ആഗോള എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കുമായുള്ള 59 വർഷം നീണ്ട ബന്ധം അവസാനിപ്പിച്ച് യു.എ.ഇ. മേയ് ഒന്നിന് ഒപെക്, ഒപെക് പ്ലസ് എന്നിവയിൽനിന്ന് പിന്മാറുമെന്നാണ് യു.എ.ഇയുടെ പ്രഖ്യാപനം. രാജ്യത്തിന്റെ താത്പര്യങ്ങൾ മുൻനിർത്തിയാണ് പിന്മാറ്റമെന്നാണ് വിശദീകരണം. വിപണിയിൽ എണ്ണവില നിയന്ത്രിക്കുന്നതിനും സ്ഥിരത നിലനിർത്തുന്നതിനുമായി അംഗരാജ്യങ്ങളുടെ എണ്ണ ഉത്പാദനത്തിന് പരിധി നിശ്ചയിക്കുന്ന ഒപെക് നയത്തിൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി യു.എ.ഇ. അതൃപ്തി പ്രകടിപ്പിച്ചുവരികയായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ സംഘടന വിടാനുള്ള നിർണായക നീക്കം. യുഎസ്-ഇസ്രയേൽ-ഇറാൻ യുദ്ധത്തെത്തുടർന്ന് ലോകം കടുത്ത ഊർജപ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലുമാണ് യു.എ.ഇ കടുത്ത തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്.

To advertise here,

1960-ൽ സ്ഥാപിതമായ ഒപെകിൽ 12 അംഗങ്ങളാണ് ഉണ്ടായിരുന്നത്. എണ്ണയുത്പാദകരായ 10 രാജ്യങ്ങളെക്കൂടി ഉൾപ്പെടുത്തി 2016-ൽ വിപുലീകരിച്ചതാണ് ഒപെക് പ്ളസ്‌. പശ്ചിമേഷ്യാസംഘർഷം ആരംഭിക്കുംമുൻപ്‌ 22 അംഗ ഒപെക് പ്ലസ് കൂട്ടായ്മയിൽ സൗദി അറേബ്യ, റഷ്യ, ഇറാഖ് എന്നിവയ്ക്ക് പിന്നിൽ നാലാമത്തെ വലിയ എണ്ണ ഉത്പാദകരായിരുന്നു യു.എ.ഇ. യു.എ.ഇയുടെ അപ്രതീക്ഷിതമായ ഈ പിന്മാറ്റം ഒപെക്കിന്റെ ദീർഘകാല ഐക്യത്തെക്കുറിച്ച് വലിയ ആശങ്കകൾ ഉയർത്തുന്നു. 2019-ൽ ഖത്തർ ഒപെകിൽനിന്ന്‌ പിന്മാറിയിരുന്നു. പ്രാദേശിക യുദ്ധങ്ങളും നയതന്ത്ര പ്രതിസന്ധികളും മൂലം ഇതിനകം തന്നെ സമ്മർദത്തിലായ ഈ സാമ്പത്തിക സഖ്യത്തിന് യു.എ.ഇയുടെ നീക്കം വലിയൊരു രാഷ്ട്രീയപ്രഹരമായി മാറിയിരിക്കുകയാണ്. എന്നിരുന്നാലും, ഈ മാറ്റം ആഗോള വിപണിയിലോ സംഘടനയുടെ ഭാവിയിലോ എത്രത്തോളം ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് വരുംദിവസങ്ങളിൽ മാത്രമേ വ്യക്തമാകൂ.

ഒപെകും ഒപെക്ക് പ്ലസും

ലോകത്തെ പ്രധാന എണ്ണ ഉത്പാദകരാജ്യങ്ങളുടെ കൂട്ടായ്മയാണ് ഒപെക് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഓർഗനൈസേഷൻ ഓഫ് ദ പെട്രോളിയം എക്‌സ്‌പോർട്ടിംഗ് കൺട്രീസ്. 1960 സെപ്റ്റംബറിൽ ഇറാഖിലെ ബാഗ്ദാദിൽ നടന്ന സമ്മേളനത്തിൽ വെച്ച് ഇറാൻ, ഇറാഖ്, കുവൈത്ത്, സൗദി അറേബ്യ, വെനസ്വേല എന്നീ അഞ്ച് രാജ്യങ്ങൾ ചേർന്നാണ് ഒപെക്കിന് രൂപം നൽകിയത്. അംഗരാജ്യങ്ങൾക്കിടയിൽ എണ്ണ സംബന്ധിച്ച നയങ്ങൾ ഏകോപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഒരു സ്ഥിരം അന്തർസർക്കാർ സംവിധാനമാണ്. ഓസ്ട്രിയയിലെ വിയന്ന ആസ്ഥാനമായി പ്രവർത്തിക്കുന്ന കൂട്ടായ്മയിൽ യു.എ.ഇ. ഉൾപ്പെടെ 12 രാജ്യങ്ങളാണുള്ളത്. ലോകത്തിലെ മൊത്തം എണ്ണ ഉത്പാദനത്തിന്റെ 30 ശതമാനത്തോളം കൈകാര്യം ചെയ്യുന്നത് ഈ രാജ്യങ്ങളാണ്.

ഒപെക് രൂപീകൃതമാകുന്ന കാലഘട്ടത്തിൽ ആഗോള എണ്ണ വിപണി സെവൻ സിസ്റ്റേഴ്സ് എന്നറിയപ്പെട്ടിരുന്ന പാശ്ചാത്യ എണ്ണക്കമ്പനികളുടെ നിയന്ത്രണത്തിലായിരുന്നു. 1940 മുതൽ 1970 വരെ ആഗോള എണ്ണ ശേഖരത്തിന്റെയും ഉൽപാദനത്തിന്റെയും ഏകദേശം 85 ശതമാനത്തോളം നിയന്ത്രിച്ചിരുന്ന ഈ ഏഴ് ബഹുരാഷ്ട്ര എണ്ണ കമ്പനികളുടെ കൂട്ടായ്മയായിരുന്നു. ഈ കുത്തക തകർത്ത് സ്വന്തം രാജ്യത്തെ പ്രകൃതിവിഭവങ്ങളിൽ പരമാധികാരം സ്ഥാപിക്കുക എന്നതായിരുന്നു ഒപെക് സ്ഥാപക രാജ്യങ്ങളുടെ പ്രധാന ലക്ഷ്യം. ഉത്പാദകർക്ക് ന്യായവും സ്ഥിരവുമായ വില ഉറപ്പാക്കുന്നതിനും ഉപഭോക്തൃ രാജ്യങ്ങൾക്ക് തടസ്സമില്ലാതെ എണ്ണ ലഭ്യമാക്കുന്നതിനും ഈ കൂട്ടായ്മ പ്രതിജ്ഞാബദ്ധമാണ്.

1967-ലാണ് യു.എ.ഇ. ഈ സഖ്യത്തിൽ ഔദ്യോഗികമായി ചേരുന്നത്. പിന്നാലെ അറബ്-ഇസ്രയേൽ യുദ്ധത്തിൽ ഇസ്രയേലിനെ പിന്തുണച്ച അമേരിക്ക, നെതർലൻഡ്‌സ് തുടങ്ങിയ രാജ്യങ്ങൾക്ക് മേൽ ഒപെക് എണ്ണ ഉപരോധം ഏർപ്പെടുത്തി. ഈ കാലയളവിൽ എണ്ണവില ഏകദേശം നാലിരട്ടിയായി വർധിച്ചു. ഇതോടെ ഒപെക്കിന്റെ ഭൗമരാഷ്ട്രീയ സ്വാധീനം ഗണ്യമായി ഉയർന്നു. ഈ ഘട്ടത്തിലാണ് അൾജീരിയ, നൈജീരിയ തുടങ്ങിയ രാജ്യങ്ങൾ കൂടി സംഘടനയുടെ ഭാഗമാകുന്നത്. ഇവർക്ക് പുറമേ റിപ്പബ്ലിക് ഓഫ് കോംഗോ, ഇക്വറ്റോറിയൽ ഗിനിയ, ഗാബോൺ, ലിബിയ എന്നിവയാണ് മറ്റ് അംഗരാജ്യങ്ങൾ. എന്നാൽ, ചൊവ്വാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവന പ്രകാരം യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് മേയ് ഒന്ന് മുതൽ സംഘടനയിൽ നിന്ന് പിന്മാറുകയാണ്.

അമേരിക്കയുടെ ഷെയ്ൽ ഓയിൽ (shale oil) ഉത്പാദനത്തിലുണ്ടായ വൻ വർധനവിനോടുള്ള പ്രതികരണമെന്ന നിലയിൽ, 2016-ൽ ഒപെക് പ്ലസ് (OPEC+) എന്ന വിപുലമായ സഖ്യം രൂപീകരിച്ചു. റഷ്യയുടെ നേതൃത്വത്തിൽ ഒപെക്കിൽ അംഗങ്ങളല്ലാത്ത 10 പ്രമുഖ എണ്ണ ഉത്പാദക രാജ്യങ്ങളെ കൂടി ഉൾപ്പെടുത്തിയാണ് ഈ സഖ്യം നിലവിൽ വന്നത്. അസർബൈജാൻ, ബഹ്‌റൈൻ, ബ്രൂണെ, കസാഖ്സ്താൻ, മലേഷ്യ, മെക്സിക്കോ, ഒമാൻ, റഷ്യ, ദക്ഷിണ സുഡാൻ, സുഡാൻ എന്നിവരാണ് ഒപെക് പ്ലസിലെ പങ്കാളികൾ. യുഎസ് എനർജി ഇൻഫർമേഷൻ അഡ്മിനിസ്ട്രേഷന്റെ (EIA) കണക്കനുസരിച്ച്, ലോകത്തെ എണ്ണയുടെ ഏകദേശം 40 ശതമാനവും ഉത്പാദിപ്പിക്കുന്നത് ഒപെക് പ്ലസ് ആണ്. കൂടാതെ, അന്താരാഷ്ട്രതലത്തിൽ വ്യാപാരം ചെയ്യപ്പെടുന്ന പെട്രോളിയത്തിന്റെ 60 ശതമാനവും ഈ സഖ്യത്തിന്റെ നിയന്ത്രണത്തിലാണ്.

ആഗോള എണ്ണവിപണിയിലെ ‘സെൻട്രൽ ബാങ്ക്’

ലോക സമ്പദ്‌വ്യവസ്ഥയിൽ അതിനിർണായകമായ ക്രൂഡ് ഓയിലിന്റെ ഉത്പാദവവും വിലയും ആര് തീരുമാനിക്കുന്നു എന്ന ചോദ്യത്തിന് ഒറ്റവാക്കിൽ നൽകാവുന്ന ഉത്തരമാണ് ഒപെക്. ആഗോള എണ്ണവിപണിയിൽ ഒരു സെൻട്രൽ ബാങ്കിന് സമാനമായ പങ്കാണ് ഒപെക് വഹിക്കുന്നത്. കൂട്ടായ്മയുടെ ഏറ്റവും ശക്തമായ ആയുധം എണ്ണ ഉത്പാദനത്തിന് മേലുള്ള നിയന്ത്രണമാണ്. അംഗരാജ്യങ്ങൾക്ക് കൃത്യമായ ഉത്പാദനപരിധി (Production Quotas) നിശ്ചയിച്ചുകൊണ്ടാണ് ഒപെക് എണ്ണവില നിയന്ത്രിക്കാൻ ശ്രമിക്കുന്നത്. ഇതനുസരിച്ച്, ഓരോ രാജ്യത്തിനും തങ്ങളുടെ പരമാവധി ശേഷിയിൽ എണ്ണ ഉത്പാദിപ്പിക്കാൻ സാധിക്കണമെന്നില്ല. മറിച്ച്, ഒപെക് നിശ്ചയിക്കുന്ന പരിധിക്കുള്ളിൽ നിന്നുകൊണ്ട് മാത്രമേ ഉത്പാദനം നടത്താൻ കഴിയൂ. ആഗോളതലത്തിൽ എണ്ണയുടെ ആവശ്യം കുറയുന്ന ഘട്ടങ്ങളിൽ വിപണിയിൽ എണ്ണ അധികമാകുന്നത് ഒഴിവാക്കാൻ ഈ പരിധി സമ്പ്രദായം സഹായിക്കുന്നു. അംഗരാജ്യങ്ങൾ ഒന്നിച്ച് ഉത്പാദനം കുറയ്ക്കുന്നതിലൂടെ എണ്ണവില കുത്തനെ ഇടിയുന്നത് തടയാനും സാധിക്കുന്നു.

മറുവശത്ത്, വിപണിയിൽ എണ്ണക്ഷാമം അനുഭവപ്പെടുമ്പോൾ ഉത്പാദനം വർധിപ്പിക്കാനുള്ള സൗകര്യവും ഈ സംവിധാനം നൽകുന്നു. ഇത് വില അനിയന്ത്രിതമായി ഉയരുന്നത് തടയുന്നു. വരുമാനത്തിനായി എണ്ണയെ മാത്രം പ്രധാനമായും ആശ്രയിക്കുന്ന രാജ്യങ്ങളാണ് ഇതിന്റെ പ്രധാനഗുണഭോക്താക്കൾ. ഈ രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം വിപണിയിലുണ്ടാകുന്ന അപ്രതീക്ഷിത ആഘാതങ്ങളിൽ നിന്ന് തങ്ങളുടെ ആഭ്യന്തര ബജറ്റുകളെ സംരക്ഷിക്കാൻ ഒപെക്കിന്റെ ഇത്തരം കൂട്ടായ തീരുമാനങ്ങൾ വലിയ തുണയാകുന്നു. എന്നാൽ ഇതേ ഉത്പാദന പരിധിയെച്ചൊല്ലിയുള്ള തർക്കങ്ങൾ നേരത്തെ സംഘടനയെ ബാധിച്ചിട്ടുണ്ട്. അധിക ഉത്പാദന ശേഷിയുള്ള രാജ്യങ്ങൾ വിപണിയെ നിയന്ത്രിക്കാൻ തങ്ങളുടെ ശേഷി ഉപയോഗിക്കുന്നതിന് പകരം തങ്ങളുടെ എണ്ണ വിറ്റഴിച്ച് സാമ്പത്തിക ലാഭമുണ്ടാക്കാൻ ആഗ്രഹിക്കുന്നത് സംഘടനയ്ക്കുള്ളിൽ തർക്കങ്ങൾക്ക് കാരണമാകാറുണ്ട്. ഇൻഡോനീഷ്യ, ഖത്തർ, ഇക്വഡോർ, അംഗോള, ഗാബോൺ എന്നീ രാജ്യങ്ങൾ ഇതിനുമുമ്പ് ഉത്പാദന പരിധിയെച്ചൊല്ലിയുള്ള തർക്കങ്ങളെ തുടർന്ന് സംഘടനയിൽ നിന്ന് പിന്മാറിയിരുന്നു.

എന്തുകൊണ്ട് യു.എ.ഇ. ഒപെക് വിട്ടു?

ഒപെക് വിടാനുള്ള യു.എ.ഇയുടെ തീരുമാനം ഒരു നിർണായകമായ ഒരു നീക്കമായാണ് വിലയിരുത്തുന്നത്. എന്നാലിത് പെട്ടെന്നുണ്ടായ ഒന്നല്ലെന്നും ദീർഘകാലത്തെ ആലോചനകൾക്ക് ശേഷമെടുത്തതാണെന്നുമാണ് സൂചന. 2019-ന്റെ തുടക്കത്തിൽ ഖത്തർ ഒപെക് വിട്ട സമയത്താണ്, കൂട്ടായ്മയിൽ നിന്ന് പുറത്തുകടക്കുന്നതിനെക്കുറിച്ച് യു.എ.ഇ. ചിന്തിച്ചു തുടങ്ങിയതെന്നാണ് റിപ്പോർട്ടുകൾ. യു.എ.ഇയുടെ വിദേശനയങ്ങൾ പലപ്പോഴും മറ്റ് ഒപെക് അംഗങ്ങളിൽ നിന്ന്, പ്രത്യേകിച്ച് സൗദി അറേബ്യയിൽ നിന്ന് അവരെ അകറ്റിയിട്ടുണ്ട്. ചരിത്രപരമായി സൗദിക്ക് മുൻഗണന നൽകുന്ന ഒപെക്കിന്റെ തീരുമാനങ്ങൾ തങ്ങളുടെ സാമ്പത്തിക താൽപ്പര്യങ്ങളെ സംരക്ഷിക്കുന്നില്ലെന്ന ചിന്ത യു.എ.ഇയ്ക്കുണ്ട്. ഇതിനുപുറമെ, യു.എ.ഇയും സൗദി അറേബ്യയും തമ്മിലുള്ള ഉഭയകക്ഷിബന്ധം അസ്വാരസ്യങ്ങളിലേക്ക് നീങ്ങുന്ന ഒരു കാലഘട്ടമാണിത്. യെമൻ യുദ്ധം ഉൾപ്പെടെയുള്ള വിവിധ പ്രാദേശിക വിഷയങ്ങളിൽ സൗദിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളും അവരുടെ തീരുമാനത്തെ സ്വാധീനിക്കുന്നു.

യുദ്ധം പശ്ചിമേഷ്യയിൽ വലിയ ആഘാതമുണ്ടാക്കിയെങ്കിലും അത് സാധാരണഗതിയിൽ ആളുകൾ കരുതുന്ന രീതിയിലല്ല സംഭവിച്ചതെന്നാണ് കൗൺസിൽ ഓൺ ഫോറിൻ റിലേഷൻ ഒരു ലേഖനത്തിൽ അഭിപ്രായപ്പെട്ടത്. യെമൻ വിഷയത്തെച്ചൊല്ലി സൗദിയും യു.എ.ഇയും കടുത്ത തർക്കത്തിലായിരുന്നു. യെമനിലെ വിഘടനവാദി അർധസൈനിക ഗ്രൂപ്പായ 'സതേൺ ട്രാൻസിഷണൽ കൗൺസിലിന്റെ' അധികാര പിടിച്ചെടുക്കൽ നീക്കത്തെ യു.എ.ഇ. പിന്തുണച്ചു. ഇത് യെമനിലെ സൗദിയുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായിരുന്നു. ഇതിന് പുറമെ, സൊമാലിലാൻഡിനെ (Somaliland) അംഗീകരിക്കാനുള്ള ഇസ്രയേലിന്റെ തീരുമാനം ഇരുരാജ്യങ്ങളും തമ്മിലുള്ള അവിശ്വാസം വർധിപ്പിച്ചു. ഇസ്രയേലിന്റെ നീക്കം മേഖലയിൽ അസ്ഥിരതയുണ്ടാക്കുമെന്നും ഇതിന് പിന്നിൽ യു.എ.ഇയുടെ ഒത്താശയുണ്ടെന്നും സൗദി വിശ്വസിച്ചു.

ഇറാൻ യുദ്ധത്തിന്റെ ആദ്യഘട്ടത്തിൽ, ഇറാന്റെ ആക്രമണങ്ങളെ നേരിടാൻ സൗദിയും യു.എ.ഇയും പരസ്പര ഐക്യം പ്രഖ്യാപിച്ചിരുന്നു. യുദ്ധം നീണ്ടുപോയതോടെ ഇരുരാജ്യങ്ങളുടെയും നിലപാടുകളിൽ മാറ്റം വന്നു. പാകിസ്താൻ, ഈജിപ്ത്, തുർക്കി എന്നിവർക്കൊപ്പം ചേർന്ന് നയതന്ത്ര പരിഹാരത്തിനാണ് സൗദി അറേബ്യ ശ്രമിച്ചത്. അത്തരമൊരു പരിഹാരത്തിന് യു.എ.ഇയും എതിരല്ല. പക്ഷേ, ഇറാനിൽ നിന്ന് നേരിട്ട കനത്ത ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഇനി ഒരിക്കലും അവർ തങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാകില്ലെന്ന് ഉറപ്പുവരുത്തുന്ന ഒരു കരാറാണ് യു.എ.ഇ. ആഗ്രഹിക്കുന്നത്. സൗദി അത്ര കർശനമല്ലാത്ത വ്യവസ്ഥകളാൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുമെന്ന് യു.എ.ഇ. ഭയപ്പെടുന്നു. ഈ അഭിപ്രായ വ്യത്യാസം ഇരുരാജ്യങ്ങൾക്കുമിടയിലെ ഐക്യത്തിൽ വലിയ വിള്ളലുണ്ടാക്കിയതെന്നാണ് വിലയിരുത്തൽ. മാത്രമല്ല, യു.എ.ഇയുടെ കാഴ്ചപ്പാടിൽ, അവരുടെ ദേശീയ താൽപ്പര്യങ്ങൾ ഒപെക്കിലെയും ഒപെക് പ്ലസിലെയും അംഗരാജ്യങ്ങളുടെ താൽപ്പര്യങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. വരും കാലങ്ങളിൽ ഈ വൈരുദ്ധ്യം വർദ്ധിക്കാനാണ് സാധ്യതയെന്നും യു.എ.ഇ. വിലയിരുത്തുന്നു.

മിഡിൽ ഈസ്റ്റിലും ആഫ്രിക്കയിലും സ്വന്തമായി സ്വാധീനമേഖലകൾ കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലുമാണ് യു.എ.ഇ. മേഖലയിലെ തങ്ങളുടെ സ്വതന്ത്രമായ നിലനിൽപ്പും സാമ്പത്തിക താത്പര്യങ്ങളും ഉയർത്തിപ്പിടിക്കാനാണ് അവരിപ്പോൾ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി അമേരിക്കയുമായും ഇസ്രയേലുമായും അവർ ബന്ധം ശക്തമാക്കി. 2020-ലെ അബ്രഹാം ഉടമ്പടിയിലൂടെ ഇസ്രയേലുമായി ഔദ്യോഗിക നയതന്ത്ര ബന്ധം സ്ഥാപിച്ചു. ഇറാൻ യുദ്ധകാലത്ത് നേരിട്ട ആക്രമണങ്ങൾക്ക് പിന്നാലെ ഇസ്രയേലുമായുള്ള ബന്ധം തങ്ങളുടെ സുരക്ഷയ്ക്കും അമേരിക്കയുമായുള്ള ആശയവിനിമയത്തിനും അത്യാവശ്യമാണെന്ന് യു.എ.ഇ. കരുതുന്നു. ഇതും ഒപെക്കിലെ മറ്റ് ഗൾഫ് രാജ്യങ്ങളുടെ നിലപാടുകളിൽ നിന്ന് വ്യത്യസ്തമാണ്. സൗദിയുമായുള്ള ഉഭയകക്ഷി ബന്ധത്തിലുണ്ടായ തകർച്ച, നേരത്തെ തന്നെ ഒപെക് വിടാൻ ആലോചിച്ചിരുന്ന യു.എ.ഇക്ക് തങ്ങളുടെ തീരുമാനം നടപ്പിലാക്കാനുള്ള ഉചിതമായ അവസരമായി മാറി.

യു.എ.ഇയുടെ നേട്ടവും ഒപെക്കിന്റെ ഭാവിയും

ഒപെക് എന്ന സംഘടനയുടെ ആഗോള സ്വാധീനത്തിന് ഏൽക്കുന്ന വലിയൊരു രാഷ്ട്രീയ പ്രഹരമായാണ് യു.എ.ഇയുടെ ഈ പിന്മാറ്റത്തെ വിലയിരുത്തുന്നത്. എങ്കിലും, വിപണിയിൽ ഇത് വലിയ മാറ്റങ്ങൾ ഉടനടി ഉണ്ടാക്കാൻ സാധ്യതയില്ലെന്നാണ് നിരീക്ഷകർ അഭിപ്രായപ്പെടുന്നത്. കഴിഞ്ഞ കുറച്ചു കാലങ്ങളായി ഒപെക്കിന്റെ പ്രവർത്തനം വലിയ തോതിൽ ഫലപ്രദമല്ല എന്നാണ് ഇതിന് കാരണമായി അറ്റ്​ലാന്റിക് കൗൺസിലിൽ എഴുതിയ ഒരു ലേഖനത്തിൽ അഭിപ്രായപ്പെടുന്നത്. വിപണിയിലെ ആഘാതങ്ങളെ പ്രതിരോധിക്കാൻ പെട്ടെന്ന് ലഭ്യമാക്കാൻ കഴിയുന്ന അധിക ഉത്പാദന ശേഷിയെയാണ് (Spare capacity) ഒപെക് ആശ്രയിക്കുന്നത്. എന്നാൽ ഈ ശേഷി സൗദി അറേബ്യ, യു.എ.ഇ., കുവൈറ്റ് എന്നീ രാജ്യങ്ങളിൽ മാത്രമാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. മറ്റ് ഒമ്പത് അംഗരാജ്യങ്ങൾക്കും ഇത്തരം അധിക ശേഷി കുറവാണ്.

ഇറാൻ യുദ്ധം സൃഷ്ടിച്ച സാമ്പത്തിക ആഘാതങ്ങളിൽ നിന്ന് കരകയറാൻ ശ്രമിക്കുന്ന യു.എ.ഇയ്ക്ക്, നിലവിലെ സാഹചര്യത്തിൽ എണ്ണ ഉത്പാദനം പരമാവധി വർധിപ്പിച്ച് വരുമാനം കൂട്ടുക എന്നത് ഒരു മികച്ച തീരുമാനവുമാണ്. തങ്ങളുടെ ഊർജ വിഭവങ്ങളെ സ്വതന്ത്രമായി വിനിയോഗിക്കുന്നതിലൂടെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാനാണ് അവർ ഇതിലൂടെ ലക്ഷ്യമിടുന്നത്. യു.എ.ഇയുടെ പിന്മാറ്റം അമേരിക്കയുമായുള്ള അവരുടെ ബന്ധം കൂടുതൽ ശക്തമാക്കാൻ സഹായിച്ചേക്കും. പ്രത്യേകിച്ച് എണ്ണശേഖരം കൈകാര്യം ചെയ്യുന്ന കാര്യത്തിൽ. അതേസമയം, ആഗോള എണ്ണവില നിയന്ത്രിക്കാനുള്ള ഉത്തരവാദിത്തം ഇനി സൗദിയുടെ മേൽ മാത്രമായി ചുരുങ്ങുന്നതിനാൽ ഇത് അമേരിക്ക-സൗദി ബന്ധത്തെയും സ്വാധീനിച്ചേക്കാം.

ഒപെക്കിൽ നിന്ന് പുറത്തുകടക്കുന്നതോടെ, സംഘടന നിശ്ചയിച്ചിട്ടുള്ള ഉത്പാദന നിയന്ത്രണങ്ങൾ മറികടക്കാൻ യു.എ.ഇയ്ക്ക് സാധിക്കും. ഇത് ആഗോള എണ്ണവിലയിൽ നേരിയ കുറവുണ്ടാക്കാൻ സാധ്യതയുണ്ട്. ഉത്പാദനം വർദ്ധിപ്പിക്കുന്നത് ചൈന ഉൾപ്പെടെയുള്ള എണ്ണ ഇറക്കുമതി രാജ്യങ്ങളുമായി കൂടുതൽ അടുത്ത ബന്ധം സ്ഥാപിക്കാൻ യു.എ.ഇയെ സഹായിക്കും. എന്നാൽ ഒപെക്കിനെ സംബന്ധിച്ചിടത്തോളം സ്ഥിതി അതല്ല. അധിക ഉത്പാദന ശേഷി സൗദിയിലും കുവൈത്തിലും മാത്രമായി ഒതുങ്ങുന്നത് സംഘടനയുടെ വിപണി സ്വാധീനത്തിന് വലിയ പരിമിതികൾ സൃഷ്ടിക്കും. മുൻപും അംഗങ്ങൾ ഒപെക് വിട്ടുപോയിട്ടുണ്ടെങ്കിലും, അവരേക്കാൾ വലിയ ഉത്പാദകരായ യു.എ.ഇയുടെ അഭാവം കാലക്രമേണ സംഘടനയുടെ നിലനിൽപ്പിന് തന്നെ ഭീഷണിയായേക്കാം. ഇത്തരമൊരു മത്സരം എണ്ണവില കുറയാൻ കാരണമാകുമെന്നും ഒപ്പം വിപണിയിൽ അസ്ഥിരത വർധിപ്പിക്കുമെന്നും വിലയിരുത്തപ്പെടുന്നു.

നിലവിലെ സാഹചര്യത്തിൽ, ഒപെക്കിലെ മറ്റ് അംഗരാജ്യങ്ങളൊന്നും തന്നെ സംഘടന വിട്ടുപോകാനുള്ള സൂചനകൾ നൽകിയിട്ടില്ല. എങ്കിലും 2019-ലെ ഖത്തറിന്റെ പിന്മാറ്റവും ഇപ്പോൾ യു.എ.ഇയുടെ തീരുമാനവും ഈ കൂട്ടായ്മയിൽ തുടരുന്നതിനേക്കാൾ ഗുണം പുറത്തുകടക്കുന്നതാണോ എന്ന് ചിന്തിക്കാൻ മറ്റ് രാജ്യങ്ങളെയും പ്രേരിപ്പിച്ചേക്കാം. മാത്രമല്ല, ഒപെക്കിന് പുറത്തുകടക്കുന്നത് സാമ്പത്തികമായി ലാഭകരമാണെന്ന് തെളിയിക്കാൻ യു.എ.ഇക്ക് സാധിച്ചാൽ, അത് സംഘടനയുടെ അടിത്തറ ഇളക്കിയേക്കാം. ഇത് പിന്തുടരാൻ മറ്റ് രാജ്യങ്ങൾ കൂടി തയ്യാറായാൽ, പതിറ്റാണ്ടുകളായി ആഗോള എണ്ണവിപണിയെ നിയന്ത്രിച്ചിരുന്ന ഒപെക്കിന്റെ ആധിപത്യം എന്നെന്നേക്കുമായി അവസാനിച്ചേക്കാം. അതിനാൽ തന്നെ പശ്ചിമേഷ്യയിലെ മാറുന്ന സഖ്യങ്ങളും സാമ്പത്തിക താത്പര്യങ്ങൾ വരുംവർഷങ്ങളിൽ എണ്ണ വിപണിയെ എങ്ങനെ മാറ്റിമറിക്കുമെന്ന് ലോകം ഉറ്റുനോക്കുകയാണ്.