
'റോഡില്‍ മോട്ടോര്‍ ബൈക്കുകളാണ് ആദ്യം കണ്ടത്. ബൈക്കില്‍ ആയുധമേന്തിയ മിലിട്ടറിക്കാരായിരിക്കുമെന്നാണ് കരുതിയത്. പക്ഷെ സംഭവിക്കുന്നത് എന്താണെന്ന് മനസ്സിലാവുന്നതിന് മുന്‍പ് അവര്‍ ഞങ്ങളുടെ സ്‌കൂള്‍ വളയുകയും വെടിവെയ്ക്കാന്‍ തുടങ്ങുകയും ചെയ്തു. ഓടിരക്ഷപ്പെടാന്‍ തുടങ്ങിയെങ്കിലും അവര്‍ പിന്നാലെയെത്തി ഞങ്ങളെ പിടികൂടി. എല്ലാവരേയും അവര്‍ കൂട്ടമായി കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. എട്ട് മണിക്കൂറുകളോളം പൊരിവെയിലത്ത് ഞങ്ങളെ നടത്തിച്ചു. കാടിനുള്ളിലെ ഒരു അരുവിയുടെ തീരത്താണ് യാത്ര അവസാനിച്ചത് ഭക്ഷണമോ വെള്ളമോ കിട്ടാതെ വാടിത്തളര്‍ന്ന ഞങ്ങള്‍ക്ക് അരുവിയിലെ വെള്ളം ആശ്വാസമേകി. രക്ഷപ്പെടാന്‍ ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ ചെറിയ ശ്രമം പോലും മരണത്തിലേക്ക് നയിച്ചേക്കുമെന്ന ഭയത്തില്‍ മണിക്കൂറുകളോളം ഞങ്ങള്‍ അനങ്ങാതിരിക്കുകയായിരുന്നു. ഇരുട്ട് മൂടിത്തുടങ്ങിയപ്പോള്‍, എല്ലാവരും മയക്കത്തിലേക്ക് വീണപ്പോള്‍ ഞാന്‍ പതിയെ നിലത്തുകൂടെ പാമ്പിനെ പോലെ ഇഴഞ്ഞ് കാട്ടിലേക്കിറങ്ങി. ആരും കാണുന്നില്ലെന്ന് ഉറപ്പായപ്പോള്‍ ഇഴച്ചില്‍ നിര്‍ത്തി എഴുന്നേറ്റ് ഓടി.. ദിക്കറിയാതെ ഓടിയും നടന്നും ഒടുവില്‍ ഗ്രാമത്തിലെത്തി'
വടക്കന്‍ നൈജീരിയയിലെ കഡുന സംസ്ഥാനത്തെ കുരിഗയില്‍ കൊള്ളക്കാരുടെ പിടിയിലകപ്പെട്ടതില്‍ നിന്ന് രക്ഷപ്പെട്ടോടിയതിന്റെ നടുക്കുന്ന അനുഭവം ഓര്‍ത്തെടുക്കുകയാണ് മുസ ഗര്‍ബ എന്ന പതിനേഴുകാരന്‍. മാര്‍ച്ച് ഏഴിന് സ്‌കൂളിലെത്തിയ കൊള്ളസംഘം മുസ ഉള്‍പ്പെടെ മൂന്നൂറോളം വരുന്ന യൂണിഫോമിട്ട കുട്ടികളെ ഒന്നടങ്കം തോക്കുകാണിച്ച് ഭയപ്പെടുത്തി കൊണ്ടുപോവുകയായിരുന്നു. കാലിക്കൂട്ടത്തിനെ എന്ന പോലെ കുട്ടികളെ കിലോമീറ്ററുകളോളം കാട്ടിലൂടെ നടത്തിച്ചതിനുശേഷം വിശ്രമിക്കുന്നതിനിടെയാണ് സംഘത്തിന്റെ കണ്ണില്‍പ്പെടാതെ മുസ അതിസാഹസികമായി രക്ഷപ്പെട്ടത്. പിന്നെയും രണ്ടാഴ്ചകള്‍ക്ക് ശേഷമാണ് തട്ടിക്കൊണ്ടുപോയ ബാക്കി സ്‌കൂള്‍ വിദ്യാര്‍ഥികളും അധ്യാപികയും മോചിതരായത്. കുട്ടികളെ വിട്ടുനല്‍കാനായി നൂറ് കോടി നൈറ (5.69 കോടി ഇന്ത്യന്‍ രൂപ) നല്‍കണമെന്ന് കൊള്ളസംഘം ആവശ്യമുന്നയിച്ചിരുന്നു. എന്നാല്‍, സംഘത്തിന് പണം നല്‍കി മോചിപ്പിക്കുന്ന രീതി 2022 മുതല്‍ നിയമവിരുദ്ധമാക്കിയതിനാല്‍ പണം നല്‍കില്ലന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. അതേസമയം വിദ്യാര്‍ത്ഥികളെ മോചിപ്പിക്കാനുള്ള നീക്കത്തിന്‌നേതൃത്വം നല്‍കിയത് നൈജീരിയയുടെ ദേശീയ സുരക്ഷാ ഉപദേശകനാണെന്നല്ലാതെ തട്ടിക്കൊണ്ടുപോയത് ആരാണെന്നോ എങ്ങനെയാണ് മോചനം സാധ്യമായതെന്നോ തുടങ്ങിയ മറ്റ് വിവരങ്ങളൊന്നും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. പണം നല്‍കിയാണോ മോചനം സാധ്യമാക്കിയതെന്ന് ചോദിച്ചപ്പോള്‍ അധികൃതര്‍ അതിനെ കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായില്ല. വനമേഖലയ്ക്ക് സമീപത്താണ് കുരിഗ, കഡുന പ്രദേശങ്ങള്‍. തട്ടിക്കൊണ്ടുപോവല്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ സൈന്യത്തിന്റെ നേതൃത്വത്തില്‍ ഇവിടെ വ്യാപക തിരച്ചില്‍ നടത്തിയിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം കുരിഗയില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെ സംഫാരയില്‍നിന്നാണ് കുട്ടികളെ മോചിപ്പിച്ചത്. 137 സ്‌കൂള്‍വിദ്യാര്‍ഥികളെ മോചിപ്പിച്ചതായാണ് അധികൃതര്‍ പറഞ്ഞത്. എട്ടിനും പതിനഞ്ചിനുമിടയില്‍ പ്രായമുള്ള 287 കുട്ടികളെ കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയെന്നാണ് അധ്യാപകരും നാട്ടുകാരും നേരത്തേ പറഞ്ഞിരുന്നത്. എന്നാല്‍ മോചിപ്പിച്ച കുട്ടികളുടെ എണ്ണവും ഇതും തമ്മിലുള്ള അന്തരം എന്തുകൊണ്ടെന്ന് അധികൃതര്‍ പറഞ്ഞില്ല.
ആഫ്രിക്കയിലെ ഏറ്റവുംവലിയ ജനവാസ മേഖലയായ നൈജീരിയയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെ തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങള്‍ മുന്‍പും നിരവധിതവണ ഉണ്ടായിട്ടുണ്ട്. 2021-ല്‍ 150 സ്‌കൂള്‍ കുട്ടികളെ തട്ടിക്കൊണ്ട് പോയിരുന്നു. തീവ്രവാദ സംഘടനയായ ബോക്കോ ഹറാം ആയിരുന്നു ഇതിന് പിന്നില്‍. ഇതേ സംഘടന പത്തുവര്‍ഷം മുന്‍പ് നൈജീരിയന്‍ സംസ്ഥാനമായ ബൊര്‍ണോയിലെ ഒരു സ്‌കൂളില്‍ നിന്ന് 276 വിദ്യാര്‍ത്ഥിനികളെ തട്ടിക്കൊണ്ട് പോയിരുന്നു. ഇതില്‍ പലരെയും ഇപ്പോഴും മോചിപ്പിച്ചിട്ടില്ല. 2014 മുതല്‍ നൈജീരിയന്‍ സ്‌കൂളുകളില്‍ നിന്ന് 1,400 വിദ്യാര്‍ത്ഥികളെയെങ്കിലും തട്ടിക്കൊണ്ടുപോയിട്ടുള്ളതായാണ് റിപ്പോര്‍ട്ട്. രാജ്യത്തിന്റെ വടക്കുകിഴക്കന്‍ പ്രവിശ്യ കേന്ദ്രീകരിച്ചാണ് കൂടുതല്‍ തട്ടിക്കൊണ്ടുപോകലും നടക്കുന്നത്. ബോക്കോ ഹറാമോ മറ്റ് ഏത് സംഘങ്ങളോ ആയിക്കൊള്ളട്ടെ, നൈജീരിയയിലെ ഈ തട്ടിക്കൊണ്ടുപോകല്‍ പ്രതിഭാസത്തിന് പിന്നില്‍ വെളിച്ചം വീശാത്ത, പരിഹരിക്കപ്പെടാത്ത സാമൂഹിക- സാമ്പത്തിക കാരണങ്ങളുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.
തട്ടിക്കൊണ്ടുപോകലിന് പിന്നില്‍
' ഞങ്ങളുടെ മുന്നില്‍ നിന്ന് പോലും കുട്ടികളെ തട്ടിക്കൊണ്ടുപോവുന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്. അലറിക്കരയാന്‍ അല്ലാതെ ഞങ്ങള്‍ക്കൊന്നും ചെയ്യാനില്ല. പോലീസില്ല, പട്ടാളമില്ല, പണവുമില്ല. ഞങ്ങളുടെ നാട് കൊള്ളസംഘങ്ങളുടെ പിടിയിലാണുള്ളത്. കൊള്ളക്കാര്‍ക്ക് പണം സമ്പാദിക്കാനുള്ള എളുപ്പവഴിയാണ് ഈ തട്ടിക്കൊണ്ടുപോകല്‍. പണംവാങ്ങി കുട്ടികളെ മോചിപ്പിക്കുന്നതാണ് രീതി. സര്‍ക്കാരാണ് പലപ്പോഴും പണം നല്‍കുന്നത്. അതുകൊണ്ട് പണം ലഭിക്കുമെന്ന് കൊള്ളക്കാര്‍ക്ക് ഉറപ്പാണ്'.. കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ കുട്ടികളുടെ അമ്മമാരിലൊരാളായ ഹാജിയ ഹോവ പറഞ്ഞു.
അന്താരാഷ്ട്ര ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തത് പ്രകാരം കഴിഞ്ഞ എട്ട് മാസത്തിനിടെ വടക്കന്‍ നൈജീരിയയില്‍ നിന്ന് മാത്രം കുട്ടികളും സ്ത്രീകളും മറ്റുള്ളവരുമായി നാലായിരത്തിലധികം ആളുകള്‍ കൊള്ളസംഘങ്ങളുടെ തട്ടിക്കൊണ്ടുപോവലിന് ഇരകളായിട്ടുണ്ട്. സ്‌കൂളുകളാണ് പ്രധാനലക്ഷ്യം. കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടായി ഈ മേഖലകള്‍ സായുധസംഘങ്ങളുടെ തട്ടിക്കൊണ്ടുപോവല്‍, മോഷണം, ആക്രമണം തുടങ്ങിയവയ്ക്ക് നിരന്തരം ഇരകളാവുന്നു. ബോക്കോ ഹറാം സംഘം ഏറെ സജീവമായിരിക്കുന്ന വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളായ ബോര്‍നോ, അഡമാവ, യോബ് തുടങ്ങിയവയായിരുന്നു തുടക്കത്തിലെ സ്ഥിരം ആക്രമണബാധിത മേഖലകള്‍. ഇപ്പോള്‍ മറ്റ് പ്രദേശങ്ങളിലും സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പാശ്ചാത്യവിദ്യാഭ്യാസത്തിന്റെ കേന്ദ്രം എന്നതിനാലാണ് ബോക്കോ ഹറാം സംഘടന നിരന്തരം സ്‌കൂളുകളെയും സര്‍വകലാശാലകളേയും ലക്ഷ്യമിടുന്നത്. പാശ്ചാത്യ വിദ്യാഭ്യാസം പാപമാണ് എന്നാണ് ബോക്കോ ഹറാം എന്നതിന് പ്രാദേശികഭാഷയായ ഹൗസയില്‍ അര്‍ഥം. ബോക്കോ ഹറാമിനെ കൂടാതെ ഇസ്ലാമിക് സ്‌റ്റേറ്റുമായി ബന്ധപ്പെട്ട മറ്റൊരു സംഘടനയും ഇപ്പോള്‍ സജീവമായതായി റിപ്പോര്‍ട്ടുകളുണ്ട്. ഇത് രണ്ടുമല്ലാത്ത കൊള്ളസംഘങ്ങളും വളരെ സജീവമായി രംഗത്തുണ്ട്. തട്ടിക്കൊണ്ടുപോവലും കര്‍ഷകരെ ലക്ഷ്യമിട്ട് ആക്രമണം നടത്തലും തുടങ്ങി ഗ്രാമത്തെ ഒന്നടങ്കം കൊള്ളയടിക്കുകയുമാണ് ഇവര്‍ ചെയ്യുന്നത്.
വടക്കന്‍ നൈജീരിയില്‍ ഇത്തരം ആക്രമണങ്ങള്‍ ഏറെ വര്‍ധിച്ചതായി അധികൃതരും പറയുന്നു. പ്രൈമറി സെക്കണ്ടറി സ്‌കൂളുകള്‍ക്കും സര്‍വകലാശാലകള്‍ക്കും നേരെയാണ് ആക്രമണങ്ങള്‍ ഭൂരിഭാഗവും നടക്കുന്നത്. കുട്ടികളെ വിദ്യാഭ്യാസത്തിനായി അയക്കുന്നത് തടയുക എന്നതാണ് അവരുടെ പ്രധാനലക്ഷ്യം' . കൂടാതെ ഈ സംഘങ്ങള്‍ക്ക് പണം ഉണ്ടാക്കാനുള്ള എളുപ്പവഴിയും തട്ടിക്കൊണ്ടുപോവല്‍ തന്നെ. കുറ്റകൃത്യങ്ങള്‍ നടത്താനുള്ള ആയുധങ്ങളും വാഹനങ്ങളും വാങ്ങാനാണ് ഈ പണം പ്രധാനമായും ഉപയോഗപ്പെടുത്തുന്നത്. 'അവര്‍ പണത്തിന് വേണ്ടിയാണ് ഇത് ചെയ്യുന്നത്. ആളുകളെ തട്ടിക്കൊണ്ടുപോകുന്നു, മോചനദ്രവ്യം നല്‍കിക്കഴിഞ്ഞാല്‍ ബന്ദികളാക്കിയവരെ വിട്ടയക്കുന്നു. അവര്‍ക്ക് രാഷ്ട്രീയ അജണ്ടയോ വ്യക്തമായ നേതൃത്വമോ ഇല്ല. ഈ പ്രതിസന്ധിയെ കൈകാര്യം ചെയ്യാന്‍ സര്‍ക്കാര്‍ ധാരാളം പണം ചെലവാക്കിയിട്ടുണ്ടെങ്കിലും ഇപ്പോഴും സുരക്ഷിതമല്ലെന്ന് തോന്നുന്ന നിരവധി സമൂഹങ്ങള്‍ ഈ മേഖലയിലുണ്ട്. ഏറ്റവും പുതിയതായി കുട്ടികളെ തട്ടിക്കൊണ്ടുപോയ കുരിഗ മേഖല അത്തരത്തിലൊന്നാണ്'.ആവശ്യത്തിന് സൈന്യമോ പോലീസിനോ മറ്റ് സുരക്ഷാജീവനക്കാരോ അവിടെ ഇല്ല'. 2021 മുതല്‍ കഡുനയിലെ സ്‌കൂളുകളില്‍ നിന്ന് വ്യാപകമായ തട്ടിക്കൊണ്ടുപോകല്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.' കഡുനയില്‍ നിന്നുള്ള സെനറ്റര്‍ ഷെഹു സാനി പറഞ്ഞു.

ആരാണ് ബോക്കോ ഹറാം?
വടക്കുപടിഞ്ഞാറന്‍ നൈജീരിയയിലെ ബോര്‍ണോ സംസ്ഥാനത്തിന്റെ തലസ്ഥാനമായ മൈഡുഗൂരിയില്‍ 2003ലാണ് ഇസ്ലാമിക സംഘടനയായ ബോക്കോ ഹറാം രൂപം കൊണ്ടത്. നൈജീരിയയ്ക്കുള്ളില്‍ ഇസ്ലാമിക രാജ്യം രൂപവത്കരിക്കാനും സമ്പൂര്‍ണ ശരീയത്ത് നിയമം നടപ്പാക്കാനും ലക്ഷ്യമിട്ട് മുഹമ്മദ് യൂസഫ് എന്ന മതപണ്ഡിതനാണ് സംഘടന രൂപീകരിച്ചത്. രൂപീകരിച്ചെങ്കിലും 2009 മുതല്‍ മാത്രം സജീവമായ സംഘടനയാണ് ബോക്കോഹറാം. മതപാഠങ്ങള്‍ക്കപ്പുറമുള്ള വിദ്യാഭ്യാസത്തെ എതിര്‍ക്കുന്നവരാണ് ബോക്കോഹറാം.പാശ്ചാത്യവിദ്യാഭ്യാസം, പരിണാമ സിദ്ധാന്തം, ബിഗ് ബാങ് സിദ്ധാന്തം എന്നിവയോടുള്ള നിരന്തരമായ എതിര്‍പ്പിലൂടെയാണ് സംഘടന ശ്രദ്ധയാര്‍ജിക്കുന്നത്. പ്രാദേശികഭാഷയായ ഹൗസയില്‍ ബോക്കോ ഹറാം എന്നതിന് പാശ്ചാത്യവിദ്യാഭ്യാസം പാപമാണ് എന്നാണ് അര്‍ഥം. 2009ല്‍ അബൂബക്കര്‍ ഷെകാവു തലപ്പത്ത് എത്തിയതിന് ശേഷമാണ് സംഘടന അവരുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചത്. ആയിരക്കണക്കിന് ആളുകളെ വധിച്ചും സ്‌കൂളുകള്‍ക്കും മതസ്ഥാപനങ്ങള്‍ക്കും നേരെ ആക്രമണമുയര്‍ത്തിയും പോലീസിനും പട്ടാളത്തിനും മതപണ്ഡിതന്മാര്‍ക്ക് നേരെയും ആക്രമണമഴിച്ചുവിട്ടും സംഘടന വളര്‍ന്നു. 2013ല്‍ യുഎസ് വിദേശകാര്യ വകുപ്പ് ബോക്കോ ഹറാമിനം വിദേശ ഭീകരസംഘടനയായി പ്രഖ്യാപിച്ചിരുന്നു.
2014 ഏപ്രിലിലാണ് നൈജീരിയയില്‍ മുന്നൂറോളം പെണ്‍കുട്ടികളെ ചിബോകിലെ സ്‌കൂളില്‍ നിന്ന് തട്ടിക്കൊണ്ടുപോയ സംഭവം പുറത്തുവന്നത്. അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയായ തട്ടിക്കൊണ്ടുപോവലിന് പിന്നില്‍ ബോക്കോ ഹറാം ആയിരുന്നു. പെണ്‍കുട്ടികള്‍ക്കായുള്ള തിരച്ചിലില്‍ അമേരിക്കയും ചൈനയുമുള്‍പ്പെടെയുള്ള വന്‍ ലോകശക്തികളും ഇടപെട്ടിരുന്നു. സംഭവത്തെ തുടര്‍ന്ന് അന്നത്തെ നൈജീരിയന്‍ പ്രസിഡന്റ് ഗുഡ്‌ലുക്ക് ജോനാഥനെതിരേ വലിയ പ്രതിഷേധങ്ങളായിരുന്നു രാജ്യത്തിനകത്ത് നടന്നത്. തട്ടിക്കൊണ്ടുപോവലിന് ഇരയായ കുട്ടികളെല്ലാം സെക്കണ്ടറി സ്‌കൂളിലെ അവസാന വര്‍ഷ വിദ്യാര്‍ഥികളായിരുന്നു. പാശ്ചാത്യ വിദ്യാഭ്യാസം നേടാന്‍ പാടില്ലെന്ന വിലക്കുകള്‍ ലംഘിച്ചാണ് ഇവരെല്ലാം സ്‌കൂളുകളില്‍ പോയതെന്ന് ബോക്കോ ഹറാം ആരോപിച്ചിരുന്നു. അതിനിടെ കുട്ടികളെ മതംമാറ്റിയതായി ബോക്കോ ഹറാം വീഡിയോ പുറത്തുവിട്ടുകൊണ്ട് വ്യക്തമാക്കി. കുട്ടികളെ അടിമച്ചന്തയില്‍ വില്‍ക്കുമെന്നും അവര്‍ ഭീഷണി ഉയര്‍ത്തിയിരുന്നു. തട്ടിക്കൊണ്ടുപോകല്‍ നടന്ന് ആറ് മാസത്തിന് ശേഷവും പെണ്‍കുട്ടികളെ രക്ഷപ്പെടുത്താന്‍ സൈന്യത്തിന് കഴിഞ്ഞിരുന്നില്ല. അതിനിടെ ഇവരെ വിവാഹം കഴിപ്പിച്ചതായി വ്യക്തമാക്കി സംഘടന വീഡിയോയും പുറത്തുവിട്ടു. തട്ടിക്കൊണ്ടുപോയ 276 പേരില്‍ 57 പേര്‍ പലപ്പോഴായി രക്ഷപ്പെട്ടിരുന്നു. 107 കുട്ടികളെ ഒത്തുതീര്‍പ്പ് ചര്‍ച്ചകളിലൂടെ രക്ഷിച്ചെങ്കിലും നൂറിലധികം പേരെ കുറിച്ചുള്ള യാതൊരു വിവരവും പിന്നീട് ലഭിച്ചില്ല. ചിലര്‍ ബോക്കോ ഹറാം കസ്റ്റഡിയിലിരിക്കെ തന്നെ മരണപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബോക്കോ ഹറാമിന് അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധ നേടിക്കൊടുത്ത സംഭവമായിരുന്നു ഇത്. ആഫ്രിക്കന്‍ രാജ്യങ്ങളിലെ പതിനഞ്ച് ലക്ഷം കുട്ടികളെ വിദ്യാഭ്യാസം തകര്‍ക്കാന്‍ ബോക്കോ ഹറാം കാരണമൊരുക്കിയതായുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ യൂനിസെഫ് പുറത്തുവിട്ടിരുന്നു. ലോകത്ത് ഔപചാരിക വിദ്യാഭ്യാസം ലഭിക്കാത്ത കോടിക്കണക്കിന് കുട്ടികളില്‍ ഭൂരിഭാഗവും നൈജീരിയയിലാണ്.

പണം മാത്രമല്ല പ്രശ്‌നം
ക്രിസ്ത്യന്‍ മുസ്ലിം മതവിശ്വാസികളും ഒട്ടേറെ ഗോത്രവിശ്വാസങ്ങളുമുള്ള നൈജീരിയ ആഫ്രിക്കയിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമാണ്. രാജ്യത്തിന്റെ തെക്കും മധ്യമേഖലയിലുമാണ് ക്രിസ്ത്യാനികളധികം. വടക്കും തെക്കുപടിഞ്ഞാറും മുസ്ലിങ്ങളും. പരമ്പരാഗത മതങ്ങളില്‍ വിശ്വസിക്കുന്ന ചുരങ്ങിയ ശതമാനം വിഭാഗങ്ങളുമുണ്ട്. രാഷ്ട്രീയ അധികാരത്തിനുവേണ്ടി ക്രിസ്ത്യാനികളും മുസ്ലിങ്ങളും തമ്മിലുള്ള മത്സരം ഏറെക്കാലമായി തുടരുന്ന രാജ്യമാണ് നൈജീരിയ. ഇതുതന്നെയാണ് കാലങ്ങളായി തുടര്‍ന്നുവരുന്ന അക്രമങ്ങളുടെയും മുഖ്യകാരണങ്ങളിലൊന്ന്. നൈജീരിയ പ്രകൃതിവിഭവങ്ങളാല്‍ സമ്പന്നമാണെങ്കിലും ലോകത്തെ ഏറ്റവും ദരിദ്രരായ ജനവിഭാഗങ്ങളാണ് ഇവിടെയുള്ളത്. എന്നാല്‍ ചില വിഭാഗക്കാര്‍ ദാരിദ്ര്യം അനുഭവിക്കുന്നുമില്ല. ഈ സാമ്പത്തിക അസന്തുലനം വര്‍ഷങ്ങളായി പലതരത്തിലുള്ള പ്രശ്‌നങ്ങള്‍ രാജ്യത്ത് ഉയര്‍ത്തിക്കൊണ്ടുവന്നിട്ടുണ്ട്.
'വര്‍ഷങ്ങലായി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണു നൈജീരിയ. ഇത് കുറ്റകൃത്യങ്ങളിലേക്കു യുവാക്കളെ ആകര്‍ഷിക്കാനുള്ള കാരണമാണെന്ന് മുന്‍ സി.ഐ.എ. ഉദ്യോഗസ്ഥനും ആഫ്രിക്ക കേന്ദ്രീകരിച്ചുള്ള റിസ്‌ക് അഡൈ്വസറി 14 നോര്‍ത്തിന്റെ തലവനുമായ വില്യം ലിന്‍ഡര്‍ പറഞ്ഞു. ബോക്കോ ഹറാം മാത്രമല്ല, ഇത്തരം സംഘടനകളിലുള്‍പ്പെടാത്ത തട്ടിപ്പ്, കൊള്ളസംഘങ്ങളും നൈജീരിയയില്‍ സജീവമാണ്. എളുപ്പത്തില്‍ കൂടുതല്‍ പണം ഉണ്ടാക്കാന്‍ പറ്റുന്ന ബിസിനസ്സായി കിഡ്‌നാപ്പിങ് മാറിയതായി സുരക്ഷഉദ്യോഗസ്ഥരിലൊരാള്‍ പ്രതികരിച്ചു. തട്ടിക്കൊണ്ടുപോയവരെ പണം കൈമാറിയ ശേഷം മോചിപ്പിക്കുകയാണു പതിവ്. മോചന ദ്രവ്യത്തിന് പുറമേ ബന്ദികളെ മോചിപ്പിക്കാന്‍ ഭക്ഷ്യവസ്തുക്കളോ വാഹനങ്ങളോ ഇന്ധനമോ സ്വര്‍ണമോ ഒക്കെ ആവശ്യപ്പെടാറുമുണ്ട്. ഇവരെ തിരിച്ചറിഞ്ഞാല്‍ പോലും കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നത് അപൂര്‍വമാണ്.

ജനങ്ങള്‍ സാമ്പത്തിക അസമത്വം നേരിടുന്നുവെന്നതാണ് പ്രധാന പ്രതിസന്ധി. ഒപ്പം രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം മറ്റൊരു ഗുരുതര പ്രശ്‌നമാണ്. ദരിദ്ര രാജ്യമായതിനാല്‍ സൈന്യത്തിന്റെ അംഗബലം പരിമിതം. അരക്ഷിത മേഖലകളില്‍ ആവശ്യത്തിന് സേനയെ വിന്യസിക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. പല ഗ്രാമങ്ങളിലും പോലീസ് സ്റ്റേഷനോ സെക്യൂരിറ്റി പോസ്റ്റുകളോ ടെലിഫോണ്‍ സൗകര്യം പോലുമില്ല. കുരിഗയില്‍നിന്നു കുട്ടികളെ തട്ടിക്കൊണ്ടുപോയി നാലു മണിക്കൂറിനു ശേഷമാണ് സര്‍ക്കാര്‍ അറിഞ്ഞത് പോലും. അപ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടിരുന്നു. നൂറിലേറെ ക്രിമിനല്‍ സംഘങ്ങളാണുള്ളത്. ഇന്റലിജന്‍സ് സംവിധാനവും രാജ്യത്തില്ല. താഴെ തട്ടില്‍ ഭരണമേയില്ല. തദ്ദേശ സ്ഥാപനങ്ങളിലേക്കു തെരഞ്ഞെടുപ്പ് നടന്നിട്ട് രണ്ട് പതിറ്റാണ്ടായി. ഇതാണു സായുധ സംഘങ്ങള്‍ മേഖലകളെ നിയന്ത്രിക്കുന്ന സ്ഥിതിയിലേക്കെത്തിച്ചത്. പരമ്പരാഗത ഭരണാധികാരികളേക്കാള്‍ അവര്‍ക്കു സ്വാധീനമായി. കര്‍ഷകര്‍ക്കുള്ള സര്‍ക്കാര്‍ സഹായവും കുറഞ്ഞു. കാര്‍ഷികോത്പന്നം കുറഞ്ഞത് ഭക്ഷ്യക്ഷാമത്തിലേക്കും നയിച്ചു. പൊതുവേ ദാരിദ്ര്യത്തിലായ ജനങ്ങള്‍ക്ക് മേല്‍ ഇത് ഇരട്ടപ്രഹരം നല്‍കി. ഇതോടെ പണത്തിനായി ഏതു മാര്‍ഗവും തേടാന്‍ യുവാക്കള്‍ നിര്‍ബന്ധിതരായി. അവര്‍ എത്തിപ്പെട്ടത് ബോക്കോ ഹറാം അടക്കമുള്ള ക്രിമിനല്‍ സംഘങ്ങളുടെ പിടിയിലാണ്. നൈജീരിയയുടെ അതിര്‍ത്തി പ്രദേശങ്ങളിലെ വിശാലമായ വനങ്ങള്‍ കുറ്റവാളികളുടെ പ്രവര്‍ത്തന കേന്ദ്രങ്ങളായി മാറിയെന്ന് ലിന്‍ഡര്‍ വിശദീകരിച്ചു. നൈജീരിയ നേരിടുന്ന സാമ്പത്തിക സാമൂഹിക പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാന്‍ ആഗോളകൂട്ടായ്മയുടെ പ്രത്യേകിച്ച് അയല്‍ രാജ്യങ്ങളുടെ അകമഴിഞ്ഞ സഹായം വേണമെന്നാണ് ലിന്‍ഡന്‍ അഭിപ്രായപ്പെടുന്നത്.

തകരുന്ന നൈജീരിയ
ആഫ്രിക്കയിലെ രണ്ടാമത്തെ വലിയ സമ്പദ്വ്യവസ്ഥയാണ് നൈജീരിയ എങ്കിലും ലോകബാങ്കിന്റെ കണക്കുകള്‍ പ്രകാരം 2023ലെ നൈജീരിയയുടെ ദാരിദ്ര്യനിരക്ക് 38.9 ശതമാനമാണ്. ഏകദേശം 87 ദശലക്ഷം നൈജീരിയന്‍ ജനത ദാരിദ്ര്യരേഖയ്ക്ക് താഴെയാണ്. ഭക്ഷ്യവസ്തുക്കള്‍, ഇന്ധനം, മരുന്ന് തുടങ്ങിയവയെല്ലാം ഇറക്കുമതി ചെയ്യുന്നു. ദശാബ്ദത്തിലെ ഏറ്റവും മോശപ്പെട്ട സാമ്പത്തിക പ്രതിസന്ധിയാണ് രാജ്യം നേരിടുന്നത് എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഒമ്പതോ പത്തോ മാസങ്ങള്‍ക്ക് മുന്‍പ് ഒരു ലിറ്റര്‍ പെട്രോളിന് കൊടുത്തതിനേക്കാള്‍ മൂന്നിരട്ടി വിലയാണ് ഇന്ന് കൊടുക്കേണ്ടത്. അരിക്കും ഗോതമ്പിനും പച്ചക്കറികള്‍ക്കുമെല്ലാം വില ഇരട്ടിയിലേറെയായി. ജീവിതച്ചെലവ് കൂടുന്നതിനനുസരിച്ച് ജനങ്ങളുടെ വരുമാനത്തില്‍ വര്‍ധനവ് ഇല്ലാത്തതാണ് ദാരിദ്ര്യത്തിലേക്ക് നയിക്കുന്നത്. ഒപ്പം നിലവിലെ പ്രസിഡന്റ് ഹോല തിനുബു കഴിഞ്ഞ മെയ് മാസത്തില്‍ അധികാരത്തിലേറിയതിന് പിന്നാലെ ഏര്‍പ്പെടുത്തിയ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ ഫലം കാണാത്തതും സമ്പദ്ഘടനയ്ക്ക് തിരിച്ചടിയേകി. 30 ശതമാനമാണ് പണപ്പെരുപ്പ നിരക്ക്. കഴിഞ്ഞ മൂന്ന് ദശാബ്ദത്തിനിടയില്‍ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും കൂടിയ നിരക്കാണിത്. പ്രതിമാസ മിനിമം കൂലി നിരക്ക് 2019ല്‍ നിശ്ചയിച്ചതിനേക്കാള്‍ ഒട്ടും വര്‍ധിച്ചിട്ടില്ല. 30,000 നൈറ (20 ഡോളര്‍, 1800 ഡോളര്‍) ആണ് പ്രതിമാസ വേതന നിരക്ക്. 5.76 ശതമാനമാണ് നൈജീരിയയിലെ തൊഴിലില്ലായ്മ നിരക്ക്. 2013 മുതലാണ് തൊഴിലില്ലായ്മ നിരക്ക് കുത്തനെ കൂടിയത്.
Content Highlights: Reaseons behind Nigeria's mass abductions
Published: 29 Mar 2024, 04:00 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented