വഗണിക്കാൻ ആവാത്തതായിരുന്നു ആ യാദൃച്ഛികത. 2026 മേയ് 14-ന് ഡൊണാൾഡ് ട്രംപ് ബീജിങ്ങിലെ മഹാജനസഭാ മന്ദിരത്തിന്റെ (ഗ്രേറ്റ് ഹാൾ ഓഫ് പീപ്പിൾ) ചെമ്പരവതാനി വിരിച്ച പടികൾ ഇറങ്ങി ചൈനയുടെ പ്രസിഡന്റ് ഷി ജിൻ പിങ്ങിന് കൈകൊടുക്കാൻ മെല്ലെ നടക്കുമ്പോൾ എണ്ണായിരത്തിലധികം കിലോമീറ്ററുകൾപ്പുറം ന്യൂഡൽഹിയിൽ ബ്രിക്സ് വിദേശകാര്യമന്ത്രിമാർ ഒത്തുകൂടുകയായിരുന്നു. ഒരേസമയം നടന്ന ഈ രണ്ട് യോഗങ്ങൾ അമേരിക്കയ്ക്കു മേധാവിത്വമുള്ള ശീതയുദ്ധാനന്തര ലോകക്രമത്തിന്റെ അന്ത്യത്തിനും ബഹുമുഖ ലോകത്തിന്റെ ഉയർച്ചയ്ക്കും പ്രതീകാത്മക തുടക്കമിട്ടിരിക്കുന്നു.

To advertise here,

ലോകത്തിലേക്കും സമ്പന്നരായ വ്യവസായികളുടെ അകമ്പടിയോടെ ബീജിങ്ങിലെത്തിയ ട്രംപ് പതിവിലും ശാന്തനും വാക്കുകളിൽ സൂക്ഷ്മത പാലിക്കുന്നവനുമായിരുന്നു. അനാവശ്യമായി സാമൂഹികമാധ്യമങ്ങളിൽ അഭിപ്രായമെഴുതി ചൈനയെ പിണക്കിയില്ല. വമ്പൻ വാചകങ്ങളും അവകാശവാദങ്ങളും നിറപ്പകിട്ടാർന്ന ചടങ്ങുകളുമല്ലാതെ വ്യാപാരത്തിലും വ്യവസായത്തിലും നയതന്ത്രത്തിലുമൊന്നും കാര്യമായ നേട്ടങ്ങളുണ്ടായില്ല. കൂടിക്കാഴ്ച വലിയ വിജയമായെന്ന് ട്രംപും ചരിത്രപരമെന്നു ഷിയും വിശേഷിപ്പിച്ചു. അത്രതന്നെ.

ചൈനയുടെ കോട്ടയിൽ അതിഥിയായി എത്തിയ അമേരിക്കൻ പ്രസിഡന്റ്, തായ്വാൻ പോലുള്ള ചൈനയുടെ അഭിമാനപ്രശ്നങ്ങളിൽ ഷിയുടെ ദൃഢമായ മുന്നറിയിപ്പുകൾക്ക് മുന്നിൽ മൗനം പാലിച്ചു. തായ്വാൻ പ്രശ്നത്തെ ചൈന-അമേരിക്ക ബന്ധത്തിലെ ഏറ്റവും നിർണായക വിഷയമെന്ന് വിശേഷിപ്പിച്ച ഷി അതിനെ തെറ്റായി കൈകാര്യം ചെയ്താൽ ഏറ്റുമുട്ടലുകൾക്കും സംഘർഷങ്ങൾക്കും വഴിവെക്കുമെന്ന് ട്രംപിന് മുന്നറിയിപ്പ് നൽകി.

സന്ദർശനം പരാജയമായിരുന്നുവെന്നാണ് അമേരിക്കയിൽ മിക്കവരുടേയും വിലയിരുത്തൽ. കാരണം, ഇതുവരെ ട്രംപ് സ്വീകരിച്ചിരുന്ന ശൈലിയുമായി താരതമ്യം ചെയ്താൽ ഈ സമീപനം ഏറെ വ്യത്യസ്തവും മൃദുവുമായിരുന്നു. ചൈനയെ വരുതിയിലാക്കാനുള്ള അമേരിക്കയുടെ നീക്കങ്ങൾ ഫലപ്രദമല്ലെന്ന് വ്യക്തമായി. ഇറാനിൽ അമേരിക്കയുടെ സൈനികലക്ഷ്യങ്ങൾ ഒന്നും പൂർത്തിയാകാത്ത സാഹചര്യത്തിൽ യുദ്ധം പെട്ടെന്ന് അവസാനിപ്പിക്കാൻ ചൈന തന്റെ സ്വാധീനം ഉപയോഗിക്കണമെന്ന് യുഎസ് ആഗ്രഹിക്കുന്നു.

ബീജിങ് ഉച്ചകോടിക്കിടെ ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ട്രംപ് തന്നെ പറഞ്ഞത്, ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഷി ജിൻ പിങ് സഹായം വാഗ്ദാനം ചെയ്തുവെന്നാണ്. സ്വയം ആരംഭിച്ച ഒരു സംഘർഷത്തിൽനിന്ന് തടിയൂരുന്നതിന് സഹായിക്കാൻ അന്താരാഷ്ട്രരംഗത്തെ തങ്ങളുടെ ഏറ്റവും വലിയ എതിരാളിയാട് അമേരിക്ക യാചിക്കുകയാണ്!

പരമാവധി സമ്മർദ്ദം തിരിച്ചടിച്ചപ്പോൾ

2025 ജനുവരിയിൽ വൈറ്റ്ഹൗസിലേക്ക് തിരിച്ചെത്തിയ ട്രംപ് അമേരിക്കയ്ക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്ന പ്രതാപം തിരിച്ചുപിടിക്കാൻ (മെയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ- മാഗ) ഉൽപ്പാദനരംഗത്തെ മേൽക്കോയ്മ വീണ്ടെടുക്കണമെന്ന് പ്രഖ്യാപിച്ചു. അതു സാധ്യമാക്കാൻ അദ്ദേഹം ലളിതമായ ഒരു സിദ്ധാന്തം മുന്നോട്ടുവെച്ചു- ചൈനയ്ക്കുമേൽ പരമാവധി സമ്മർദ്ദമേൽപ്പിക്കുക. വ്യാപാരക്കമ്മിയുടെ പേരിൽ താങ്ങാനാകാത്ത തീരുവകൾ ഏർപ്പെടുത്തുക, ആധുനിക സാങ്കേതികവിദ്യ നിഷേധിക്കുക, ഇറാനെ കീഴ്പ്പെടുത്തുക, ലാറ്റിനമേരിക്കയിൽ ആധിപത്യം ഉറപ്പിക്കാൻ വെനസ്വേലയെ ഉപയോഗിക്കുക, ഉൽപ്പാദന സംവിധാനങ്ങളെ ചൈനയിൽ നിന്നും സുഹൃദ് രാജ്യങ്ങളിലേക്ക് മാറ്റുക (ചൈന പ്ലസ് വൺ) എന്നിങ്ങനെ. യുക്തിസഹമെന്നു തോന്നിച്ച ഈ അക്രമോത്സുകപദ്ധതി നടപ്പാക്കിയപ്പോൾ പരാജയമായി.

2025 മേയ് മാസം ജനീവയിൽ നടന്ന വ്യാപാരചർച്ചകൾ സംഘർഷം കുറച്ചെങ്കിലും വ്യാപാരത്തിലെ അമേരിക്കൻ വിശ്വാസ്യതയ്ക്കും ഡോളറിന്റെ ആഗോള പ്രാമാണ്യത്തിനും ദീർഘകാല ആഘാതം ഉണ്ടാക്കിയെന്ന് വ്യക്തമായിരുന്നു. ചർച്ച ചരിത്രവിജയമെന്ന് വൈറ്റ്ഹൗസ് ആഘോഷിച്ചെങ്കിലും യഥാർത്ഥത്തിൽ നടന്നത് ഇരുരാജ്യങ്ങളുടെയും പിൻമാറ്റമായിരുന്നു: ചൈനയെ കീഴ്പ്പെടുത്താനുദ്ദേശിച്ച തീരുവ യുദ്ധം, അമേരിക്കയുടെ ദൗർബല്യങ്ങൾ ലോകത്തിനു മുന്നിൽ നഗ്നമാക്കി.

അതിൽ ഏററവും പ്രധാനം അപൂർഭൗമ മൂലകങ്ങളുടെ കാര്യത്തിലായിരുന്നു. ചൈന അവയുടെയും നിർണ്ണായക ധാതുക്കളുടെയും കാന്തങ്ങളുടെയും ഒരു വലിയനിരയുടെ കയറ്റുമതി നിർത്തലാക്കി. അത് വാഹന നിർമ്മാതാക്കൾ, ബഹിരാകാശ കമ്പനികൾ, അർദ്ധചാലക ഉൽപ്പാദകർ, സൈനിക കരാറുകാർ എന്നിവരുടെ വിതരണശൃംഖലകളെ താറുമാറാക്കി. ചൈനയിൽ സംസ്‌കരിച്ച ധാതുക്കളില്ലാതെ അമേരിക്കയ്ക്കു പോർവിമാനമുണ്ടാക്കാനോ വൈദ്യുത വാഹനമുണ്ടാക്കാനോ ഇന്നത്തെ സാഹചര്യത്തിൽ കഴിയില്ല. ഒടുവിൽ ചൈനയുമായി ഉണ്ടാക്കിയ കരാർ കമ്യൂണിസ്റ്റ് രാജ്യത്തിന് ഈ മേഖലയിലുള്ള പൂർണനിയന്ത്രണത്തിന് അടിവരയിട്ടു.

ഇറാൻ യുദ്ധം അമേരിക്കൻ പരിമിതികളെ കൂടുതൽ തുറന്നുകാട്ടി. കമാൻഡ് സെന്ററിലിരുന്ന് മിസൈൽ അയയ്ക്കുന്നതിനു പകരം പടക്കളത്തിൽ മുഖാമുഖം പൊരുതാൻ ഭടൻമാരെ ഇറക്കാൻ യുഎസിനുള്ള വൈമുഖ്യം വ്യക്തമായിരുന്നു. ചൈന യുദ്ധത്തിൽ നേരിട്ട് പൊരുതുന്നില്ലെങ്കിലും ഇറാന് സാങ്കേതിക സഹായവും ഉപഗ്രഹ ഇന്റലിജൻസും നൽകുന്നതായി ആരോപണമുണ്ട്. ഇറാന്റെ ഡ്രോണുകളുടെ കൃത്യതയ്ക്ക് കാരണം അതാണെന്നാണു വിലയിരുത്തൽ. തങ്ങൾക്ക് വാഗ്ദാനം ചെയ്യപ്പെട്ടിരുന്ന സംരക്ഷണം കിട്ടാത്തതിൽ ഗൾഫ് രാജ്യങ്ങൾ നിരാശരാണ്. മിക്കവാറും ജിസിസി രാജ്യങ്ങളിൽ അമേരിക്കൻ സൈനികത്താവളങ്ങളുണ്ടായിട്ടും അതാണവസ്ഥ. നാറ്റോ രാജ്യങ്ങളുമായുള്ള ബന്ധവും മോശമാണ്. അവരൊക്കെ സ്വന്തം സുരക്ഷയ്ക്ക് മറ്റു മാർഗങ്ങൾ അന്വേഷിക്കുകയാണ്.

2017-ൽ ട്രംപ് എത്തുമ്പോൾ നേരിയ തീരുവ വർധന പോലും ചൈനയ്ക്ക് ആശങ്കയായിരുന്നു. ഇന്ന് അങ്ങനെയല്ല. രണ്ടാം ടേമിൽ ട്രംപിന്റെ ദ്രോഹശ്രമങ്ങളെയൊക്കെ അവർ വിജയകരമായി ചെറുത്തു ഇപ്പോൾ തന്ത്രപരമായ സ്ഥിരതയുള്ള സൃഷ്ടിപരമായ ബന്ധം വളർത്തിയെടുക്കാൻ ഇരുനേതാക്കളും സമ്മതിച്ചു. ചൈനയുടെ മുഖ്യലക്ഷ്യങ്ങളായ തായ്വാൻ, സാങ്കേതികവിദ്യ, പ്രാദേശിക മേൽക്കോയ്മ എന്നീ കാര്യങ്ങളെ അമേരിക്കൻ സമ്മർദ്ദത്തിൽനിന്നു സംരക്ഷിച്ചു നിർത്തിയുള്ള ബന്ധം. അതുതന്നെയാണ് ചൈന ആഗ്രഹിക്കുന്നത്. അവയെക്കുറിച്ച് ട്രംപ് സംസാരിക്കാതിരുന്നത് ചൈനയുടെ നിർബന്ധത്തിന് വഴങ്ങിയാണെന്ന് വ്യാഖ്യാനിക്കപ്പെടുന്നു.

അമേരിക്കയിലാണെങ്കിൽ ട്രംപിന്റെ ജനപ്രീതി ഏറ്റവും താഴ്ന്ന നിലയിലാണ്. നാൽപ്പതു ശതമാനം പോലുമില്ല അംഗീകാരം. നവംബറിലെ ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി പിടിച്ചുനിൽക്കണമെങ്കിൽ കാര്യമായ ചില നേട്ടങ്ങൾ അദ്ദേഹത്തിന് അനിവാര്യമാണ്. ഇറാൻ യുദ്ധം അവസാനിപ്പിക്കുക, ചൈനയുടെ വിപണി അമേരിക്കൻ ഉത്പന്നങ്ങൾക്ക് കൂടുതൽ തുറന്നുകൊടുക്കുക, അമേരിക്കയിൽ വൻതോതിൽ ചൈനീസ് നിക്ഷേപം ആകർഷിക്കുക തുടങ്ങിയവ. ഈ സാഹചര്യം ചൈന നന്നായി മുതലെടുത്തു.

 

ചൈനയിൽനിന്നു ട്രംപിന് കിട്ടിയത് ഇരുനൂറ് ബോയിങ് വിമാനങ്ങൾ വാങ്ങാനും എൻവിഡിയയുടെ എഛ് 200 ചിപ്പുകൾ ചൈനീസ് കമ്പനികൾക്ക് വിൽക്കാനും ചില കാർഷികോത്പന്നങ്ങൾ വാങ്ങാനുമുള്ള കരാറുകൾ മാത്രമാണ്. വർഷങ്ങളായി ചൈനയ്ക്കെതിരെ ആഗോള സാങ്കേതിക ഉപരോധം ഉണ്ടാക്കാൻ ശ്രമിച്ചുവന്ന യുഎസിന്റെ പിൻമാറ്റം ഷിയെ സന്തോഷിപ്പിക്കുന്നതാണ്.

 

ശരീരഭാഷയും ട്രംപിന്റെ ദൗർബല്യവും ട്രോൾമഴയും

രണ്ട് നേതാക്കൾ തമ്മിൽ കാണുന്നതിനെ കുറിച്ച് പത്രക്കുറിപ്പിൽ വരുന്ന കഥയും അവരുടെ ശരീരങ്ങൾ പറയുന്ന കഥയും വളരെ വ്യത്യസ്തമാകാം. ഗാർഡ് ഓഫ് ഓണറും ദേശീയപതാകകളും പൂക്കളും ഏന്തിയ കുട്ടികളുടെ നിരകളുമൊക്കെ ട്രംപിന് ഇഷ്ടമായി. 'ഇതുവരെ നടന്ന ഉച്ചകോടികളിൽ ഏറ്റവും മഹത്തരം ഇതാണ്' എന്ന് ട്രംപ് പറഞ്ഞു. ലോകത്തിലേക്കും ശക്തമായ രാജ്യത്തിന്റെ പ്രസിഡന്റല്ല, ഗംഭീര സ്വീകരണത്തിൽ സന്തോഷിക്കുന്ന ഒരു സാധാരണ മനുഷ്യനെപ്പോലെ. തനിക്ക് അതിഥിയെ ആവശ്യമുള്ളതിനെക്കാളധികം അയാൾക്ക് തന്നെ വേണമെന്ന ബോധ്യമുള്ള ആതിഥേയനെപ്പോലെ ഷി ശാന്തനായി, ഒട്ടും ധൃതി കാട്ടാതെ ഇരുന്നു.

ഔദ്യോഗികവിരുന്നിൽ ഷി ഇരുരാജ്യത്തെയും ജനതകൾ മഹത്തരമാണെന്നും ചൈനയുടെ ഉജ്ജ്വലമായ പുനരുജ്ജീവനവും അമേരിക്ക മഹത്വം തിരിച്ചുപിടിക്കുന്നതും ഒരുമിച്ചു നടവുന്നതാണെന്നും ഷി പറഞ്ഞു. രണ്ടു പദ്ധതികളും- മെയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്നും ചൈനയുടെ മഹാദേശീയലക്ഷ്യങ്ങളും- ഷി ചേർത്തുവെച്ചു. പരസ്പരപൂരകമായ, പരസ്പരാശ്രിതമായ, തുല്യരായ രണ്ട് വൻശക്തികൾ! സന്ദേശം വ്യക്തം. രണ്ടാം ദിവസം, ചൈനീസ് ചക്രവർത്തിമാരും കമ്മ്യൂണിസ്റ്റ് നേതാക്കളും നൂറ്റാണ്ടുകളായി ജീവിക്കുകയും ഭരിക്കുകയും ചെയ്ത ഴോങ്നാൻഹായിലെ ഇംപീരിയൽ പൂന്തോട്ടത്തിൽ ഇരുവരും ഒരുമിച്ചു നടന്നു.

 

പൂക്കളെ വളരെയധികം ഇഷ്ടപ്പെട്ട ട്രംപ് 'എനിക്കിഷ്ടമായി. എനിക്കിത് ശീലമാക്കാനാവും' എന്നു പറഞ്ഞത് വലിയ ട്രോളായി. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ആസ്ഥാനത്ത് അമേരിക്കൻ പ്രസിഡന്റ് വളരെ സുഖമനുഭവിക്കുന്നു. പോരാത്തതിന്, സ്വയം ആരംഭിച്ച യുദ്ധം അവസാനിപ്പിക്കാൻ അവരുടെ സഹായവും തേടുന്നു! അമേരിക്കൻ നാഗരികത നേരിടുന്ന ഏറ്റവും വലിയ ഭീഷണിയായി ചിത്രീകരിച്ച ചൈനയെ ഉപരോധിച്ച, ടിക്ടോക് പോലുള്ള ചൈനീസ് ആപ്പുകളെ നിരോധിക്കാൻ ശ്രമിച്ച ട്രംപാണ് ഈ പറയുന്നത്! 'മേക്ക് ചൈന ഗ്രേറ്റ് എഗെയ്ൻ' എന്ന പരിഹാസം അമേരിക്കയിൽ തന്നെ ശക്തമായി മുഴങ്ങുന്നുണ്ട്. ഹോർമുസ് കടലിടുക്ക് കൊണ്ട് വായ മൂടിക്കെട്ടിയ ട്രംപിന്റെ ചിത്രങ്ങൾ ഇപ്പോൾ അമേരിക്കക്കാർ തന്നെ പങ്കുവെക്കുന്നു.

 

ഇന്ത്യ: രണ്ട് ലോകങ്ങൾക്കിടയിൽ

ഈ വർഷത്തെ ബ്രിക്സ് അദ്ധ്യക്ഷനായ ഇന്ത്യ ട്രംപിന്റെ ചൈനാ സന്ദർശനം നടക്കുന്നതിനിടെ ശക്തമായ നിലപാട് പ്രഖ്യാപനം നടത്തിയത് ശ്രദ്ധേയമായി. വിദേശമന്ത്രി ഡോ. എസ്. ജയശങ്കർ അന്താരാഷ്ട്ര നിയമത്തിനും ഐക്യരാഷ്ട്ര ചാർട്ടറിനും വിരുദ്ധമായ ഏകപക്ഷീയമായ ഉപരോധങ്ങളും മറ്റു നടപടികളും ബ്രിക്സ് ചർച്ച ചെയ്യണമെന്ന് ആഹ്വാനം ചെയ്തു. വികസ്വര രാജ്യങ്ങളെ അമിതമായി ബാധിക്കുന്ന ഈ ന്യായരഹിത നടപടികൾക്ക് സംവാദത്തിനോ നയതന്ത്രത്തിന് ബദലോ ആകാൻ കഴിയില്ലെന്ന് അദ്ദേഹം ഉറക്കെ പ്രഖ്യാപിച്ചു.

അമേരിക്കയും ചൈനയും തമ്മിൽ ഒത്തുതീർപ്പായാൽ ഇന്ത്യ പസിഫിക്കിലെ ക്വാഡ് പോലുള്ള സുരക്ഷാ സംവിധാനങ്ങളുടെ ഗതിയെന്താവുമെന്ന ആശങ്ക സ്വാഭാവികമാണ്. ബീജിങ്ങുമായി കരാർ ഒപ്പിടാൻ തിടുക്കം കൂട്ടുന്ന ഒരു അമേരിക്ക, ഇന്ത്യയുടെ അതിർത്തികളിലും ഇന്ത്യൻ മഹാസമുദ്രത്തിലും ചൈനീസ് അക്രമോത്സുകതയെ ചെറുക്കുന്നതിൽ താൽപ്പര്യം കാട്ടുമെന്ന് പ്രതീക്ഷിക്കാനാവില്ല. ഇന്ത്യയുടെ ഏറ്റവും വലിയ ഭൗമരാഷ്ട്രീയ വെല്ലുവിളി ഇതാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം തന്ത്രപ്രധാനമായ സ്വയംഭരണം ഒരു ഭാവത്തിനപ്പുറം സർവതലസ്പർശിയായ ജീവിതരീതിയായി മാറേണ്ടിയിരിക്കുന്നു. ജയശങ്കറിന്റെ പ്രസംഗത്തെ ആ വലിയ പദ്ധതിയുടെ ഭാഗമായി കാണാവുന്നതാണ്.

ബന്ധങ്ങളിലും ഇടപാടുകളിലും അമേരിക്കക്കുള്ള വിശ്വാസ്യത ട്രംപിന്റെ കീഴിൽ നിലംപൊത്തിയിരിക്കുന്നു. നേരത്തേ, അമേരിക്ക ഏർപ്പെടുത്തിയ ആയിരക്കണക്കിന് ഉപരോധങ്ങളാൽ ഇറാനുമായുള്ള ഇന്ത്യൻ വ്യാപാരം നിലച്ചിരുന്നു. യുക്രൈൻ യുദ്ധം തുടങ്ങിയ ശേഷം അമേരിക്കയുടെ മൗനാനുവാദത്തോടെ ഇന്ത്യ വലിയ തോതിൽ സൗജന്യനിരക്കിൽ റഷ്യൻ എണ്ണ വാങ്ങിയിരുന്നു; പിന്നീട് യുഎസ് 50 ശതമാനം തീരുവ ഏർപ്പെടുത്തുകയും റഷ്യൻ എണ്ണക്കമ്പനികൾക്ക് ഉപരോധം ഏർപ്പെടുത്തുകയും ചെയ്തപ്പോൾ ഇറക്കുമതി കുറയ്ക്കേണ്ടി വന്നു. തെക്കുകിഴക്കനേഷ്യയിൽ പോലും യുഎസിനെക്കാൾ ചൈനയ്ക്ക് വിശ്വാസ്യതയുണ്ട്. 'ചതിയിൽ വഞ്ചനയില്ല' എന്നെങ്കിലും ഉണ്ടല്ലോ.