ഗള്ഫ് മേഖലയുടെ ആശ്രിതത്വം കുറച്ച് റഷ്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളില് നിന്ന് ഇറക്കുമതി ചെയ്യാനുള്ള ബദല് മാര്ഗങ്ങള് തേടുകയാണ് ഇന്ത്യ.

ഇസ്രയേൽ-ഇറാൻ യുദ്ധത്തിന് താത്കാലിക വിരാമമായെങ്കിലും ശാശ്വതമായ പരിഹാരമായിട്ടില്ല. ആൾനാശവും സാമ്പത്തികനഷ്ടവും അടിസ്ഥാന സൗകര്യങ്ങളുടെ തകർച്ചയും ഇരുപക്ഷത്തേയും പിടിച്ചുകുലുക്കുന്നു. യുദ്ധത്തിന്റെ അലയൊലികളിൽ ഇന്ധനക്ഷാമമടക്കമുള്ള പ്രതിസന്ധികൾ ലോകരാജ്യങ്ങളും നേരിടുകയാണ്. ജൂൺ മാസത്തോടെ സംഘർഷം പൂർണമായും അവസാനിപ്പിച്ച് സാഹചര്യം പഴയ സ്ഥിതിയിലേക്ക് തിരിച്ചെത്തിയില്ലെങ്കിൽ ലോകത്ത് പുതിയതായി 45 ദശലക്ഷം ആളുകൾ ഭക്ഷ്യദാരിദ്ര്യത്തിലേക്ക് തള്ളപ്പെട്ടേക്കാമെന്നാണ് വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ കണക്കുകൾ. ഇന്ധനക്ഷാമവും ഉത്പാദനക്കുറവുമായിരിക്കും ഈ കടുത്ത ക്ഷാമത്തെ നയിക്കുന്ന ഘടകങ്ങൾ. അങ്ങനെ വന്നാൽ ലോകത്ത് ഭക്ഷ്യക്ഷാമം നേരിടുന്ന ആകെ ജനസംഖ്യ 319 ദശലക്ഷത്തിലധികമായി കുതിച്ചുയരും. വിയറ്റ്‌നാമും ചൈനയും ശ്രീലങ്കയും ഇന്ത്യയും ആ ക്ഷാമത്തെ നേരിടാൻ ഒരുങ്ങണമെന്നാണ് ഫുഡ് പ്രോഗ്രാം നിർദേശിക്കുന്നത്. പല രാജ്യങ്ങളും അതിന്റെ പ്രാഥമിക സൂചനകൾ പ്രകടിപ്പിച്ചുതുടങ്ങുകയും ചെയ്തുകഴിഞ്ഞിരിക്കുന്നു.
ഇറാൻ യുദ്ധവും ഇറക്കുമതി പ്രതിസന്ധിയും
ഇറാനിലെ സംഘർഷം ഇന്ത്യയുടെ ഭക്ഷ്യസംഭരണത്തെ എങ്ങനെ ബാധിക്കുമെന്ന് പരിശോധിക്കാം. ഇതിനായി ആദ്യം ഹോർമുസ് കടലിടുക്കിന്റെ പ്രാധാന്യം മനസ്സിലാക്കേണ്ടതുണ്ട്. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഊർജ വ്യാപാര പാതയാണ് ഈ കടലിടുക്ക്. ലോകത്തെ എണ്ണയുടെയും പ്രകൃതിവാതകത്തിന്റേയും വലിയൊരു ഭാഗം ഇന്ത്യയുൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിലേക്ക് എത്തുന്ന പാതയാണിത്. യുദ്ധത്തിന് മുമ്പ് പ്രതിദിനം 15 മുതൽ 21 ദശലക്ഷം ബാരൽ അസംസ്‌കൃത എണ്ണയും പെട്രോളിയം ഉത്പന്നങ്ങളും ഹോർമുസ് വഴി കൈമാറ്റം ചെയ്തിരുന്നു. ലോകത്തെ സമുദ്ര എണ്ണ വ്യാപാരത്തിന്റെ 20 മുതൽ 25 ശതമാനം വരെയാണിത്. പ്രതിദിനം ഏകദേശം 140 വാണിജ്യ കപ്പലുകൾ ഇതുവഴി കടന്നുപോയിരുന്നതായാണ് കണക്കാക്കപ്പെട്ടത്. അതേസമയം യുദ്ധത്തെ തുടർന്ന് ഹോർമുസ് അടച്ചിട്ടതോടെ കാര്യങ്ങൾ കുഴഞ്ഞുമറിഞ്ഞു. പേർഷ്യൻ ഉൾക്കടലിൽ ഏകദേശം 800 മുതൽ 1000 വരെ ചരക്ക് കപ്പലുകളും ടാങ്കറുകളും കുടുങ്ങിക്കിടക്കുകയോ നിർത്തിയിടുകയോ ചെയ്തിട്ടുണ്ടെന്നാണ് ബ്ലൂംബെർഗ്, ലോയ്ഡ്‌സ് ലിസ്റ്റ്, ബാൾട്ടിക് ആൻഡ് ഇന്റർനാഷണൽ മാരിടൈം കൗൺസിൽ (BIMCO) എന്നിവ ഈ ഏപ്രിലിൽ പുറത്തുവിട്ട റിപ്പോർട്ടുകൾ പറയുന്നത്. എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും ലഭ്യത കുറഞ്ഞതോടെ അത് വിലയെ സാരമായി ബാധിച്ചു.
ഇന്ധനത്തിനൊപ്പം രാസവളങ്ങളുടെയും വില വർധിച്ചുവരികയാണ്. സംഭരണത്തിന്റെയും ക്ഷാമത്തിന്റെയും തോത് അനുസരിച്ച് രാസവളത്തിന്റെ വില ഓരോ രാജ്യത്തും വ്യത്യാസപ്പെട്ടിരിക്കുകയാണ്. ഉദാഹരണത്തിന് ഈജിപ്തിൽ നിന്നുള്ള ഗ്രാനുലാർ യൂറിയ-നൈട്രജൻ വളങ്ങളുടെ വില സൂചിക-യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് ഒരു മെട്രിക് ടണ്ണിന് 400 മുതൽ 490 ഡോളറായിരുന്നത് ഇപ്പോൾ ഏകദേശം 700 ഡോളറായാണ് ഉയർന്നിരിക്കുന്നത്. കാർഷികാവശ്യത്തിൽ നിർണായകമായ ഭൂരിഭാഗം വളങ്ങളുടേയും സ്ഥിതി ഇതുതന്നെയാണ്. യൂറിയയുടെയും അമോണിയയുടെയും വില യുദ്ധം ആരംഭിച്ചത് മുതൽ ഏകദേശം 50%, 20% എന്നീ തോതിലാണ് വർധിച്ചത്. പൊട്ടാഷ്, സൾഫർ പോലുള്ള മറ്റ് രാസവളങ്ങളുടെ വിലയും ഉയർന്നിട്ടുണ്ടെന്ന് ഓക്‌സ്‌ഫോർഡ് എക്കണോമിക്‌സിന്റെ ആൽപൈൻ മാക്രോ അഭിപ്രായപ്പെട്ടു.
ഇന്ത്യ ലോകത്തിലെ രണ്ടാമത്തെ വലിയ രാസവള ഉപയോക്താവാണ്. ചൈനയാണ് ഒന്നാം സ്ഥാനത്ത്. പ്രതിവർഷം ഏകദേശം 60 ദശലക്ഷം ടൺ രാസവളമാണ് ഇവിടെ ഉപയോഗിക്കുന്നത്. ഇതിൽ വലിയൊരു പങ്ക് പേർഷ്യൻ ഉൾക്കടലിലൂടെയാണ് ഇറക്കുമതി ചെയ്യുന്നത്. ഫോസ്‌ഫെറ്റിക് വളങ്ങളുടെ ഇറക്കുമതിയെ ഇന്ത്യ വളരെയധികം ആശ്രയിക്കുന്നുണ്ട്. പൊട്ടാഷ് പൂർണമായും രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുകയാണ്. കാർഷിക രാഷ്ട്രമായ ഇന്ത്യയ്ക്ക് നിർണായകമായ ഈ രാസവളങ്ങളുടെ ലഭ്യതക്കുറവ് വലിയ ഭീഷണിയാണ് സൃഷ്ടിക്കുക. വേനലിന്റെ അവസാനകാലം മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ ഈ വളക്ഷാമം കാർഷികമേഖലയിൽ വലിയ പ്രത്യാഘാതം സൃഷ്ടിച്ചേക്കും. തത്കാലത്തേക്കുള്ളവ സംഭരണത്തിലുണ്ടെന്നാണ് കണക്ക്. എന്നാൽ, ഹോർമുസിലൂടെയുള്ള കൈമാറ്റം സാധാരണ നിലയിലേക്ക് എത്തിച്ചേരാത്തപക്ഷം മുന്നിലുള്ളത് വലിയ പ്രതിസന്ധിയാണ്. ഇന്ത്യയ്ക്ക് മാത്രമല്ല, ശ്രീലങ്കയും വിയറ്റ്‌നാമും പാകിസ്താനുമെല്ലാം ഇതേ പ്രതിസന്ധിയെ നേരിടാനൊരുങ്ങുകയാണ്.
അമേരിക്കയും ഇറാനും വെടിനിർത്തൽ പ്രഖ്യാപിച്ചതിനുശേഷം ഹോർമുസ് കടലിടുക്ക് വഴിയുള്ള കൈമാറ്റം സാധാരണ നിലയിലാവുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടത്. എന്നാൽ, അനിശ്ചിതത്വം ഇപ്പോഴും തുടരുകയാണ്. മേഖലയിലെ എണ്ണയുടെ ഒഴുക്കിൽ കാര്യമായ മാറ്റം ഉണ്ടായിട്ടില്ല. വെടിനിർത്തൽ നിലവിൽ വന്ന് നാല് ദിവസം പിന്നിട്ടിട്ടും രണ്ട് എണ്ണക്കപ്പലുകൾ മാത്രമാണ് ഇതുവഴി കടന്നുപോയത്. സാധാരണ നിലയിലുള്ള എണ്ണയോ ഗ്യാസ് ടാങ്കറുകളോ കടന്നുപോയിട്ടില്ലെന്ന് കെപ്ലറിൽ നിന്നുള്ള കപ്പൽ ട്രാക്കിംഗ് ഡാറ്റയെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. കപ്പൽ ചരക്ക് വിഭാഗത്തിൽപ്പെട്ട നാല് ബൾക്ക് കാരിയറുകൾ മാത്രമാണ് സുഗമമായി കടന്നുപോവുന്നത്.
തിരിച്ചടിയേറ്റ് ആഗോള രാസവള വിപണി
2023നും 2025നുമിടയിലാണ് ഗൾഫ് രാജ്യങ്ങൾ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്രാദേശിക രാസവള വിതരണക്കാരായി ഉയർന്നുവന്നത്. അന്താരാഷ്ട്ര ഭക്ഷ്യനയ ഗവേഷണ സ്ഥാപനത്തിന്റെ (IFPRI) റിപ്പോർട്ട് അനുസരിച്ച്, നൈട്രജൻ അടിസ്ഥാനമാക്കിയുള്ള യൂറിയയുടെയും അമോണിയയുടെയും ഏറ്റവും വലിയ കയറ്റുമതിക്കാർ ഗൾഫ് രാജ്യങ്ങളാണ്.
ഡൈ അമോണിയം ഫോസ്‌ഫേറ്റ് (DAP), മോണോ അമോണിയം ഫോസ്‌ഫേറ്റ് (MAP) തുടങ്ങിയ പ്രധാന ഫോസ്‌ഫെറ്റിക് വളങ്ങളുടെ രണ്ടാമത്തെ വലിയ കയറ്റുമതിക്കാരും അവരായിരുന്നു. ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, തുർക്കി തുടങ്ങിയ രാജ്യങ്ങൾക്ക് മതിയായ ആഭ്യന്തര പ്രകൃതിവാതക ശേഖരം ഇല്ല. അതിനാൽ വളം ഉത്പാദനത്തിന് ഗൾഫിൽ നിന്നുള്ള ദ്രവീകൃത പ്രകൃതി വാതകമാണ് (എൽഎൻജി) ഉപയോഗിക്കുന്നത്. അതിനാൽ ഗൾഫ് ഊർജ വിതരണത്തിലെ ഏതൊരു തടസ്സവും വളം നിർമാണ പ്രക്രിയയെ തടസ്സപ്പെടുത്തും.
ലോകമെമ്പാടും വിതരണം ചെയ്യുന്ന പ്രകൃതിവാതകത്തിന്റെ ഏകദേശം പത്ത് ശതമാനവും വരുന്നത് ഖത്തറിൽ നിന്നാണ്. എൽഎൻജി ഉത്പാദനത്തിലോ വിതരണത്തിലോ തുടർച്ചയായി ഉണ്ടാവുന്ന കുറവ് ലോകമെമ്പാടുമുള്ള നൈട്രജൻ വളം ഉത്പാദനത്തെ രൂക്ഷമായി ബാധിച്ചേക്കാം. രാസവള നിർമാണത്തിൽ ഉപയോഗിക്കുന്ന പ്രധാന ഊർജ സ്രോതസ്സും അമോണിയ ഉത്പാദനത്തിനുള്ള പ്രധാന അസംസ്‌കൃത വസ്തുവും പ്രകൃതിവാതകമാണ്. അമോണിയയാണ് എല്ലാ നൈട്രജൻ വളങ്ങളുടെയും അടിസ്ഥാന ഘടകം. ഗൾഫ് മേഖല അമോണിയയെ ചുറ്റിപ്പറ്റി വലിയൊരു കയറ്റുമതി സംവിധാനം വികസിപ്പിച്ചിട്ടുണ്ട്. പ്രകൃതിവാതകത്തിന്റെ വലിയൊരു ഭാഗം അമോണിയയായി മാറ്റിക്കൊണ്ട് ആഗോള വിതരണം നടത്തുന്നു. പലപ്പോഴും ഹോർമുസ് കടലിടുക്ക് വഴിയോ പൈപ്പ്‌ലൈനുകൾ വഴിയോ അല്ലെങ്കിൽ ദ്രവീകരിച്ച രൂപത്തിൽ കപ്പൽ സംവിധാനത്തിലൂടെയോ ആണ് ഇത് വിതരണം ചെയ്യുന്നത്. ഈ വ്യാപാരത്തിന്റെ വ്യാപ്തി വളരെ വലുതാണ്. 2023നും 2025നും ഇടയിൽ ലോകമെമ്പാടുമുള്ള അമോണിയ കയറ്റുമതിയുടെ ഏകദേശം 29 ശതമാനം ഗൾഫ് മേഖലയിൽ നിന്നായിരുന്നു. സൗദി അറേബ്യയാണ് പ്രധാന കയറ്റുമതിക്കാരൻ. ഇന്ത്യ, ദക്ഷിണ കൊറിയ, മൊറോക്കോ, ജപ്പാൻ, ദക്ഷിണാഫ്രിക്ക, യുഎസ് എന്നിവർ പ്രധാന ഇറക്കുമതിക്കാരായി.
യൂറിയ വ്യാപാരത്തിലും ഇതേ പാറ്റേൺ കാണാം. ഈ കാലയളവിൽ ആഗോള യൂറിയ കയറ്റുമതിയുടെ 36 ശതമാനം ഗൾഫ് മേഖലയിൽ നിന്നായിരുന്നു. ഇറാനും ഖത്തറുമാണ് മുന്നിൽ. സൗദി അറേബ്യയാണ് തൊട്ടുപിന്നിൽ. 2025ൽ, ഇന്ത്യ, ബ്രസീൽ, ഓസ്‌ട്രേലിയ, തായ്‌ലൻഡ്, യുഎസ്, തുർക്കി, എത്യോപ്യ, ദക്ഷിണാഫ്രിക്ക എന്നിവ പ്രധാന ഇറക്കുമതിക്കാരായി. ഫോസ്‌ഫെറ്റിക് വളങ്ങളുടെ സ്ഥിതിയും ഏതാണ്ട് സമാനമാണ്. ഗൾഫ് മേഖല ലോകത്തിലെ DAP (Diammonium Phosphate) കയറ്റുമതിയുടെ ഏകദേശം 26 ശതമാനവും MAP (Monoammonium Phosphate) കയറ്റുമതിയുടെ 13 ശതമാനവും സംഭാവന ചെയ്യുന്നു. സൗദി അറേബ്യയാണ് ഉത്പാദനത്തിൽ മുന്നിൽ. ഇത് വാങ്ങുന്നവരിൽ ഇന്ത്യ, ബ്രസീൽ, ഓസ്‌ട്രേലിയ, അമേരിക്ക എന്നിവർ വീണ്ടും ഉൾപ്പെടുന്നു.
രാസവള നിർമാണത്തിൽ ഗൾഫ് മേഖലയുടെ സ്വാധീനം വളരെ വലുതാണ്. വളം ഉത്പാദനത്തിൽ നിർണായകമായ സൾഫറിന്റെ ആഗോള വ്യാപാരത്തിന്റെ പകുതിയോളം കൈകാര്യം ചെയ്യുന്നത് സൗദി അറേബ്യ, ബഹ്റൈൻ, യുഎഇ, കുവൈത്ത്, ഖത്തർ തുടങ്ങിയ രാജ്യങ്ങൾ ചേർന്നാണ്. ഗൾഫ് മേഖലയിൽ നിന്നുള്ള വിതരണത്തിലുണ്ടാവുന്ന തടസ്സങ്ങളുടെ അനന്തരഫലങ്ങൾ രൂക്ഷമായിരിക്കും. രാസവളങ്ങളുടെ വിലയിലെ വർധനവ് (പ്രത്യേകിച്ച് നൈട്രജൻ അടിസ്ഥാനമാക്കിയുള്ള ഉൽപ്പന്നങ്ങളുടെ) രാസവളം അത്യന്താപേക്ഷിതമായ കൃഷികളിൽ നിന്നുള്ള വിളവിനെ ബാധിക്കും. ഇത് ഭക്ഷ്യവിലയിലും ക്രമേണ പ്രതിഫലിക്കും. ഹോർമുസ് കടലിടുക്ക് വഴിയുള്ള ഷിപ്പിങ് തടസ്സങ്ങൾ തുടരുകയാണെങ്കിൽ അതിന്റെ പ്രത്യാഘാതങ്ങൾ ലോജിസ്റ്റിക്‌സിന് അപ്പുറത്തേക്ക് വ്യാപിക്കുമെന്നും ഊർജ-രാസവള ദൗർലഭ്യം ഏഷ്യൻ രാജ്യങ്ങളെ അടുത്ത വിളവെടുപ്പ് കാലത്ത് ഗൗരവമേറിയ അപകടങ്ങളിലേക്കെത്തിക്കുമെന്നുമാണ് നിലവിലെ വിശകലനങ്ങൾ. വരും മാസങ്ങളിൽ ഉത്പാദനത്തെയും വിലകളെയും ഇത് ബാധിച്ചേക്കാമെന്നും ഏറ്റവും മോശം സ്ഥിതിയായ ഭക്ഷ്യധാന്യ പ്രതിസന്ധി വരെ മുന്നിലുണ്ടെന്നുമാണ് അന്താരാഷ്ട്ര അരി ഗവേഷണ സ്ഥാപനം (IRRI) നടത്തിയ പഠനം സൂചിപ്പിക്കുന്നത്.
വിയറ്റ്‌നാമിൽ സംഭവിക്കുന്നത്?
ലോകത്തിലെ പ്രധാന അരി ഉത്പാദക രാജ്യങ്ങളിലൊന്നായ വിയറ്റ്‌നാമിൽ ആഗോള സമ്മർദത്തിന്റെ ആദ്യ സൂചനകൾ ഇതിനകം പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്. രാജ്യം പ്രതിവർഷം 43 ദശലക്ഷം ടണ്ണിലധികം നെല്ല് ഉത്പാദിപ്പിക്കുന്നുണ്ട്. ഇതിന്റെ പകുതിയിൽ കൂടുതൽ ഉത്പാദനം മെകോംഗ് ഡെൽറ്റയിൽ നിന്നാണ്. വിയറ്റ്‌നാമിന്റെ കാർഷിക ഹൃദയഭൂമി എന്നാണ് ഈ മേഖല അറിയപ്പെടുന്നത്. ആഗോള ഭക്ഷ്യ വിതരണത്തിൽ വിയറ്റ്‌നാമിന് നിർണായക പങ്കുണ്ട്. സമീപ വർഷങ്ങളിൽ, ഫിലിപ്പീൻസ്, ചൈന, ആഫ്രിക്കയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലേക്ക് പ്രതിവർഷം 7.5 മുതൽ 8 ദശലക്ഷം ടൺ വരെ അരി കയറ്റി അയച്ചുകൊണ്ട് ലോകത്തെ മികച്ച അരി കയറ്റുമതിക്കാരിൽ ഒന്നാം സ്ഥാനം വിയറ്റ്‌നാം കാലങ്ങളായി നിലനിർത്തിവന്നിരുന്നു. എന്നാൽ, നിലവിലെ പ്രതിസന്ധികളെ തുടർന്ന് വിയറ്റ്‌നാം സമ്മർദത്തിലായിരിക്കുകയാണ്. ഇസ്രയേൽ-ഇറാൻ യുദ്ധം ഊർജവില വർധിക്കാൻ കാരണമായി. ഇത് കാർഷിക യന്ത്രങ്ങൾക്കുള്ള ഇന്ധനച്ചെലവും വളം ഉത്പാദനച്ചെലവും ഉയരാൻ കാരണമായി. വളം ലഭ്യത കുറഞ്ഞു, ഒപ്പം സമുദ്രമാർഗമുള്ള ഷിപ്പിങ് തടസ്സങ്ങൾ ലോജിസ്റ്റിക്‌സ്, ചരക്ക്, ഇൻഷുറൻസ് ചെലവുകളേയും ഗണ്യമായി വർധിപ്പിച്ചു. ഉത്പാദകർക്കുണ്ടാവുന്ന ഈ ബാധ്യതകൾ ക്രമേണെ ഉപഭോക്താക്കളിലേക്ക് കൈമാറപ്പെടുകയാണ്. വിയറ്റ്‌നാമിൽ നിന്നുള്ള ഷിപ്പിങ് ചെലവുകൾ 30 ശതമാനത്തിലധികം വർധിച്ചു. കണ്ടെയ്നർ നിരക്കുകൾ 4,500-5,000 ഡോളറായി ഉയർന്നു. ഇത് രാജ്യത്തിനകത്ത്, പ്രത്യേകിച്ച് ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലക്കയറ്റത്തിലേക്കെത്തിച്ചു.
സൾഫേറ്റ്-അമോണിയം (SA), പൊട്ടാസ്യം (പൊട്ടാഷ്) എന്നിവയ്ക്കായി വിയറ്റ്‌നാം പൂർണമായും ഇറക്കുമതിയെ ആണ് ആശ്രയിക്കുന്നത്. യൂറിയ, DAP, N-P-K മിശ്രിതങ്ങൾ എന്നിവയുടെ വലിയ അളവിലുള്ള ഇറക്കുമതിയും തുടരുന്നു. ഗൾഫ് മേഖലയിൽ നിന്നാണ് ഇത് ഇറക്കുമതി ചെയ്യുന്നത് എന്നിരിക്കെ ഗൾഫിൽ നിന്ന് ഏഷ്യയിലേക്കുള്ള വഴികളിലെ ഏതൊരു തടസ്സവും വിയറ്റ്‌നാമിനെ സമ്മർദത്തിലാക്കും. ഗൾഫ് നിർമ്മാതാക്കളിൽ നിന്നുള്ള (സൗദി, യുഎഇ, ഖത്തർ മുതലായവ) കപ്പലുകൾക്ക് ഹോർമുസ് കടന്നുപോകാൻ കഴിഞ്ഞില്ലെങ്കിൽ, വിയറ്റ്‌നാമിലേക്ക് നേരിട്ട് ഷെഡ്യൂൾ ചെയ്ത ചരക്കുകൾ കാലതാമസം നേരിടുകയോ വഴിതിരിച്ചുവിടുകയോ റദ്ദാക്കപ്പെടുകയോ ചെയ്യാം. അങ്ങനെ വന്നാലുണ്ടാവുന്ന വളങ്ങളുടെ ലഭ്യതക്കുറവ് രാജ്യത്തിനകത്തെ നൈട്രജൻ, ഫോസ്‌ഫേറ്റ് വളങ്ങളുടെ വില കുത്തനെ ഉയർത്തുന്നു. പ്രധാന ഇനങ്ങളിൽ 20-35% വില വർധനവാണ് പ്രതീക്ഷിക്കുന്നത്. ഇറക്കുമതിച്ചെലവ് വർധിക്കുന്നത് കർഷകരെയും ക്രമേണ ഉപഭോക്താക്കളേയും കടുത്ത പ്രതിസന്ധിയിലേക്കാവും എത്തിക്കുക.
ഷോക്ക് ഇന്ത്യയിലേക്കും, സ്ഥിതിയെന്ത്?
ഗൾഫ് മേഖലയിൽ നിന്നുള്ള രാസവള കയറ്റുമതിയുടെ പ്രധാന ഉപഭോക്താവാണ് ഇന്ത്യ. 2020നും 2025നും ഇടയിൽ 11 ബില്ല്യൺ ഡോളർ മൂല്യമുള്ള നൈട്രജൻ വളങ്ങളാണ് ഇന്ത്യ ഗൾഫ് ഉത്പാദകരിൽ നിന്ന് ഇറക്കുമതി ചെയ്തത്. ഇത് ഇന്ത്യയെ ഗൾഫ് മേഖലയിൽ നിന്ന് ഏറ്റവും കൂടുതൽ വളം ഇറക്കുമതി ചെയ്യുന്ന രാജ്യമാക്കി മാറ്റി. ഇന്ത്യയ്ക്കാവശ്യമായ 49 ശതമാനമത്തോളം വരുമിത്. അതായത് പകുതിയോളം രാസവളങ്ങളും എത്തുന്നത് ഹോർമുസ് കടലിടുക്ക് കടന്നാണെന്നാണ് വ്യക്തം. 2025ൽ 22 മെട്രിക് ടൺ വളമാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. ഇതിൽ 11 മെട്രിക് ടൺ രാസവളവും ഗൾഫ് മേഖലയിൽ നിന്നുള്ളതാണ്. ഇന്ത്യ ആകെ ഇറക്കുമതി ചെയ്യുന്ന യൂറിയയുടെ 75 ശതമാനവും ഗൾഫ് രാഷ്ട്രങ്ങളാണ് വിതരണം ചെയ്യുന്നത്. ഇതിൽ തന്നെ 45 ശതമാനം ഒമാനിൽ നിന്നാണ്. വളം ഇറക്കുമതിയുമായി ബന്ധപ്പെട്ട് സൗദിയുമായും ഖത്തറുമായും യുഎഇയുമായും ഇന്ത്യ പുതിയ കരാറുകളും ഒപ്പുവെച്ചിട്ടുണ്ട്.
ഇന്ത്യയുടെ പ്രധാന വിതരണക്കാർ ഗൾഫ് രാഷ്ട്രങ്ങൾ ആണെന്നിരിക്കെ, വ്യാപാരപാതയായ ഹോർമുസിലുണ്ടാവുന്ന ഏതൊരു തടസ്സവും ഇന്ത്യയെ ബാധിക്കും. ഇപ്പോൾ തന്നെ ഹോർമുസിനെ ചുറ്റിപ്പറ്റിയുള്ള സംഘർഷങ്ങൾ കാരണം ഇന്ത്യയുടെ വളം വിതരണ ശൃംഖലയുടെ ഏകദേശം 20-25% അപകടസാധ്യതയിലാണെന്നാണ് കണക്കുകൂട്ടൽ. കാരണം ഗൾഫിൽ നിന്നുള്ള മിക്കവാറും എല്ലാ കപ്പലുകളും ഹോർമുസ് വഴിയാണ് കടന്നുപോകുന്നത്. ഭാഗികമായ തടസ്സം, ചുരുങ്ങിയ കാലയളവിലേക്കാണെങ്കിൽ പോലും അത് വളം ടാങ്കറുകളുടെ ചരക്ക് കൂലി വർധിപ്പിക്കും. ഇത് ഇന്ത്യയുടെ ഇറക്കുമതി ബിൽ വർധിപ്പിക്കുന്നതിലേക്ക് നയിക്കാം. ചരക്ക് എത്താനുള്ള കാലതാമസം പോലും ഹ്രസ്വകാലത്തേക്ക് ക്ഷാമം സൃഷ്ടിക്കും. ബഫർ സ്റ്റോക്കുകൾ ഇല്ലെങ്കിൽ. സർക്കാർ സബ്‌സിഡികളിൽ സമ്മർദം ചെലുത്തും. ഇന്ത്യ കർഷകർക്ക് യൂറിയക്കും മറ്റ് വളങ്ങൾക്കും വലിയ തോതിൽ സബ്‌സിഡി നൽകുന്നുണ്ട്. ഇവ ഒഴിവാക്കിക്കൊണ്ടാവും സർക്കാർ ഏറ്റവും ആദ്യം ചെലവ് പരിഹരിക്കാനൊരുങ്ങുക. ക്രമേണ ഇത് പൊതു ധനകാര്യത്തിലും പ്രതിഫലിക്കാൻ തുടങ്ങും. കാർഷിക മേഖലയ്ക്കുൾപ്പെടെ സർക്കാർ അടിസ്ഥാനമേഖലയിൽ ചെലവഴിക്കുന്ന തുക കുറച്ചേക്കാനുള്ള സാധ്യതകളുണ്ട്. കർഷകരെയാണ് ഇത് ആത്യന്തികമായി ബാധിക്കുക. സാമ്പത്തിക ബാധ്യതകൾ കൂടുമ്പോൾ ഉത്പാദനം കുറയുകയും അത് ഭക്ഷ്യപ്രതിസന്ധിയിലേക്ക് നീങ്ങുകയും ചെയ്യും. പ്രതിവർഷം ഏകദേശം 35-40 ദശലക്ഷം ടണ്ണാണ് ഇന്ത്യയുടെ മൊത്തം വളം ഉപഭോഗം. അതിൽ ഏകദേശം 20-25% ഇറക്കുമതി ചെയ്യുന്നു. ഗൾഫ് മേഖലയിൽ നിന്നുള്ള പങ്ക് ഏകദേശം പകുതിയാണെന്ന് പറഞ്ഞല്ലോ. ഹോർമുസിലെ തടസ്സങ്ങൾ നീണ്ടാൽ അത് അടുത്ത വിളക്കാലത്തിന് മുമ്പ് ആഭ്യന്തര സംഭരണത്തെയും റേഷനിങ്ങിനെയും ബാധിച്ചേക്കാം. ആഭ്യന്തരശേഷി വികസിപ്പിക്കൽ പോലുള്ള ബദൽ സ്രോതസ്സുകൾ കണ്ടെത്താൻ ഇന്ത്യ നിർബന്ധിതമാകുമെങ്കിലും അത് ഏറെ സമയമെടുക്കുന്ന പ്രക്രിയയാണ്.
നിലവിലെ പ്രതിസന്ധികൾ ഇപ്പോൾ ഇന്ത്യയെ ബാധിക്കില്ലെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്. പൊതു ധാന്യശേഖരവും സംഭരണവും ഇന്ത്യയിലുണ്ട്. വലിയ തോതിലുള്ള അരി ഉത്പാദനവും കാർഷിക നയങ്ങളും പ്രതിസന്ധിയെ നേരിടാനുള്ള പ്രതിരോധം ഇന്ത്യയ്ക്ക് നൽകുന്നുണ്ട്. ഭക്ഷ്യ കോർപ്പറേഷനിൽ (FCI) നിലവിൽ 60.7 ദശലക്ഷം ടൺ അരിയും ഗോതമ്പുമുണ്ട്. നിർദേശിക്കപ്പെട്ട 21 ദശലക്ഷം ടൺ ബഫർ സംഭരണത്തേക്കാൾ 185 ശതമാനം അധികമാണിത്. എന്നാൽ, ഈ കരുതൽ ശേഖരങ്ങൾ താത്കാലിക ആശ്വാസം മാത്രമേ നൽകുന്നുള്ളൂവെന്നാണ് വിദഗ്ധാഭിപ്രായം. ഹോർമുസിലെ തടസ്സങ്ങൾ പ്രതീക്ഷിക്കുന്നതിലും അപ്പുറത്തേക്ക് കാര്യങ്ങൾ കൊണ്ടെത്തിച്ചേക്കാം. വളത്തിന്റെ ലഭ്യതക്കുറവ് പതിയെ ഉത്പാദനക്ഷമതയെ ബാധിക്കുകയും അത് വിലക്കയറ്റത്തിലേയ്ക്ക് വഴിതുറക്കുകയും ചെയ്യും. താഴ്ന്ന വരുമാനമുള്ള കുടുംബങ്ങളാണ് ഇതിന്റെ ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കേണ്ടിവരിക. രാജ്യത്തിന്റെ പൊതു വിതരണ സംവിധാനത്തെ പോലും ഇത് ബാധിക്കാം. അടുത്ത വിത്ത് വിതക്കാലത്തും തടസ്സങ്ങൾ തുടരുകയാണെങ്കിൽ രാജ്യം ഒരു 'രണ്ടാം ഘട്ട' ഷോക്ക് നേരിടാൻ സാധ്യതയുണ്ടെന്ന് കണക്കുകൾ പറയുന്നു.
ഖാരിഫ് സീസണിന് (ഏപ്രിൽ-സെപ്റ്റംബർ) മുമ്പ് യൂറിയ, ഡിഎപി ക്ഷാമം ഉണ്ടായേക്കാമെന്ന ആശങ്കയിൽ കർഷകർ വളം വാങ്ങിക്കൂട്ടുന്ന പ്രവണത ആരംഭിച്ചിട്ടുണ്ട്. ഇത് കൃത്രിമ ക്ഷാമമുണ്ടാക്കുകയും വിലക്കയറ്റത്തിലേക്കുകയും ചെയ്യും. എന്നാൽ, ഭയപ്പെടേണ്ടതില്ലെന്നാണ് സർക്കാർ വിശദീകരിക്കുന്നത്. ഗൾഫ് മേഖലയുടെ ആശ്രിതത്വം കുറച്ച് റഷ്യ, ഇൻഡൊനീഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യാനുള്ള ബദൽ മാർഗങ്ങൾ ഇന്ത്യ തേടുകയാണ്. 2.5 മില്യൺ മെട്രിക് ടൺ യൂറിയ അധികമായി എത്തിക്കാനുള്ള ടെണ്ടറും ഇന്ത്യ നൽകിയിട്ടുണ്ട്. കഴിഞ്ഞ ഖാരിഫ് സീസണേക്കാൾ അധിക സബ്‌സിഡി നൽകുമെന്നും രാസവളത്തിന്റെ വില നിലവിലുള്ളതിൽ തുടരുമെന്നും സർക്കാർ ഉറപ്പ് നൽകുന്നു. ഇറക്കുമതി ആശ്രിതത്വം കുറയ്ക്കാൻ ബയോഫെർട്ടിലൈസറുകളും ഉപയോഗവും ആഭ്യന്തര ഉത്പാദനം വർധിപ്പിക്കാനും സർക്കാർ പ്രോത്സാഹിപ്പിക്കുന്നുണ്ട്.
Content Highlights: Ongoing 2026 geopolitical tensions in the Middle East are causing significant disruptions to global supply chains., The blockade of the Hormuz Strait has led to a critical shortage of natural gas and ammonia, essential for fertilizer production., Global food prices are projected to rise, with 45 million people at risk of food insecurity by mid-2026., India, as a major importer of Gulf fertilizers, faces severe agricultural output threats due to rising import costs and logistics delays., Major exporters like Saudi Arabia, Qatar, and the UAE are struggling to maintain normal export volumes due to shipping instabilities.
Published: 13 Apr 2026, 03:12 pm IST
ABOUT THE AUTHOR

Aswathy Anil
aswathyanil@mpp.co.inRelated Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented