സത്യം പറഞ്ഞതിന് എന്റെ ഭര്‍ത്താവ് ജയിലിലാണ്. ജനാധിപത്യം സംരക്ഷിക്കാന്‍ സമരം നയിച്ചതിന് എന്റെ ഭര്‍ത്താവ് ജയിലിലാണ്. അലക്സി നിങ്ങള്‍ സ്വതന്ത്രനാവുകയും നമ്മുടെ രാജ്യം സ്വതന്ത്രമാവുകയും ചെയ്യുന്ന ദിവസത്തെകുറിച്ച് ഞാന്‍ സ്വപ്നം കാണുന്നു- ധൈര്യമായിരിക്കൂ. നിങ്ങളുടെ വാക്കുകള്‍ കേള്‍ക്കാനും നിങ്ങൾക്കു പിന്നില്‍ അണിനിരക്കാനും നമ്മുടെ രാജ്യം മുഴുവനുമുണ്ട്.

ഈ വര്‍ഷത്തെ ഓസ്‌കര്‍ വേദിയില്‍ വികാരനിര്‍ഭരമായ ഈ പ്രസംഗം നടത്തിയ ഒരു സ്ത്രീയെകുറിച്ചായിരുന്നു അന്ന് ലോകം മുഴുവന്‍ ചര്‍ച്ച ചെയ്തിരുന്നത്. അത് റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്സി നവാല്‍നിയുടെ ഭാര്യ യൂലിയ നവാല്‍നിയായിരുന്നു. വ്ലാദിമിര്‍ പുതിന്റെ എക്കാലത്തേയും കടുത്ത എതിരാളിയെന്ന് അറിയപ്പെട്ടിരുന്ന പ്രതിപക്ഷ നേതാവ് അലക്സി നവാല്‍നിയുടെ ജീവിതവും അദ്ദേഹത്തിനെതിരേ റഷ്യന്‍ ഭരണകൂടം നടത്തിയ വേട്ടയാടലും പ്രമേയമാക്കിയ ഡോക്യുമെന്ററിക്കായിരുന്നു ഇത്തവണ ഓസ്‌കര്‍ ലഭിച്ചത്. ഈ ഓസ്‌കര്‍ വേദിയിലായിരുന്നു യൂലിയയുടെ വികാരനിര്‍ഭര പ്രസംഗം.

ആരാണ് പുതിനെ വിറപ്പിച്ച അലക്‌സി നവാല്‍നി? ഇദ്ദേഹത്തെ എന്തിന് സര്‍ക്കാര്‍ വേട്ടയാടി?

പുതിന്റേയും റഷ്യന്‍ സര്‍ക്കാരിന്റേയും അഴിമതിക്കഥകള്‍ തെളിവ് സഹിതം പുറത്തുകൊണ്ടുവന്ന റഷ്യന്‍ ബ്ലോഗര്‍ മാത്രമായിരുന്നു 13 വര്‍ഷം മുമ്പ് അലക്സി നവാല്‍നി. ആ ചെറുപ്പക്കാരന്‍ ഒരു സുപ്രഭാതത്തില്‍ രാഷ്ട്രീയത്തിലിറങ്ങിയതോടെ  പുതിനു മാറാത്ത തലവേദനയായി. തന്റെ ബ്ലോഗുകള്‍ക്കും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്കും വലിയ ആരാധകരും തനിക്ക് പിന്നില്‍ അണിനിരക്കാന്‍ വലിയ ജനക്കൂട്ടവും തയ്യാറായതോടെ ഒരുവേള പുതിന്റെ രാഷ്ട്രീയ ഭാവി പോലും അപകടത്തിലായി. ഇതോടെ കള്ളക്കേസിലും വിഷപ്രയോഗത്തിലും പെടുത്തി നവല്‍നിയെ ഇല്ലാതാക്കാനായിരുന്നു പുതിന്‍ ലക്ഷ്യമിട്ടിരുന്നത്. വിവിധ കേസുകളില്‍ പെടുത്തി അറസ്റ്റ് ചെയ്തതോടെ 2021 മുതല്‍ കൊടുംക്രിമിനലുകളെ താമസിപ്പിക്കുന്ന അതിസുരക്ഷാ ജയിലിലാണ് നവാല്‍നിയെ താമസിപ്പിച്ചിരുന്നത്. പരോള്‍ ചട്ടലംഘനം ആരോപിച്ചായിരുന്നു അറസ്റ്റ്. തുടര്‍ന്ന് കോടതിയലക്ഷ്യ കുറ്റം ആരോപിച്ച് ഒന്‍പത് വര്‍ഷവും ശിക്ഷിച്ചു. ഇതിന് തുടര്‍ച്ചയെന്നോണമാണ് തീവ്രവാദക്കുറ്റം ആരോപിച്ച് നവാല്‍നിയെ 19 വര്‍ഷത്തേക്ക് കൂടി ശിക്ഷിച്ച്  ഉത്തരവ് വന്നിരിക്കുന്നത്.  ഇതോടെ നവാല്‍നി ആജീവനാന്ത തടവിലേക്കാണോയെന്ന ചോദ്യം ഉയര്‍ത്തുകയാണ് ലോകമെമ്പാടുമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരും രാഷ്ട്രീയ നിരീക്ഷകരും.

To advertise here,
placeholder
നവാല്‍നി  ഡോക്യുമെന്ററിക്ക് ഓസ്‌കര്‍ ലഭിച്ചപ്പോള്‍ വേദിയില്‍ അലക്‌സി നവാല്‍നിയുടെ ഭാര്യ യൂലിയ നവാല്‍നി | ഫോട്ടോ: ഗെറ്റി ഇമേജസ്‌
  • രാസായുധ പ്രയോഗത്തിലും പതറാത്ത പോരാളി 

പുതിനെതിരേയും സര്‍ക്കാരിനെതിരേയും ശബ്ദമുയര്‍ത്തിയാല്‍ മരണമായിരിക്കും ഫലമെന്ന സൂചന നല്‍കുന്നതായിരുന്നു അലക്സി നവാല്‍നിക്കെതിരേ 2020-ല്‍ നടന്ന രാസായുധ പ്രയോഗം. പക്ഷെ, തലനാരിഴയ്ക്കു ജീവന്‍ തിരിച്ചുകിട്ടി. ഇക്കാര്യങ്ങള്‍ അറിയുന്നതിന് മുമ്പ് നവല്‍നിയുടെ രാഷ്ട്രീയജീവിതം കൂടിയറിയണം.  2011-ല്‍ അഴിമതിക്കെതിരേ പോരാടാന്‍ സന്നദ്ധ സംഘടന സ്ഥാപിച്ചതോടെയാണ് നവാല്‍നി ശ്രദ്ധേയനായത്. പിന്നീട് റഷ്യകണ്ടത് അഴിമതിക്കെതിരേ നവാല്‍നിക്ക് പിന്നില്‍ ആയിരങ്ങള്‍ അണിനിരന്നുകൊണ്ടുള്ള മഹാറാലികളായിരുന്നു. ഇതോടെ സര്‍ക്കാരിനെ മനഃപൂര്‍വം കളങ്കപ്പെടുത്താനുള്ള ശ്രമം നടത്തിയെന്നാരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ടു. സര്‍ക്കാരിനും തനിക്കുമെതിരേ ശബ്ദമുയര്‍ത്തിയ നവാല്‍നിയെ പല തവണ അറസ്റ്റ് ചെയ്‌തെങ്കിലും പുറത്തുള്ള വലിയ ജനക്കൂട്ടത്തിന്റെ വായടക്കാന്‍ പുതിന് കഴിഞ്ഞില്ല. 

ജയിലില്‍ കിടന്നുപോലും അണികളെ സമരമുഖത്തേക്കിറക്കിയപ്പോള്‍ പുറത്തുവന്നത് പുതിനെന്ന രാഷ്ട്രീയ ഏകാധിപതിയുടെയും റഷ്യന്‍ ഡെപ്യൂട്ടി പ്രധാനമന്ത്രി ഇഗോര്‍ ഷുവലോവ് അടക്കമുള്ളവരുടേയും തീരാത്ത അഴിമതിക്കഥകളായിരുന്നു. ഇത് തന്റെ കസേര തെറിപ്പിക്കുമോയെന്ന ആശങ്ക വരെ പുതിനിലുണ്ടായി. നവാല്‍നിയുടെ അറസ്റ്റില്‍ രാജ്യത്തെങ്ങും വന്‍പ്രതിഷേധം നടന്നു. നവാല്‍നി ജയിലിലില്‍ പതിനഞ്ച് ദിവസം നിരാഹാരമിരുന്നു. എന്നാല്‍, കേസിന് മുകളില്‍ കേസുകള്‍ ചാര്‍ത്തി എന്നന്നേക്കും ജയിലിലടക്കാനായിരുന്നു പുതിന്റെ ലക്ഷ്യം. സാമ്പത്തികത്തട്ടിപ്പ് ആരോപണം, 
രാജ്യദ്രോഹക്കുറ്റം, സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമം എന്നിവയൊക്കെ നവാല്‍നിക്കെതിരേ വന്നു. ആരോപണങ്ങള്‍ നവാല്‍നി നിഷേധിച്ചുവെങ്കിലും 2013-ല്‍ അഞ്ചു വര്‍ഷത്തെ ജയില്‍ശിക്ഷയായിരുന്നു കോടതി വിധിച്ചത്. സാമ്പത്തിക തട്ടിപ്പ് കേസില്‍  ജാമ്യം ലഭിച്ച് പുറത്തുവന്നുവെങ്കിലും  ഒന്നിലും കുലുങ്ങാതെ പുതിന്റെ ഏകാധിപത്യത്തിനേതിരേയും അഴിമതിക്കെതിരേയും പോരാടുകയായിരുന്നു നവല്‍നി. 2036 വരെ റഷ്യയുടെ ഭരണത്തില്‍ തുടരാന്‍ പറ്റാവുന്ന രീതിയില്‍ ഭരണഘടനവരെ പുതിന്‍ ഭേദഗതി ചെയ്തു. പക്ഷെ, തന്റെ ആശയ പ്രചാരണത്തിലൂടെ, ബ്ലോഗിലൂടെ ഇതിനെതിരേ ശബ്ദിച്ചുകൊണ്ടിരിക്കുകയായിരുന്നു നവാല്‍നി. ഇതിനിടെ മേയര്‍ തിരഞ്ഞെടുപ്പില്‍  മത്സരിച്ച് മുന്നിലെത്തിയെങ്കിലും അദ്ദേഹത്തെ ഒതുക്കാനുള്ള പദ്ധതികളായിരുന്നു അണിയറയില്‍ തയ്യാറായികൊണ്ടിരിക്കുന്നത്. കേസുകളും ജയിലുകളുമായിരുന്നു പിന്നീടുള്ള നവാല്‍നിയുടെ വര്‍ഷങ്ങള്‍.

placeholder
അലക്‌സി നവാല്‍നിയും കുടുംബവും | ഫോട്ടോ: എ.പി.

'പുതിന്‍ ഏറ്റവും പേടിക്കുന്ന മനുഷ്യന്‍' എന്നുവരെ വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ നവാല്‍നിയെ  വിശേഷിപ്പിച്ചു. കോടതി ഉത്തരവ് പ്രകാരം ജയിലില്‍നിന്ന് പുറത്തിറങ്ങിയെങ്കിലും എതിരാളിയെ വിഷപ്രയോഗത്തിലൂടെ  തീര്‍ക്കാനായിരുന്നു പുതിന്റെ പദ്ധതി. 2020-ഓഗസ്റ്റ് 2020-ന് സൈബീരിയയില്‍നിന്നു മോസ്‌കോയിലേക്കുള്ള യാത്രയ്ക്കിടെ അലക്സി നവാല്‍നി വിമാനത്തില്‍ ബോധരഹിതനായി വീണു. അടിയന്തര ലാന്‍ഡിങ്ങിലൂടെ ജീവന്‍ രക്ഷിച്ചെങ്കിലും വിഷപ്രയോഗമേറ്റിട്ടുണ്ടെന്നായിരുന്നു നിഗമനം. ജര്‍മനിയിലെ പരിശോധനയില്‍ നോവിചോക് എന്ന വിഷവാതകമാണ് ഇദ്ദേഹത്തിനെതിരേ പ്രയോഗിച്ചതെന്ന് കണ്ടെത്തി. ജര്‍മന്‍ മിലിട്ടറി ലാബുകളില്‍ നടത്തിയ പരിശോധനയിലാണ് വിഷം ഏതെന്ന് തിരിച്ചറിഞ്ഞത്.

