ശരിക്കും വ്യാളി പ്രതിരോധത്തിലാണെന്നു സൂചിപ്പിക്കുന്നതാണ് തായ്ലണ്ട് പ്രശ്നത്തിലെ പ്രതികരണം. കംബോഡിയ ഉരുക്കു സഹോദരനാണ്. അതേസമയം, ഒരുപാട് അവസരങ്ങള് വാഗ്ദാനം ചെയ്യുന്ന തന്ത്രപരമായ പങ്കാളിയാണ് തായ്ലണ്ട്

ലോകത്തെ ഏക വൻശക്തിയെന്ന പ്രതിച്ഛായ സൃഷ്ടിക്കാനുള്ള ചൈനയുടെ പരിശ്രമങ്ങൾക്ക് കനത്ത തിരിച്ചടിയാണ് കഴിഞ്ഞയാഴ്ച കംബോഡിയയിൽ തായ്ലൻഡിന്റെ എഫ് 16 പോർവിമാനങ്ങൾ കംബോഡിയൻ അതിർത്തിക്കുള്ളിൽ ആക്രമണം നടത്തിയത്. ബെൽറ്റ്-റോഡ് സംരംഭത്തിന്റെ ഭാഗമായി ചൈന നിർമിച്ചിരുന്ന ഒന്നിലധികം പാലങ്ങളും ചൈനക്കാർ കൂടി ഉൾപ്പെട്ട സൈബർ തട്ടിപ്പുകേന്ദ്രങ്ങളും തകർക്കപ്പെട്ടവയിൽ ഉൾപ്പെടും. സൈനികശക്തിയുടെ കാര്യത്തിൽ ചൈനയുമായി യാതൊരു താരതമ്യവുമില്ലാത്ത ചെറുരാജ്യമാണ് തായ്ലൻഡ്. പക്ഷേ, അവർ ചൈനയുടെ സഖ്യകക്ഷിയായ കംബോഡിയയുടെ മേൽ ബോംബ് വർഷിക്കുന്ന കാര്യത്തിൽ രണ്ടാമത് ആലോചിച്ചില്ല.
ചൈനീസ് താൽപര്യങ്ങളെ നേരിട്ട് ബാധിക്കുന്നതാണ് തായ് ആക്രമണമെങ്കിലും കംബോഡിയയ്ക്ക് സൈനിക പിന്തുണ വാഗ്ദാനം ചെയ്യാൻ പോലും കഴിയാത്ത അവസ്ഥയിലാണ് ചൈന. ഒരു കാരണം സാമ്പത്തികമാണ്. കംബോഡിയ ഉറ്റ സുഹൃത്താണെങ്കിലും കാര്യമായ നിക്ഷേപം നടത്തി ചൈനയിലേക്ക് അടുപ്പിക്കാൻ ശ്രമിക്കുന്ന രാജ്യമാണ് തായ്ലൻഡ്. അമേരിക്കയുടെ സഖ്യകക്ഷിയാണെങ്കിലും തായ്ലൻഡിന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ചൈന, അവിടെ വൻതോതിൽ അവർ നിക്ഷേപം നടത്തിയിട്ടുമുണ്ട്. കംബോഡിയ, ചൈനയോട് കൂറുകാട്ടുന്ന ചങ്ങാതിയാണ്.
കഴിഞ്ഞ ജൂലായിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒത്തുതീർപ്പാക്കിയ യുദ്ധം ഡിസംബർ എട്ടിനാണ് പുനഃരാരംഭിച്ചത്. അതിർത്തിയിലെ ചില പുരാതന ക്ഷേത്രങ്ങളുടെയും കൊളോണിയൽ അതിർത്തികളുടെയും പേരിൽ ദീർഘകാലമായുള്ള തർക്കമാണ് അന്ന് ഏറ്റുമുട്ടലിന് വഴിവെച്ചത്. ഇതിനകം ഇരുരാജ്യത്തുമായി നാൽപ്പതിലധികം പേർ കൊല്ലപ്പെട്ടു, പത്തു ലക്ഷത്തോളം പേർക്ക് കിടപ്പാടം ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വന്നു. എങ്ങനെയെങ്കിലും ഏറ്റുമുട്ടലിന് അറുതി വരുത്തണമെന്ന ആഗ്രഹമുണ്ട് കംബോഡിയയ്ക്ക്. പക്ഷേ, തായ്ലൻഡ് ഇക്കുറി കോപത്തിലാണ്. ജൂലായിൽ ഉണ്ടായതിനെക്കാൾ കടുത്ത പ്രഹരമേൽപ്പിച്ചാലേ കംബോഡിയ വാക്ക് പാലിക്കൂവെന്നാണ് തായ് പക്ഷം. ഇപ്പോൾ വടക്കൻ കംബോഡിയയിലെ നിരവധി പ്രദേശങ്ങൾ തായ് നിയന്ത്രണത്തിലാണ്.
ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധത്തിന് അറുതിവരുത്താൻ ചൈനയും അമേരിക്കയും ആസിയാൻ രാജ്യങ്ങളും തിരക്കിട്ട ശ്രമങ്ങൾ നടത്തുകയാണ്. മലേഷ്യയിൽ നടക്കുന്ന ആസിയാൻ സമ്മേളനത്തിൽ മുഖാമുഖം സംസാരിച്ച തായ്, കംബോഡിയൻ പ്രതിനിധികൾ അടുത്തയാഴ്ച വെടിനിർത്തൽ പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ തീരുമാനിച്ചു. ജൂലായിൽ അമേരിക്കയുടെ മധ്യസ്ഥതയിൽ ഒപ്പുവെച്ച സന്ധി തല്ലിക്കൂട്ടിയതാണെന്നും ട്രംപിന്റെ സന്ദർശനത്തിന് മുമ്പ് പ്രഖ്യാപനം വേണമെന്ന യുഎസ് നിർബന്ധം കാരണം ഉണ്ടായതാണെന്നും തായ് വിദേശമന്ത്രി സിഹാസക്ക് ഫ്വാങ്കെത്ക്യൂ പറഞ്ഞു.
'പന്നിയറവ്' തട്ടിപ്പുകേന്ദ്രങ്ങളും ചൈനയുടെ ധർമ്മസങ്കടവും
ഡിസംബർ 19-നായിരുന്നു അതിർത്തിയിൽ നിന്നും കംബോഡിയയുടെ 70 കിലോമീറ്റർ ഉള്ളിലുള്ള ഓ ചീക് പാലത്തിൽ രണ്ടു ബോംബുകൾ പതിച്ചത്. വളരെ നിർണായകമായ ഈ പാലം ഭാഗികമായി തകർന്നു. ആക്രമണത്തിൽ അഞ്ചുലക്ഷത്തിലധികം പേർ ഭവനരഹിതരായെന്നും നിരവധി സിവിലിയനുകൾ കൊല്ലപ്പെട്ടെന്നും കംബോഡിയൻ വക്താവ് അറിയിച്ചു. നാലു കസീനോകൾക്ക് കാര്യമായ കേടുപാടു സംഭവിച്ചതായും റിപ്പോർട്ടുണ്ട്. അതേസമയം, തായ്ലൻഡ് പ്രധാനമന്ത്രി അനുതിൽ ചരണവീരകുൽ, കംബോഡിയ കയ്യേറിയിരുന്ന പ്രദേശങ്ങൾ തിരിച്ചുപിടിക്കുക മാത്രമാണ് തങ്ങൾ ചെയ്തതെന്ന് പറയുന്നു. അതിർത്തിയിലെ സൈബർ തട്ടിപ്പുകേന്ദ്രങ്ങൾ മാത്രമാണ് ആക്രമിച്ചത്, തട്ടിപ്പുകാരുടെ വിതരണശൃംഖലകളെ വേർപ്പെടുത്താനും അതിർത്തി മേഖലകളിൽ ചൈനക്കാർ ഉൾപ്പെട്ട വമ്പൻ തട്ടിപ്പുകേന്ദ്രങ്ങളെ നശിപ്പിക്കുന്നതിനും ആക്രമണം ആവശ്യമായിരുന്നു-അവർ വാദിക്കുന്നു.
ഡിസംബർ 13-ന് മീ ടുക് നദിക്കു മേലുള്ള കൂറ്റൻ ചൈനീസ് നിർമിത പാലത്തിലും തായ്ലൻഡ് ബോംബിട്ടിരുന്നു. കംബോഡിയയുടെ തെക്കൻ അതിർത്തിയെ തായ്ലൻഡുമായി ബന്ധിപ്പിക്കുന്ന ഈ പാലത്തിനു സമീപത്തെ എട്ടുനില കെട്ടിടത്തെയും തകർത്ത തായ് പട്ടാളം എതിരാളികളുടെ സൈനിക കമാൻഡ് അവിടെ പ്രവർത്തിച്ചിരുന്നതായി അവകാശപ്പെട്ടു. ബോംബ് സ്ഫോടനത്തിനുശേഷം കണ്ട കാഴ്ച വൈറലായി-സ്യൂട്ട് കേസുകളും ലാപ്ടോപ്പുകളും കംപ്യൂട്ടറുകളും മറ്റു സജ്ജീകരണങ്ങളുമായി പകുതി തകർന്ന ഇരുമ്പു പാലത്തിലൂടെ ജീവനും കൊണ്ടോടുന്ന ചൈനീസ് വംശജരായിരുന്നു എവിടെയും.
ആ ചൈനക്കാരെ അനുഗമിച്ച സർക്കാർ ഉദ്യോഗസ്ഥർ അവകാശപ്പെട്ടത് ചൈനക്കാർ ഏതോ ജലവൈദ്യുത പദ്ധതിയിൽ പണിയെടുത്തിരുന്നവരാണ് എന്നാണ്. അവരുടെ വേഷവിധാനവും കൈയിൽ കരുതിയ ഉപകരണങ്ങളും കംബോഡിയൻ അതിർത്തിയിൽ പ്രവർത്തിക്കുന്ന നിരവധിയായ സൈബർ തട്ടിപ്പുകേന്ദ്രങ്ങളിലാണ് അവർ ജോലി ചെയ്തിരുന്നതെന്ന് വ്യക്തമാക്കി. സ്വന്തം പൗരൻമാരെ എന്തു വിലകൊടുത്തും സംരക്ഷിക്കുന്നതിൽ അഭിമാനം കൊള്ളുന്ന ചൈനയെ സംബന്ധിച്ചിടത്തോളം അപമാനകരമായ കാഴ്ചയായിരുന്നു ചൈനക്കാരുടെ നെട്ടോട്ടം. കംബോഡിയൻ നേതൃത്വത്തിന് ഇത്തരം തട്ടിപ്പു മാഫിയകളുമായുള്ള ബന്ധം പരക്കെ ചർച്ചയാണ്. തട്ടിപ്പുകാർക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും അത് വിശ്വസിക്കുക പ്രയാസമാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
നന്നായി തീറ്റകൊടുത്തു തടിപ്പിച്ച ശേഷം പന്നിയെ ഇറച്ചിയാക്കുക എന്ന പ്രയോഗത്തിൽ നിന്നാണ് 'പന്നിയറവ്' തട്ടിപ്പ് എന്ന ശൈലിയുടെ ഉത്ഭവം. ആഴ്ചകളും മാസങ്ങളുമെടുത്ത് ഇരകളുടെ വിശ്വാസവും വൈകാരികമായ അടുപ്പവും നേടിയെടുത്ത ശേഷം തട്ടിപ്പുനിക്ഷേപ പദ്ധതികളിലൂടെ അവരുടെ പണം ഊറ്റുന്ന രീതിയാണിത്. കസീനോ അല്ലെങ്കിൽ ഹോട്ടൽ എന്ന വ്യാജേനയാണ് ഈ സൈബർ തട്ടിപ്പു ഗൂഢസംഘങ്ങൾ പ്രവർത്തിക്കുന്നത്. മറ്റു രാജ്യങ്ങളിൽ നിന്ന് പറ്റിച്ചു കടത്തിക്കൊണ്ടുവന്ന തൊഴിലാളികളെ ഉപയോഗിച്ച് ലോകമെമ്പാടുമുള്ള ആൾക്കാരെ കബളിപ്പിച്ച് കോടിക്കണക്കിന് ഡോളറുകൾ ആണ് അവർ സമ്പാദിക്കുന്നത്. ഇത്തരം കേന്ദ്രങ്ങൾക്ക് പുറംലോകവുമായി ബന്ധം പുലർത്താനുള്ള നിർണായകമായ വഴികൾ ആയിരുന്നു തായ്ലൻഡ് ബോംബിട്ടു തകർത്തത്.
കോടിക്കണക്കിന് ഡോളറിന്റെ നിക്ഷേപങ്ങൾ നഷ്ടമായിട്ടും തങ്ങളുടെ പൗരന്മാരുടെ ജീവൻ തന്നെ അപകടത്തിലായിട്ടും ചൈനയുടെ പ്രതികരണം നയതന്ത്രപരമായ പ്രതിഷേധങ്ങളിലും മാധ്യസ്ഥശ്രമങ്ങളിലും ഒതുങ്ങി. വിദേശമന്ത്രി വാങ്ങ് യി സംഘർഷത്തെ ഹൃദയഭേദകമായ സാഹചര്യം എന്ന് വിശേഷിപ്പിച്ചു, എത്രയും പെട്ടെന്ന് സംഘർഷം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടു. ചൈനീസ് ആയുധങ്ങളെ വലിയതോതിൽ ആശ്രയിക്കുന്ന രാജ്യമാണ് കംബോഡിയ. എങ്കിലും ചൈന മറ്റീടങ്ങളിൽ കാണിക്കുന്ന അക്രമോത്സുകമായ മനോഭാവത്തിൽ നിന്ന് വളരെ വ്യത്യസ്തമാണ് ഈ പ്രശ്നത്തിലെ പ്രതികരണം. തായ്വാന്റെ ഇന്ത്യയുടെയും കാര്യത്തിലെ ചൈനയുടെ പ്രതികരണവുമായി ഇതിനെ തട്ടിച്ചുനോക്കുക.
തിരിച്ചടികൾക്കിടെ തീ തുപ്പാനറച്ച് വ്യാളി
അന്താരാഷ്ട്രരംഗത്ത് ചൈനയ്ക്ക് തിരിച്ചടികളുടെ വർഷമായിരുന്നു 2025 എന്നു കരുതുന്നവരുണ്ട്. കമ്യൂണിസ്റ്റ് പാർട്ടിയിലെ കിടമത്സരം, കിതയ്ക്കുന്ന സമ്പദ്വ്യവസ്ഥ, കൂപ്പുകുത്തുന്ന റിയൽ എസ്റ്റേറ്റ് മേഖല, ട്രംപിന്റെ തീരുവ ഭീഷണി, ചൈനീസ് കടന്നുകയറ്റത്തിനെതിരെ പ്രതിരോധം ശക്തിപ്പെടുത്തുന്ന സഖ്യകക്ഷികളും അയൽക്കാരും.. സമാധാനത്തിന് മുൻതൂക്കം നൽകുന്ന ഭരണഘടനയുള്ള ജപ്പാനിൽ അണുവായുധശേഷി കൈവരിക്കുന്നതിനെ കുറിച്ച് ശക്തമായ സംവാദം നടക്കുന്നു. ചൈന, ഉത്തര കൊറിയ, റഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള ഭീഷണികൾ നേരിടാൻ അണ്വായുധത്തിനെതിരായ തത്വങ്ങളിൽ അയവ് വരുത്തുന്ന കാര്യം രാജ്യം ചർച്ച ചെയ്യുന്നു. നയപരമായ മാറ്റം ഒന്നും ഉണ്ടായിട്ടില്ലെങ്കിലും ഈ ചർച്ച സൂചിപ്പിക്കുന്നത് രാജ്യത്ത് ശക്തിപ്പെടുന്ന കർക്കശ നിലപാടിനെയാണ്. പുതിയ പ്രധാനമന്ത്രി സന തകായ്ചിയുടെ കീഴിൽ ജപ്പാൻ സൈനിക കാര്യങ്ങൾക്കുള്ള ബജറ്റ് വർദ്ധിപ്പിക്കുകയും ചൈനീസ് വിരുദ്ധമെന്നു വിശേഷിപ്പിക്കാവുന്ന കൂട്ടായ്മയായ ക്വാഡുമായുള്ള ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ചൈനയുടെ മേധാവിത്വത്തെ ചെറുക്കാൻ മറ്റ് തെക്ക് കിഴക്കൻ രാജ്യങ്ങളും സമാനമായ രീതിയിൽ തേയ്യാറെടുക്കുകയാണ്.
ഇന്ത്യ സ്വന്തം മേഖലയിൽ കൂടുതൽ കരുത്തരായിക്കൊണ്ടിരിക്കുകയാണ്. പഹൽഗാമിലെ ഭീകരാക്രമണത്തിന് പകരമായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ പാകിസ്താനിലെ ഭീകരക്യാമ്പുകളെയും വ്യോമത്താവളങ്ങളെയും ആക്രമിച്ചു തകർക്കുകയുണ്ടായി. ഈ ആക്രമണം പാകിസ്താന്റെ കൈവശമുള്ള ചൈനീസ് നിർമ്മിത പ്രതിരോധ സജ്ജീകരണങ്ങളുടെ കുറവുകൾ ലോകത്തിന് കാട്ടി കൊടുത്തു. ഇന്ത്യൻ മിസൈലുകളെ ചെറുക്കുന്നതിൽ അവരുടെ മിസൈൽ പ്രതിരോധ സംവിധാനങ്ങൾക്ക് കഴിയാതെ പോയി. കോവിഡ് കാലത്തും പ്രകൃതിദുരന്തങ്ങൾ ഉണ്ടാവുമ്പോഴും പ്രതിഫലം ഇച്ഛിക്കാതെ സഹായഹസ്തം നീട്ടുന്നതും ലോകമെങ്ങും ഇന്ത്യയ്ക്ക് അനുഭാവമുണ്ടാക്കിയിട്ടുണ്ട്. ഈ സോഫ്റ്റ് പവറും ചൈനയ്ക്ക് തലവേദനയാണ്.
സഖ്യങ്ങൾ മാറിമറിയുന്നതും ചൈനയെ കൂടുതൽ ഒറ്റപ്പെടുത്തുകയാണ്. ഒരുകാലത്ത് അഫ്ഗാനിസ്താനിലെ താലിബാൻ ഭരണകൂടം ഇന്ത്യയോട് ശത്രുതാമനോഭാവം വെച്ചുപുലർത്തിയിരുന്നെങ്കിലും ഇപ്പോൾ നിലപാട് മാറ്റിയിരിക്കുന്നു. ഈ വർഷം ഇന്ത്യ കാബൂളിലെ നയതന്ത്ര ഓഫീസിനെ പൂർണമായ എംബസി പദവിയിലേക്ക് ഉയർത്തി. മധ്യേഷ്യയിലെ ഇന്ത്യൻ താല്പര്യങ്ങൾക്ക് കൂടുതൽ ശക്തി പകരാനും മേഖലയിൽ പാകിസ്താന്റെ സ്വാധീനത്തെ ചെരുക്കാനും അഫ്ഗാനിസ്താനിൽ ചൈനാ-പാകിസ്താൻ സാമ്പത്തിക ഇടനാഴിയുടെ വ്യാപനം തടയാനും ഈ മാറ്റം സഹായിക്കും.
ഒരു കാലത്തും കൈവിടാത്ത സുഹൃത്തെന്നു കരുതപ്പെട്ടിരുന്ന 'ഉരുക്കുസഹോദരൻ' പാകിസ്താന്റെയും രീതികളിൽ വ്യത്യാസം വന്നിരിക്കുന്നു. ട്രംപ് അധികാരമേറ്റ ശേഷം അമേരിക്കയിൽ അടുപ്പിച്ച് പാകിസ്താൻ സൈനിക, രാഷ്ട്രീയനേതൃത്വങ്ങൾ നടത്തുന്ന സന്ദർശനങ്ങളും ഭീകരവിരുദ്ധ സഹകരണവും ചൈനയ്ക്ക് അത്രയ്ക്ക് രസിക്കുന്നില്ല. പാകിസ്താനിൽ ബെൽറ്റ്-റേഡ് സംരംഭത്തിന്റെ പേരിൽ ആയിരക്കണക്കിന് കോടി ഡോളർ മുടക്കിയ ചൈന വലിയ തോതിൽ വായ്പകളും നൽകിയിട്ടുണ്ട്. ബലൂചിസ്താനിലും പാക്കധീന കശ്മീരിലും ഖൈബർ പക്തൂൺക്വയിലും സിന്ധിലും പ്രതിഷേധങ്ങൾ നിയന്ത്രണാതീതമാവുകയാണ്. പലപ്പോഴും പ്രതിഷേധക്കാർ ചൈനീസ് പദ്ധതികളെയും ചൈനക്കാരെ തന്നെയും ആക്രമിക്കുന്നു അതിവേഗം അസ്ഥിരമായിക്കൊണ്ടിരിക്കുന്ന പാകിസ്താനിൽ തങ്ങളുടെ നിക്ഷേപങ്ങൾക്ക് എന്തുപറ്റുമെന്ന ആശങ്കയും ചൈനയ്ക്കുണ്ടാവണം.
ശരിക്കും വ്യാളി പ്രതിരോധത്തിലാണെന്നു സൂചിപ്പിക്കുന്നതാണ് തായ്ലൻഡ് പ്രശ്നത്തിലെ പ്രതികരണം. കംബോഡിയ ഉരുക്കു സഹോദരനാണ്. അതേസമയം, ഒരുപാട് അവസരങ്ങൾ വാഗ്ദാനം ചെയ്യുന്ന തന്ത്രപരമായ പങ്കാളിയാണ് തായ്ലൻഡ്. നിഷ്പക്ഷത ഭാവിക്കുന്നതാണ് കൂടുതൽ നല്ലത്. കാത്തിരിക്കാൻ ഒട്ടും മടിയില്ലാത്ത രാജ്യമാണ് ചൈന. അനുകൂല സാഹചര്യത്തിൽ അവർ വിശ്വരൂപം പുറത്തെടുക്കും, സംശയം വേണ്ട!
Content Highlights: Thailand`s F-16 strikes on Cambodia, targeting Chinese-built infrastructure and cyber scam hubs, highlight Beijing`s growing geopolitical challenges and economic vulnerabilities. Learn more.
Published: 23 Dec 2025, 10:04 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented