'എയ്ഡ്സ് രോ​ഗം ബാധിച്ച ഒരാളാണ് ഞാൻ, എച്ച്.ഐ.വി. നെ​ഗറ്റിവ് ആണ് ഭാര്യ. ഇന്നാട്ടിൽ ഗർഭനിരോധന ഉറകളോ പ്രതിരോധ ചികിത്സാമാർ​ഗമായ പ്രീ-എക്‌സ്‌പോഷർ പ്രോഫിലാക്‌സിസോ (PrEP) ഇപ്പോൾ ലഭ്യമല്ല. തമ്മിൽ കാണാതെ വിവാഹിതരായി തുടരേണ്ടി വരുന്നു', യു.എസ് എയ്ഡ് നിലച്ചതോടെ ഉ​ഗാണ്ടയിലെ സ്ഥിതി ബി.ബി.സി.യോട് വിശദീകരിക്കുകയായിരുന്നു 35-കാരനായ മൈക്ക് എൽവിസ് തുസുബിറ. 

To advertise here,

അധികാരത്തിലേറിയ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ലോക ഒന്നാം നമ്പർ കോടീശ്വരൻ മസ്കും ചെലവുചുരുക്കലിന്റെ പാതയിലാണ്. അത് മനുഷ്യാവകാശ സംഘടനകൾക്കായാലും പട്ടിണിയാൽ കഷ്ടപ്പെട്ടുന്ന മൂന്നാം ലോക രാഷ്ട്രങ്ങൾക്കായാലും ഇനി യു.എസ്സിൽ നിന്ന് പണമെത്തില്ല. അമേരിക്കൻ ജനതയുടെ നികുതിപ്പണം മറ്റ് ആവശ്യങ്ങൾക്കായി പുറത്തുപോകരുതെന്ന നിർബന്ധബുദ്ധി ഇരുവർക്കുമുണ്ട്. പക്ഷേ, അപ്രതീക്ഷിതമായുണ്ടായ തിരിച്ചടിയിൽ അമ്പരന്നിരിക്കുന്നത് സാധാരണക്കാരും അവികസിത രാജ്യങ്ങളുമാണ്. മരുന്നിനും അടിസ്ഥാന ആവശ്യങ്ങൾക്കുമായി ഇനി യു.എസിനു നേരെ കൈനീട്ടേണ്ടതില്ലെന്ന നയം അർഥശങ്കയ്ക്കിടയില്ലാത്ത യു.എസ് ഭരണകൂടം വ്യക്തമാക്കുന്നുണ്ട്. 

എന്നാൽ, യു.എസിനെ സംബന്ധിച്ചും അത്ര ശുഭസൂചനയല്ല ട്രംപിന്റെ നയങ്ങൾ നൽകുന്നത്. അനധികൃത കുടിയേറ്റക്കാരെ ചങ്ങലയിട്ട് നാടുകടത്തിയപ്പോഴും ട്രാൻസ്ജൻഡേഴ്സിനേയും ലൈം​ഗിക ന്യൂനപക്ഷത്തിൽപ്പെട്ടവരേയും അടിച്ചമർത്തിയപ്പോഴും കൈയടിച്ചവർക്ക്, പക്ഷേ, ഇപ്പോൾ ചില സംശയങ്ങൾ ഉടലെടുത്തിരിക്കുന്നു. കുടിയേറ്റക്കാർക്കെതിരേ ആരംഭിച്ച നടപടി പതുക്കെ സർക്കാരിലേക്കും പടർന്നുകയറിയിരിക്കുന്നു. സർക്കാർ ഏജൻസികളിൽ പലതിലേക്കുമുള്ള പണമൊഴുക്ക് മസ്ക് നിർത്തിവെച്ചു. പലരുടേയും ജോലി തെറിച്ചു. ചെലവ് ചുരുക്കിച്ചുരുക്കി ട്രഷറിയിലേക്കും പെന്റ​ഗണിലേക്കും വരെ മസ്ക് കൈകടത്താൻ തുടങ്ങിയിരിക്കുന്നു. ഇതിനായി ഒരു പുത്തൻ കാര്യക്ഷമതാ വിഭാ​ഗവും യു.എസ്സിനുണ്ട്, ഡോജ്.

placeholder
യു.എസിൽ മസ്കിനെതിരായ പ്രതിഷേധത്തിൽ നിന്ന് | Photo: AFP

എന്താണ് ഡോജ് 
യു.എസ്. സർക്കാരിന്റെ ചെലവുചുരുക്കാനും കാര്യക്ഷമത വർധിപ്പിക്കാനും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുതുതായി രൂപവത്കരിച്ച വിഭാ​ഗമാണ് ഡോജ്. റിപ്പബ്ലിക്കൻ പാർട്ടിയുടെ ‘സേവ് അമേരിക്ക’ പ്രസ്ഥാനത്തിന്റെ ഭാഗമായാണ് പുത്തൻ വിഭാ​ഗവുമായി ട്രംപ് രം​ഗത്തിറങ്ങിയത്. ആദ്യം ആണവായുധം നിർമിക്കുന്നതിനായി രൂപവത്കരിച്ച ‘മൻഹാട്ടൻ പ്രോജക്ടു’മായാണ് അദ്ദേഹം ഡോജിനെ ഉപമിച്ചത്. പ്രധാന ലക്ഷ്യം സർക്കാരിന്റെ ചെലവ് ചുരുക്കലാണെങ്കിലും ചുവപ്പുനാടയില്ലാതാക്കുക, നിയന്ത്രണങ്ങളുടെ കടുപ്പം കുറയ്ക്കുക, സർക്കാർ ഏജൻസികളെ പുതുക്കിപ്പണിയുക എന്നീ ദൗത്യങ്ങളും ഡോജ് നിർവഹിക്കും. 

ശതകോടീശ്വരൻ ഇലോൺ മസ്കിനാണ് വിഭാ​ഗത്തിന്റെ ചുമതല. ശമ്പളമില്ലാതെ സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായാണ് മസ്ക് പ്രവർത്തിക്കുക. സർക്കാർ വിഷയങ്ങളിൽ ഇടപെടാൻ മസ്ക് സർക്കാർ ഉദ്യോ​ഗസ്ഥനാണോ എന്ന ചോദ്യം പല കോണുകളിൽ നിന്നും നേരത്തെ ഉയർന്നതോടെയാണ് വൈറ്റ് ഹൗസ് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്. വർഷത്തിൽ 130 ദിവസമോ അതിൽ താഴെയോ മാത്രം പ്രവർത്തിക്കേണ്ട രീതിയിലാണ് മസ്കിന്റെ ജോലി നിർവചിക്കപ്പെട്ടിരിക്കുന്നത്. 

പാലക്കാട്ട്‌ കുടുംബവേരുള്ള ഒഹായോയിൽ ജനിച്ചുവളർന്ന വിവേക് രാമസ്വാമി ഡോജിന്റെ നേതൃനിരയിൽ എത്തിയതോടെയാണ് ഈ പ്രത്യേക വിഭാ​ഗത്തെ മലയാളികളും ശ്രദ്ധിക്കുന്നത്. സത്യപ്രതിജ്ഞയ്ക്കു 69 ദിവസം മുൻപായിരുന്നു ഡോജ് വകുപ്പിന്റെ ചുമതല മസ്കിനും വിവേകിനുമായി ട്രംപ് പങ്കിട്ടുനൽകിയത്. എന്നാൽ, പിന്നീട് വകുപ്പിന്റെ ചുമതലയിൽനിന്ന് വിവേക് സ്വമേധയാ ഒഴിഞ്ഞു. മസ്കുമായുള്ള അസ്വാരസ്യങ്ങളാണ് വിവേകിന് പുറത്തക്കുള്ള വാതിൽ തുറന്നതെന്നാണ് റിപ്പോർട്ടുകൾ.

എച്ച്.1-ബി വിസയെ പിന്തുണച്ച വിവേകിന്റെ നിലപാടിനോട് റിപ്പബ്ലിക്കൻ പാർട്ടിക്കകത്ത് നേരത്തെ എതിർപ്പുകളുണ്ടായിരുന്നു. എന്നാൽ, വിവേകിനെ പുറത്താക്കാൻ മസ്ക് ശ്രമിച്ചിരുന്നതായി അന്താരാഷ്ട്രമാധ്യമങ്ങളിൽ റിപ്പോർട്ടുകൾ പുറത്തുവിട്ടത് വിവാദങ്ങൾക്ക് വഴിവെച്ചു. ഇതോടെ, വിഷയത്തിൽ വ്യക്തതവരുത്തിക്കൊണ്ട് വിവേക് തന്നെ നേരിട്ട് രം​ഗത്തെത്തി. ഇലോൺ മസ്കിന്റെ അതൃപ്തിയെക്കുറിച്ച് വിട്ടുപറയാതെ നിന്ന വിവേക് പക്ഷേ മാധ്യമറിപ്പോർട്ടുകളെ പാടേ തള്ളി.

യു.എസ്സിൽ രണ്ട് അഭിപ്രായം
പുത്തൻ വകുപ്പിന് അമേരിക്ക ജനത ഇതിനോടകം കൈകൊടുത്ത് കഴിഞ്ഞതായാണ് റിപ്പബ്ലിക്കുകാർ പ്രചരിപ്പിക്കുന്നത്. വ്യക്തിപരമായി വകുപ്പിൽ മസ്കിന് എത്രത്തോളം സ്വാധീനമുണ്ടാകണമെന്ന കാര്യത്തിൽ ഭിന്നാഭിപ്രായങ്ങളുണ്ടെങ്കിലും ഭൂരിപക്ഷം അമേരിക്കക്കാരും പദ്ധതിക്ക് പിന്തുണ നൽകുന്നുണ്ടെന്നാണ് അവകാശവാദം. ഒരു പരിധിവരെ ഇത് ശരിയുമാണ്. തങ്ങൾ അടയ്ക്കുന്ന നികുതി പണം പുറംനാടുകളിലേക്ക് പോകുന്നതിൽ അവിടെ വലിയൊരു ഭൂരിപക്ഷത്തിന് എതിർപ്പുകളുണ്ടായിരുന്നു. ഇത്തരം തുക കൃത്യമായല്ല വിനിയോ​ഗിക്കുന്നതെന്ന പരാതിയുമുണ്ടായിരുന്നു. ബൈഡന്റെ ഭരണകാലത്ത് അടിസ്ഥാന സൗകര്യ പദ്ധതികൾ വർധിച്ചതിന്റെ ഭാ​ഗമായി രാജ്യത്തേക്കെത്തുന്ന തൊഴിലാളികളുടെ എണ്ണം ക്രമാതീതമായി വർധിച്ചതിലും അമേരിക്കൻ ജനതയ്ക്ക് കടുത്ത അമർഷമുണ്ടെന്നാണ് ബി.ബി.സി അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതിനാൽ തന്നെ ഡോജിന്റെ പ്രവർത്തനം അത്യാവശ്യമാണെന്ന് കരുതുന്നവർ നിരവധിയാണ്. 

