വിശാഖപട്ടണം: ആന്ധ്രപ്രദേശ് വരും വർഷങ്ങളിൽ ഇന്ത്യയിലെ ഏറ്റവും വലിയ സ്വർണ്ണ ഉൽപ്പാദക സംസ്ഥാനമായി മാറാനൊരുങ്ങുന്നു. ഖനന മേഖലയിൽ സ്വകാര്യ പങ്കാളിത്തം വർദ്ധിപ്പിക്കാനുള്ള സർക്കാരിന്റെ നീക്കവും പുതുതായി കണ്ടെത്തിയ വൻ ധാതുസമ്പത്തുമാണ് ഈ മാറ്റത്തിന് പിന്നിൽ. സ്വർണ്ണത്തിനായി വിദേശ രാജ്യങ്ങളെ വൻതോതിൽ ആശ്രയിക്കുന്ന ഇന്ത്യയുടെ രീതിക്ക് ഇതോടെ വലിയ മാറ്റമുണ്ടാകുമെന്ന് ഖനന-ഭൂഗർഭ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുകേഷ് കുമാർ മീണയെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു.
കർണൂൽ ജില്ലയിലെ ജോന്നഗിരി ഗ്രാമത്തിൽ മാത്രം 50 ടൺ സ്വർണ്ണ നിക്ഷേപമാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. രാമഗിരി, ജവ്വകുല, ചിഗുരുകുണ്ട തുടങ്ങി മറ്റ് നാല് സുപ്രധാന ഇടങ്ങളിൽ കൂടി സ്വർണ്ണ ഖനനത്തിനുള്ള സാധ്യതകൾ ആന്ധ്ര സർക്കാർ കണ്ടെത്തിയിട്ടുണ്ട്. വരും കാലങ്ങളിൽ ഈ മേഖലകളിൽ കൂടി ഖനന അവകാശങ്ങൾ ലേലം ചെയ്യുന്നതിലൂടെ വലിയ അടിസ്ഥാന സൗകര്യ വികസനമാണ് സംസ്ഥാനം ലക്ഷ്യമിടുന്നത്.
2000-ൽ കർണാടകയിലെ പ്രശസ്തമായ കോലാർ ഗോൾഡ് ഫീൽഡ്‌സ് (കെജിഎഫ്) അടച്ചുപൂട്ടിയതിനുശേഷം ഇന്ത്യയിലെ ആഭ്യന്തര സ്വർണ്ണ ഉൽപ്പാദനം വലിയ തോതിൽ കുറഞ്ഞിരുന്നു. നിലവിൽ കർണാടകയിലെ തന്നെ സർക്കാർ ഉടമസ്ഥതയിലുള്ള ഹട്ടി ഗോൾഡ് മൈൻസ് പ്രതിവർഷം 1.5 ടൺ സ്വർണ്ണം മാത്രമാണ് ഉൽപ്പാദിപ്പിക്കുന്നത്. എന്നാൽ ഇന്ത്യയുടെ പ്രതിവർഷ സ്വർണ്ണ ഉപഭോഗം 800 ടണ്ണിലധികം ആയതിനാൽ, ആഭ്യന്തര പര്യവേക്ഷണം ശക്തിപ്പെടുത്തുന്നത് രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം സംരക്ഷിക്കുന്നതിന് ഗുണം ചെയ്യും.
ഇന്ത്യയുടെ ആഭ്യന്തര ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനായി സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ആദ്യത്തെ വൻകിട സ്വകാര്യ സ്വർണ്ണ ഖനന പദ്ധതി ജോന്നഗിരിയിൽ വിജയകരമായി പ്രവർത്തനം ആരംഭിച്ചു. ജിയോമൈസൂർ സർവീസസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് 400 കോടിയിലധികം രൂപ നിക്ഷേപിച്ചാണ് ഈ ഓപ്പൺ പിറ്റ് മൈൻ വികസിപ്പിച്ചിരിക്കുന്നത്. ഏകദേശം 598 ഹെക്ടറിലായി വ്യാപിച്ചു കിടക്കുന്ന ഈ പ്ലാന്റിൽ നിന്ന് അടുത്ത 15 വർഷത്തേക്ക് പ്രതിവർഷം 1,000 കിലോഗ്രാം ശുദ്ധീകരിച്ച സ്വർണ്ണം ഉൽപ്പാദിപ്പിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
ആധുനിക ഖനനത്തിന് വലിയ സാങ്കേതിക വൈദഗ്ദ്ധ്യം ആവശ്യമാണെന്നും അതുകൊണ്ട് തന്നെ സുതാര്യമായ ലേലത്തിലൂടെയാണ് ഖനന അവകാശങ്ങൾ നൽകുന്നതെന്നും അധികൃതർ വ്യക്തമാക്കി. നിലവിൽ ഒരു ടൺ പാറ പ്രോസസ്സ് ചെയ്യുമ്പോൾ ഏകദേശം ഒന്നുമുതൽ ആറുഗ്രാം വരെ ശുദ്ധമായ സ്വർണ്ണം മാത്രമാണ് ലഭിക്കുന്നത്. കാർബൺ-ഇൻ-ലീച്ച് പോലുള്ള നൂതന സംസ്കരണ രീതികൾ ഉപയോഗിച്ച് കടുപ്പമേറിയ പാറകളിൽ നിന്ന് ശുദ്ധമായ സ്വർണ്ണക്കട്ടകൾ ഉൽപ്പാദിപ്പിക്കാന് സാധിക്കുന്ന പക്ഷം ഇന്ത്യയുടെ ധാതു സ്വയംപര്യാപ്തതയിൽ ആന്ധ്രപ്രദേശ് ഒരു സുപ്രധാന കേന്ദ്രമായി മാറും.
Content Highlights: Andhra Pradesh is set to become India's largest gold supplier. The Jonnagiri project and the future of domestic gold mining.
Published: 19 Jun 2026, 09:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented