'ഞാനൊരു പുത്തന്‍ ടെസ്‌ല വാങ്ങാന്‍ പോവുകയാണ്'. വൈറ്റ് ഹൗസിലിരുന്ന് പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചു'. ഇലോൺ മസ്ക്കിന് തന്റെ പിന്തുണ അറിയിക്കാനാണ് ട്രംപ് ടെസ്‌ല വാങ്ങുമെന്ന് പ്രഖ്യാപിച്ചത്. ട്രംപിന്റെ കാര്‍ വാങ്ങലിന്റെ പശ്ചാത്തലത്തില്‍ വൈറ്റ്ഹൗസ് തന്നെ ഒരു ടെസ്ല ഷോറൂമായി മാറി. അഞ്ച് കാറുകളാണ് വൈറ്റ് ഹൗസിലെത്തിച്ചത്. ഇവയെല്ലാം നേരിട്ട് പരിശോധിച്ച ട്രംപ് ചുവപ്പ് നിറമുള്ള മോഡല്‍ എസ് കാറാണ് തിരഞ്ഞെടുത്തത്. പിന്നാലെ മസ്‌കിനെയും ടെസ്‌ലയേയും പുകഴ്ത്താനും അദ്ദേഹം മടിച്ചില്ല. ടെസ്‌ല ഗംഭീരമായ ഉത്പന്നമാണെന്നും മസ്‌ക് മഹാനായ ഒരു മനുഷ്യനാണെന്നും ട്രംപ് പറഞ്ഞു. മുതലാളിത്തത്തിന്റെ ഈറ്റില്ലമാണെങ്കിലും അമേരിക്കൻ പ്രസിഡന്റ് ഒരു കമ്പനിയുടെ ഉത്പന്നത്തിന്റെ പ്രചാരണത്തിനായി ഇത്രയധികം കഷ്ടപ്പെടുന്ന കാഴ്ച അപൂര്‍വം തന്നെയായിരുന്നു. അതും ഈ അടുത്ത കാലം വരെ ഇലക്ട്രിക് വാഹനങ്ങളെ നിരന്തരം കുറ്റം പറഞ്ഞു നടന്ന ട്രംപ്. പരസ്യങ്ങള്‍ തങ്ങള്‍ക്ക് ആവശ്യമില്ലെന്ന് പ്രഖ്യാപിച്ച ഇലോണ്‍ മസ്‌കിന്റെ കമ്പനിക്ക് വേണ്ടി സാക്ഷാല്‍ അമേരിക്കന്‍ പ്രസിഡന്റ് നേരിട്ടിറങ്ങി പി.ആര്‍ വര്‍ക്ക് ചെയ്യേണ്ട സാഹചര്യം എങ്ങനെയുണ്ടായി. ലോകത്തിലെ തന്നെ ഏറ്റവും വിജയകരമായ കമ്പനിയായിരുന്ന ടെസ്‌ലയ്ക്ക് എന്താണ് സംഭവിക്കുന്നത്? ആരാണിതിന്റെ ഉത്തരവാദി?
ലോകത്തിലെ ഏറ്റവും വലിയ ധനികനും അമേരിക്കന്‍ കാര്യക്ഷമതാവകുപ്പിന്റെ (ഡോജ്) തലവനുമായ ഇലോണ്‍ മസ്‌കിന്റെ പ്രധാന സംരംഭമായ ടെസ്‌ല വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. സ്‌റ്റോക്ക് മാര്‍ക്കറ്റില്‍ 2022 ന് ശേഷം കമ്പനി ഏറ്റവും മോശം പെര്‍ഫോമന്‍സ് നടത്തിയത് കഴിഞ്ഞ മാസമായിരുന്നു. വില്‍പ്പനയിലും കമ്പനി വലിയ തിരിച്ചടിയാണ് നേരിടുന്നത്. ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലേറിയ ആദ്യ മാസങ്ങളിലാണ് ആ ഭരണകൂടത്തിലെ ഏറ്റവും ശക്തനായ മസ്‌കിന് ഇത് സംഭവിക്കുന്നതെന്നാണ് ഏറ്റവും കൗതുകകരം. ഫെബ്രുവരി മാസത്തില്‍ മാത്രം 28 ശതമാനം ഇടിവാണ് ടെസ്‌ലയുടെ ഓഹരികളില്‍ ഉണ്ടായത്. മാര്‍ച്ച് ആദ്യത്തോടെ അത് 45 ശതമാനത്തിലേറെയായി. ജനുവരിയില്‍ വന്ന കണക്കുകള്‍ പ്രകാരം കമ്പനിയുടെ വരുമാനത്തിലും വലിയ ഇടിവുകളുണ്ടാകുന്നുണ്ട്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കമ്പനിയുടെ വാഹന വില്‍പ്പനയില്‍ നിന്നുള്ള വരുമാനത്തില്‍ 8 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്. മറ്റ് വരുമാനങ്ങളില്‍ 23 ശതമാനം കുറവുമുണ്ടായി.
ഇത് ഇല്ക്ട്രിക് വാഹന കമ്പനികള്‍ മൊത്തത്തില്‍ നേരിടുന്ന പ്രതിസന്ധിയാണെന്ന് കരുതരുത്. ഇ.വി മാര്‍ക്കറ്റിന്റെ സുവര്‍ണകാലങ്ങളിലൂടെയാണ് നാം കടന്നുപോകുന്നത്. 2024ല്‍ ആഗോള ഇ.വി വില്‍പ്പനയിലുണ്ടായ വര്‍ധനവ് 25 ശതമാനമാണ്. എന്നാല്‍, ടെസ്‌ലയുടെ കാര്യത്തില്‍ അത് വലിയ കുറവാണ് രേഖപ്പെടുത്തുന്നത്. 2025ല്‍ ഇത് ഇതിലും മോശമാകുമെന്നാണ് വിപണി വിദഗ്ധരുടെ പ്രവചനം. ഇലക്ട്രിക് കാറുകളുടെ നിര്‍മ്മാണത്തിലും വില്‍പ്പനയിലുമെല്ലാം ലോകത്തിലെ മറ്റേത് കമ്പനിയെക്കാളും ഒരുപാട് മുന്നില്‍ നടന്ന കമ്പനിയാണ് ടെസ്‌ല എന്ന കാര്യമോര്‍ക്കണം. 2024 ഡിസംബറിനെ അപേക്ഷിച്ച് 2025 ജനുവരി മുതല്‍ ടെസ്ലയുടെ ഓഹരികള്‍ പകുതിയോളം ഇടിഞ്ഞു. ഇത് മസ്‌കിന്റെ സമ്പത്തിലും വന്‍ ഇടിവുണ്ടാക്കി. മസ്‌കിന്റെ 145 ബില്യണ്‍ ഡോളര്‍ നഷ്ടം 122 രാജ്യങ്ങളുടെ ജി.ഡി.പി.യേക്കാള്‍ കൂടുതലാണെന്ന് പറയപ്പെടുന്നു. ഇന്ത്യയുടെ 2025-26 സാമ്പത്തിക വര്‍ഷത്തിലെ പ്രതിരോധ ബജറ്റിന്റെ ഇരട്ടിയും നാസയുടെ വാര്‍ഷിക ബജറ്റിന്റെ ആറ് മടങ്ങുമാണിത്. മസ്‌കിന്റെ സമ്പത്തിന്റെ ഭൂരിഭാഗവും ടെസ്ല സ്റ്റോക്കുകളില്‍ നിന്നാണ്. ഓഹരിയെക്കാളും വില്‍പ്പനയിലുണ്ടായ ഈ ഇടിവാണ് പലരെയും ഞെട്ടിച്ചത്. വിപണിയിലെ ഏറ്റക്കുറച്ചിലിന്റെ ഭാഗമായി ഷെയര്‍ ഇടിഞ്ഞാലും ടെസ്‌ലയുടെ വില്‍പ്പനയെ ബാധിക്കില്ല എന്നായിരുന്നു പലരും കരുതിയിരുന്നത്. 2024 വരെ അതായിരുന്നു സ്ഥിതിയും. എന്നാലിപ്പോള്‍ ഷെയര്‍ കുത്തനെ ഇടിയുകയും അതോടൊപ്പം വില്‍പ്പനയില്‍ പുറകോട്ട് പോകുകയും ചെയ്തതോടെയാണ് ചിത്രം മാറിയത്.
എന്താണ് ടെസ്‌ലയെ തകര്‍ക്കുന്നത്?
നിലവില്‍ ടെസ്ല നേരിടുന്ന തിരിച്ചടിക്ക് പല കാരണങ്ങളും നിരത്തുന്നുണ്ടെങ്കിലും അതിന്റെ യഥാര്‍ഥ കാരണം മുതലാളിയായ ഇലോണ്‍ മസ്‌ക് തന്നെയാണ്. ടെസ്‌ലയെ ഇന്ന് കാണുന്ന ഉയരങ്ങളിലേക്ക് എത്തിച്ചത് മസ്‌കിന്റെ വിചിത്രമായ ആശയങ്ങളാണെങ്കില്‍ അവിടുന്ന് താഴേക്കിറക്കുന്നതും അതേ മസ്‌കിന്റെ കൂടുതല്‍ വിചിത്രമായ ഇടപെടലുകള്‍ തന്നെയാണ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ടെസ്‌ലയുടെ ഓട്ടോമോട്ടീവ് ബിസിനസിനെ പാടേ അവഗണിച്ച് സെല്‍ഫ് ഡ്രൈവിങ്ങ് സാങ്കേതികവിദ്യയുടെ പിറകില്‍ ഭ്രാന്തമായി അലയുകയായിരുന്നു അദ്ദേഹം. ഒറ്റയടിക്ക് എല്ലാ വാഹനങ്ങളിലും സെല്‍ഫ് ഡ്രൈവിങ് കൊണ്ടുവന്ന് മറ്റുള്ള കമ്പനികളെ ഇല്ലാതാക്കുകയെന്നതായിരുന്നു മസ്‌കിന്റെ ലക്ഷ്യം. എന്നാല്‍ ഇക്കാര്യത്തില്‍ മസ്‌ക് സ്വപ്‌നം കണ്ടത് പോലൊരു വിജയം നേടാന്‍ അവര്‍ക്ക് സാധിച്ചില്ല. ഇതിനായുള്ള നിരന്തര ശ്രമങ്ങള്‍ക്കിടയില്‍ മറ്റ് കാര്യങ്ങളില്‍ ടെസ്‌ല എതിരാളികളെക്കാള്‍ പിന്നില്‍ പോകുന്നത് അദ്ദേഹം കാണാതിരിക്കുകയോ കണ്ടിട്ടും അവഗണിക്കുകയോ ചെയ്തു. ബാറ്ററി റേഞ്ച് പോലുള്ള കാര്യങ്ങളില്‍ എതിരാളികള്‍ ബഹുദൂരം മുന്നിലെത്തി.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ടെസ്‌ല പുതുതായി ലോഞ്ച് ചെയ്ത ഏക മോഡല്‍ സൈബര്‍ട്രക്കാണ്. ഇതാണെങ്കില്‍ പ്രതീക്ഷിച്ച വിജയമായില്ലെന്ന് മാത്രമല്ല പലരീതിയിലും പരാജയമാകുകയും ചെയ്തു. 2019ല്‍ വണ്ടി പ്രഖ്യാപിക്കുമ്പോള്‍ പറഞ്ഞതിനേക്കാള്‍ കുറഞ്ഞ റേഞ്ചില്‍ കൂടുതല്‍ വിലയിലാണ് 2023ല്‍ സൈബര്‍ ട്രക്ക് പുറത്തിറങ്ങുന്നത്. ഒരു വര്‍ഷം പിന്നിടുമ്പോള്‍ പ്രതീക്ഷിച്ചതില്‍ 10 ശതമാനം യൂണിറ്റുകള്‍ മാത്രമേ ടെസ്‌ലയ്ക്ക് വില്‍ക്കാന്‍ സാധിച്ചിട്ടുള്ളു. ബുക്ക് ചെയ്തിരുന്ന പലരും കുറഞ്ഞ റേഞ്ചും കൂടിയവിലയും കാരണം ബുക്കിങ് കാന്‍സല്‍ ചെയ്തു. ആവര്‍ഷം തന്നെയാണ് ഇ.വി വില്‍പ്പനയില്‍ ചൈനീസ് കമ്പനിയായ ബി.വൈ.ഡി ടെസ്‌ലയെ പിന്നിലാക്കിയത്. ഓട്ടോ ഡ്രൈവിങ് ഓപ്ഷന്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായ ജനപ്രിയ മോഡലുകളായ മോഡല്‍ എക്‌സിലും മോഡല്‍ എസിലുമെല്ലാം വരുത്തിയ മാറ്റങ്ങളും തിരിച്ചടിയായി. ഇവയുടെ വില്‍പ്പനയെ ഇത് ബാധിച്ചു. 2016 ന് ശേഷം നിര്‍മ്മിച്ച എല്ലാ ടെസ്‌ല മോഡലുകളിലും സെല്‍ഫ് ഡ്രൈവിങ് വരുമെന്ന വാഗ്ദാനവും തിരിച്ചടിച്ചു. സെല്‍ഫ് ഡ്രൈവിങ് മോഡലുകളില്‍ അപകടങ്ങള്‍ തുടര്‍ക്കഥയായത് സുരക്ഷ ആശങ്കകള്‍ ഉയര്‍ത്തി. ഇതുമായി ബന്ധപ്പെട്ട് വലിയ നിയമയുദ്ധങ്ങള്‍ കമ്പനിക്ക് നടത്തേണ്ടി വന്നു. ബഡ്ജറ്റ് കാറുകള്‍ നിര്‍മ്മിക്കുമെന്ന പ്രഖ്യാപനത്തില്‍ നിന്ന് പുറകോട്ട് പോയി പ്രീമിയം കാറുകളില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചതും മധ്യവര്‍ഗത്തിനിടയില്‍ അസ്വീകാര്യമാക്കി.
നിര്‍മ്മാണത്തിലെ കാലതാമസവും ഏറെ മത്സരമുള്ള ഇ.വി മാര്‍ക്കറ്റില്‍ ടെസ്‌ലക്ക് തിരിച്ചടിയായി. സൈബര്‍ട്രക്കും സെമിയും പോലുള്ള പുത്തന്‍ മോഡലുകളില്‍ വലിയ പ്രഖ്യാപനം നടത്തിയിട്ട് വിചാരിച്ച രീതിയില്‍ പ്രൊഡക്ഷന്‍ നടത്താന്‍ അവര്‍ക്ക് സാധിച്ചില്ല. ഇത് വാഹനം ബുക്ക് ചെയ്ത് കാത്തു നിന്നവരിൽ കടുത്ത നിരാശയുണ്ടാക്കി. സപ്ലൈ ചെയിനിലും പ്രശ്‌നങ്ങള്‍ നേരിടേണ്ടിവന്നത് സ്ഥിതി രൂക്ഷമാക്കി. സെമി കണ്ടക്ടേഴ്‌സ്, ബാറ്ററി പോലുള്ള നിര്‍ണായക ഭാഗങ്ങള്‍ക്ക് മറ്റ് കമ്പനികളെ ആശ്രയിക്കേണ്ടി വന്നത് കാറുകളുടെ നിര്‍മാണച്ചെലവ് കൂട്ടി. ഇതിനിടയിൽ നിലവിലെ ഉപയോക്താക്കള്‍ ക്വാളിറ്റി പ്രശ്‌നങ്ങള്‍ ഉയര്‍ത്തി രംഗത്ത് വന്നു. വില്‍പ്പന കുത്തനെ വര്‍ധിച്ച സമയത്ത് അതിനാവശ്യമായ സര്‍വീസ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ കമ്പനിക്ക് വീഴ്ചവന്നു. ഇത് റിപ്പയറിനും മെയിന്റനന്‍സിനും വലിയ കാലതാമസം വരുത്താന്‍ ഇടയാക്കി. പരിസ്ഥിതി സുസ്ഥിരത എന്ന ആശയത്തെ ഉയര്‍ത്തിപ്പിടിച്ച് വിപണിയിലെത്തിയ ടെസ്‌ല ഇതിന്റെ പേരില്‍ തന്നെ വിമര്‍ശനം നേരിട്ടിരുന്നു. വാഹനനിര്‍മ്മാണത്തിനിടെ ഉണ്ടാകുന്ന പാരിസ്ഥിതിക ആഘാതങ്ങള്‍ മറച്ചുവെച്ച് കമ്പനി ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് പരിസ്ഥിതിവാദികള്‍ വിമര്‍ശിച്ചു. കമ്പനിയുടെ ലിഥിയം, കൊബാള്‍ട്ട് മൈനിങ് പോലുള്ള പ്രവൃത്തികളും ചോദ്യം ചെയ്യപ്പെട്ടു.
ട്രംപും മസ്‌കും
കമ്പനിക്ക് പുറത്ത് മസ്‌കിന്റെ തീവ്ര വലതുപക്ഷ നിലപാടുകളും രാഷ്ട്രീയ ഇടപെടലുകളും ടെസ്‌ലയുടെ നിലവിലെ സാഹചര്യത്തിന് കാരണമായി. ട്രംപിന് വേണ്ടിയുള്ള പ്രചാരണങ്ങളും കാര്യക്ഷമതാവകുപ്പിന്റെ സെക്രട്ടറി സ്ഥാനവും തീവ്ര സ്വഭാവമുള്ള പ്രതികരണങ്ങളുമെല്ലാം ടെസ്‌ലയെയും കാര്യമായി തന്നെ ബാധിച്ചു. തന്റെ ഉപഭോക്താക്കളെയും മാര്‍ക്കറ്റുകളെയും പ്രധാന വിപണികളുള്ള രാജ്യങ്ങളെയും പിണക്കുന്ന പ്രസ്താവനകളും ഇടപെടലുകളുമായിരുന്നു ഇക്കാലത്ത് മസ്‌ക് ചെയ്തത്. കാര്യക്ഷമതാ വകുപ്പിന്റെ നേതൃത്വത്തില്‍ മസ്‌ക് സ്വീകരിച്ച നടപടികളില്‍ കടുത്ത ജനരോഷമാണ് അമേരിക്കയില്‍ ഉയരുന്നത്. ഡോജ് ചെലവ് കുറയ്ക്കാനായി നിരവധി ഫെഡറല്‍ ഏജന്‍സികളില്‍ കൂട്ട പിരിച്ചുവിടൽ നടത്തുകയും ഫണ്ടിങ് വെട്ടിക്കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇതിനെ എതിര്‍ക്കുന്ന നിരവധി അമേരിക്കന്‍ പൗരാവകാശ ഗ്രൂപ്പുകള്‍ ടെസ്‌ലയെ ബഹിഷ്‌കരിക്കാനുള്ള കാമ്പെയിനുകള്‍ വലിയരീതിയിൽ ആരംഭിച്ചിരുന്നു. ടെസ്‌ല ഷോറൂമുകള്‍ക്ക് മുന്നില്‍ വലിയ ജനകീയ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കപ്പെട്ടു. നേരത്തെ ടെസ്‌ല വാങ്ങിയ പലരും മസ്‌കിന്റെ ഭ്രാന്തുകള്‍ക്ക് ഞങ്ങള്‍ ഉത്തരവാദികളല്ല എന്ന രീതിയിലുള്ള സ്റ്റിക്കര്‍ തങ്ങളുടെ കാറുകളില്‍ ഒട്ടിക്കുന്നതും സാമൂഹിക മാധ്യമങ്ങളില്‍ ഹിറ്റായിരുന്നു. ഇതെല്ലാം ടെസ്‌ലയോട് ആളുകള്‍ക്കുള്ള മനോഭാവത്തെ കാര്യമായി ബാധിച്ചു.
ഒരുകാലത്ത് വലിയ മേധാവിത്വമുണ്ടായിരുന്ന യൂറോപ്പില്‍ നിന്നാണ് ടെസ്‌ലയ്ക്ക് ഏറ്റവും വലിയ തിരിച്ചടി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. മസ്‌ക് നിരന്തരമായി രാഷ്ട്രീയ ഇടപെടലുകള്‍ നടത്താറുള്ള ജര്‍മ്മനിയില്‍ ടെസ്‌ല വില്‍പ്പനയില്‍ 76 ശതമാനം ഇടിവാണ് ഈ വര്‍ഷം രേഖപ്പെടുത്തിയത്. ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന കുതിച്ചുയരുമ്പോഴാണ് ജര്‍മ്മനിയില്‍ ടെസ്‌ലയ്ക്ക് ഇത്രവലിയ തിരിച്ചടി ഉണ്ടാവുന്നതെന്നും ഇതോട് ചേര്‍ത്ത് വായിക്കണം. ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (എ.എഫ്.ഡി.) എന്ന ജര്‍മ്മനിയിലെ തീവ്രവലതുപക്ഷ പാര്‍ട്ടിക്ക് ഏതാനും നാളുകള്‍ക്ക് മുന്‍പാണ് മസ്‌ക് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചത്. നാസി കാലഘട്ടത്തിലെ ആശയങ്ങളും മുദ്രാവാക്യങ്ങളും പിന്തുടരുന്ന പാര്‍ട്ടി എന്ന നിലയില്‍ ജര്‍മ്മനിയില്‍ കുപ്രസിദ്ധമായ പാര്‍ട്ടിയാണ് എ.എഫ്.ഡി. മധ്യയൂറോപ്പിലും സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളിലും കമ്പനിയുടെ സ്ഥിതി മോശമാണ്. നെര്‍ലന്‍ഡ്‌സ്- 24%, സ്വീഡന്‍ 42%, നോര്‍വെ-ഡെന്‍മാര്‍ക്ക് 48%, ഫ്രാന്‍സ് 45%, ഇറ്റലി 55% എന്നിങ്ങനെയാണ് ഇടിവ്. യൂറോപ്പിന് പുറത്തുള്ള മറ്റൊരു പ്രധാന മാര്‍ക്കറ്റായ ഓസ്‌ട്രേലിയയില്‍ ആവട്ടെ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 76%മാണ് ഇടിവ്. ഓസ്‌ട്രേലിയയിലെ ടെസ്‌ല ഉടമകളും വാഹനത്തില്‍ വ്യാപകമായി മസ്‌ക് വിരുദ്ധ സ്റ്റിക്കര്‍ ഒട്ടിച്ചത് വാര്‍ത്തയായിരുന്നു. മസ്‌കിന്റെ കുടിയേറ്റ-മുസ്ലീം വിരുദ്ധ നിലപാടുകളോടുള്ള പ്രതികരണമായി ഇതിനെ വിലയിരുത്തുന്നവരോടുണ്ട്. അതോടൊപ്പം ബി.വൈ.ഡി ഉള്‍പ്പടെയുള്ള ചൈനീസ് ഇലക്ട്രിക് കമ്പനികള്‍ യൂറോപ്പില്‍ നേടിയ വലിയ മേധാവിത്വവും ടെസ്‌ലയുടെ അടിത്തറയിളകുന്നതില്‍ നിര്‍ണായകമായി. ട്രംപ് അധികാരത്തില്‍ വന്നതോടെ നടപ്പിലാക്കിയ തീരുവകളിലെ പരിഷ്‌കരണം ചൈന ഉള്‍പ്പടെയുള്ള ഏഷ്യന്‍ മാര്‍ക്കറ്റിലും തിരിച്ചടിച്ചു. കാനഡയോടും മെക്‌സിക്കോയോടുമുള്ള ട്രംപിന്റെ കലഹം അവിടന്നുള്ള അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതയെയും ബാധിച്ചു.
ചൈനീസ് വെല്ലുവിളി
എതിരാളികളില്ലാതെയായിരുന്നു ടെസ്‌ലയുടെ ജൈത്രയാത്ര. വൈദ്യുത വാഹനങ്ങളോട് ജനങ്ങള്‍ക്കുണ്ടായ സ്വീകാര്യതയും സാങ്കേതിക തികവുമാണ് ടെസ്‌ലയ്ക്ക് വലിയ മേധാവിത്തം നല്‍കിയത്. ഇതിനിടയില്‍ വേറെയും ഇ.വി ബ്രാന്‍ഡുകള്‍ വന്നുവെങ്കിലും കമ്പനിക്ക് കാര്യമായ വെല്ലുവിളി ഉയര്‍ത്താന്‍ ആര്‍ക്കും സാധിച്ചിരുന്നില്ല. പക്ഷേ, പിന്നീട് ബി.വൈ.ഡി ഉള്‍പ്പടെയുള്ള ചൈനീസ് കമ്പനികള്‍ ആഗോളവിപണയിലേക്ക് വന്നതോടെ ടെസ്‌ല വെല്ലുവിളി നേരിട്ട് തുടങ്ങിയിരുന്നു. 2023ല്‍ ടെസ്‌ലയെ ഞെട്ടിച്ച് ലോകത്തെ ഒന്നാം നമ്പര്‍ കാര്‍ കമ്പനിയായി ബി.വൈ.ഡി മാറി. ഇന്ന് ടെസ്‌ലയുടെ പ്രധാന വിപണികളിലൊന്നായ യൂറോപ്പിലെല്ലാം ബി.വൈ.ഡിയുടെ ജൈത്രയാത്രയാണ്. ടെസ്‌ലയുടെ പകുതിയില്‍ താഴെ വിലയ്ക്ക് ഏറ്റവും മികച്ച ഡിസൈനിലും സാങ്കേതിക സംവിധാനത്തോടെയും ചൈനീസ് കമ്പനികള്‍ കാറുകള്‍ ഇറക്കിയതാണ് നിര്‍ണായകമായത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ടെസ്‌ല പുതുതായി ഒരു മോഡല്‍ മാത്രമിറക്കിയപ്പോള്‍ ബി.വൈ.ഡി ഉള്‍പ്പടെയുള്ള കമ്പനികള്‍ ഓരോ വര്‍ഷവും നിരവധി പുത്തന്‍ മോഡലുകളാണ് എത്തിക്കുന്നത്. ബാറ്ററിയില്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ വികസിപ്പിച്ച് ഇവര്‍ സ്വയം പര്യാപ്തരായപ്പോള്‍ ടെസ്‌ല ഇക്കാര്യത്തില്‍ ഏറെ പുറകോട്ട് പോയി. അവസാനം ബി.വൈ.ഡി ബാറ്ററി ഉപയോഗിച്ച് കാറുകള്‍ ഇറക്കേണ്ട സ്ഥിതിയുമുണ്ടായി. യൂറോപ്പില്‍ ഒരു കാലത്ത് ടെസ്‌ല മുതലെടുത്ത ഇ.വി സബ്‌സിഡികള്‍ ഉപയോഗിച്ച് തന്നെയാണ് ചൈനീസ് കമ്പനികളും വളരുന്നത്.

ഈ പ്രതിസന്ധികള്‍ക്കിടയിലും ഇന്ത്യയുള്‍പ്പടെയുള്ള പുതിയ മാര്‍ക്കറ്റുകളിലേക്ക് കടക്കാനൊരുങ്ങുകയാണ് ഇലോണ്‍ മസ്‌ക്. ടെസ്‌ലയോടൊപ്പം സ്റ്റാര്‍ലിങ്കുമായാണ് അദ്ദേഹം ഇന്ത്യന്‍ വിപണിയേലേക്കെത്തുന്നത്. ടെസ്‌ലയുടെ ഇന്ത്യന്‍ പ്രവേശനം പ്രതീക്ഷിച്ചതാണെങ്കിലും സ്റ്റാര്‍ലിങ്ക് എയര്‍ടെലും ജിയോയുമായി കരാര്‍ ഒപ്പുവെച്ചത് വളരെ പെട്ടെന്നായിരുന്നു. ഇത് മസ്‌കിന്റെ എമര്‍ജന്‍സി പ്ലാനായൊക്കെ വിലയിരുത്തുന്നവരുണ്ട്. ടെസ്‌ലയുടെ കാര്യത്തില്‍ പ്രൊഡക്ഷന്‍ കൂട്ടി വെല്ലുവിളികളെ നേരിടുമെന്നാണ് കഴിഞ്ഞ ദിവസവും അദ്ദേഹം പറഞ്ഞത്. പക്ഷേ, ഇന്ത്യപോലുള്ള മാര്‍ക്കറ്റുകളില്‍ ടെസ്‌ലയുടെ പ്രീമിയം കാറുകള്‍ എത്രത്തോളം വിറ്റുപോകുമെന്ന് കണ്ടറിയേണ്ടതുണ്ട്. അമേരിക്കയിലും യൂറോപ്പിലും നേരിടുന്ന പ്രതിസന്ധി നല്ല രീതിയില്‍ പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ കമ്പനി കൂടുതല്‍ പ്രതിസന്ധികളിലേക്ക് പോകുമെന്നത് യാഥാര്‍ഥ്യമാണ്.
Content Highlights: whats happening to tesla as elon musk
Published: 14 Mar 2025, 02:30 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented