
സംസ്ഥാനത്തിന്റെ പ്രത്യേക പദവി എടുത്തുകളയുകയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്ത് ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ജമ്മു കശ്മീരിന് സംസ്ഥാന പദവി പുനഃസ്ഥാപിക്കാനുള്ള ചര്‍ച്ചകള്‍ സജീവമാകുന്നു. സുപ്രീം കോടതിയില്‍ വിഷയം വീണ്ടും പരിഗണിക്കുന്നതും ഡല്‍ഹിയിലും കശ്മീരിലും നടക്കുന്ന തിരക്കിട്ട ചര്‍ച്ചകളുമെല്ലാമാണ് സാമൂഹ്യ മാധ്യമങ്ങളിലുള്‍പ്പടെ ഈ ചര്‍ച്ചകള്‍ സജീവമാക്കിയത്. സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതിനായി പാര്‍ലമെന്റ് സമ്മേളനത്തില്‍ ബില്‍ കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനിടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ഞായറാഴ്ച രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ സന്ദര്‍ശിച്ചതും ഈ അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടി. അടുത്ത മന്ത്രിസഭായോഗത്തില്‍ ബില്ലിന് അംഗീകാരം നല്‍കി ഈമാസം 21-ന് അവസാനിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കാനാണ് നീക്കമെന്നാണ് സര്‍ക്കാരിനോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
2019 ഓഗസ്റ്റ് അഞ്ചിനാണ് 370-ാം അനുച്ഛേദം റദ്ദാക്കിയത്. ഇതോടൊപ്പം സംസ്ഥാനത്തിനെ ജമ്മു-കശ്മീര്‍, ലഡാക്ക് എന്നീ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റുകയും ചെയ്തു. കേന്ദ്രനടപടി 2023 ഡിസംബര്‍ 11-ന് സുപ്രീം കോടതി ശരിവെച്ചെങ്കിലും സംസ്ഥാനപദവി സമയബന്ധിതമായി പുനഃസ്ഥാപിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. ജമ്മു-കശ്മീരിനെ കേന്ദ്രഭരണപ്രദേശങ്ങളാക്കിയത് സ്ഥിരമായിട്ടല്ലെന്നും സംസ്ഥാന പദവി തിരിച്ചുനല്‍കുമെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചിരുന്നു. സുപ്രീം കോടതി നിര്‍ദേശപ്രകാരം, 2024 സെപ്റ്റംബറില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ അധികാരത്തിലെത്തിയെങ്കിലും സംസ്ഥാന പദവി തിരിച്ചുനല്‍കിയിരുന്നില്ല.

തിരിച്ചെത്തുമോ സംസ്ഥാന പദവി
പിഡിപി-ബിജെപി സഖ്യം നയിച്ച സര്‍ക്കാര്‍ വീണതിന് പിന്നാലെ 2018 ജൂണ്‍ മുതല്‍ കേന്ദ്രഭരണത്തിലായിരുന്നു കശ്മീര്‍. കാലാവധി തീരാന്‍ ഒരു വര്‍ഷം ബാക്കി നില്‍ക്കേയായിരുന്നു സംസ്ഥാന നിയമസഭ പിരിച്ചുവിട്ട് കേന്ദ്ര ഭരണം ഏര്‍പ്പെടുത്തിയത്. 22 വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു താഴ്‌വരയില്‍ കേന്ദ്ര ഭരണം വീണ്ടുമെത്തിയത്. തുടർന്ന് സങ്കീര്‍ണമായൊരു നിയമപ്രക്രിയയിലൂടെയാണ് കേന്ദ്രസര്‍ക്കാര്‍ 2019-ല്‍ കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയത്. ഇന്ത്യന്‍ ഭരണഘടനയിലെ 370-ാംവകുപ്പാണ് കശ്മീരിനു പ്രത്യേകപദവി അനുവദിച്ചത്. അതേ 370-ാംവകുപ്പിലെ വ്യവസ്ഥകളുടെ വ്യാഖ്യാനത്തിലൂടെയാണ് ആ വകുപ്പുതന്നെ റദ്ദാക്കിക്കളഞ്ഞത്. 370-ാംവകുപ്പുപ്രകാരം, ആ വകുപ്പ് അസാധുവാക്കുന്നതിനുള്ള അധികാരം കശ്മീര്‍ ഭരണഘടനാസഭയിലാണ് നിക്ഷിപ്തമാക്കിയിരുന്നത്. 1957-ല്‍ ഭരണഘടനയ്ക്ക് അംഗീകാരംനല്‍കിയശേഷം സഭ പിരിച്ചുവിട്ടിരുന്നു.
കശ്മീര്‍ ഭരണഘടനാസഭയുടെ അധികാരം സംസ്ഥാനനിയമസഭയില്‍ നിക്ഷിപ്തമായതായുള്ള വ്യാഖ്യാനമടങ്ങിയ ഉത്തരവ് രാഷ്ട്രപതി 2019 ഓഗസ്റ്റ് അഞ്ചിന് പുറപ്പെടുവിച്ചു. അന്ന് സംസ്ഥാനം കേന്ദ്രഭരണത്തിലായിരുന്നു. അതിനാല്‍ ആ ഘട്ടത്തില്‍ കശ്മീര്‍ നിയമസഭയുടെ അധികാരങ്ങള്‍ ഇന്ത്യന്‍ പാര്‍ലമെന്റില്‍ നിക്ഷിപ്തമാണെന്നും ഉത്തരവില്‍ വ്യാഖ്യാനിച്ചു. തുടര്‍ന്ന്, സംസ്ഥാനത്തിന്റെ പ്രത്യേകപദവി റദ്ദാക്കാനും കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കാനുമുള്ള പ്രമേയങ്ങള്‍ പാര്‍ലമെന്റില്‍ പാസാക്കി. രാജ്യത്തെ പാര്‍ലമെന്ററി സംവിധാനത്തില്‍ കേട്ടുകേള്‍വിയില്ലാത്ത നീക്കമായിരുന്നു അത്. അന്നുവരെ നിലവിലുണ്ടായിരുന്ന ജമ്മു കശ്മീർ സംസ്ഥാനത്തെ, സംസ്ഥാനപദവി എടുത്തുകളഞ്ഞ് ജമ്മു-കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണപ്രദേശങ്ങളായി വിഭജിച്ചുകൊണ്ടാണ് പുനഃസംഘടനാനിയമം പാര്‍ലമെന്റ് പാസാക്കിയത്. ലഡാക്കിനെ നിയമസഭയില്ലാത്ത കേന്ദ്രഭരണ പ്രദേശമായാണ് വിഭാവനം ചെയ്തത്.
പ്രത്യേക പദവി റദ്ദാക്കുകയും സംസ്ഥാനത്തെ വിഭജിക്കുകയും ചെയ്ത നടപടിക്കെതിരെ രാജ്യമൊട്ടാകെ പ്രതിഷേധം ആളിക്കത്തിയിരുന്നു. ഈ തീരുമാനങ്ങള്‍ക്കെതിരെ സുപ്രീം കോടതിയില്‍ ദീര്‍ഘമായ നിയമയുദ്ധങ്ങളും നടന്നു. സംസ്ഥാനത്തെ പ്രധാന രാഷ്ട്രീയ നേതാക്കളെല്ലാം അറസ്റ്റിലാവുകയോ വീട്ടുതടങ്കലിലാവുകയോ ചെയ്തു. 2023 സെപ്തംബര്‍ 11-ന് പ്രത്യേക പദവി എടുത്തുകളഞ്ഞ നടപടി ശരിവെച്ച സുപ്രീം കോടതി, സംസ്ഥാന പദവി തിരികെ നല്‍കണമെന്നും നിര്‍ദേശിച്ചിരുന്നു. നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന പദവി തിരിച്ചുനല്‍കുമെന്നായിരുന്നു പാര്‍ലമെന്റില്‍ പ്രധാനമന്ത്രി ഉള്‍പ്പടെയുള്ളവര്‍ പറഞ്ഞത്.
ജനാധിപത്യത്തെ മുറുകെപ്പിടിച്ച ജനങ്ങള്‍
സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടത്താന്‍ സുപ്രീം കോടതി സമയപരിധി വെച്ചതോടെ കേന്ദ്ര സര്‍ക്കാര്‍ ഇതിന് തയ്യാറാവുകയായിരുന്നു. മണ്ഡല പുനര്‍നിര്‍ണയ കമ്മീഷന്‍ 2022 മേയില്‍ നല്‍കിയ ശുപാര്‍ശകള്‍ വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. ഹിന്ദു ഭൂരിപക്ഷമായ ജമ്മുവില്‍ ആറ് സീറ്റ് പുതിയതായി ചേര്‍ത്തപ്പോള്‍ മുസ്ലിം ഭൂരിപക്ഷമായ കശ്മീരില്‍ ഒരെണ്ണമാണ് അധികം ചേര്‍ത്തിരുന്നത്. കശ്മീരിലായിരുന്നു ജമ്മുവിനേക്കാള്‍ ജനസംഖ്യ കൂടുതല്‍. ഇതിനെതിരായ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളിയതോടെ നിയമസഭ തിരഞ്ഞെടുപ്പ് നടത്താനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോയി. ജനങ്ങള്‍ക്കിടയിലെ അരക്ഷിതാവസ്ഥ ദുരീകരിക്കാനായി എത്രയും വേഗം തിരഞ്ഞെടുപ്പ് നടത്തി ജനാധിപത്യം പുനഃസ്ഥാപിക്കണമെന്നാണ് പ്രാദേശിക പാര്‍ട്ടികളും കോണ്‍ഗ്രസും ബിജെപിയുടെ പ്രാദേശിക ഘടകവുമെല്ലാം നിരന്തരം ആവശ്യപ്പെട്ടിരുന്നത്.
ഇതിനെ തുടര്‍ന്ന് 2024 സെപ്തംബര്‍ ഒക്ടോബര്‍ മാസങ്ങളിലായി സംസ്ഥാനത്ത് നിയമസഭ തിരഞ്ഞെടുപ്പ് നടന്നു. ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകളില്‍ കശ്മീരിലെ ജനങ്ങള്‍ സ്വീകരിച്ച സമീപനം ജനാധിപത്യത്തില്‍ അവര്‍ക്കുള്ള വിശ്വാസം വ്യക്തമാക്കുന്നതായിരുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ദേശീയ തലത്തില്‍ വോട്ടിങ് ശതമാനം കുറഞ്ഞപ്പോള്‍ ജമ്മു കശ്മീരില്‍ സ്ഥിതി മറിച്ചായിരുന്നു. തീവ്രവാദ ഭീഷണികള്‍ വകവെക്കാതെയും തിരഞ്ഞെടുപ്പ് ബഹിഷ്‌കരണ ആഹ്വാനങ്ങള്‍ തള്ളിക്കളഞ്ഞും ജനങ്ങള്‍ ജനാധിപത്യത്തിനായി വോട്ടുചെയ്തു. 35 വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന പോളിങ്ങായിരുന്നു അത്. നിയമസഭ തിരഞ്ഞെടുപ്പിലും സമാനമായ സാഹചര്യമായിരുന്നു ഉണ്ടായത്.

പ്രത്യേകപദവി റദ്ദാക്കിയതിനുശേഷംനടന്ന ആദ്യ നിയമസഭ തിരഞ്ഞെടുപ്പില്‍, കശ്മീര്‍ വിഷയത്തില്‍ ബിജെപിയുടെ കടുത്തവിമര്‍ശകരായ നാഷണല്‍ കോണ്‍ഫറന്‍സ് അധികാരത്തിലെത്തിയത് കേന്ദ്രസര്‍ക്കാരിന് തിരിച്ചടിയായിരുന്നു. നാഷണല്‍ കോണ്‍ഫറന്‍സ്-കോണ്‍ഗ്രസ് സഖ്യത്തിനുണ്ടായ നേട്ടം കശ്മീർ ജനതയുടെ രാഷ്ട്രീയ മറുപടിയായാണ് വിലയിരുത്തപ്പെട്ടത്. നാഷണല്‍ കോണ്‍ഫ്രന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള മുഖ്യമന്ത്രിയായി തിരികെയെത്തിയതോടെ സംസ്ഥാന പദവിക്കായുള്ള ആവശ്യം ശക്തമായിരുന്നു. സംസ്ഥാനത്തിന് പ്രത്യേക പദവി തിരിച്ചുനല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം ജമ്മു-കശ്മീര്‍ സര്‍ക്കാര്‍ നിയമസഭയില്‍ കൊണ്ടുവന്നതും വീണ്ടും വിഷയം ചര്‍ച്ചയാകാന്‍ കാരണമായി. പിന്നീട് നടന്ന പഹല്‍ഗാം ഭീകരാക്രമണവും പാകിസ്താനുമായുള്ള യുദ്ധവുമെല്ലാം സ്ഥിതിഗതികള്‍ സങ്കീര്‍ണമാക്കിയിരുന്നു. ഇപ്പോൾ വിഷയം വീണ്ടും കോടതിക്ക് മുന്നിൽ എത്തുന്നതാണ് കേന്ദ്ര സർക്കാരിനെ സമ്മർദ്ദത്തിലാക്കിയത്.
നടപടിക്രമങ്ങള്‍ ഇങ്ങനെ
സംസ്ഥാന പദവി റദ്ദാക്കിയത് സങ്കീര്‍ണമായ നടപടികളിലൂടെയാണെങ്കില്‍ തിരിച്ചു നല്‍കല്‍ താരതമ്യേന എളുപ്പമാണ്. ഇതിനായി ആദ്യം നിലവിലുള്ള ജമ്മു കശ്മീര്‍ പുനഃസംഘടനാ നിയമം റദ്ദാക്കേണ്ടതുണ്ട്. കൂടാതെ പുതിയൊരു ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിക്കണം. ഇത് ലോക്‌സഭയിലും രാജ്യസഭയിലും പാസാകണം. ഭരണഘടനയുടെ അനുച്ഛേദം മൂന്ന് പ്രകാരം പുതിയ സംസ്ഥാനങ്ങള്‍ രൂപീകരിക്കാനും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്ക് സംസ്ഥാന പദവി നല്‍കാനും സംസ്ഥാനങ്ങളുടെ പേര് മാറ്റാനും പാര്‍ലമെന്റിന് അധികാരമുണ്ട്. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട ബില്ല് രാഷ്ട്രപതിയുടെ ശുപാര്‍ശയില്‍ മാത്രമേ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ സാധിക്കുകയുള്ളു. മന്ത്രിസഭയുടെ ഉപദേശപ്രകാരമാണ് സാധാരണഗതിയില്‍ രാഷ്ട്രപതി ശുപാര്‍ശ നല്‍കുക. ചുരുക്കത്തില്‍ കേന്ദ്ര സര്‍ക്കാരിന് മാത്രമേ ഇത്തരമൊരു ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ സാധിക്കുകയുള്ളു. പാര്‍ലമെന്റ് നേരത്തെ അഞ്ച് തവണ കേന്ദ്രഭരണ പ്രദേശങ്ങള്‍ക്ക് സംസ്ഥാനപദവി നല്‍കിയിട്ടുണ്ട്. 1971-ല്‍ ഹിമാചല്‍ പ്രദേശ്, 1972-ല്‍ മണിപ്പൂര്‍, ത്രിപുര, 1987-ല്‍ അരുണാചല്‍ പ്രദേശ്, മിസോറാം എന്നിവയ്ക്ക് സംസ്ഥാന പദവി നല്‍കുകയും 1987-ല്‍ അന്നത്തെ ഗോവ, ദാമന്‍ ദിയു കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്ന് ഗോവ സംസ്ഥാനം രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്.

പൂര്‍ണ സംസ്ഥാന പദവിയോ ഡല്‍ഹി മോഡലോ?
സംസ്ഥാന പദവി തിരിച്ചുകിട്ടിയാല്‍ അത് വലിയ രീതിയില്‍ കശ്മീരിനെ സ്വാധീനിക്കും. നിലവില്‍ കേന്ദ്ര സര്‍ക്കാരിനും ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്കും കീഴില്‍ പരിമിതമായ അധികാരങ്ങളാണ് സംസ്ഥാന സര്‍ക്കാരിനുള്ളത്. എന്നാല്‍, സംസ്ഥാന പദവി തിരിച്ചുനല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനമെടുത്തിട്ടുണ്ടെങ്കിലും അത് പൂര്‍ണ സംസ്ഥാന പദവിയായിരിക്കില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട അന്വേഷണങ്ങളും സൈനിക നടപടികളും പൂര്‍ണമായി അവസാനിച്ചിട്ടില്ല. പാകിസ്താന്‍ ഉയര്‍ത്തുന്ന വെല്ലുവിളികളും പാക് അധീന കശ്മീരിലെ അരക്ഷിതാവസ്ഥയുമെല്ലാം തുടരുന്നുമുണ്ട്. അതിനപ്പുറത്ത് സംസ്ഥാനത്ത് അധികാരത്തിലുള്ളത് നാഷണല്‍ കോണ്‍ഫ്രന്‍സ് നേതൃത്വത്തിലുള്ള ഇന്ത്യ സഖ്യമാണെന്നതും പൂര്‍ണ സംസ്ഥാന പദവിക്കുള്ള തടസമായി കേന്ദ്ര സര്‍ക്കാര്‍ കാണുന്നുണ്ട്. അതിനാല്‍ ഡല്‍ഹി മാതൃകയില്‍ പരിമിതസ്വഭാവമുള്ള സംസ്ഥാന പദവി അനുവധിക്കാനാണ് സാധ്യത
ഇത് മുന്‍കൂട്ടിക്കണ്ട് ആവശ്യമായ ഇടപെടലുകള്‍ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ നടത്തിയിരുന്നു. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ വന്നാലും സംസ്ഥാന പോലീസിന്റെ നിയന്ത്രണം ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്കായിരിക്കുമെന്ന് 2019-ല്‍ പാര്‍ലമെന്റ് പാസാക്കിയ ജമ്മു-കശ്മീര്‍ പുനഃസംഘടനാ നിയമത്തില്‍ത്തന്നെ വ്യവസ്ഥയുണ്ട്. ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്കുള്ള മറ്റ് അധികാരങ്ങള്‍ വര്‍ധിപ്പിച്ചതും ഇതിന്റെ ഭാഗമായാവാം. സംസ്ഥാന പദവി നല്‍കിയാലും ഈ അധികാരങ്ങളോടെ ലഫ്റ്റനന്റ് ഗവര്‍ണര്‍ തുടരാനാണ് സാധ്യത. എന്നാല്‍, പൂര്‍ണ സംസ്ഥാന പദവിയല്ലാത്ത ഒന്നിനും സംസ്ഥാന സര്‍ക്കാരും പ്രതിപക്ഷവും അംഗീകരിക്കാന്‍ സാധ്യതയില്ല. അല്ലാത്തപക്ഷം മുഖ്യമന്ത്രി പദമുള്‍പ്പടെയുള്ളവ നോക്കുകുത്തിയാവും.
ഡല്‍ഹി ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളുടെ അനുഭവങ്ങള്‍ ഒമര്‍ അബ്ദുള്ളയ്ക്ക് മുന്‍പിലുണ്ട്. പൂര്‍ണ സംസ്ഥാന പദവി ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ഉയര്‍ത്തിയാണ് ഒമര്‍ അധികാരത്തിലെത്തിയതും. അതിനാല്‍ തന്നെ ഈ വിഷയത്തിലെ പ്രതിഷേധങ്ങള്‍ തുടരാനാണ് സാധ്യത. ഔദാര്യമല്ല ചോദിക്കുന്നതെന്നും സംസ്ഥാന പദവി ഞങ്ങളുടെ അവകാശമാണെന്നുമുള്ള ഒമറിന്റെ പ്രസ്താവനയും വിരള്‍ ചൂണ്ടുന്നത് ഇതിലേക്ക് തന്നെ. ഫെഡറൽ തത്വങ്ങളുടെ ലംഘനം ഉൾപ്പടെ ചൂണ്ടിക്കാട്ടി പ്രതിപക്ഷവും പ്രതിഷേധവുമായി എത്തിയേക്കും.
Content Highlights: statehood for jammu and kashmir process and impact
Published: 08 Aug 2025, 10:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented