ജില്ലാബാങ്കുകൾ വേണമെന്നതാണ് സർക്കാർനിലപാടെന്ന് സുപ്രീംകോടതിയെ അറിയിക്കും.

തിരുവനന്തപുരം: സംസ്ഥാനത്ത് ജില്ലാ സഹകരണബാങ്കുകൾ പുനഃസ്ഥാപിക്കാൻ സർക്കാർ. ജില്ലാബാങ്കുകൾ വേണമെന്നതാണ് സർക്കാർനിലപാടെന്ന് സുപ്രീംകോടതിയെ അറിയിക്കും. മലപ്പുറം ജില്ലാസഹകരണ ബാങ്കിനെ നിർബന്ധിച്ച് ലയിപ്പിച്ചതുസംബന്ധിച്ച കേസിലാണ് മുൻസർക്കാരിന്റെ നിലപാട് തിരുത്തി സത്യവാങ്മൂലം നൽകുക. ഇടതുസർക്കാർ കൊണ്ടുവന്ന നിയമഭേദഗതി റദ്ദാക്കുകയും ജില്ലാബാങ്കുകൾ പുനഃസ്ഥാപിക്കുംവിധം പുതിയ വ്യവസ്ഥ കൊണ്ടുവരുകയും ചെയ്യുമെന്ന് സത്യവാങ്മൂലത്തിൽ വ്യക്തമാക്കും.
കേരളാബാങ്ക് രൂപവത്കരണത്തിനായാണ് ഇടതുസർക്കാർ ജില്ലാ സഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിച്ചത്. ബാങ്ക് പൊതുയോഗത്തിൽ ഭൂരിപക്ഷം ലയനത്തെ അനുകൂലിക്കണമെന്നതായിരുന്നു നിബന്ധന. യു.ഡി.എഫിന് ഭൂരിപക്ഷമുള്ള മലപ്പുറം ജില്ലാസഹകരണ ബാങ്ക് ലയനത്തെ അംഗീകരിച്ചില്ല. ഇതോടെ, സഹകരണസംഘം രജിസ്ട്രാർക്ക് നിർബന്ധിത ലയനം നടത്താൻ അധികാരംനൽകി നിയമഭേദഗതി കൊണ്ടുവന്നു. അതനുസരിച്ച് മലപ്പുറത്തെ ലയിപ്പിക്കുകയും ചെയ്തു. ഇതിനെതിരേ നൽകിയ ഹർജിയാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. റിസർവ് ബാങ്കും ലയനത്തിനെതിരാണ്.
മലപ്പുറം ജില്ലാബാങ്കിന്റെ കാര്യത്തിൽ മാത്രമാണ് കേസുള്ളതെങ്കിലും, പുതിയ നിലപാട് കേരളാബാങ്കിന്റെ ഭാവിക്കും നിർണായകമാണ്. കേരളാബാങ്കിനെ പഴയരീതിയിൽ സംസ്ഥാന സഹകരണ ബാങ്ക് മാത്രമാക്കി മാറ്റാനാണ് സാധ്യത. കേരളാബാങ്കിന്റെ ഭരണം ഇപ്പോൾ ഇടതുപക്ഷത്തിനാണ്. ഇത് മാറ്റുന്നതിനുള്ള നടപടിയിലേക്ക് സർക്കാർ ഉടൻ കടക്കുമോയെന്ന ചോദ്യവും ഉയരുന്നുണ്ട്.
റിസർവ് ബാങ്ക് പറയുന്നത്
ബാങ്കിങ് നിയന്ത്രണ(ബി.ആർ.) നിയമം വകുപ്പ് 22 അനുസരിച്ചുള്ള വ്യവസ്ഥകളും മാനദണ്ഡങ്ങളും പാലിച്ചാണ് റിസർവ് ബാങ്ക് ബാങ്കിങ് ലൈസൻസ് അനുവദിക്കുക. 2020-ലെ നിയമഭേദഗതി അനുസരിച്ച് സ്വാഭാവിക ലയനം, നിർബന്ധിത ലയനം എന്നിവയ്‌ക്കെല്ലാമുള്ള വ്യവസ്ഥ സഹകരണ ബാങ്കുകൾക്കും ബാധകമാണ്. 2020 ഡിസംബർ 23-ന് ഇതിനുള്ള വിജ്ഞാപനം കേന്ദ്രസർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്. മലപ്പുറം ജില്ലാ ബാങ്കിന്റെ ലയനം ബി.ആർ. നിയമത്തിലെ വകുപ്പ് 44(എ), 45 എന്നിവയ്ക്ക് അനുസരിച്ചാകണം. എന്നാൽ, സംസ്ഥാന സഹകരണ സംഘം നിയമത്തിലെ വകുപ്പ് 74(എച്ച്)-ൽ കൊണ്ടുവന്ന ഭേദഗതി ഡി.ഐ.സി.ജി.സി. നിയമത്തിലെ 2 (ജി.ജി.)(ഐ) വകുപ്പിന് വരുദ്ധവും 2 (ജി.ജി.) വകുപ്പിന്റെ അന്തസ്സത്തയ്ക്ക് എതിരുമാണ്.
Content Highlights: Kerala government decided to restore District Cooperative Banks in the state., An affidavit will be submitted to the Supreme Court reversing the previous stance on Malappuram District Cooperative Bank merger., New legal provisions will be introduced to nullify the earlier left government amendment., Reserve Bank of India has expressed opposition to the forced merger.
Published: 27 Sept 2026, 06:46 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented