ഴുതകളും പാകിസ്താനും തമ്മിലെന്താണ് ബന്ധം? പ്രത്യക്ഷത്തില്‍ ബന്ധമൊന്നുമില്ലെങ്കിലും പാകിസ്​താന്റെ സമ്പദ്ഘടനയെ വലിയ തോതില്‍ സ്വാധീനിക്കുന്ന ഘടകങ്ങളിലൊന്നാണ് കഴുതകള്‍. കഴുതകള്‍ മാത്രമല്ല, പശു, കാള, ആട്, ചെമ്മരിയാട്, ഒട്ടകങ്ങള്‍, കുതിരകള്‍, കോവര്‍ക്കഴുതകള്‍ എന്നീ കന്നുകാലികള്‍ക്കെല്ലാം പാകിസ്താന്റെ സാമ്പത്തിക വളര്‍ച്ചയില്‍ നിര്‍ണായക പങ്കുണ്ട്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ കഴുതകളുള്ള മൂന്നാമത്തെ രാജ്യമാണ് പാകിസ്താന്‍. ചൈന, എത്യോപ്യ എന്നിവയാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ. പാകിസ്താനില്‍ നിന്ന് കഴുതകളെ ഇറക്കുമതി ചെയ്യാന്‍ ചൈന ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ പാകിസ്താനിലെ കഴുതകള്‍ ഒരു അന്താരാഷ്ട്ര വിഷയമായും മാറി. പൊതുവേ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രാജ്യമാണ് പാകിസ്താന്‍. എങ്കിലും കാര്‍ഷിക മേഖലയിലേക്ക് ഗണ്യമായ സംഭാവന നല്‍കുന്നത് ലക്ഷക്കണക്കിന് കഴുതകളുള്‍പ്പെടെയുള്ള കന്നുകാലി മേഖലയാണ്. പാകിസ്താന്‍ ഇത്രയധികം കഴുതകളെ പോറ്റിവളര്‍ത്തുന്നതിന് എന്താണ് കാരണം? 

To advertise here,

പാകിസ്താനും കഴുതകളും

പാകിസ്താന്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ട സര്‍വേ റിപ്പോർട്ട് പ്രകാരം രാജ്യത്തെ കഴുതകളുടെ എണ്ണം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 59 ലക്ഷമായതായാണ് പറയുന്നത്. 2019-20ല്‍ 55 ലക്ഷം, 2020-21ല്‍ 56 ലക്ഷം, 2021-22ല്‍ 57 ലക്ഷം 2022-23ല്‍ 59 ലക്ഷം, 2023-24ല്‍ 59 ലക്ഷം എന്നിങ്ങനെയാണ് കഴുതകളുടെ എണ്ണത്തിലുണ്ടായിരിക്കുന്ന വര്‍ധനവ്. കന്നുകാലികളുടെ ആകെ എണ്ണത്തില്‍ 20 ലക്ഷത്തിന്റെ വര്‍ധനവ് ഉണ്ടായതായും സാമ്പത്തിക സര്‍വേ കണക്കുകള്‍ വ്യക്തമാക്കുന്നു. 

പാകിസ്താനിലെ ഗ്രാമീണർ കൃഷിക്കും ചരക്കുനീക്കത്തിനും പ്രാദേശിക ഗതാഗതത്തിന് പോലും കഴുതകളെ വ്യാപകമായി ആശ്രയിക്കുന്നുണ്ട്. കൃഷി ഉപജീവനക്കമാക്കിയ ഗ്രാമീണ ജനതയുടെ പ്രധാന ആശ്രയമാണ് കഴുതകള്‍ ഉള്‍പ്പെടെയുള്ള കന്നുകാലികള്‍. കാര്‍ഷിക മേഖലയിലെ വളര്‍ച്ചയില്‍ ഏറ്റവും കൂടുതല്‍ സംഭാവന ചെയ്തിരിക്കുന്നത് രാജ്യത്തെ കന്നുകാലി മേഖലയാണ്. കൃഷിക്ക് വേണ്ടിയുള്ള ചരക്കുനീക്കത്തിനായി ഉപയോഗിക്കാമെന്നതിനാലാണ് കഴുതകളെ ഗ്രാമീണര്‍ വ്യാപകമായി ഉപയോഗിക്കുന്നത്. കുറഞ്ഞ ഭക്ഷണവും വെള്ളവും മാത്രം ആവശ്യമുള്ള മൃഗമാണ് കഴുത. ഭാരമെടുക്കൽ ഉള്‍പ്പെടെയുള്ള കനപ്പെട്ട ജോലികള്‍ ഇവയെ കൊണ്ട് ചെയ്യിക്കാനും സാധിക്കും. കഴുതകളുടെ പാല്‍ ഉപയോഗിച്ചും വരുമാനമുണ്ടാക്കാം. മരുന്നുകളുണ്ടാക്കാനും സൗന്ദര്യവര്‍ധക വസ്തുക്കള്‍ തയ്യാറാക്കാനുമെല്ലാം പണ്ടു മുതല്‍ക്കേ കഴുതപ്പാൽ ഉപയോഗപ്പെടുത്തുന്നുണ്ട്. 

പൊതുവേ തളര്‍ന്നിരിക്കുന്ന സമ്പദ് വ്യവസ്ഥയെ പരിപോഷിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് പാക് സര്‍ക്കാര്‍. ഉത്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ മേന്മയുള്ള ഇനം കന്നുകാലികളുടെ എണ്ണം വ്യാപിപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. രാജ്യത്തെ കാര്‍ഷിക-പരിസ്ഥിതി മേഖലകളുമായി പൊരുത്തപ്പെടാന്‍ കഴിയുന്ന ഇനം കന്നുകാലികളെ കണ്ടെത്താനും ഉയര്‍ന്ന ഉത്പാദനമുള്ള കന്നുകാലികളെയും ജനിതക വസ്തുക്കളേയും (ബീജം, അണ്ഡം, ഭ്രൂണങ്ങള്‍) ഇറക്കുമതി ചെയ്യാനും സര്‍ക്കാര്‍ നടപടി സ്വീകരിച്ചുകഴിഞ്ഞു. ഇതിലൂടെ കന്നുകാലി മേഖലയിലെ വളര്‍ച്ചയെ ഉത്തേജിപ്പിക്കാനും തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനും അതിലൂടെ രാജ്യത്തിന്റെ മൊത്തത്തിലുള്ള സാമ്പത്തികവളര്‍ച്ച പരിപോഷിപ്പിക്കാനുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 

placeholder
Photo: Getty Images

പാക് കഴുതകളുടെ വംശവര്‍ധനയും ചൈനയും

പാകിസ്താനില്‍ കഴുതകളുടെ എണ്ണം വര്‍ധിക്കുന്നതിന് പിന്നിലെ പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന് ചൈനയാണ്. കാരണം പാകിസ്താനില്‍ നിന്ന് ഏറ്റവും കൂടുതല്‍ കഴുതകളെ കയറ്റി അയക്കുന്നത് ചൈനയിലേക്കാണ്. അവര്‍ ഗുണമേന്മയുള്ള ഇനത്തില്‍പെട്ട കഴുതകള്‍ക്കായി ആവശ്യം ഉന്നയിക്കുന്നുണ്ട്. അതുകൊണ്ട് കഴുതകളുടെ എണ്ണം വര്‍ധിപ്പിച്ച് ലാഭമുണ്ടാക്കാനുളള ഒരുക്കത്തിലാണ് പാകിസ്താന്‍. കഴുതകളെ ഇറക്കുമതി ചെയ്യാന്‍ താല്‍പര്യമുണ്ടെന്ന് 2022ലാണ് ചൈന അറിയിച്ചത്. ചൈനയില്‍ കഴുതകളുടെ എണ്ണം കുറഞ്ഞതും ആവശ്യം കൂടിയതുമാണ് ഇറക്കുമതിയിലേക്ക് തിരിയാന്‍ ചൈനയെ പ്രേരിപ്പിച്ചത്. പ്രധാനമായും ചൈനീസ് മരുന്ന് നിര്‍മാണ മേഖലയ്ക്ക് വേണ്ടി ജലാറ്റിന്‍ ഉത്പാദിപ്പിക്കാനാണ് ചൈന പാകിസ്താനില്‍ നിന്ന് കഴുതകളെ ഇറക്കുമതി ചെയ്യുന്നത്. കഴുതകളുടെ ചര്‍മത്തില്‍ നിന്നാണ് ജലാറ്റിന്‍ വേര്‍തിരിക്കുന്നത്. ഇത്തരത്തിൽ നിര്‍മിക്കുന്ന ജലാറ്റിന് പ്രതിരോധശേഷി കൂടുതലാണെന്നും രക്തം ശുദ്ധീകരിക്കാനുള്ള ശേഷിയുണ്ടെന്നുമാണ് ചൈന അവകാശപ്പെടുന്നത്. 

ചൈനയുടെ ഇറക്കുമതി താല്‍പര്യങ്ങളെ സുവര്‍ണാവസരമായി കണ്ട് പഞ്ചാബ് പ്രവിശ്യയിലെ ഒകാരയില്‍ 3000 ഏക്കറിലായി പാകിസ്താൻ  പുതിയ ഫാം നിര്‍മിച്ചിട്ടുണ്ട്. അമേരിക്കന്‍ ഇനത്തിലുള്‍പ്പെടെയുള്ള പ്രത്യേക ബ്രീഡുകളെ ഇവിടെ വളര്‍ത്തിയെടുക്കുന്നുണ്ട്. ഇതിന് പുറമേ  ചൈനയില്‍ നിന്നുള്‍പ്പെടെയുള്ള വിദേശകമ്പനികള്‍ം പാകിസ്താനില്‍ കഴുത ഫാം നടത്താനായി നിക്ഷേപം നടത്താനും തയ്യാറാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തരത്തില്‍ മൂന്ന് ബില്ല്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് ആദ്യഘട്ടത്തില്‍ പ്രതീക്ഷിക്കപ്പെടുന്നത്. പാകിസ്താനിലെ നഗരങ്ങളായ ദേര ഇസ്മയില്‍ ഖാന്‍, മന്‍സെരാ മേഖലകളില്‍ വിദേശ പങ്കാളിത്തത്തോടെ രണ്ട് ഫാമുകള്‍ നിര്‍മിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആദ്യ മൂന്ന് വര്‍ഷം കൊണ്ട് ഏകദേശം ഒരുലക്ഷത്തോളം കഴുതകളെ കയറ്റുമതി ചെയ്യാനാണ് പാകിസ്താന്‍ ലക്ഷ്യമിടുന്നത്. 

നേരത്തെ നൈജറില്‍ നിന്നും ബുര്‍കിനാ ഫാസോയില്‍ നിന്നുമായിരുന്നു കഴുതകളെ ഇറക്കുമതി ചെയ്തിരുന്നത്. എന്നാല്‍, കഴുതകളുടെ  കയറ്റുമതിക്ക് ഇരുരാജ്യങ്ങളും നിരോധനമേര്‍പ്പെടുത്തിയതിന് പിന്നാലെയാണ് ചൈന പാകിസ്താനെ ആശ്രയിക്കുന്നത്. കഴുതകളെ കൂടാതെ പട്ടികളേയും ചൈന പാകിസ്താനില്‍ നിന്ന് ഇറക്കുമതി ചെയ്യാനൊരുങ്ങുന്നുണ്ട്. ഈ കയറ്റുമതിയിലൂടെ ദശലക്ഷക്കണക്കിന് രൂപയുടെ വരുമാനമാണ് പാകിസ്താന്‍ പ്രതീക്ഷിക്കുന്നത്. 

പ്രീമിയം ആര്‍ട്ടിക്കിളുകള്‍ വായിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ - https://mbi.page.link/mbplus

ചൈനയ്ക്ക് എന്തിനാണ് കഴുതകള്‍? 

ചൈനീസ് മരുന്ന് നിര്‍മാണ മേഖലയ്ക്ക് ആവശ്യമായ ജലാറ്റിന്‍ ഉത്പാദിപ്പിക്കാനാണ് ചൈന പാകിസ്താനില്‍ നിന്ന് കഴുതകളെ ഇറക്കുമതി ചെയ്യുന്നത്. കഴുതകളുടെ ചര്‍മത്തില്‍ നിന്നാണ് ജലാറ്റിന്‍ വേര്‍തിരിക്കുന്നത്. ഇത്തരത്തിൽ നിര്‍മിക്കുന്ന ജലാറ്റിന് പ്രതിരോധശേഷി കൂടുതലാണെന്നും രക്തം ശുദ്ധീകരിക്കാനുള്ള ശേഷിയുണ്ടെന്നുമാണ് ചൈന അവകാശപ്പെടുന്നത്. 

എജിയാവോ എന്നറിയപ്പെടുന്ന ചൈനയിലെ പരമ്പരാഗത മരുന്ന് നിര്‍മാണത്തിന് വേണ്ടി ലക്ഷക്കണക്കിന് കഴുതകളെയാണ് പ്രതിവര്‍ഷം ചൈന കൊന്നൊടുക്കുന്നത്. കഴുതകളുടെ ചര്‍മത്തിനടിയിലെ കൊളാജന്‍ വേര്‍തിരിച്ചെടുത്ത് ഇതില്‍ നിന്നാണ് മരുന്ന് നിര്‍മിക്കുന്നത്. മരുന്നിന് പുറമേ ഭക്ഷണത്തിന് വേണ്ടിയും സൗന്ദര്യവര്‍ധക വസ്തുക്കള്‍ നിര്‍മിക്കുന്നതിന് വേണ്ടിയും കൊളാജന്‍ കൊണ്ടുനിര്‍മിക്കുന്ന ജെലാറ്റിന്‍ ഉപയോഗിക്കുന്നുണ്ട്. രക്തം ശുദ്ധീകരിക്കാനും പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സൗന്ദര്യം വര്‍ധിപ്പിച്ച് പ്രായം കുറഞ്ഞുതോന്നിക്കാനുള്ള പരിഹാരമെന്ന നിലയ്ക്ക് ഈ മരുന്നിനുള്ള പ്രാദേശിക ഡിമാന്‍ഡും കൂടുതലാണ്. (ചൈനയില്‍ പ്രായമേറിയവരുടെ എണ്ണം കൂടുതലാണെന്ന ജനസംഖ്യാ കണക്കുകളും പുറത്തുവന്നിട്ടുണ്ട്.) ആവശ്യമനുസരിച്ച് ഉത്പാദനം നടത്താന്‍ മാത്രമുള്ള കഴുതകള്‍ ചൈനയില്‍ ലഭ്യമല്ല. അതിനാലാണ് ഇറക്കുമതിയെ ആശ്രയിക്കുന്നത്. അതിനായി ചൈന എക്കാലത്തേയും സുഹൃത്തായ പാകിസ്താനെ തന്നെ ആശ്രയിക്കുകയും ചെയ്തു. 

placeholder

മാംസം, തോല്‍, പാല്‍ എന്നിവയുള്‍പ്പെടെ കഴുതകളുടെ ശരീരത്തിന്റെ മിക്കവാറും എല്ലാ ഭാഗങ്ങള്‍ക്കും ചൈനീസ് വിപണിയില്‍ ആവശ്യക്കാരുണ്ടെന്നും സാമ്പത്തിക മൂല്യമുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകളും വ്യക്തമാക്കുന്നത്. ചൈനീസ് സ്ട്രീറ്റ് ഫുഡ് മാര്‍ക്കറ്റില്‍ മാംസത്തിന് വന്‍ ഡിമാന്‍ഡാണുള്ളത്. കഴുതകളുടെ മാംസം ഇവിടേക്കും എത്തിപ്പെടുന്നുണ്ട്. 

ചൈനയില്‍ ഒരുകാലത്ത് ഒരു കോടിയിലധികം കഴുതകളുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നത്. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 1992-93 കാലത്ത് 1.1 കോടി കഴുതകളുള്ള ചൈനയില്‍ 2024ല്‍ വെറും 20 ലക്ഷം മാത്രമാണുള്ളത്. 

placeholder
Photo: Getty Images

ഇജിയാവോ; കൊല്ലപ്പെടുന്നത് ലക്ഷക്കണക്കിന് കഴുതകള്‍

ചൈനയിലെ ഒട്ടുമിക്ക ഫുഡ് ഡെലിവറി ആപ്പുകളിലും ആളുകള്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞിരിക്കുന്ന ഒരു വസ്തു ഇജിയാവോ ആണ്. ഒരുകാലത്ത് ചക്രവര്‍ത്തിയുടെ കൊട്ടാരത്തിലെ ഒരു ആഡംബരവസ്തുവായിരുന്നു ഇജിയാവോ. രക്തം ശുദ്ധീകരിക്കാനും പ്രതിരോധശേഷി വര്‍ധിപ്പിക്കാനും പ്രായമാവുന്നതിനെ മന്ദഗതിയിലാക്കാനും തുടങ്ങി സര്‍വ വ്യാധികളുടേയും പ്രതിവിധി ആയിട്ടായിരുന്നു ഇജിയാവോയെ കണക്കാക്കിയിരുന്നത്. ഇന്ന് കൊട്ടാരങ്ങളില്‍ നിന്ന് പൊതുമധ്യത്തിലേക്കെത്തിയിരിക്കുന്നു. ആളും തരവുമെന്ന വേര്‍തിരിവില്ലാതെ എല്ലാവരും സവിശേഷപ്പെട്ട ഈ ഇജിയാവോ വാങ്ങി വ്യാപകമായി ഉപയോഗിക്കാനാരംഭിച്ചു. ടോണിക്കിന്റെ രൂപത്തിലുള്ള ഇജിയാവോ മറ്റേതെങ്കിലും ഭക്ഷണത്തിന്റേയോ ലഘുപലഹാരങ്ങളുടെ കൂടേയോ ആണ് ചൈനക്കാര്‍ ഉപയോഗിക്കുന്നത്. ഇജിയാവോയുടെ സവിശേഷ ഗുണങ്ങള്‍ ഇതിന്റെ ഡിമാന്‍ഡും വര്‍ധിപ്പിച്ചു. 

രാജ്യത്തിന്റെ സമ്പത്തും ജനങ്ങളുടെ ജീവിതനിലവാരവും ഉയരുന്നതിനൊപ്പം ഇജിയാവോയുടെ ഉപഭോഗവും വര്‍ധിച്ചു. തൊണ്ണൂറുകളില്‍ തന്നെ രാജ്യത്ത് രണ്ട് ലക്ഷം കഴുതകളെ കൊലപ്പെടുത്തിയിരുന്നുവെന്നാണ് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇന്ന് അത് പ്രതിവര്‍ഷം 40 ലക്ഷം  മുതല്‍ 60 ലക്ഷം വരെയാണ്. ലോകത്തെ ആകെ കഴുതകളുടെ ആകെ എണ്ണത്തിന്റെ പത്ത് ശതമാനത്തോളം വരുമിത്. ഇജിയാവോയ്ക്ക് ആവശ്യമേറിയത് ചൈനയുടെ കഴുതകളുടെ എണ്ണത്തെ ദശാബ്ദങ്ങള്‍ക്ക് മുന്‍പുതന്നെ ബാധിക്കാനുമാരംഭിച്ചു.

ഇജിയാവോയ്ക്ക് ആവശ്യക്കാർ ഏറിയപ്പോഴാണ് പ്രശ്‌നവും രൂക്ഷമായത്. കഴുതകളുടെ ചര്‍മത്തില്‍ നിന്നാണ് ഇജിയാവോ ഉത്പാദിപ്പിക്കുന്നത്. ഒരിക്കല്‍ കഴുതകളുടെ എണ്ണത്തില്‍ ലോകത്ത് മുന്‍പന്തിയിലുള്ള രാജ്യമായിരുന്നു ചൈനയെങ്കിലും ഇന്ന് ചൈനയുടെ ആവശ്യം നിറവേറ്റാന്‍ ശേഷിയുള്ളത്രയും കഴുതകള്‍ രാജ്യത്ത് ഇല്ല. അങ്ങനെയാണ് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് കഴുതകളെ തേടി ചൈന എത്തുന്നത്. കഴുതകളെ കൃഷി ആവശ്യങ്ങള്‍ക്കായി വ്യാപകമായി ഉപയോഗിച്ചിരുന്ന നൈജീരിയ, ബോട്‌സ്വാന, എത്യോപ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് കഴുതകളെ ചൈനയിലേക്ക് കയറ്റി അയക്കാനാരംഭിച്ചു. നിലമുഴുതു മറിക്കാനും ചരക്കുനീക്കത്തിനുമെല്ലാം ഉപയോഗിച്ചിരുന്നിടത്ത് നിന്ന് ചര്‍മം വേര്‍തിരിക്കാനായി കഴുതുകളെ വ്യാപകമായി കൊന്നൊടുക്കാനും കയറ്റുമതി ചെയ്യാനും ആരംഭിച്ചു. കഴുതകളുടെ എണ്ണത്തിലുണ്ടായ വലിയ ഇടിവ് ആഫ്രിക്കയുടെ ഗ്രാമീണ സമ്പദ് വ്യവസ്ഥയെ തകരാറിലാക്കിയെന്ന് മാത്രമല്ല കഴുതകളുടെ എണ്ണം ഗണ്യമായി കുറയുന്നതിനും ഇടയാക്കി. കഴുത കശാപ്പ് ഈ നിലയ്ക്ക് തുടരുകയാണെങ്കില്‍ രണ്ട് ദശാബ്ദങ്ങള്‍ കൊണ്ട് ആഫ്രിക്കയിലെ കഴുതകൾ പൂര്‍ണമായും ഇല്ലാതായിപ്പോവുമെന്ന് എം.ഡി.പി.ഐ പുറത്തുവിട്ട സര്‍വേയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതേതുടര്‍ന്ന് 2024 തുടക്കത്തില്‍ ചേര്‍ന്ന 55 അംഗ ആഫ്രിക്കന്‍ യൂണിയന്‍ ഉച്ചകോടിയില്‍ തോലിനായി കഴുതകളെ കശാപ്പ് ചെയ്യുന്നതിന് നിരോധനമേര്‍പ്പെടുത്താനുള്ള തീരുമാനത്തിന് അംഗീകാരം നല്‍കി. എന്നാല്‍ ഇതുവരെ നിരോധനം പ്രാബല്യത്തില്‍ വന്നിട്ടില്ല. നിരോധനം നടപ്പിലാക്കാന്‍ സാധിച്ചാല്‍ ചൈനയുടെ ഇജിയാവോ വ്യവസായത്തെ ദുര്‍ബലപ്പെടുത്തുന്നതാവും ആ തീരുമാനം. 

എന്നാല്‍ ഈ പ്രശ്‌നം പരിഹരിക്കാന്‍ ചൈനീസ് സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. തങ്ങളുടെ ഭീമന്‍ വ്യവസായങ്ങളിലൊന്നിനെ ബാധിക്കുമെന്നറിഞ്ഞിട്ടും ചൈന സ്വീകരിച്ച നിഷ്‌ക്രിയത്വം അമ്പരപ്പിക്കുന്നതായിരുന്നു. എന്നാല്‍ മറ്റൊരു ഭാഗത്ത് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കൂടുതല്‍ സാമ്പത്തികവും രാഷ്ട്രീയവുമായ നിക്ഷേപം നടത്താന്‍ ചൈന ആരംഭിക്കുകയും ചെയ്തിരുന്നു. കഴുതകള്‍ക്ക് നിരോധനമേര്‍പ്പെടുത്താനുള്ള തീരുമാനത്തെ മയപ്പെടുത്താനാണ് ചൈനയുടെ ശ്രമങ്ങളെന്നും ഇതിന് വ്യാഖ്യാനങ്ങളുണ്ടായി. 

placeholder

സര്‍വേയിലെ മറ്റ് കണ്ടെത്തലുകള്‍

ജൂണ്‍ 11നാണ് പാകിസ്താന്റെ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് പുറത്തുവന്നത്. രാജ്യത്തിന് പ്രതീക്ഷിച്ച സാമ്പത്തിക സ്ഥിതി കൈവരിക്കാന്‍ സാധിച്ചില്ലെന്നാണ് റിപ്പോര്‍ട്ടിന്റെ ചുരുക്കം. തൊഴിലില്ലായ്മാ നിരക്ക് വര്‍ധിച്ചുവെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നുണ്ട്. 45 ലക്ഷം പേരാണ് രാജ്യത്ത് തൊഴിലില്ലായ്മ നേരിടുന്നത്. 15-24 വയസ്സ് പ്രായമുള്ളവരുടെ തൊഴിലില്ലായ്മാ നിരക്ക് 11 ശതമാനമാണ്. സ്ത്രീകളാണ് ഇതില്‍ ഭൂരിഭാഗവും. 

മൊത്ത ആഭ്യന്തര ഉത്പാദനത്തില്‍ തൊട്ടുമുന്‍പുള്ള വര്‍ഷത്തേക്കാള്‍ നേരിയ തോതില്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ രാജ്യം ലക്ഷ്യം വെച്ച നിരക്ക് കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ല. 3.5 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും 2.38 ശതമാനം വളര്‍ച്ച മാത്രമാണ് കൈവിരിക്കാന്‍ സാധിച്ചത്. കൃഷിയാണ് സാമ്പത്തിക വളര്‍ച്ചയുടെ പ്രധാന പ്രേരകം. മുന്‍പുള്ള വര്‍ഷത്തേക്കാള്‍ 6.25 ശതമാനം വളര്‍ച്ച കാര്‍ഷിക മേഖലയ്ക്കുണ്ടായിട്ടുണ്ട്. വ്യാവസായികോത്പാദന മേഖലയും സര്‍വീസ് മേഖലയും മോശം പ്രകടനമാണ് കാഴ്ചവെച്ചതെന്ന് സര്‍വേ പറയുന്നു.

2022ലെ രാഷ്ട്രീയ അസ്ഥിരതകളെ തുടര്‍ന്ന് സാമ്പത്തിക സ്ഥിതി തകിടം മറിഞ്ഞ രാജ്യമാണ് പാകിസ്താന്‍. കാര്‍ഷിക-വ്യാവസായികോത്പാദനം കുറഞ്ഞതോടെ രാജ്യം കടുത്ത ക്ഷാമത്തിലേക്ക് നീങ്ങി. ഭക്ഷണത്തിനും ഊര്‍ജത്തിനും വില വര്‍ധിച്ചു. യുക്രൈന്‍-റഷ്യന്‍ യുദ്ധം ഇന്ധന വിലവർധനവിന് കാരണമായി. ആഭ്യന്തര ഉത്പാദനം കുറഞ്ഞതോടെ രാജ്യം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് സര്‍ക്കാരും പരസ്യമായി പ്രഖ്യാപിച്ചു. പഞ്ഞകാലത്തില്‍ നിന്ന് കരകയറാനുള്ള പരിഹാരമായാണ് പാകിസ്താന്‍ കഴുത ബിസിനസ്സിനെ കാണുന്നത്. ഗ്രാമീണരുടെ അവസാന പ്രതീക്ഷയാണ് കഴുതകളും മറ്റ് കന്നുകാലികളും. പാക് ധനകാര്യമന്ത്രി മുഹമ്മദ് ഔറംഗസേബ് പുറത്തുവിട്ട സര്‍വേ പ്രകാരം കാര്‍ഷികമേഖലയ്ക്ക് 15 ശതമാനവും മൊത്തെ ആഭ്യന്തര ഉത്പാദനത്തിലേക്ക് 61 ശതമാനവുമാണ് കന്നുകാലികളുടെ സംഭാവന. വര്‍ഷം തോറും ഇത് വര്‍ധിക്കുന്നുമുണ്ട്. 5804 ബില്ല്യണ്‍ ആണ് ഇവയുടെ മൂല്യം.