'ദിഷോം ഗുരു' അഥവാ ദേശത്തിന്റെ നേതാവ്... ഷിബു സോറന്‍ എന്ന രാഷ്ട്രീയ നേതാവ് അറിയപ്പെട്ടിരുന്നത് അങ്ങനെയായിരുന്നു. സര്‍ക്കാരുകള്‍ക്ക് പൊതുവെ ആയുസ്സ് കുറവായ ജാര്‍ഖണ്ഡില്‍ സോറന് അപൂര്‍വ്വ ഇടവേള ഒഴിച്ചുനിര്‍ത്താല്‍ എന്നും അധികാരത്തിന്റെ ബാറ്റണ്‍ കൈയിലുണ്ടായിരുന്നു അധികാരത്തിലേറി ഒരിക്കല്‍ പോലും കാലാവധി പൂര്‍ത്തിയാക്കിയില്ലെങ്കിലും, ജാര്‍ഖണ്ഡ് കണ്ട ഏതാണ് എല്ലാ സര്‍ക്കാരുകളെയും രൂപപ്പെടുത്തുന്നതില്‍ അദ്ദേഹത്തിന് റോളുണ്ടായിരുന്നു. ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച എന്ന പാര്‍ട്ടിയുടെ സ്ഥാപകനേതാക്കളില്‍ ഒരാള്‍, ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ സംസ്ഥാന അദ്ധ്യക്ഷന്‍, മൂന്ന് തവണ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി, മൂന്ന് തവണ കേന്ദ്ര കല്‍ക്കരി വകുപ്പ് മന്ത്രി, എട്ട് തവണ ലോക്‌സഭാംഗം... സംസ്ഥാന - ദേശീയ രാഷ്ട്രീയത്തില്‍ ഒരുപോലെ നിറഞ്ഞുനിന്ന ഷിബു സോറന്‍ എന്ന നേതാവിന്റെ മരണം ഒരു രാഷ്ട്രീയ യുഗത്തിന്റെ അന്ത്യമാണ്. ഗോത്രവര്‍ഗ അവകാശവാദത്തിന്റെ ഉദയത്തിനും പ്രത്യേക ജാര്‍ഖണ്ഡ് സംസ്ഥാനത്തിന്റെ രൂപീകരണത്തിനും സാക്ഷ്യം വഹിച്ച രാഷ്ട്രീയ യുഗത്തിന്റെ അന്ത്യം. 

To advertise here,


ഇന്നത്തെ ജാര്‍ഖണ്ഡിലുള്ള രാംഗഡ് ജില്ലയിലെ നെമ്ര ഗ്രാമത്തില്‍ 1944 ജനുവരി 11ന് സന്താള്‍ ആദിവാസി കുടുംബത്തിലാണ് ഷിബു സോറന്റെ ജനനം. പിതാവ് ശോബരന്‍ സോറന്‍ മാതാവ് സോനാമുനി. ഹസാരിബാഗിലെ ഗോള ഹൈസ്‌കൂളില്‍ നിന്ന് മെട്രിക്കുലേഷന്‍ പൂര്‍ത്തിയാക്കി. ഇതിനിടെ ബ്ലേഡ് മാഫിയയുടെ ആക്രമണത്തില്‍ ഷിബു സോറന് തന്റെ പിതാവിനെ നഷ്ടമായി. തന്റെ 15ാം വയസില്‍ നടന്ന ഉണ്ടായ ആ വേര്‍പാട് ഷിബു സോറന്റെ രാഷ്ട്രീയ യാത്രയ്ക്ക് ഉത്തേജകമായി. 1962-ല്‍ തന്റെ പതിനെട്ടാമത്തെ വയസില്‍ സന്താള്‍ നവയുക്ത് സംഘ് എന്ന പ്രസ്ഥാനം രൂപീകരിച്ചു. തീവ്ര ഇടതുപക്ഷ നയങ്ങള്‍ പിന്തുടരുന്ന സംഘടനയായിരുന്നു ഇത്. 

1973-ലാണ് ധന്‍ബാദില്‍ നടന്ന ഒരു പൊതുയോഗത്തില്‍ വെച്ച് ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകനായ എ.കെ. റോയ്, ബിനോദ് ബിഹാരി മഹ്‌തോ എന്നിവരുമായി ചേര്‍ന്ന് സോറന്‍ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച സ്ഥാപിക്കുന്നത്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍, ഛോട്ടാനഗ്പൂര്‍, സന്താല്‍ പര്‍ഗാന മേഖലകളില്‍ ശക്തമായ പിന്തുണ നേടിക്കൊണ്ട്, പ്രത്യേക ആദിവാസി സംസ്ഥാനത്തിനായി വാദിക്കുന്ന പ്രധാന രാഷ്ട്രീയ ശക്തിയായി ജെ.എം.എം. പെട്ടെന്ന് മാറി. ഫ്യൂഡല്‍ ചൂഷണത്തിനെതിരെ അദ്ദേഹം ആദിവാസി സമൂഹത്തെ അണിനിരത്തി. സോറന്‍ ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ പതിറ്റാണ്ടുകളായി നടന്ന പ്രക്ഷോഭങ്ങള്‍ക്ക് ശേഷം, 2000 നവംബര്‍ 15 ന് ജാര്‍ഖണ്ഡ് രൂപീകരിച്ചതോടെ പ്രത്യേക സംസ്ഥാനത്തിനായുള്ള ആവശ്യം പൂര്‍ത്തീകരിക്കപ്പെട്ടു.

1977-ല്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലിറങ്ങിയ ഷിബു സോറന്‍ ആ വര്‍ഷത്തെ ലോക്സഭ തെരഞ്ഞെടുപ്പില്‍ ധുംക മണ്ഡലത്തില്‍നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. എന്നാല്‍ 1980-ല്‍ ധുംകയില്‍ നിന്ന് തന്നെ വിജയിച്ച് ഏഴാം ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2020 ജൂണ്‍ മുതല്‍ രാജ്യസഭാ എംപിയായി. 2024 ഒക്ടോബറില്‍ ഗോത്രകാര്യ മന്ത്രാലയത്തിനായുള്ള കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി അംഗമായി നിയമിതനായി. 

മൂന്ന് തവണ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായെങ്കിലും ആറ് മാസത്തില്‍ കൂടുതല്‍ മുഖ്യമന്ത്രി സ്ഥാനത്ത് തുടര്‍ന്നില്ല. 2005 മാര്‍ച്ച് 2 നായിരുന്നു ഷിബു സോറന്‍ ആദ്യമായി മുഖ്യമന്ത്രിയാകുന്നത്. കോണ്‍ഗ്രസ് പിന്തുണയോടെ അധികാരത്തിലെത്തിയെങ്കിലും ഭൂരിപക്ഷം തെളിയിക്കാനാവാതെ വന്നതോടെ മാര്‍ച്ച് 11 ന് തന്നെ രാജിവെക്കേണ്ടി വന്നു. 2008 ഓഗസ്റ്റ് 27 മുതലായിരുന്നു രണ്ടാം ഊഴം. കോണ്‍ഗ്രസിന്റെയും സ്വതന്ത്രരുടെയും പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിച്ചെങ്കിലും സര്‍ക്കാര്‍ 2009 ജനുവരി 12ന് തകര്‍ന്നു. 2009 ഡിസംബറില്‍ മൂന്നാംവട്ടവും അധികാരത്തിലേറിയെങ്കിലും സീറ്റ് വിഭജന തര്‍ക്കത്തെത്തുടര്‍ന്ന് ബിജെപി പിന്തുണ പിന്‍വലിച്ചതോടെ 2010 മെയ് മാസത്തില്‍ മുഖ്യമന്ത്രി പദം രാജിവെക്കേണ്ടിവന്നു. അധികാരത്തിലില്ലാത്തപ്പോള്‍ പോലും സംസ്ഥാനത്തും കേന്ദ്രത്തിലും സര്‍ക്കാരുകളെ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ ഷിബു സോറന്റെ ജെഎംഎം നിര്‍ണായക പങ്ക് വഹിച്ചു. നാല് പതിറ്റാണ്ടിലേറെ ജാര്‍ഖണ്ഡ് രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവായി സോറന്‍. സര്‍ക്കാരുകള്‍ രൂപീകരിക്കുന്നതിനോ അവരെ താഴെയിറക്കുന്നതിനോ, സോറന്റെ സമ്മതം പലപ്പോഴും വിലപേശാന്‍ കഴിയാത്തതായിരുന്നു

2004 നും 2006 നും ഇടയില്‍ ഒന്നാം യുപിഎ സര്‍ക്കാരിന്റെ മൂന്ന് കാലഘട്ടങ്ങളില്‍ കേന്ദ്ര കല്‍ക്കരി വകുപ്പ് മന്ത്രിയായും ഷിബു സോറന്‍ പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ കേസുകളും നിയമക്കുരുക്കുമായി ഒരിക്കലും കാലാവധി പൂര്‍ത്തിയാക്കാന്‍ അദ്ദേഹത്തിനായില്ല. 2025 ഏപ്രിലില്‍ സോറന്‍ സജീവ രാഷ്ട്രീയത്തില്‍ നിന്ന് ഔദ്യോഗികമായി വിരമിച്ചു, ജെഎംഎം ബാറ്റണ്‍ മകന്‍ ഹേമന്തിന് കൈമാറി. പക്ഷേ, ജാര്‍ഖണ്ഡിലെ ഗോത്ര പ്രതിരോധത്തിന്റെയും രാഷ്ട്രീയ വിലപേശല്‍ ശക്തിയുടെയും മൂര്‍ത്തീഭാവമായിരുന്നു അപ്പോഴും ഷിബു സോറന്‍. തന്റെ അനുയായികള്‍ക്ക്, ഷിബു സോറന്‍ ജാര്‍ഖണ്ഡിലെ ഒരു സ്വാതന്ത്ര്യ സമര സേനാനിയും, അനീതിക്കെതിരെ പോരാടിയ നായകനുമായിരുന്നു. 
                       
വിവാദങ്ങളും കോടതി പോരാട്ടങ്ങളും

നിരവധി വിവാദങ്ങളും പോരാട്ടങ്ങളും നിറഞ്ഞതായിരുന്നു ഷിബു സോറന്റെ രാഷ്ട്രീയജീവിതം. ഒരു കൊലപാതകകേസില്‍ ശിക്ഷിക്കപ്പെട്ട ആദ്യ മുഖ്യമന്ത്രിയാണ് അദ്ദേഹം. അതിലൊന്നാണ് 1975-ലെ ചിരുദി കൂട്ടക്കൊല കേസ്. ദുംക ജില്ലയിലെ  ചിരുദിഹ് എന്ന ഗ്രാമത്തില്‍ സോറന്റെ നേതൃത്വത്തിലുള്ള ഗോത്രവര്‍ഗക്കാരും സിപിഐയുടെ കീഴിലുള്ള ഗോത്രവര്‍ഗക്കാരല്ലാത്തവരുമായ രണ്ട് ജനക്കൂട്ടങ്ങള്‍ തമ്മില്‍ നടന്ന അക്രമാസക്തമായ ഏറ്റുമുട്ടലില്‍ ഒമ്പത് മുസ്ലീങ്ങള്‍ ഉള്‍പ്പെടെ 10 പേരായിരുന്നു കൊല്ലപ്പെട്ടത്. പ്രതിപട്ടികയില്‍ നാലാമതായിരുന്നു ഷിബു സോറന്‍. പുറത്തുനിന്നുള്ളവരെ തുരത്താന്‍ ആരംഭിച്ച പോരാട്ടത്തിന്റെ ഭാഗമായി ജനക്കൂട്ടത്തെ കൊല്ലാന്‍ പ്രേരിപ്പിച്ചുവെന്നതായിരുന്നു അദ്ദേഹത്തിന്റെ പേരിലുള്ള കുറ്റം. കേസില്‍ 2004 ല്‍ സോറനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഇതോടെ കുറച്ചുകാലം അദ്ദേഹത്തിന് ഒളിവില്‍ പോകേണ്ടിവന്നു. പിന്നീട് അറസ്റ്റ് ചെയ്യപ്പെട്ടു. കസ്റ്റഡിയിലായി. ഒടുക്കം ജാമ്യം ലഭിച്ച ശേഷം മന്ത്രിസഭയില്‍ വീണ്ടും ഉള്‍പ്പെടുത്തി. 2008 മാര്‍ച്ചില്‍ അദ്ദേഹത്തെ ഈ കേസില്‍ കുറ്റവിമുക്തനാക്കി.

ജെഎംഎം കൈക്കൂലി കേസാണ് ഷിബു സോറന്റെ പേരിലുണ്ടായിരുന്ന മറ്റൊരു കേസ്. 1991 ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഏറ്റവുംവലിയ ഒറ്റക്കക്ഷിയായെങ്കിലും ഒറ്റക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ഉണ്ടായില്ല. എങ്കിലും പി.വി. നരസിംഹറാവു പ്രധാനമന്ത്രിയായി സഖ്യകക്ഷികളുടെ പിന്തുണയോടെ സര്‍ക്കാരുണ്ടാക്കി. ഭരണത്തിന്റെ അവസാനകാലത്ത് സര്‍ക്കാരിനെതിരേ പ്രതിപക്ഷം അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കി. ഇതിനെ അതിജീവിക്കാനായി സഭയിലുണ്ടായിരുന്ന നാല് ഝാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയുടെ എംപിമാര്‍ക്കും കൈക്കൂലി നല്‍കി വിശ്വാസവോട്ടിനെ എതിര്‍ത്ത് സര്‍ക്കാരിന് അനുകൂലമാക്കി. സംഭവത്തില്‍ കോഴ ഇടപാടുനടന്നുവെന്ന ആക്ഷേപം ഉയര്‍ന്നു. സിബിഐ അന്വേഷണത്തില്‍ ജെഎംഎം എംപിമാര്‍ക്ക് കൈക്കൂലി കൊടുത്തുവെന്ന് തെളിയിച്ചു. ഈ കേസിലും ഷിബു സോറന്‍ പ്രതിയായി. 

ചിരുദി കേസ് പതിറ്റാണ്ടുകളോളം സോറനെ വേട്ടയാടിയെങ്കില്‍, ശശി നാഥ് ഝാ കൊലപാതക കേസ് അദ്ദേഹത്തിന്റെ കരിയര്‍ അവസാനിപ്പിക്കുന്ന ഘട്ടത്തിലെത്തി. ജെഎംഎം എംപിയും സോറന്റെ മുന്‍ സഹായിയുമായ ഝ 1994-ല്‍ അപ്രത്യക്ഷനായി. അദ്ദേഹത്തിന്റെ മൃതദേഹം പിന്നീട് ഗാസിയാബാദില്‍ നിന്ന് കണ്ടെത്തി. നരസിംഹറാവു സര്‍ക്കാരിനെ രക്ഷിച്ച അവിശ്വാസ വോട്ടെടുപ്പില്‍ ജെഎംഎം എംപിമാര്‍ കൈക്കൂലി വാങ്ങിയത് അറിവുണ്ടായിരുന്നതിനാലാണ് ഝയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതെന്ന് ആരോപിച്ച് സി.ബി.ഐ സോറനും മറ്റുള്ളവര്‍ക്കുമെതിരെ കുറ്റം ചുമത്തി. 2006 നവംബറില്‍ ഡല്‍ഹി കോടതി സോറനെ കൊലപാതകത്തിനും ക്രിമിനല്‍ ഗൂഢാലോചനയ്ക്കും ശിക്ഷിക്കുകയും ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു. കേന്ദ്രമന്ത്രി സ്ഥാനം രാജിവച്ച് അദ്ദേഹം തിഹാര്‍ ജയിലിലായി. എന്നാല്‍ 2007 ഓഗസ്റ്റില്‍ ഡല്‍ഹി ഹൈക്കോടതി അദ്ദേഹത്തിന്റെ ശിക്ഷ റദ്ദാക്കി. സോറനെ കുറ്റകൃത്യവുമായി ബന്ധിപ്പിക്കുന്ന നേരിട്ടുള്ള തെളിവുകള്‍ നല്‍കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്ന് പറഞ്ഞായരുന്നു ശിക്ഷ റദ്ദാക്കിയത്. 2018 ഏപ്രിലില്‍ സുപ്രീം കോടതി ഈ വിധി ശരിവച്ചു.

വധശ്രമം

സോറനെതിരെ വധശ്രമവും ഇതിനിടെ ഉണ്ടായി. 2007 ജൂണില്‍ ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ ദിയോഘറിന് സമീപം സോറന്റെ വാഹനവ്യൂഹത്തിന് നേരെ സ്‌ഫോടകവസ്തുക്കള്‍ എറിഞ്ഞു. രാഷ്ട്രീയ അന്തരീക്ഷത്തിലെ അസ്ഥിരതകള്‍ക്കിടയിലും, അദ്ദേഹത്തിന്റെ സ്വാധീനം ശക്തമായി തുടര്‍ന്നു. 2025 ഏപ്രില്‍ വരെ 38 വര്‍ഷം അദ്ദേഹം ജെഎംഎമ്മിനെ പ്രസിഡന്റായി നയിച്ചു, പിന്നീട് അദ്ദേഹം അതിന്റെ സ്ഥാപക രക്ഷാധികാരിയായി. പിന്‍ഗാമിയായി ഹേമന്ത് സോറന്‍ പാര്‍ട്ടി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ഹേമന്തിന്റെ നേതൃത്വത്തില്‍ ജെഎംഎം-കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇതിനിടെ ഭരണത്തുടര്‍ച്ചയും നേടി