'നിരപരാധികളായ ആയിരങ്ങള്‍ അതിദാരുണമായി കൊല്ലപ്പെടുന്ന ഒരു മാനുഷിക ദുരന്തം ഒഴിവാക്കാനാണ് ഞാന്‍ ആഹ്വാനം ചെയ്തത്. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ അതിന് അംഗീകാരം ലഭിച്ചില്ല. അതിന്റെ അര്‍ഥം ഞാന്‍ മുന്നോട്ടുവെയ്ക്കുന്ന ആവശ്യത്തിന് പ്രാധാന്യമില്ലെന്നല്ല. ഗാസയില്‍ സമാധാനം ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്ന് ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു..'

To advertise here,

ഗാസയില്‍ വെടിനിര്‍ത്തലാവശ്യപ്പെട്ട് വിളിച്ചുചേര്‍ത്ത യു.എന്‍. രക്ഷാസമിതിയില്‍ മുന്നോട്ടുവെച്ച പ്രമേയം അംഗീകാരം ലഭിക്കാതെ പിന്തള്ളപ്പെട്ടപ്പോള്‍ യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് സമൂഹമാധ്യമമായ എക്സില്‍ കുറിച്ചത് ഇങ്ങനെയായിരുന്നു. രണ്ടുമാസം പിന്നിട്ടിട്ടും ഇസ്രയേല്‍-ഹമാസ് യുദ്ധം രൂക്ഷമായി തുടരുകയും നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെടുകയും ഭക്ഷണമോ ചികിത്സയോ ലഭിക്കാതെ ജനങ്ങള്‍ പ്രയാസപ്പെടുകയും ചെയ്യുന്ന പശ്ചാത്തലത്തിലായിരുന്നു യു.എന്‍. ചാര്‍ട്ടറിലെ 99-ാം അനുച്ഛേദം പ്രയോഗിച്ച് ഗുട്ടെറസ് യോഗം വിളിച്ചുചേര്‍ത്തത്. എന്നാല്‍ യോഗത്തില്‍ യു.എ.ഇ കൊണ്ടുവന്ന പ്രമേയത്തിന് അംഗീകാരം ലഭിച്ചില്ല. പ്രമേയം അമേരിക്ക വീറ്റോ ചെയ്തു. യുദ്ധം അവസാനിപ്പിക്കുക അത്ര എളുപ്പമല്ലെന്ന സൂചനയാണ് ഈ നടപടിയെന്നാണ് വിലയിരുത്തപ്പെടുന്നത്. യു.എന്‍ സെക്രട്ടറി നേരിട്ട് ഇടപെട്ടിട്ടും ഗാസയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഇനി എന്താണ് അടുത്ത നടപടി? യു.എന്നിന് ഇനി ഏത് രീതിയിലാണ് ഇടപെടാന്‍ കഴിയുക? എന്താണ് 99-ാം അനുച്ഛേദം? എപ്പോഴാണ് ഇത് പ്രയോഗിക്കാന് കഴിയുക? ഇതിന് മുന്‍പ് ആര്‍ട്ടിക്കിള്‍ 99 പ്രയോഗിച്ച് സംഘര്‍ഷസാഹചര്യങ്ങളെ സമാധാനസ്ഥിതിയിലേക്ക് എത്തിക്കാന്‍ യുഎന്നിന് കഴിഞ്ഞിട്ടുണ്ടോ? 

എന്താണ് 99-ാം അനുച്ഛേദം? 

യുഎന്‍ ഭരണഘടനയായി കണക്കാക്കപ്പെടുന്ന യുഎന്‍ ചാര്‍ട്ടറിന്റെ 99-ആം അനുച്ഛേദമാണിത്. അന്താരാഷ്ട്ര സുരക്ഷയ്ക്കും സമാധാനത്തിനും ഭീഷണിയാകുന്ന യുദ്ധംപോലുള്ള അടിയന്തര സാഹചര്യങ്ങളില്‍ രക്ഷാസമിതി ഇടപെടണമെന്ന് ചൂണ്ടിക്കാണിക്കാന്‍ സെക്രട്ടറി ജനറലിന് അനുച്ഛേദം 99 അധികാരം നല്‍കുന്നു. ആര്‍ട്ടിക്കിള്‍ 99 യുഎന്‍ സെക്രട്ടറി ജനറലിന്റെ വിവേചനാധികാരമായി കണക്കാക്കുന്നു. അന്താരാഷ്ട്ര സുരക്ഷയേയും സമാധാനത്തേയും ബാധിക്കുന്ന നിര്‍ണായക വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍ സെക്രട്ടറി ജനറലിന് ആര്‍ട്ടിക്കിള്‍ 99 പ്രയോഗിക്കാം. 

ഗാസ മാനുഷികദുരന്തത്തിലേക്ക് നീങ്ങുകയാണെന്നും അടിയന്തര വെടിനിര്‍ത്തലിനായി രക്ഷാസമിതി ഇടപെടണമെന്നും ആവശ്യപ്പെട്ടായിരുന്നു ഗുട്ടെറസ് ഇത് പ്രയോഗിച്ചത്. ഇതിനുമുന്നോടിയായി യു.എന്‍. ചാര്‍ട്ടറിന്റെ അനുച്ഛേദം-99 പ്രകാരം 15 അംഗ രക്ഷാസമിതിയുടെ നിലവിലെ അധ്യക്ഷനും എക്വഡോര്‍ സ്ഥാനപതിയുമായ ജോസ് ജാവിയര്‍ ഡെല ഗാസ്‌ക ലോപസിന് ഗുട്ടറെസ് കത്തുനല്‍കിയിരുന്നു. തുടര്‍ന്ന് യു.എന്‍ രക്ഷാസമിതി യോഗം ചേര്‍ന്നു. യു.എന്നിന്റെ 78 വര്‍ഷത്തെ ചരിത്രത്തില്‍തന്നെ 10 തവണ മാത്രമാണ് അനുച്ഛേദം-99 പ്രയോഗിച്ചിട്ടുള്ളത്. ഇതിനുമുമ്പ് 1989ലാണ് അവസാനമായി ഐക്യരാഷ്ട്രസഭയില്‍ അനുച്ഛേദം-99 പ്രയോഗിച്ചിട്ടുള്ളത്. 

placeholder
അന്റോണിയോ ഗുട്ടെറസ്

അകലെയല്ല ദുരന്തമെന്ന് ഗുട്ടെറസ്

ഗാസയിലെ ആസന്നമായ മാനുഷിക ദുരന്തത്തിലേയ്ക്കാണ് യോഗത്തിൽ ഗുട്ടെറസ് വിരൽചൂണ്ടിയത്. പലസ്തീന്‍കാര്‍ക്ക് ഒരിക്കലും പഴയജീവിതത്തിലേക്ക് മടങ്ങാനാവാത്തത്ര വലിയ പ്രത്യാഘാതമാണ് ഉണ്ടാവാന്‍ പോകുന്നത്. അത് അടിയന്തരമായി തടയേണ്ടതുണ്ടെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഗുട്ടെറസിന്റെ തീരുമാനത്തെ പിന്തുണച്ച് ലോകാരോഗ്യസംഘടനയുടെ തലവന്‍ ടെഡ്രോസ് അഥാനോം ഗബ്രിയേസസ്, സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചെസ് അടക്കമുള്ളവര്‍ രംഗത്തെത്തി. അന്താരാഷ്ട്രസമാധാനത്തിനും സുരക്ഷയ്ക്കമുള്ള ജാഗ്രതാ മുന്നറിയിപ്പാണ് അനുച്ഛേദം-99 എന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ സെക്രട്ടറി ജനറല്‍ ആഗ്നസ് കാല്‍മാഡ് പറഞ്ഞു. ഭരണഘടനാ തത്ത്വങ്ങളില്‍നിന്നുകൊണ്ട് ഗുട്ടെറസ് നടത്തിയ നാടകീയനീക്കം ഒരു സെക്രട്ടറി ജനറലിനെ സംബന്ധിച്ച് ഏറ്റവും ശക്തമായതാണെന്ന് അദ്ദേഹത്തിന്റെ വക്താവ് സ്റ്റെഫാനി ദുജാറികും പ്രതികരിച്ചിരുന്നു. 

placeholder
Representational Image
യുഎന്‍ സുരക്ഷാസമിതി യോഗം

പ്രമേയം വീറ്റോ ചെയ്ത് യുഎസ്

സെക്രട്ടറി ജനറലിന്റെ അത്യപൂര്‍വ നീക്കം വെടിനിര്‍ത്തലിനായി ആവശ്യപ്പെടാന്‍ രക്ഷാസമിതി അംഗങ്ങളില്‍ സമ്മര്‍ദം വര്‍ധിപ്പിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ നിർഭാഗ്യത്തിന്  അനുകൂല തീരുമാനം ഉണ്ടായില്ല. ഗാസയില്‍ അടിയന്തര വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് കൊണ്ടുവന്ന യു.എന്‍ രക്ഷാസമിതി പ്രമേയം യു.എസ് വീറ്റോ ചെയ്തു. വെടിനിര്‍ത്തലിനൊപ്പം, മോചിപ്പിക്കാന്‍ ബാക്കിയുള്ള ബന്ദികളെ ഉപാധികളില്ലാതെ വിട്ടയക്കണമെന്നുമാവശ്യപ്പെടുന്ന പ്രമേയം 90 രാജ്യങ്ങളുടെ പിന്തുണയോടെ യു.എ.ഇ.യാണ് രക്ഷാസമിതിയില്‍ അവതരിപ്പിച്ചത്. 15 അംഗസമിതിയില്‍ 13 രാജ്യങ്ങള്‍ അനുകൂലിച്ചു. വോട്ടെടുപ്പില്‍നിന്ന് ബ്രിട്ടന്‍ വിട്ടുനിന്നു. ഫ്രാന്‍സ് പ്രമേയത്തെ അനുകൂലിച്ചു. യുദ്ധമാരംഭിച്ചശേഷം ഗാസയുമായി ബന്ധപ്പെട്ട് രക്ഷാസമിതിയില്‍ കൊണ്ടുവരുന്ന ആറാം പ്രമേയമാണിത്.

യുഎന്‍ രക്ഷാസമിതിയുടേയും സെക്രട്ടറി ജനറലിന്റേയും ആവശ്യത്തെ പിന്തുണയ്ക്കില്ലെന്ന് യുഎന്നിലെ യു.എസിന്റെ പ്രത്യേക രാഷ്ട്രീയകാര്യ പ്രതിനിധി റോബോര്‍ട്ട് വുഡ് വ്യക്തമാക്കിയിരുന്നു. ഹമാസ് ഇസ്രയേലിന് ഇപ്പോഴും ഭീഷണി ആയതിനാല്‍ വെടിനിര്‍ത്തലിന് സമയപരിധി വെക്കാന്‍ ഇസ്രായേലിന് നിര്‍ബന്ധിക്കാനാവില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒക്ടോബര്‍ ഏഴിന് ഇസ്രായേലില്‍ കടന്നുകയറി ഹമാസ് നടത്തിയ ആക്രമണത്തെ അപലപിക്കാത്തതിനാലാണ് പ്രമേയം വീറ്റോ ചെയ്യുന്നതെന്നും  റോബര്‍ട്ട് വുഡ് വിശദീകരിച്ചു. 

''ജനങ്ങളുടെ സംരക്ഷണം, സഹായമെത്തിക്കല്‍, മാനുഷിക ഇടവേള, ബന്ദിമോചനം എന്നിവ ലക്ഷ്യമിട്ടുള്ള ക്രിയാത്മകമായ പരിഹാരനിര്‍ദേശങ്ങള്‍ തുടക്കത്തിലേ യു.എസ്. മുന്നോട്ടുവെച്ചിരുന്നു. അത് ആരും അംഗീകരിച്ചില്ല. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സമാധാനത്തോടെയും സുരക്ഷിതമായും കഴിയാനുള്ള അന്തരീക്ഷമുണ്ടാകണമെന്നതിനെ യു.എസ്. പിന്തുണയ്ക്കുന്നു. എങ്കിലും ഉടന്‍ വെടിനിര്‍ത്തണമെന്ന ആഹ്വാനത്തെ അംഗീകരിക്കാനാവില്ല. അത് അടുത്ത യുദ്ധത്തിനുള്ള വിത്തുപാകും. കാരണം, ശാശ്വതപരിഹാരം ഹമാസ് ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. 

പ്രമേയം പാസാക്കാനാകാത്തതില്‍ യു.എ.ഇ. സ്ഥാനപതി മുഹമ്മദ് അബുഷഹാബ് നിരാശ പ്രകടിപ്പിച്ചു. യു.എന്‍. സെക്രട്ടറി ജനറലിന്റെ മുന്നറിയിപ്പും ലോകത്താകെയുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ആവശ്യവും പൊതുഅഭിപ്രായവും തള്ളിക്കളയുന്ന നടപടി രക്ഷാസമിതിക്ക് അവമതിപ്പുണ്ടാക്കുമെന്നും ആഗോളതലത്തില്‍ ഒറ്റപ്പെടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം അമേരിക്കയുടെ നടപടിയെ പലസ്തീന്‍ അപലപിച്ചു. ഗാസയില്‍ കുഞ്ഞുങ്ങളുടെ രക്തച്ചൊരിച്ചിലിന് അമേരിക്ക മാത്രമാണ് ഉത്തരവാദിയെന്ന് പലസ്തീനിയന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ് പറഞ്ഞു. പശ്ചിമേഷ്യയിലെ സ്ഥിതിഗതികള്‍ പൊട്ടിത്തെറിയുടെ വക്കിലെത്തിയിരിക്കുകയാണെന്ന് ഇറാനും മുന്നറിയിപ്പുനല്‍കി.

വീറ്റോ പവര്‍
ഐക്യരാഷ്ട്രസഭയുട രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങള്‍ക്കുള്ള പ്രത്യേക അധികാരമാണ് വീറ്റോ പവര്‍. യുഎന്‍ ചാര്‍ട്ടറിലെ 27 പ്രകാരമാണ് സ്ഥിരാംഗങ്ങള്‍ക്ക് വീറ്റോ പവര്‍ നല്‍കിയിരിക്കുന്നത്. രക്ഷാസമിതിയിലെ അംഗങ്ങള്‍ കൊണ്ടുവരുന്ന തീരുമാനങ്ങളെ തങ്ങളുടെ വീറ്റോ പവര്‍ ഉപയോഗിച്ച് നിരസിക്കാന്‍ സ്ഥിരാംഗങ്ങള്‍ക്ക് സാധിക്കും. സ്ഥിരവും അല്ലാത്തതുമായ അംഗങ്ങളുടെ പ്രധാനവ്യത്യാസങ്ങളിലൊന്നാണ് വീറ്റോ പവര്‍. ചൈന, ഫ്രാന്‍സ്, അമേരിക്ക, യു.കെ, റഷ്യ എന്നീ അഞ്ച് രാജ്യങ്ങളാണ് യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലിലെ സ്ഥിരാംഗങ്ങള്‍. വീറ്റോ അധികാരം പ്രയോഗിക്കാന്‍ ഈ അഞ്ച് രാജ്യങ്ങള്‍ക്കും തുല്യമായ അവകാശമാണുള്ളത്. സുരക്ഷാ കൗണ്‍സില്‍ അംഗങ്ങള്‍ കൊണ്ടുവരുന്ന പ്രമേയങ്ങളില്‍ ഈ അഞ്ച് അംഗങ്ങളില്‍ ആരെങ്കിലും വിയോജിപ്പ് രേഖപ്പെടുത്തി വോട്ട് ചെയ്താല്‍ പ്രമേയം റദ്ദാക്കപ്പെടും. പ്രമേയത്തോട് യോജിക്കുന്നില്ലെങ്കിലും വീറ്റോ ചെയ്യാന്‍ താല്‍പര്യപ്പെടുന്നില്ലെങ്കില്‍ വോട്ടിങ്ങില്‍ നിന്ന് സ്ഥിരാംഗങ്ങള്‍ക്ക് വിട്ടുനില്‍ക്കാം. ഒമ്പത് അനുകൂല വോട്ടുകള്‍ നേടിയാലാണ് പ്രമേയത്തിന് അംഗീകാരം ലഭിച്ചതായി കണക്കാക്കുക. ഈ അഞ്ച് സ്ഥിരാംഗങ്ങളും പൊതുസഭയിലെ അംഗങ്ങളുടെ മൂന്നില്‍ രണ്ട് വോട്ടിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന പത്ത് താത്കാലിക അംഗങ്ങളും ചേര്‍ന്നതാണ് രക്ഷാ സമിതി. 

ഗുട്ടെറസ് സമാധാനത്തിന് ഭീഷണിയെന്ന് ഇസ്രായേല്‍

യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ അസാധാരണനീക്കം നടത്തിയ ഗുട്ടെറസിനെതിരേ അതിരൂക്ഷമായാണ് ഇസ്രയേല്‍ പ്രതികരിച്ചത്. ഗുട്ടെറസിന്റെ ഭരണകാലം ലോകസമാധാനത്തിന് ഭീഷണിയാണെന്ന് ഇസ്രയേല്‍ വിദേശകാര്യമന്ത്രി എലി കോഹന്‍ ആരോപിച്ചു. ''ഭീകരസംഘടനയായ ഹമാസിനെ പിന്തുണയ്ക്കുന്ന ആളാണ് ഗുട്ടെറസ്. സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നതിനും വയസ്സായവരെ കൊലപ്പെടുത്തുന്നതിനും കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോകുന്നതിനും അദ്ദേഹം നല്‍കുന്ന അംഗീകാരമാണ് യു.എന്‍. ചാര്‍ട്ടറിലെ അനുച്ഛേദം 99 പ്രയോഗിച്ചതിലൂടെ വെളിപ്പെട്ടതെന്ന് കോഹന്‍ കുറ്റപ്പെടുത്തി.

യു.എന്‍ പോലെയുള്ള ആഗോളസംഘടനയുടെ തലപ്പത്തിരിക്കാന്‍ യോഗ്യനായ ആളല്ല ഗുട്ടെറസ്. തീവ്രവാദ സംഘമായ ഹമാസ് ഇസ്രയേലില്‍ നടത്തിയ ആക്രമണത്തെ അപലപിക്കാന്‍ ഗുട്ടെറസ് തയ്യാറായിട്ടില്ല. ഇറാനുമായി അടുപ്പത്തിലാണ് അദ്ദേഹമെന്നും കോഹന്‍ ആരോപിച്ചു. ഗാസയെ ഹമാസില്‍ നിന്നാണ് മോചിപ്പിക്കേണ്ടത്. അത് ഉറക്കെ പറയാന്‍ ഗുട്ടെറസും ലോകരാജ്യങ്ങളും തയ്യാറാവണം. ഐഎസിനേക്കാള്‍ വലിയ ഭീകരസംഘടനയാണ് ഹമാസ് എന്നാണ് എല്ലാവരും പറയുന്നത്. എന്നാല്‍ എന്തുകൊണ്ടാണ് ഇക്കാര്യം ഗുട്ടെറസ് പരസ്യമായി പറയാത്തതെന്നും കോഹന്‍ ചോദിച്ചു. 

കോംഗോ, ഇറാന്‍, ലെബനന്‍, ബംഗ്ലാദേശ്

1960ല്‍ യുഎന്നിന്റെ രണ്ടാമത്തെ സെക്രട്ടറി ജനറലായിരുന്ന ഡാഗ് ജല്‍മാര്‍ ആഗ്‌നെ കാള്‍ ഹമ്മാര്‍സ്‌ക്ജോള്‍ഡ് ആണ് ആദ്യമായി ആര്‍ട്ടിക്കിള്‍ 99 പ്രയോഗിച്ചത്. ബെല്‍ജിയന്‍ സേനയില്‍ നിന്ന് സംരക്ഷിക്കുന്നതിനും റിപ്പബ്ലിക്ക് ഓഫോ കോംഗോയില്‍ സമാധാനവും സ്ഥിരതയും നിലനിര്‍ത്തുന്നതിനും കോംഗോ സര്‍ക്കാര്‍ നടത്തിയ യുഎന്‍ സൈനിക സഹായത്തിനുള്ള അഭ്യര്‍ഥന മാനിച്ചാണ് സെക്രട്ടറി ജനറല്‍ ഈ നടപടി സ്വീകരിച്ചത്. പിന്നാലെ ബെല്‍ജിയന്‍ സൈനികസംഘത്തെ കോംഗോയില്‍ നിന്ന് പിന്‍വലിക്കാനും ഈ പ്രക്രിയ സുഗമമാക്കാന്‍ യുഎന്‍ സമാധാനസംഘത്തെ കോംഗോയില്‍ വിന്യസിക്കാനും സുരക്ഷാസമിതി ആവശ്യപ്പെട്ടു. എങ്കിലും കോംഗോയില്‍ സംഘര്‍ഷത്തില്‍ അയവുണ്ടായില്ല. അന്നത്തെ പ്രധാനമന്ത്രി പാട്രിസ് ലുമുംബയുടെ കൊലപാതകം ഉള്‍പ്പെടെ സംഭവിച്ച സംഘര്‍ഷം വര്‍ഷങ്ങളോളം നീണ്ടുനിന്നു. 

ഫ്രാന്‍സ് സൈന്യത്തിന്റെ ഭാഗത്തുനിന്നുള്ള നാവിക-വ്യോമ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ടുണീഷ്യ നല്‍കിയ പരാതിയിലും ആര്‍ട്ടിക്കിള്‍ 99 പ്രയോഗിക്കപ്പെട്ടു. 1971ല്‍ലും ആര്‍ട്ടിക്കിള്‍ പ്രയോഗിക്കപ്പെട്ടു. 71-ലെ ബംഗ്ലാദേശ് വിമോചന യുദ്ധസമയത്ത് കിഴക്കന്‍ പാകിസ്താനിലെ പ്രതിസന്ധി പരിഹരിക്കുന്നതിനായി അന്നത്തെ സെക്രട്ടറി ജനറല്‍ യൂ താങ് നല്‍കിയ റിപ്പോര്‍ട്ടിലായിരുന്നു അത്. 

1979ല്‍ യുഎന്നിന്റെ നാലാമത്തെ സെക്രട്ടറി ജനറലായ കര്‍ട്ട് ജോസഫ് വാല്‍ദെയിമും ആര്‍ട്ടിക്കിള്‍ 99 പ്രയോഗിച്ചിരുന്നു. സുരക്ഷാസമിതിയുടെ 457 ആമത്തെ പ്രമേയം അംഗീകരിച്ചുകൊണ്ടായിരുന്നു നടപടി. ഇറാന്‍-അമേരിക്ക എംബസി പ്രതിസന്ധിയില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു സെക്രട്ടറി ജനറലിന്റെ നടപടി. ഇറാനിലെ ഇസ്ലാമിക വിപ്ലവത്തെത്തുടര്‍ന്ന് ടെഹ്റാനിലെ യുഎസ് എംബസിയില്‍ 52 അമേരിക്കന്‍ പൗരന്മാരെ ഇറാനിയന്‍ പോരാളികള്‍ ബന്ദികളാക്കിയതുമായി ബന്ധപ്പെട്ടായിരുന്നു ഇത്. പ്രമേയം 457 ന്റെ അഭ്യര്‍ഥന ഉണ്ടായിരുന്നിട്ടും പൗരന്മാര്‍ 444 ദിവസത്തേക്ക് ബന്ദികളായി തുടര്‍ന്നു. ഇത് രണ്ട് ജീവന്‍ നഷ്ടപ്പെടുന്നതിനും കാരണമായി. ഒടുവില്‍, 1981-ല്‍ അള്‍ജിയേഴ്സ് ഉടമ്പടിയില്‍ ഒപ്പുവെച്ചതിന് ശേഷം ബന്ദികളെ മോചിപ്പിച്ചു. 

1989ല്‍ ലെബനന്‍ ആഭ്യന്തരയുദ്ധം നീണ്ടുപോകുന്നതിനിടെ അന്നത്തെ യുഎന്‍ സെക്രട്ടറി ജനറല്‍ ഹാവിയര്‍ ഫെലിപ് റിക്കാര്‍ഡോ പെരെസ് ഡെ ക്യൂയെല്ലാര്‍ ആര്‍ട്ടിക്കില്‍ 99 അധികാരം പ്രയോഗിച്ചിരുന്നു. വെടിനിര്‍ത്തലിന് ശ്രമങ്ങളുണ്ടാവണമെന്ന് യുഎന്‍ സുരക്ഷാസമിതി ആഭ്യന്തരസംഘര്‍ഷങ്ങളില്‍ ഉള്‍പ്പെട്ട എല്ലാ കക്ഷികളോടും യു.എന്‍ അഭ്യര്‍ഥിച്ചു. എന്നാല്‍ സംഘര്‍ഷം തുടരുകയായിരുന്നു. 

placeholder
Caption

ദുരിതത്തില്‍ മുങ്ങി ഗാസ

വടക്കന്‍ ഗാസയ്ക്കു പിന്നാലെ തെക്കും ഇസ്രായേല്‍ ആക്രമണം ശക്തമാക്കിയതോടെ കുടിവെള്ളവും ഭക്ഷണവും മരുന്നുമില്ലാതെ നരകയാതന അനുഭവിക്കുകയാണ് പലസ്തീന്‍ ജനത. യുദ്ധം അഭയാര്‍ഥികളാക്കിയ 18 ലക്ഷം ജനങ്ങള്‍ക്ക് രക്ഷാതീരമായിരുന്ന റാഫയിലും ഖാന്‍ യൂനിസിലും സ്ഥിതി സങ്കീര്‍ണമാണ്. താല്‍ക്കാലിക വെടിനിര്‍ത്തലിന് ശേഷം യുദ്ധം പുനഃരാരംഭിച്ചിട്ട് ഒരാഴ്ച പിന്നിട്ടു. അഭയാര്‍ഥി ക്യാമ്പുകളില്‍ ജീവകാരുണ്യ സഹായമെത്തിക്കാന്‍ സന്നദ്ധസംഘടനകള്‍ക്ക് കഴിയാത്തത് പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുന്നു. 

ഗാസ പട്ടിണിദുരന്തത്തിലേക്ക് നീങ്ങുകയാണെന്ന് ആഗോള ഭക്ഷ്യപദ്ധതി മുന്നറിയിപ്പുനല്‍കി. ഒട്ടുമിക്ക ദിവസങ്ങളിലും അഭയാര്‍ഥി ക്യാമ്പുകളിലെ ഭക്ഷണവിതരണ കേന്ദ്രങ്ങളിലെത്തിയ പലരും വെറുംകൈയോടെ മടങ്ങുന്ന കാഴ്ചയാണ് പുറത്തുവരുന്നത്. അവശ്യസാധനങ്ങള്‍ക്കും തീവിലയാണ്. ഒരുചാക്ക് അരിപ്പൊടിക്ക് 450 ഷെക്കീലാണ് (10,093 രൂപയോളം) വില. ചുരുക്കംചില സൂപ്പര്‍മാര്‍ക്കറ്റുകളും പലചരക്കുകടകളും മാത്രമാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. അതിനിടെ പലസ്തീനിലെ യു.എന്‍. ഏജന്‍സിയായ 'ഉന്റ'യുടെ ഡെയ്ര് അല്‍ ബലായിലെ ധാന്യസംഭരണശാല ജനങ്ങള്‍ കൊള്ളയടിച്ചു. 

ആരോഗ്യരംഗവും പാടെ തകര്‍ന്നിരിക്കുകയാണ്. പരിക്കേറ്റവര്‍ക്ക് ആവശ്യത്തിന് ചികിത്സ ഉറപ്പാക്കാനാവാതെ വലയുകയാണ് ഗാസയിലെ പ്രധാന ആശുപത്രികളെല്ലാം. ചികിത്സ ഉപകരണങ്ങളും എത്തിക്കാനാവുന്നില്ല. ഗാസാജനതുടെ 14 ശതമാനം വരുന്ന പ്രമേഹരോഗികള്‍ക്ക് ചികിത്സ ലഭ്യമാക്കാനാകുന്നില്ലെന്ന് ലോകാരോഗ്യസംഘടന അറിയിച്ചു. ആസ്ത്മ രോഗികള്‍ക്കും ഇന്‍ഹെയ്‌ലറുകളും എത്തിക്കാനാകുന്നില്ലെന്ന് സംഘടന വ്യക്തമാക്കി. ഇസ്രായേല്‍-ഗാസ യുദ്ധത്തില്‍ ഇതുവരെ കൊല്ലപ്പെട്ടത് പതിനേഴായിരത്തിലധികം പേരാണ്.

ജനറല്‍ അസംബ്ലിയിലും ഗാസ

ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യു.എന്‍ ജനറല്‍ അസംബ്ലിയിലും പ്രമേയം അവതരിപ്പിക്കപ്പെട്ടു. 193 അംഗ അസംബ്ലിയില്‍ 153 അംഗങ്ങളാണ് അനുകൂലമായി വോട്ട് ചെയ്തത്. ഇസ്രയേല്‍, യുഎസ്, ഓസ്ട്രിയ ഉള്‍പ്പെടെ 10 രാജ്യങ്ങള്‍ വിയോജിപ്പ് രേഖപ്പെടുത്തിയപ്പോള്‍ 23 അംഗങ്ങളാണ് വോട്ടിങ്ങില്‍ നിന്ന് വിട്ടുനിന്നത്. നിയമപരമായ നിലനില്‍പ്പില്ലാത്ത പ്രതീകാത്മക പ്രമേയമാണിതെങ്കിലും ആഗോളതലത്തിലുള്ള ഭൂരിപക്ഷാഭിപ്രായമായി ഇതിനെ കണക്കാക്കപ്പെടുന്നു. നേരത്തെ ഒക്ടോബറിലും വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം വോട്ടിങ്ങിനിട്ടിരുന്നു. അന്ന് 120 രാജ്യങ്ങള്‍ അനുകൂലമായി വോട്ട് ചെയ്തപ്പോള്‍ 14 പേരായിരുന്നു വിയോജിച്ചത്. 45 പേര്‍ വിട്ടുനില്‍ക്കുകയും ചെയ്തു.