തീരുവയും പിഴച്ചുങ്കവും ചുമത്തിയിട്ടും റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ കുലുങ്ങാത്ത ഇന്ത്യയ്ക്കെതിരേ ഉപരോധത്തിന്റെ അറ്റകൈ പ്രയോഗവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റഷ്യയിലെ പ്രധാന എണ്ണക്കമ്പനികളായ റോസ്നെഫെറ്റ്, ലൂക്കോയില്‍ എന്നിവർക്ക് ഉപരോധപ്പൂട്ടിട്ടതോടെ ഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണ ഇറക്കുമതിയും പ്രതിസന്ധിയിലായി.

To advertise here,

ഉപരോധം യാഥാര്‍ഥ്യത്തിലാവുമ്പോള്‍ അത് വരുംനാളുകളില്‍ രാജ്യത്തെ എണ്ണ വിലവര്‍ധനവിന് കാരണമാകുമെന്നും സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, പ്രതിസന്ധി പരിഹരിക്കാന്‍ അമേരിക്കയേയും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളേയും ആശ്രയിക്കാന്‍ ഇന്ത്യ നിര്‍ബന്ധിതരാകുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്. നിലവില്‍ ഇന്ത്യന്‍ ക്രൂഡോയില്‍ ഇറക്കുമതിയുടെ 85 ശതമാനവും റഷ്യയില്‍ നിന്നാണ്. അതുകൊണ്ടു തന്നെ എണ്ണക്കമ്പനികള്‍ക്കെതിരേ റഷ്യ പ്രതിരോധം കടുപ്പിച്ചതോടെ ഇന്ത്യയുടെ ക്രൂഡോയില്‍ ഇറക്കുമതിച്ചെലവ് വലിയ തോതില്‍ വര്‍ധിപ്പിക്കും.

ഓഫറില്‍ നേട്ടം കൊയ്ത ഇന്ത്യ

റഷ്യയില്‍ നിന്ന് ക്രൂഡോയില്‍ വാങ്ങുന്ന രാജ്യങ്ങളെയെല്ലാം അമേരിക്ക ഉപരോധംകൊണ്ടും ചൂങ്കഭീഷണികൊണ്ടും നേരിട്ടപ്പോള്‍ ഇന്ത്യയായിരുന്നു റഷ്യയുടെ പ്രധാന വരുമാന സ്രോതസ്സ്. അതുകൊണ്ടുതന്നെ നിരവധി ഓഫറുകളും റഷ്യ ഇന്ത്യയ്ക്ക് നല്‍കിയിരുന്നു. മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ബാരലിന് എട്ട് ഡോളര്‍ മുതല്‍ 12 ഡോളര്‍വരെയാണ് റഷ്യ ഓഫര്‍ നല്‍കിയിരുന്നത്. ഇതുവഴി ബാരലിന് 300 മുതല്‍ 400 രൂപ വരെ ലാഭം എണ്ണക്കമ്പനികള്‍ക്ക് ലഭിക്കുമായിരുന്നു. ഇതിന് പുറമെ ഇറക്കുമതി ഇടപാടുകളും എളുപ്പമായതോടെ അത് ഇന്ത്യയ്ക്ക് ഏറെ ഗുണം ചെയ്യുകയും ചെയ്തിരുന്നു.

നിലവില്‍ എണ്ണക്കമ്പനികള്‍ക്ക് പുറമെ കപ്പലുകളുടെ ചരക്ക് നീക്കം, വ്യാപാരം, ഇന്‍ഷൂറന്‍സ് ശൃംഖലകൾ എന്നിവയ്ക്കെല്ലാം ഉപരോധം ബാധകമാണ്. ഇതെല്ലാം കൂടിയാവുമ്പോള്‍ ലാഭം കുത്തനെ കുറയും എന്നതാണ് എണ്ണക്കമ്പനികള്‍ നേരിടുന്ന പ്രശ്നം. ഇന്ത്യയിലെ പ്രധാന ഇന്ധനകമ്പനികളായ ഐഒസി, ബിപിസിഎല്‍, റിലയന്‍സ് എന്നിവരെല്ലാം മറ്റ് രാജ്യങ്ങളില്‍ ഇന്ന് ക്രൂഡോയില്‍ ഇറക്കുമതി ചെയ്യാനുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണ്.

ഉപരോധം ഏര്‍പ്പെടുത്തിയ കമ്പനികളുമായി ഏതെങ്കിലും തരത്തില്‍ വ്യാപാരം തുടരുന്ന വ്യക്തികള്‍ക്കും  സ്ഥാപനങ്ങള്‍ക്കുമെതിരെ പിഴയടക്കമുള്ള നടപടിയുണ്ടാവുമെന്നാണ് ട്രംപ് സര്‍ക്കാര്‍ വ്യക്തമാക്കിയത്. നിലവില്‍ ദിവസം 1.7 മില്ല്യണ്‍ ബാരല്‍ ക്രൂഡോയില്‍ ആണ് റഷ്യയില്‍ നിന്നു ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. ഇതില്‍ 1.2 മില്ല്യണ്‍ ബാരലും ഇപ്പോള്‍ ഉപരോധം വന്നിട്ടുള്ള റോസ്നെറ്റില്‍ നിന്നും ലൂക്ക് ഓയിലില്‍ നിന്നുമാണ്. 25 വർഷത്തേയ്ക്ക് ദിവസം 5,00,000 ബാരല്‍ വാങ്ങാമെന്ന് റിലയന്‍സ് മാത്രം റോസ്നെറ്റുമായി കരാറുണ്ടാക്കിയിട്ടുമുണ്ട്.

റഷ്യന്‍ എണ്ണയെ മാത്രം ആശ്രയിക്കുന്ന നയാര പോലുള്ള കമ്പനികളും വലിയ പ്രതിസന്ധിയിലാവും. ഇവര്‍ക്ക് രാജ്യത്താകമാനം 6500 ല്‍ അധികം ചില്ലറ വിൽപനശാലകളുമുണ്ട്. ഗുജറാത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നയാര റിഫൈനറി റഷ്യന്‍ പങ്കാളിത്തമുള്ള കമ്പനിയുമാണ്. ക്രൂഡോയില്‍ റഷ്യയില്‍ നിന്ന് വിലകുറച്ച് ലഭിക്കാന്‍ തുടങ്ങിയതോടെ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ എണ്ണ ഉത്പാദന കമ്പനിയായി നയാരയ്ക്ക് മാറാനും കഴിഞ്ഞിരുന്നു. നിലവിലെ പ്രതിസന്ധി മറികടക്കാന്‍ മിഡില്‍ ഈസ്റ്റ്, ബ്രസീല്‍, ലാറ്റിനമേരിക്ക, തെക്കന്‍ ആഫ്രിക്ക, കാനഡ, യു.എസ് എന്നിവിടങ്ങളില്‍ നിന്നെല്ലാമുള്ള എണ്ണക്കമ്പനികളെ ആശ്രയിക്കേണ്ട അവസ്ഥയാണ് ഇന്ത്യന്‍ കമ്പനികള്‍ക്ക്. ഇത് വിലക്കയറ്റത്തിന് വഴിയൊരുക്കുമെന്നും കണക്കുകൂട്ടുന്നു.

 

ഉപരോധം എങ്ങനെ വ്യാപാരത്തെ ബാധിക്കും?

അന്താരാഷ്ട്ര ബാങ്കുകളിലൂടെയാണ് എണ്ണ വ്യാപാരത്തിന്റെ ഭൂരിഭാഗം പണമിടപാടുകളും നടക്കുന്നത്. റഷ്യന്‍ എണ്ണക്കമ്പനികള്‍ക്ക് ഉപരോധം വന്നതോടെ ഇവര്‍ക്ക് മുകളിലെല്ലാം അമേരിക്കന്‍ ഭീഷണിയുണ്ട്. ഡോളറിലാണ് ഇവിടങ്ങളിലെല്ലാം പണമിടപാട് എന്നിരിക്കെ ഉപരോധമുള്ള കമ്പനികളുമായി ഈ പണമിടപാട് ഇനി സാധ്യമാവില്ല. കപ്പലുകളുടെ ഇന്‍ഷുറന്‍സ് കമ്പനികളും ഭൂരിഭാഗങ്ങളും പാശ്ചാത്യ രാജ്യങ്ങളിലുള്ളതാണ് എന്നത് കൊണ്ട് തന്നെ ഇതിനേയും ഉപരോധം ബാധിക്കും. ഉപരോധം നിലവില്‍ വന്നതോടെ യൂറോപ്പ്, ജപ്പാന്‍, ഗ്രീസ് എന്നിവിടങ്ങളില്‍ നിന്നെല്ലാമുള്ള റഷ്യന്‍ ഇന്ധനവുമായി പോവുന്ന കപ്പലുകള്‍ അവരുടെ പ്രവര്‍ത്തനം നിര്‍ത്തിയിട്ടുണ്ട്.

മറ്റ് രാജ്യങ്ങളിലെ കപ്പലുകളെ ആശ്രയിച്ചാല്‍ ഇന്‍ഷുറന്‍സ് ബുദ്ധിമുട്ടും മറ്റും ഉള്ളതിനാല്‍ അവര്‍ ഉയര്‍ന്ന ചരക്കുനീക്ക തുക ഈടാക്കുമെന്നും ഇത് വിലവര്‍ധനവിന് കാരണമാകുമെന്നും ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിന് പുറമെ ചില കപ്പല്‍ചാലുകളിലൂടെ മാത്രം യാത്ര ചെയ്യാനാവുന്നതിനാല്‍ കൂടുതല്‍ ദൂരം കപ്പലുകള്‍ക്ക് സഞ്ചരിക്കേണ്ടിയും വരും. ഡോളര്‍ വഴിയുള്ള പണമിടപാടിന് നിരോധനം വന്നതോടെ ദിര്‍ഹത്തിലും ചൈനീസ് യുവാനിലൂടേയും കമ്പനികള്‍ക്ക് പണമിടപാട് നടത്തേണ്ടി വരും. ഇത് പണം ലഭിക്കാന്‍ കാലതാമസമുണ്ടാക്കുമെന്നതും മറ്റൊരു പ്രശ്നമാണ്.

റഷ്യന്‍ എണ്ണയും ഇന്ത്യയും

2022 മുതലാണ് യുക്രൈനില്‍ സമ്പൂര്‍ണ യുദ്ധത്തിന് റഷ്യയും പുതിനും തിരികൊളുത്തിയത്. പെട്ടെന്ന് കീഴടങ്ങുമെന്ന് കരുതിയ യുക്രൈന്‍ പുതിന്റെ പ്രതീക്ഷകളെ അപ്പാടെ തെറ്റിച്ചു കളയുകയായിരുന്നു. ഇതോടെ യുദ്ധം അനന്തമായി നീളുകയും ചെയ്തു. യുദ്ധം നിര്‍ത്തണമെന്ന് ലോകരാജ്യങ്ങള്‍ പല തവണ റഷ്യയോട് ആവശ്യപ്പെട്ടെങ്കിലും പിന്‍മാറില്ലെന്ന നിലപാടിലായിരുന്നു റഷ്യ. അന്താരാഷ്ട്ര ഉപരോധമടക്കമുള്ളവയെ റഷ്യയ്ക്ക് നേരിടേണ്ടിയും വന്നു. വലിയ സാമ്പത്തിക തകര്‍ച്ചയുണ്ടായി. ഇതില്‍ നിന്നും റഷ്യ പിടിച്ചുനിന്നത് തങ്ങളുടെ കൈവശമുള്ള എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെ ബലത്തിലായിരുന്നു. ഇത് തിരിച്ചറിഞ്ഞാണ് യുദ്ധം നിര്‍ത്തിക്കാനുള്ള നിര്‍ണായക വഴിയായി ട്രംപ് അധികാരത്തിലെത്തിയതോടെ റഷ്യയുടെ എണ്ണ വിപണിയെ കണ്ടത്.

ട്രംപിനെ സംബന്ധിച്ചിടത്തോളം റഷ്യയ്ക്കെതിരേ ഉപയോഗിക്കാനാവുന്ന ഏറ്റവും മൂര്‍ച്ചയേറിയ ആയുധമാണ് ഇവരുമായി ബന്ധപ്പെടുന്ന രാജ്യങ്ങള്‍ക്ക് ഉപരോധമേര്‍പ്പെടുത്തുക എന്നത്. അത് ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതിക്കാവുമ്പോള്‍ റഷ്യയ്ക്കേല്‍ക്കുന്ന പ്രഹരത്തിന് വേദനയേറുമെന്നും ട്രംപ് വിലയിരുത്തുന്നുണ്ട്. കാരണം 2022 മുതല്‍ റഷ്യന്‍ എണ്ണയുടെ ലോകത്തിലെ ഏറ്റവും വലിയ ഇറക്കുമതിക്കാരാണ് ഇന്ത്യ. മാത്രമല്ല, എണ്ണ ഇറക്കുമതിയില്‍ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ രാജ്യവുമാണ്. ദിവസവും ഇരുപതു ലക്ഷത്തോളം ബാരലാണ് റഷ്യയില്‍ നിന്നും ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. ഇത് ആഗോള വിതരണത്തിന്റെ രണ്ട് ശതമാനം വരും. ചൈനയും തുര്‍ക്കിയുമാണ് എണ്ണ ഇറക്കുമതിയില്‍ ഇന്ത്യയ്ക്ക് മുന്നിലുള്ള രാജ്യങ്ങള്‍. അതുകൊണ്ടു തന്നെ ഇന്ത്യയുമായുള്ള എണ്ണ ഇടപാടിനെ റഷ്യ അത്രമാത്രം പ്രാധാന്യത്തോടെ കാണുന്നുമുണ്ട്. ഉപരോധമേര്‍പ്പെടുത്തിയിട്ടും ഇന്ത്യ റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ നിന്നും പിന്നോട്ട് പോവുന്നില്ലെന്ന് കണ്ടതോടെയാണ് കമ്പനികള്‍ക്ക് തന്നെ ഉപരോധമേര്‍പ്പെടുത്തിയത്.

യുക്രൈന്‍ അധിനിവേശം, രക്ഷകരായി ഇന്ത്യ

2022 ഫെബ്രുവരി മാസമാണ് റഷ്യ യുക്രൈന്‍ അധിനിവേശത്തിന് തുടക്കം കുറിച്ചത്. പെട്ടെന്ന് അവസാനിക്കുമെന്ന് കരുതിയ യുദ്ധം പക്ഷേ, അനിശ്ചിതമായി നീണ്ടു. ഇതോടെ വിവിധ രാജ്യങ്ങളുടെ ഉപരോധവും റഷ്യയ്ക്ക് മേല്‍ വന്നു. പക്ഷേ, ഇന്ത്യയിലേക്കുള്ള ഓയില്‍ ഇറക്കുമതി വന്‍ തോതില്‍ വര്‍ധിക്കാന്‍ തുടങ്ങിയതോടെ ഇത് റഷ്യയ്ക്ക് വലിയ ആശ്വാസമാണ് നല്‍കിയത്. അതുവരെ 0.2 ശതമാനം മാത്രം ക്രൂഡോയില്‍ ആയിരുന്നു റഷ്യയില്‍ നിന്നും ഇന്ത്യ ഇറക്കുമതി ചെയ്തിരുന്നതെങ്കില്‍ ദിവസേന ഇരുപതു ലക്ഷം ബാരലിലേക്ക് അത് മാറി. 2023 മേയ് മാസത്തിന് ശേഷമാണ് വന്‍തോതില്‍ ക്രൂഡോയില്‍ ഇറക്കുമതിക്ക് ഇന്ത്യ പച്ചക്കൊടി കാട്ടിയത്. ഇത് രാജ്യത്തിന്റെ ഇറക്കുമതിയുടെ ഏകദേശം 45 ശതമാനവും ചൈനയൊഴികെ മറ്റേതൊരു രാജ്യത്തേക്കാളും കൂടുതലുമായിരുന്നു.

അതുവരെ ഇറാഖ്, സൗദി അറേബ്യ എന്നിവരായിരുന്നു ഇന്ത്യയുടെ പരമ്പരാഗത എണ്ണ വിതരണക്കാർ. റഷ്യയുടെ വരവോടെ അവരെല്ലാം പിന്നോട്ട് പോയി. യൂറോപ്യന്‍ യൂണിയന്‍ ബാരലിന് 60 ഡോളര്‍ എന്ന് നിശ്ചയിച്ച വിലപരിധിക്ക് കീഴില്‍, റഷ്യയ്ക്ക് തങ്ങളുടെ അസംസ്‌കൃത എണ്ണ വില്‍ക്കാന്‍ സാധിച്ചു. ഇന്ത്യയാകട്ടെ, വിലക്കിഴിവില്‍ എണ്ണ വാങ്ങുകയും ചെയ്തു. രാജ്യത്തെ എണ്ണക്കമ്പനികള്‍ ഇതിന്റെ ഒരു ഭാഗം ആഭ്യന്തര ഉപഭോഗത്തിനായി ശുദ്ധീകരിക്കുകയും, ബാക്കിയുള്ളവ ഡീസലും മറ്റ് ഉല്‍പ്പന്നങ്ങളുമായി കയറ്റുമതി ചെയ്യുകയും ചെയ്തു.

കുറഞ്ഞ വിലയ്ക്ക് അസംസ്‌കൃത എണ്ണ ലഭിച്ചതോടെ അത് ഇന്ത്യന്‍ സമ്പദ്​വ്യവസ്ഥയ്ക്കും ഗുണകരമായി. വിലക്കയറ്റം പിടിച്ച് നിര്‍ത്തുന്നതിനടക്കം ഇത് ഗുണം ചെയ്തു. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ എണ്ണക്കമ്പനിയായ മുകേഷ് അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പ് മാത്രം റഷ്യ-യുക്രൈന്‍ യുദ്ധം ആരംഭിച്ച ശേഷം വലിയ തോതിലാണ് ലാഭമുണ്ടാക്കിയത്.

ആസ്തികള്‍ വില്‍ക്കാന്‍ ലൂക്ക് ഓയില്‍

റഷ്യയിലെ രണ്ടാമത്തെ വലിയ എണ്ണക്കമ്പനിയായ ലൂക്ക് ഓയില്‍ വില്‍ക്കാന്‍ ശ്രമിക്കുന്ന തങ്ങളുടെ വിദേശ ആസ്തികള്‍ വാങ്ങാന്‍ ആഗോള കമ്മോഡിറ്റി വ്യാപാരിയായ ഗണ്‍വോര്‍ നല്‍കിയ വാഗ്ദാനം സ്വീകരിച്ചതായി അറിയിച്ചിട്ടുണ്ട്. ഇടപാടിന്റെ പ്രധാന വ്യവസ്ഥകള്‍ കക്ഷികള്‍ നേരത്തെ അംഗീകരിച്ചിരുന്നു. ഇതോടെയാണ് വാഗ്ദാനം സ്വീകരിച്ചതായി ലൂക്ക് ഓയിലുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചിരിക്കുന്നത്. ചില രാജ്യങ്ങള്‍ കമ്പനിക്കും അതിന്റെ ഉപസ്ഥാപനങ്ങള്‍ക്കും എതിരെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനാലാണ് ഈ നടപടി സ്വീകരിച്ചതെന്നാണ് ലൂക്ക് ഓയില്‍ പ്രസ്താവനയില്‍ പറയുന്നത്. വിദേശത്തുള്ള ബിസിനസുകള്‍ അവസാനിപ്പിക്കാന്‍ കമ്പനിക്ക് നവംബര്‍ 21 വരെ യുഎസ് ഓഫീസ് ഓഫ് ഫോറിന്‍ അസറ്റ്സ് കണ്‍ട്രോള്‍ സമയം നല്‍കിയിട്ടുണ്ട്. അല്ലെങ്കില്‍ കനത്ത പിഴ നേരിടേണ്ടിവരും. ആവശ്യമെങ്കില്‍, അന്താരാഷ്ട്ര ആസ്തികളുടെ തടസ്സമില്ലാത്ത പ്രവര്‍ത്തനം ഉറപ്പാക്കുന്നതിന് ലൈസന്‍സ് നീട്ടുന്നതിനായി അപേക്ഷിക്കാന്‍ കമ്പനി പദ്ധതിയിടുന്നുണ്ടെന്നും ലൂക്ക് ഓയില്‍ പറയുന്നു.