പത്മ പുരസ്‌കാരങ്ങളോടുള്ള അഴീക്കോടിന്റെ എതിർപ്പ് സുവിദിതമായിരുന്നു. ബുദ്ധിപരമായ സത്യസന്ധത പുലർത്തുന്നതിൽ അദ്ദേഹം എന്നും ദത്തശ്രദ്ധനായിരുന്നു

സുകുമാർ അഴീക്കോടിന്റെ ജന്മശതാബ്ദി ദിനമാണിന്ന്. അദ്ദേഹത്തിന്റെ പ്രസംഗത്തെ 'സാഗര ഗർജ്ജന' മെന്നാണ് വിശേഷിപ്പിക്കപ്പെട്ടത്. പ്രസംഗത്തിന്റെ എക്കാലത്തെയും കുലപതിമാരിൽ ഒരാളായ സുകുമാർ അഴീക്കോടിന്റെ ശബ്ദം മുഴങ്ങാത്ത, വാക്കുകൾ കടന്നെത്താത്ത സ്ഥലങ്ങളും പ്രദേശങ്ങളും കേരളത്തിലുണ്ടാകില്ല. ഒരു ദിവസം തന്നെ മൂന്നും നാലും പ്രസംഗങ്ങൾ വിവിധ വിഷയങ്ങളെ ആധാരമാക്കി അദ്ദേഹം നടത്തിയിരുന്നു. 'മിതം ചസാരം ച വചോഹി വാഗ്മിത' എന്നതാണ് പ്രഭാഷണത്തിന്റെ നിർവ്വചനം. അതിന് ഏറ്റവും വലിയ ഉദാഹരണമായിരുന്നു അഴീക്കോട്. പറയാനുള്ളത് ഏറ്റവും ശക്തമായി പറയുകയും അത് സദസ്സിൽ അനുരണനം സൃഷ്ടിക്കുകയും ചെയ്യുന്ന ശൈലി. മിനുസമുള്ള വാക്കുകൾക്കൊപ്പം പരുക്കൻ പ്രയോഗങ്ങളും ചേർത്ത് ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടിയുമായി അഴീക്കോട് വേദികളിൽ കത്തിക്കയറി. ചിലപ്പോൾ പ്രതിയോഗിയായി രാഷ്ട്രീയക്കാരും മറ്റു ചിലപ്പോൾ വില്ലൻ സ്ഥാനം സാഹിത്യ- സാംസ്‌കാരിക രംഗത്തുള്ളവർക്കും ലഭിച്ചു. പലപ്പോഴും അജ്ഞാതശത്രുവിനെ വാക്ശരങ്ങൾ എയ്ത് കീഴടക്കുകയും ചെയ്തു. ഏതു രീതിയിലായാലും സദസ്സ് നെഞ്ചേറ്റിയതായിരുന്ന അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ. എഴുത്തിലും പ്രസംഗത്തിലും വാക്കിന്റെ പൊരുളറിഞ്ഞ്, ബലമറിഞ്ഞ്, പ്രസക്തമായി പ്രയോഗിച്ച ഉൽപ്പതിഷ്ണുവായിരുന്നു അദ്ദേഹം.
സുകുമാർ അഴീക്കോടിന്റെ അഭാവവും പ്രഭാവവും ഏറ്റവും കൂടുതൽ അനുഭവപ്പെടുന്ന കാലം തന്നെയാണിത്. ഇന്ന് നടക്കുന്ന രാഷ്ട്രീയ പൊറാട്ട് നാടകത്തെയും തിരഞ്ഞെടുപ്പിന്റെ സുനാമിയേയും അദ്ദേഹം എങ്ങനെ കാണുമായിരുന്നു, എന്തു പറഞ്ഞു പ്രതികരിക്കുമായുന്നു എന്ന് ചിന്തിക്കുമ്പോഴാണ് പകരം വെയ്ക്കാനില്ലാത്ത ആ വ്യക്തിപ്രഭാവം നമ്മുടെയുള്ളിൽ നിറയുക. എം.എൻ. വിജയൻ, എം.കെ. സാനു, എം.ടി., എം. കൃഷ്ണൻനായർ, എം. ലീലാവതി തുടങ്ങിയവരെല്ലാം നല്ല പ്രഭാഷകർ തന്നെയെങ്കിലും അഴീക്കോടിനെപ്പോലെ രാഷ്ടീയവും സംസ്‌കാരവും കലയും സാഹിത്യവും ഒരേപോലെ കൈകാര്യം ചെയ്തത് അദ്ദേഹം മാത്രമായിരുന്നു.
അധ്യാപനത്തോടൊപ്പം എഴുത്തും പ്രസംഗവും ജീവിതത്തിന്റെ അവിഭാജ്യ ഘടകമാക്കിയിരുന്ന സുകുമാർ അഴീക്കോടിനെ വിവാദങ്ങളും വിടാതെ പിന്തുടർന്നിരുന്നു. പലപ്പോഴും വിവാദങ്ങളിൽ അദ്ദേഹം അഭിരമിക്കുന്നതു പോലെയായിരുന്നു. രാഷ്ട്രീയ നേതാക്കളെ കൂടാതെ എഴുത്തുകാരും സമകാലികരും അഴീക്കോടിന്റെ നിശിതവിമർശനത്തിനും പരിഹാസത്തിനും ഇരയായി. അഴീക്കോടും ബാലചന്ദ്രൻ ചുള്ളിക്കാടും തമ്മിൽ സ്വരചേർച്ചയില്ലായ്മയും പോർവിളികളും നടന്നകാലത്ത് അത് പരാമർശിച്ചുകൊണ്ട് എം.പി. നാരായണപ്പിള്ള പറഞ്ഞു. 'പ്രസംഗിച്ച് പ്രസംഗിച്ച് ഫിറ്റാകുന്ന അഴീക്കോടും ഫിറ്റായാൽ മാത്രം പ്രസംഗിക്കുന്ന ബാലചന്ദ്രൻ ചുള്ളിക്കാടും തമ്മിലാണ് വിവാദം'. ഈ അഭിപ്രായം അക്കാലത്ത് ഏറെ ചർച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു.
സാഹിത്യലോകത്ത് സുകുമാർ അഴീക്കോട് വലിയ ശ്രദ്ധ നേടിയത് ഒരു വിവാദ പുസ്തകവുമായാണ്. ‘ശങ്കരക്കുറുപ്പ് വിമർശിക്കപ്പെടുന്നു’ എന്ന സൃഷ്ടിയുടെ പിന്നാമ്പുറം പരിശോധിക്കപ്പെടുമ്പോൾ ജിയുമായി നല്ല വ്യക്തി ബന്ധമുണ്ടായിരുന്ന ആളായിരുന്നു സുകുമാർ അഴീക്കോട് എന്ന് കാണാം. എന്നാൽ, അതിരൂക്ഷമായ വിമർശനമാണ് ജിയുടെ കവിതകളെക്കുറിച്ച് അഴീക്കോട് നടത്തിയത്. വ്യക്തിബന്ധം വേറെ സാഹിത്യവിമർശനം വേറെ എന്ന് പ്രസ്താവിച്ചുകൊണ്ട്. സാഹിത്യത്തിലും ജീവിതത്തിലും അഴീക്കോടിന്റെ വിമർശനാത്മകമായ സമീപനം ആരംഭത്തിൽ തന്നെ പ്രകടമായിരുന്നു.
ഗുരുവിന്റെ ദുഃഖം, നവയാത്രകൾ, ഇന്ത്യയുടെ വിപരീതമുഖങ്ങൾ, നട്ടെല്ല് എന്ന ഗുണം തുടങ്ങി 32 രചനകളും 3 വിവർത്തനങ്ങളും അടക്കം പ്രസിദ്ധീകരിച്ച അഴീക്കോടിന്റെ മാസ്റ്റർ പീസ് തത്ത്വമസി തന്നെ. എം.ടി. വാസുദേവൻ നായരും അടുത്ത സുഹൃത്തുക്കളും ആരംഭിച്ച ക്ലാസിക് ബുക് ട്രസ്റ്റിന്റെ പ്രഥമ പുസ്തമായാണ് ‘തത്ത്വമസി’ പുറത്തെറക്കിയത്. പിന്നീട് അഴീക്കോട് എം.ടി.യുമായി ഇടഞ്ഞത് തുഞ്ചൻപറമ്പിനെക്കുറിച്ചുള്ള വിവാദ പ്രസ്താവനകൊണ്ടാണ്. വർഷങ്ങൾക്ക് ശേഷം അഴീക്കോട് വീണ്ടും തുഞ്ചൻപറമ്പിലെത്തുകയും എം.ടി അദ്ദേഹത്തെ സ്വീകരിക്കുകയും ചെയ്തിരുന്നു. അഴീക്കോട് വളരെ ശ്രദ്ധാപൂർവ്വം രചിച്ച ‘തത്ത്വമസി’ മലയാളത്തിലെ താത്വികമാനമുള്ള സൃഷ്ടികളുടെ മുൻനിരയിൽ സ്ഥാനം നേടിയ പുസ്തകമാണ്. സംഗീതത്തിലെ സിംഫണിപോലെ വേറിട്ടു നിൽക്കുന്ന രചന. അറിവും അനുഭവവും മനനവും നിഗമനവും എല്ലാം ചേർന്നൊരുക്കിയ അപൂർവ്വഗ്രന്ഥം തന്നെയാണ് ‘തത്ത്വമസി’. അത് ഒരു മഹാരഥന്റെ സാന്നിധ്യം വെളിപ്പെടുത്തുന്നു.
എസ്റ്റാബ്ലിഷ്മെന്റിനോട് മുഖം തിരിച്ചുനിന്ന വ്യക്തിയായിരുന്നില്ല അദ്ദേഹം. ശ്ലാഘനീയമായ അധ്യാപനത്തിനുശേഷം കാലിക്കറ്റ് സർവ്വകലാശാല പ്രോവൈസ് ചാൻസിലർ, നാഷ്ണൽ ബുക്ക ട്രസ്റ്റ്് ചെയർമാൻ തുടങ്ങിയ പദവികൾ അദ്ദേഹം സ്വീകരിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നെങ്കിലും അത് യാഥാർത്ഥ്യമായിരുന്നില്ല. അതേസമയം, തന്നെ തേടിയെത്തിയ പദ്മശ്രീ പുരസ്‌കാരം തിരസ്‌ക്കരിച്ച് അദ്ദേഹം വേറിട്ട് നിൽക്കുകയും ചെയ്തു. പത്മ പുരസ്‌കാരങ്ങളോടുള്ള അഴീക്കോടിന്റെ എതിർപ്പ് സുവിദിതമായിരുന്നു. ബുദ്ധിപരമായ സത്യസന്ധത പുലർത്തുന്നതിൽ അദ്ദേഹം എന്നും ദത്തശ്രദ്ധനായിരുന്നു.
വർത്തമാനം പത്രത്തിൽ പ്രത്യേക ലേഖകൻ (സാംസ്കാരികം) ആയി ഞാൻ ചേരുവാനുള്ള പ്രധാന കാരണം സുകുമാർ അഴീക്കാട് ചീഫ് എഡിറ്ററായിരുന്നതു തന്നെ. അഭിമുഖത്തിനുണ്ടായിരുന്ന പ്രമുഖർ എൻ.പി. മുഹമ്മദും അഴീക്കോടുമായിരുന്നു. അദ്ദേഹം ചോദിച്ചു. ''വീണ്ടും ഡൽഹിക്ക് പോകുമോ'' ''തീരെ സാധ്യതയില്ല'' സാഹിത്യത്തെക്കുറിച്ചും സിനിമയെക്കുറിച്ചും ചില ചോദ്യങ്ങളും ഇരവരും ചോദിച്ചതായി ഓർക്കുന്നു. വർത്തമാനത്തിൽ ജോലി ചെയ്യുന്ന സമയത്ത് പലതവണ അദ്ദേഹവുമായി കണ്ട് സംസാരിച്ചിരുന്നു. അക്കാദമികളെകുറിച്ച് നെഗറ്റീവായ സ്റ്റോറി ചെയ്യുന്ന കാര്യം സൂചിപ്പിച്ചപ്പോൾ അദ്ദേഹം പറഞ്ഞു. 