ഴിഞ്ഞ ദിവസമായിരുന്നു പ്രതിപക്ഷ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയും മുന്‍ സുപ്രീംകോടതി ജഡ്ജിയുമായിരുന്ന ജസ്റ്റിസ് ബി.സുദര്‍ശന്‍ റെഡ്ഡി മാവോയിസ്റ്റുകളെ പിന്തുണച്ചിരുന്ന ആളായിരുന്നുവെന്നും അതിന്റെ ഭാഗമായിട്ടാണ് ഛത്തീസ്ഗഢ് സര്‍ക്കാര്‍ രൂപവത്കരിച്ചിരുന്ന സാല്‍വാ ജുദൂം സേനയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ അദ്ദേഹം അന്ന് ഉത്തരവിട്ടിരുന്നതെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആരോപിച്ചത്.

To advertise here,

കേരള സന്ദര്‍ശനത്തിനിടെ അമിത് ഷാ നടത്തിയ ഈ ആരോപണം വലിയ വിവാദമാണ് ദേശീയ രാഷ്ട്രീയത്തിലുണ്ടാക്കിയത്. ആദിവാസികള്‍ക്ക് തുച്ഛമായ പണം കൊടുത്ത് മാവോയിസ്റ്റുകള്‍ക്കെതിരേ അണിനിരത്തിയ സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് ചാവേറുകളായിരുന്നു സാല്‍വാ ജുദൂം എന്ന യാഥാര്‍ഥ്യം മുന്നിലിരിക്കെ അതിനെ മനപ്പൂര്‍വം മറച്ചുവെച്ച് അതിനെതിരേ വിധി പറഞ്ഞിരുന്ന ബെഞ്ചിലെ സുദര്‍ശന്‍ റെഡ്ഡിക്കെതിരേ ആരോപണം ഉന്നയിക്കുകയാണ് അമിത് ഷാ ചെയ്യുന്നത്. ഇതാണ് വിവാദത്തിന് വഴിവെച്ചതും. 

കേന്ദ്രസര്‍ക്കാര്‍ ഇന്ന് മാവോയിസ്റ്റുകളെ തുടച്ചുമാറ്റാന്‍ നിരവധി പദ്ധതികളാണ് പ്രശ്‌നബാധിത പ്രദേശങ്ങളില്‍ നടപ്പിലാക്കി വരുന്നത്. ഇത് വലിയ രീതിയില്‍ ഫലം കാണുന്നുമുണ്ട്. എന്നാല്‍ ഇപ്പോള്‍ പ്രതിപക്ഷം ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയാക്കിയ ബി.സുദര്‍ശന്‍ റെഡ്ഡി 2011-ല്‍ സാല്‍വാ ജുദൂമിനെതിരേ വിധി പറഞ്ഞിരുന്നില്ലെങ്കില്‍ 2020-ഓടെ തന്നെ മാവോയിസ്റ്റ് ഭീകരത ഇല്ലാതാവുമായിരുന്നു. ഇങ്ങനെയാണ് അമിത് ഷാ കേരളത്തിലെത്തി സുദര്‍ശന്‍ റെഡ്ഡിക്കെതിരേ പ്രസ്താവന നടത്തിയത്.

ഒരു കോടതി വിധിയെ ജഡ്ജിയുടെ വ്യക്തിപരമായ അഭിപ്രായമായി താരതമ്യം ചെയ്യുന്നത് ശരിയല്ലെന്ന വാദം അമിത് ഷാ യുടെ പ്രസ്താവനയ്‌ക്കെതിരേ പ്രതിപക്ഷം ഉയര്‍ത്തിയെങ്കിലും കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെയായിരുന്നു അദ്ദേഹത്തിന്റെ നീക്കം. ഇതോടെ വിവാദത്തിന് തിരികൊളുത്തുകയും ചെയ്തു. ഇതിനുശേഷം സാല്‍വാ ജുദൂമും അന്നത്തെ സുപ്രീംകോടതി വിധിയും ഒരിക്കല്‍ കൂടെ ചര്‍ച്ചയാവുകയാണ്. എന്താണ് സാല്‍വാ ജുദൂം അതിന്റെ നിരോധനത്തിലേക്ക് നയിച്ച കാര്യങ്ങള്‍ എന്തൊക്കെയാണ്. 

placeholder
ദന്തേവാഡയില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ തകര്‍ന്ന വാഹനം| ഫോട്ടോ: എ.പി

കൂലി മൂവായിരം രൂപ, പേര് സ്വയം പ്രതിരോധം

ഛത്തീസ്ഗഢിലെ മാവോയിസ്റ്റ് ബാധിത മേഖലകളില്‍ അവിടെയുള്ള പാവപ്പെട്ട ആദിവാസികളെ തന്നെ ആയുധം നല്‍കി സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് ചാവേറുകളായി ഇറക്കുക എന്ന ലക്ഷ്യത്തോടെയാണ് 2005-ല്‍ ഛത്തീസ്ഗഢ് സര്‍ക്കാര്‍ സാല്‍വാ ജുദൂം എന്ന പ്രാദേശിക സേനയെ രൂപവത്കരിച്ചത്. സമാധാന സന്ദേശകര്‍ എന്നാണ് ഇവരെ സര്‍ക്കാര്‍ വിളിച്ചിരുന്നതെങ്കിലും സര്‍ക്കാര്‍ സേനയിലെ സ്ഥിരം പോലീസുകാരെ മാവോയിസ്റ്റുകളെ നേരിടാന്‍ ഇറക്കുന്നത് അവരുടെ ജീവന് തന്നെ ഭീഷണിയാവുമെന്ന കണക്കുകൂട്ടലിലായിരുന്നു അന്ന് സ്‌പെഷ്യല്‍ പോലീസുകാര്‍ എന്ന പേരില്‍ സാല്‍വാ ജുദൂമുകാരെ സര്‍ക്കാര്‍ ഇറക്കിയത്. ആദിവാസികള്‍ക്കിടയില്‍ നുഴഞ്ഞ് കയറിയിരിക്കുന്ന മാവോയിസ്റ്റകളെ അവരുടെ ഉള്ളില്‍ നിന്ന് തന്നെയുള്ള ആളുകളെ കൊണ്ട് നേരിടുക എന്നതാണ് സര്‍ക്കാര്‍ ഉദ്ദേശിച്ചിരുന്നതെങ്കിലും ഇതിനെതിരേ വലിയ പ്രതിഷേധമുയര്‍ന്നു. 

നിരക്ഷരരായ പാവപ്പെട്ട ആദിവാസികളെയായിരുന്നു ഇതിനായി നിയോഗിച്ചത്. സാധാരണ പോലീസുകാര്‍ക്ക് നല്‍കുന്ന ഒരു സുരക്ഷയും ആനുകൂല്യവും നല്‍കാതെ 3000 രൂപ ഓണറേറിയം മാത്രം നല്‍കി ഇവരെ രംഗത്തിറക്കുകയും ചെയ്തു. കൃത്യമായ പരിശീലനം നല്‍കാതെ മാവോയിസ്റ്റുകള്‍ക്ക് ഇടയിലേക്ക് പാവപ്പെട്ട ആദിവാസികളെ രംഗത്തിറക്കുകയാണെന്ന വിവാദം അന്ന് തന്നെ ഉയര്‍ന്നിരുന്നുവെങ്കിലും ഇതുമായി അന്നത്ത ഛത്തീസ്ഗഢ് സര്‍ക്കാര്‍ മുന്നോട്ടുപോയി. ഇതിനായി ഛത്തീസ്ഗഢ് പോലീസ് ആക്ട് 2007 തന്നെ ഭേദഗതി വരുത്തി.

1861-ലെ ഇന്ത്യന്‍ പോലീസ് ആക്ടില്‍ പോലീസുകാരെ നിയമക്കുന്നതിന് മജിസ്‌ട്രേറ്റിന്റെ അനുമതി നിര്‍ബന്ധമാണെന്നിരിക്കേ അതില്‍ നിന്നും വ്യത്യസ്തമായി സാല്‍വാ ജുദൂംകാരെ നിയമിക്കുന്നത് എസ്.പിയുടെ വിവേചനാധികാരത്തിന് വിധേയമായിരുന്നു. പ്രത്യേകിച്ച് പരിശീലനമൊന്നും നല്‍കാതെ തോക്ക് നല്‍കിയാണ് ഇവരെ പ്രതിരോധത്തിന് ഉപോയോഗിച്ചിരുന്നത്. ഭാഷാ സഹായികളായും ഗൈഡുകളായും മാവോയിസ്റ്റുകളുടെ കേന്ദ്രം കണ്ടുപിടിക്കുന്നതിനുള്ള ഉപകരണമായും സര്‍ക്കാര്‍ ഉപയോഗിക്കുകയും ചെയ്തു. പലപ്പോഴും 18 വയസ്സിന് മുകളില്‍ പ്രായമുള്ള യുവാക്കളെ നിര്‍ബന്ധിച്ച് സേനയില്‍ ചേര്‍ക്കുകയും ചെയ്‌തെന്ന ആരോപണവും ഉയര്‍ന്നു. 

placeholder
മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍| ഫോട്ടോ: എ.പി

മനുഷ്യാവകാശ ലംഘനങ്ങളുടെ ഘോഷയാത്ര

2005-ല്‍ സാല്‍വാ ജുദൂമിനെ സര്‍ക്കാര്‍ മാവോയിസ്റ്റ് വേട്ടക്കായി നിയോഗിച്ചതോടെ പിന്നീട് ഛത്തീസ്ഗഢ് കണ്ടത് മനുഷ്യാവകാശ ലംഘനങ്ങളുടെ നീണ്ട ഘോഷയാത്ര തന്നെയായിരുന്നു. മാവോയിസ്റ്റുകളെന്ന പേരില്‍ വലിയ കുടിയറക്കലിനാണ് അക്കാലത്ത് ആദിവാസികള്‍ ഇരയായത്. ഗ്രാമവാസികളെയും ആദിവാസികളെയും താല്‍ക്കാലിക ക്യാമ്പുകളിലേക്ക് ആട്ടിപ്പായിച്ചു. അധികാരം ലഭിച്ചതോടെ ഇവര്‍ കൂടുതല്‍ അക്രമാസക്തവും നിയന്ത്രണാതീതവുമായി മാറി. 600-ല്‍ അധികം ഗ്രാമങ്ങള്‍ അഗ്നിക്കിരയാക്കിയതായും 300,000 ആളുകളെ അവരുടെ വീടുകളില്‍ നിന്ന് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാക്കിയതായും ഇവര്‍ക്കെതിരെ ആരോപണമുണ്ട്. 

സാഹചര്യം കൂടുതല്‍ വഷളായതോടെ, ഇരുപക്ഷത്തുനിന്നും നടന്ന ക്രൂരതകളെക്കുറിച്ചും സാധാരണ ജനങ്ങളുടെ വലിയ തോതിലുള്ള പലായനത്തെക്കുറിച്ചും ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് റിപ്പോര്‍ട്ട് ചെയ്തു. 2008-ന്റെ തുടക്കത്തോടെ, നക്‌സലൈറ്റുകളും സാല്‍വാ ജുദൂം സേനയും തമ്മിലുള്ള സംഘര്‍ഷത്തില്‍ അകപ്പെട്ട് കുറഞ്ഞത് 100,000 സാധാരണക്കാര്‍ തെക്കന്‍ ഛത്തീസ്ഗഢിലെ ക്യാമ്പുകളിലേക്കോ അയല്‍ സംസ്ഥാനമായ ആന്ധ്രപ്രദേശിലേക്കോ പലായനം ചെയ്തിരുന്നുവെന്നാണ് പറയപ്പെടുന്നത്. 2008 ന്റെ മധ്യത്തോടെ അത് 150,000 ആയി വര്‍ധിച്ചു.

2005 ല്‍ പ്രവര്‍ത്തനം ആരംഭിച്ചതുമുതല്‍, നക്‌സലൈറ്റുകളാലും സുരക്ഷാ സേനകളാലും 800-ല്‍ അധികം ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതില്‍ 300 സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്നു, അതില്‍ എസ്പിഒ-കളുടെ മരണസംഖ്യ 98 ആണ്. സാല്‍വാ ജുദൂം സേന സജീവമായതോടെ മാവോയിസ്റ്റുകള്‍ അവരുടെ തന്ത്രങ്ങള്‍ മാറ്റി. ചെറിയ സംഘങ്ങളായി പ്രവര്‍ത്തിച്ച അവര്‍ സാല്‍വാ ജുദൂം നേതാക്കളെയും സുരക്ഷാ ഉദ്യോഗസ്ഥരെയും ലക്ഷ്യമിടുകയും അവരെ പതിയിരുന്ന് ആക്രമിച്ച് ആയുധങ്ങള്‍ മോഷ്ടിക്കുകയും ചെയ്തു. ഇതോടെയാണ് കേസ് വിഷയം സുപ്രീംകോടതിയിലും എത്തിയത്. 

കേസ് സുപ്രീകോടതിയിലേക്ക്

സോഷ്യോളജിസ്റ്റ് നന്ദിനി സുന്ദര്‍, ചരിത്രകാരന്‍ രാമചന്ദ്രഗുഹ, മുന്‍ ഐ.എ.എസ് ഓഫീസര്‍ ഇ.എ.എസ് ശര്‍മ എന്നിവരാണ് സാല്‍വാ ജുദൂമിനെതിരേ ഹര്‍ജിയുമായി 2007-ല്‍ സുപ്രീംകോടതിയില്‍ എത്തിയത്. സാല്‍വാ ജുദൂമിലൂടെ സര്‍ക്കാര്‍ മനുഷ്യാവകാശ ലംഘനം നടത്തുകയാണെന്നും ആദിവാസികളെ ബലം പ്രയോഗിച്ച് നാടുകടത്താനുള്ള പദ്ധതിയും ഇതിന്റെ പിന്നിലുണ്ടെന്നായിരുന്നു ആരോപണം. ഇവര്‍ ആദിവാസികളെ മാവോയിസ്റ്റുകളെന്ന പേരില്‍ കൊന്നൊടുക്കുകയാണെന്നും നിഷ്‌കളങ്കരായ സാധാരണ ജനങ്ങള്‍ക്കെതിരേ ആക്രമം അഴിച്ചുവിടുന്നുവെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. കേന്ദ്രം ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാരും ഛത്തീസ്ഗഢ് ഭരിച്ച ബിജെപി സര്‍ക്കാരും അന്ന് ഹര്‍ജിയെ പ്രതിരോധിച്ച് രംഗത്തെത്തിയിരുന്നുവെങ്കിലും വിധി അനുകൂലമായില്ല. വളണ്ടിയര്‍ സേന എന്ന നിലയിലാണ് സാല്‍വാ ജുദൂം പ്രവര്‍ത്തിക്കുന്നത് എന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ വാദം. മാവോയിസ്റ്റ് സാന്നിധ്യം ഇല്ലാതാക്കാന്‍ വിലപ്പെട്ട സേവനമാണ് ഇവര്‍ നല്‍കുന്നതെന്ന് സംസ്ഥാന സര്‍ക്കാരും വാദിച്ചു. മാത്രമല്ല നിരവധി യുവാക്കള്‍ക്ക് തൊഴില്‍നല്‍കാനുള്ള പദ്ധതി ആയിട്ടാണ് സര്‍ക്കാര്‍ ഇതിനെ കാണുന്നതെന്നും കോടതിയില്‍ വാദിച്ചു.

വിധി പറഞ്ഞ് സുദര്‍ശന്‍ റെഡ്ഡിയുടെ ബെഞ്ച്

2011 ജൂലായ് അഞ്ചാം തീയതിലാണ് ജസ്റ്റിസ് സുദര്‍ശന്‍ റെഡ്ഡി, ജസ്റ്റിസ് സുരീന്ദര്‍ സിങ് നിജ്ജാര്‍ എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച് സാല്‍വാ ജുദൂം ഭരണഘടനാ വിരുദ്ധമാണെന്ന് വിധിച്ചത്. നാമമാത്രമായ വിദ്യാഭ്യാസം മാത്രമുള്ള ആദിവാസി യുവാക്കളെ താല്‍ക്കാലികമായി എസ്.പി.ഒമാരായി നിയമിക്കുന്നതും അവര്‍ക്ക് തോക്കുകള്‍ നല്‍കുന്നതും സമൂഹത്തിലെ മറ്റുള്ളവരുടെ മനുഷ്യാവകാശങ്ങളെ അപകടത്തിലാക്കിയിട്ടുണ്ട് എന്നായിരുന്നു ബെഞ്ച് ഉത്തരവില്‍ ചൂണ്ടിക്കാട്ടിയത്. അത് തീര്‍ച്ചയായും ഭാവിയില്‍ വലിയ അപകടത്തിന് വഴിവെക്കും. ഭരണഘടനാപരമായ സാധുത വിലയിരുത്താനുള്ള ഏക അളവുകോല്‍ സേനയുടെ കാര്യക്ഷമത ആകരുത് എന്നും കോടതി കൂട്ടിച്ചേര്‍ത്തു.

പരിശീലനം കുറഞ്ഞവരും തുച്ഛമായ വേതനം വാങ്ങുന്നവരുമായ സ്പെഷ്യല്‍ പോലീസുകാര്‍ക്ക് സാധാരണ പോലീസ് ഉദ്യോഗസ്ഥരുടേതിന് സമാനമായ ഉത്തരവാദിത്തങ്ങള്‍ നല്‍കുന്നത് വിവേചനപരവും ഭരണഘടനയുടെ 14-ാം അനുച്ഛേദത്തിന്റെ ലംഘനവുമാണെന്നും സുപ്രീം കോടതി വിധിച്ചു. കൃത്യമായ പരിശീലനമോ സംരക്ഷണമോ ദീര്‍ഘകാല സുരക്ഷിതത്വമോ ഇല്ലാതെ അവരെ ജീവന് ഭീഷണിയുള്ള സാഹചര്യങ്ങളില്‍ നിയോഗിക്കുന്നത് അനുച്ഛേദം 21 പ്രകാരമുള്ള അവരുടെ ജീവിക്കാനുള്ള മൗലികാവകാശത്തെ ഹനിക്കുന്നതാണെന്നും കോടതി വ്യക്തമാക്കി. അതുകൊണ്ട് സാല്‍വാ ജുദൂമിനെ ഉപയോഗിച്ചുള്ള എല്ലാ ഓപ്പറേഷനുകളും നിര്‍ബന്ധമായും നിര്‍ത്തിവെക്കണമെന്നും കൃത്യമായ പരിശീലനം നല്‍കി സംസ്ഥാന പോലീസിനെ ദൗത്യത്തിന് നിയോഗിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. 

സാല്‍വാ ജുദൂമിന്റെ പ്രവര്‍ത്തനം നിര്‍ത്തിയതോടെ ഛത്തീസ്ഗഢ് വലിയ മാവോയിസ്റ്റ് ആക്രമണങ്ങള്‍ക്കും സാക്ഷിയായി. 2013-ലെ ദര്‍ബ വാലി ആക്രമണം നടന്നതും ഇതിനുശേഷമാണ്. മുന്‍ സംസ്ഥാനമന്ത്രി മഹേന്ദ്രകര്‍മ, ഛത്തീസ്ഗഢ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നന്ദ്കുമാര്‍ പാട്ടേല്‍ അടക്കം 24 പേരുടെ മരണത്തിനും ആ വര്‍ഷം മേയ് 25ന് നടന്ന മാവോയിസ്റ്റ് ആക്രമണം കാരണമായി.

placeholder
മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികര്‍ |ഫോട്ടോ: എ.പി

ബിജെപി ചോദിക്കുന്നു, മാവോയിസ്റ്റുകളെ സംരക്ഷിക്കുന്നതോ യോഗ്യത

മാവോയിസ്റ്റുകളെ സംരക്ഷിച്ച് അക്രമത്തിന് പിന്തുണ നല്‍കിയ ഒരാളെ പ്രതിപക്ഷം ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയാക്കിയത് രാഹുല്‍ഗാന്ധി വിശദീകരിക്കണമെന്നാണ് അമിത് ഷാ ആവശ്യപ്പെടുന്നത്. തന്റെ വിധിയിലൂടെ നക്‌സലിസത്തിന് കൂടുതല്‍ വെള്ളവും വളവും നല്‍കുകയാണ് സുദര്‍ശന്‍ ചെയ്തതെന്നാണ് അമിത് ഷായുടെ ആരോപണം. ഇതാണോ അദ്ദേഹത്തിന്റെ യോഗ്യതയെന്ന് പ്രതിപക്ഷം വ്യക്തമാക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.

വിധിയിലൂടെ ആദിവാസികളുടെ സ്വയം പ്രതിരോധത്തിനുള്ള അവസരം സുദര്‍ശന്‍ റെഡ്ഡി ഇല്ലാതാക്കി. രണ്ട് ദശാബ്ദത്തില്‍ അധികമായുള്ള മാവോയിസ്റ്റ് ആക്രമണം ഇപ്പോഴും തുടരുന്നതിന് കാരണം ഇതാണ്. സാല്‍വാ ജുദൂമിനെ നിയമിച്ച കാലത്ത് നെക്‌സലിസം മരണത്തിന്റെ വക്കിലായിരുന്നുവെന്നും അമിത് ഷാ പറഞ്ഞു. സുദര്‍ശന്‍ റെഡ്ഡിയുടെ വിധി മാവോയിസത്തോട് അനുഭാവം പുലര്‍ത്തുന്നതാണ് എന്നായിരുന്നു മുതിര്‍ന്ന ബിജെപി നേതാവ് രവി ശങ്കര്‍ പ്രസാദിന്റേയും ആരോപണം. ഉപരാഷ്ട്രപതിയുടേത് രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ പദവിയാണ്. അതുകൊണ്ട് തന്നെ ആ വ്യക്തിയുടെ നിലപാടുകളും മാനസികാവസ്ഥയും ഏറെ പ്രധാനപ്പെട്ടതാണ്. സുദര്‍ശന്‍ റെഡ്ഡിയുടെ 2011 ലെ വിധി മാവോയിസ്റ്റുകളോട് കൃത്യമായി അനുഭാവം പുലര്‍ത്തുന്നതാണെന്നും രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി.

എന്നാല്‍ വിധി ഞാന്‍ എന്ന വ്യക്തിയുടേതല്ലെന്നും അത് പരമോന്നത കോടതിയുടേതായിരുന്നുവെന്നുമാണ് സുദര്‍ശന്‍ റെഡ്ഡി പറഞ്ഞത്. കോടതിവിധിയെ രാഷ്ട്രീയ ആരോപണങ്ങള്‍ക്ക് വേണ്ടി വികൃതമാക്കുന്നത് രാജ്യത്തെ നിയമസംവിധാനങ്ങള്‍ക്ക് നേരെയുള്ള വെല്ലുവിളിയാണ്. താന്‍ ഒരിക്കലും മാവോയിസ്റ്റുകളെ പിന്തുണയ്ക്കുന്ന ആളല്ല. പകരം മനഷ്യാവകാശ ലംഘനമാണ് എനിക്ക് മുന്നിലേക്ക് വന്നത്. ഇനി അങ്ങനെയല്ലെങ്കില്‍ ഇത്രയും കാലം എന്തുകൊണ്ടാണ് വിധിയെ ചോദ്യം ചെയ്ത് ഇവര്‍ രംഗത്ത് വരാതിരുന്നതെന്നും സുദര്‍ശന്‍ റെഡ്ഡി ചോദിച്ചു.