തെലങ്കാന: നിരോധിക്കപ്പെട്ട സി.പി.ഐ (മാവോയിസ്റ്റ്) സംഘടനയുടെ പ്രമുഖ നേതാവും കേന്ദ്ര കമ്മിറ്റി അംഗവുമായ തിപ്പിരി തിരുപ്പതി എന്ന ദേവൂജി ഉൾപ്പെടെയുള്ള നാല് മുതിർന്ന നേതാക്കൾ തെലങ്കാന പോലീസിന് മുന്നിൽ കീഴടങ്ങി. ദേവൂജിയെ കൂടാതെ കേന്ദ്ര കമ്മിറ്റി അംഗമായ മല്ല രാജറെഡി, ബഡേ ചൊക്ക റാവു (ജഗൻ), നൂനെ നരസിംഹ റെഡ്ഡി (ഗംഗണ്ണ) എന്നിവരാണ് കീഴടങ്ങിയത്. സംഘടനയുടെ നട്ടെല്ലായിരുന്ന പ്രമുഖ നേതാക്കളുടെ ഈ പിന്മാറ്റം മാവോവാദി പ്രസ്ഥാനത്തിന് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്.

To advertise here,

ഛത്തീസ്ഗഡിലെ മാഡ് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ദേവൂജി, മാവോവാദി പാർട്ടിയുടെ സെൻട്രൽ മിലിട്ടറി കമ്മീഷന്റെ ചുമതലക്കാരനായാണ് ഒടുവിൽ പ്രവർത്തിച്ചിരുന്നത്. 1982ൽ ജഗ്തിയാൽ ജില്ലയിലെ കോരട്‌ലയിൽ ഇന്റർമീഡിയറ്റിന് പഠിക്കുമ്പോൾ റാഡിക്കൽ സ്റ്റുഡന്റ് യൂണിയനിലൂടെയാണ് ദേവൂജി വിപ്ലവ രാഷ്ട്രീയത്തിലേക്ക് ആകർഷിക്കപ്പെടുന്നത്. 1983ൽ സിപിഐഎംഎൽ (പീപ്പിൾസ് വാർ ഗ്രൂപ്പ്) സംഘടനയിൽ ചേർന്ന അദ്ദേഹം പിന്നീട് ഒളിവിൽ പോയി. ഗഡ്ചിരോളി ദളത്തിൽ അംഗമായി പ്രവർത്തനം തുടങ്ങിയ ഇദ്ദേഹം ഘട്ടംഘട്ടമായാണ് സംഘടനയുടെ ഉന്നത പദവികളിലേക്ക് ഉയർന്നത്. 1985ൽ ഏരിയ കമ്മിറ്റി അംഗമായ ദേവൂജി, 2001ൽ കേന്ദ്ര കമ്മിറ്റിയിലേക്കും 2016ൽ മിലിട്ടറി കമ്മീഷന്റെ തലപ്പത്തേക്കും തിരഞ്ഞെടുക്കപ്പെട്ടു.