യുഎസിലെ ഇടക്കാല തിരഞ്ഞെടുപ്പുഫലം വാഷിങ്ടണിലെ രാഷ്ട്രീയസാഹചര്യങ്ങൾ തിരുത്തിയെഴുതിയിരിക്കുന്നു. വിദേശ, സാമ്പത്തിക നയങ്ങളിൽ വലിയ അനിശ്ചിതത്വത്തിനും തിരുത്തലുകൾക്കുമാണ് ഇത് വഴിതെളിക്കുന്നത്. ക്യാപിറ്റോൾ ഹില്ലിലെ ഭരണമാറ്റം ന്യൂഡൽഹിയുടെ നയതന്ത്രചതുരംഗത്തിൽ ആശ്വാസവും പുതിയ ചിന്തകളും സൃഷ്ടിച്ചിട്ടുണ്ട്.

To advertise here,

വിലക്കയറ്റം, സാമ്പത്തിക അനിശ്ചിതത്വം, ഇറാനിലെ സൈനിക ഇടപെടലുകൾ സൃഷ്ടിച്ച പ്രതിസന്ധി, അഴിമതി ആരോപണങ്ങൾ എന്നിവയോടുള്ള അമേരിക്കൻ വോട്ടർമാരുടെ കടുത്ത അമർഷമാണ് റിപ്പബ്ലിക്കൻ പാർട്ടിയുടെ കോട്ട തകർത്തത്.

കുറച്ചുമാസങ്ങളായി ട്രംപിന്റെ നിലപാടുകൾക്കും അപ്രതീക്ഷിത നയവ്യതിയാനങ്ങൾക്കും മുന്നിൽ പതറാതെനിന്ന ഇന്ത്യൻ നയതന്ത്രജ്ഞർക്കും സാമ്പത്തിക ഇടപാടുകാർക്കും കണക്കുകൂട്ടലുകൾക്കുള്ള അവസരമാണിത്.

കരുത്തുകുറഞ്ഞ ട്രംപ് ഭരണകൂടം ഇന്ത്യക്ക് കുറച്ചെങ്കിലും ആശ്വാസം നൽകിയേക്കാം. എന്നിരുന്നാലും വലിയ പ്രതീക്ഷകൾക്ക് സാധ്യത വിരളമാണ്.

2029 ജനുവരിവരെ ട്രംപ് അധികാരത്തിൽ തുടരുമെങ്കിലും തന്റെ അജൻഡ നടപ്പാക്കാനുള്ള അദ്ദേഹത്തിന്റെ കഴിവും ഇഷ്ടക്കാരെ ഉന്നതപദവികളിലേക്ക് തിരുകിക്കയറ്റാനുള്ള അധികാരവും പഴയതുപോലെയായിരിക്കില്ല. വ്യാപാര, കുടിയേറ്റ നയങ്ങളിൽ പുനഃപരിശോധനയും ശാഠ്യത്തിൽ അയവും പ്രതീക്ഷിക്കാം.

താരിഫ് നയം

രാജ്യത്തെ കയറ്റുമതിവിപണിയെയും വ്യവസായമേഖലയെയും അനിശ്ചിതത്വത്തിലാക്കിയ യുഎസിന്റെ താരിഫ് നയം പുതിയ സമവാക്യങ്ങളുടെ പശ്ചാത്തലത്തിൽ വീണ്ടുവിചാരത്തിന് ഇടയാക്കിയേക്കാം. യുഎസിന്റെ കടുത്ത താരിഫ് നയം ഉഭയകക്ഷിവ്യാപാരത്തെ സാരമായി ബാധിച്ചിരുന്നു. ഇന്ത്യൻ ഉത്പന്നങ്ങൾക്ക് 50 ശതമാനംവരെ ഉയർത്തിയ താരിഫ് പിന്നീട് 18 ശതമാനത്തിലേക്ക് കുറച്ചു.

റഷ്യൻ എണ്ണ

റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്ന കാര്യത്തിൽ ഇന്ത്യക്കുമേലുള്ള സമ്മർദം കുറഞ്ഞേക്കാം. എന്നാൽ ഇക്കാര്യം ഉറപ്പിക്കാനാവില്ല. ഓഗസ്റ്റിലെ കണക്കുപ്രകാരം രാജ്യത്തെ എണ്ണ ഇറക്കുമതിയുടെ 44 ശതമാനവും റഷ്യയിൽനിന്നാണ്.

എച്ച് 1 ബി വിസ

എച്ച് 1 ബി വിസ നിയന്ത്രണങ്ങൾ വീണ്ടും പരിഗണിച്ചേക്കാം. ട്രംപിന്റെ കുടിയേറ്റ നയങ്ങളെ വെല്ലുവിളിക്കാൻ ഡെമോക്രാറ്റുകൾ അധികാരം പ്രയോഗിക്കുകയാണെങ്കിൽ ഇന്ത്യയിലെ പ്രൊഫഷണലുകൾക്കും ടെക്നോളജി കമ്പനികൾക്കും ആശ്വാസം ലഭിച്ചേക്കാം.

പുതിയ എച്ച് 1 ബി വിസ അപേക്ഷകൾക്ക് ഭരണകൂടം നിർദേശിച്ച ഒരു ലക്ഷം ഡോളർ ഫീസ്, വിദഗ്ധരായ വിദേശ തൊഴിലാളികളെ ആശ്രയിക്കുന്ന അമേരിക്കൻ കമ്പനികൾക്ക് അനിശ്ചിതത്വത്തിന് കാരണമായിട്ടുണ്ട്. യുഎസിലെ രണ്ട് ഫെഡറൽ കോടതികൾ ഈ ഉത്തരവ് നടപ്പാക്കുന്നത് തടഞ്ഞിരുന്നു. അതേത്തുടർന്ന് ഉയർന്ന ഫീസ് കൂടാതെതന്നെ അപേക്ഷ സ്വീകരിക്കുകയും അംഗീകാരം നൽകുകയും ചെയ്തുവരികയാണിപ്പോൾ. വിദഗ്ധ കുടിയേറ്റം തടയുന്നത് യുഎസിലെ ടെക് കമ്പനികളെ എങ്ങനെ ബാധിക്കുന്നുവെന്ന് ഡെമോക്രാറ്റിക് കോൺഗ്രസ് പരിശോധിച്ചാൽ ഇന്ത്യയിലെ പ്രൊഫഷണലുകൾക്ക് അനുകൂലമായേക്കാം.

എങ്കിലും കുടിയേറ്റ നയരൂപീകരണം എക്സിക്യുട്ടീവ് അധികാരപരിധിയിൽ വരുന്നതായതിനാൽ കോൺഗ്രസിലെ ഭരണമാറ്റം കൊണ്ടുമാത്രം ട്രംപ് ഭരണകൂടത്തിന്റെ നിയന്ത്രണങ്ങൾ സ്വയമേവ ഇല്ലാതാകില്ല.