ലോകജനസംഖ്യ കുത്തനെ കൂടുകയാണ്. ഈ പോക്കുപോയാല്‍ 2080 ആകുമ്പോഴേക്കും ലോകത്തെ ആകെ ജനസംഖ്യ 10.3 ബില്ല്യണ്‍ ആകുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ അതില്‍ വീണ്ടും കുറവ് വന്നേക്കാമെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ ജനസംഖ്യയില്‍ കാര്യമായ വര്‍ധനവ് പ്രകടമാവുമ്പോള്‍ അമേരിക്കയില്‍ സ്ഥിതി വ്യത്യസ്തമാണ്. ജനസംഖ്യയിൽ നേരിയ വർധനവുണ്ടെങ്കിലും വളര്‍ച്ചാനിരക്ക് മന്ദഗതിയിലാവുന്നത് രാജ്യത്ത് ആശങ്കയുണര്‍ത്തുകയാണ്. ഇതിനെ നേരിടാനായി പുതിയ പദ്ധതികളുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രസിഡന്റ് ട്രംപ്. ജനസംഖ്യാ വര്‍ധനവിന് മുന്‍തൂക്കം നല്‍കുമെന്ന് ട്രംപ് പ്രഖ്യാപിച്ചുകഴിഞ്ഞു. അമേരിക്കയിലെ ജനസംഖ്യ എന്തുകൊണ്ടാണ് ട്രംപിനെ ആശങ്കപ്പെടുത്തുന്നത്? പ്രതിസന്ധി നേരിടാന്‍ ട്രംപ് മുന്നോട്ടുവെയ്ക്കുന്ന വഴികളെന്തൊക്കെയാണ്? 

To advertise here,

മന്ദഗതിയില്‍ ജനസംഖ്യ ട്രെന്‍ഡ്

അമേരിക്കയില്‍ ജനസംഖ്യ വര്‍ധിക്കുന്നില്ലെന്നല്ല, ജനനനിരക്ക് വളരെ കുറവാണെന്നാണ് കണക്കുകള്‍ പറയുന്നത്. 2024ല്‍ അമേരിക്കയില്‍ 3.6 ദശലക്ഷത്തിലധികം കുഞ്ഞുങ്ങള്‍ ജനിച്ചു, ഇത് 2023-ലെ റെക്കോര്‍ഡ് കുറഞ്ഞ നിരക്കില്‍ നിന്നുള്ള നേരിയ വര്‍ധനവായിരുന്നു. ഫെര്‍ട്ടിലിറ്റി നിരക്ക് (ഒരു സ്ത്രീക്ക് അവളുടെ ജീവിതകാലത്ത് ഏകദേശം 1.6 ജനനങ്ങള്‍) എന്നത്, ജനനങ്ങളിലൂടെ മാത്രം രാജ്യത്തെ ജനസംഖ്യ നിലനിര്‍ത്താന്‍ ആവശ്യമായ 2.1 ജനനങ്ങളേക്കാള്‍ വളരെ താഴെയാണ്. സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) കണക്കുകള്‍ പ്രകാരം യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ ജനനങ്ങള്‍ 2024-ല്‍ വെറും ഒരു  ശതമാനമാണ് വര്‍ധിച്ചത്. ഇത് റെക്കോര്‍ഡ് താഴ്ന്ന നിരക്കായിരുന്നു. ആരോഗ്യകരമായ നിരക്ക് നിലനിര്‍ത്താന്‍ സാധിക്കാത്തത് ദൂരവ്യാപക പ്രത്യാഘാതങ്ങളിലേക്ക് കൊണ്ടെത്തിക്കുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. ഇത് ജനസംഖ്യാ ശാസ്ത്രജ്ഞരെ ആശങ്കയിലാക്കുകയും ട്രംപ് ഭരണകൂടത്തിന്റെ സാംസ്‌കാരിക ലക്ഷ്യങ്ങളിൽ പ്രധാനപ്പെട്ട ഒന്നാക്കി മാറ്റുകയും ചെയ്തു. അല്ലാത്തപക്ഷം വരും ദശകങ്ങളില്‍ യുഎസ് സമ്പദ്​വ്യവസ്ഥയെ ബാധിച്ചേക്കാവുന്ന ഒരു പ്രശ്‌നമായി ജനസംഖ്യയിലെ മുരടിപ്പ് മാറും. പ്രായമേറിയവരുടെ എണ്ണം കൂടുന്നതിനൊപ്പം യുവതലമുറയുടെ എണ്ണം കുറയുന്നത് വലിയ സാമ്പത്തിക സാമൂഹിക പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുക. 

കുറയുന്ന റീപ്ലേസ്‌മെന്റ് ലെവല്‍

1.62 ആണ് അമേരിക്കന്‍ സ്ത്രീകളുടെ ശരാശരി പ്രത്യുത്പാദന നിരക്ക്. ആരോഗ്യകരമായ ജനനനിരക്കിന്റെ അടിസ്ഥാനമായി കണക്കാക്കുന്ന 2.1-നേക്കാള്‍ വളരെ കുറവാണിത്. റീപ്ലേസ്‌മെന്റ് ലെവല്‍ എന്നാണ് ഇതിനെ പറയുന്നത്. അതായത്  ഒരു രാജ്യത്തെ ടോട്ടല്‍ ഫെര്‍ട്ടിലിറ്റി നിരക്ക് 2.1 ആണെങ്കില്‍ മാത്രമെ ആ രാജ്യത്തെ ജനസംഖ്യ അതേ ബാലന്‍സില്‍ നില്‍ക്കുകയുള്ളൂ. ഒരു തലമുറയ്ക്ക് പകരംവെയ്ക്കാന്‍ സാധിക്കുന്ന നിരക്കാണിത്. 'റീപ്ലേസ്മെന്റ്' ലെവല്‍ എന്നാണ് അതിനെ വിളിക്കുക. ടോട്ടല്‍ ഫെര്‍ട്ടിലിറ്റി റേറ്റ് റീപ്ലേസ്മെന്റ് ലെവലിനും താഴെപ്പോയാല്‍ ജനസംഖ്യ കുറയും. അമേരിക്കയില്‍ ഇത് 1.6 ആയിരിക്കെ ഇത് ദീര്‍ഘകാലത്തേക്ക് ഗുണകരമാവില്ലെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. ഈ സ്ഥിതി തുടര്‍ന്നാല്‍ അമേരിക്കയിലെ ജനസംഖ്യ സമീപഭാവിയില്‍ തന്നെ രാജ്യത്തെ സാമൂഹികമായും സാമ്പത്തികമായും ബാധിച്ചേക്കാമെന്ന ആശങ്കയിലാണ് രാജ്യം. അതിനാലാണ് ജനസംഖ്യ വര്‍ധിപ്പിക്കാനാവശ്യമായ നടപടികളിലേക്ക് ട്രംപ് കടന്നിരിക്കുന്നത്. ഒന്നിലധികം കുഞ്ഞുങ്ങളെ പ്രസവിക്കാന്‍ ദമ്പതിമാരോട് ആഹ്വാനം ചെയ്തിരിക്കുകയാണ് ട്രംപ്. അതിനായി ആകര്‍ഷകമായ സ്‌കീമുകളും പ്രഖ്യാപിച്ചുകഴിഞ്ഞു. 

5000 ഡോളറിന്റെ ബേബി ബോണസ്, ഐവിഎഫ് സബ്‌സിഡികള്‍, പുതിയ ചൈല്‍ഡ് ടാക്‌സ് ക്രെഡിറ്റുകള്‍, വിവാഹിതരായ അപേക്ഷകര്‍ക്കായി സംവരണം ചെയ്ത ഫുള്‍ബ്രൈറ്റ് സ്‌കോളര്‍ഷിപ്പുകള്‍ തുടങ്ങിയവയാണ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്. വിവാഹം ചെയ്യാനും ഒന്നിലധികം കുട്ടികളെ പ്രസവിക്കാനും ഭരണകൂടം ആഹ്വാനം ചെയ്യുന്നു. വലിയ കുടുംബങ്ങളെ ഉണ്ടാക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശിക്കുന്നത്. രാജ്യത്തെ ജനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനൊപ്പം കുടുംബജീവിതത്തിന് മുന്‍ഗണന നല്‍കുന്ന സാമൂഹികപദ്ധതി കൂടിയാണ് പുതിയ നയത്തിലൂടെ ട്രംപ് വിഭാവനം ചെയ്യുന്നത്. 

ബേബി ബോണസ്, സബ്‌സിഡി, സ്‌കോളര്‍ഷിപ്പ് 

കൂടുതല്‍ കുട്ടികളെയുണ്ടാക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ട് വിവിധങ്ങളായ പദ്ധതികള്‍ അമേരിക്ക മുന്നോട്ടുവെയ്ക്കുന്നു. കുട്ടികളുണ്ടായാല്‍ രക്ഷിതാക്കള്‍ക്ക് നല്‍കുന്ന ബോണസ്, കൂടുതല്‍ കുട്ടികള്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഐവിഎഫ് ചികിത്സാ സൗകര്യങ്ങള്‍ തുടങ്ങി വിപുലമായ പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. ട്രംപ് സര്‍ക്കാരിന്റെ പരിഗണനയിലുള്ള ഏറ്റവും പ്രധാനപ്പെട്ട ആശയങ്ങളിലൊന്ന് പ്രസവാനന്തരം ഓരോ അമ്മമാര്‍ക്കും ഒറ്റത്തവണ 5000 ഡോളര്‍ വീതം ബേബി ബോണസ് ആയി നല്‍കുകയെന്നതാണ്. ദമ്പതികള്‍ക്ക് രക്ഷാകര്‍തൃത്വത്തിനൊപ്പം പെട്ടന്നുണ്ടാവുന്ന സാമ്പത്തിക സമ്മര്‍ദം കുറയ്ക്കാനും കുട്ടികളെ വളര്‍ത്തുന്നതിന് സര്‍ക്കാര്‍ പിന്തുണയുണ്ടെന്ന് പൗരന്മാരെ അറിയിക്കുന്നതിനും വേണ്ടിയാണ് രക്ഷിതാക്കള്‍ക്ക് നേരിട്ട് നല്‍കുന്ന ബേബി ബോണസിലൂടെ ലക്ഷ്യമിടുന്നത്. 

അമേരിക്ക അവരുടെ പൗരന്മാരുടെ ഉന്നതവിദ്യാഭ്യാസത്തിനും ഗവേഷണത്തിനുമായി രൂപം നല്‍കിയ പദ്ധതിയാണ് ഫുള്‍ബ്രൈറ്റ് സ്‌കോളര്‍ഷിപ്പ്. സര്‍ക്കാര്‍ പിന്തുണയോടെ അപേക്ഷകര്‍ക്ക് ഉദ്ദേശിക്കുന്ന പഠനവും ഗവേഷണവും പരിശീലനവും പൂര്‍ത്തിയാക്കാം. ബിരുദയോഗ്യതയുള്ള ആര്‍ക്കും ഇതിനായി അപേക്ഷിക്കാമെന്നായിരുന്നു നേരത്തേയുള്ള മാനദണ്ഡമെങ്കില്‍ കുഞ്ഞുങ്ങളുള്ള ദമ്പതികള്‍ക്ക് സംവരണം ഏര്‍പ്പെടുത്തുന്നതാണ് മറ്റൊരു പരിഷ്‌കാരം. വിവാഹിതരോ കുട്ടികളുള്ളവരോ ആയ ദമ്പതികള്‍ക്ക് 30 ശതമാനം വരെ സംവരണം നല്‍കാനാണ് നീക്കം. ഇത് യോഗ്യതയ്ക്കും അക്കാദമിക് മികവിനും പ്രാധാന്യം നല്‍കുന്ന തിരഞ്ഞെടുപ്പ് രീതികളില്‍ നിന്ന് മാറി കുടുംബസംവിധാനത്തിന് മുന്‍ഗണന നല്‍കുന്നതിലേക്കാണ് വ്യതിചലിക്കുക. ആറോ അതിലധികമോ കുട്ടികളെ വളര്‍ത്തുന്ന സ്ത്രീകള്‍ക്ക് ദേശീയ മാതൃത്വ മെഡല്‍ നല്‍കാനുള്ള നിര്‍ദ്ദേശവും ഭരണകൂടം പരിഗണിക്കുന്നുണ്ട്. കൂടുതല്‍ അംഗങ്ങളുള്ള കുടുംബങ്ങളെ ആദരിക്കുന്നതിനും ദേശീയതലത്തില്‍ രക്ഷാകര്‍തൃത്വത്തെ പരസ്യമായി ആഘോഷിക്കുന്നതിനുമായാണ് ഇത്തരം പുരസ്‌കാരമെന്ന് ഇത് വിലയിരുത്തപ്പെടുന്നു. 

വന്ധ്യതാചികിത്സയ്ക്കുള്ള സര്‍ക്കാര്‍ സഹായവും പ്രധാന പരിഗണനാ വിഷയമാണ്. കുട്ടികളില്ലാത്ത ദമ്പതിമാര്‍ക്ക് ഐവിഎഫ് ചികിത്സയ്ക്കുള്ള സൗകര്യങ്ങള്‍ ഒരുക്കി നല്‍കുന്നതിനൊപ്പം ചികിത്സ എല്ലാവര്‍ക്കും പ്രാപ്തമാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളുന്നുണ്ടെന്നാണ് സൂചനകള്‍. ഐവിഎഫ് സേവനങ്ങളുടെ ചെലവ് കുറയ്ക്കുന്നതിനും സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുമുള്ള ശുപാര്‍ശകള്‍ മുന്നോട്ട് വെക്കുന്ന ഒരു റിപ്പോര്‍ട്ട് മെയ് പകുതിയോടെ സര്‍ക്കാര്‍ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വന്ധ്യതാചികിത്സയ്ക്കുള്ള സേവനങ്ങള്‍ സാധാരണക്കാര്‍ക്ക് താങ്ങാനാവുന്ന വിലയില്‍ ലഭ്യമാക്കുന്നത് സര്‍ക്കാരിന്റെ ഔദ്യോഗിക ലക്ഷ്യമാണെന്ന് കാണിച്ച് ഫെബ്രുവരിയില്‍ ഒരു എക്‌സിക്യൂട്ടീവ് ഓര്‍ഡറിന് ട്രംപ് അനുമതി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ശുപാര്‍ശകള്‍ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്. ഇതുകൂടാതെ സര്‍ക്കാര്‍ ധനസഹായത്തോടെയുള്ള പ്രത്യുത്പാദന, ആരോഗ്യ വിദ്യാഭ്യാസ ബോധവത്കരണ പരിപാടികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അണ്ഡോത്പാദന രീതികളെക്കുറിച്ചും വന്ധ്യതയുടെ പ്രാരംഭ ലക്ഷണങ്ങള്‍ തിരിച്ചറിയുന്നത് ഉള്‍പ്പെടെയുള്ള പ്രത്യുത്പാദന ആരോഗ്യത്തെക്കുറിച്ചുമുള്ള പൊതുജനങ്ങളുടെ അറിവ് വര്‍ധിപ്പിക്കാനും ബോധവത്കരണം നടത്താനുമാണ് ഇത് ലക്ഷ്യമിടുന്നത്. കുടുംബാസൂത്രണത്തെക്കുറിച്ചുള്ള തീരുമാനങ്ങളെടുക്കാന്‍ ദമ്പതിമാരെ ഇത് പ്രാപ്തമാക്കുമെന്നാണ് കണക്കുകൂട്ടുന്നത്. 

കൂടുതല്‍ കുട്ടികള്‍; അനുകൂലിച്ച് വൈറ്റ് ഹൗസ് മുതല്‍ സിലിക്കണ്‍വാലി വരെ 

രാജ്യത്തെ ജനസംഖ്യ വര്‍ധിപ്പിക്കണമെന്ന ആശയങ്ങള്‍ക്ക് പിന്നിലെ തലച്ചോര്‍ അമേരിക്കയിലെ രാഷ്ട്രീയ, സാമ്പത്തിക, സാംസ്‌കാരിക മണ്ഡലങ്ങളില്‍ വ്യാപിച്ചുകിടക്കുകയാണ്. അമേരിക്കയില്‍ ജനസംഖ്യ വര്‍ധിപ്പിക്കണമെന്ന ആശയം മുന്നോട്ടുവെച്ചത് സാമ്പത്തിക വിദഗ്ധരോ സാമൂഹിക ശാസ്ത്രജ്ഞരോ മാത്രമല്ല. അമേരിക്കന്‍ പ്രസിഡന്റിന്റെ ഓഫീസായ വൈറ്റ് ഹൗസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ മുതല്‍ സാങ്കേതികവിദ്യയുടേയും കണ്ടുപിടുത്തങ്ങളുടേയും സിരാകേന്ദ്രമായ സിലിക്കണ്‍ വാലിയിലെ വിദഗ്ധര്‍ വരെ ജനസംഖ്യവര്‍ധനവിനെ പിന്തുണച്ച് നേരത്തെ തന്നെ രംഗത്തെത്തിയിട്ടുണ്ട്. അമേരിക്കന്‍ വൈസ് പ്രസിഡന്റായ ജെ.ഡി വാന്‍സ് അമേരിക്കന്‍ ദമ്പതിമാര്‍ക്ക് കൂടുതല്‍ കുട്ടികള്‍ വേണമെന്ന് സ്ഥിരമായി പൊതുവേദികളില്‍ ആഹ്വാനം ചെയ്യുന്നയാളാണ്. മൂന്ന് കുട്ടികളുടെ പിതാവായ അദ്ദേഹം മാര്‍ച്ച് ഫോര്‍ ലൈഫ് ഉള്‍പ്പെടെയുള്ള ദേശീയ പരിപാടികളില്‍ അദ്ദേഹം ഈ നിലപാട് ആവര്‍ത്തിച്ചിട്ടുണ്ട്. ശതകോടീശ്വരനായ സംരംഭകനും 12 കുട്ടികളുടെ പിതാവുമായ ഇലോണ്‍ മസ്‌കും അമേരിക്കയുടെ പുതിയ നീക്കത്തിന് പിന്തുണ നല്‍കിയിട്ടുണ്ട്. ആളുകള്‍ക്ക് കൂടുതല്‍ കുട്ടികളുണ്ടായില്ലെങ്കില്‍ അമേരിക്കന്‍ സംസ്‌കാരം തന്നെ തകരുമെന്നാണ് മസ്‌ക് അഭിപ്രായപ്പെട്ടത്.

രണ്ടാമതും ഭരണത്തിലേറിയപ്പോള്‍ ട്രംപ് ജനസംഖ്യാ പ്രതിസന്ധിയെ മുന്‍ഗണനാ വിഷയങ്ങളിൽ ഉള്‍പ്പെടുത്തിക്കഴിഞ്ഞതായാണ് പുതിയ തീരുമാനങ്ങളില്‍ നിന്ന് വ്യക്തമാവുന്നത്. 2023ല്‍ നടന്ന സീപാക് യോഗത്തില്‍ (conservative Political Action Conference) ട്രംപ് പ്രഖ്യാപിച്ചത് ഞങ്ങള്‍ ജനസംഖ്യാ വര്‍ധനവിനെ പിന്തുണയ്ക്കുമെന്നായിരുന്നു. ബേബി ബോണസ്സുകൾ നല്‍കുമെന്നും അതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും ട്രംപ് പ്രഖ്യാപിച്ചു. അമേരിക്കയില്‍ തനിക്കൊരു ബേബി ബൂം വേണമെന്നാണ് അന്ന് പ്രഖ്യാപിച്ചത്. ട്രംപിന്റെ ഈ പ്രഖ്യാപനത്തിന് പിന്നാലെയാണ് പ്രതിപക്ഷ പാര്‍ട്ടിക്കാര്‍ അദ്ദേഹത്തെ ഫെര്‍ട്ടിലൈസേഷന്‍ പ്രസിഡന്റ് എന്ന് പരിഹസിച്ചത്. എന്നിരുന്നാലും കൂടുതല്‍ കുട്ടികള്‍ എന്ന ആഹ്വാനം ട്രംപ് പൊതുവേദികളില്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. ട്രംപ് 2.0യുടെ ആദ്യഘട്ടം വ്യാപാരനിയന്ത്രണങ്ങളിലും താരിഫ് യുദ്ധത്തിലും കുടിയേറ്റ വിഷയങ്ങളിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതെങ്കില്‍ രണ്ടാം ഘട്ടം ജനസംഖ്യ പ്രതിസന്ധി പരിഹരിക്കുന്നതുള്‍പ്പെടെയുള്ള സാമൂഹിക വിഷയങ്ങളിലേക്കാണ് ശ്രദ്ധയൂന്നുന്നത്. 

ജനസംഖ്യ കുറഞ്ഞാല്‍ എന്ത് സംഭവിക്കും?

ജനസംഖ്യ കുറയുന്നത് ഏറ്റവും കൂടുതല്‍ പ്രകടമാവുന്ന രീതി രാജ്യത്തെ പ്രായമേറിയവരുടെ എണ്ണം കൂടി വരുന്നതിലാണ്. വയോജനങ്ങള്‍ക്ക് ആശ്രയിക്കാവുന്ന യുവജനങ്ങളുടെ എണ്ണം ഗണ്യമായി കുറയും. ഈ  അസന്തുലിതാവസ്ഥ തൊഴില്‍ശക്തി കുറയുന്നത് മുതല്‍ സാമ്പത്തിക വളര്‍ച്ചയിലെ സ്തംഭനത്തിലേക്ക് ഒരു രാജ്യത്തെ കൊണ്ടെത്തിച്ചേക്കാം. ആരോഗ്യവും ചുറുചുറുക്കുമുള്ള യുവജനങ്ങളുടെ അഭാവം രാജ്യത്തിന്റെ ഉത്പാദനക്ഷമതയെ ബാധിക്കും. എണ്ണത്തില്‍ കൂടുതലുള്ള വയോജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനും ശുശ്രൂഷയ്ക്കുമായി സര്‍ക്കാര്‍ ചെലവും ക്ഷമതയും കൂടും. പ്രായമേറിയ ആളുകളെ സംരക്ഷിക്കാനുള്ള ബാധ്യത ആര് ഏറ്റെടുക്കുമെന്നതാണ് പ്രധാന ചോദ്യം. മക്കളോ മറ്റ് ബന്ധുക്കളോ ഇല്ലാത്ത വൃദ്ധജനങ്ങളുടെ മാനസിക, ശാരീരിക ആരോഗ്യത്തെ ഇത് ബാധിക്കുന്നതിനൊപ്പം സാമൂഹിക ജീവിതത്തിന്റെ സന്തുലിതാവസ്ഥ തന്നെ തകരാറിലാവും. ജോലി ചെയ്യാന്‍ ശേഷിയുള്ളവരുടെ ദൗര്‍ലഭ്യം മൂലം തൊഴിലാളിക്ഷാമമുണ്ടാകും. യുവാക്കള്‍ കൂടുതല്‍ സമയം തൊഴിലെടുക്കണ്ടിവരും. ഇത് അവരുടെ മാനസിക ആരോഗ്യത്തേയും ബാധിക്കും. വയോജനങ്ങളുടെ ഉത്തരവാദിത്വം മുഴുവനും സര്‍ക്കാരിന്റെ ചുമലില്‍ വരും. ഇവരെ ശുശ്രൂഷിക്കാന്‍ ആവശ്യമായ ആളുകള്‍ രാജ്യത്ത് ഇല്ലാതാകുന്നതോടെ മറ്റ് രാജ്യങ്ങളില്‍ നിന്ന് ആളുകളെ കണ്ടെത്തേണ്ട സ്ഥിതിയാകും. ഇതിനായി കുടിയേറ്റം പ്രോത്സാഹിപ്പിക്കേണ്ടി വരും. ഇതാണ് ഇപ്പോള്‍ യൂറോപ്പിലും മറ്റും നടക്കുന്നത്. കൂടുതല്‍ ഫണ്ട് കണ്ടെത്തേണ്ട സ്ഥിതി സര്‍ക്കാരുകള്‍ക്ക് വരും. ഇതിനായി കൂടുതല്‍ നികുതികള്‍ ചുമത്തേണ്ടി വരും. 

എല്ലാ മേഖലകളിലേയും യുവാക്കളുടെ കുറവ് ആ രാജ്യങ്ങളെ പിന്നോട്ടടിക്കും. രാജ്യങ്ങളുടെ സൈനിക ശക്തിയേയും ഇത് ബാധിക്കും. സൈന്യത്തില്‍ സേവനമനുഷ്ഠിക്കാന്‍ ആളുകളില്ലാതെ വരും. ജനസംഖ്യയില്‍ ചെറുപ്പക്കാര്‍ കൂടുതലുള്ള ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ സാമ്പത്തിക ശക്തിയായി വളരുന്നത് ഈ സാഹചര്യത്തിലാണ്.

ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് 2050 ല്‍ ലോകത്ത് ആറില്‍ ഒരാള്‍ 65 വയസിന് മുകളിലുള്ളവരായിരിക്കും. 2019 ല്‍ ഇത് 11 ല്‍ ഒന്നായിരുന്നു. 2050ല്‍ 60 വയസിന് മുകളിലുള്ളവരുടെ എണ്ണം 200 കോടിക്ക് മുകളില്‍ വരും. 80 വയസിന് മുകളിലുള്ളവരുടെ എണ്ണം 45 കോടി ആകും. ഇപ്പോള്‍ തന്നെ 17 രാജ്യങ്ങളില്‍ ആകെ ജനസംഖ്യയുടെ അഞ്ചിലൊന്ന് വയോജനങ്ങളാണ്. 2100 ആകുമ്പോഴേക്ക് 155 രാജ്യങ്ങളില്‍ ഇങ്ങനെയാകുമെന്നാണ് യു.എന്‍ കണക്ക്. അതായത് ലോക ജനസംഖ്യയുടെ 61 ശതമാനം പ്രായമായവരായിരിക്കും. വികസിത രാജ്യങ്ങളില്‍ ഇത് ഇപ്പോള്‍ തന്നെ പ്രകടമാണ്. ജപ്പാന്‍ ജനസംഖ്യയുടെ 30 ശതമാനവും 60 വയസിന് മുകളിലുള്ളവരാണ്. ഇറ്റലിയില്‍ ഇത് 23 ശതമാനവും ഫിന്‍ലന്‍ഡ്, പോര്‍ച്ചുഗല്‍, ഗ്രീസ് എന്നിവിടങ്ങളില്‍ 22 ശതമാനവുമാണ്. ദക്ഷിണ യൂറോപ്യന്‍ രാജ്യങ്ങളെല്ലാം വയോജനങ്ങളുടെ എണ്ണം ജനസംഖ്യയുടെ 21 ശതമാനമാണ്. ചൈനയില്‍ 11.9 ശതമാനവും ഇന്ത്യയില്‍ 6.1 ശതമാനവും ആണ് 60 വയസിന് മുകളിലുള്ളവര്‍. അമേരിക്കയില്‍ ഇത് 16 ശതമാനമാണ്. 

ചൈന പണ്ടേ തുടങ്ങി

ദമ്പതിമാര്‍ക്ക് ഒരു കുട്ടി മതിയെന്ന നിയമം 35 വര്‍ഷം നടപ്പിലാക്കിയ രാജ്യമായിരുന്നു ചൈന. എന്നാല്‍ 2015 ഓടെ ഈ നിയമം ചൈന പിന്‍വലിച്ചു. സമൂഹത്തില്‍ പ്രായമേറിയവരുടെ എണ്ണം കൂടി വരുന്നതും തൊഴില്‍ശക്തി ക്ഷയിച്ചുവരുന്നതും സാമ്പത്തിക പുരോഗതിക്ക് തടസ്സമാവുന്നതും ചൂണ്ടിക്കാട്ടിയായിരുന്നു ചൈന ഒറ്റക്കുട്ടി നിയമം അവസാനിപ്പിച്ചത്. രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിക്ക് ജനസംഖ്യ നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണെന്ന കാഴ്ചപ്പാടിലായിരുന്നു ചൈന ഒറ്റക്കുട്ടി നിയമം അവതരിപ്പിച്ചത്. 40 കോടി ജനനങ്ങള്‍ ഈ നിയമത്തിലൂടെ നിയന്ത്രിക്കാനായതായി ചൈന കണക്കാക്കിയിരുന്നു. നിയമം തെറ്റിക്കുന്നവര്‍ക്ക് ഗര്‍ഭം അലസിപ്പിക്കല്‍, പിഴ തുടങ്ങിയ കര്‍ശന ശിക്ഷയുമുണ്ടായിരുന്നു. 

എങ്കിലും ചൈനയിലെ ജനസംഖ്യാനിരക്കില്‍ കാര്യമായ വര്‍ധനവ് പ്രകടമായി തുടങ്ങിയില്ല. ലോകത്ത് ഏറ്റവും ജനസംഖ്യയുള്ള രാജ്യം ചൈനയായിരുന്നു. 2023ലാണ് ഇന്ത്യ ഇത് മറികടന്നത് ജനസംഖ്യയിലെ ഒന്നാം സ്ഥാനത്തെത്തിയത്. 2024 ഓടെ ചൈനീസ് സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട കണക്കുകള്‍ പറയുന്നത് രാജ്യത്ത് വിവാഹം കഴിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറയുന്നുവെന്നാണ്. 2023ല്‍ 77 ലക്ഷം പേര്‍ വിവാഹിതരായിരുന്നുവെങ്കില്‍ 2024ല്‍ ഇത് 10 ലക്ഷത്തിലേറെപ്പേര്‍ കുറഞ്ഞ് 61 ലക്ഷമായി. തുടര്‍ച്ചയായ മൂന്നാം വര്‍ഷമായിരുന്നു വിവാഹം കഴിക്കുന്നവരിലെ എണ്ണത്തിലെ ഈ കുറവ്. 2025ലും സ്ഥിതി വ്യത്യസ്തമായിരിക്കുമെന്ന് കരുതുന്നില്ല. 2013 മുതലാണ് ഈ എണ്ണത്തില്‍ കുറവ് പ്രകടമായിത്തുടങ്ങിയത്. ഇത് പ്രത്യുത്പാദന നിരക്കിലും പ്രകടമാവുന്നുണ്ട്. 2024ല്‍ ജനനനിരക്കില്‍ ചെറിയ വര്‍ധനവ് രേഖപ്പെടുത്തിയെങ്കിലും ആകെ ജനസംഖ്യ കുറയുക തന്നെയാണ്. ദീര്‍ഘകാലം നീണ്ട ആസൂത്രണ പദ്ധതികളാണ് ഇതിന് വേണ്ടിവരിക. 

റഷ്യയും ഒരുമുഴം മുന്നേ

10 മക്കളെ പ്രസവിക്കുന്ന അമ്മമാര്‍ക്ക് റഷ്യന്‍ പ്രസിഡന്റ് വ്ളാദ്മിര്‍ പുതിന്‍ വന്‍ സമ്മാനങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. ജനപ്പെരുപ്പം കൊണ്ട്  ശ്വാസംമുട്ടുന്ന ഭൂമിക്ക് വീണ്ടും ബാധ്യതയാവുകയാണ് പുതിന്റെ പ്രഖ്യാപനമെന്ന വിമര്‍ശനമുയര്‍ന്നെങ്കിലും ഒരു രാജ്യമെന്ന നിലയില്‍ റഷ്യയുടെ നിലനില്‍പ് അപകടത്തിലാണെന്ന് തിരിച്ചറിഞ്ഞ് പുതിന്‍ നടത്തിയ അടിയന്തര ഇടപെടലായിരുന്നു അത്. റഷ്യ ഉള്‍പ്പെടെ പല രാജ്യങ്ങളിലേയും ജനസംഖ്യ ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ പകുതിയാകുമെന്നുമാണ് വിവിധ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. അതായത് രണ്ടു നൂറ്റാണ്ടിനുള്ളില്‍ ആ രാജ്യങ്ങളിലെ ജനതയും അവരുടെ സംസ്‌കാരവും ഇല്ലാതായേക്കും. ജനസംഖ്യാശോഷണം നിലനില്‍പ്പിനെ തന്നെ ബാധിക്കുമെന്ന നിലയിലാണ് പുതിന്‍ മദര്‍ ഹീറോയിന്‍ എന്ന പേരില്‍ പദ്ധതി പ്രഖ്യാപിച്ചത്. റഷ്യ മാത്രമല്ല യൂറോപ്പിലെ മിക്ക രാജ്യങ്ങളും ഏഷ്യന്‍ രാജ്യങ്ങളായ ദക്ഷിണ കൊറിയയും ജപ്പാനും സിംഗപ്പുരുമൊക്കെ ജനസംഖ്യ വര്‍ധിപ്പിക്കാനുള്ള നടപടികളിലേക്ക് കടന്നുകഴിഞ്ഞു.