'വസ്തുതാപരമായിരിക്കണം. ഡിനയൽ വന്നാൽ തെളിവ് നൽകണം. 'സോഴ്സ് വെളിപ്പെടുത്തേണ്ടതില്ലല്ലോ.' ‘അത് വേണ്ട. പക്ഷേ, കാര്യങ്ങൾ കൃത്യമായി പഠിച്ച് ചെയ്യണം' വർത്തമാനത്തിൽ എഡിറ്റോറിയൽ അദ്ദേഹം ഫാക്സ് ചെയ്യുകയാണ് പതിവ്. തൃശ്ശൂരിൽ താമസിച്ചിരുന്ന അഴീക്കോട് ഇടയ്ക്കമാത്രമാണ് വർത്തമാനം ഓഫീസിൽ വന്നിരുന്നത്. ഒരു നാൾ അദ്ദേഹം അയച്ച ഫാക്സിൽ ഒരു വാക്ക് ന്യൂസ് എഡിറ്റർക്കും മറ്റും വ്യക്തമായില്ല. സൂക്ഷ്മമായി നോക്കിയപ്പോൾ ആ വാക്ക് ബുദ്ബുദമാണെന്ന് മനസ്സിലായി. 'ഉറപ്പാണല്ലോ'ന്യൂസ് എഡിറ്റർ ജേക്കബ് ചോദിച്ചു. ' ഞാനുത്തരം പറയാം. പോരെ' പിറ്റേന്ന് പത്രം അച്ചടിച്ച് വന്ന് അഴീക്കോട് വായിക്കുന്നതുവരെ ന്യൂസ് എഡിറ്റർ മുൾമുനയിൽ തന്നെയായിരുന്നു.
വർത്തമാനം വിട്ട ശേഷം ഒരിക്കൽ അഴീക്കോട് ഒരു പരിപാടിക്ക് പൊന്നാനിയിൽ വന്നപ്പോൾ ഉച്ചഭക്ഷണം എന്റെ സുഹൃത്ത് സുധർമ്മന്റെ വീട്ടിലായിരുന്നു. ഗാന്ധിയനായിരുന്ന അദ്ദേഹത്തിന്റെ ഭക്ഷണത്തിലും അത് പ്രതിഫലിച്ചിരുന്നു. ' വെജ്ജാണ് പ്രിഫർ ചെയ്യുന്നത്, പ്രത്യേകിച്ച് യാത്ര ചെയ്യുമ്പോൾ ' വർത്തമാനത്തെക്കുറിച്ച് വലിയ പ്രതീക്ഷയായിരുന്നു ഞങ്ങൾക്കെല്ലാം' അതെ. അത് അസ്ഥാനത്തായി' നേരിട്ട് സംസാരിക്കുമ്പോൾ പതിയെ പറഞ്ഞിരുന്ന, സൗമന്യായിരുന്ന അദ്ദേഹം പ്രസംഗിക്കുമ്പോൾ മറ്റൊരാളായി മാറുന്നു കൃശഗാത്രനായ അദ്ദേഹം. പ്രസംഗവേദിയിൽ വാക്കിന്റെ കൊടുങ്കാറ്റ് ഉയർത്തിയിരുന്നത് മലയാളിക്ക് എന്നും വിസ്മയം നൽകി. അതുകൊണ്ട് തന്നെയാണ് ജന്മശതാബ്ദിയിലും അഴീക്കോട് ഉണ്ടായിരുന്നെങ്കിൽ എന്ന് നാം ചിന്തിച്ചുപോകുന്നത്.
Content Highlights: Celebration of Sukumar Azhikode's centenary birth anniversary., Renowned for his 'Sagara Garjjanam' (oceanic roar) style of public speaking., Author of the iconic philosophical work 'Thathvamasi'., Known for his fearless literary criticism and intellectual integrity., Refusal of the Padma Shri award, highlighting his anti-establishment stance.
Published: 12 May 2026, 05:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented