
സാമ്പത്തിക പ്രതിസന്ധികളെത്തുടര്‍ന്നുള്ള രാഷ്ട്രീയ അരക്ഷിതാവസ്ഥയ്ക്ക് സാക്ഷ്യം വഹിച്ച ശ്രീലങ്ക വീണ്ടുമൊരു തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുകയാണ്. സെപ്റ്റംബര്‍ 21-ന് രാജ്യത്തിന്റെ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാന്‍ ജനം വിധിയെഴുതും. ജനകീയ പ്രതിഷേധത്തേത്തുടര്‍ന്ന് അധികാരത്തില്‍നിന്ന് പുറത്തായ രാജപക്‌സെ കുടുംബത്തിന്റെ തിരിച്ചുവരവിന് ഈ തിരഞ്ഞെടുപ്പ് കളമൊരുക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. രാജപക്‌സെ കുടുംബത്തിലെ ഇളമുറക്കാരനും മഹിന്ദ രാജപക്‌സെയുടെ മകനുമായ നമല്‍ രാജപക്‌സെയാണ് ശ്രീലങ്ക പൊതുജന പെരുമുനയുടെ (എസ്.എല്‍.പി.പി.) സ്ഥാനാര്‍ഥിയായി കളത്തിലിറങ്ങുന്നത്. നിലവിലെ പ്രസിഡന്റ് റനില്‍ വിക്രമസിംഗെയ്ക്ക് എതിരായ ശക്തമായ മത്സരമാണ് നമലും എസ്.എല്‍.പി.പിയും ലക്ഷ്യമിടുന്നത്. വിക്രമസിംഗെയെയും നമലിനേയും കൂടാതെ, പ്രതിപക്ഷനേതാവ് സജിത് പ്രേമദാസ, ജെ.വി.പി. നേതാവ് അരുണ കുമാര ദിസനായകെ, മുന്‍ സേനാമേധാവി ശരത് ഫൊണ്‍സെക എന്നിവരും കളത്തിലിറങ്ങുമ്പോള്‍ മത്സരം കൊഴുക്കും.
2022-ല്‍ ജനകീയ പ്രക്ഷോഭത്തെത്തുടര്‍ന്ന് ഗോതബയ രാജപക്‌സെ പ്രസിഡന്റ് സ്ഥാനം രാജിവെച്ചതോടെയാണ് യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടിയുടെ ഏക പാര്‍ലമെന്റംഗമായ റനില്‍ വിക്രമസിംഗെ അധികാരത്തിലെത്തിയത്. രാജപക്‌സെ കുടുംബത്തിന്റെ പിന്തുണയോടെയാണ് പാര്‍ലമെന്റില്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റനില്‍ വിജയിച്ചത്. പിന്നാലെ ശ്രീലങ്കയില്‍ പൊതുതിരഞ്ഞെടുപ്പ് നേരത്തെയാക്കണമെന്ന് പ്രതിപക്ഷ കക്ഷികള്‍ ആവശ്യപ്പെട്ടു. റനില്‍ വിക്രമസിംഗെയ്ക്ക് അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്നും പാര്‍ലമെന്റ് പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നേരത്തെയാക്കണമെന്നുമാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. പക്ഷേ, പാര്‍ലമെന്റിന് 2024 നവംബര്‍ വരെ കാലാവധിയുണ്ടെന്ന് ചൂണ്ടിക്കാണിച്ച് ഇത് റനില്‍ നിരസിച്ചു. രണ്ട് വര്‍ഷത്തിന് ശേഷം തിരഞ്ഞെടുപ്പ് കമ്മിഷന്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച അതേദിവസം സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് അദ്ദേഹം വീണ്ടും ഞെട്ടിച്ചു. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നു പ്രഖ്യാപിച്ച അദ്ദേഹത്തിന് നൂറോളം എസ്.എല്‍.പി.പി. പാര്‍ലമെന്റ് അംഗങ്ങള്‍ പിന്തുണയും പ്രഖ്യാപിച്ചു. ഇതിന് പിന്നാലെയാണ് ശ്രീലങ്ക പൊതുജന പെരുമുന നമലിനെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. ആരാണ് നമല്‍ രാജപക്‌സെ? എന്തുകൊണ്ടാണ് ശ്രീലങ്ക പൊതുജന പെരുമുന നമലിനെ സ്ഥാനാര്‍ഥിയാക്കിയത്?

ആരാണ് നമല്‍ രാജപക്‌സെ ?
ശ്രീലങ്കയില്‍ ഏറ്റവും രാഷ്ട്രീയ സ്വാധീനമുള്ള രാജപക്‌സെ കുടുംബത്തിലെ അംഗവും മുന്‍ പ്രസിഡന്റ് മഹിന്ദ രാജപക്‌സെയുടെ മൂത്തമകനുമാണ് നമല്‍ രാജപക്‌സെ.1986 ഏപ്രില്‍ 10-ന് മഹിന്ദ രാജപക്സെയുടെയും ശിരന്തിയുടെയും മകനായാണ് നമല്‍ ജനിച്ചത്. ശ്രീലങ്കയിലെ ഏറ്റവും പ്രസിദ്ധമായ സ്വകാര്യ വിദ്യാലയങ്ങളിലൊന്നായ മൗണ്ട് ലാവിനിയയിലെ സെന്റ്. തോമസ് കോളേജിലാണ് നമല്‍ പഠിച്ചത്. സ്‌കൂള്‍ വിദ്യാഭ്യാസകാലത്ത് റഗ്ബി താരമായിരുന്നു അദ്ദേഹം. 2000-ല്‍ ശ്രീലങ്കന്‍ ദേശീയ അണ്ടര്‍ 16 ടീമിനെ നയിച്ച നമല്‍ 2002-ല്‍ സെന്റ് തോമസ് സ്‌കൂളിന്റെ സീനിയര്‍ ടീമിനുവേണ്ടിയും കളിച്ചു. 2004-ല്‍ ശ്രീലങ്കയുടെ അണ്ടര്‍ 19 ടീമിന്റെ നായകനായി. സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം നിയമം പഠിക്കാന്‍ കാര്‍ഡിഫ് സര്‍വകലാശാലയില്‍ ചേര്‍ന്നു. കാര്‍ഡിഫിലെ പഠനകാലത്ത് സര്‍വകലാശാല റഗ്ബി ടീമില്‍ നമല്‍ കളിച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹം ലണ്ടനിലെ സിറ്റി യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്നു. 2009 അവിടെ നിന്ന് നിയമബിരുദം നേടി. പിന്നാലെ ശ്രീലങ്കന്‍ ലോ കോളേജില്‍ അഭിഭാഷകനായി യോഗ്യത നേടാനായി കോഴ്സിന് ചേര്‍ന്നു. 2009-ല്‍ പ്രിലിമിനറി പരീക്ഷ എഴുതുകയും വിജയിക്കുകയും ചെയ്തു. ഈ പരീക്ഷ വലിയ വിവാദമാണ് ശ്രീലങ്കയിലുണ്ടാക്കിയത്. 2011 ഡിസംബര്‍ 15-ന് ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെയുള്ള സുപ്രീംകോടതി ജഡ്ജിമാരുടെ മുന്നില്‍ രാജപക്സെ അഭിഭാഷകനായി എന്റോള്‍ ചെയ്തു.
2010 ശ്രീലങ്കന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് വേളയിലാണ് നമല്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത്. ആ വര്‍ഷം യുണൈറ്റഡ് പീപ്പിള്‍സ് ഫ്രീഡം അലയന്‍സ് സ്ഥാനാര്‍ഥിയായി ഹമ്പന്‍ടോട്ട ജില്ലയില്‍ മത്സരിക്കുകയും പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 2005-ല്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് നമലിന്റെ പിതാവ് മഹിന്ദ രാജപക്സെ 16 വര്‍ഷം പ്രതിനിധീകരിച്ച മണ്ഡലമായിരുന്നു ഹംബന്‍ടോട്ട. ഇതോടെ പിതാവിന്റെ പിന്‍ഗാമിയായി നമല്‍ രാഷ്ട്രീയത്തില്‍ ഉയര്‍ന്നുവരുമെന്ന് പലരും വിശ്വസിച്ചു. സര്‍ക്കാര്‍ പരിപാടികളില്‍ സജീവമായി പങ്കെടുത്ത നമല്‍ പുതിയ റോഡുകള്‍, പാലങ്ങള്‍, സ്‌കൂളുകള്‍, മറ്റ് സര്‍ക്കാര്‍ പരിപാടികള്‍ എന്നിവയുടെ ഉദ്ഘാടനച്ചടങ്ങുകളിലും ശ്രദ്ധേയ സാന്നിധ്യമായിരുന്നു. 2015-ല്‍ പിതാവ് മഹിന്ദ രാജപക്സെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിച്ച വേളയില്‍ പ്രചാരണപ്രവര്‍ത്തനങ്ങളിലും നമല്‍ ഉണ്ടായിരുന്നു. 2015-ലും 2020-ലും അദ്ദേഹം വീണ്ടും പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2018-ലെ കോമണ്‍വെല്‍ത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കാനുള്ള ഹംബന്‍ടോട്ടയുടെ ശ്രമത്തിനും രാജപക്സെ നേതൃത്വം നല്‍കി. 2020-ല്‍ പിതൃസഹോദരനായ പ്രസിഡന്റ് ഗോതബയ രാജപക്സ അദ്ദേഹത്തെ യുവജന-കായിക മന്ത്രിയായി നിയമിച്ചു. 2022-ലെ ശ്രീലങ്കന്‍ രാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടെ ഗോതബയ മന്ത്രിസഭയുടെ കൂട്ടരാജിയ്ക്കിടെ നമലും മന്ത്രിസ്ഥാനം രാജിവച്ചു.
2024 മാര്‍ച്ച് 27-ന് ശ്രീലങ്ക പൊതുജന പെരമുനയുടെ ദേശീയ സംഘാടകനായി നമലിനെ നിയമിച്ചു. 2024 ഓഗസ്റ്റ് ഏഴിന് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നമല്‍ രാജപക്സെയെ സ്ഥാനാര്‍ത്ഥിയായി പാര്‍ട്ടി പ്രഖ്യാപിച്ചു. നിലവില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിയാണ് നമല്‍. രാഹുല്‍ ഗാന്ധി, ബിലാവല്‍ ഭൂട്ടോ സര്‍ദാരി എന്നിവരുള്‍പ്പെടെ മേഖലയിലെ മറ്റ് യുവരാഷ്ട്രീയ നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് നമല്‍ രാജപക്സെ. റഷ്യ, പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍, ഇന്ത്യ, ചൈന എന്നിവരുമായുള്ള ബന്ധം ആഗ്രഹിക്കുമ്പോഴും ശ്രീലങ്കയുടെ നിഷ്പക്ഷത നിലനിര്‍ത്താനാണ് നമല്‍ താത്പര്യം പ്രകടിപ്പിച്ചത്. ഇന്ത്യയോടും ചൈനയോടും ഒരുപോലെ ബന്ധം സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്ന രാഷ്ട്രീയക്കാരന്‍. ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കുമിടയില്‍ തെറ്റിദ്ധാരണകളും ശരിയായ ആശയവിനിമയവും ഉണ്ടായിട്ടുണ്ടെങ്കിലും ഇന്ത്യയെ എല്ലായ്പ്പോഴും കുടുംബം പോലെയാണ് കരുതാറുള്ളതെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ഒപ്പം മതം, സംസ്‌കാരം, വാണിജ്യം എന്നിവയില്‍ വേരൂന്നിയ ചൈനയുമായുള്ള ശ്രീലങ്കയുടെ ചരിത്രപരമായ ബന്ധത്തെ ഊന്നിപ്പറയുകയും ചെയ്യുന്നു.

കള്ളപ്പണം വെളുപ്പിക്കല്‍ മുതല്‍ കൊലക്കുറ്റംവരെ
വിവാദങ്ങളുടെ കളിത്തോഴനാണ് നമല്‍ രാജപക്‌സെ. ശ്രീലങ്കന്‍ ലോ കോളേജില്‍ അഭിഭാഷക യോഗ്യതയ്ക്കുള്ള പരീക്ഷ മുതല്‍ തുടങ്ങുന്നതാണ് വിവാദങ്ങളുടെ പരമ്പര. 2009-ല്‍ പ്രിലിമിനറി പരീക്ഷാ വേളയില്‍ പ്രത്യേക ക്യുബിക്കിളില്‍ പരീക്ഷയെഴുതിയെന്നും കോളേജ് പ്രിന്‍സിപ്പല്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നുവെന്നും ആരോപണം ഉയര്‍ന്നു. 2010-ല്‍ ശ്രീലങ്കന്‍ ലോ കോളേജിലെ തന്റെ അവസാന പരീക്ഷയില്‍ നമലിന് പ്രത്യേക പരിഗണന ലഭിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രത്യേക മുറിയും ഇന്റര്‍നെറ്റ് സൗകര്യമുള്ള കമ്പ്യൂട്ടറും നല്‍കിയെന്ന് ഒരു സഹ ഉദ്യോഗാര്‍ഥി ആരോപിച്ചു. അന്വേഷണം നടന്നെങ്കിലും പരാതിയില്‍ അടിസ്ഥാനമില്ലെന്ന നിഗമനത്തിലാണ് അധികൃതര്‍ എത്തിയത്. 2010-ല്‍ ശ്രീലങ്കന്‍ ദേശീയ റഗ്ബി ടീമിനായി കളിക്കാന്‍ രാജപക്സെയെ ക്ഷണിച്ചതും വിവാദമായി. എംപിയായിരിക്കുമ്പോഴാണ് അദ്ദേഹം ശ്രീലങ്കന്‍ ദേശീയ റഗ്ബി ടീമില്‍ കളിക്കുന്നതും 2013-ല്‍ ടീമിന്റെ ക്യാപ്റ്റനാകുന്നതും. ക്യാപ്റ്റനായി നമലിനെ നിയമിച്ചതും വിവാദത്തിന് കാരണമായി. പക്ഷേ, 2014 ജൂലായില്‍ റഗ്ബിയില്‍ നിന്ന് വിരമിക്കുന്നതുവരെ അദ്ദേഹം ക്യാപ്റ്റന്‍ സ്ഥാനത്ത് തുടര്‍ന്നു. ഇതിനിടെ ശ്രീലങ്കന്‍ റഗ്ബി കളിക്കാരനായിരുന്നു വസീം താജുദീന്റെ മരണത്തില്‍ നമലിന് പങ്കുണ്ടെന്നും ആരോപണമുയര്‍ന്നു. 2012 മെയ് 17-ന് വാഹനാപകടത്തിലാണ് താജുദ്ദീന്‍ മരിക്കുന്നത്. ഇത് കൊലപാതകമാണെന്നായിരുന്നു സംശയം. താജുദീനെ തട്ടിക്കൊണ്ടു പോകാനും പീഡിപ്പിക്കാനും കൊലപ്പെടുത്താനും പ്രസിഡന്‍ഷ്യല്‍ സെക്യൂരിറ്റി ഡിവിഷന്‍ (പി.എസ്.ഡി) അംഗങ്ങള്‍ക്ക് നമല്‍ നിര്‍ദേശം നല്‍കിയെന്നായിരുന്നു ആരോപണം. ഒരു സ്ത്രീയെച്ചൊല്ലിയുള്ള തര്‍ക്കങ്ങളുടെ പേരിലാണ് താജുദ്ദീനെ കൊലപ്പെടുത്തിയതെന്നാണ് വാര്‍ത്തകള്‍ പുറത്തുവന്നത്. പക്ഷേ, തനിക്കെതിരായ എല്ലാ ആരോപണങ്ങളും നമല്‍ നിഷേധിച്ചു.
പാര്‍ലമെന്റ് അംഗമായിരുന്ന കാലത്തെ നമലിന്റെ വിദേശയാത്രകളും വിവാദമായി. പ്രത്യേക സര്‍ക്കാര്‍ പദവികളൊന്നും ഇല്ലാതിരുന്നിട്ടും അദ്ദേഹം നിരവധി ഔദ്യോഗിക വിദേശയാത്രകള്‍ നടത്തി. വിദേശയാത്രകളില്‍ പലപ്പോഴും പിതാവിനെ അനുഗമിച്ചു. 2011 ജനുവരിയില്‍ ലിബിയയിലേയ്ക്ക് പാര്‍ലമെന്ററി പ്രതിനിധി സംഘത്തെ നയിക്കുകയും മുഹമ്മദ് ഗദ്ദാഫിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. പിന്നാലെ ഐക്യരാഷ്ട്രസഭാ ആസ്ഥാനം സന്ദര്‍ശിച്ചു. യു.എസ്., നേപ്പാള്‍, പലസ്തീന്‍, ജപ്പാന്‍, ദക്ഷിണ കൊറിയ, ചൈന, ഓസ്ട്രേലിയ എന്നിവിടങ്ങളിലേക്കും ഔദ്യോഗിക യാത്രകള്‍ നടത്തി. സര്‍ക്കാരില്‍ ഒരു പദവിയുമില്ലാതിരുന്നിട്ടും സര്‍ക്കാര്‍ ചെലവില്‍ വിദേശരാജ്യങ്ങളിലേക്കുള്ള നമലിന്റെ യാത്രകള്‍ ചോദ്യം ചെയ്യപ്പെട്ടു. പൊതുപണം ദുരുപയോഗം ചെയ്തു എന്നായിരുന്നു ആരോപണം. 2016-ല്‍ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് കേസില്‍ നമല്‍ അറസ്റ്റ് ചെയ്യപ്പെട്ടു. എന്‍ആര്‍ പ്രോജക്ട്‌സ്, ആസ്പന്‍ എന്നീ രണ്ട് സ്ഥാപനങ്ങള്‍ വഴി 45 ദശലക്ഷം ശ്രീലങ്കന്‍ രൂപ വെളുപ്പിച്ചു എന്നായിരുന്നു ആരോപണം. അദ്ദേഹത്തിന് വേണ്ടി ശ്രീലങ്കക്കാരനായ നിമല്‍ പെരേര പണം പിരിച്ചതായി സമ്മതിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ്. അതേ വര്‍ഷം തന്നെ പ്രതിപക്ഷമായ ജനതാ വിമുക്തി പെരമുന പാര്‍ട്ടിയും നമല്‍ പണം വാങ്ങിയതായി ആരോപിച്ചു. എന്നാല്‍ തനിക്കും കുടുംബത്തിനും രണ്ട് കമ്പനികളുമായും ബന്ധമില്ലെന്ന് വ്യക്തമാക്കി നമല്‍ ആരോപണങ്ങള്‍ നിഷേധിച്ചു.

പ്രസിഡന്റ് തിരഞ്ഞെടുപ്പും നമലിന്റെ സ്ഥാനാര്‍ഥിത്വവും
ശ്രീലങ്ക നിര്‍ണായകഘട്ടത്തിലൂടെ കടന്നുപോകുമ്പോഴാണ് രാജ്യം വീണ്ടും പ്രസിഡന്റ് തിരഞ്ഞെടുപ്പിനൊരുങ്ങുന്നത്. രാജ്യം വലിയ വെല്ലുവിളികള്‍ നേരിടുന്ന കാലത്തെ തിരഞ്ഞെടുപ്പ് എന്ന സവിശേഷതയും ഇതിനുണ്ട്. ഭരണകൂടങ്ങളുടെ വര്‍ഷങ്ങളായുള്ള സാമ്പത്തിക കെടുകാര്യസ്ഥത 2022-ല്‍ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് രാജ്യത്തെ കൊണ്ടെത്തിച്ചത്. ശ്രീലങ്കയുടെ ചരിത്രത്തിലെ ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധി. വിദേശ കറന്‍സി ക്ഷാമമുണ്ടായതോടെ എണ്ണ പോലുള്ള അടിസ്ഥാന വസ്തുക്കളുടെ ഇറക്കുമതിക്ക് സര്‍ക്കാരിന്റെ പക്കല്‍ പണമില്ലാതായി. ഇത് വ്യാപകമായ ക്ഷാമത്തിനും പൊതുഅശാന്തിക്കും കാരണമായി. ഐഎംഎഫും ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളും സാമ്പത്തികസഹായം നല്‍കിയെങ്കിലും പ്രശ്‌നം രൂക്ഷമായി. സാമ്പത്തികപ്രതിസന്ധി രൂക്ഷമായതോടെ ജനം തെരുവിലിറങ്ങി. 2022 മാര്‍ച്ച് 15-ന് തുടങ്ങിയ ഭരണവിരുദ്ധപ്രക്ഷോഭം അക്രമാസക്തമായി. പ്രസിഡന്റിന്റെ വസതിക്കു തീവെച്ചു. പ്രസിഡന്റ് ഗോതബയ രാജപെക്‌സയ്ക്ക് ഒടുവില്‍ നാടുവിടേണ്ടിവന്നു. 2022 ജൂലായ് ഒന്‍പതിന് അദ്ദേഹം ഔദ്യോഗികവസതി വിട്ടോടിപ്പോയി. ജനക്കൂട്ടം ഔദ്യോഗികവസതിയും പ്രസിഡന്റിന്റെ ഓഫീസും കൈയേറി. ഗോതബയ രാജപക്‌സെ പിന്നീട് രാജിവെച്ച് മാലദ്വീപിലേക്കു കടന്നു. തുടര്‍ന്ന് മുന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ ആക്ടിംഗ് പ്രസിഡന്റായി അധികാരമേറ്റു. ശ്രീലങ്കന്‍ പാര്‍ലമെന്റ് അദ്ദേഹത്തെ പ്രസിഡന്റായി തിരഞ്ഞെടുത്തു. റനില്‍ വിക്രമസിംഗെയുടെ കലാവധി ഈ വര്‍ഷം നവംബര്‍ മാസത്തില്‍ കഴിയുന്ന സാഹചര്യത്തിലാണ് ശ്രീലങ്ക വീണ്ടും തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്.
തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഈ വര്‍ഷത്തിന്റെ തുടക്കം മുതല്‍ രാജ്യത്ത് ഉയര്‍ന്നിരുന്നു. സെപ്റ്റംബര്‍ 17-നും ഒക്ടോബര്‍ 16-നും ഇടയില്‍ തിരഞ്ഞെടുപ്പ് നടത്തുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചത്. പിന്നാലെ ജൂലൈ 26-ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 21-ന് നടക്കുമെന്ന് പ്രഖ്യാപിച്ചു. അതേദിവസം തന്നെ റനില്‍ വിക്രമസിംഗെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി രണ്ടാം തവണയും പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷന്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച അതേദിവസം തന്നെയാണ് റനില്‍ തന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. ഇതിനിടെ അദ്ദേഹത്തിന് നൂറോളം എസ്.എല്‍.പി.പി. പാര്‍ലമെന്റ് അംഗങ്ങള്‍ പിന്തുണ പ്രഖ്യാപിച്ചു. ഇതോടെ രാജപക്സെയുടെ പാര്‍ട്ടിയായ ശ്രീലങ്ക പൊതുജന പെരമുന (എസ്.എല്‍.പി.പി.) പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നമല്‍ രാജപക്സെയെ സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശം ചെയ്തു. പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാകുമെന്ന് പ്രതീക്ഷിച്ചിരുന്ന വ്യവസായി ധമ്മിക പെരേര വ്യക്തിപരമായ കാരണങ്ങളാല്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് ഓഗസ്റ്റ് ഏഴിനാണ് നമലിനെ പാര്‍ട്ടി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുന്നത്. പക്ഷേ, പെരേര സ്വന്തം ഇഷ്ടപ്രകാരമാണ് പിന്മാറിയതെന്ന് വിശ്വസിക്കുന്നവര്‍ ശ്രീലങ്കയില്‍ കുറവാണ്. എസ്എല്‍പിപിയെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് നിയന്ത്രിക്കുന്ന രാജപക്‌സെ കുടുംബം പച്ചക്കൊടി കാണാക്കാതെ പെരേര ആദ്യം മത്സരിക്കാനുള്ള സാധ്യതയില്ല. രാജപക്‌സെകള്‍ക്കുവേണ്ടി രാജപക്‌സെകള്‍ ഉണ്ടാക്കിയ രാഷ്ട്രീയ പാര്‍ട്ടിയാണ് എസ്എല്‍പിപി എന്നാണ് ആക്ഷേപം.

കാത്തിരിക്കുന്നത് വലിയ വെല്ലുവിളികള്‍
പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നാല് പ്രധാന സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. എസ്.എല്‍.പി.പിയുടെ നമല്‍ രാജപക്‌സെയ്ക്ക് പുറമേ, സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന പ്രസിഡന്റ് റനില്‍ വിക്രമസിംഗെ, നാഷണല്‍ പീപ്പിള്‍സ് പവറിനെ (എന്‍.പി.പി.) പ്രതിനിധീകരിക്കുന്ന അനുര കുമാര ദിസനായകെ, പ്രതിപക്ഷ നേതാവും സമാഗി ജനസന്ദാനയുടെ (എസ്.ജെ.എസ്) നേതാവുമായ സജിത് പ്രേമദാസ എന്നിവര്‍. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിയെന്ന നിലയില്‍ നമല്‍ പുതിയ തലമുറ വോട്ടുകള്‍ സമാഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പക്ഷേ, കുടുംബത്തിന്റെ വിവാദ പാരമ്പര്യത്തെ മറികടക്കാനും വോട്ടര്‍മാരെ ആകര്‍ഷിക്കാനും അദ്ദേഹത്തിന് കഴിയുമോ എന്ന ചോദ്യം അവശേഷിക്കുകയാണ്. രാജ്യത്തിന്റെ നിലവിലെ സാമ്പത്തിക പ്രതിസന്ധികള്‍ക്ക് കാരണം രാജപക്സെ കുടുംബമാണെന്ന് ശ്രീലങ്കന്‍ ജനതയില്‍ ഒരു വലിയ വിഭാഗം വിശ്വസിക്കുന്നു. അതിനാല്‍ തന്നെ നമലിന്റെ വിജയസാധ്യതകള്‍ ദുര്‍ബലമാണെന്നാണ് വലിയിരുത്തുന്നത്. റനില്‍ വിക്രമസിംഗെ, അനുര കുമാര ദിസനായകെ, സജിത് പ്രേമദാസ എന്നിവര്‍ക്ക് പിന്നില്‍ അദ്ദേഹം നാലാമതാകുമെന്നാണ് അഭിപ്രായ സര്‍വേകള്‍ സൂചിപ്പിക്കുന്നത്.
ജനകീയവികാരം എതിരാണെന്നറിഞ്ഞിട്ടും എന്തുകൊണ്ടാണ് രാജപക്‌സെ കുടുംബം നമല്‍ രാജപക്‌സെയെ മത്സരത്തിനിറക്കിയത്? തൊണ്ണൂറിലധികം എസ്.എല്‍.പി.പി. പാര്‍ലമെന്റംഗങ്ങള്‍ വിക്രമസിംഗെയക്കൈാപ്പം ചേര്‍ന്ന പശ്ചാത്തലത്തിലാണ് നമലിനെ മത്സരിപ്പിക്കാനുള്ള തീരുമാനമെടുത്തത്. ജില്ലാ നേതാക്കളായിരുന്ന എംപിമാര്‍ പോയതോടെ പാര്‍ട്ടിക്ക് വലിയ തോതില്‍ താഴേത്തട്ടിലുള്ള പ്രവര്‍ത്തകരെയും നഷ്ടമായി. ഇതോടെ പാര്‍ട്ടിക്ക് ഏതാനും എംപിമാരും താഴെത്തട്ടിലുള്ള പ്രവര്‍ത്തകരുമാണ് അവശേഷിക്കുന്നത്. കൂടുതല്‍ കൊഴിഞ്ഞുപോകുന്ന സാഹചര്യമുണ്ടായാല്‍ പാര്‍ട്ടി വീണ്ടും പ്രതിസന്ധിയിലാകും. രാഷ്ട്രപതി തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കെ ഫലപ്രദമായ രാഷ്ട്രീയ പ്രചാരണം നടത്താന്‍ പോലും നേക്കാളില്ലാത്ത അവസ്ഥയിലാണ് പാര്‍ട്ടി. ധമ്മിക പെരേരയ്ക്ക് രാഷ്ട്രീയ പരിചയം കുറവാണ്. അദ്ദേഹം ഒരു ജനകീയ നേതാവുമല്ല. അദ്ദേഹത്തോട് വിശ്വസ്തതയോ ബന്ധമോ ഇല്ലാത്ത രാജപക്സെ വോട്ടര്‍മാര്‍ മാറ്റിക്കുത്തിയേക്കുമെന്ന് ആശങ്ക രാജപക്‌സെമാര്‍ക്കുണ്ടായിരുന്നു. ഇതാണ് അവരെ നമലിലേക്ക് എത്തിച്ചത്. ചെറുപ്പമാണെങ്കിലും 2010 മുതല്‍ നമല്‍ പാര്‍ലമെന്റേറിയനാണ്. ഇത് അദ്ദേഹത്തെ പാര്‍ട്ടിയില്‍ അവശേഷിക്കുന്ന ഏറ്റവും പരിചയസമ്പന്നനായ രാഷ്ട്രീയക്കാരില്‍ ഒരാളായി മാറ്റുന്നു. അദ്ദേഹത്തിന് ശ്രീലങ്കന്‍ രാഷ്ട്രീയത്തിന്റെ സങ്കീര്‍ണതകള്‍ അറിയാം. ഒപ്പം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ സ്വാധീനവുമുണ്ട്. രാജപക്സെയുടെ വിശ്വസ്തരുടെ വോട്ടുകള്‍ ശേഖരിക്കാന്‍ കഴിയുന്ന ഒരേയൊരു വ്യക്തിയും അദ്ദേഹമായിരിക്കുമെന്ന് പാര്‍ട്ടി കണക്കാക്കുന്നു. പക്ഷേ ഈ കണക്കുകൂട്ടലുകള്‍ എത്രത്തോളം വോട്ടാക്കുമെന്ന് കാത്തിരുന്ന് കാണണം.
Content Highlights: Sri Lankan presidential election Namal Rajapaksa Ranil Wickremesinghe
Published: 16 Aug 2024, 12:00 pm IST
ABOUT THE AUTHOR
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Most Commented