'റഷ്യയുടെ സുരക്ഷയ്ക്ക് നേരിട്ടുള്ള ഭീഷണിയാണ് ചില രാജ്യങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നത്. ഏകപക്ഷീയമായ നിയന്ത്രണങ്ങള്‍ തുടരാന്‍ ഇനി ഞങ്ങള്‍ തയ്യാറല്ല. അതിനാല്‍ ആണവക്കരാറില്‍ നിന്ന് പിന്മാറുന്നു. സോവിയറ്റ് യുഗത്തിലെ നിബന്ധനകൾ പാലിക്കാന്‍ പറ്റിയ സാഹചര്യമല്ല ഉടലെടുത്തിരിക്കുന്നത്.' 1987ലെ ഇന്റര്‍ മീഡിയറ്റ്-റേഞ്ച് ന്യൂക്ലിയര്‍ ഫോഴ്സസിൽ (ഐഎന്‍എഫ്) നിന്ന് പിന്മാറിക്കൊണ്ട് റഷ്യ പുറത്തിറക്കിയ പ്രസ്താവന ഇങ്ങനെയായിരുന്നു. യുക്രൈനുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്ക സമ്മര്‍ദം ശക്തമാക്കുന്നതിനിടെയായിരുന്നു റഷ്യയുടെ പിന്മാറ്റം. റഷ്യയ്ക്കു സമീപം ആണവ മുങ്ങിക്കപ്പലുകള്‍ വിന്യസിക്കാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരവിട്ട് ദിവസങ്ങള്‍ക്കകമാണ് റഷ്യയുടെ മറുപടി. താരിഫ് ഭീഷണിയും ഉപരോധ മുന്നറിയിപ്പുമടക്കമുള്ള അടവുകള്‍ അമേരിക്ക പയറ്റുന്നുണ്ടെങ്കിലും അതിനെയെല്ലാം നിസ്സാരവത്കരിച്ചുകൊണ്ടായിരുന്നു റഷ്യയുടെ നടപടി. കരാര്‍ നിബന്ധനകള്‍ പാലിക്കാന്‍ അമേരിക്ക പരാജയപ്പെട്ടെന്നും അടുത്തിടെ നടത്തിയ സൈനികപ്രകടനങ്ങള്‍ ഇതിനുള്ള കാരണമായെന്നും റഷ്യ പറയുന്നുണ്ട്. എന്താണ് റഷ്യയും അമേരിക്കയും തമ്മിലുള്ള ആണവകരാര്‍? ഇതിൽ നിന്നുള്ള റഷ്യയുടെ പിന്മാറ്റം സൂചിപ്പിക്കുന്നത് എന്താണ്?

To advertise here,

എന്താണ് ഇന്റര്‍മീഡിയറ്റ് റേഞ്ച് ന്യൂക്ലിയര്‍ ഫോഴ്‌സസ് ട്രീറ്റി

പരസ്പരം ഹ്രസ്വമധ്യദൂര മിസൈലുകള്‍ ഉപയോഗിക്കുന്നത് നിരോധിക്കുന്നതടക്കമുള്ള നിബന്ധനകള്‍ അംഗീകരിച്ചുകൊണ്ട് സോവിയറ്റ് യൂണിയനും അമേരിക്കയും ചേര്‍ന്ന് ഒപ്പുവെച്ച കരാറായിരുന്നു ഇന്റര്‍മീഡിയറ്റ് റേഞ്ച് ന്യൂക്ലിയര്‍ ഫോഴ്‌സസ് (ഐഎന്‍എഫ്). ശീതയുദ്ധകാലത്തെ ആയുധ പന്തയങ്ങള്‍ക്ക് വിരാമം കുറിച്ചുകൊണ്ട് 1987ല്‍ സോവിയറ്റ് നേതാവ് മിഖായേല്‍ ഗോര്‍ബച്ചേവും അന്നത്തെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് റീഗനുമാണ് കരാറില്‍ ഒപ്പുവച്ചത്. കരാറനുസരിച്ച് മധ്യദൂര മിസൈലുകള്‍ ഇരുരാജ്യങ്ങളും ഉപയോഗിക്കുന്നത് നിരോധിച്ചിരുന്നു.

500 മുതല്‍ 5,500 കിലോമീറ്റര്‍ (311 മുതല്‍ 3,418 മൈല്‍) വരെ ദൂരപരിധിയുള്ള മധ്യദൂര മിസൈലുകൾ, കരയില്‍ നിന്ന് വിക്ഷേപിക്കുന്ന ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകള്‍ കൈവശം വെക്കുകയോ നിര്‍മ്മിക്കുകയോ പരീക്ഷണപ്പറക്കല്‍ നടത്തുകയോ ചെയ്യുന്നത് ഈ കരാറിലൂടെ വിലക്കപ്പെട്ടു. ആണവ, പരമ്പരാഗത പോര്‍മുനകള്‍ ഉള്‍ക്കൊള്ളുന്ന ഈ ഉടമ്പടിയുടെ ഭാഗമായി ഇരുവശത്തു നിന്നും 2692 മിസൈലുകളാണ് നശിപ്പിക്കപ്പെട്ടത്. നിരായുധീകരണ ശ്രമങ്ങളുടെ ഭാഗമായി വാഷിംഗ്ടണ്‍ 846 എണ്ണവും മോസ്‌കോ 1,846 എണ്ണവുമാണ് നശിപ്പിച്ചത്. അതേസമയം ആകാശത്തുനിന്നോ കടലില്‍നിന്നോ വിക്ഷേപിക്കുന്ന ആയുധങ്ങള്‍ ഇതിന്റെ പരിധിയില്‍ വരുന്നില്ല. 

കരാര്‍പ്രകാരം ഇരു രാജ്യങ്ങള്‍ക്കും പരസ്പരം പരിശോധന നടത്താനും കണക്കുകളെടുക്കാനുമുള്ള സ്വാതന്ത്ര്യം ലഭിച്ചിരുന്നു. 2001 വരെ നേരിട്ടുള്ള ഈ പരിശോധന സജീവമായി തുടരുകയും ചെയ്തു. സാങ്കേതിക മാര്‍ഗങ്ങളെ ആശ്രയിച്ചുകൊണ്ടായിരുന്നു പിന്നീടുള്ള പരിശോധനകള്‍. ഇതിനുവേണ്ടി രാജ്യങ്ങള്‍ സ്ഥിരമായി പ്രത്യേക സ്ഥിരീകരണ സമിതി യോഗങ്ങള്‍ നടത്തുകയും ചെയ്തു. 2016 നവംബറിലാണ് അവസാനമായി ഈ രീതിയിലുള്ള പരിശോധന നടത്തിയത്. 

2019ല്‍ പിന്മാറിയ അമേരിക്ക

ഐഎന്‍എഫ് കരാറില്‍ നിന്ന് ഇതിന് മുന്‍പും പങ്കാളികളിലൊരാള്‍ പിന്മാറിയ ചരിത്രമുണ്ട്, എന്നാല്‍ അത് അമേരിക്കയായിരുന്നു. റഷ്യ സഹകരിക്കുന്നില്ലെന്നും നിരന്തരം കരാര്‍ ലംഘിക്കുന്നുവെന്നും ആരോപിച്ച് 2019ലാണ് അമേരിക്ക കരാറില്‍നിന്ന് പിന്മാറിയത്. ട്രംപിന്റെ ആദ്യ ഭരണകാലമായിരുന്നു അത്. കരയില്‍ നിന്ന് വിക്ഷേപിക്കാവുന്നതും ആണവായുധ ശേഷിയുള്ളതും നാറ്റോ SSC-X-8 എന്ന് പേരിട്ടതുമായ നൊവേറ്റര്‍ 9M729 മിസൈല്‍ സംവിധാനം റഷ്യ വികസിപ്പിക്കുകയും പ്രയോഗിക്കുകയും ചെയ്തുവെന്നായിരുന്നു ട്രംപിന്റെ ആരോപണം. എന്നാല്‍, 1987-ലെ ഉടമ്പടിയില്‍ നിശ്ചയിച്ചിരുന്ന പരിധിയേക്കാള്‍ കുറവാണ് മിസൈലിന്റെ ദൂരപരിധി (500 കി.മീ) എന്നാണ് ക്രെംലിന്‍ ഇതിന് നല്‍കിയ വിശദീകരണം.

കരാറില്‍ കക്ഷിയല്ലാത്ത ചൈനയും ഇത്തരം മിസൈലുകള്‍ വികസിപ്പിക്കുന്ന കാര്യവും അന്ന് ട്രംപ് ചൂണ്ടിക്കാട്ടിയിരുന്നു. ചൈനയുടെ സൈനികശക്തിയെ പ്രതിരോധിക്കുന്നതിനായി ഏഷ്യാ പസഫിക്കില്‍ തങ്ങളുടെ സൈനികശേഷി വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ അമേരിക്ക നടത്തിയിരുന്നു. വര്‍ധിച്ചുവരുന്ന ചൈനീസ് പ്രകോപനത്തെ പ്രതിരോധിക്കാനാണ് കരാറില്‍ നിന്ന് പിന്മാറുന്നതെന്നും അന്ന് അമേരിക്ക കാരണമായി ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്ന് 2019 ഫെബ്രുവരിയില്‍ അമേരിക്ക ഈ ഉടമ്പടി ഔദ്യോഗികമായി നിര്‍ത്തിവച്ചു, ഇതിന് മറുപടിയായി അടുത്ത ദിവസം റഷ്യയും സമാന നിലപാട് സ്വീകരിച്ചു. അതേവര്‍ഷം ഓഗസ്റ്റില്‍ അമേരിക്ക ഔദ്യോഗികമായി ഉടമ്പടിയില്‍ നിന്ന് പിന്‍വാങ്ങി. എന്നാൽ, യുഎസ് ഇവ വിന്യസിക്കാൻ തീരുമാനിക്കുംവരെ തങ്ങൾ അതിൽനിന്നു വിട്ടുനിൽക്കുമെന്ന് റഷ്യ പ്രഖ്യാപിച്ചു. ഈ തീരുമാനമാണ് ഇപ്പോൾ മാറ്റുന്നത്. ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കരാറില്‍ നിന്ന് പിന്മാറുന്നതായി റഷ്യ പ്രഖ്യാപിച്ചിരിക്കുന്നത്. കരാറില്‍ നിന്നുള്ള പിന്മാറ്റത്തിന് പിന്നാലെ ഇരു രാജ്യങ്ങളും കരാര്‍പ്രകാരം വിലക്കപ്പെട്ടിരുന്ന മിസൈലുകളും ആയുധങ്ങളും വികസിപ്പിക്കാന്‍ തുടങ്ങി.

റഷ്യയുടെ പിന്മാറ്റത്തിന് പിന്നിലെന്ത്? 

അമേരിക്കയുടേയും നാറ്റോ രാജ്യങ്ങളുടെയും ഭാഗത്തുനിന്ന് സ്ഥിരത ലംഘിക്കപ്പെടുന്ന തരത്തിലുള്ള നീക്കങ്ങള്‍ ഉണ്ടാകുന്നതിനാല്‍ റഷ്യയ്ക്ക് പ്രതികരിക്കേണ്ടിവരുമെന്ന് ഡിസംബറില്‍ റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവ് വ്യക്തമാക്കി. മിസൈല്‍ വിന്യസിക്കുന്നത് നിരോധിച്ച കരാര്‍ ലംഘിക്കപ്പെട്ടത് നാറ്റോ രാജ്യങ്ങളുടെ റഷ്യാവിരുദ്ധ നയങ്ങളുടെ ഫലമാണെന്ന് ആരോപിച്ച് റഷ്യയുടെ മുന്‍ പ്രസിഡന്റ് ദിമിത്രി മെദ്​വദേവ് രംഗത്തെത്തി. മോസ്‌കോയുടെ ഭാഗത്തുനിന്ന് തുടര്‍നടപടികളുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ പരാമര്‍ശങ്ങള്‍ നടത്തി ഏറെക്കഴിയുന്നതിന് മുന്‍പാണ് കരാറില്‍ നിന്ന് പിന്മാറുന്നതായി റഷ്യ അറിയിച്ചത്. റഷ്യയുടെ സുരക്ഷാ കൗണ്‍സിലിന്റെ നിലവിലെ ഡെപ്യൂട്ടി ചെയര്‍മാനായ മുന്‍ റഷ്യന്‍ പ്രസിഡന്റ് ദിമിത്രി മെദ്​വദേവിന്റെ 'ഭീഷണി ഉയർത്തിയ പരാമര്‍ശങ്ങള്‍ക്ക്' മറുപടിയായി, രണ്ട് ആണവ അന്തര്‍വാഹിനികളെ പുനര്‍വിന്യസിക്കാന്‍ ട്രംപ് ഉത്തരവിട്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് റഷ്യയുടെ ഈ നീക്കം.

യൂറോപ്പ്, ഫിലിപ്പീന്‍സ്, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ യുഎസ് മിസൈല്‍ സംവിധാനങ്ങളുടെ നീക്കം റഷ്യയുടെ സുരക്ഷയ്ക്ക് നേരിട്ടുള്ള ഭീഷണിയാണെന്ന് റഷ്യയുടെ വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടിയിരുന്നു. 'യൂറോപ്പിലും ഏഷ്യാ-പസഫിക് മേഖലയിലും യുഎസ് നിര്‍മിത, കരയില്‍ നിന്ന് തൊടുക്കാവുന്ന ഇടത്തരം, ഹ്രസ്വദൂര മിസൈലുകള്‍ വിന്യസിക്കുന്നതിലേക്ക് സാഹചര്യം നീങ്ങുന്നതിനാല്‍, സമാനമായ ആയുധങ്ങള്‍ വിന്യസിക്കുന്നതിനുള്ള ഏകപക്ഷീയമായ മൊറട്ടോറിയം തുടരാനുള്ള സാഹചര്യങ്ങള്‍ ഇല്ലാതായതായി എന്നാണ് മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞത്. തന്ത്രപരമായ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിനും പുതിയ ഭീഷണി നേരിടുന്നതിനുമായി മോസ്‌കോ മൊറട്ടോറിയം അവസാനിപ്പിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. അതേസമയം നാറ്റോ രാജ്യങ്ങളുടെ 'റഷ്യന്‍ വിരുദ്ധ നയത്തിന്റെ' ഫലമാണ് റഷ്യയുടെ ഈ തീരുമാനമെന്ന് റഷ്യന്‍ മുന്‍ പ്രസിഡന്റ് മെദ്​വദേവ് പറഞ്ഞു. ഇതൊരു പുതിയ യാഥാര്‍ത്ഥ്യമാണെന്നും റഷ്യയുടെ എല്ലാ എതിരാളികളും ഇത് കണക്കിലെടുക്കേണ്ടിവരും. കൂടുതല്‍ നടപടികള്‍ പ്രതീക്ഷിക്കണമെന്നും അദ്ദേഹം തിങ്കളാഴ്ച എക്സില്‍ കുറിച്ചിരുന്നു. 

യുക്രൈന്‍ യുദ്ധത്തെച്ചൊല്ലി പുകില്‍, ദേഷ്യം ഇന്ത്യയോടും

10 ദിവസത്തിനകം യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യക്ക് യുഎസ് പ്രസിഡന്റ് അന്ത്യശാസനം നല്‍കിയതിന് പിന്നാലെ മെദ്​വദേവും ട്രംപും ചൂടേറിയ പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ നടത്തിയത്. ശീതയുദ്ധകാലത്തെ ഡെഡ് ഹാന്‍ഡ് കൈവശമുണ്ടെന്നായിരുന്നു മെദ്‌വദേവ് പറഞ്ഞത്, ഇതിനു മറുപടിയായി രണ്ട് ആണവ അന്തര്‍വാഹിനികൾ ഉചിതമായ പ്രദേശങ്ങളിലേക്ക് അയക്കാന്‍ ട്രംപ് ഉത്തരവിട്ടിരുന്നു. ട്രംപിന്റേത് വെറും നാടകമാണെന്ന് പറഞ്ഞെങ്കിലും ആണവ വാചാടോപങ്ങളില്‍ ജാഗ്രത പാലിക്കണമെന്നും റഷ്യ മുന്നറിയിപ്പ് നല്‍കിയിരുന്നു. യുക്രൈനിലെ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുതിന് മേല്‍ ട്രംപ് ഭരണകൂടം സമ്മര്‍ദ്ദം ശക്തമാക്കിയിരുന്നു. അതേസമയം, യുക്രൈന്‍ -റഷ്യ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി, മിഡില്‍ ഈസ്റ്റിലെ യുഎസിന്റെ പ്രത്യേക ദൂതനായ സ്റ്റീവ് വിറ്റ്‌കോഫ് ഈ ആഴ്ച മോസ്‌കോ സന്ദര്‍ശിക്കുന്നുണ്ട്. 

യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യയ്ക്ക് നല്‍കിയ 50 ദിവസത്തെ അന്ത്യശാസനം ട്രംപ് 10-12 ദിവസമായി ചുരുക്കിയിരുന്നു. എന്നാല്‍ വെടിനിര്‍ത്തലോ നിയന്ത്രണങ്ങളോ ഫലവത്താവാത്ത പശ്ചാത്തലത്തിലാണ് റഷ്യയ്‌ക്കെതിരെ ട്രംപ് രൂക്ഷമായി പ്രതികരിച്ചത്. വെടിനിര്‍ത്തലിന് സമ്മതിച്ചില്ലെങ്കില്‍ റഷ്യയ്‌ക്കെതിരേ കടുത്ത ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തി. ഇതിനെതിരേ റഷ്യന്‍ മുന്‍ പ്രസിഡന്റ് ദിമിത്രി മെദ്​വദേവ് രംഗത്തെത്തി. സംഘര്‍ഷ സാധ്യതയുണ്ടെന്ന മെദ്​വദേവിന്റെ പ്രതികരണത്തിലാണ് ആണവ അന്തര്‍വാഹിനി അയക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചത്. ഒപ്പം റഷ്യയുമായി ചങ്ങാത്തം കൂടുന്ന രാജ്യങ്ങള്‍ക്കെതിരേയും ട്രംപ് രംഗത്തെത്തി. റഷ്യന്‍ അസംസ്‌കൃത എണ്ണയുടെ വില്‍പ്പനയില്‍ നിന്ന് ഇന്ത്യ ലാഭം നേടുന്നുവെന്ന് ട്രംപ് ഇന്ത്യയെ വിമര്‍ശിച്ചു. ഇതിന് റഷ്യന്‍ എണ്ണ വന്‍തോതില്‍ വാങ്ങിക്കൂട്ടിയശേഷം ലാഭത്തിനായി ഇന്ത്യ അത് തുറന്ന വിപണിയില്‍ വീണ്ടും വില്‍ക്കുകയാണെന്ന് ട്രംപ് ആരോപിച്ചു. തുടര്‍ന്ന് 24 മണിക്കൂറിനുള്ളില്‍ ഇന്ത്യന്‍ ഉത്പന്നങ്ങളുടെ തീരുവ കുത്തനെ ഉയര്‍ത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു. പറഞ്ഞ വാക്ക് പാലിക്കുന്നതുപോലെ ഇന്ത്യയ്ക്കുള്ള തീരുവ 50 ശതമാനമാക്കി ഉയര്‍ത്തുകയും ചെയ്തു. അമേരിക്കയുമായുള്ള ഇന്ത്യയുടെ വ്യാപാരക്കരാര്‍ ഫലം കാണാതെ തുടരുകയും ഇന്ത്യ നിരന്തരമായി റഷ്യയില്‍ നിന്ന് പ്രതിരോധ ഉപകരണങ്ങളും എണ്ണയും വാങ്ങുന്നതുമാണ് ട്രംപിനെ ചൊടിപ്പിക്കുന്നത്. യുക്രൈനില്‍ കൊല്ലപ്പെടുന്നവരെ ഇന്ത്യ കാണുന്നില്ലെന്നും റഷ്യയെ സഹായിക്കുകയാണ് ചെയ്യുന്നതെന്നുമാണ് ട്രംപ് കുറ്റപ്പെടുത്തുന്നത്. 

റഷ്യ കരാറില്‍ നിന്നും പിന്മാറുന്നതിനെ ഭയക്കണോ? 

ശീതയുദ്ധകാലത്ത് ഏറ്റവും സൈനികവത്കരിക്കപ്പെട്ട രാജ്യങ്ങളായിരുന്നു 1991-ല്‍ സോവിയറ്റ് യൂണിയന്‍ തകരുന്നതുവരെ ഇരു രാജ്യങ്ങളും ഒരു ആയുധപ്പന്തയത്തില്‍ ഏര്‍പ്പെട്ടിരുന്നു. എന്നിരുന്നാലും, നിരായുധീകരണ പദ്ധതികളുടെ ഭാഗമായി, 1972-ലെ ആന്റി-ബാലിസ്റ്റിക് മിസൈല്‍ ഉടമ്പടി, ഐഎന്‍എഫ് തുടങ്ങിയ നിരവധി കരാറുകളില്‍ ഇരുപക്ഷവും ഒപ്പുവെച്ചു.

റഷ്യയെയും അമേരിക്കയെയും മിസൈല്‍ പ്രതിരോധം സൃഷ്ടിക്കുന്നതില്‍ നിന്ന് തടയാന്‍ ലക്ഷ്യമിട്ടുള്ള ആന്റി-ബാലിസ്റ്റിക് മിസൈല്‍ ഉടമ്പടിയില്‍ നിന്ന് 2002-ല്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു. ബുഷ് പിന്മാറി. തന്റെ ആദ്യ ഭരണകാലത്ത്, 1992-ലെ ഓപ്പണ്‍ സ്‌കൈസ് ഉടമ്പടിയില്‍ നിന്ന് 2020-ല്‍ ട്രംപും പിന്മാറി. രണ്ട് വര്‍ഷത്തിന് ശേഷം റഷ്യയും ഇതേ പാത പിന്തുടര്‍ന്നു. രാജ്യങ്ങള്‍ക്ക് നിരായുധ നിരീക്ഷണ പറക്കലുകള്‍ നടത്താന്‍ പരസ്പരം വ്യോമാതിര്‍ത്തി ഉപയോഗിക്കാന്‍ അനുവദിക്കുന്ന ഉടമ്പടിയായിരുന്നു ഇത്.

ഐഎന്‍എഫില്‍ നിന്ന് പിന്മാറിയെങ്കിലും ഇരു രാഷ്ട്രങ്ങളും തമ്മില്‍ മറ്റ് ചില പ്രധാന കരാറുകള്‍ നിലനില്‍ക്കുന്നുണ്ട്. തന്ത്രപരമായ ആയുധങ്ങള്‍ കുറയ്ക്കാനുള്ള ഉടമ്പടി അഥവാ Srategic Arms Reduction Treaty എന്നതിന്റെ ചുരുക്കപ്പേരായ ന്യൂ സ്റ്റാര്‍ട്ട് ഉടമ്പടി റഷ്യയും അമേരിക്കയും തമ്മിലുള്ള അവസാനത്തെ പ്രധാന ആയുധ നിയന്ത്രണ കരാറായി നിലനില്‍ക്കുന്നുണ്ട്. 2010-ല്‍ ഒപ്പുവെച്ച ഈ ഉടമ്പടി, ഇരു രാജ്യങ്ങള്‍ക്കും വിന്യസിക്കാന്‍ കഴിയുന്ന തന്ത്രപരമായ ആണവ പോര്‍മുനകളുടെ എണ്ണത്തിന് പരിധി നിശ്ചയിക്കുന്നു. 2011 ഫെബ്രുവരിയിലാണ് ഇത് പ്രാബല്യത്തില്‍ വന്നത്. 

കരാര്‍ പ്രകാരം, ഇരുരാജ്യങ്ങളും ഈ കാര്യങ്ങളില്‍ പ്രതിജ്ഞാബദ്ധരാണ്, 

  • 1,550-ല്‍ കൂടുതല്‍ തന്ത്രപരമായ ആണവ പോര്‍മുനകളും, പരമാവധി 700 ദീര്‍ഘദൂര മിസൈലുകളും ബോംബറുകളും വിന്യസിക്കുകയില്ല.
  • വിന്യസിച്ചിട്ടുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളുടെ എണ്ണം 800 ആയി പരിമിതപ്പെടുത്തും.
  • പങ്കാളികളിലൊരാള്‍ ഉടമ്പടിയിലെ പരിധികള്‍ ലംഘിച്ചിട്ടില്ലെന്ന് ഉറപ്പാക്കാന്‍, ഓരോ പക്ഷത്തിനും വര്‍ഷത്തില്‍ 18 തവണ വരെ തന്ത്രപരമായ ആണവായുധ കേന്ദ്രങ്ങളില്‍ പരിശോധന നടത്താം.

എന്നാല്‍ 2023-ല്‍ ഉടമ്പടിയിലെ വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നില്ലെന്നും റഷ്യയുടെ ദേശീയ സുരക്ഷയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും ആരോപിച്ച് കരാറിലെ തങ്ങളുടെ പങ്കാളിത്തം റഷ്യ താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയാണെന്ന് പുതിന്‍ പ്രഖ്യാപിച്ചു. ഈ കരാറിന്റെ കാലാവധി അടുത്ത വര്‍ഷം അവസാനിക്കും. ന്യൂ സ്റ്റാര്‍ട്ട് ഉടമ്പടി പ്രകാരം അമേരിക്ക തങ്ങളുടെ ആണവായുധ ശേഖരത്തെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറുന്നത് നിര്‍ത്തിവെച്ച് മാസങ്ങള്‍ക്ക് ശേഷമാണ് റഷ്യയുടെ ഈ തീരുമാനം വന്നത്.

ആണവായുധ മത്സരത്തിന് കളമൊരുങ്ങുന്നുവോ?

ആണവ പോർമുന വഹിക്കാൻ കഴിയുന്ന മധ്യദൂര മിസൈലുകൾ വിന്യസിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന സ്വയംപ്രഖ്യാപിത മൊറട്ടോറിയം പരിഗണിക്കില്ലെന്ന പ്രഖ്യാപനത്തോടെ ശീതയുദ്ധകാലത്തേതിനു സമാനമായ ആയുധകിട മത്സരത്തിനും കളമൊരുങ്ങുന്നുവെന്ന ആശങ്കയാണുയരുന്നത്. മധ്യദൂര ആയുധങ്ങൾ വികസിപ്പിക്കുന്നതിനും യൂറോപ്പിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും അവ വിന്യസിക്കുന്നതിനും യുഎസും സഖ്യകക്ഷികളും ശ്രമം നടത്തുന്ന പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് റഷ്യൻ വിദേശമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞിട്ടുണ്ട്. ടൈഫൂൺ, ഡാർക്ക് ഈഗിൾ എന്നീ മിസൈലുകൾ അടുത്ത വർഷം ജർമനിയിൽ വിന്യസിക്കാനുള്ള യുഎസിന്റെ പദ്ധതി എടുത്തുപറയുന്നുണ്ട്. ഇത് റഷ്യയുടെ സുരക്ഷയ്ക്ക് നേരിട്ടുള്ള ഭീഷണിയും ആണവശക്തികൾ തമ്മിലുള്ള അപകടകരമായ കിടമത്സരമുൾപ്പെടെ സാരമായ പ്രത്യാഘാതമുണ്ടാക്കുന്ന കാര്യവുമാണെന്നാണ് റഷ്യയുടെ വിലയിരുത്തൽ.

റഷ്യയ്ക്കടുത്തേക്ക് രണ്ട് ആണവമുങ്ങിക്കപ്പലുകൾ അയക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നടപടിക്കുള്ള മറുപടിയായി റഷ്യ എന്തുചെയ്യുമെന്ന് വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ നവംബറില്‍ യുക്രൈനില്‍ പ്രയോഗിച്ച റഷ്യയുടെ ഒറെഷ്‌നിക് ബാലിസ്റ്റിക് മിസൈല്‍ ഐഎന്‍എഫ് ഉടമ്പടി ലംഘിക്കുന്നതായാണ് പാശ്ചാത്യരാജ്യങ്ങള്‍ വിശ്വസിക്കുന്നത്. മിസൈലിന് 500 കിലോമീറ്റര്‍ (311 മൈല്‍) ദൂരപരിധിയുണ്ട്. യുക്രൈനുമായി 1,084 കിലോമീറ്റര്‍ (674 മൈല്‍) അതിര്‍ത്തി പങ്കിടുന്ന ബെലാറസില്‍ മിസൈല്‍ വിന്യസിക്കുമെന്ന് കഴിഞ്ഞയാഴ്ച വ്ളാദിമിർ പുതിൻ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം റഷ്യ തങ്ങളുടെ ആണവ സിദ്ധാന്തം പരിഷ്‌കരിക്കുകയും, ആണവായുധങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള പരിധി ഔദ്യോഗികമായി കുറയ്ക്കുകയും ചെയ്തു. എന്നാല്‍ യുഎസ് പ്രകോപനമുണ്ടാക്കാത്തിടത്തോളം തങ്ങളും യുഎസിനു സമീപം മിസൈലുകള്‍ വിന്യസിക്കില്ലെന്നായിരുന്നു റഷ്യ നല്‍കിയ ഉറപ്പ്. 

നിലവില്‍ ഇരു രാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന ഏക ആണവായുധ കരാര്‍ ന്യൂ സ്റ്റാര്‍ട്ട് ഉടമ്പടിയാണ്. ഈ കരാറിലെ നിബന്ധനകള്‍ നിലനില്‍ക്കുന്നിടത്തോളം ആശങ്കപ്പെടേണ്ടതില്ല. അല്ലാത്തപക്ഷം ഇരുകൂട്ടരും കൂടുതല്‍ ആയുധ നിര്‍മാണങ്ങളിലേക്ക് കടക്കും. റഷ്യ ഇതിന് മുന്‍കൈയെടുക്കുമ്പോള്‍ യുക്രൈനടക്കമുള്ള 'ശത്രുരാജ്യങ്ങള്‍' കൂടുതല്‍ ജാഗ്രത പാലിക്കേണ്ടി വരുമെന്ന് ചുരുക്കം. മാത്രമല്ല, എന്നോ അവസാനിച്ച ആയുധനിര്‍മാണ മത്സരത്തിന് കൂടിയാണ് അത് വഴിതുറക്കുക.