വിഷത്തിന്റെ പൊതുവായ പേരാണിതെങ്കിലും ഈ വിഭാഗത്തില്‍ പെടുന്ന പലതരത്തിലുള്ള വിഷങ്ങളുണ്ട്. സോവിയറ്റ് കാലത്താണ് ഈ വിഷം കൂടുതലായി ഉപയോഗിച്ചിരുന്നത്. ഈ വിഷം നവാല്‍നിക്ക് നല്‍കിയതില്‍ ആശ്ചര്യമുണ്ടാക്കുന്നുവെന്ന്  ജര്‍മന്‍ വിദേശകാര്യ വക്താക്കളും ആരോഗ്യപ്രവര്‍ത്തകരും  ചൂണ്ടിക്കാട്ടിയിരുന്നു. കൊലപാതകമാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും നവാല്‍നി മരിച്ചില്ല. ജര്‍മനിയിലെ അഞ്ചു മാസത്തെ ചികിത്സ കഴിഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചുവന്നു. 2021 ജനുവരി 17-ന് മോസ്‌കോയിലേക്ക് തിരിച്ചുവരുന്നതിനിടെ വീണ്ടും അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയും ചെയ്തു. ജര്‍മനിയില്‍ ചികിത്സയില്‍ക്കഴിഞ്ഞ അഞ്ചു മാസം റഷ്യയിലെ പോലീസ് സ്റ്റേഷനില്‍ നവാല്‍നി ഹാജരായില്ല എന്നാരോപിച്ച് കോടതിയലക്ഷ്യമായിരുന്നു കുറ്റം. വിചാരണയില്‍ നവാല്‍നി കുറ്റക്കാരനെന്നു കണ്ടെത്തുകയും പരോള്‍ ലംഘനത്തിന് രണ്ടര വര്‍ഷം ജയില്‍ ശിക്ഷ വിധിക്കുകയും ചെയ്തു.

placeholder
അലക്‌സി നവാല്‍നി | ഫോട്ടോ: എ.എഫ്.പി

'പുട്ടിന്റെ കൊട്ടാരം; ലോകത്തെ ഏറ്റവും വലിയ അഴിമതിയുടെ കഥ'

കോടതി തടവിന് വിധിച്ചെങ്കിലും ജയിലിലിരുന്ന് പുതിനെതിരേ പോരാട്ടം നയിക്കുകയായിരുന്നു നവാല്‍നി. 2021-ല്‍ പുറത്തിറങ്ങിയ 'പുതിന്‍സ് പാലസ് ദ സ്‌റ്റോറി ഓഫ് വേള്‍ഡ്‌സ് ബിഗസ്റ്റ് ബ്രൈബ്' എന്ന ഡോക്യുമെന്ററി അക്കാലത്ത് വലിയ ചര്‍ച്ചയായി. പുതിനെതിരേയുള്ള ജയില്‍ബോംബ് തന്നെയായി ഡോക്യുമെന്ററി മാറി. നവാല്‍നിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ആന്റി കറപ്ഷന്‍ ഫൗണ്ടേഷനായിരുന്നു പാലസ് ഫോര്‍ പുട്ടിന്‍ എന്ന രണ്ട് മണിക്കൂറോളം നീണ്ടു നില്‍ക്കുന്ന ഡോക്യുമെന്ററി പുറത്ത് വിട്ടത്. കൈക്കൂലിപ്പണംകൊണ്ട് കരിങ്കടല്‍തീരത്ത് പുതിന്‍ നൂറു കോടി ഡോളറിന്റെ കൊട്ടാരം പണിയുന്നുവെന്നായിരുന്നു വിവരണം. കൊട്ടാരത്തിന്റെ ദൃശ്യങ്ങളും നവാല്‍നിയുടെ വിവരണവും ഉള്‍പ്പെട്ട രണ്ടു മണിക്കൂര്‍ വീഡിയോ പുതിനെതിരേയുള്ള ബ്രഹ്‌മാസ്ത്രമായി. തനിക്കോ തന്റെ കുടുംബത്തിനോ കൊട്ടാരവുമായി ബന്ധമില്ലെന്ന് പറഞ്ഞ് ആരോപണം നിഷേധിച്ച് പുതിന്‍ രംഗത്ത് വരികയും  ഉടമസ്ഥാവകാശം അവകാശപ്പെട്ട് പുതിനുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന ആര്‍ക്കഡി റൊമനോവിച്ച് റോട്ടന്‍ബര്‍ഗ് എന്ന മറ്റൊരു കോടീശ്വരന്‍ എത്തുകയും ചെയ്‌തെങ്കിലും ലക്ഷക്കണക്കിന് ആളുകളാണ് യൂട്യൂബില്‍ റിലീസ് ചെയ്ത ഡോക്യുമെന്ററി കണ്ടത്. ഇതോടെയാണ് നവാല്‍നിയെ ആജീവനാന്തം ജയിലില്‍ തളയ്ക്കുക എന്ന ലക്ഷ്യത്തിലേക്ക് റഷ്യന്‍ സര്‍ക്കാരുമെത്തിയത്. ഇതിന് പുറമെ റഷ്യയുടെ യുക്രൈന്‍  അധിനിവേശത്തേയും നവാല്‍നി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. 

placeholder
അലക്‌സി നവാല്‍നിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് നടന്ന പ്രതിഷേധം | ഫോട്ടോ: ഗെറ്റി ഇമേജസ്‌

നവല്‍നിയെ തടവിലിടുന്നതിനെതിരേ നിരവധി റഷ്യന്‍ നഗരങ്ങളില്‍ വന്‍പ്രതിഷേധമിരമ്പി. അത് റഷ്യ കണ്ട ഏറ്റവും വലിയ പ്രതിഷേധങ്ങളിലൊന്നായി മാറുകയും ചെയ്തു. വന്‍നഗരങ്ങള്‍ കേന്ദ്രീകരിച്ചു മാത്രമായിരുന്നു അതുവരെ പ്രതിഷേധങ്ങള്‍. മാത്രമല്ല, പ്രതിഷേധങ്ങള്‍ക്ക് മറ്റൊരു പ്രത്യേകത കൂടി ഉണ്ടായിരുന്നു. പങ്കെടുത്തവരില്‍ 42 ശതമാനം പേരും പുതുമുഖങ്ങളായിരുന്നു. മുമ്പ് ഒരു പ്രതിഷേധത്തില്‍പ്പോലും പങ്കെടുക്കാത്തവര്‍. നവാല്‍നിയുടെ ഭാര്യ യൂലിയ നവാല്‍നിയുള്‍പ്പെടെ അയ്യായിരത്തിലേറെപ്പേര്‍ അറസ്റ്റിലായി. നാല്‍പതു മണിക്കൂറിലേറെ ഭക്ഷണവും വെള്ളവും നല്‍കാതെ പോലീസ് വണ്ടികളില്‍ കഴിയേണ്ടിവന്നിട്ടും നവാല്‍നിക്ക് വേണ്ടിയുള്ള ആപ്പുവിളിയായിരുന്നു പ്രതിഷേധക്കാരില്‍നിന്ന് ഉയര്‍ന്ന് വന്നത്.

  • രാജ്യദ്രോഹക്കുറ്റം, വിദേശ ഏജന്റ് ആരോപണം

ജയിലില്‍നിന്ന് ആരോഗ്യം വഷളായിട്ടും നവാല്‍നിക്ക് ചികിത്സ നിഷേധിക്കുകയായിരുന്നു റഷ്യന്‍ സര്‍ക്കാര്‍ ചെയ്തത്. ഇതോടെ റഷ്യയിലെ 400 ഡോക്ടര്‍മാര്‍ നവാല്‍നിക്ക് ചികിത്സ നല്‍കണമെന്നും വിഷപ്രയോഗം അദ്ദേഹത്തിന്റെ ആരോഗ്യം വഷളാക്കിയിരിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി പുതിന് തുറന്ന കത്തെഴുതുക വരെയുണ്ടായി. പുതിനും റഷ്യന്‍ സര്‍ക്കാരിനും നവാല്‍നി നിരന്തരം പ്രതിസന്ധിയുണ്ടാക്കിയതോടെ വിദേശ ഏജന്റാണ് നവാല്‍നിയെന്നും വിദേശ ശക്തികളുടെ പിന്തുണയോടെ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമം അയാള്‍ നടത്തുകയാണെന്നുമായിരുന്നു പുതിന്റ ആരോപണം. ഇതില്‍ വിചാരണ നടന്നുവരികയുമായിരുന്നു. തന്നെ ആജീവനാന്തം ജയിലിലിടാന്‍ തനിക്ക് മേല്‍ തീവ്രവാദക്കുറ്റവും രാജ്യദ്രോഹക്കുറ്റവും ആരോപിക്കുന്നുവെന്നായിരുന്നു വീഡിയോ കോണ്‍ഫറന്‍സ് വഴിയുള്ള വിചാരണയ്ക്കിടെ നവാല്‍നി വാദിച്ചത്. ജയിലില്‍ കിടന്നുകൊണ്ട് തീവ്രവാദ ആക്രമത്തിന് പദ്ധതിയിട്ടുവെന്നുവരെ തനിക്കെതിരേ ആരോപിക്കുന്നുവെന്ന് കോടതിയില്‍ നവാല്‍നി പറഞ്ഞു.  അമേരിക്ക, ബ്രിട്ടന്‍, ജര്‍മനി എന്നീ രാജ്യങ്ങളാണ് നവാല്‍നിയുടെ പിന്നിലെന്നും പുതിന്‍ ആരോപിച്ചിരുന്നു. രാജ്യദ്രോഹക്കുറ്റമായതിനാല്‍ തന്നെ 20 വര്‍ഷത്തേക്ക് ജയില്‍ശിക്ഷ നീട്ടണമെന്നാണ് പ്രോസിക്യൂഷന്‍ കോടതിയോട് ആവശ്യപ്പെട്ടത്. ഇതിലാണ് ഇപ്പോള്‍ 19 വര്‍ഷത്തേക്ക് കൂടി ജയില്‍ശിക്ഷ നീട്ടി ഉത്തരവുണ്ടായിരിക്കുന്നത്. ഇത് ഇനിയൊരു പത്തൊമ്പത് വര്‍ഷത്തേക്കാണോ അതല്ല നിലവിലെ തടവിനൊപ്പമായിരിക്കുമോയെന്നാണ് വ്യക്തമാവേണ്ടത്. 

placeholder
അലക്‌സി നവാല്‍നി വിചാണയ്ക്കിടെ | ഫോട്ടോ: എ.എഫ്.പി.
  • ഓസ്‌കാര്‍വരെയെത്തിയ സമരജീവിതം

തനിക്കെതിരേ ശബ്ദമുയര്‍ത്തുന്നവരെ എന്ത് വിലകൊടുത്തും ഇല്ലാതാക്കുന്ന പുതിന്റെ സ്റ്റാലിനിസ്റ്റ് നടപടിയെ തുറന്നുകാട്ടുന്നതായിരുന്നു 2022-ല്‍ പുറത്തിറങ്ങിയ ഡാനിയല്‍ റോഹര്‍ സംവിധാനം ചെയ്ത അമേരിക്കന്‍ ഡോക്യുമെന്ററി 'നവാല്‍നി.'റഷ്യന്‍ പ്രതിപക്ഷ നേതാവായ അലക്‌സി നവാല്‍നിയെ വിഷപ്രയോഗത്തിലൂടെ കൊലപ്പെടുത്താന്‍ നടന്ന ശ്രമത്തെ അടിസ്ഥാനമാക്കിയുള്ള കഥപറഞ്ഞ 'നവാല്‍നി' അവാര്‍ഡുകള്‍ വാരിക്കൂട്ടി. 2023 -ലെ ബെസ്റ്റ് ഡോക്യുമെന്ററി ഓസ്‌കാര്‍ അവാര്‍ഡടക്കം 13 അവാര്‍ഡുകളാണ് 'നവാല്‍നി'ക്ക് ലഭിച്ചത്. 98 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി റഷ്യന്‍, ഇംഗ്ലീഷ് ഭാഷകളിലെത്തി. അലക്‌സി നവാല്‍നിയും ഭാര്യ യൂലിയ നവാല്‍നി അടക്കമുള്ളവര്‍ അഭിനയിച്ച ഡോക്യുമെന്ററി വലിയ ചര്‍ച്ചയായി. ലോകമെമ്പാടും ഏറ്റെടുത്തു. എച്ച.ബി.ഒ. മാക്‌സ്, സി.എന്‍.എന്‍. ഫിലിംസ് സംയുക്തമായി നിര്‍മിച്ച ചിത്രം ബി.ബി.സി. ടു അടക്കമുള്ള മാധ്യമങ്ങള്‍ പ്രക്ഷേപണം ചെയ്തു. എന്നാല്‍, ഡോക്യുമെന്ററി പറയുന്നത് പച്ചക്കള്ളമാണെന്നും ഓസ്‌കര്‍ അവാര്‍ഡ് ലഭിച്ചത് ഹോളിവുഡിന്റെ 'രാഷ്ട്രീയവല്‍ക്കരണത്തെ' കാണിക്കുന്നുവെന്നുമായിരുന്നു റഷ്യന്‍ പാര്‍ലമെന്റ് പ്രതികരിച്ചത്.