ലഡാക്ക്: കേന്ദ്രഭരണ പ്രദേശമായ ലഡാക്കിൽ പുതിയ അഞ്ച് ജില്ലകൾ രൂപവത്കരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട കേന്ദ്രത്തിന്റെ വിജ്ഞാപനത്തിന് ലെഫ്റ്റനന്റ് ഗവർണർ വി.കെ. സക്‌സേന അംഗീകാരം നൽകി. തിങ്കളാഴ്ച ഗവർണർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പുതിയ ജില്ലകൾ രൂപീകരിക്കുന്നതോടെ ലഡാക്കിലെ ആകെ ജില്ലകളുടെ എണ്ണം അഞ്ചായി ഉയരും.

To advertise here,

ലഡാക്കിന് ചരിത്രദിനമെന്ന് വിശേഷിപ്പിച്ചാണ് അദ്ദേഹം വിജ്ഞാപനത്തിന് അനുമതി നൽകിയ കാര്യം പ്രഖ്യാപിച്ചത്. ലഡാക്കിൽ അഞ്ച് പുതിയ ജില്ലകൾ രൂപവത്കരിക്കുന്നതിനുള്ള വിജ്ഞാപനത്തിന് അനുമതി നൽകിയിട്ടുണ്ട്. ഇത് ലഡാക്കിലെ ജനങ്ങളുടെ അഭിലാഷങ്ങളും ദീർഘകാലമായുള്ള ആവശ്യവുമാണ് നിറവേറ്റുന്നത്. സാൻസ്‌കർ, ഡ്രാസ്സ്, ഷാം, ന്യൂബ്ര, ചാങ്തങ് എന്നീ അഞ്ച് പുതിയ ജില്ലകളാണ് രൂപവത്കരിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസിതവും സമ്പന്നവുമായ ലഡാക്ക് എന്ന കാഴ്ചപ്പാടിന് അനുസൃതമായാണ് ഇതെന്നും വി.കെ. സക്‌സേന എക്സിൽ കുറിച്ചു.

2024 ഓഗസ്റ്റിൽ ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ആഭ്യന്തര മന്ത്രാലയം അംഗീകരിച്ച ഈ തീരുമാനം, അടിസ്ഥാന തലത്തിലുള്ള ഭരണം ശക്തിപ്പെടുത്തുകയും ലഡാക്കിലെ ജനങ്ങൾക്ക്, പ്രത്യേകിച്ച് ഉൾപ്രദേശങ്ങളിലെ ആളുകൾക്ക് പൊതുസേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുതിയ ജില്ലകൾ രൂപീകരിക്കുന്നത്, ഭരണകൂടം പൗരന്മാരുമായി കൂടുതൽ അടുക്കാൻ കാരണമാകുന്നതിനു പുറമെ, വളർച്ചയ്ക്കും തൊഴിൽ ലഭ്യതയ്ക്കും സംരംഭകത്വത്തിനും പുതിയ വഴികൾ തുറന്നിടും. ഈ ചരിത്രപരമായ തീരുമാനത്തിലൂടെ ലഡാക്കിലെ ഓരോ പൗരനും പ്രയോജനം നേടുമെന്ന് ഞാൻ ഒരിക്കൽക്കൂടി ഉറപ്പുനൽകുന്നു. കൂടുതൽ ശോഭനവും ശക്തവും സമ്പന്നവുമായ ഒരു ഭാവിയിലേക്ക് നമ്മൾ ഒരുമിച്ച് നീങ്ങുകയാണ്, അദ്ദേഹം കുറിച്ചു.

2019-ലാണ് ജമ്മു-കശ്മീരിന് പ്രത്യേകപദവി നൽകിയിരുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം കേന്ദ്രസർക്കാർ പിൻവലിച്ചത്. ജമ്മു കശ്മീർ, ലഡാക്ക് എന്നീ പ്രദേശങ്ങൾ കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിച്ചു. നിയമസഭയുള്ള കേന്ദ്രഭരണ പ്രദേശമാണ് ജമ്മു കശ്മീർ.