
"ഇത് ജനങ്ങളുടെ പോരാട്ടമാണ്, ഞങ്ങള്‍ കീഴടങ്ങില്ല, ഒന്നിച്ച് പോരാടും" .... മുദ്രാവാക്യങ്ങളുടെ അലയൊലികളില്‍ തെരുവുകൾ മുങ്ങിത്താഴ്ന്നു, നൂറും ആയിരവും കടന്ന് എണ്ണാവുന്നതിലേറെ പ്രതിഷേധക്കാര്‍ രാവെന്നോ പകലെന്നോ ഇല്ലാതെ തുര്‍ക്കിയുടെ തലസ്ഥാനത്തേക്ക് ഒഴുകിയെത്തി. ആവശ്യം നിറവേറ്റാതെ പ്രതിഷേധത്തില്‍നിന്ന് ഒരടി പിന്നോട്ടില്ലെന്ന് അവര്‍ ആവര്‍ത്തിച്ചു. ഒരേയൊരു ആവശ്യം, 'പോലീസ് അറസ്റ്റ് ചെയ്ത മേയര്‍ ഇക്രം ഇമാമോലുവിനെ വിട്ടയക്കണം'. പ്രതിഷേധക്കാരെ നേരിടാന്‍ പോലീസ് രംഗത്തിറങ്ങി. കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചിട്ടും അടങ്ങാത്ത പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് കുരുമുളക് സ്‌പ്രേയും പ്രയോഗിച്ചു. നൂറുകണക്കിനാളുകളെ അറസ്റ്റ് ചെയ്തു. പോലീസിന് നേരെയുള്ള പ്രതിഷേധം പലപ്പോഴും കയ്യാങ്കളിയിലും ഏറ്റുമുട്ടലിലും അവസാനിച്ചു. രാജ്യത്തെ പ്രധാനപ്പെട്ട തെരുവുകളിലേക്ക് പ്രതിഷേധം ആളിപ്പടര്‍ന്നു, രാജ്യം സംഘര്‍ഷഭരിതമായി.
ദശാബ്ദത്തിനിടയിലെ ഏറ്റവും വലിയ പ്രക്ഷോഭത്തിനാണ് തുർക്കി സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. അതിലേക്ക് നയിച്ചതാവട്ടെ തുര്‍ക്കി പ്രസിഡന്റ് രജബ് തയ്യിബ് ഉര്‍ദുഗാന്റെ എതിരാളിയും ഈസ്താംബൂള്‍ മേയറുമായ ഇക്രം ഇമാമോലുവിന്റെ അറസ്റ്റും. മൂന്ന് വര്‍ഷങ്ങള്‍ക്കപ്പുറം, 2028-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍, പ്രതിപക്ഷമായ റിപ്പബ്ലിക്കന്‍ പീപ്പിള്‍സ് പാര്‍ട്ടി സ്ഥാനാര്‍ഥിയാക്കാന്‍ ഉറപ്പിച്ചിരിക്കുന്നയാളാണ് ഇമാമോലു. ബുധനാഴ്ച രാത്രിയാണ് ഇസ്താംബൂളിലെ മേയറുടെ വീട് വളഞ്ഞ് 53 വയസ്സുകാരനായ ഇമാമോലുവിനെ പോലീസ് അറസ്റ്റ് ചെയ്തത്. അഴിമതി, ഭീകരബന്ധം എന്നിവ സംബന്ധിച്ച ആരോപണങ്ങളില്‍ ശനിയാഴ്ച മണിക്കൂറുകളോളം ഇമാമോലുവിനെ ചോദ്യം ചെയ്തു. പിന്നാലെ, ഞായറാഴ്ച ഈസ്താംബൂള്‍ കോടതി ഇമാമോലുവിന്റെ അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തുകയും ചെയ്തു. ഇമാമോലുവിനെതിരേ ഭീകരവാദക്കുറ്റം ചുമത്താനാവില്ലെന്നാണ് കോടതി വിധിച്ചത്. പക്ഷേ, അഴിമതിക്കേസുകളില്‍ അന്വേഷണം നടത്താൻ നിര്‍ദേശിക്കുകയും ചെയ്തു. ചോദ്യം ചെയ്യുന്നതിനിടെ തനിക്കെതിരേയുള്ള ആരോപണങ്ങളെല്ലാം ഇമാമോലു നിഷേധിച്ചു. ഇതിനുപിന്നാലെ 'തല കുനിക്കില്ല' എന്നാണ് അദ്ദേഹം എക്‌സിലൂടെ പ്രതികരിച്ചത്.

ഉർദുഗാന്‍റെ ഒത്ത എതിരാളിയായ ഇമാമോലുവിനെ വിവിധ കേസുകളില്‍പ്പെടുത്തി അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് രാഷ്ട്രീയനീക്കമായാണ് വിലയിരുത്തുന്നത്. കുര്‍ദിസ്താന്‍ വര്‍ക്കേഴ്സ് പാര്‍ട്ടിയുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് അദ്ദേഹത്തിന്റെ പേരില്‍ ഭീകരതാക്കുറ്റം ചുമത്തിയത്. അറസ്റ്റും രേഖപ്പെടുത്തി. ഇമാമോലുവിന്റെ സര്‍വകലാശാല ഡിപ്ലോമ ദിവസങ്ങള്‍ക്കുമുന്‍പ് റദ്ദാക്കിയിരുന്നു. ഇമാമോലുവിന്റെ അറസ്റ്റിന് പിന്നാലെ ഉര്‍ദുഗാന്‍ ഭരണകൂടം രാജ്യത്ത് നാലു ദിവസത്തേക്ക് പ്രതിഷേധങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, അറസ്റ്റ് ജനാധിപത്യവിരുദ്ധവും രാഷ്ട്രീയപ്രേരിതവുമാണെന്ന് ആരോപിച്ച് നൂറുകണക്കിനാളുകള്‍ പ്രതിഷേധവുമായി തെരുവിലേക്കിറങ്ങി. ഉത്തരവ് ലംഘിച്ചതിന്റെ പേരില്‍ പ്രതിഷേധക്കാരെ തിരഞ്ഞുപിടിച്ച് പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. നിങ്ങളുടെ പ്രതിഷേധം തുടരുക, കാരണം രാജ്യത്തിന്റെ ജനാധിപത്യത്തേയും പരമാധികാരത്തേയും രാജ്യത്തിന്റെ ഭാവിയേയുമാണ് നിങ്ങള്‍ സംരക്ഷിക്കുന്നത് എന്നാണ് പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ പങ്കുവെച്ചുകൊണ്ട് ഇമാമോലും എക്‌സില്‍ കുറിച്ചത്. പ്രതിഷേധക്കാര്‍ കടലായി ഒറ്റസ്വരത്തില്‍ ഇരമ്പുന്ന നിരവധി ദൃശ്യങ്ങള്‍ അദ്ദേഹം എക്‌സില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഉര്‍ദുഗാന്‍ ഭരണകൂടത്തിനെതിരേ ആയിരക്കണക്കിന് പ്രക്ഷോഭകരെ തെരുവിലിറക്കിയ ഇമാമോലു ആരാണ്? തിരഞ്ഞെടുപ്പിന് കാത്തിരിക്കുന്ന തുര്‍ക്കിയില്‍ എന്താണ് സംഭവിക്കുന്നത്? രാജ്യത്തെ കാത്തിരിക്കുന്നത് ഭരണമാറ്റമോ?
ആരാണ് ഇക്രം ഇമാമോലു?
2019-ലാണ് ഇസ്തംബൂളിന്റെ മേയറായി ഇക്രം ഇമാമോലു തിരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ വര്‍ഷം അദ്ദേഹം വീണ്ടും ഇസ്തംബൂള്‍ മേയറായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഏകദേശം 16 ദശലക്ഷം ജനങ്ങള്‍ വസിക്കുന്ന തുര്‍ക്കിയിലെ ഏറ്റവും വലിയ നഗരവും ബിസിനസ് കേന്ദ്രവുമായ ഇസ്തംബൂള്‍ കൈപ്പിടിയില്‍ ഒതുക്കിയതോടെയാണ് 53 വയസ്സുകാരനായ ഇമാമോലു ഉര്‍ദുഗാന്റെ ഒന്നാം നമ്പര്‍ എതിരാളിയായി മാറിയത്.
1970-ല്‍ തുര്‍ക്കിയിലെ ട്രബ്‌സോണിലാണ് ഇമാമോലു ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ഇസ്താംബൂള്‍ സര്‍വകലാശാലയില്‍നിന്ന് ബിസിനസ്സ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദവും ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റില്‍ ബിരുദാനന്തര ബിരുദവും നേടി. 2008-ലാണ് റിപ്പബ്ലിക്കന്‍ പീപ്പിള്‍സ് പാര്‍ട്ടിയില്‍ ചേരുന്നത്. 2014 മുതല്‍ 2019 വരെ ഇസ്താംബൂളിലെ ബെയ്‌ലിക്ഡുസു ജില്ലയിലെ മേയറായി പ്രവര്‍ത്തിച്ചു. 2019-ലാണ് ഇസ്താംബൂള്‍ മേയറായി തിരഞ്ഞെടുക്കപ്പെട്ടത്. അന്ന് ഉര്‍ദുഗാന്റെ പാര്‍ട്ടിയായ ജസ്റ്റിസ് ആന്റ് ഡെവലപ്‌മെന്റ് പാര്‍ട്ടി സ്ഥാനാര്‍ഥിയെ ആണ് ഇമാമോലു പരാജയപ്പെടുത്തിയത്. ആദ്യ തിരഞ്ഞെടുപ്പിന്റെ ഫലം തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെട്ട് റദ്ദാക്കിയിരുന്നെങ്കിലും രണ്ടാമത് നടത്തിയ തിരഞ്ഞെടുപ്പിലും ഇമാമോലു വലിയ ഭൂരിപക്ഷത്തില്‍ തിരഞ്ഞെടുക്കപ്പെട്ടു.

2019-ലെ ഇസ്താംബുള്‍ മേയര്‍ തിരഞ്ഞെടുപ്പ് അസാധുവാക്കിയതിനിടെ തിരഞ്ഞെടുപ്പ് കമ്മീഷനെ അപമാനിച്ചുവെന്ന പേരില്‍ ഇമാമോലുവിനെ 2022-ല്‍ അറസ്റ്റ് ചെയ്ത് തടവിലാക്കിയിരുന്നു. രണ്ട് വര്‍ഷവും ഏഴ് മാസവുമാണ് അദ്ദേഹം ജയിലില്‍ കഴിഞ്ഞത്. ഒപ്പം രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള വിലക്കും അദ്ദേഹത്തിനേര്‍പ്പെടുത്തി. കമ്മീഷന്റെ ഈ വിധിക്കെതിരേ അദ്ദേഹം അപ്പീല്‍ പോയി. തുടര്‍ന്ന് വിലക്ക് നടപ്പാക്കുന്നത് നീട്ടിവെച്ചു.
2025 മാര്‍ച്ചിലാണ് ഇമാമോലുവിന്റെ ബിരുദം ഇസ്താംബൂള്‍ സര്‍വകലാശാല റദ്ദാക്കിയത്. ഉന്നത വിദ്യാഭ്യാസ ചട്ടങ്ങളില്‍ ക്രമക്കേട് നടത്തിയെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു നടപടി. ഇതോടെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അദ്ദേഹത്തിന്റെ യോഗ്യതയില്‍ ചോദ്യമുയരാനും തുടങ്ങി. തുർക്കിയിലെ നിയമപ്രകാരം പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥിയുടെ കുറഞ്ഞ യോഗ്യത സര്‍വകലാശാല ബിരുദമാണ്.
അഴിമതിയും ഭീകരവാദവും ആരോപണങ്ങള്‍
അങ്കാറ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ച കുര്‍ദിഷ് വര്‍ക്കേഴ്സ് പാര്‍ട്ടിയുമായി (പി.കെ.കെ.) അടുത്ത ബന്ധമുള്ള ഡെമോക്രസി പാര്‍ട്ടിയും ഇമാമോലുവിന്റെ സി.എച്ച്.പിയും തമ്മില്‍ അവിശുദ്ധസഖ്യമുണ്ടെന്നാണ് പ്രധാന ആരോപണം. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇരുകൂട്ടരും സഖ്യം ചേര്‍ന്നുവെന്ന് സര്‍ക്കാര്‍ ആരോപിക്കുന്നുണ്ട്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളും ഇമാമോലുവിനെതിരേയുണ്ട്. മേയര്‍ പദവിയിലിരുന്ന് ടെണ്ടറുകളില്‍ കൃത്രിമം കാണിച്ചുവെന്നാണ് പ്രീ ട്രയല്‍ തടങ്കല്‍ ഉത്തരവ് വിശദീകരിക്കുന്നത്.

തുര്‍ക്കി അടക്കിഭരിച്ച് ഉര്‍ദുഗാന്‍
പ്രധാനമന്ത്രിയായും പ്രസിഡന്റായുമെല്ലാം വൈസ് പ്രസിഡന്റായുമെല്ലാം 25 വര്‍ഷമായി തുര്‍ക്കി അടക്കിഭരിക്കുകയാണ് റജബ് തയ്യിബ് ഉര്‍ദുഗാന്‍. 2014-ലാണ് ഉര്‍ദുഗാന്‍ ആദ്യമായി പ്രസിഡന്റ് സ്ഥാനത്തേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത്. എ.കെ.പി അഥവാ ജസ്റ്റിസ് ആന്റ് ഡെവലപ്‌മെന്റ് പാര്‍ട്ടി നേതാവാണ് 71 വയസ്സുകാരന്‍ നേതാവ്. 2001-ലാണ് ഉര്‍ദുഗാന്‍ എ.കെ.പി. സ്ഥാപിക്കുന്നത്. അന്നുമുതല്‍ ഇന്നോളം പാര്‍ട്ടിയുടെ ചെയര്‍മാനാണ് ഉര്‍ദുഗാന്‍. ഇസ്ലാമിക കക്ഷിയായ എ.കെ.പി. 2002 മുതല്‍ തുര്‍ക്കി ഭരിക്കുകയാണ്. 2002-ല്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ ഉര്‍ദുഗാന്റെ പാര്‍ട്ടി ചരിത്രവിജയം നേടി അധികാരത്തിലെത്തി. ആ തിരഞ്ഞെടുപ്പോടുകൂടി ഉര്‍ദുഗാന്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തുകയും ചെയ്തു. 2003 മുതല്‍ '14 വരെ പ്രധാനമന്ത്രിയായിരുന്നു ഉര്‍ദുഗാന്‍. പിന്നീട് 2007-ലും 2011-ലുമെല്ലാം നടന്ന തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കുകയും വലിയ വിജയങ്ങള്‍ നേടിക്കൊടുക്കുന്നതിന് കാരണമാവുകയും ചെയ്തു.
ഉര്‍ദുഗാന്റെ ഭരണം തുര്‍ക്കിയെ സംബന്ധിച്ച് സാമ്പത്തികാശ്വാസത്തിന്റെ കാലം കൂടിയായിരുന്നു. ഇക്കാലത്ത് തുര്‍ക്കി സാമ്പത്തികമായി വളര്‍ന്നു. ദാരിദ്ര്യം കുറഞ്ഞു. 2001-ലെ സാമ്പത്തിക പ്രതിസന്ധിയില്‍ മുങ്ങിയ രാജ്യത്തെ കരകയറ്റിയതിന് പിന്നില്‍ ഉര്‍ദുഗാന്റെ പരിഷ്‌കാരങ്ങള്‍ കൂടിയായിരുന്നു. അത് മാത്രമല്ല, യൂറോപ്യന്‍ യൂണിയന്‍ അംഗത്വത്തിലേക്കുള്ള ചര്‍ച്ചകള്‍ സജീവമാക്കിയതും രാഷ്ട്രീയത്തിലെ സൈനിക സാന്നിധ്യം ഗണ്യമായി കുറയ്ക്കാന്‍ കഴിഞ്ഞതുമെല്ലാം ഉര്‍ദുഗാന്റെ ഇടപെടലുകളായിരുന്നു. 2012-ലാണ് കുര്‍ദിഷ്- ടര്‍ക്കിഷ് തര്‍ക്കങ്ങള്‍ ലഘൂകരിക്കാന്‍ കുര്‍ദിസ്താൻ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുമായി സമവായ ചര്‍ച്ചകള്‍ നടത്താന്‍ ഉര്‍ദുഗാന്‍ ഭരണകൂടം ആരംഭിച്ചത്. മൂന്ന് വര്‍ഷങ്ങള്‍ക്കപ്പുറം അത് അവസാനിക്കുകയും ചെയ്തു.
തുടര്‍ച്ചയായി മൂന്നുവര്‍ഷം പ്രധാനമന്ത്രിയായതോടെ വീണ്ടും മത്സരിക്കാന്‍ ഉര്‍ദുഗാന് വിലക്കുവന്നു. അതോടെ പ്രസിഡന്റിന്റെ ആലങ്കാരിക പദവിയിലേക്ക് അദ്ദേഹം കളംമാറി. 2014-ല്‍ ഉർദുഗാൻ രാജ്യത്തെ ആദ്യത്തെ നേരിട്ട് തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റായി. എന്നാല്‍ 2017-ല്‍ ഹിതപരിശോധനയിലൂടെ ഭരണഘടനാ ഭേദഗതിക്ക് അനുമതിനേടി രാജ്യത്തിന്റെ പരമാധികാരം പ്രസിഡന്റിനാക്കി. പ്രധാനമന്ത്രിപദം എടുത്തുകളഞ്ഞു. പാര്‍ലമെന്റിനെ മൂലയ്ക്കിരുത്തി ഓര്‍ഡിനന്‍സുകളിലൂടെ ഭരിക്കാന്‍ വഴിയുണ്ടാക്കി. ജഡ്ജി നിയമനത്തില്‍ കൈകടത്തി ജുഡീഷ്യറിയുടെ നിഷ്പക്ഷതയില്ലാതാക്കി. ഭീഷണിപ്പെടുത്തി മാധ്യമങ്ങളുടെ വായടപ്പിച്ചു. ഉര്‍ദുഗാനെതിരേ നാവുയര്‍ത്തിയ രാഷ്ട്രീയക്കാരേയും ആക്ടിവിസ്റ്റുകളേയും ഭീകരവാദികളാക്കി മുദ്രകുത്തി.
ഉർദുഗന്റെ പ്രസിഡൻറ് സ്ഥാനം ജനാധിപത്യപ്രക്രിയകളുടെ അന്ത്യനാളുകളിലേക്കാണ് രാജ്യത്തെ എത്തിച്ചത്. ഒപ്പം സ്വേച്ഛാധിപത്യ ഭരണശൈലിയിലേക്കുള്ള മാറ്റം ആരംഭിക്കുകയും ചെയ്തു. ജനാധിപത്യത്തെ പൂര്‍ണമായി കശാപ്പുചെയ്യാതെ ജനാധിപത്യ സ്ഥാപനങ്ങളുടെ ചിറകരിഞ്ഞും ഭീഷണിപ്പെടുത്തി വായടപ്പിച്ചും അധികാരം അവനവനിലേക്ക് കേന്ദ്രീകരിക്കുന്ന രീതിയാണ് ഉര്‍ദുഗാന്‍ പിന്തുടര്‍ന്നത്. പുതിയ പ്രസിഡന്റ് കൊണ്ടുവന്ന സാമ്പത്തിക നയങ്ങള്‍ രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ തുടങ്ങി. പണപ്പെരുപ്പം വര്‍ധിച്ചു. ടര്‍ക്കിഷ് കറന്‍സി ലീറ ചരിത്രത്തിലെങ്ങുമില്ലാത്ത വിധം ഇടിഞ്ഞു. സിറിയയിലേയും ലിബിയയിലേയും സംഘര്‍ഷങ്ങളില്‍ തുര്‍ക്കി ഇടപെടാന്‍ തുടങ്ങി. തുര്‍ക്കിയുടെ പാര്‍ലമെന്ററി സംവിധാനത്തെ പ്രസിഡന്‍ഷ്യല്‍ സംവിധാനമാക്കി മാറ്റുന്നതിനായുള്ള നടപടികള്‍ ഉര്‍ദുഗാന്‍ ആരംഭിച്ചു. എക്‌സിക്യൂട്ടീവ് അധികാരങ്ങള്‍ വികസിപ്പിക്കുന്നതിനും തുര്‍ക്കിയുടെ കുടിയേറ്റ പ്രതിസന്ധിയിലും പുതിയ പരിഷ്‌കാരങ്ങള്‍ അദ്ദേഹം ഏര്‍പ്പെടുത്തി. ബോസ്‌ഫോറസ് കടലിടുക്ക് റഷ്യന്‍ നാവിക സേനയ്ക്ക് മുന്നില്‍ അടച്ചിട്ടുകൊണ്ടാണ് യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തോട് ഉര്‍ദുഗാന്‍ പ്രതികരിച്ചത്.
2023 മെയ് മാസത്തില്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പ് 20 വര്‍ഷമായി ഭരണത്തില്‍ തുടരുന്ന ഉര്‍ദുഗാന് ഏറെ നിര്‍ണായകമായിരുന്നു രാജ്യത്തെ സാമ്പത്തിക അരക്ഷിതാവസ്ഥയും ജീവിതച്ചെലവിലെ വര്‍ധനയുണ്ടാക്കിയ പ്രതിസന്ധിയും 20 വര്‍ഷംനീണ്ട ഉര്‍ദുഗാന്‍ യുഗത്തിന് അന്ത്യംകുറിക്കുമെന്ന് അഭിപ്രായ സര്‍വേകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഫെബ്രുവരി ആറിനുണ്ടായ ഭൂകമ്പത്തില്‍ സര്‍ക്കാര്‍ ഫലപ്രദമായി ഇടപെട്ടില്ലെന്നത് ഉര്‍ദുഗാനുനേരെയുള്ള വിമര്‍ശനം രൂക്ഷമാക്കി. 2003 മുതല്‍ തുര്‍ക്കിയില്‍ അധികാരത്തിലിരിക്കുന്ന ഉര്‍ദുഗാനെ പുറത്താക്കാന്‍ ആറു പ്രതിപക്ഷപാര്‍ട്ടികള്‍ ഒന്നിച്ചാണ് കെമാല്‍ ക്ലിച്ദരോലു എന്ന നേതാവിനെ സ്ഥാനാര്‍ഥിയാക്കിയത്. ഭൂകമ്പം, സാമ്പത്തികഞെരുക്കം, സിറിയന്‍ അഭയാര്‍ഥിപ്രശ്‌നം, ജനാധിപത്യം എന്നിവയായിരുന്നു തിരഞ്ഞെടുപ്പിലെ പ്രധാനവിഷയങ്ങള്‍. എന്നാല്‍ ഉര്‍ദുഗാനെ താഴെയിറക്കാമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ സ്വപ്‌നം പൊലിയുകയായിരുന്നു.
ഉര്‍ദുഗാന്‍ ഭരണം കാല്‍നൂറ്റാണ്ട് പിന്നിടാനൊരുങ്ങുന്നതിനിടെയാണ് ഒത്ത എതിരാളിയായി ഇമാമോലു രംഗപ്രവേശം ചെയ്യുന്നത്. വലിയ ജനപിന്തുണയുള്ള ഇമാമോലുവിനെ ഉര്‍ദുഗാന്‍ ഭയക്കുന്നുവെന്നും പ്രസിഡന്റ് സ്ഥാനത്തേക്കുള്ള സാധ്യതകളെ പോലും രാഷ്ട്രീയമായി നേരിടാനുള്ള നീക്കങ്ങളാണ് ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് നടക്കുന്നതെന്നുമാണ് പൊതുവിമര്‍ശം.
ഉര്‍ദുഗാനെതിരേയുള്ള ഏറ്റവും ശക്തനായ എതിരാളി
പാര്‍ലമെന്റില്‍ ഇമാമോലുവിന്റെ സി.എച്ച്.പി.ക്ക് 134 സീറ്റുകള്‍ ഉണ്ട്. ഉര്‍ദുഗാന്റെ എ.കെ.പിയ്ക്കാകട്ടെ 272 സീറ്റുകളാണ് ഉള്ളത്. 2024 മാര്‍ച്ചില്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ 81 പ്രവിശ്യാ തലസ്ഥാനങ്ങളില്‍ 35 എണ്ണവും സി.എച്ച്.പി. നേടിയിരുന്നു. എ.കെ.പിയേക്കാള്‍ പതിനൊന്ന് സീറ്റുകളാണ് സി.എച്ച്.പി. കഴിഞ്ഞ വര്‍ഷം നടന്ന തിരഞ്ഞെടുപ്പില്‍ നേടിയത്. അങ്കാറ, ഇസ്തംബൂള്‍, ഇസ്മിര്‍, അന്റാലിയ, പ്രധാന വ്യാവസായിക നഗരമായ ബര്‍സ തുടങ്ങിയ മിക്ക പ്രധാന നഗരങ്ങളിലും സി.എച്ച്.പി. വിജയിച്ചിരുന്നു.
പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്ക് ഉര്‍ദുഗാന്റെ ഏറ്റവും വലിയ എതിരാളിയാണ് തുര്‍ക്കി പ്രതിപക്ഷ പാര്‍ട്ടിയിലെ കരുത്തനായ ഇമാമോലു. മാര്‍ച്ച് 19-നാണ് ഇമാമോലുവിനെ അറസ്റ്റ് ചെയ്യുന്നത്. ദിവസങ്ങള്‍ക്കപ്പുറം മാര്‍ച്ച് 24-ന് റിപ്പബ്ലിക്കന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ ഔദ്യോഗിക പ്രസിഡന്റ് സ്ഥാനാര്‍ഥിയായി ഇമാമോലുവിനെ പാര്‍ട്ടി പ്രഖ്യാപിക്കുകയും ചെയ്തു. 2028-ലാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കേണ്ടത്. എന്നാല്‍, അതിനുമുന്‍പ് തിരഞ്ഞെടുപ്പ് നടക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രസിഡന്റ് എന്ന നിലയില്‍ എര്‍ദോഗന് രണ്ട് തവണ മത്സരിക്കാവുന്ന കാലാവധി കഴിഞ്ഞതിനാല്‍, മത്സരിക്കുന്നതിന് അദ്ദേഹത്തിന് നേരത്തെ തിരഞ്ഞെടുപ്പ് നടത്തുകയോ ഭരണഘടന മാറ്റുകയോ ചെയ്യേണ്ടിവരും.
ദശാബ്ദത്തിനിടയിലെ ഏറ്റവും അശാന്തമായ കാലത്തിലൂടെയാണ് തുര്‍ക്കി ഇപ്പോള്‍ കടന്നുപോവുന്നത്. പ്രസിഡന്റ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുന്നതിന് മുന്‍പുതന്നെ ഇമാമോലും മത്സരിക്കുമെന്ന് രാജ്യത്തെങ്ങും പ്രചരിച്ചിരുന്നു. അതിനിടെയാണ് അഴിമതി അന്വേഷണത്തിന്റെ പേരില്‍ ഇമാമോലു അറസ്റ്റിലായതും രാജ്യവ്യാപകമായി പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടതും. അറസ്റ്റില്‍ പ്രതിഷേധിച്ച് തുര്‍ക്കിയിലെ 81 പ്രവിശ്യകളില്‍ 55 എണ്ണത്തിലും ലക്ഷക്കണക്കിന് ആളുകളാണ് തെരുവിലിറങ്ങിയത്. ദിനംപ്രതിയെന്നോണം പ്രക്ഷോഭകരുടെ എണ്ണം കൂടിക്കൂടി വന്നു. എന്നാല്‍, ഇതിലൊന്നും തങ്ങള്‍ തളരില്ലെന്ന് സി.എച്ച്.പി. വക്താക്കള്‍ പ്രതികരിച്ചു. ലോക രാഷ്ട്രീയചരിത്രത്തിലും തുര്‍ക്കിയുടെ രാഷ്ട്രീയചരിത്രത്തിലും അവിശ്വസനീയമാംവിധം പ്രധാനപ്പെട്ട ഒരു ജനകീയ പ്രസ്ഥാനമാണിത്, ഇമാമോലു നിലവില്‍ ജയിലിലാണ്. അതേസമയം, അദ്ദേഹം തുര്‍ക്കി പ്രസിഡന്റ് സ്ഥാനത്തേക്കുള്ള യാത്രയിലുമാണ്. തുര്‍ക്കി രാഷ്ട്രീയത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന നടപടിയാണിതെന്ന് സി.എച്ച്.പി. നേതാവ് ഓസ്ഗുര്‍ ഓസല്‍ പറഞ്ഞു.

തെരുവ് ഭീകരതയെന്ന് ഉര്‍ദുഗാന്‍
തുര്‍ക്കിയില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് എതിരെ രൂക്ഷമായ ഭാഷയിലാണ് ഉര്‍ദുഗാന്‍ പ്രതികരിച്ചത്. പ്രതിഷേധങ്ങളെ അദ്ദേഹം 'തെരുവ് ഭീകരത' എന്നാണ് വിശേഷിപ്പിച്ചത്. മേയറുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് പതിനായിരക്കണക്കിന് ആളുകള്‍ നിത്യവും തെരുവിലിറങ്ങുന്നു. പ്രകടനക്കാരും പോലീസും തമ്മില്‍ അക്രമാസക്തമായ ഏറ്റുമുട്ടലുകള്‍ ഉണ്ടാവുന്നു. രാജ്യം സംഘര്‍ഷഭരിതമായതോടെ പൊതുയോഗങ്ങള്‍ക്ക് താല്‍ക്കാലിക നിരോധനവും സോഷ്യല്‍ മീഡിയ ഉപയോഗത്തിന് നിയന്ത്രണവും അധികൃതര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.തുര്‍ക്കിയിലെ തെരുവ് ഭീകരതയ്ക്ക് താന്‍ കീഴടങ്ങാന്‍ ഉദ്ദേശിക്കുന്നില്ല എന്ന് ഉര്‍ദുഗാന്‍ പറഞ്ഞു.അഴിമതി, പ്രശ്‌നകരമായ പ്രസ്താവനകള്‍, ചില തീവ്രവാദ ഗ്രപ്പുകളുമായുള്ള ബന്ധം എന്നിവ കാരണം സി.എച്ച്.പിക്ക് നിയമാനുസൃത പാര്‍ട്ടി എന്ന പദവി നഷ്ടപ്പെടാന്‍ പോകുന്നുവെന്നും ഉര്‍ദുഗാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തുര്‍ക്കിയിലുടനീളം ഉണ്ടായ കലാപത്തിനിടെ ആയിരത്തിലേറെ പ്രതിഷേധക്കാരെ അധികാരികള്‍ കസ്റ്റഡിയിലെടുത്തു. പൊതു ക്രമസമാധാനത്തിന് തടസ്സമുണ്ടാക്കുന്നതോ ദേശീയ സമാധാനത്തിന് ഭീഷണിയാകുന്നതോ എന്തിനെയും ഉദ്യോഗസ്ഥര്‍ വെച്ചുപൊറുപ്പിക്കില്ലെന്നും തുര്‍ക്കി ആഭ്യന്തരമന്ത്രി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
തുര്‍ക്കിയെ കാത്തിരിക്കുന്നത്
ആഗോളരാഷ്ട്രീയത്തില്‍ നിര്‍ണായകസ്ഥാനമുള്ള രാജ്യമാണ് തുര്‍ക്കി. ഒരേസമയം നാറ്റോ അംഗരാജ്യവും റഷ്യയുടെ ചങ്ങാതിയുമാണ് തുര്‍ക്കി. യുക്രൈനില്‍നിന്നുള്ള ധാന്യക്കയറ്റുമതി പ്രതിസന്ധി പരിഹരിക്കാന്‍ മുന്‍കൈയെടുത്തത് ഉര്‍ദുഗാനാണ്. യുദ്ധത്തില്‍ റഷ്യയെ വിമര്‍ശിച്ചപ്പോഴും പുതിനുമായി വ്യാപാരം നിര്‍ബാധം തുടരുന്നുണ്ട്. യുക്രൈനെ പടക്കോപ്പുകള്‍ നല്‍കിയും സഹായിച്ചു. ഭൗമശാസ്ത്രപരമായ സ്ഥാനം കൊണ്ട് അഭയാര്‍ഥിപ്രതിസന്ധി പരിഹരിക്കാന്‍ യൂറോപ്യന്‍ യൂണിയന് തുര്‍ക്കിയുടെ സഹായം വേണം. അതുകൊണ്ടുതന്നെ പാശ്ചാത്യരാജ്യങ്ങള്‍ക്ക് തുര്‍ക്കിയെ തിരസ്‌കരിക്കാനാകില്ല, രാജ്യത്തിനും.
ഉര്‍ദുഗാനെതിരേ ആയിരക്കണക്കിന് ആളുകള്‍ തെരുവിലിറങ്ങിയപ്പോള്‍ അതിലേറെ പേര്‍ അനുകൂലിച്ച് അകത്തിരിപ്പുണ്ട്. രാജ്യത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എന്നത്തേയും പോലെ ഉര്‍ദുഗാന് സാധിക്കുമെന്ന് അവര്‍ക്ക് ആത്മവിശ്വാസമുണ്ട്. തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അഭിപ്രായ സര്‍വേകളില്‍ പലരും അത്തരം പ്രതികരണങ്ങള്‍ നല്‍കിയിട്ടുണ്ട്. സാമ്പത്തികപ്രതിസന്ധികളെയടക്കം പരിഹരിച്ച ചരിത്രം നമുക്കുണ്ടായിരുന്നല്ലോ എന്നാണ് പൗരന്മാരാണ് അദ്ദേഹം ചോദിക്കുന്നത്. ഉര്‍ദുഗാന്റെ ആത്മവിശ്വാസത്തിനുമപ്പുറമുള്ള പ്രതിഷേധക്കാറ്റാണ് തുര്‍ക്കിയില്‍ വീശുന്നത്. ഇമാമോലുവിന്റെ ചിറകിലേറി ആ പ്രതിഷേധം ഉര്‍ദുഗാന്റെ സ്വേച്ഛാധിപത്യത്തിന് അന്ത്യം കുറിക്കുമോ എന്നാണ് ഇനി അറിയാനുള്ളത്.
Content Highlights: Turkey Protests: İmamoğlu`s Arrest Sparks Nationwide Uprising
Published: 27 Mar 2025, 11:00 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented