ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തിലൊരു നീക്കം. അമേരിക്കയിലുള്ള അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ ഇതുവരെ സാക്ഷ്യം വഹിച്ചിട്ടില്ലാത്ത തരത്തിലുള്ള നടപടിക്കാണ് ട്രംപ് ഭരണകൂടം തുടക്കം കുറിച്ചിരിക്കുന്നത്. യു.എസ് സൈന്യത്തിന്റെ സി-17 വിമാനത്തിലാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലേക്കുള്ള നാടുകടത്തല്‍. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി അവരെ സൈനിക വിമാനത്തില്‍ കയറ്റി, അവര്‍ എവിടെനിന്നാണോ വന്നത് അവിടെത്തന്നെ തിരിച്ചെത്തിക്കുമെന്ന് ട്രംപ് നേരത്തെതന്നെ പറഞ്ഞിരുന്നു. ഇന്ത്യയ്ക്ക് പുറമെ ഗ്വാട്ടിമാല, പെറു, ഹോണ്ടുറാസ് എന്നീ രാജ്യങ്ങളേക്കും അനധികൃത കുടിയേറ്റക്കാരുമായി അമേരിക്കന്‍ സൈന്യത്തിന്റെ ചരക്ക് വിമാനങ്ങള്‍ പറന്നുകഴിഞ്ഞു.

To advertise here,

തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നിന് ടെക്സാസിലെ സാന്‍ അന്റോണിയോയില്‍നിന്ന് പഞ്ചാബിലെ അമൃത്‌സറിലേക്ക് പറന്ന യു.എസ് സൈനിക വിമാനത്തില്‍ 205 ഇന്ത്യക്കാരാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ ഒരു ചാര്‍ട്ടേഡ് വിമാനത്തിലും ഇന്ത്യക്കാരായ അനധികൃത കുടിയേറ്റക്കാരെ ഇത്തരത്തില്‍ തിരിച്ചയച്ചിരുന്നു. നാടുകടത്തില്‍ ആദ്യമായല്ല, അതിനായി സൈനിക വിമാനം ഉപയോഗിക്കുന്നതാണ് അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യത്തേത്. ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഉപയോഗിക്കുന്നതിനേക്കാള്‍ വളരെ ചെലവേറിയതാണ് ഇത്തവണത്തെ ട്രംപിന്റെ നീക്കമെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടുചെയ്യുന്നു.

അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ ഫസ്റ്റ് ക്ലാസ് ടിക്കറ്റ് എടുത്തുനല്‍കുന്നതിന്റെ അഞ്ചിരട്ടി തുക ചെലവാക്കിയാണ് ഓരോ അനധികൃത കുടിയേറ്റക്കാരനെയും ഗ്വാട്ടിമാലയിലേക്ക് തിരിച്ചയച്ചതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ടുചെയ്തു. ചാര്‍ട്ടര്‍ വിമാനത്തില്‍ ഇവരെ നാടുകടത്തുന്നതിലും ചെലവേറിയതാണ് സൈനിക വിമാനം ഉപയോഗിച്ചുള്ള നടപടിയെന്നാണ് എഎഫ്പി റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്തുതന്നെയാണെങ്കിലും ഇത്തവണത്തെ നാടുകടത്തല്‍ നീക്കത്തിന് സൈനിക വിമാനങ്ങള്‍തന്നെ ഉപയോഗിക്കാനാണ് ട്രംപിന്റെ തീരുമാനം. യു.എസ് നടപടി 20,000-ത്തിലധികം ഇന്ത്യക്കാരെ ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

placeholder
അമേരിക്കന്‍ സൈന്യത്തിന്റെ സി-17 വിമാനം | Photo - AFP
അമേരിക്കൻ സൈന്യത്തിന്റെ സി-17 വിമാനം | Photo - AFP