placeholder
ഇലോൺ മസ്ക്, ഡൊണാൾഡ് ട്രംപ് | Photo: AFP

അതേസമയം, ഡോജിന്റെ സുതാര്യത ഇപ്പോഴും ചോദ്യമുനയിൽ തന്നെയാണ്. ഡെമോക്രാറ്റുകളടക്കമുള്ളവർ ഇത് ഉന്നയിക്കുന്നുമുണ്ട്. സർക്കാർ ചെലവുകളുടെ വിവരങ്ങൾ തെറ്റായി പ്രചരിപ്പിക്കുന്നതും തിരഞ്ഞെടുക്കപ്പെടാത്ത വ്യക്തി എന്ന നിലയിൽ മസ്കിന്റെ അധികാരത്തേയും രാഷ്ട്രീയ എതിരാളികൾ ചോദ്യംചെയ്യുന്നു. യു.എസ് സർക്കാരിന്റെ വിവിധ കരാറുകൾ മസ്കിനുള്ളതിനാൽ അദ്ദേഹത്തിന്റെ താത്പര്യങ്ങളെക്കുറിച്ചും വിമർശനങ്ങളുണ്ട്. ഇതുസംബന്ധിച്ച വിഷയങ്ങളിൽ യു.എസ് കോടതികളിൽ നിയമവ്യവഹാരങ്ങളും നടക്കുന്നുണ്ട്. എന്നാൽ, ഇതിനൊന്നും ചെവികൊടുക്കാൻ ട്രംപിനോ മസ്കിനോ ഉദ്ദേശമില്ല.

യു.എസ്. എയ്ഡിനും വിലക്ക് 
നൂറിലധികം രാജ്യങ്ങൾക്ക് മാനുഷിക സഹായം നൽകിവരുന്ന യു.എസ് എയ്ഡിനേയും(യു.എസ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡിവലപ്‌മെന്റ്) ട്രംപും മസ്കും വെറുതെവിട്ടില്ല. 60 വർഷത്തോളമായി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന പ്രസ്ഥാനം ഇപ്പോൾ അടച്ചുപൂട്ടലിന്റെ വക്കിലാണ്. ഏജൻസിയുടെ ചെലവുകളിൽ ഭൂരിഭാ​ഗവും പാഴായതായാണ് ഇരുവരുടേയും വാദം. യു.എസ് എയ്ഡിന്റെ പ്രവർത്തനം നേരിട്ടും അല്ലാതെയും ബാധിക്കുന്ന നൂറിലധികം രാജ്യങ്ങൾ ലോകത്തുണ്ട്. മിക്കവാറും മൂന്നാംലോകരാജ്യകളേയും സമൂഹത്തിന്റെ അടിത്തട്ടിലുള്ളവരേയും ആയിരിക്കും തീരുമാനം നേരിട്ട് ബാധിക്കുകയെന്നതും ആശങ്കാജനകമാണ്. 

യു.എസ് എയ്ഡ്സിന്റെ സുതാര്യതയെ ചോദ്യംചെയ്തുകൊണ്ട് അമേരിക്കൻ മണ്ണിൽ ട്രംപ് സർക്കാർ മുന്നോട്ടുപോകുമ്പോൾ വഴിമുട്ടുന്നത് സാധാരണക്കാരന്റെ ജീവിതമാണ്. മാനുഷികമായ പരി​ഗണന ഈ വിഷയത്തിൽ ആവശ്യമാണെന്ന് ഡെമോക്രാറ്റുകൾ ഇതിനോടകം ആവശ്യം ഉന്നയിച്ചിട്ടുണ്ട്. കൂടാതെ, സർക്കാർ തീരുമാനം ലോകരാജ്യങ്ങൾക്കിടയിൽ ശത്രുരാജ്യങ്ങളുടെ സ്വാധീനം വർധിപ്പിക്കാൻ ഇടയായേക്കുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. രാജ്യസുരക്ഷ അപകടത്തിലാകുമെന്നുവരെ ഡെമോക്രാറ്റുകൾ ആരോപിച്ചെങ്കിലും തീരുമാനത്തിൽ നിന്ന് ഇരുവരും ഒരടി പിന്നോട്ടില്ലെന്നു തന്നെയാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 

യു.എസ് എയ്ഡിന്റെ കാര്യങ്ങൾ മാത്രമല്ല ഡോജ് പ്രതിസന്ധിയിലാക്കുന്നത്. യു.എസ്. പ്രതിരോധവിഭാഗത്തിന്റെ ആസ്ഥാനമായ പെന്റഗണിന്റെ കാര്യവും കഷ്ടത്തിലാണ്. പെന്റഗണിന്റെ ചെലവ് പരിശോധിക്കാൻ ഇലോൺ മസ്കിനോട് ട്രംപ് ആവശ്യപ്പെട്ടത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതോടെ, മസ്കിന്റെ ചെലവുചുരുക്കൽ പദ്ധതിയിൽ യു.എസിന്റെ അഭിമാനമായ പ്രതിരോധവും ഉൾപ്പെടുമോ എന്ന ചോദ്യം പലയിടങ്ങളിൽ നിന്നുമുയർന്നു.

ഇന്ത്യയും ഡോജും
ഇന്ത്യയെ സംബന്ധിച്ച് അത്ര വലിയ പ്രശ്നമുള്ള കാര്യമല്ല യു.എസ്. എയ്ഡും ഡോജും. എന്നിരുന്നാലും ആ​ഗോളതലത്തിലുണ്ടാകുന്ന മാറ്റങ്ങൾ ഒരുപക്ഷേ ഇന്ത്യൻ മാർക്കറ്റിലും പ്രതിഫലിച്ചേക്കാം. ഇന്ത്യയിലെ തിരഞ്ഞെടുപ്പിൽ ജനപ്രാതിനിധ്യം ഉറപ്പാക്കാൻ യു.എസ്. സർക്കാർ നീക്കിവെച്ച 182 കോടി ഡോളർ ഡോജ് റദ്ദാക്കിയതായി യു.എസ് അധികൃതർ വ്യക്തമാക്കിയിരുന്നു. ഇതുസംബന്ധിച്ച വാർത്തകൾ പുറത്തുവന്നതോടെയാണ് ഇന്ത്യക്കാർ ഡോജിനെ പറ്റി കൂടുതൽ അന്വേഷിക്കുന്നതും അറിയുന്നതും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു.എസ്. സന്ദർശനത്തിനു തൊട്ടുപിന്നാലെയുണ്ടായ പ്രഖ്യാപനത്തെ, പക്ഷേ, കേന്ദ്ര സർക്കാർ മറ്റൊരു ദിശയിലേക്ക് വഴിതിരിച്ചുവിട്ടു. ഇത്തരം ഫണ്ട് ഇന്ത്യയുടെ ഇന്ത്യയുടെ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ഇടപെടുന്നതിന് തുല്യമാണെന്നാണ് ബി.ജെ.പി.യുടെ വാദം. ഭരിക്കുന്ന പാർട്ടിയല്ല ഇത്തരം നീക്കങ്ങളിൽ നിന്ന് നേട്ടം കൊയ്യുന്നതെന്നും അവർ തറപ്പിച്ചുപറയുന്നു.

മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ കുംഭകോണമെന്നാണ് പ്രധാനമന്ത്രിയുടെ ഉപദേശകൻ സഞ്ജീവ് സന്യാൽ യു.എസ് എയ്ഡ്സിനെ വിശേഷിപ്പിച്ചത്. ഇന്ത്യയിലെ തിരഞ്ഞെടുപ്പിൽ ജനപ്രാതിനിധ്യം ഉറപ്പാക്കാൻ യു.എസ്. നൽകിയ പണം ആർക്കാണ് ലഭിച്ചതെന്നും അദ്ദേഹം ചോദിച്ചു. ഇക്കാര്യത്തിലൊന്നും ഇതുവരെ ഒരു വ്യക്തത വരുത്താൻ യു.എസ് തയ്യാറായിട്ടില്ല. 

placeholder
പ്രധാനമന്ത്രി നരേന്ദ്രമോദി, ഇലോൺ മസ്ക് | Photo: AP

ബം​ഗ്ലാദേശിനോടും യുക്രൈനോടും കടുംവെട്ട്
ട്രംപ് സർക്കാർ അധികാരത്തിലേറി അധികംവൈകാതെ തന്നെ മുഹമ്മദ് യൂനുസിന്റെ കീഴിലുള്ള ഇടക്കാല സർക്കാർ റിപ്പബ്ലിക്കൻ നയങ്ങളുടെ ചൂടറിഞ്ഞു. കലാപകലുഷിതമായ അന്തരീക്ഷത്തിൽ നിന്ന് കരകയറാനുതകുന്ന ഒരു സഹായവും തങ്ങളിൽ നിന്ന് പ്രതീക്ഷിക്കേണ്ടതില്ല എന്ന് പറയാതെ പറയുകയായിരുന്നു ട്രംപ്. ബം​ഗ്ലാദേശിനുള്ള കരാറുകളും ​ഗ്രാന്റുകളും ഉൾപ്പെടെ എല്ലാ സാമ്പത്തിക സഹായങ്ങളും നിർത്തലാക്കാൻ ട്രംപ് ഭരണകൂടം തീരുമാനിച്ചു. രാജ്യത്തെ രാഷ്ട്രീയഭൂമിക ശക്തിപ്പെടുത്തുന്നതിന് യു.എസ്. എയ്ഡ് നൽകിയിരുന്ന 250 കോടി രൂപയുടെ ധനസഹായം പിൻവലിച്ചതാണ് ഏറ്റവും അവസാനം ബം​ഗ്ലാദേശ് സർക്കാരിനെതിരേ യു.എസ് കൈക്കൊണ്ട നടപടി. ഷെയ്ഖ് ഹസീന സർക്കാരിനെ അട്ടിമറിച്ചതിന് പിന്നിൽ യു.എസ്സിനു യാതൊരു പങ്കുമില്ലെന്ന് ട്രംപ് വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയായിരുന്നു ഈ നടപടി.

രാജ്യത്തിന്റെ പുതിയ വിദേശനയങ്ങളുമായി പൊരുത്തപ്പെടുന്ന സാമ്പത്തികസഹായം മാത്രം തുടർന്നാൽ മതിയെന്ന യു.എസ് നയത്തിന്റെ സൂചകമാണ് യുക്രൈനെതിരായ നടപടി. റഷ്യ-യുക്രൈൻ യുദ്ധം തുടർന്നുപോകുന്നതിന് കാരണക്കാരൻ വൊളോദിമിർ സെലെൻസ്‌കിയാണെന്ന് തുറന്നടിച്ച് നയം വ്യക്തമാക്കിയ ട്രംപ് രാജ്യത്തിനുള്ള സാമ്പത്തികസഹായവും മരവിച്ചു. തന്നെക്കാൾ വലുതും ശക്തരുമായ റഷ്യയോട് യുദ്ധത്തിനുപോകാൻ പാടില്ലായിരുന്നെന്ന് പറയുന്നിടത്ത് ട്രംപിന്റെ പക്ഷം ഒരുമറയുമില്ലാതെ ജനങ്ങൾക്കുമുന്നിൽ വ്യക്തമാകുകയാണ്. ശരി തെറ്റുകൾക്കപ്പുറം ശക്തർക്കെതിരേ ശബ്ദമുയർത്തരുത് എന്ന ഒരു സ്വേച്ഛാധിപതിയുടെ വാക്കുകളാണ് ട്രംപിൽ നിന്ന് മുഴങ്ങുന്നത്. അതേസമയം, യുക്രൈനോടുള്ളതുപോലെ ഒരു പ്രശ്നവും ഇസ്രായേലിനോടും ഈജിപ്തിനോടും യു.എസ്സിനില്ല. ഇവർക്കുള്ള സൈനിക സഹായം ഇനിയും യു.എസ്സിൽ നിന്നുമെത്തും. 

അധികാരത്തിലേറിയിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രത്യാശിക്കാനുതകുന്നതൊന്നും ലോകരാജ്യങ്ങൾക്കോ അമേരിക്കൻ ജനതയ്ക്കോ ട്രംപ് നൽകുന്നില്ല. ലോകരാജ്യങ്ങൾക്കും ജീവകാരുണ്യ സംഘടനകൾക്കുമുള്ള സാമ്പത്തികസഹായമെല്ലാം നിർത്തലാക്കി പഴയപോലെ ലോകപോലീസ് ചമയാൻ ഇനിയും യു.എസ്സിന് സാധിക്കുമോ എന്നത് കണ്ടുതന്നെ അറിയണം....