വിവിധ യുദ്ധമുന്നണികളിലൂടെ റഷ്യ യുക്രൈനിൽ കനത്ത ആക്രമണം തുടങ്ങിയത് നാലരവർഷം മുമ്പാണ്. അന്ന് ആരും കരുതിയിട്ടുണ്ടാവില്ല, യുദ്ധം അനന്തമായി നീളുമെന്ന്. സൈനികശക്തിയിൽ പലമടങ്ങ് മുന്നിട്ടു നിൽക്കുന്ന റഷ്യക്ക് വൊളോദിമർ സെലൻസ്‌കി നയിക്കുന്ന മുൻ സോവിയറ്റ് റിപ്പബ്ലിക്ക് വെല്ലുവിളി ആകില്ലെന്ന വിലയിരുത്തൽ തിരുത്താൻ ലോകം ആഴ്ചകൾക്കകം നിർബന്ധിതമായി. മുൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെയും യൂറോപ്യൻ രാജ്യങ്ങളുടെയും കലവറയില്ലാത്ത പിന്തുണയായിരുന്നു അക്കാലത്ത് യുക്രൈന്റെ ചെറുത്തുനിൽപ്പിന്റെ അസ്തിവാരം.

To advertise here,

ഇന്ന് യുക്രൈനെ 'സൗജന്യമായി' സഹായിക്കുന്നതിൽ വലിയ താൽപ്പര്യമില്ലാത്ത ഡൊണാൾഡ് ട്രംപാണ് ബൈഡന്റെ സ്ഥാനത്ത്, കടുത്ത സാമ്പത്തിക പ്രശ്നങ്ങളെ നേരിടുന്ന യൂറോപ്പിന് പതിവുപോലെ സഹായിക്കാനുമാകുന്നില്ല. എങ്കിലും പിടിച്ചുനിൽക്കാൻ മാത്രമല്ല, റഷ്യയ്ക്ക് കനത്ത ആഘാതമേൽപ്പിക്കാനും യുക്രൈന് സാധിക്കുന്നു. ഒരാളിന്റെ സമ്പൂർണപതനം വരെ നീളുന്ന ഒരുതരം സഹനസമരമായിയിരിക്കുകയാണ് ഈ യുദ്ധം. ഇരുരാജ്യങ്ങളുടെയും അവകാശവാദങ്ങളുടെയും വീമ്പുകളുടെയും മൂടുപടം നീക്കിയാൽ നിലവിൽ യുക്രൈന് തന്ത്രപരവും മനശാസ്ത്രപരവുമായ നേരിയ മുൻതൂക്കമുണ്ടെന്നു പറയാം.

ഈ വർഷം ഫെബ്രുവരി 28-ന് ആരംഭിച്ച ഇറാൻ യുദ്ധവും ഒരു അതിദീർഘയുദ്ധത്തിന്റെ സൂചനകൾ നൽകുന്നുണ്ട്. ജൂൺ മാസമുണ്ടായ താൽക്കാലിക വെടിനിർത്തൽ ലംഘിക്കപ്പെട്ടതിനെ തുടർന്ന് തുടർച്ചയായ 13 ദിവസമാണ് അമേരിക്ക ഇറാനിൽ ബോംബ് വർഷം നടത്തിയത്. ഇപ്പോൾ വീണ്ടും അമേരിക്ക ആക്രമണം നിർത്തിവച്ചിട്ടുണ്ട്. ഇറാനും തോക്കുകൾ താഴ്ത്തി, അടിച്ചാൽ തിരിച്ചടിക്കാൻ എപ്പോഴും സജ്ജമാണെന്ന മുന്നറിയിപ്പോടെ. വെടിനിർത്തൽ സമാധാന ചർച്ചകൾക്ക് അവസരം നൽകാനാണെന്ന് ട്രംപ് അവകാശപ്പെട്ടെങ്കിലും ആയുധശേഖരത്തിലെ കുറവാണ് കാരണമെന്ന് റിപ്പോർട്ടുകളുണ്ട്.

ഇതിനിടെയാണ് തികച്ചും അപ്രതീക്ഷിതമായി കാസ്പിയൻ കടലിൽ ഇറാനിയൻ ചരക്കുകപ്പലിനെ ദീർഘദൂര ഡ്രോണുപയോഗിച്ച് യുക്രൈൻ തകർത്തത്. പടക്കോപ്പുകളും ഡ്രോണുകളും മറ്റും കൈമാറാൻ റഷ്യയും ഇറാനും സുരക്ഷിതപാലമായി കരുതിയിരുന്ന കാസ്പിയൻ സമുദ്രത്തിലേക്ക് യുദ്ധം വ്യാപിപ്പിച്ചത് സ്വന്തം തീരുമാനപ്രകാരമാണോ, അതോ യുഎസ്- ഇസ്രയേൽ നിർദ്ദേശപ്രകാരമാണോ എന്ന് കണ്ടറിയണം. (അങ്ങനെ സംശയിക്കാൻ കാരണങ്ങളുണ്ട്!) റഷ്യ യുക്രൈനെതിരെ ഉപയോഗിക്കുന്ന ഷഹീദ് ഡ്രോണുകൾ നൽകുന്നത് ഇറാനാണ്; ഇറാൻ റെവല്യൂഷണറി ഗാർഡ് കോറിന് (ഐആർജിസി) യുദ്ധത്തിനാവശ്യമായ ഉപഗ്രഹവിവരങ്ങൾ റഷ്യ പങ്കുവെക്കുന്നതായി ആരോപണമുണ്ട്. 

ആക്രമിക്കപ്പെട്ട കപ്പൽ പൂർണ്ണമായും വാണിജ്യ  ആവശ്യത്തിനുള്ളതാണെന്ന് അവകാശപ്പെട്ട ഇറാന്റെ വിദേശകാര്യമന്ത്രാലയം സ്ഫോടനത്തിൽ ഒരു ജീവനക്കാരൻ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് അറിയിച്ചു. ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി ആക്രമണത്തിന് തീർച്ചയായും മറുപടി നൽകുമെന്ന് എക്സിൽ കുറിപ്പിട്ടു. യുഎൻ ചാർട്ടറിന്റെ പരസ്യമായ ലംഘമാണിതെന്നും ഇസ്രയേലിന്റെ നിർദ്ദേശപ്രകാരം യൂറോപ്പിനെ തങ്ങളുടെ യുദ്ധത്തിലേക്ക് വലിച്ചിഴക്കാൻ നടത്തിയതാണെന്നും അദ്ദേഹം പറഞ്ഞു.

റഷ്യയുടെ യുദ്ധശ്രമങ്ങളെ സഹായിക്കുന്ന വിതരണശൃംഖല തകർക്കാൻ ആക്രമണം അത്യന്താപേക്ഷിതമായിരുന്നുവെന്നാണ് യുക്രൈൻ അധികൃതർ പറയുന്നത്. റഷ്യയിലെ ടാട്ടാർസ്ഥാനിലെ യെലാബുഗ ഡ്രോൺ ഫാക്ടറിയിലേക്കും മറ്റും ഷഹീദ് ഡ്രോൺ ഘടകങ്ങൾ, സ്ഫോടകവസ്തുക്കൾ, ബാലിസ്റ്റിക് മിസൈൽ ഉപകരണങ്ങൾ എന്നിവ എത്തിക്കാൻ ഇറാൻ കാസ്പിയൻ കടൽമാർഗ്ഗം ഉപയോഗിക്കുന്നതിനാൽ, ഈ റൂട്ടുകൾ തടസ്സപ്പെടുത്തേണ്ടത് അത്യന്താപേക്ഷിതമാണെന്നാണ് കീവിന്റെ പക്ഷം. റഷ്യയുടെ യുദ്ധശ്രമങ്ങൾക്ക് ആയുധങ്ങൾ എത്തിക്കുന്ന പാലമായി പ്രവർത്തിക്കുന്ന ഏത് കപ്പലും, വാണിജ്യ പതാകയ്ക്ക് കീഴിൽ സർവീസ് നടത്തുന്നവ അടക്കം, അന്താരാഷ്ട്ര യുദ്ധ നിയമപ്രകാരം നിയമാനുസൃതമായ സൈനികലക്ഷ്യമായി കണക്കാക്കുമെന്ന് യുക്രൈൻ. അതായത്, കാസ്പിയൻ കടലിൽ പുതിയ യുദ്ധമുഖം യുക്രൈൻ പ്രഖ്യാപിച്ചിരിക്കുന്നു!

തങ്ങളുടെ അതിർത്തിയിൽ നിന്ന് ആയിരക്കണക്കിന് കിലോമീറ്റർ അകലെയുള്ള ഇറാനിയൻ ചരക്കുകപ്പലിനെ യുക്രൈൻ ആക്രമിച്ചതോടെ ലോകത്തിന്റെ വ്യത്യസ്തമായ രണ്ടു മേഖലകളിൽ നടക്കുന്ന രണ്ട് സംഘർഷങ്ങളും കൂടിച്ചേർന്ന് ഒരൊറ്റ യുദ്ധമുന്നണിയായി മാറിയിരിക്കുന്നു. പശ്ചിമേഷ്യയിലെയും കിഴക്കൻ യൂറോപ്പിലെയും പോരാട്ടങ്ങൾ ഇനി വെവ്വേറെ കാണാൻ കഴിയില്ല.

മുൻതൂക്കം റഷ്യക്കോ, യുക്രൈനോ?

യുക്രൈനിൽ മോസ്‌കോയോട് ആഭിമുഖ്യമുള്ള ഭരണകൂടത്തെ പ്രതിഷ്ഠിക്കുക, അവരുടെ സൈനികശേഷി പൂർണ്ണമായി തകർക്കുക, നാറ്റോ ( NATO) പോലുള്ള പാശ്ചാത്യ സൈനിക കൂട്ടായ്മകളിൽ അവർ ചേരുന്നത് തടയുക, ക്രിമിയയ്ക്ക് മേലുള്ള നിയന്ത്രണം ശക്തമാക്കുന്നതിനൊപ്പം ലുഹാൻസ്‌ക്, ഡോണെറ്റ്സ്‌ക്, സപ്പോറീഷ്യ, ഖേർസൺ എന്നീ യുക്രൈൻ മേഖലകൾ കീഴടക്കുക എന്നിവയായിരുന്നു അധിനിവേശത്തിനിറങ്ങിയ റഷ്യയുടെ പ്രധാനലക്ഷ്യങ്ങൾ. യുക്രൈന്റെ ഇരുപതു ശതമാനത്തോളം ഭാഗം റഷ്യയുടെ നിയന്ത്രണത്തിലാണെങ്കിലും സമീപകാലത്ത് കാര്യമായ മുന്നേറ്റം ഉണ്ടാക്കാൻ അവർക്ക് കഴിയുന്നില്ല.

ഈ വർഷം ഏറെ കൊട്ടിഘോഷിക്കപ്പെട്ട റഷ്യയുടെ 'സ്പ്രിംഗ് സമ്മർ ആക്രമണം' വലിയ പരാജയമായിരുന്നുവെന്ന് യുദ്ധനിരീക്ഷകർ പറയുന്നു. 2025 ജൂണിൽ നേടിയതിനെക്കാൾ വളരെ ചെറുതായിരുന്നു 2026 ജൂണിലെ മുന്നേറ്റമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി സ്റ്റഡി ഓഫ് വാറിലെ (ഐഎസ്ഡബിൾയു) വിശകലന വിദഗ്ദ്ധർ പറയുന്നു. മാത്രമല്ല, നഷ്ടപ്പെടുത്തിയതിനേക്കാൾ കൂടുതൽ ഭൂപ്രദേശം യുക്രൈൻ 2026 ഫെബ്രുവരിയിൽ തിരിച്ചുപിടിച്ചുവെന്നും 2024-ന് ശേഷം ആദ്യമായാണ് ഇത്തരം മാറ്റമെന്നും അവർ പറയുന്നു. അവകാശവാദങ്ങളുടെ യാഥാർത്ഥ്യം എന്തായാലും 1,200 കിലോമീറ്ററിലധികം നീളുന്ന യുദ്ധമുന്നണിയിൽ വിജയം ഏതെങ്കിലും ഒരു ഭാഗത്തേക്ക് പൂർണ്ണമായി നീങ്ങുന്നതായി കാണുന്നില്ല.

സ്വന്തമായി വികസിപ്പിച്ചെടുത്ത അത്യാധുനിക ഡ്രോണുകളും വ്യോമാക്രമണ തന്ത്രങ്ങളും ഉപയോഗിച്ച് റഷ്യയ്ക്ക് മേൽ വൻ സമ്മർദ്ദം സൃഷ്ടിക്കാൻ യുക്രൈന് കഴിഞ്ഞു.

ഓപ്പറേഷൻ ചിലന്തിവല ഓർമിക്കുമല്ലോ. 2025 ജൂണിൽ ദീർഘദൂര ഡ്രോണുകൾ ഉപയോഗിച്ച് നടത്തിയ ഓപ്പറേഷനിൽ ബോംബറുകളും റഡാർ വിമാനങ്ങളുമടക്കം നാൽപ്പതിലേറെ റഷ്യൻ സൈനികവിമാനങ്ങൾക്ക് അവർ നാശം വരുത്തിയെന്നാണ് റിപ്പോർട്ടുകൾ. റഷ്യയുടെ പരമ്പരാഗത വ്യോമപ്രതിരോധ സംവിധാനങ്ങളെ പതിവായി ഭേദിക്കുന്ന യുക്രൈൻ ഡ്രോണുകൾ അവരുടെ സമ്പദ് വ്യവസ്ഥയുടെ ജീവനാഡിയായ എണ്ണ ശുദ്ധീകരണശാലകളും വിതരണ ശൃംഖലകളും മറ്റും തകരാറിലാക്കുന്നു.

ദീർഘദൂര ഡ്രോൺ ആക്രമണങ്ങൾ കാരണം റഷ്യയിൽ രൂക്ഷമായ ഇന്ധനക്ഷാമവും പെട്രോൾ ക്ഷാമവും അനുഭവപ്പെടുന്നുണ്ട്. മോസ്‌കോ അടക്കമുള്ള പ്രധാന കേന്ദ്രങ്ങളിലെ റിഫൈനറികൾക്ക് കേടുപാടുകൾ സംഭവിച്ചതോടെ റഷ്യയിലെ നിരവധി പ്രവിശ്യകളിൽ പെട്രോൾ കിട്ടാതായി. പലയിടത്തും പെട്രോൾ പമ്പുകൾ അടച്ചുപൂട്ടുകയും ഇന്ധനം വിതരണം നിയന്ത്രിക്കുകയും ചെയ്യുന്ന അവസ്ഥയുണ്ടായി. മാത്രമല്ല, ഇന്ധനം തികയാതെ വന്നതോടെ റഷ്യ പെട്രോൾ കയറ്റുമതി പൂർണ്ണമായി നിരോധിക്കാനും അയൽരാജ്യങ്ങളിൽ നിന്ന് അടിയന്തിരമായി ഇന്ധനം ഇറക്കുമതി ചെയ്യാനും നിർബന്ധിതമായി. വൻകിട എണ്ണ ഉൽപാദക രാജ്യമായ റഷ്യയ്ക്ക് ഇറാൻ യുദ്ധം കാരണം എണ്ണയ്ക്ക വില കൂടുന്നത് ലോട്ടറിയാവുമെന്നാണ് കരുതിയതെങ്കിലും യുക്രൈന്റെ ഡ്രോണുകൾ പ്രസിഡന്റ് വ്ലാദിമിർ പുതിന്റെ കണക്കുകളെല്ലാം തെറ്റിക്കുകയായിരുന്നു.

അവരുപയോഗിക്കുന്ന ഡ്രോണൊന്നിന് കഷ്ടിച്ച് ആയിരം ഡോളറേ വരൂ. അവ തകർക്കുന്ന ആസ്തികൾക്ക് ആയിരക്കണക്കിന് കോടി ഡോളർ മൂല്യവും. യുദ്ധകാലത്തെ നിവൃത്തികേടു കൊണ്ട് യുക്രൈൻ വികസിപ്പിച്ചെടുത്ത ഡ്രോൺ സാങ്കേതിക വിദ്യക്ക് ഇപ്പോൾ ആവശ്യക്കാരേറുന്നതായി റിപ്പോർട്ടുകളുണ്ട്. ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയിൽ നിന്നും പിടിയിലായ സിഐഎ ബന്ധം ആരോപിക്കപ്പെടുന്ന അമേരിക്കൻ പൗരൻ മാത്യു വാൻഡൈക്കിനൊപ്പം ആറു യുക്രൈൻകാരും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അറസ്റ്റിലായിരുന്നു. മ്യാൻമാറിലെ സൈനികസർക്കാരിനെതിരെ പൊരുതുന്ന സായുധസംഘടനകൾക്ക് നൽകാൻ അത്യാധുനിക ഡ്രോണുകളും ഇലക്ട്രോണിക് ജാമിംഗിനുള്ള ഉപകരണങ്ങളും യൂറോപ്പിൽ നിന്ന് കടത്തിയെന്നും തീവ്രവാദികൾക്ക് പരിശീലനം നൽകാൻ ലക്ഷ്യമിട്ടിരുന്നു എന്നുമാണ് എൻഐഎ ആരോപണം.

അക്കങ്ങളിലൊതുങ്ങുന്ന ജീവനഷ്ടം

ഇരുരാജ്യങ്ങളിലെയും ജനങ്ങൾ യുദ്ധത്തിന് നൽകേണ്ടിവരുന്ന വില സാമ്പത്തികത്തകർച്ചയെക്കാൾ ഞെട്ടിക്കുന്നതാണ്. 2026 ജൂണിൽ മാത്രം പിടിച്ചെടുത്തതോ കടന്നുകയറിയതോ ആയ ഓരോ ചതുരശ്ര കിലോമീറ്ററിനും റഷ്യൻ സൈന്യത്തിൽ ഏകദേശം 1,298 ആളപായങ്ങൾ (മരണമോ പരിക്കോ) സംഭവിച്ചതായി ഐഎസ്ഡബിൾയു മോഡലിംഗ് സൂചിപ്പിക്കുന്നു. ഈ കണക്ക് വെച്ചുനോക്കിയാൽ ഡോണെറ്റ്സ്‌ക് മേഖലയുടെ ബാക്കിഭാഗം കൂടി പിടിച്ചെടുക്കണമെങ്കിൽ റഷ്യയ്ക്ക് ലക്ഷക്കണക്കിന് സൈനികരെ നഷ്ടപ്പെടുത്തേണ്ടി വരും! സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷണൽ സ്റ്റഡീസ് (സിഎസ്ഐഎസ്) കഴിഞ്ഞ ജൂലായിൽ പുറത്തുവിട്ട കണക്കനുസരിച്ച്, ഈ യുദ്ധത്തിൽ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ കാണാതാവുകയോ ചെയ്ത റഷ്യൻ, യുക്രൈൻ സൈനികരുടെ എണ്ണം ഇരുപതു ലക്ഷം കവിഞ്ഞു. ഇതിൽ റഷ്യയുടെ മാത്രം നഷ്ടം 14 ലക്ഷത്തോളമാണ്.

യുക്രൈൻ സൈനികരുടെ ആളപായ കണക്കുകൾ വ്യക്തമല്ല, എങ്കിലും അവരുടെ അറുപതിനായിരത്തിനും ഒരുലക്ഷത്തി നാൽപ്പതിനായിരത്തിനും ഇടയ്ക്ക സൈനികർ കൊല്ലപ്പെട്ടതായി കണക്കാക്കപ്പെടുന്നു. മരിച്ച സിവിലിയൻമാരുടെ സംഖ്യ പതിനാറായിരത്തിൽ കുറയില്ലെന്ന് യുഎൻ. കൊല്ലപ്പെട്ട റഷ്യൻ സൈനികരുടെ കൃത്യമായ വിവരങ്ങൾ റഷ്യ രഹസ്യമാക്കി വെച്ചിരിക്കുകയാണ്. ബിബിസി റഷ്യയും മീഡിയസോണയും പൊതുരേഖകളുടെ അടിസ്ഥാനത്തിൽ കൊല്ലപ്പെട്ട രണ്ടേകാൽ ലക്ഷത്തിലധികം സൈനികരുടെ വിവരങ്ങൾ പേരുവിവരസഹിതം സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ടര ലക്ഷം മുതൽ നാലര ലക്ഷം വരെ റഷ്യൻ സൈനികർ കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്ന് പാശ്ചാത്യ ഇന്റലിജൻസ് റിപ്പോർട്ടുകൾ. ഇതിനോടൊപ്പം കുർസ്‌കിൽ കൊല്ലപ്പെട്ട ആറായിരമോ, ഏഴായിരമോ ഉത്തര കൊറിയൻ സൈനികരെക്കൂടി ചേർക്കണം.

എന്നുവെച്ച് യുക്രൈൻ വിജയത്തിലേക്ക് അടിവെച്ചു നീങ്ങുകയാണെന്നല്ല. യുദ്ധത്തിൽ ലക്ഷക്കണക്കിന് പേർക്ക് ആളപായം സംഭവിച്ചതോടെ യുവാക്കളെ ബലമായി സൈന്യത്തിലെടുക്കുന്ന സാഹചര്യമുണ്ട്. പാശ്ചാത്യരാജ്യങ്ങളിൽ നിന്നുള്ള സഹായം കുറയുന്നതാണ് മറ്റൊരു വെല്ലുവിളി, ട്രംപ് ഭരണകൂടത്തിന്റെ കാലത്ത് സൈനികസഹായം ഗണ്യമായി കുറഞ്ഞു. വ്യോമപ്രതിരോധമാണ് ഏറ്റവും പ്രധാനമായ ദൗർബല്യം. യുഎസ് നിർമ്മിത പേട്രിയറ്റ് സംവിധാനങ്ങൾക്കായുള്ള ഇന്റർസെപ്റ്റർ മിസൈലുകളുടെ ക്ഷാമം അവരെ വലയ്ക്കുന്നു. 2026-ന്റെ രണ്ടാം പകുതിയിലേക്ക് കടക്കുമ്പോൾ യുക്രൈൻ നേരിടുന്ന പ്രധാനപ്രശ്നം ഇതാണ്: പാശ്ചാത്യരാജ്യങ്ങൾ നൽകുന്ന മിസൈൽശേഖരം കുറയുന്നതോടെ റഷ്യയുടെ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ നിന്ന് സ്വന്തം നഗരങ്ങളെയും അടിസ്ഥാനസൗകര്യങ്ങളെയും സംരക്ഷിക്കാനുള്ള ശേഷി കുറഞ്ഞുവരുന്നു. അതിനിടെ കാസ്പിയൻ കടലിൽ തുറന്ന ഈ യുദ്ധമുഖം റഷ്യക്കെതിരായ ചെറുത്തുനിൽപ്പിനെ ബാധിച്ചേക്കാം.

മുപ്പതിനായിരം പേരെക്കൂടി അയക്കാൻ ഉത്തര കൊറിയ

ഉത്തര കൊറിയ യുദ്ധത്തിൽ പ്രവേശിച്ചത് 2024-ലാണ്. റഷ്യയുടെ കുർസ്‌ക് മേഖലയിൽ യുക്രൈൻ പട്ടാളം അധിനിവേശം നടത്തിയപ്പോൾ സൈനികരെ അയച്ച് സഹായിച്ചു. അന്നു മുതൽ ഉത്തര കൊറിയ നിശബ്ദമായി റഷ്യയ്ക്ക് വേണ്ടി ജീവനുകൾ ബലിനൽകുകയാണ്. 2026 ഫെബ്രുവരിയിലെ ദക്ഷിണ കൊറിയൻ നാഷണൽ ഇന്റലിജൻസ് സർവീസിന്റെ കണക്കുകൂട്ടൽ അനുസരിച്ച്, അവിടെ വിന്യസിച്ച പതിനായിരത്തിലധികം ഉത്തര കൊറിയൻ സൈനികരിൽ ഏകദേശം ആറായിരം പേർ കൊല്ലപ്പെട്ടു. യുക്രൈൻ സൈനിക ഇന്റലിജൻസ് (എഛ്യുആർ) കുർസ്‌ക് പോരാട്ടത്തിൽ മാത്രം ഏഴായിരത്തിലധികം ഉത്തര കൊറിയൻ സൈനികർക്ക് ആളപായമുണ്ടായെന്ന് അവകാശപ്പെടുന്നു.

പിടിക്കപ്പെട്ട ഉത്തര കൊറിയൻ സൈനികരിൽ നിന്നും മരിച്ചവരിൽ നിന്ന് ലഭിച്ച രേഖകളിൽ നിന്നും ശത്രുക്കളുടെ കസ്റ്റഡിയിലാകുന്നതിന് പകരം ആത്മഹത്യ ചെയ്യാൻ ഉത്തരവ് ലഭിച്ചിരുന്നതായി വ്യക്തമായി. തടവിലായ ചിലർ ഉത്തര കൊറിയയിലേക്ക് മടങ്ങുന്നതിന് പകരം ദക്ഷിണ കൊറിയയിൽ അഭയം ചോദിച്ചിട്ടുണ്ട്. ഈ വൻ നഷ്ടങ്ങൾക്കിടയിലും അധികമായി മുപ്പതിനായിരം ഉത്തര കൊറിയൻ സൈനികരെക്കൂടി എത്തിക്കാൻ റഷ്യ തയ്യാറെടുക്കുകയാണെന്നും ജൂൺ മുതൽ റഷ്യ അതിർത്തിയിൽ അതിനായി സൗകര്യങ്ങൾ ഒരുക്കുകയാണെന്നും സെലെൻസ്‌കി പറഞ്ഞു. ഉത്തര കൊറിയൻ സൈന്യം ആധുനിക ഡ്രോൺ, മിസൈൽ യുദ്ധതന്ത്രങ്ങൾ യുദ്ധക്കളത്തിൽ നിന്ന് നേരിട്ട് പഠിക്കുന്നത് യുക്രൈന് മാത്രമല്ല, ദക്ഷിണ കൊറിയയ്ക്കും വിശാലമായ ഇൻഡോപസഫിക് മേഖലയ്ക്കും ഭീഷണിയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മോസ്‌കോയോ പ്യോങ്യാങോ ഈ അവകാശവാദം സ്ഥിരീകരിച്ചിട്ടില്ല: ഈ യുദ്ധത്തിൽ നിന്നുമുണ്ടായ ഏറ്റവും ശക്തമായ സഖ്യങ്ങളിലൊന്നായി മാറിയിരിക്കുന്നു 2024 ജൂണിൽ ഒപ്പുവെച്ച പുടിൻ-കിം പരസ്പര പ്രതിരോധ കരാർ.

കാസ്പിയൻ കടലിലെ ആക്രമണത്തോടെ റഷ്യ- യുക്രൈൻ, പശ്ചിമേഷ്യൻ സംഘർഷങ്ങൾ തമ്മിലുള്ള അതിർവരമ്പുകൾ മായുകയാണ്. വിഭവക്ഷാമവും മിസൈൽ പ്രതിരോധത്തിലെ ദൗർബല്യങ്ങളും കീവിനെ വലയ്ക്കുന്നുണ്ടെങ്കിലും, ഡ്രോൺ സാങ്കേതികവിദ്യയിലൂടെ റഷ്യയുടെ സാമ്പത്തികവും സൈനികവുമായ നട്ടെല്ല് തകർക്കാൻ യുക്രൈന് സാധിക്കുന്നു. വൻശക്തികൾ നേരിട്ടുള്ള ഏറ്റുമുട്ടൽ ഒഴിവാക്കാൻ ശ്രമിക്കുമ്പോഴും, ഇറാൻ, ഉത്തര കൊറിയ സഖ്യങ്ങളെ മുൻനിർത്തി രൂപപ്പെടുന്ന ഈ യുദ്ധ സംയോജനം ലോകസമാധാനത്തിന് വൻ ഭീഷണിയാണ് ഉയർത്തുന്നത്.

കാസ്പിയൻ കടലിലെ അപ്രതീക്ഷിത ആക്രമണത്തിനു പിന്നിൽ അമേരിക്കൻ- ഇസ്രയേലി കരങ്ങളുണ്ടോ, ഇറാൻ തിരിച്ചടിക്കുമോ, പുതിന്റെ അജയ്യനെന്ന പ്രതിച്ഛായക്ക് ഇളക്കം തട്ടിയോ, ചൈന എന്ത് നിലപാടെടുക്കും എന്നിവ അടുത്ത ഭാഗത്തിൽ.