
ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്ക് 25 ശതമാനം അധികത്തീരുവ ചുമത്താന്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് തീരുമാനിച്ചതിന് കാരണം ഇന്ത്യയുമായുള്ള വലിയ വ്യാപാരക്കമ്മി മാത്രമാണോ? റഷ്യക്കെതിരായ യുഎസ് പടനീക്കത്തിനിടയ്ക്ക് ഇന്ത്യ പെട്ടുപോയതും ഇതിനു കാരണമാകാമെന്ന് സൂചിപ്പിക്കുന്നു റിപ്പോര്‍ട്ടുകള്‍. അധികാരത്തിലേറിയാല്‍ ഉടനെ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രചാരണം നടത്തിയ ട്രംപിന് ഒന്നും നടക്കാത്തതിലെ ഇച്ഛാഭംഗവും അഭിമാനക്ഷതവും ചെറുതല്ല. റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുതിന് സൗകര്യപ്പെടുമ്പോള്‍ യുദ്ധം നിര്‍ത്തും! ഇപ്പോള്‍ റഷ്യയുടെ മുന്‍പ്രസിഡന്റ് മെദ്‌വദേവിനോട് വാക്യുദ്ധത്തില്‍ തോറ്റ ദ്വേഷ്യത്തിന് അമേരിക്കന്‍ പ്രസിഡന്റ് ആണവ അന്തര്‍വാഹിനികളെ വരെ വിന്യസിച്ചു കഴിഞ്ഞു!
യുദ്ധത്തില്‍ റഷ്യ തളരാതെ പൊരുതുന്നതിനു കാരണം ഇന്ത്യയും ചൈനയും പോലുള്ള രാജ്യങ്ങള്‍ വന്‍തോതില്‍, അവിടെനിന്നു പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതാണെന്ന് പാശ്ചാത്യരാജ്യങ്ങള്‍ കരുതുന്നു. റഷ്യന്‍ എണ്ണയും ആയുധങ്ങളും ഇന്ത്യ വാങ്ങുന്നത് അലോസരമുണ്ടാക്കുന്നതായി ട്രംപും വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോയും പറഞ്ഞുകഴിഞ്ഞു. ഇന്ത്യയുടെ കാര്‍ഷികമേഖല അമേരിക്കന്‍ ഇറക്കുമതിക്ക് തുറന്നിടാത്തതും അവരെ അലോസരപ്പെടുത്തുന്നുണ്ട്. മറ്റൊന്ന് ബ്രിക്സ് രാജ്യങ്ങളുടെ കൂട്ടായ്മ ശക്തിപ്പെടുന്നതാണ്. ബ്രിക്സ് ശക്തിയാര്‍ജിക്കുന്നതും ഡോളറിനെ തഴഞ്ഞ് സ്വന്തം കറന്‍സികളില്‍ പരസ്പരവ്യാപാരം നടത്തുന്നതും യാങ്കികള്‍ക്ക് സഹിക്കുന്നില്ല. ആഗോള സമ്പദ് വ്യവസ്ഥയില്‍ അമേരിക്കയുടെ അധീശത്വം ഉറപ്പിച്ചു നിര്‍ത്തുന്നതില്‍ ഡോളറിന്റെ പങ്ക് വലുതാണ്. ഡോളറിന്റെ മേല്‍ക്കോയ്മ നഷ്ടമാവുന്നത് ഒരു ലോകയുദ്ധം തോല്‍ക്കുന്നതിനു തുല്യമായിരിക്കുമെന്ന് ട്രംപ് തന്നെ പറഞ്ഞിട്ടുണ്ട്.
പുതിനും ട്രംപും നോബല്‍ സമ്മാനമോഹവും
യുദ്ധം അവസാനിപ്പിക്കാന്‍ വ്യക്തിബന്ധം തുണയ്ക്കുമെന്നാണ് പുതിനുമായി ഉറ്റസൗഹൃദമുണ്ടെന്ന് അവകാശപ്പെട്ടിരുന്ന ട്രംപ് പ്രതീക്ഷിച്ചിരുന്നത്. ഈ വര്‍ഷമാദ്യം യുക്രെയിന്‍ പ്രസിഡന്റ് സെലന്‍സ്‌കിയെ വൈറ്റ് ഹൗസില്‍ വച്ച് അപമാനിച്ച ട്രംപ് ആ രാജ്യത്തിന് ആയുധങ്ങള്‍ നല്‍കുന്നത് കുറച്ചുനാള്‍ നിര്‍ത്തിവെക്കുകയും ചെയ്തു. പക്ഷേ, പുതിന്റെ നിലപാട് മാറിയില്ല. ഓരോ ദിവസവും യുക്രെയിനിലെ കൂടുതല്‍ കൂടുതല്‍ മേഖലകള്‍ പിടിച്ചെടുക്കുകയാണ് റഷ്യ, യുക്രെയിനിലെ ആള്‍നാശവും കൂടിവരുന്നു. തങ്ങളുടെ ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞാലേ പുതിന്‍ പിന്‍മാറുകയുള്ളൂ എന്ന് വ്യക്തമായിരിക്കുന്നു. ഉപരോധ ഉമ്മാക്കികള്‍ക്കൊന്നും റഷ്യയെ തളര്‍ത്താനാവില്ലെന്ന് തെളിയിക്കപ്പെട്ടു കഴിഞ്ഞു.
യുക്രെയിന്‍ യുദ്ധത്തിന് അമ്പതു ദിവസത്തിനകം പരിഹാരമുണ്ടാക്കണമെന്ന് ജൂലായ് 14-ന് ട്രംപ് റഷ്യക്ക് അന്ത്യശാസനം നല്‍കി. അത് വകവെക്കുന്നില്ലെന്നു കണ്ടപ്പോള്‍ ജൂലായ് 28-ന് ട്രംപ് അന്ത്യശാസന കാലയളവ് പന്ത്രണ്ടു ദിവസമായി ചുരുക്കി. വെടിനിര്‍ത്തല്‍ കരാര്‍ ഉണ്ടായില്ലെങ്കില്‍ റഷ്യയില്‍നിന്നു എണ്ണ വാങ്ങുന്നവര്‍ക്ക് 100 ശതമാനം അധികത്തീരുവ ചുമത്തുമെന്നാണ് ഭീഷണി. പക്ഷേ, ട്രംപിന്റെ ഭീഷണികളെ റഷ്യ തീര്‍ത്തും അവഗണിച്ചു. ഓരോ അന്ത്യശാസനവും ട്രംപിന്റെ സ്വന്തം രാജ്യത്തോടുള്ള വെല്ലുവിളിയാണ്, ഇത്തരം പരിഭ്രാന്തമായ പ്രതികരണം അമേരിക്കയിലുണ്ടാവുന്നെങ്കില്‍ റഷ്യന്‍ നടപടി ശരിയാണ്- മുന്‍പ്രസിഡന്റും സുരക്ഷാസമിതി ഉപാധ്യക്ഷനുമായ മെദ്‌വദേവ് അഭിപ്രായപ്പെട്ടു.
ഈ പ്രതികരണത്തില്‍ അസ്വസ്ഥനായ ട്രംപ് ഇന്ത്യയുടെയും റഷ്യയുടെയും സമ്പദ് വ്യവസ്ഥകള്‍ മരിച്ചവയാണെന്നും അവ ഒരുമിച്ചു നശിച്ചാലും തനിക്കൊന്നുമില്ലെന്നും പറഞ്ഞു. ഇതിന് മറുപടിയായി മെദ്‌വദേവ് ശീതയുദ്ധകാലത്തെ 'ചത്ത കൈ' മറക്കരുതെന്ന് പറഞ്ഞത് അമേരിക്കയെ ഞെട്ടിച്ചു. അമേരിക്കയുടെ ആണവായുധ പ്രയോഗത്തില്‍ സോവിയറ്റ് യൂണിയനിലെ ഭരണാധികാരികളെല്ലാം കൊല്ലപ്പെടുകയോ, അവരുമായുള്ള ആശയവിനിമയ ബന്ധങ്ങള്‍ തകരുകയോ ചെയ്താല്‍ അണ്വായുധം വഹിക്കുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകള്‍ സ്വമേധയാ ശത്രുരാജ്യത്തെ തകര്‍ക്കുന്ന സംവിധാനമാണ് 'ഡെഡ് ഹാന്‍ഡ്.' പരസ്പരം സമ്പൂര്‍ണനാശം ഉറപ്പാക്കുന്ന സംവിധാനം. ഇതേത്തുടര്‍ന്നാണ് ട്രംപ് രണ്ട് ആണവ അന്തര്‍വാഹിനികളെ റഷ്യക്കെതിരെ വിന്യസിച്ചത്.
യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയ്ക്കുള്ള ഇത്രയും തീവ്രമായ ആഗ്രഹത്തിനു കാരണം രണ്ടാണ്- 1. ട്രംപിന്റെ സമാധാന നൊബേൽ സമ്മാനമോഹം. കളിയല്ല, സത്യമാണ്! കഴിഞ്ഞ ദിവസം വൈറ്റ്ഹൗസില്‍ നടന്ന പത്രസമ്മേളനത്തില്‍ പ്രസ് സെക്രട്ടറി കരോലിന്‍ ലെവിറ്റ് ട്രംപിന് നൊബേൽ കൊടുക്കേണ്ട സമയം അതിക്രമിച്ചെന്നും അദ്ദേഹം ഇന്ത്യ-പാകിസ്താന്‍, ഇറാന്‍- ഇസ്രായേല്‍ അടക്കം ആറു സംഘര്‍ഷങ്ങള്‍ക്ക് വെറും ആറു മാസം കൊണ്ട് പരിഹാരമുണ്ടാക്കിയെന്നുമാണ്! ട്രംപിന്റെ ഈ നൊബേൽ ദൗര്‍ബല്യം അറിയുന്ന രണ്ടു രാജ്യങ്ങള്‍ ഇസ്രയേലും പാകിസ്താനുമാണ്. 'ട്രംപച്ചന്' സംഗതി കൊടുക്കണമെന്ന് ഇരുകൂട്ടരും നൊബേൽ സമ്മാനസമിതിയോട് ആവശ്യപ്പെട്ടു കഴിഞ്ഞു. ഇന്ത്യയാകട്ടെ, വഴിമുടക്കുകയാണ്. വെടിനിറുത്തലില്‍ അമേരിക്കയ്ക്കെന്നല്ല, ഒരു വിദേശരാജ്യത്തിനും പങ്കില്ലെന്ന് പാര്‍ലമെന്റില്‍ പ്രസ്താവന നടത്തിക്കളഞ്ഞു!
അമേരിക്കയുടെ സൗന്ദര്യപ്പിണക്കം മാറ്റാന്‍ ഇന്ത്യയുടെ മുന്നിലുള്ള എളുപ്പവഴി റഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതി വെട്ടിക്കുറക്കുക, റഷ്യന്‍ ആയുധങ്ങള്‍ക്കു പകരം അമേരിക്കന്‍ ആയുധങ്ങള്‍ വാങ്ങുക എന്നിവയാണ്. ഇതില്‍ ആദ്യത്തെ കാര്യം സാധ്യമായ ഒന്നാണ്, റഷ്യ തരുന്ന വിലയ്ക്ക് മറ്റെവിടെയെങ്കിലും നിന്ന് എണ്ണ കിട്ടുമെങ്കില്‍. കഴിഞ്ഞയാഴ്ച ഇന്ത്യയിലെ പൊതുമേഖലാ എണ്ണക്കമ്പനികള്‍- ഇന്ത്യന്‍ ഓയില്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഭാരത് പെട്രോളിയം, മാംഗലൂര്‍ റിഫൈനറി പെട്രോകെമിക്കല്‍ ലിമിറ്റഡ് എന്നിവ- റഷ്യയില്‍നിന്നു ക്രൂഡ് ഓയില്‍ വാങ്ങിയില്ലെന്നാണ് വിവരം. ഇതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല.
ലോകത്തില്‍ ഏറ്റവുമധികം എണ്ണ ഇറക്കുമതി ചെയ്യുന്ന മൂന്നാമത്തെ രാജ്യമായ ഇന്ത്യ ആവശ്യമുള്ള എണ്ണയുടെ 35 ശതമാനവും റഷ്യയില്‍നിന്നാണ് വാങ്ങുന്നത്. പാശ്ചാത്യ ഉപരോധം കാരണം വിലകുറച്ച് എണ്ണ വില്‍ക്കാന്‍ റഷ്യ നിര്‍ബന്ധിതമായതാണ് കാരണം. യുക്രെയിന്‍ യുദ്ധത്തിന്റെ തുടക്കത്തില്‍ 2022-ല്‍ ബാരലിന് മുപ്പത് ഡോളര്‍ കുറഞ്ഞ വിലയ്ക്കാണ് ഇന്ത്യക്ക് റഷ്യന്‍ എണ്ണ കിട്ടിയിരുന്നത്. മുമ്പ് വിദേശമന്ത്രി എസ്. ജയശങ്കര്‍ വ്യക്തമാക്കിയതുപോലെ ദേശീയ താല്‍പ്പര്യമായിരുന്നു ഇടപാടിലെ പ്രധാന ആകര്‍ഷണം. കോവിഡിന്റെ ആഘാതത്തില്‍നിന്നു കരകയറാന്‍, പണപ്പെരുപ്പം പിടിച്ചുനിര്‍ത്താന്‍ കുറഞ്ഞ വിലയ്ക്കുള്ള റഷ്യന്‍ ക്രൂഡ് ഇന്ത്യക്ക് സഹായകമായി. യുക്രെയിനുമായുള്ള യുദ്ധവും പാശ്ചാത്യ ഉപരോധവും കാരണമുള്ള സാമ്പത്തിക പ്രശ്നങ്ങളെ മറികടക്കാന്‍ ഈ വമ്പന്‍ എണ്ണ വ്യാപാരം റഷ്യയ്ക്കും തുണയായി.
ഇപ്പോള്‍ വിലക്കുറവ് ഗണ്യമായി കുറഞ്ഞു. ബാരലിന് കഷ്ടിച്ച് പത്തു ഡോളര്‍ മാത്രമാണ് വിലക്കുറവ്. ഇന്‍ഷൂറന്‍സിന്റെ അധികനിരക്കും കപ്പല്‍മാര്‍ഗം റഷ്യന്‍ എണ്ണ കൊണ്ടുവരുന്നതിലെ അധിക കാലതാമസവും കണക്കിലെടുത്താല്‍ ഏറിയാല്‍ ബാരലിന് മൂന്നു ഡോളറായി ചുരുങ്ങുന്നു ലാഭം. റഷ്യന്‍ എണ്ണ വാങ്ങുന്നതിന് നമ്മള്‍ എടുക്കുന്ന റിസ്‌ക് വച്ചുനോക്കിയാല്‍ അത് കാര്യമായതല്ല. അതാണ് ഇന്ത്യന്‍ പൊതുമേഖലാ കമ്പനികളെ റഷ്യയെ വിട്ട് ഗള്‍ഫിലും പശ്ചിമാഫ്രിക്കയിലുമുള്ള എണ്ണ ഉല്‍പ്പാദകരെ സമീപിക്കാന്‍ പ്രേരിപ്പിച്ചതെന്ന് കരുതുന്നു. ട്രംപിന്റെ ഭീഷണിയും ചെറിയൊരളവില്‍ സ്വാധീനിച്ചിട്ടുണ്ടാകാം.
അതേസമയം, പ്രതിരോധസാമഗ്രികളും ആയുധങ്ങളും വാങ്ങുന്ന കാര്യത്തില്‍ ഇന്ത്യ വഴങ്ങാനിടയില്ല. അമേരിക്കയുടെ എഫ് 35 അഞ്ചാംതലമുറ സ്റ്റെല്‍ത്ത് പോര്‍വിമാനങ്ങള്‍ വാങ്ങാന്‍ താല്‍പര്യമില്ലെന്ന് ഇന്ത്യ അമേരിക്കയെ അറിയിച്ചതായി റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്ക സന്ദര്‍ശിച്ചപ്പോഴാണ് ട്രംപ് നേരിട്ട് എഫ് 35 വിമാനങ്ങള്‍ ഇന്ത്യയ്ക്ക് ഓഫര്‍ ചെയ്തത്. ഇന്ന് ലോകത്തുള്ളതില്‍ ഏറ്റവും ആധുനികമെന്ന് കരുതപ്പെടുന്ന പോര്‍വിമാനമാണ് എഫ് 35. ഒരെണ്ണത്തിന് ശരാശരി പത്തുകോടി ഡോളര്‍ വിലവരും. ഇന്ത്യയ്ക്ക് സാങ്കേതികവിദ്യയിലാണ് കൂടുതല്‍ താല്പര്യം. അതു കൈമാറാന്‍ അമേരിക്ക സന്നദ്ധമല്ല. റഷ്യയാകട്ടെ, അവരുടെ അത്യാധുനിക പോര്‍വിമാനമായ സൂ-57 തരാനും സാങ്കേതികവിദ്യ കൈമാറാനും ഇന്ത്യയില്‍ നിര്‍മിക്കാനും തയ്യാറാണ്. ഇന്ത്യയുടെ പ്രതിരോധ സംവിധാനങ്ങളുടെ 58 ശതമാനവും റഷ്യന്‍ നിര്‍മിതമാണ്.
നമ്മുടെ തേജസ് വിമാനത്തിനുള്ള എഞ്ചിന്‍ വാങ്ങാന്‍ അമേരിക്കയിലെ ജി ഇ കമ്പനിയുമായാണ് കരാര്‍ ഉണ്ടാക്കിയിട്ടുള്ളത്. പറഞ്ഞ സമയത്ത് എഞ്ചിനുകള്‍ എത്തിക്കാത്തത് നമ്മുടെ വ്യോമസേനയെ വിഷമിപ്പിക്കുന്നു. അതായത്, അമേരിക്കയില്‍നിന്ന് ആയുധം വാങ്ങാന്‍ നാം സമ്മതിച്ചാലും സമയത്ത് കാര്യം നടക്കില്ല! മാത്രമല്ല, ഇന്ത്യ സ്വന്തമായി അത്യാധുനിക പോര്‍വിമാനം വികസിപ്പിക്കാന്‍ പദ്ധതിയിടുന്നുണ്ട്. ആംക (അഡ്വാന്‍സ്ഡ് മീഡിയം കോമ്പാറ്റ് എയര്‍ക്രാഫ്റ്റ് എ എം സി എ) പദ്ധതി. മുമ്പ് ഇന്ത്യ, അമേരിക്കന്‍ നിര്‍മിത എഫ് 16 വിമാനം വെടിവെച്ചിട്ടിരുന്നു (അഭിനന്ദന്‍ വര്‍ത്തമാന്‍ സംഭവം ഓര്‍ക്കുന്നില്ലേ?). ഓപ്പറേഷന്‍ സിന്ദൂറിന്റെ സമയത്തും അമേരിക്കന്‍ ആയുധങ്ങള്‍ക്കും പടക്കോപ്പുകള്‍ക്കും കാര്യമായ നഷ്ടം സംഭവിച്ചിരുന്നു. ഏറ്റവുമൊടുവില്‍, തിരുവനന്തപുരത്ത് ബ്രിട്ടീഷ് നേവിയുടെ എഫ് 35 വിമാനം ഒരുമാസത്തോളം കേടായി കിടന്നതും അമേരിക്കന്‍ ആയുധവ്യവസായത്തിന് പ്രതിച്ഛായാനഷ്ടമുണ്ടാക്കി.
ഡീഡോളറൈസേഷന്‍: ബ്രിക്സിനെ ഭയന്ന് ട്രംപ്
ബ്രിക്സ് അമേരിക്കാവിരുദ്ധ കൂട്ടായ്മയാണെന്നും അതില്‍ ഇന്ത്യ പങ്കാളിയായിരിക്കുന്നത് അഹിതമാണെന്നും ട്രംപ് പറഞ്ഞിട്ടുണ്ട്. അതിനു പ്രധാനകാരണം ബ്രിക്സ് രാജ്യങ്ങള്‍ തമ്മിലോ അല്ലെങ്കില്‍ യൂറോപ്പുമായോ നടത്തുന്ന വ്യാപാരത്തിന് സ്വന്തം കറന്‍സികള്‍ ഉപയോഗിച്ചു തുടങ്ങിയതാണ്. ലോകത്തിലെ ഊര്‍ജ്ജസ്വലമായ സമ്പദ് വ്യവസ്ഥകളെ നോക്കിയാല്‍ അടുത്ത പത്തിരുപതു വര്‍ഷം ലോകവ്യാപാരത്തെ തന്നെ താങ്ങിനിര്‍ത്തുക ബ്രിക്സ് രാജ്യങ്ങളാകുമെന്ന് വ്യക്തമാവും. അത് പല രീതിയിലും അമേരിക്കന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ദോഷകരമാവും, അത് ഡീഡോളറൈസേഷന് (ഡോളറില്‍ നിന്നുള്ള പിന്‍മാറ്റം) വേഗം കൂട്ടും. റഷ്യയുമായി എണ്ണ വ്യാപാരം നടത്തുന്ന രാജ്യങ്ങള്‍ക്ക് 500 ശതമാനം തീരുവ ഏര്‍പ്പെടുത്തുമെന്ന് നേരത്തെ ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നത് പിന്നീട് നൂറു ശതമാനവും ഇപ്പോള്‍ വ്യക്തമായി നിര്‍വചിക്കാത്ത അധികത്തീരുവയുമായി മാറിയിരിക്കുന്നു.
അമേരിക്കയുടെ ഈ വേവലാതിക്കു കാരണം റഷ്യ എണ്ണ ഇടപാടുകള്‍ നടത്തുന്നത് റൂബിളിലും രൂപയിലും യുവാനിലുമൊക്കയാണ് എന്നതാണ്. അവരെ അതിന് കുറ്റം പറയാനും കഴിയില്ല. യുക്രെയിനില്‍ യുദ്ധം ആരംഭിച്ചതിനെ തുടര്‍ന്ന് റഷ്യയുടെ യൂറോപ്പിലുള്ള സ്വത്തുവകകള്‍ അമേരിക്ക കണ്ടുകെട്ടിയിരുന്നു. ബൈഡന്‍ ഭരണകാലത്താണ് അമേരിക്ക ഒരു പരമാധികാര രാജ്യത്തിന്റെ കരുതല്‍സമ്പത്തിനെ കണ്ടുകെട്ടാനുള്ള ഈ അമിതാധികാരപ്രയോഗം നടത്തിയത്. എല്ലാ ലോക വ്യാപാരചട്ടങ്ങള്‍ക്കും വിരുദ്ധമായി ഇപ്പോള്‍ അവര്‍ ഏകപക്ഷീയമായി ചുമത്തുന്ന തീരുവകളും അതുപോലെ തന്നെയാണ് എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
നിലവിലെ എല്ലാ ഇറക്കുമതിക്കും പത്തു ശതമാനം തീരുവ ചുമത്തിയിട്ടുണ്ട്. അധികത്തീരുവയായി ഒന്നും ചുമത്തിയില്ലെങ്കില്‍ പോലും അമേരിക്കയിലേക്കുള്ള കയറ്റുമതി കൂടുതല്‍ കടുപ്പമാവുന്ന അവസ്ഥയാണിപ്പോള്‍. പത്തു ശതമാനത്തില്‍ കൂടുതലാണ് തീരുവയെങ്കില്‍ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങള്‍ ഉല്‍പാദനച്ചെലവ് ഇരുപതോ മുപ്പതോ ശതമാനം കുറയ്ക്കേണ്ടി വരും. അത് എളുപ്പമല്ല. അതിജീവിക്കാന്‍ ആര്‍ക്കെങ്കിലും സാധിക്കുമെങ്കില്‍ അത് ബ്രിക്സിലെ അംഗങ്ങള്‍ക്കാണ്. കഴിഞ്ഞ മൂന്നുമാസത്തെ ചൈനീസ് കയറ്റുമതി നോക്കുക. ഏപ്രിലിലാണ് തീരുവഭീഷണി തുടങ്ങിയത്. പക്ഷേ, അവരുടെ മൊത്തം കയറ്റുമതി വര്‍ദ്ധിക്കുകയാണ് ചെയ്തത്. അമേരിക്കയിലേക്കുള്ള കയറ്റുമതി ഏതാണ്ട് മുപ്പതു ശതമാനം കുറഞ്ഞെങ്കിലും ലോകത്തിലെ മറ്റുഭാഗങ്ങളിലേക്കുള്ള കയറ്റുമതി ഗണ്യമായി കൂടി.
യൂറോപ്പിന് ചൈനയുടെ വിപണന തന്ത്രങ്ങളെക്കുറിച്ചും ഉല്‍പ്പന്നങ്ങളെക്കുറിച്ചും വിഭിന്ന അഭിപ്രായമുണ്ടെങ്കിലും വില കുറഞ്ഞ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ അവര്‍ നിര്‍ബന്ധിതമാണ്. അതുപോലെ തന്നെയാണ് മലേഷ്യ, ഇന്‍ഡോനീഷ്യ പോലുള്ള രാജ്യങ്ങളില്‍നിന്നും ബ്രിക്സ് രാജ്യങ്ങളില്‍നിന്നുമുള്ള ഇറക്കുമതികളും. മറ്റു രാജ്യങ്ങളൊക്കെ ബ്രിക്സ് രാജ്യങ്ങളുമായി വ്യാപാരം വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതമായിരിക്കുന്നു. ഒരുതരത്തില്‍ പറഞ്ഞാല്‍ ട്രംപ് ഡീഡോളറൈസേഷന് വേഗം കൂട്ടുകയാണ്. അമേരിക്കന്‍ ഭീഷണിയെ ചൈന അതേരീതിയില്‍ നേരിട്ടപ്പോള്‍ ട്രംപ് ചുവടുമാറ്റി. ട്രാന്‍സ്ഷിപ്പ്മെന്റിന് 40 ശതമാനം തീരുവ ചുമത്താനുള്ള തീരുമാനം ചൈനയെ ഉദ്ദശിച്ചാണെന്നത് വ്യക്തം. മൂന്നാം രാജ്യങ്ങള്‍ വഴി എത്തുന്ന ചൈനീസ് ഉല്‍പ്പന്നങ്ങളെ ഈ നീക്കം ചെറുക്കും.