കുറച്ചൊന്നുമല്ല, ലക്ഷക്കണക്കിന് പേര്‍; ഞെട്ടിക്കുന്ന കണക്കുകള്‍

വന്‍തോതിലുള്ള അനധികൃത കുടിയേറ്റമാണ് അമേരിക്കയിലേക്ക് നടക്കുന്നതെന്നാണ് കണക്കുകള്‍. കോവിഡ് മഹാമാരിയ്ക്കുശേഷം ലോകമെങ്ങും കുടിയേറ്റം വന്‍തോതില്‍ വര്‍ധിച്ചിട്ടുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. രേഖകളില്ലാത്ത കാല്‍നടയായി അമേരിക്കന്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇത്തരത്തില്‍ അനധികൃതമായി എത്തുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണെങ്കിലും അടുത്തിടെ വന്‍ കുതിച്ചുകയറ്റമാണ് ഉണ്ടായിട്ടുള്ളതെന്ന് യു.എസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2024 സാമ്പത്തിക വര്‍ഷത്തില്‍ അമേരിക്കയിലേക്ക് അനധികൃതമായി കടന്നുകയറാന്‍ ശ്രമിക്കുന്നതിനിടെ 29,01,142 പേരണ് അധികൃതരുടെ പിടിയിലായത്. ഇവരില്‍ 3.11 ശതമാനംപേര്‍ ഇന്ത്യന്‍ പൗരത്വമുള്ളവര്‍ ആയിരുന്നു. 2023-ല്‍ ഇത്തരത്തില്‍ 32,10,144 പേരും 2022-ല്‍ 27,66,582 പേരും 2021-ല്‍ 19,56,519 പേരും പിടിയിലായിട്ടുണ്ട്.

ഇന്ത്യയില്‍നിന്നുള്ള 7.25 ലക്ഷം അനധികൃത കുടിയേറ്റക്കാര്‍ അമേരിക്കയിലുണ്ടെന്നാണ് കണക്കുകള്‍. മെക്സിക്കോയ്ക്കും എല്‍ സാല്‍വദോറിനുംശേഷം മൂന്നാമതാണ് ഇക്കാര്യത്തില്‍ ഇന്ത്യയുടെ സ്ഥാനം. നിലവില്‍ 17,940 ഇന്ത്യന്‍ പൗരന്മാര്‍ക്ക് യു.എസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് (ഐ.സി.ഇ) നാടുകടത്തില്‍ സംബന്ധിച്ച ഉത്തരവ് നല്‍കിയിട്ടുണ്ട്. 2,647 ഇന്ത്യന്‍ പൗരന്മാരെ നാടുകടത്തല്‍ നീക്കങ്ങളുടെ ഭാഗമായി 2024-ല്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. 1,529 പേരെയാണ് കഴിഞ്ഞ വര്‍ഷം നാടുകടത്തിയത്. അനധികൃത കുടിയേറ്റത്തെ ഒരുതരത്തിലും പ്രോത്സാഹിപ്പിക്കില്ലെന്നും ന്യൂഡല്‍ഹി അതിന് എതിരാണെന്നുമാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുള്ളത്. അമേരിക്കന്‍ അധികൃതര്‍ കണ്ടെത്തുന്ന അനധികൃത കുടിയേറ്റക്കാര്‍ ഇന്ത്യക്കാരാണെന്ന് സ്ഥിരീകരിച്ചാല്‍ അവരെ തിരിച്ചുകൊണ്ടുവരാന്‍ തയ്യാറാണെന്നാണ് രാജ്യത്തിന്റെ നിലപാട്. വിദഗ്ധ തൊഴില്‍ ചെയ്യുന്നവരുടെയും വിദ്യാര്‍ഥികളുടെയും വിസയും താത്പര്യങ്ങളും സംരക്ഷിക്കപ്പെടണമെന്ന് മാത്രമാണ് ഈ വിഷയത്തില്‍ ഇന്ത്യ ആവശ്യപ്പെട്ടിട്ടുള്ളത്. അനധികൃത കുടിയേറ്റക്കാരല്ല, വിദഗ്ധ തൊഴില്‍ മേഖലകളില്‍ ഉള്ളവരും ഡോക്ടര്‍മാരും നഴ്‌സുമാരും അടക്കമുള്ളവരാണ് അമേരിക്കയിലെ ഇന്ത്യന്‍ സമൂഹം. 2022-23-ല്‍ അമേരിക്ക അനുവദിച്ച തൊഴില്‍ വിസകളില്‍ 73 ശതമാനവും ലഭിച്ചത് ഇന്ത്യക്കാര്‍ക്കാണെന്ന് അവിടെയുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തില്‍ കരുത്തും വൈദഗ്ധ്യവുമുള്ള ഇന്ത്യക്കാരുടെ സമൂഹമാണ് അമേരിക്കയിലുള്ളത്.

എങ്ങനെ ഇവര്‍ അമേരിക്കയിലെത്തുന്നു?

placeholder
പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ നിര്‍മിച്ചത്.
പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്.

രണ്ട് മാര്‍ഗത്തിലാണ് അനധികൃത കുടിയേറ്റക്കാര്‍ അമേരിക്കയില്‍ എത്തിച്ചേരുന്നത്. ടൂറിസ്റ്റ് വിസയിലോ താത്കാലിക വിസയിലോ അമേരിക്കയില്‍ എത്തിയശേഷം പിന്നീട് തിരികെ വരാതിരിക്കുകയാണ് ഒരുമാര്‍ഗം. മറ്റൊരുവിഭാഗമാകട്ടെ വിവിധ രാജ്യങ്ങള്‍ കടന്നെത്തി കരയിലൂടെ അമേരിക്കന്‍ അതിര്‍ത്തി കടക്കുന്ന ഡങ്കി റൂട്ട് എന്നറിയപ്പെടുന്ന അപകടകരമായ വഴി തെരഞ്ഞെടുക്കുന്നു. വന്‍തുക ഏജന്‍സികള്‍ക്ക് നല്‍കി അവരുടെ സഹായത്തോടെയാണ് അനധികൃത അതിര്‍ത്തി കടക്കല്‍. കൃഷിസ്ഥലം വിറ്റോ, ഉയര്‍ന്ന പലിശയ്ക്ക് പണം കടംവാങ്ങിയോ ഒക്കെയാണ് ഏജന്‍സികള്‍ക്ക് നല്‍കാനുള്ള വന്‍തുക പലരും കണ്ടെത്തുന്നത്.

ദീര്‍ഘകാലം അമേരിക്കയില്‍ കഴിഞ്ഞ് ജോലിചെയ്ത് പണംസമ്പാദിച്ച് കടംവീട്ടാമെന്ന പ്രതീക്ഷയിലാണ് പലരും ഇങ്ങനെ ചെയ്യുന്നത്. ഇംഗ്ലീഷ് അറിയാത്തതും കാര്യമായ വിദ്യാഭ്യാസം ഇല്ലാത്തതുംമൂലം മറ്റുതരത്തില്‍ താത്കാലിക വിസ സംഘടിപ്പിക്കാന്‍ കഴിയാത്തവരാണ് ഈ വഴി തിരഞ്ഞെടുക്കുന്നത്. യു.എസ്സിന്റെ വടക്കന്‍ അതിര്‍ത്തിയിലുള്ള കാനഡ ഇത്തരത്തില്‍ ഇന്ത്യയില്‍നിന്നുള്ള അനധികൃത കുടിയേറ്റക്കാരുടെ ഒരു എന്‍ട്രി പോയിന്റാണ്. തെക്കന്‍ അതിര്‍ത്തിയായ മെക്സിക്കോ വഴിയും കടന്നുകയറുന്നവരുണ്ട്. മുന്‍കാല സര്‍ക്കാരുകള്‍ പലരും ഇവരെ പിടികൂടുകയും പിന്നീട് വിട്ടയച്ചശേഷം നിയമ നടപടികളുമായി മുന്നോട്ടുപോകുകയുമാണ് ചെയ്തിരുന്നത്.

അപകടകരമായ ഡങ്കി റൂട്ട്, ജീവന്‍ പണയപ്പെടുത്തി യാത്ര

പഞ്ചാബില്‍നിന്നും ഹരിയാണയില്‍നിന്നുമാണ് ഏറ്റവുമധികം യുവാക്കള്‍ അനധികൃതമായി യു.എസ് അടക്കമുള്ള രാജ്യങ്ങളില്‍ എത്താന്‍ ശ്രമിക്കുന്നതെന്ന് ബിബിസി അടക്കമുള്ളവ റിപ്പോര്‍ട്ടുചെയ്യുന്നു. ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങളില്‍നിന്നും അനധികൃത കുടിയേറ്റമുണ്ട്. സാമ്പത്തിക ഞെരുക്കവും തൊഴിലില്ലായ്മയും, കാര്‍ഷിക രംഗത്തെ പ്രശ്നങ്ങളും, മയക്കുമരുന്ന് അടക്കമുള്ള വിപത്തുകളുമാണ് യുവാക്കളെ ഇത്തരത്തില്‍ അനധികൃതമായി കുടിയേറാന്‍ നിര്‍ബന്ധിക്കുന്ന ഘടകങ്ങളെന്ന് വിലയിരുത്തപ്പെടുന്നു. ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ അനധികൃതമായി അമേരിക്കയിലേക്കും യു.കെയിലേക്കും യൂറോപ്യന്‍ രാജ്യങ്ങളിലേക്കും കുടിയേറാന്‍ ഉപയോഗിക്കുന്ന ഡങ്കി റൂട്ട്, ഡങ്കി ഫ്ളൈറ്റ് എന്നിവയെ ചുറ്റിപ്പറ്റിയുള്ള സിനിമയാണ് ഷാരുഖ് ഖാന്റെ ഡങ്കി. ഡോങ്കി (കഴുത) അന്ന് അര്‍ഥംവരുന്ന പഞ്ചാബി ഭാഷയിലെ പ്രാദേശിയ പ്രയോഗത്തില്‍നിന്ന് ഉരുത്തിരിഞ്ഞ വാക്കാണിത്. 2017-ല്‍ ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി അമല്‍ നീരദ് സംവിധാനംചെയ്ത സിഐഎ, 2022-ല്‍ ഇറങ്ങിയ പഞ്ചാബി ചിത്രം ആജാ മെക്‌സിക്കോ ചലിയേ എന്നിവയെല്ലാം ഡങ്കി പാതിലൂടെയുള്ള അനധികൃത കുടിയേറ്റം പ്രമേയമാക്കിയ സിനിമകളാണ്.

placeholder
പ്രതീകാത്മകചിത്രം | AFP
പ്രതീകാത്മകചിത്രം | AFP

നല്ല ഭാവി പ്രതീക്ഷിച്ച് പഞ്ചാബി യുവാക്കള്‍ അധികവും കാനഡയിലേക്കാണ് കുടിയേറാന്‍ ആഗ്രഹിക്കുന്നത്. ഹരിയാണക്കാരാകട്ടെ യു.എസ്സിലേക്കും. ഹരിയാണയിലുള്ള ഏജന്റുമാര്‍ വിവിധ രാജ്യങ്ങളിലേക്ക് അനധികൃതമായി കുടിയേറാന്‍ സഹായിക്കാമെന്ന് വാഗ്ദാനംചെയ്ത് ലക്ഷങ്ങളാണ് യുവാക്കളോട് ആവശ്യപ്പെടാറുള്ളതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നു. പോര്‍ച്ചുഗലില്‍ എത്താന്‍ 15 ലക്ഷം, ജര്‍മനിയിലെത്താന്‍ 25 ലക്ഷം, യു.എസ്സിലെത്താന്‍ 45 ലക്ഷം എന്നിങ്ങനെയാണ് ഏജന്റുമാര്‍ ആവശ്യപ്പെടുന്ന തുക. സ്ഥിതിഗതികള്‍ അനുകൂലമാണെന്ന് ഇടനിലക്കാര്‍ കണ്ടെത്തുന്ന ഏതെങ്കിലും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ എത്തിച്ചേര്‍ന്നശേഷം രണ്ട് മാസമോ അതിലേറെയോ സമയമെടുത്ത്, അപകടകരമായ യാത്രചെയ്താകും ഡങ്കി റൂട്ട് തിരഞ്ഞെടുക്കുന്നവര്‍ ലക്ഷ്യസ്ഥാനത്തെത്തുക. യാത്രയ്ക്കിടെ എന്തും സംഭവിക്കാം. ലക്ഷ്യത്തില്‍ എത്തുക എന്നത് ഭാഗ്യ-നിര്‍ഭാഗ്യങ്ങളെ ആശ്രയിച്ചിരിക്കുമെന്നാണ് ഏജന്റുമാര്‍ യുവാക്കളോട് പറയാറുള്ളത്.

വനവും നദിയും കടന്ന് സുരക്ഷാ ഏജന്‍സികളെയും കൊള്ളക്കാരെയും മാഫിയകളെയുമെല്ലാം ഭയന്നാണ് യാത്ര. പകല്‍ സമയത്ത് ഹോട്ടലുകളില്‍ വിശ്രമിച്ചശേഷം രാത്രിയാണ് അതിര്‍ത്തിയിലേക്കുള്ള യാത്രയ്ക്ക് തിരഞ്ഞെടുക്കാറുള്ളത്. അതിര്‍ത്തി പ്രദേശങ്ങളിലുള്ള ഹോട്ടലുകള്‍ പലതും ഇത്തരത്തിലുള്ള അനധികൃത മനുഷ്യക്കടത്തിനുവേണ്ടി മാത്രം പ്രവര്‍ത്തിക്കുന്നവയാണ്. ഇവയിലെ ഇടുങ്ങിയ മുറികളിലാകും അനധികൃത കുടിയേറ്റത്തിന് ശ്രമിക്കുന്ന യുവാക്കള്‍ക്ക് ദിവസങ്ങളോ മാസങ്ങളോ കഴിയേണ്ടിവരിക. ചിലപ്പോള്‍ ഹോട്ടലുകളില്‍ റെയ്ഡുകള്‍ നടന്നേക്കാം. അപ്പോള്‍ അവിടെനിന്ന് രക്ഷപ്പെട്ട് ഓടി മറ്റെവിടെയെങ്കിലും ഒളിച്ചിരിക്കുകയാണ് ചെയ്യേണ്ടത്. ജീവന്‍പോലും പണയപ്പെടുത്തി അമേരിക്ക അടക്കമുള്ള രാജ്യങ്ങളില്‍ എത്തിയാലും ദുരിതം അവസാനിക്കുന്നില്ല.

ഒളിവുജീവിതം; മറ്റുള്ളവര്‍ ചെയ്യാത്ത ജോലികളെന്തും ചെയ്യും

ലക്ഷ്യസ്ഥാനത്ത് എത്തിപ്പെട്ടാലും ഏത് നിമിഷവും പിടിക്കപ്പെടാമെന്ന ഭയത്തോടെയുള്ള ജീവിതം ദുരിതപൂര്‍ണമാണ്. മറ്റു പലരും ചെയ്യാന്‍ മടിക്കുന്ന ജോലികളാണ് ഇവര്‍ക്ക് ലഭിക്കുന്നത്. ഫാമുകളിലും മറ്റും കഠിനമായ ജോലി കൂടുതല്‍ സമയവും ദീര്‍ഘമായ കാലയളവിലും ചെയ്യേണ്ടിവരുന്നു. അതിനാല്‍ മറ്റു പലരും ഇത്തരം ജോലികള്‍ ഏറ്റെടുക്കാന്‍ തയ്യാറാകില്ല. അവയാണ് പലപ്പോഴും അനധികൃത കുടിയേറ്റക്കാര്‍ക്ക് ലഭിക്കുന്നത്. ഇത്തരം ജോലികള്‍ ചെയ്യിക്കുന്നവര്‍ തൊഴിലാളികളുടെ വിവരങ്ങള്‍ സൂക്ഷിക്കാറില്ല. അധികൃതരുടെ കണ്ണുവെട്ടിച്ച് കഴിയാന്‍ ആഗ്രഹിക്കുന്ന അനധികൃത കുടിയേറ്റക്കാര്‍ക്ക് ഇത് സഹായകമായിത്തീരുന്നു. അംഗീകൃത തൊഴില്‍ ശാലകളിലൊന്നും ഇവര്‍ക്ക് ജോലി ചെയ്യാന്‍ കഴിയില്ല. മതിയായ രേഖകള്‍ ഇല്ലാത്തതിനാല്‍ ഡ്രൈവിങ് ലൈസന്‍സ് എടുക്കാനടക്കം സാധ്യമല്ല.

placeholder
ഡൊണാള്‍ഡ് ട്രംപ് | Photo - AFP
ഡൊണാൾഡ് ട്രംപ് | Photo: AFP

ബന്ധുക്കള്‍ക്കൊപ്പം രഹസ്യമായാണ് ഇവരില്‍ മിക്കവും താമസിക്കുന്നത്. അധികൃതരുടെ കണ്ണില്‍പ്പെടാതെ ഗ്യാസ് സ്റ്റേഷനിലോ (പെട്രോള്‍ പമ്പ്), ഡെലിവറി ബോയ് ആയോ, ഇന്ത്യക്കാരുടെ വീടുകളില്‍ തോട്ടം പരിപാലിക്കുന്ന ജോലിചെയ്തോ ഒക്കെയാണ് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്. റസ്റ്റോറന്റുകളിലും, കടകളിലും, കണ്‍സ്ട്രക്ഷന്‍ സൈറ്റുകളിലും ഇത്തരക്കാര്‍ ജോലിചെയ്യുന്നുണ്ട്. സ്വകാര്യ സുരക്ഷാജോലികള്‍ ചെയ്യുന്നവരുമുണ്ട്. തത്കാലം പിടിച്ചുനില്‍ക്കാനുള്ള വേതനം മാത്രമാവും ഇവര്‍ക്ക് നല്‍കുക. എന്നാല്‍ അതില്‍നിന്നുപോലും ഒരുതുക മാറ്റിവെച്ച് പലരും വീടുകളിലേക്ക് അയയ്ക്കാറുണ്ട്. ബന്ധുക്കളുടെയും മറ്റും സഹായത്തോടെയാണ് ഇത് സാധ്യമാകുന്നത്. അനുയോജ്യമായ സാഹചര്യം വന്നുചേരുമ്പോള്‍ ഇമിഗ്രേഷന്‍ രംഗത്ത് വിദഗ്ധരായ അഭിഭാഷകരുടെ സഹായത്തോടെ രേഖകള്‍ സംഘടിപ്പിച്ച് സ്ഥിരമായ അമേരിക്കയില്‍ തുടരാനുള്ള അനുമതി നേടിയെടുക്കാനുള്ള നീക്കങ്ങള്‍ തുടങ്ങുന്നു. അനധികൃതമായ എത്തി പിന്നീട് കുടുംബങ്ങളെയടക്കം അമേരിക്കയിലേക്ക് കൊണ്ടുവരുന്നവര്‍ ഉണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നു. അവരില്‍ പലര്‍ക്കും കുട്ടികള്‍ ജനിക്കുന്നത് അമേരിക്കയില്‍വച്ചാണെങ്കില്‍ കുട്ടികള്‍ക്ക് പൗരത്വംപോലും ലഭിച്ചിരുന്നു.

ട്രംപ് അധികാരത്തില്‍ തിരിച്ചെത്തുമെന്ന സൂചനകള്‍ വന്നുതുടങ്ങിയപ്പോള്‍ മുതല്‍ ഇത്തരത്തില്‍ കഴിയുന്നവര്‍ കടുത്ത ആശങ്കയിലായിരുന്നു. അമേരിക്കയിലേക്ക് അനധികൃതമായി എത്തുന്നത് കര്‍ശനമായി തടയുമെന്നും അനധികൃതമായി തുടരുന്നവരെ കണ്ടെത്തി നാടുകടത്തുകയും ചെയ്യുമെന്ന ട്രംപിന്റെ നിലപാടായിരുന്നു ആശങ്കയ്ക്ക് പിന്നില്‍. അതുകൊണ്ടുതന്നെ പിടിക്കപ്പെടുകയും നാടുകടത്തപ്പെടുകയും ചെയ്യപ്പെടുമെന്ന് ഇന്ത്യക്കാരായ അനധികൃത കുടിയേറ്റക്കാരടക്കം നേരത്തെതന്നെ മനസിലാക്കിയിരുന്നു. അത്തരത്തിലുള്ള നാടുകടത്തില്‍ നീക്കമാണ് ഇപ്പോള്‍ തുടങ്ങിയിട്ടുള്ളത്.