ന്യൂഡല്‍ഹി: ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയതിലൂടെ ജമ്മു കശ്മീരിനെ ദീര്‍ഘകാലമായി അലട്ടിയിരുന്ന ഗുരുതരപ്രശ്‌നം അവസാനിച്ചതായി മുന്‍ വിദേശകാര്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സല്‍മാന്‍ ഖുര്‍ഷിദ്. അനുച്ഛേദം റദ്ദാക്കിയതിലൂടെ ജമ്മു കശ്മീരിന്റെ ഈ വേര്‍തിരിവ് ചിന്തയ്ക്ക്‌ അന്ത്യമായതോടെ പ്രദേശം സമൃദ്ധമായിത്തുടങ്ങിയതായും സല്‍മാന്‍ ഖുര്‍ഷിദ് കൂട്ടിച്ചേര്‍ത്തു. കശ്മീരിന് പ്രത്യേക പദവി അനുവദിച്ചിരുന്ന ഭരണഘടനയുടെ പ്രസ്തുതഭാഗം 2019 ഓഗസ്റ്റിലാണ് ബിജെപി സര്‍ക്കാര്‍ റദ്ദാക്കിയത്. 

To advertise here,

ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ നിന്ന് വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന സര്‍വകക്ഷി പ്രതിനിധിസംഘത്തില്‍ അംഗമായ സല്‍മാന്‍ ഖുര്‍ഷിദ് ഇന്തോനീഷ്യയിലെ ഉന്നതതല ഉദ്യോഗസ്ഥരുമായി സംസാരിക്കവെയാണ് ഇത്തരമൊരു അഭിപ്രായപ്രകടനം നടത്തിയത്. ജനതാദള്‍ (യു) നേതാവ് സഞ്ജയ് കുമാര്‍ ഝാ നേതൃത്വം നല്‍കുന്ന സംഘത്തിനൊപ്പമാണ് സല്‍മാന്‍ ഖുര്‍ഷിദ് ഇന്തോനീഷ്യയിലെത്തിയത്.  

'ദീര്‍ഘനാളായി കശ്മീരില്‍ ഗുരുതരമായ പ്രശ്‌നമുണ്ടായിരുന്നു. രാജ്യത്തെ മറ്റുപ്രദേശങ്ങളില്‍നിന്ന് വേറിട്ടതാണ് തങ്ങളെന്ന ചിന്ത കശ്മീരില്‍ നിഴലിച്ചിരുന്നു. ഇത് ഭരണഘടനയുടെ 370-ാം അനുച്ഛേദത്തെ കുറിച്ചുള്ള കേന്ദ്രസര്‍ക്കാരിന്റെ ആലോചനകളില്‍ പ്രതിഫലിച്ചു. എന്നാല്‍ ആ അനുച്ഛേദം റദ്ദാക്കിയതോടെ ആ പ്രശ്‌നം അവസാനിച്ചു', സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു. 370-ാം അനുച്ഛേദം റദ്ദാക്കിയതിന് ശേഷമുള്ള കാലം കശ്മീര്‍ പുരോഗതിയുടെ പാതയിലാണെന്നും സംസ്ഥാനത്ത് തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ നിലവില്‍ വന്നതായും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 65 ശതമാനം ജനങ്ങള്‍ വോട്ടവകാശം വിനിയോഗിച്ചതായും സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു.