ഗം തുറന്നത് ഉത്തര്‍ പ്രദേശില്‍നിന്നെത്തിയ റാറ്റ് മൈനേഴ്‌സ് ആയിരുന്നു. ഇതോടെ ഉത്തരേന്ത്യയിലുള്ള റാറ്റ് മൈനേഴ്‌സ് സംഘവും അവിടെയുള്ള ജീവിതങ്ങളും വീണ്ടും ചര്‍ച്ചയിലുയരുകയാണ്. ആരാണ് റാറ്റ് മൈനേഴ്‌സ്? എവിടെ നിന്നാണ് ഇവര്‍ക്ക് പരിശീലനം ലഭിക്കുന്നത്? റാറ്റ് മൈനിങ്ങിന്റെ പാരിസ്ഥിതിക പ്രത്യാഘാതങ്ങളെന്തൊക്കെയാണ്? റാറ്റ് മൈനിങ്ങ് ഇന്ത്യയില്‍ നിരോധിക്കാന്‍ കാരണമെന്താണ്?

എന്താണ് റാറ്റ് മൈനിങ്ങ്?
രണ്ടരയടി വ്യാസമുള്ള കുഴലുകളില്‍പ്പോലും നുഴഞ്ഞുകടന്ന് മണ്ണുതുരന്ന് അഞ്ചുമുതല്‍ 100 മീറ്റര്‍വരെ ആഴത്തിലുള്ള തുരങ്കങ്ങള്‍ നിര്‍മിക്കുന്നവരാണ് റാറ്റ്ഹോള്‍ മൈനേഴ്സ്. എലികള്‍ തുരക്കുന്ന രീതിയിലാണ് ദുര്‍ഘടംപിടിച്ച മേഖലകളില്‍ ഇവര്‍ തുരന്നിറങ്ങുന്നത്. അതുകൊണ്ടുതന്നെയാണ് റാറ്റ് ഹോള്‍ മൈനേഴ്‌സ് എന്ന് വിളിക്കുന്നത്. കല്‍ക്കരി ഖനനം ചെയ്യാനാണ് സാധാരണയായി ഇവര്‍ ഇത്തരത്തിലുള്ള തുരങ്കങ്ങള്‍ നിര്‍മിക്കുന്നത്. കല്‍ക്കരി നിക്ഷേപം തിരിച്ചറിയുന്ന മലഞ്ചെരിവുകളില്‍ മാളങ്ങളുണ്ടാക്കിയാണ് ഇവര്‍ ഖനനം നടത്തുക.
റാറ്റ് മൈനിങ്ങില്‍ തന്നെ പലതരം രീതിയില്‍ ഖനനപ്രവര്‍ത്തനങ്ങളുണ്ട്. കല്‍ക്കരി നിക്ഷേപം മലഞ്ചെരിവുകളിലാണെങ്കില്‍ ചെരിവുകളില്‍ നിന്ന് ചതുരാകൃതിയില്‍ മാളങ്ങളുണ്ടാക്കി അകത്തേക്ക് കടക്കുകയാണ് ചെയ്യുക. നിരപ്പായ പ്രദേശങ്ങളിലാണെങ്കില്‍ വൃത്താകൃതിയില്‍ ചെറുകുഴികളുണ്ടാക്കും. അഞ്ച് ചതുരശ്രമീറ്റര്‍ വീതിയിലും 400-500 അടി ആഴത്തിലുമുള്ള ഇത്തരം കുഴികളിലേക്ക് ഏണിയുടേയോ കയറിന്റേയോ സഹായത്തോടെ ഇറങ്ങിച്ചെന്നാണ് ഖനനം നടത്തുന്നത്. പ്രദേശത്തിന്റെ സവിശേഷത പോലെയാണ് ഏത് രീതിയിലാണ് ഖനനം നടത്തേണ്ടതെന്ന് നിശ്ചയിക്കുക. കല്‍ക്കരി സാന്നിധ്യമുള്ള പ്രദേശങ്ങളെ പുറംപാളികളില്‍ നിന്നുതന്നെ തിരിച്ചറിയാന്‍ സാധിക്കും. പാറയ്ക്ക് മുകളിലുള്ള കറുപ്പ്, തവിട്ടുനിറത്തിലുള്ള പാളികളാണ് കല്‍ക്കരി സാന്നിധ്യമുണ്ടെന്നതിന്റെ പ്രധാനസൂചനകള്‍. ഇത്തരം സ്ഥലങ്ങളില്‍ ചെറിയ ആയുധങ്ങള്‍ ഉപയോഗിച്ച് കൈക്കരുത്തിനെ പ്രധാനമാക്കിയാണ് റാറ്റ് ഹോള്‍ മൈനര്‍മാര്‍ തുരന്നുപോവുന്നത്.
അപകടം, ഭയാനകം
അത്യന്തം അപടകരമായ തുരക്കല്‍രീതിയാണെങ്കിലും കല്‍ക്കരിഖനനത്തിനും മറ്റ് വ്യാവസായിക പ്രവര്‍ത്തനങ്ങള്‍ക്കും ഹോള്‍ മൈനേഴ്‌സിനെ പതിവായി ഉപയോഗിക്കുന്നുണ്ട്. 2014 മുതല്‍ നിരോധനമുണ്ടെങ്കിലും ഇപ്പോഴും അനധികൃതമായി കല്‍ക്കരിഖനികളില്‍ ഇവരെ നിയോഗിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒപ്പം തുരങ്ക അപകടങ്ങളിലടക്കം രക്ഷാമാര്‍ഗം തുറക്കാന്‍ ഉത്തരേന്ത്യയില്‍ ഇവരുടെ പങ്ക് നിര്‍ണായകമാണ്. റാറ്റ്ഹോള്‍ മൈനിങ് അപകടകരമാണെങ്കിലും ലഭിക്കുന്ന പ്രതിഫലം താരതമ്യേന ഉയര്‍ന്നതായതിനാല്‍ തൊഴിലാളികള്‍ പലപ്പോഴും ജീവന്‍ പണയംവെച്ച് കുഴിച്ചിറങ്ങുകയാണ് ചെയ്യുക. നാല്-അഞ്ച് അടി വ്യാസത്തിലുള്ള തുരങ്കങ്ങളിലൂടെ കഷ്ടിച്ച് ഒരാള്‍ക്ക് മാത്രമേ നുഴഞ്ഞുസഞ്ചരിക്കാന്‍ കഴിയുകയുള്ളൂ. പിക്ക് ആക്‌സും മറ്റ് ഉപകരണങ്ങളു വെച്ച് തുരങ്കം കുഴിക്കുമ്പോള്‍ തൊഴിലാളികള്‍ കുനിഞ്ഞിരിക്കേണ്ടി വരും.

മേഘാലയയിലും മണിപ്പൂരിലും ഉത്തരാഖണ്ഡിലുമുള്‍പ്പെടെയുള്ള നിരവധി സ്ഥലങ്ങളില്‍ കുട്ടികളെ ഉപയോഗിച്ചുള്ള റാറ്റ് മൈനിങ്ങ് ഖനനപ്രവര്‍ത്തനങ്ങള്‍ വ്യാപകമാണെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പുറത്തുവന്നിട്ടുണ്ട്. 2013'ല്‍ അല്‍ ജസീറ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടില്‍ പറയുന്നത് ഇങ്ങനെയാണ്..
'പ്രായം കുറഞ്ഞ കുട്ടികള്‍ പോലും അപകടസാധ്യത കണക്കാക്കാതെ അവരുടെ പിതാവിനൊപ്പമോ ബന്ധുക്കള്‍ക്കൊപ്പമോ ഇത്തരം ഖനനത്തിനിറങ്ങാറുണ്ട്. ഏഴ് മണിക്കൂര്‍ മുതല്‍ പത്ത് മണിക്കൂര്‍ വരെയാണ് തുരങ്കങ്ങളിലിറങ്ങി ഇവര്‍ ജോലി ചെയ്യേണ്ടത്. തുരങ്കത്തിന്റെ നീളമോ ആഴമോ കുറവാണെങ്കില്‍ ചിലപ്പോള്‍ പുറത്തേക്ക് ഇറങ്ങി വരാന്‍ സാധിക്കും. അല്ലാത്തപക്ഷം അകത്തെ ചൂടിലും കുറഞ്ഞ വായുവിലും നിന്നും വേണം തൊഴിലെടുക്കാന്‍. ആവശ്യത്തിനുള്ള ഭക്ഷണവും വെള്ളവും കരുതണം. ജീവനോടെ തിരിച്ചുവരാന്‍ കഴിയണേ എന്ന പ്രാര്‍ത്ഥനയോടെയാണ് ഓരോ ഖനിത്തൊഴിലാളിയും ജോലിക്കിറങ്ങുന്നത്. ഓരോ ചുവടിലും മരണം പതിയിരിക്കുന്നത് പോലെ തോന്നും. ഏറെക്കാലം ഈ ജോലിയിലേര്‍പ്പെട്ടവര്‍ക്ക് പില്‍ക്കാലത്ത് പലവിധത്തിലുള്ള ശ്വാസകോശരോഗങ്ങള്‍ ബാധിക്കാനും സാധ്യതയുണ്ട്. എങ്കിലും കൂടിയ പ്രതിഫലം പലരേയും ഈ ജോലിയിലേക്കെത്തിക്കുന്നു. ആഴ്ചയില്‍ കുറഞ്ഞത് പതിനായിരം രൂപയെങ്കിലും ഈ ജോലിയില്‍ നിന്ന് ലഭിക്കുന്നതായാണ് തൊഴിലാളികള്‍ പറയുന്നത്. മേഘാലയ സംസ്ഥാനത്ത് മാത്രം ഖനനമേഖലയില്‍ പ്രായപൂര്‍ത്തിയാവാത്ത ഒരു ലക്ഷത്തോളം കുട്ടികള്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്കുകളെന്ന് വിവിധ കണക്കുകളെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ടില്‍ പറയുന്നു.

റാറ്റ് ഹോള്‍ മൈനിങ് ആരോഗ്യത്തിന് മാത്രമല്ല, പ്രകൃതിക്കും ദോഷം
1972-73 കാലത്താണ് ഇന്ത്യയില്‍ കല്‍ക്കരി മേഖലയെ ദേശസാത്കരിക്കാന്‍ ആരംഭിച്ചത്. എന്നാല്‍ ഭരണഘടനയുടെ ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെടുന്ന നാല് സംസ്ഥാനങ്ങളിലൊന്നായ മേഘാലയയ്ക്ക് ഈ ദേശസാത്കരണനിയമം ബാധകമല്ലായിരുന്നു. അതായത് മേഘാലയയിലെ ഭൂമിയില്‍ സര്‍ക്കാരിന് കാര്യമായ നിയന്ത്രണമില്ല. ഭൂമിക്കടിയിലുള്ള ധാധുക്കളുടെ അവകാശികള്‍ അതത് ഭൂവുടമകള്‍ കൂടിയാണ്. അതുകൊണ്ട് 72കളില്‍ മേഘാലയ സംസ്ഥാനം രൂപീകരിച്ചതോടെ സംസ്ഥാനത്ത് കല്‍ക്കരി ഖനനം വലിയ തോതില്‍ വര്‍ധിച്ചു. കല്‍ക്കരി കച്ചവടം വലിയ വ്യവസായമായി വളര്‍ന്നു. താരതമ്യേന വലിയതും ദുര്‍ഘടവുമായ മലമ്പ്രദേശങ്ങളായതിനാല്‍ തന്നെ ഇവിടങ്ങളില്‍ വലിയ ഡ്രില്ലിങ് മെഷീനുകളും മറ്റ് യന്ത്രങ്ങളും ഉപയോഗിക്കുന്നതിന് വലിയ ചെലവാണുണ്ടായിരുന്നത്. അതിനാല്‍ ഖനിയുടമകള്‍ മെഷീനുകള്‍ ഉപയോഗിക്കുന്നത് പരമാവധി കുറച്ചു ഒപ്പം മെഷീനുകള്‍ക്ക് പകരം മനുഷ്യനെ ഉപയോഗിച്ച് ഖനനം നടത്താനുള്ള പകരം സംവിധാനങ്ങള്‍ തേടി. കൈയില്‍ കരുതാവുന്ന ആയുധങ്ങളുമേന്തി ഖനനം ചെയ്യാനായി തൊഴിലാളികളെ ഇവിടേക്ക് എത്തിച്ചു. അസം, നേപ്പാള്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്ന് തൊഴില്‍ തേടി മേഘാലയയിലേക്കെത്തിയ പാവപ്പെട്ട തൊഴിലാളികള്‍ ഇതിനായി നിയോഗിക്കപ്പെട്ടു.
ചെറിയ തുരങ്കങ്ങളുണ്ടാക്കി ഖനനം നടത്തുന്നതിന് പിന്നില്‍ വലിയ അപകടസാധ്യതകളുണ്ടായിരുന്നത്. ചെറിയ തുരങ്കങ്ങളായതിനാല്‍ തന്നെ വായുസഞ്ചാരം കുറഞ്ഞ സ്ഥലമാവും ഇത്തരം തുരങ്കങ്ങള്‍. ജീവനും പണയം വെച്ച് ഈ തുരങ്കങ്ങളിലേക്കാണ് തൊഴിലാളികള്‍ ഖനനത്തിനായി ഇറങ്ങുന്നത്. ഓക്‌സിജന്റെ കുറവ് കാരണം അനുഭവപ്പെടുന്ന ശ്വാസംമുട്ടൽ കൊണ്ട് ബുദ്ധിമുട്ടിയാവും തൊഴിലാളികള്‍ ഇതിനുള്ളില്‍ ജോലി ചെയ്യുക. ഇതിനൊപ്പം ഇരുട്ടും ഖനിയുടെ ഉള്ളില്‍ നിന്ന് മണ്ണും പാറകളും ഇടിഞ്ഞുവീഴുന്നതുമെല്ലാം വലിയ അപകടസാധ്യതയാണുയര്‍ത്തുന്നത്. മഴക്കാലത്ത് ഇത്തരം തുരങ്കങ്ങളിലേക്ക് അപ്രതീക്ഷിതമായി വെള്ളം കയറുകയോ തുരങ്കം തകര്‍ന്ന് വീഴുകയോ ചെയ്യുന്ന സംഭവങ്ങളില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിനെയെല്ലാം നേരിട്ട് ഈ എലിമാള തുരങ്ങളില്‍ ഇവര്‍ ജോലി ചെയ്യുന്നതിന് പിന്നില്‍ ജോലിക്ക് ലഭിക്കുന്ന ഉയര്‍ന്ന പ്രതിഫലമാണ് കാരണം. ഫാമുകളിലോ നിര്‍മാണ സ്ഥലങ്ങളിലോ ചെയ്യുന്ന ജോലിക്ക് ലഭിക്കുന്നതിന്റെ മൂന്നോ നാലോ ഇരട്ടി സമ്പാദിക്കാന്‍ ഇത്തരം ഖനി തൊഴിലുകളില്‍ നിന്ന് സാധിക്കും.

സുരക്ഷയുടെയും ആരോഗ്യത്തിന്റെയും പ്രശ്നങ്ങള്‍ക്ക് പുറമെ അനിയന്ത്രിതമായ ഖനനം ഭൂമിയുടെയും വനത്തിന്റേയും നശീകരണത്തിനും കാരണമാവുന്നുണ്ട്. മേഘാലയ ഇത്തരം നിരവധി സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുമുണ്ട്. വലിയ വനമേഖലകള്‍ നശിപ്പിച്ചുവേണം ഇത്തരം ഖനന പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത്. അത് ഭൂപ്രദേശങ്ങളുടെ സ്വാഭാവിക ഘടനയെ തകര്‍ക്കുന്നു. ഖനനത്തിന് ശേഷം ഉപേക്ഷിക്കപ്പെടുന്ന ഇത്തരം തുരങ്കങ്ങളിലേക്കും കുഴികളിലേക്കും മഴപെയ്യുമ്പോള്‍ വെള്ളം ഇറങ്ങുകയും സള്‍ഫേറ്റ്, ഇരുമ്പ്, വിഷ ഘന ലോഹങ്ങള്‍ തുടങ്ങിയവ ജലവുമായി കൂടിക്കലര്‍ന്ന് ഒഴുകുകയും ചെയ്യുന്നു. ഇത് ജലമലിനീകരണത്തിലേക്കും നയിക്കുന്നു. റാറ്റ് ഹോള്‍ മൈനിങ് നടത്തിയ പല മേഖലകളില്‍ നിന്നും ശേഖരിച്ച ജലത്തില്‍ കൂടിയ അളവിലുള്ള സള്‍ഫേറ്റ്, ബയോകെമിക്കല്‍ ഓക്‌സിജന്‍ തുടങ്ങിയവയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഇവ പുഴയിലേക്ക് ഒഴുകിയെത്തിയാല്‍ വെള്ളത്തിന്റെ അസിഡിറ്റ് കൂടുകയും ജലജീവികളുടെ നിലനില്‍പ്പിന് അത് ഭീഷണിയാവുകയും ചെയ്യും. മേഘാലയയിലെ ലുഖ, മൈന്റ്ഡു എന്നീ നദികള്‍ ഒരുകാലത്ത് ഇത്തരത്തില്‍ മലിനപ്പെട്ട് ഒഴുകിയിരുന്നു.
ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ക്കിടയില്‍ തുരങ്കം തീര്‍ക്കുന്ന റാറ്റ് ഹോള്‍ മൈനര്‍മാര്‍ അപകടങ്ങളില്‍ കുടുങ്ങുന്നതും പതിവാണ്. ഖനികളില്‍ ജോലിക്കിറങ്ങിയ കുട്ടികളില്‍ പലരും അതിനുള്ളില്‍ വെച്ചുതന്നെ മരണപ്പെടുന്ന ഒട്ടനവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഖനികളിലേക്കിറങ്ങിയ മക്കളെ കാത്തിരിക്കുന്ന മാതാപിതാക്കളുടെ നിരവധി സങ്കടക്കഥകള്‍ ഒരുകാലത്ത് പ്രാദേശികമാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. എലിമാള തുരങ്ങള്‍ക്കിടയില്‍ അകപ്പെട്ടവരെ രക്ഷപ്പെടുത്തുന്നത് പ്രായോഗികമല്ല. അതിനാല്‍ പൊതുവേ ഖനികളില്‍ അകപ്പെട്ട് ദിവസങ്ങളേറെ കഴിഞ്ഞിട്ടും രക്ഷപ്പെടുത്താന്‍ കഴിയാത്തവരെ അവിടെതന്നെ ഉപേക്ഷിക്കുകയാണ് പതിവെന്ന് ഖനികളില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയിട്ടുള്ളവര്‍ പറഞ്ഞു. വര്‍ഷങ്ങളേറെ കഴിഞ്ഞ് മറ്റേതെങ്കിലും ഖനനത്തിനിടെ ചിലപ്പോല്‍ അസ്ഥികൂടങ്ങള്‍ ലഭിക്കാറുണ്ടെങ്കിലും എന്തെങ്കിലും തരത്തിലുള്ള പരാതികളോ അന്വേഷണങ്ങളെ അറസ്‌റ്റോ ഇതുമായി ബന്ധപ്പെട്ടുണ്ടാകാറില്ല. അനധികൃതമായി എത്തിക്കുന്ന കുടിയേറ്റത്തൊഴിലാളികളായതിനാലാണ് ഖനികളില്‍ കാണാതാവുന്ന കുട്ടികള്‍ക്ക് വേണ്ടി ഒരു പരാതി പോലും ഉയരാത്തതെന്നും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായിട്ടുള്ളയാള്‍ പറഞ്ഞു. ഇത്തരം സംഭവങ്ങളെ മുന്‍നിര്‍ത്തി അനധികൃത കല്‍ക്കരി ഖനനത്തിനും കടത്തിനും നിരോധനമേര്‍പ്പെടുത്തിയിരുന്നെങ്കിലും സംസ്ഥാനത്ത് പിന്നീടും ഇത്തരം ഖനനങ്ങള്‍ നിര്‍ബാധം തുടര്‍ന്നിരുന്നു.
നിരോധനത്തിലേക്ക് നയിച്ചതെന്ത്?
റാറ്റ് ഹോള്‍ മൈനിങ്ങിന്റെ ആരോഗ്യ പാരിസ്ഥിതിക സാമൂഹിക പ്രത്യാഘാതങ്ങള്‍ കണക്കിലെടുത്താണ് ഇത്തരത്തിലുള്ള ഖനനത്തെ നിരോധിക്കുന്നതിലേക്ക് നയിച്ചത്. റാറ്റ് ഹോള്‍ മൈനിങ് നിരോധിക്കാനുള്ള മുറവിളികള്‍ മൂന്ന് ദശാബ്ദങ്ങള്‍ക്ക് മുന്‍പുതന്നെ ആരംഭിച്ചിരുന്നു. ഈ രീതിയിലുള്ള തുരങ്കനിര്‍മാണത്തിന്റെ പാരിസ്ഥിതികവും സാമൂഹികവുമായ പ്രത്യാഘാതങ്ങള്‍ മാത്രമല്ല, റാറ്റ് ഹോള്‍ മൈനിങ് അത്യന്തം അപകടകരവും നിരവധി ജീവനുകള്‍ നഷ്ടപ്പെടുന്നതിലേക്ക് നയിക്കുന്നുവെന്നതും മുന്‍നിര്‍ത്തിയായിരുന്നു നിരോധനത്തിനുള്ള ആവശ്യമുയര്‍ന്നത്. ഒപ്പം മേഘാലയ ആസ്ഥാനമാക്കി പ്രവര്‍ത്തിച്ചിരുന്ന എന്‍.ജി.ഒ. നടത്തിയ പഠനവും നിരോധന ആവശ്യത്തിന് ശക്തിപകര്‍ന്നു.
ഖനികളിലേക്ക് തൊഴിലാളികളെ എത്തിക്കുന്നതിന്റെ ഭാഗമായി മനുഷ്യക്കടത്തും ബാലവേലയും വ്യാപകമാവുന്നുവെന്ന റിപ്പോര്‍ട്ടായിരുന്നു എന്‍.ജി.ഒ. പുറത്തുവിട്ടത്. എസ്തര്‍ ബെഞ്ചമിന്‍ ട്രസ്റ്റ് (2010), ഏയ്ഡ് ആക്ഷന്‍ (2010), ഹ്യൂമന്‍ റൈറ്റ്‌സ് നൗ (2011) എന്നീ എന്‍.ജി.ഒ.കളുമായി സഹകരിച്ചാണ് അന്ന് മേഘാലയ എന്‍.ജി.ഒയുടെ റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളതിന് പുറമേ നേപ്പാള്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള കുട്ടികളും ഇവിടെ ഖനികളില്‍ ജോലി ചെയ്യാനെത്തുന്നുണ്ട്. എഴുപതിനായിരത്തോളം കുട്ടികള്‍ ഖനികളില്‍ ജോലി ചെയ്യുന്നു. വരും വര്‍ഷങ്ങളില്‍ അത് ലക്ഷമായി ഉയര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.എന്‍.ജി.ഒ. പുറത്തുവിട്ട റിപ്പോര്‍ട്ടുകളെ തള്ളി അന്ന് മേഘാലയ മൈനിങ് ആന്റ് ജിയോളജി വകുപ്പ് രംഗത്തുവന്നിരുന്നെങ്കിലും 2013ല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ റാറ്റ് ഹോള്‍ ഖനികളില്‍ കുട്ടികള്‍ ജോലി ചെയ്യുന്നതായി വകുപ്പ് തന്നെ സമ്മതിച്ചു. ചെറിയ തുരങ്കങ്ങളില്‍ ഇറങ്ങി ജോലി ചെയ്യുന്നത് കൂടുതല്‍ സൗകര്യപ്രദമാവുക കുട്ടികള്‍ക്കാണെന്ന കാരണത്താലാണ് ഇവിടെ ബാലവേല വര്‍ധിക്കുന്നതെന്നും വകുപ്പ് വിശദീകരിച്ചു. അന്ന് നിരോധനത്തെ കുറിച്ച് സര്‍ക്കാര്‍ പരാമര്‍ശിച്ചിരുന്നില്ലെങ്കിലും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഇക്കാര്യം ആവശ്യപ്പെട്ട് രംഗത്തുവരികയും തൊട്ടടുത്ത വര്‍ഷം 2014ല്‍ നിരോധനം നിലവില്‍ വരികയും ചെയ്തു. റാറ്റ് ഹോള്‍ ഖനനം നിരോധിച്ചുകൊണ്ട് ദേശീയ ഹരിത ട്രിബ്യൂണല്‍ ആണ് ഉത്തരവിട്ടത്. ദേശീയ ഹരിത ട്രിബ്യൂണലിന്റെ നിരോധന ഉത്തരവിനെതിരേ മണിപ്പുര്‍ സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. റാറ്റ് ഹോള്‍ മൈനിങ് നിരോധിച്ചാല്‍ ഭൂപ്രദേശത്തിന് ചേരുന്ന തരത്തിലുള്ള മറ്റ് ഖനന രീതികളൊന്നും നിലവില്ലെന്നായിരുന്നു മണിപ്പൂര്‍ സര്‍ക്കാരിന്റെ വാദം.

നിരോധനം പ്രാബല്യത്തില്‍ വന്നതിനുശേഷവും ഇത്തരത്തിലുള്ള ഖനനം തുടര്‍ന്നിരുന്നുവെന്ന് വ്യക്തമാക്കുന്നവയായിരുന്നു പിന്നീട് നടന്ന രണ്ട് വലിയ ഖനി ദുരന്തങ്ങള്‍. മേഘാലയിലെ ജൈന്‍ഷ്യ കുന്നുകളില്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചിരുന്ന കല്‍ക്കരിഖനിയില്‍ 2018 ഡിസംബര്‍ 13-ന് സംഭവിച്ച അപകടത്തില്‍ തൊഴിലാളികള്‍ കുടുങ്ങി. സമീപകാലത്ത് രാജ്യത്ത് സംഭവിച്ച ഏറ്റവും വലിയഖനന ദുരന്തമായിരുന്നു അത്. അന്ന് അഞ്ചുപേര്‍മാത്രമാണ് പരിക്കുകളോടെയെങ്കിലും രക്ഷപ്പെട്ടത്. 2021ലും സമാനമായ ദുരന്തം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അനധികൃത ഖനനത്തിലേര്‍പ്പെട്ടിരുന്ന തൊഴിലാളികളാണ് അപകടത്തില്‍പെട്ടത്. പൊടുന്നനെയെത്തിയ മഴയില്‍ തുരങ്കങ്ങളിലേക്ക് വെള്ളം കയറിയാണ് മരണം സംഭവിച്ചത്. ഒരു മാസത്തെ തിരച്ചിലിനുശേഷമാണ് മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്താനായത്.
Content Highlights: Understanding rat-hole mining silkyara tunnel rescue operation
Published: 02 Dec 2023, 03:33 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented