സഹകരണ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുമോ? ഇത് സഹകരണ ജീവനക്കാര്‍ക്കിടയില്‍ കുറച്ചുകാലമായി ഉയരുന്ന ചോദ്യമാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി ജീവനക്കാരുടെ സംഘടനകള്‍ സര്‍ക്കാരിന് നിവേദനം നല്‍കി. ഹൈക്കോടതിയെ അടക്കം സമീപിച്ചു. അങ്ങനെ പല മാര്‍ഗങ്ങള്‍ തേടിയിട്ടുണ്ട്. സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. പെന്‍ഷന്‍ പ്രായം കൂട്ടാന്‍ ആലോചിക്കുന്നില്ലെന്നാണ് സര്‍ക്കാര്‍ കോടതിയേയും അറിയിച്ചത്. പക്ഷേ, ഇപ്പോള്‍ സര്‍ക്കാര്‍ നിയോഗിച്ച സമിതി തന്നെ, പെന്‍ഷന്‍ പ്രായം ഉയര്‍ത്തണമെന്ന ശുപാര്‍ശ നല്‍കിയിരിക്കുകയാണ്. ഇതോടെ ചര്‍ച്ചകള്‍ക്ക് വീണ്ടും ജീവന്‍വെച്ചു.

To advertise here,

പെന്‍ഷന്‍ പ്രായം കൂട്ടുന്നതിന് ജീവനക്കാരും സംഘടനകളും ഉന്നയിക്കുന്ന കാരണങ്ങള്‍ പലതുണ്ട്. ബാങ്കിങ് മേഖലയിലും പൊതുമേഖലാസ്ഥാനങ്ങളിലും പെന്‍ഷന്‍ പ്രായം 60 ആണ്. പങ്കാളിത്ത പെന്‍ഷന്‍ ബാധകമായ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍ പ്രായം 60 ആണ്. ഈ രണ്ട് സാഹചര്യങ്ങൾ പരിഗണിച്ചാലും സഹകരണ സ്ഥാപനങ്ങളിലും പെന്‍ഷന്‍ പ്രായം ഉയര്‍ത്തേണ്ടതാണ്. പെന്‍ഷന്‍ സംബന്ധിച്ചുള്ള പ്രശ്നം തന്നെയാണ് സഹകരണ ജീവനക്കാരും ഉയര്‍ത്തുന്നത്. സ്വാശ്രയ പെന്‍ഷനാണ് സഹകരണ മേഖലയിലുള്ളത്. അതായത്, ജീവനക്കാരുടെ വിഹിതം ഉപയോഗിച്ചാണ് പെന്‍ഷന്‍ ബോര്‍ഡ് സഹകരണ സ്ഥാപനങ്ങളില്‍നിന്ന് വിരമിച്ചവര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നത്. പ്രാഥമിക സഹകരണ സംഘങ്ങളിലെ ജീവനക്കാര്‍ക്ക് പരമാവധി ലഭിക്കുന്ന പെന്‍ഷന്‍ 17,850 രൂപയാണ്. നാമമാത്ര പെന്‍ഷന്‍ ലഭിക്കുന്ന സാഹചര്യത്തില്‍, പങ്കാളിത്ത പെന്‍ഷന്‍കാര്‍ക്കുള്ള ഇളവെങ്കിലും സഹകരണ ജീവനക്കാര്‍ക്ക് ലഭിക്കേണ്ടതുണ്ടെന്നാണ് വാദം. മാത്രവുമല്ല, സഹകരണ ജീവനക്കാരുടെ ശമ്പളമോ പെന്‍ഷനോ സര്‍ക്കാരിന്റെ ബാധ്യതയല്ല.

സഹകരണ പെന്‍ഷന്‍ പരിഷ്‌കരണത്തെ കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ ഒരു സമിതിയെ നിയോഗിച്ചിരുന്നു. റിട്ട. ജില്ലാ ജഡ്ജി എന്‍.രാജേന്ദ്രന്‍ നായര്‍ ചെയര്‍മാനായ അഞ്ച് അംഗങ്ങള്‍ അടങ്ങിയ ഈ സമിതി സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് പെന്‍ഷന്‍ പ്രായം ഉയര്‍ത്തണമെന്ന ശുപാര്‍ശ നല്‍കിയിട്ടുള്ളത്. നിലവില്‍ 58 വയസാണ് സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം. ഇത് 60 വയസാക്കണമെന്നാണ് ശുപാര്‍ശ. നിലവില്‍ പെന്‍ഷന്‍ ബോര്‍ഡ് വലിയ സാമ്പത്തിക ബാധ്യത നേരിടുകയാണ്. അതിനാല്‍, പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് ബോര്‍ഡിന്റെ സാമ്പത്തിക ബാധ്യത കുറയ്ക്കുന്നതിനും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിനും വഴിവെക്കുമെന്നാണ് സമിതി ചൂണ്ടിക്കാട്ടിയിട്ടുള്ളത്.

സ്വാശ്രയ പെന്‍ഷന്‍ പദ്ധതിയാണ് സഹകരണ ജീവനക്കാര്‍ക്കുള്ളത്. സര്‍ക്കാര്‍ വിഹിതം നല്‍കുന്നില്ല. ജീവനക്കാര്‍ നല്‍കിയ വിഹിതവും അതില്‍ നിന്നുള്ള പലിശ വരുമാനവും കൂട്ടിയാല്‍ ലഭിക്കുന്ന തുകയേക്കാള്‍ ഏറെയാണ് ഒരുജീവനക്കാരന് പെന്‍ഷനായി നല്‍കേണ്ടിവരുന്നത്. ഇത് പെന്‍ഷന്‍ ബോര്‍ഡിന്റെ സാമ്പത്തിക നില അപകടത്തിലാക്കുന്നതാണെന്ന് കമ്മിറ്റി വിലയിരുത്തുന്നു. പെന്‍ഷന്‍ വിഹിതം കൂട്ടണമെന്ന് ശുപാര്‍ശ ചെയ്യുന്നതിനൊപ്പമാണ്, ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തണമെന്ന നിര്‍ദേശവും കമ്മിറ്റി സര്‍ക്കാരിന് നല്‍കിയത്. രണ്ടു വര്‍ഷം അധിക സര്‍വീസ് ലഭിക്കുമ്പോള്‍ അത്രയും കാലം ശമ്പളത്തോടെ ജോലിയില്‍ തുടരാനാകുമെന്നതാണ് ജീവനക്കാരുടെ നേട്ടം. രണ്ടുവര്‍ഷം പെന്‍ഷന്‍ നല്‍കേണ്ടതില്ലെന്നും രണ്ടുവര്‍ഷം പെന്‍ഷന്‍ ഫണ്ടിലേക്ക് വിഹിതം ലഭിക്കുമെന്നതുമാണ് ബോര്‍ഡിനുണ്ടാകുന്ന നേട്ടം. ബോര്‍ഡിന്റെ സാമ്പത്തിക സ്ഥിതി പരിഗണിക്കുമ്പോള്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് സഹകരണ മേഖലയിലെ പെന്‍ഷന്‍ പദ്ധതിക്ക് കൂടി ഗുണകരമാകുമെന്ന വിലയിരുത്തലാണ് സമിതി നടത്തിയത്. അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും ചേര്‍ന്നുള്ള തുകയുടെ 12 ശതമാനമാണ് ജീവനക്കാര്‍ പെന്‍ഷന്‍ വിഹിതമായി നല്‍കുന്നത്. ഇത് 15 ശതമാനമാക്കി ഉയര്‍ത്തണമെന്ന് സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്.

പെന്‍ഷന്‍ കൂട്ടണം

സഹകരണ പെന്‍ഷന്‍ വര്‍ധിപ്പിക്കണമെന്ന ആവശ്യം ന്യായമാണെങ്കിലും അത് വേണ്ടരീതിയില്‍ പരിഗണിക്കാന്‍ കഴിയാത്ത സാഹചര്യമാണ് ബോര്‍ഡിന്റെ സാമ്പത്തിക സ്ഥിതി പരിശോധിക്കുമ്പോഴുള്ളതെന്ന് സമിതി പറയുന്നു. എങ്കിലും, പെന്‍ഷനില്‍ രണ്ടു ശതമാനം വര്‍ധനവ് വരുത്താന്‍ സമിതി നിര്‍ദേശിച്ചിട്ടുണ്ട്. നേരത്തെ ക്ഷാമബത്ത അടിസ്ഥാന പെന്‍ഷനില്‍ ലയിപ്പിച്ച് പത്തു ശതമാനം വര്‍ധനവാണ് വരുത്തിയത്. ഒൻപത് ശതമാനമായിരുന്നു ക്ഷാമബത്ത. ഇതില്‍നിന്ന് രണ്ടു ശതമാനം കൂടി കൂട്ടാനാണ് പുതിയ കമ്മിറ്റിയുടെ ശുപാര്‍ശ. ഈ വര്‍ധനവ് നടപ്പാക്കുന്നതിന് മുമ്പ്, മറ്റ് ശുപാര്‍ശകള്‍ കൂടി പരിഗണിക്കണമെന്ന ഉപാധിയും റിപ്പോര്‍ട്ടില്‍ മുന്നോട്ടുവെക്കുന്നുണ്ട്. പെന്‍ഷന്‍ വിഹിതം മൂന്നു ശതമാനം കൂട്ടണം, ഫണ്ടില്‍നിന്നുള്ള നിക്ഷേപ വരുമാനം കൂട്ടണം എന്നിവയൊക്കെയാണ് ഇതിലുള്ളത്.

ഒരു പ്രാഥമിക സഹകരണ സംഘത്തിലെ ജീവനക്കാരന് കുറഞ്ഞ പെന്‍ഷന്‍ 3600 രൂപയും പരമാവധി പെന്‍ഷന്‍ 17,850 രൂപയുമാണ് ലഭിക്കുന്നത്. ഇത് 19,040 രൂപയാക്കി ഉയര്‍ത്താന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. കേരള ബാങ്ക് ജീവനക്കാരുടെ പെന്‍ഷന്‍ 26,180 രൂപയില്‍ നിന്ന് 27,965 രൂപയാക്കി ഉയര്‍ത്താനാണ് ശുപാര്‍ശ. ഡി.എ. കൂട്ടണമെന്ന ആവശ്യം പരിഗണിക്കേണ്ടതാണെങ്കിലും ബോര്‍ഡിന്റെ സാമ്പത്തിക അവസ്ഥ നോക്കുമ്പോള്‍ അതിന് കഴിയാത്ത സ്ഥിതിയാണ്. അതിനാല്‍, ബോര്‍ഡ് സാമ്പത്തിക അടിത്തറ നേടിയശേഷം ഡി.എ. നല്‍കുന്ന കാര്യം പരിഗണിക്കാവുന്നതാണെന്നും സമിതി ചൂണ്ടിക്കാട്ടുന്നു.

സ്ഥാപനങ്ങള്‍ ലാഭവിഹിതം നല്‍കണം

സഹകരണ പെന്‍ഷന്‍ പദ്ധതിയുടെ അപകടഭീഷണി ഒഴിവാക്കാന്‍ വരുമാനവര്‍ധനവിന് പുതിയ മാര്‍ഗങ്ങള്‍ സമിതി നിര്‍ദേശിക്കുന്നുണ്ട്. ഫണ്ട് കുറയുകയും ബാധ്യത കൂടുകയും ചെയ്യുന്നതാണ് ഇന്ന് പെന്‍ഷന്‍ ബോര്‍ഡ് നേരിടുന്ന പ്രതിസന്ധി. സഹകരണ സ്ഥാപനങ്ങളുടെ ലാഭത്തില്‍ നിന്ന് പത്തു ശതമാനം ജീവനക്കാരുടെ പെന്‍ഷനായി മാറ്റിവെക്കണമെന്നാണ് പ്രധാന നിര്‍ദേശം. ഈ തുക സഹകരണ പെന്‍ഷന്‍ ബോര്‍ഡിന് കൈമാറണം. ഇത് ലഭിച്ചാല്‍ ബോര്‍ഡിന്റെ സാമ്പത്തിക പ്രതിസന്ധി ഒരുപരിധിവരെ മറികടക്കാനാകും. ഭാവിയില്‍ പെന്‍ഷന്‍ പദ്ധതി മുടിങ്ങിപ്പോകാത്തവിധം സാമ്പത്തിക സ്ഥിരത കൈവരിക്കാനും വഴിവെക്കും. അതുവരെ, സര്‍ക്കാരും ബോര്‍ഡിന് പണം നല്‍കണം. ഇതിനായി ബജറ്റില്‍ തുക വകയിരുത്തണമെന്നും സമിതി നിര്‍ദേശിക്കുന്നു. 75 വയസ്സു കഴിഞ്ഞവര്‍ക്ക് സമാശ്വാസ പെന്‍ഷന്‍ നല്‍കുന്നുണ്ട്. ഇതിന് സംഘങ്ങളില്‍നിന്ന് വിഹിതം ലഭിക്കുന്നില്ല. ഫെസ്റ്റിവല്‍ അലവന്‍സ്, മെഡിക്കല്‍ അലവന്‍സ് എന്നിവ നല്‍കുന്നതിനും സംഘങ്ങളുടെ വിഹിതമില്ല. പെന്‍ഷന്‍ ഫണ്ടില്‍ കുറവു വന്നാല്‍ സര്‍ക്കാരില്‍ നിന്നടക്കം ഫണ്ട് ലഭിക്കാനുള്ള വഴി തേടണമെന്ന് സ്‌കീമില്‍ പറഞ്ഞിട്ടുണ്ട്. അതിനാല്‍, പെന്‍ഷന്‍ ബോര്‍ഡിലെ ഫണ്ടിന്റെ കുറവ് നികത്താന്‍ സര്‍ക്കാരിന്റെ വാര്‍ഷിക ബജറ്റില്‍ പണം വകയിരുത്തണമെന്നും സമിതി ശുപാര്‍ശ ചെയ്യുന്നു. കേരളാ ബാങ്ക് നല്‍കുന്ന അഡ്മിനിസ്ട്രേറ്റീവ് ചാര്‍ജില്‍ ഒരു ശതമാനം വര്‍ധനവ് വരുത്തണമെന്നും സമിതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

വി.ആര്‍.എസ്. വ്യവസ്ഥ

സഹകരണ ജീവനക്കാര്‍ക്ക് നിര്‍ബന്ധിത വിരമിക്കലിന് അവസരം നല്‍കണമെന്നാണ് സമിതിയുടെ മറ്റൊരു ശുപാര്‍ശ. അത്തരമൊരു വ്യവസ്ഥ നിലവില്‍ സഹകരണ നിയമത്തില്‍ ഇല്ല. ഇതിനും സംഘങ്ങളുടെ ലാഭവിഹിതം ബോര്‍ഡിന് നല്‍കുന്നതിനുമുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയുള്ള നിയമ ഭേദഗതി സമിതി ശുപാര്‍ശ ചെയ്യുന്നുണ്ട്. പെന്‍ഷന്‍ ഫണ്ടിന് ആദായനികുതി ഇളവ് ലഭിക്കുന്നില്ലെന്നതും ഒരു പ്രശ്നമായി സമിതി ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതിനുള്ള നടപടി സ്വീകരിക്കണം. ആദായ നികുതി ഇളവ് ലഭിക്കുന്നതിന് പെന്‍ഷന്‍ ഫണ്ട് കേന്ദ്ര സര്‍ക്കാരിന്റെ ഗസറ്റില്‍ വിജ്ഞാപനം ചെയ്യണം. അംഗങ്ങള്‍ക്കും ബോര്‍ഡ് ജീവനക്കാര്‍ക്കും വായ്പ നല്‍കുന്ന രീതി തുടങ്ങിയാല്‍ വരുമാനം കൂട്ടാനാകും. ഇതിന് ആദായനികുതി വകുപ്പിലെ വകുപ്പിൽ 10(46) നിന്ന് ഇളവ് അനുവദിച്ച് ഉത്തരവിറക്കണം. ആദായനികുതി ഇളവ് ലഭിക്കുന്നതിനടക്കം കൃത്യമായ സമയത്ത് ഓഡിറ്റ് പൂര്‍ത്തിയാക്കി സമയത്ത് റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടതുണ്ട്. അതിനാല്‍, ഓഡിറ്റ് കൃത്യമാക്കാനുള്ള നടപടിയുണ്ടാകണം. ഇത്തരം ഫണ്ട് കൈകാര്യം ചെയ്യുന്ന സ്ഥാപനത്തിന് വേണ്ട രീതിയില്‍ ഓഡിറ്റ് മാന്വല്‍ പരിഷ്‌കരിക്കണം.

ജീവനക്കാരുടെ പെന്‍ഷന്‍ വിഹിതത്തിന്റെ പത്തു ശതമാനം പ്രത്യേകമായി കണക്കാക്കുകയും വിരമിക്കുന്ന ഘട്ടത്തില്‍ ഇത് പലിശസഹിതം തിരിച്ചുനല്‍കുകയും ചെയ്യുന്ന രീതി സ്വീകരിക്കണം. ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും മെഡിക്കല്‍ ഇന്‍ഷൂറന്‍സ് ഏര്‍പ്പെടുത്തണം. ഇതിന് പെന്‍ഷന്‍കാര്‍ക്ക് നല്‍കുന്ന മെഡിക്കല്‍ അലവന്‍സിനൊപ്പം, ജീവനക്കാരുടെയും സംഘങ്ങളുടെയും വിഹിതം കൂടി ഉള്‍പ്പെടുത്താം. കേരള ബാങ്കിലെയും ജില്ലാ സഹകരണ ബാങ്കിലെയും ജീവനക്കാരുടെ പെന്‍ഷന്‍ പദ്ധതിയുടെ ഭരണചുമതല കേരള ബാങ്കിന് കൈമാറാവുന്നതാണ്. പെന്‍ഷന്‍ ബോര്‍ഡിന്റെ നിക്ഷേപത്തിന് മുതിര്‍ന്ന പൗരന്മാര്‍ക്ക് നല്‍കുന്ന പലിശ നിരക്ക് ബാധകമാക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കണമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

സെക്രട്ടറിക്ക് പിഴ

പുതിയ ജീവനക്കാരെ പെന്‍ഷന്‍ പദ്ധതിയില്‍ അംഗമാക്കിയില്ലെങ്കില്‍ സ്ഥാപന മേധാവിക്ക് പിഴ ചുമത്താനുള്ള വ്യവസ്ഥ നിയമത്തില്‍ കൊണ്ടുവരാനും ശുപാര്‍ശ ചെയ്തിട്ടുണ്ട്. നിലവില്‍ ഒട്ടേറെ ജീവനക്കാര്‍ പെന്‍ഷന്‍ പദ്ധതിയുടെ ഭാഗമാകാത്തതുണ്ട്. ബോര്‍ഡുമായുള്ള പല തര്‍ക്കത്തിന്റെ പേരില്‍ സഹകരണ സ്ഥാപനങ്ങള്‍ ജീവനക്കാരെ പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്താതെ മാറ്റിനിര്‍ത്തുന്ന സ്ഥിതിയുണ്ട്. ഒരു സഹകരണ സ്ഥാപനത്തില്‍ പുതുതായി ജോലിക്കു ചേരുന്നവരെ മൂന്നു മാസത്തിനുള്ളില്‍ പെന്‍ഷന്‍ പദ്ധതിയുടെ ഭാഗമാക്കിയിരിക്കണം. ഇങ്ങനെ ചെയ്തില്ലെങ്കില്‍ ആ സ്ഥാപനത്തിന്റെ മേലധികാരില്‍നിന്ന് 5000 രൂപ പിഴയീടാക്കണമെന്നാണ് ശുപാര്‍ശ.

പെന്‍ഷന്‍ ഫണ്ട് കേരളബാങ്കില്‍ സ്ഥിരനിക്ഷേപമായി ഇടുന്ന രീതിയില്‍ മാറ്റം വരുത്തണമെന്ന് സമിതി നിര്‍ദേശിക്കുന്നു. നിക്ഷേപത്തില്‍ നിന്നുള്ള പലിശ പത്തു ശതമാനത്തില്‍ നിന്ന് 15 ആക്കി ഉയര്‍ത്താനുള്ള നടപടിയാണ് സ്വീകരിക്കേണ്ടത്. പലിശ വരുമാനം കൂട്ടുന്നതിന് നിക്ഷേപ രീതിയില്‍ മാറ്റം വരുത്തണം. നിരവധി പെന്‍ഷന്‍ ഫണ്ട് ഓര്‍ഗനൈസേഷനുകളുണ്ട്. എല്‍.ഐ.സി., നാഷണല്‍ പെന്‍ഷന്‍ സ്‌കീം, എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഇവയ്ക്കു പുറമെ വരുമാനം കൂടുന്ന മറ്റ് നിക്ഷേപ സാധ്യകളും ഉണ്ട്. ഫണ്ട് കുറയുകയും ബാധ്യത കൂടുകയും ചെയ്യുന്നതാണ് ഇന്ന് ബോര്‍ഡ് നേരിടുന്ന പ്രതിസന്ധി. സ്വാശ്രയ പെന്‍ഷന്‍ പദ്ധതി എന്ന നിലയില്‍ വിവിധ രീതിയില്‍ വരുമാനം കൂട്ടാനുള്ള നിക്ഷേപരീതി സ്വീകരിക്കാവുന്നതാണ്. ഇതിന് സര്‍ക്കാര്‍ അനുമതി നല്‍കണം.

സംസ്ഥാന-കേന്ദ്ര സര്‍ക്കാര്‍ സെക്യുരിറ്റീസ്, ബാങ്ക് സ്ഥിരനിക്ഷേപം, കടപ്പത്രങ്ങള്‍, കമ്പനികളുടെ ബോണ്ടുകള്‍, സെബി നിയന്ത്രണത്തിലുള്ള ഡെബ്റ്റ് മ്യൂച്ചല്‍ഫണ്ടുകള്‍, മണി മാര്‍ക്കറ്റ് ഇന്‍വെസ്റ്റ്മെന്റ്, സെബി നിയന്ത്രിക്കുന്ന ലിക്യുഡ് മ്യൂച്ചല്‍ ഫണ്ട് എന്നിങ്ങനെ ലാഭസാധ്യത നോക്കി ഫണ്ട് മാറ്റി മാറ്റി നിക്ഷേപിക്കേണ്ടിവരും. ഓരോ തവണയും ഇതിന് സര്‍ക്കാരില്‍നിന്ന് അനുമതി തേടേണ്ടിവരുന്നത് പ്രായോഗികമാകില്ല. പരമ്പരാഗത രീതിയില്‍ കേരളബാങ്കില്‍ സ്ഥിരനിക്ഷേപം ഇടുന്നത് ബോര്‍ഡിന് വരുമാനം കൂട്ടാന്‍ കഴിയുന്നതല്ല. ഏതെങ്കിലും ബാങ്കിങ് കമ്പനികള്‍ കൈകാര്യം ചെയ്യുന്ന മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപിക്കുകയാണ് വേണ്ടതെന്നാണ് പെന്‍ഷന്‍ പരിഷ്‌കരണ സമിതിയുടെ ശുപാര്‍ശയിലുള്ളത്.