ബ്രസീലില്‍ നടന്ന കഴിഞ്ഞ ബ്രിക്സ് ഉച്ചകോടിയില്‍ വച്ച് റഷ്യയുടെ ധനമന്ത്രി ആന്റണ്‍ സിൽവാനോവ് നടത്തിയ ഒരു പരാമര്‍ശം ശ്രദ്ധേയമായിരുന്നു. പാശ്ചാത്യ ധനകാര്യസ്ഥാപനങ്ങള്‍ ഏതുനിമിഷവും പണമിടപാടുകള്‍ നിര്‍ത്തിവയ്ക്കാം എന്നതാണ് റഷ്യയുടെ അനുഭവം എന്ന്. അതിനാല്‍ വിശ്വസനീയത തെളിയിച്ചു കഴിഞ്ഞ, പാശ്ചാത്യ സാമ്പത്തിക സ്ഥാപനങ്ങളില്‍നിന്നു സ്വതന്ത്രമായ ഇടപാടുകള്‍ക്കുള്ള സംവിധാനമുണ്ടാവണം. ബ്രിക്സ് രാജ്യങ്ങള്‍ക്കിടയ്ക്ക് ഒരു പൊതു കറന്‍സി കൊണ്ടുവരുന്നത് സംബന്ധിച്ച് ഒരുപാട് അഭ്യൂഹങ്ങളുണ്ട്, നടപ്പാക്കുന്നത് എളുപ്പമല്ലെങ്കിലും. റഷ്യയും ചൈനയും ഇറാനും ബ്രസീലുമൊക്കെ അവരുടെ ദേശീയ കറന്‍സികളില്‍ വ്യാപാരം നടത്തുന്നത് അദ്ദേഹം ചൂണ്ടിക്കാട്ടി. റഷ്യയും ഇന്ത്യയുമായുള്ള വ്യാപാരം റൂബിളിലും രൂപയിലുമാണ്. ഡോളറിനെ മറികടക്കുന്ന പെയ്മെന്റ് സംവിധാനങ്ങളുടെ വികസനവും ചര്‍ച്ചാവിഷയമാണ്. ഇക്കാര്യത്തില്‍ ഇന്ത്യയ്ക്ക് മുന്‍തൂക്കമുണ്ട്. നമ്മുടെ യുപിഐ ഒട്ടേറെ രാജ്യങ്ങള്‍ സ്വീകരിച്ചു കഴിഞ്ഞു.
ആഗോളവ്യാപാരത്തില്‍ ബ്രിക്സിന്റെ പങ്ക് രണ്ടായിരാമാണ്ടില്‍ 10.7 ശതമാനമായിരുന്നത് 2023-ല്‍ 23.3 ശതമാനമായും 2024-ല്‍ 27.3 ശതമാനമായും വര്‍ധിച്ചു. 2024-ല്‍ വികസിതരാജ്യങ്ങളുടെ കൂട്ടായ്മയായ ജി-7ന്റേത് 28.1 ശതമാനമായിരുന്നു. 2025-ല്‍ ഈ പങ്ക് അഞ്ചു ശതമാനം വര്‍ധിക്കുമെന്നാണ് കണക്കുകൂട്ടല്‍. കാരണം, ഇറാന്‍, ഈജിപ്ത്, ഇന്‍ഡോനേഷ്യ, യുഎഇ, എത്യോപ്യ എന്നീ രാജ്യങ്ങള്‍ കൂടി ബ്രിക്സില്‍ അംഗമായത്. അതായത്, 28 ശതമാനത്തിനും 32 ശതമാനത്തിനും ഇടയ്ക്കാവും ആഗോളവ്യാപാരത്തിലെ പങ്ക്. 2025-ല്‍ ബ്രിക്സ് രാജ്യങ്ങള്‍ക്കിടക്കുള്ള വ്യാപാരത്തിന്റെ മൂല്യം ഒരു ലക്ഷം കോടി ഡോളര്‍ പിന്നിട്ടു. ഇതില്‍ പകുതിയും അതതു കറന്‍സികളിലായിരുന്നു! ലോകവ്യാപാരത്തിന്റെ ഗുരുത്വകേന്ദ്രം അമേരിക്കയില്‍നിന്നു മാറുകയാണ്. പാശ്ചാത്യലോകത്തെ മുഖ്യധാരാ മാധ്യമങ്ങള്‍ ബ്രിക്സ് ഉച്ചകോടിക്ക് അര്‍ഹിക്കുന്ന പ്രാധാന്യം കൊടുക്കാറില്ലെങ്കിലും ആര്‍ക്കും അവഗണിക്കാന്‍ പറ്റാത്ത ശക്തിയായി ബ്രിക്സ് മാറിയിരിക്കുകയാണ്. അത് അമേരിക്കക്കാരുടെ അഹന്തയ്ക്ക് താങ്ങാവുന്നതിനപ്പുറമാണ്.
ഇന്ത്യയുടെ പ്രതികരണം
വളരെ കരുതലോടെയാണ് ഇന്ത്യ പ്രതികരിക്കുന്നത്, ഇടപെടുന്നത് മറ്റൊരു രാജ്യത്തോടല്ല, അക്ഷമനും അഭിപ്രായസ്ഥിരത ഇല്ലാത്തവനുമായ വ്യക്തിയോടാണെന്ന ബോധ്യത്തോടെ. ഈ മാസം മധ്യത്തോടെ ഇന്ത്യയില്‍ അമേരിക്കന്‍ പ്രതിനിധിസംഘം ചര്‍ച്ചക്കു വരുന്നുണ്ട്. അപ്പോള്‍ അവര്‍ക്കനുകൂലമായ സാഹചര്യം സൃഷ്ടിക്കാനാണ് ഈ ഭീഷണികള്‍. ജപ്പാനും യൂറോപ്യന്‍ യൂണിയനും ചെയ്ത പോലെ ഭീഷണിക്ക് ഇന്ത്യ വഴങ്ങാനിടയില്ല. അമേരിക്കയുടെ 25 ശതമാനം അധികത്തീരുവ നടപ്പായാല്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്കുണ്ടാവുന്ന നഷ്ടം ദശാംശം രണ്ടു ശതമാനമായിരിക്കും. ഇതിനേക്കാള്‍ വലിയ ഉപരോധം 1998-ല്‍ പൊഖ്റാനിലെ അണുപരീക്ഷണത്തിനു ശേഷം ഇന്ത്യ തരണം ചെയ്തിട്ടുണ്ട്! അതിവേഗം വളരുന്ന വലിയ സമ്പദ് വ്യവസ്ഥയെന്ന നിലയില്‍ രാജ്യത്തിന് അത് താങ്ങാന്‍ മാത്രമല്ല, നഷ്ടം നേരിടുന്ന കയറ്റുമതിക്കാരെ സഹായിക്കാനുമാവും.
അമേരിക്ക സുഹൃത്താവുന്നതല്ല, ശത്രുവാകുന്നതാണ് കൂടുതല്‍ നല്ലതെന്ന് പണ്ടേ അറിവുള്ളവര്‍ പറഞ്ഞിട്ടുണ്ട്. കൂടെനിന്നു പണി കിട്ടിയ രാജ്യങ്ങള്‍ ഏറെയാണ്. ഇന്ത്യയ്ക്കുമുണ്ടായി ദുരനുഭവങ്ങള്‍. 1971-ലെ യുദ്ധകാലത്ത് പാകിസ്താനെ തുണയ്ക്കാന്‍ ഏഴാം കപ്പല്‍പ്പട ഇറങ്ങിയതു പോലെ. സോവിയറ്റ് അന്തര്‍വാഹിനികള്‍ മുഖാമുഖം വന്നപ്പോള്‍ അവര്‍ പത്തി മടക്കുകയായിരുന്നു. ചൈനയ്ക്കെതിരെ നില്‍ക്കാന്‍ അമേരിക്കയ്ക്ക് ഇന്ത്യയെ വേണം, പക്ഷേ ഇന്ത്യ ശക്തി പ്രാപിക്കാനും പാടില്ല എന്നതാണ് തന്ത്രം. അത് പാകിസ്താനിലും ബംഗ്ലാദേശിലും അമേരിക്ക പയറ്റുന്ന തന്ത്രങ്ങളില്‍ കാണാം.
പ്രശസ്ത സാമ്പത്തിക വിദഗ്ധനും കൊളംബിയ സര്‍വകലാശാലയിലെ പ്രൊഫസറുമായ ജെഫ്രി സാക്സ് ഇങ്ങനെ പറഞ്ഞു: 'ഇന്ത്യ വിജയകരമായ ഒരു സമ്പദ് വ്യവസ്ഥ ആകുന്നത് അമേരിക്ക ഇഷ്ടപ്പെടുന്നില്ല... കാര്‍ഷികമേഖല തുറന്നുകൊടുത്താലും ഇന്ത്യയ്ക്കായി അമേരിക്ക ഉത്പാദന വ്യവസായത്തിന്റെ വാതിലുകള്‍ തുറക്കില്ല. ചൈനയെ തകര്‍ക്കാന്‍ ആഗ്രഹിക്കുന്നത് കൊണ്ട് ട്രംപ് ഇന്ത്യയ്ക്ക് മുന്‍ഗണന നല്‍കുന്നു എന്നുമാത്രം. ഇന്ത്യയില്‍ വിതരണ ശൃംഖലയുണ്ടാവുന്നതിലും അദ്ദേഹത്തിന് താല്പര്യമില്ല... ചൈനയുമായും റഷ്യയുമായും യൂറോപ്പുമായും ഉള്ള സാധ്യതകളൊന്നും ഒഴിവാക്കേണ്ടതില്ല. ഞങ്ങള്‍ക്കൊപ്പമാണെങ്കില്‍ നിങ്ങള്‍ അവര്‍ക്കെതിരാണ് എന്ന് പറയാന്‍ അമേരിക്കയെ അനുവദിക്കാതിരിക്കുക.'
Content Highlights: US imposes 25% tariff on Indian imports
Published: 02 Aug 2025, 04:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented