രാഷ്ട്രീയ അസ്ഥിരത കൊടുമ്പിരി കൊണ്ടാല്‍ യുവാക്കളും പൊതുസമൂഹവും നയിക്കുന്ന ജനകീയ പ്രതിഷേധം പൊട്ടിപ്പുറപ്പെടാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

ഇമ്രാൻ ഖാൻ, അസീം മുനീർ
നിശബ്ദ അട്ടിമറിക്ക് സാക്ഷ്യം വഹിച്ചിരിക്കുകയാണ് പാകിസ്താന്. സൈന്യത്തിന് സര്‍വാധികാരം ലഭിക്കുന്ന ഭരണഘടന പരിഷ്കാരം രാജ്യത്ത് നടപ്പാക്കിയിരിക്കുന്നു. 2025 നവംബര്‍ 14ന് നടപ്പിലായ പാകിസ്താന്റെ ഭരണഘടനാ ഭേദഗതിയാണ് രാജ്യത്തിന്റെ അധികാരഘടന തിരുത്തിയെഴുതിയത്. നീതിന്യായ വ്യവസ്ഥയെ എക്സിക്യൂട്ടീവ് നിയന്ത്രിക്കുന്ന ഒരു ഘടനയാക്കി മാറ്റുന്നതായിരുന്നു ഈ ഭേദഗതി. ഇതോടെ പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിക്കും ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറിനും ആജീവനാന്ത നിയമപരിരക്ഷ ഉറപ്പായി. പാകിസ്താന് ഭരണഘടന അനുസരിച്ച് ഫെഡറല്‍ സര്‍ക്കാരിനാണ് സായുധസേനയുടെ നിയന്ത്രണവും കമാന്‍ഡും ഉണ്ടായിരിക്കേണ്ടത്. എന്നാല്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 243 പരിഷ്കരിച്ചതോടെ സൈന്യത്തിന്റെ സ്വാധീനം കൂടുതല്‍ വര്‍ധിക്കുകയാണ്. എന്താണ് പാകിസ്താനില്‍ നടക്കുന്നത്? ഇത് രാജ്യത്തെ എങ്ങനെ ബാധിക്കും?
സര്‍വാധികാരി അസിം മുനീര്‍
പാകിസ്താന്റെ ഭരണഘടനയിലുണ്ടായ 27-ാം ഭേദഗതിയാണ് പുതിയ രാഷ്ട്രീയ നീക്കം. സൈന്യത്തിന് സര്‍വ സ്വാധീനം നല്കുന്ന നിശബ്ദ അട്ടിമറിയെന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. പുതിയ പരിഷ്കരണത്തിലൂടെ പാക് സൈന്യത്തിന്റെ സംയുക്ത പ്രതിരോധ സേനാ മേധാവി (ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്-സിഡിഎഫ്) എന്ന പദവി അസീം മുനീര്‍ ഏറ്റെടുത്തു. ഒപ്പം പാക് ആണവായുധങ്ങള്‍ നിയന്ത്രിക്കുന്ന സ്ട്രാറ്റജി കമാന്‍ഡിന്റെ നിയന്ത്രണവും അസിം മുനീറിന്റെ കൈകളിലായി. പുതിയ ഭരണഘടന പരിഷ്കാരത്തിലൂടെ മൂന്ന് സൈനിക വിഭാഗങ്ങള്‍ക്കുമായി ഒരു ഏകീകൃത കമാന്‍ഡ് ഘടന സ്ഥാപിക്കപ്പെടും, ഇതോടെ ഭരണഘടനയിലൂടെ മുനീറിന് സൈന്യത്തിന്റെ പൂര്‍ണ നിയന്ത്രണം ലഭിക്കും.
നിലവില്‍ ആര്‍ട്ടിക്കിള്‍ 243 പ്രകാരം സായുധസേനയുടെ പരമാധികാരം പ്രസിഡന്റിലും പ്രവര്‍ത്തന നിയന്ത്രണം ഫെഡറല്‍ സര്ക്കാരിനുമാണുള്ളത്. പുതിയ ഭേദഗതി നിലവിലുള്ള അധികാര ക്രമീകരണം ഇല്ലാതാക്കി. സിഡിഎഫിനെ പരമമായ അധികാര കേന്ദ്രമാക്കി മാറ്റി. നവംബര്‍ 30ന് സൈനിക മേധാവി സ്ഥാനത്ത് നിന്ന് വിരമിക്കേണ്ടിയിരുന്ന അസിം മുനീര്‍, ചീഫ് ഓഫ് ഡിഫന്‍സ് ഫോഴ്സസ് ആയി ചുമതലയേല്‍ക്കും. മുമ്പ് ഭരണഘടനയില്‍ ഇല്ലാതിരുന്ന ഫീല്‍ഡ് മാര്‍ഷല്‍ എന്ന പദവിയും അസിം മുനീറിന് ലഭിക്കും.
പാക് സൈന്യത്തിന്റെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റി ചെയര്മാന് (സിജെസിഎസ്സി) ജനറല്‍ സാഹിര്‍ ഷംഷാദ് മിര്‍സ വിരമിക്കുന്ന ദിവസമാണ് അസിം മുനീര്‍ സിഡിഎഫ് സ്ഥാനത്തേക്ക് നിയമിതനായത്. സിജെസിഎസ്സി എന്ന പദവി ഇല്ലാതാക്കുകയും ചെയ്തിട്ടുണ്ട്. അടുത്ത അഞ്ചുവര്‍ഷക്കാലം സംയുക്തസേനകളുടെ -കരസേന, വ്യോമസേന, നാവികസേന- സര്‍വാധികാരി ഇനി അസിം മുനീര്‍ ആയിരിക്കും. രാജ്യത്തെ പ്രസിഡന്റിന് തുല്യമായ നിയമപരിരക്ഷയാണ് ഇദ്ദേഹത്തിന് നല്‍കിയിരിക്കുന്നത്. പ്രസിഡന്റിനെപ്പോലെ ഫീല്‍ഡ് മാര്‍ഷലിനും കുറ്റവിചാരണയില്‍ നിന്ന് ആജീവനാന്തം പരിരക്ഷ ലഭിക്കും. ഫെഡറല്‍ കോണ്‍സ്റ്റിറ്റ്യൂഷണല്‍ കോടതി (എഫ്സിസി) സ്ഥാപിക്കുന്നതോടെ പാക് സുപ്രീം കോടതിയുടെ അധികാരങ്ങളും വെട്ടിക്കുറയ്ക്കപ്പെടും.
രാജ്യത്തെ നിശബ്ദ അട്ടിമറി
ചീഫ് ഓഫ് ഡിഫന്‍സ് ഫോഴ്സ് എന്ന പുതിയ പദവിയിലൂടെ എല്ലാ സായുധ സേനകളെയും അണ്വായുധങ്ങളുടെ നിയന്ത്രണവും ആജീവനാന്ത നിയമപരിരക്ഷയിലൂടെ സ്വന്തം നിയമപരമായ സംരക്ഷണവുമാണ് പുതിയ പദവിയില്‍ അസിം മുനീറിന് ലഭിക്കുന്ന അധികാരങ്ങള്‍. എങ്ങനെയാണ് രാജ്യത്ത് ഇത്തരമൊരു നിശബ്ദ അട്ടിമറി അസിം മുനീര്‍ നടപ്പാക്കിയത്? നീതിന്യായ വ്യവസ്ഥയുടെ അധികാരങ്ങള്‍ വിഴുങ്ങിക്കൊണ്ട് ഭരണഘടനയില്‍ മാറ്റം വരുത്താന്‍ പദ്ധതി നടത്തുമ്പോഴും പ്രധാനമന്ത്രി ഷെരീഫിന്റെ സര്‍ക്കാര്‍ അതിന് വിധേയപ്പെട്ടുനില്ക്കുകയായിരുന്നു. അതേസമയം മുന്‍ പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ പിടിഐ ഉള്‍പ്പെടെയുള്ള ചില രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിഷേധങ്ങള്‍ക്കിടയിലും പാകിസ്താന് സെനറ്റ് 27-ാം ഭരണഘടനാ ഭേദഗതിക്ക് അംഗീകാരം നല്കി. ഭരണഘടന ഭേദഗതി പാസാക്കിയതിന് ശേഷം ഉപപ്രധാനമന്ത്രി ഇസാഖ് ദര്, അസിം മുനീറിനെ രാജ്യത്തിന്റെ നായകനായി പ്രഖ്യാപിച്ചുവെന്ന് പാക് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 27-ാം ഭേദഗതി അധികാര ഘടനയെ സൈന്യത്തിന് കൂടുതല്‍ അനുകൂലമാക്കി. കരസേനാ മേധാവിയെ മറ്റ് രണ്ട് സേനകളുടെയും തലവന്മാര്ക്ക് മുകളിലായി ഉയര്‍ത്തുകയും ചെയ്തു.
പുതിയ ഭേദഗതി സൈന്യത്തിന്മേലുള്ള ഗവണ്മെന്റിന്റെ നിയന്ത്രണം കുറയ്ക്കും. വൈസ് ചീഫ് ഓഫ് ആര്‍മി സ്റ്റാഫ് (വിസിഒഎഎസ്) തസ്തികയിലേക്കുള്ള നിയമനത്തിന് ശുപാര്‍ശ നല്‍കാനുള്ള അധികാരവും ഇനി മുതല്‍ സിഡിഎഫിനായിരിക്കും. ഇത് പിന്നീട് ഫെഡറല്‍ ഗവണ്മെന്റ് അംഗീകരിക്കും. മുന്‍പ് ഈ നിയമനങ്ങള്‍ നടത്താനുള്ള എക്സിക്യൂട്ടീവ് അധികാരം സിവില്‍ ഗവണ്മെന്റിനായിരുന്നു. ഇസ്ലാമാബാദിന്റെ ആണവായുധങ്ങളുടെ മേല്‍നോട്ടം വഹിക്കുന്ന നാഷണല്‍ സ്ട്രാറ്റജിക് കമാന്‍ഡിന്റെ തലവനെ തീരുമാനിക്കുന്നതിലും സൈന്യം നിര്‍ണായക പങ്ക് വഹിക്കും. സിഡിഎഫിന്റെ ഉപദേശപ്രകാരം എക്സിക്യൂട്ടീവ് സൈന്യത്തില്‍ നിന്ന് കമാന്‍ഡറെ നിയമിക്കുമെന്ന് ഭേദഗതികള്‍ സൂചിപ്പിക്കുന്നുണ്ട്.
ക്വാര്‍ട്ടര്‍മാസ്റ്റര്‍ ജനറല്‍, കോര്‍പ്സ് കമാന്‍ഡര്‍ ഗുജ്റന്വാല തുടങ്ങിയ ഉന്നത പദവികള്‍ വഹിച്ചതിന് പിന്നാലെ 2022 നവംബറിലാണ് അസീം മുനീര്‍ പാകിസ്താന്റെ സൈനിക മേധാവിയായത്. മിലിട്ടറി ഇന്റലിജന്‍സിന്റെയും പാകിസ്താന്റെ ചാരസംഘടനയായ ഇന്റര്‍-സര്‍വീസസ് ഇന്റലിജന്‍സിന്റെയും തലവനായും പ്രവര്‍ത്തിച്ചിരുന്നു. 2019ല്‍ അന്നത്തെ പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ ഭരണകാലത്ത് ഇന്റലിജന്‍സ് മേധാവി സ്ഥാനത്ത് നിന്ന് മുനീറിനെ നീക്കം ചെയ്തിരുന്നു. പദവിയിലേറി എട്ട് മാസം പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് ഈ സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നില്‍ വ്യക്തിപരവും രാഷ്ട്രീയപരവുമായ കാരണങ്ങളുണ്ടായിരുന്നുവെന്നാണ് വ്യാഖ്യാനങ്ങള്‍ പുറത്തുവന്നത്. എങ്കിലും ഔദ്യോഗിക വിശദീകരണം പുറത്തുവന്നിരുന്നില്ല. എന്നാല്‍ ഇതോടെയാണ് അസീം മുനീറിന്റെ തലവരയും മാറിയത്. ഇമ്രാന് ഖാന് ശേഷം അധികാരത്തിലെത്തിയ ഷഹബാസ് ഷെരീഫ് സര്‍ക്കാര്‍ അദ്ദേഹത്തിന് സൈന്യത്തിന്റെ ചുമതല നല്കി. പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ മുനീറിന് ഫീല്‍ഡ് മാര്‍ഷലായി സ്ഥാനക്കയറ്റം ലഭിക്കുകയും ചെയ്തു.
പാകിസ്താനിലെ ഏറ്റവും ശക്തനായ മനുഷ്യന് അസീം മുനീര്‍ ആണെന്നാണ് പ്രതിരോധ വിശകലന വിദഗ്ധനായ നയീം ഖാലിദ് ലോധി അഭിപ്രായപ്പെട്ടത്. മുനീറിനെ കൂടുതല്‍ ശക്തനാക്കിയതിന്റെ ഉത്തരവാദിത്തം രാഷ്ട്രീയക്കാര്‍ക്കാണ്. അവരുടെ താല്‍ക്കാലിക താല്പര്യങ്ങള്ക്ക് വേണ്ടി രാജ്യത്തിന്റെ ദീര്‍ഘകാല തന്നെയാണ് അവര്‍ അപകടത്തിലാക്കിയിരിക്കുന്നതെന്ന് അദ്ദേഹം പ്രതികരിച്ചു.
പ്രതിഷേധങ്ങള്‍ ശക്തം
24 കോടി ജനസംഖ്യയുള്ള ഒരു ആണവശക്തിയാണ് പാകിസ്താന്. 1947ല്‍ സ്വാതന്ത്ര്യം നേടിയത് മുതല്‍ രാജ്യത്ത് സിവിലിയന്‍ ഭരണവും സൈനിക ഭരണവും മാറിമാറി വന്നിട്ടുണ്ട്. 1999ല്‍ ഒരു അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുക്കുകയും 2008 വരെ പ്രസിഡന്റായി സേവനമനുഷ്ഠിക്കുകയും ചെയ്ത പര്‍വേസ് മുഷറഫ് ആയിരുന്നു രാജ്യം ഭരിച്ച അവസാനത്തെ സൈനിക മേധാവി. അതിനുശേഷം സിവിലിയന്‍ ഭരണകൂടങ്ങളാണ് ഔദ്യോഗികമായി അധികാരം കയ്യാളുന്നത്. എങ്കിലും രാജ്യത്തിന്റെ രാഷ്ട്രീയ സാമ്പത്തിക മേഖലകളില്‍ സൈന്യത്തിന് ആഴത്തിലുള്ള സ്വാധീനമുണ്ട്. അതിനാല്‍ തന്നെ സമ്മിശ്ര ഭരണം, സങ്കര ഭരണം എന്നൊക്കെയാണ് പാകിസ്താനിലെ ഭരണ സംവിധാനത്തെ രാഷ്ട്രീയ നിരീക്ഷകര്‍ വിശേഷിപ്പിക്കുന്നത്.
ഭരണഘടനയിലുണ്ടായ ഭേദഗതി പുതിയ രാഷ്ട്രീയ കോളിളക്കങ്ങക്കും വഴിതുറന്നിട്ടുണ്ട്. വ്യാപകമായ കൂടിയാലോചനകളില്ലാതെ അഞ്ച് ദിവസത്തിനുള്ളില്‍ പാസാക്കിയ ഭേദഗതി പ്രതിപക്ഷ പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ വലിയ എതിര്‍പ്പുകള്‍ക്കും തര്‍ക്കങ്ങള്‍ക്കും വഴിതുറന്നു. ഭേദഗതിയില്‍ പ്രതിഷേധിച്ച് രണ്ട് സുപ്രീം കോടതി ജഡ്ജിമാര്‍ രാജിവെച്ചു. പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്റില്‍ നിന്ന് ഇറങ്ങിപ്പോയി. ഇപ്പോഴും രാജ്യത്ത് പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ട്. പുതിയ ഫെഡറല്‍ കോണ്‍സ്റ്റിറ്റ്യൂഷണല്‍ കോടതി (FCC) രൂപീകരിച്ചു, സുപ്രീം കോടതിയില്‍ നിന്ന് ഭരണഘടനാപരമായ അധികാരപരിധി എടുത്തുമാറ്റി, ജഡ്ജിമാരെ സ്ഥലംമാറ്റാന്‍ പ്രസിഡന്റിന് അധികാരം നല്കി (ഫലത്തില്‍ ഇത് ജുഡീഷ്യറി അധികാരികള്‍ക്ക് വിധേയപ്പെടാന്‍ നിര്‍ബന്ധിതരാക്കും) പ്രസിഡന്റിനും സൈനിക മേധാവികള്‍ക്കും കോടതികളുടെ അധികാരപരിധിക്ക് അതീതമായി ആജീവനാന്ത നിയമപരിരക്ഷ ലഭിക്കും. ചെയര്മാന് ജോയിന്റ് ചീഫ്സ് തസ്തിക ഒഴിവാക്കുകയും ചീഫ് ഓഫ് ഡിഫന്‍സ് ഫോഴ്സസ് സ്ഥാപിക്കുകയും ചെയ്തു. എല്ലാ സൈനിക വിഭാഗങ്ങളെയും ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറിന്റെ കീഴിലാക്കി. അസീം മുനീര്‍ സര്‍വ സൈന്യാധിപനായി. 2030 വരെയാണ് അസിം മുനീറിന്റെ സിഡിഎഫ് കാലാവധി.
27-ാം ഭേദഗതി കേവലം ഭരണഘടനാപരമായ ചെറിയ മാറ്റങ്ങളല്ല. രാജ്യത്തിന്റെ അധികാര ഘടനയിലും നീതിന്യായ വ്യവസ്ഥയിലും പ്രതിഫലിക്കുന്ന മാറ്റങ്ങള്‍ക്കാണ് ഇനി മുതല്‍ പാകിസ്താന് സാക്ഷ്യം വഹിക്കുക. ജനറല്‍ പര്‍വേസ് മുഷറഫിന്റെ കാലത്തിന് ശേഷം അവസാനിച്ച സൈനികാധികാരത്തിന്റെ തിരിച്ചുവരവ് കൂടിയാണത്. പുതിയ പരിഷ്കരണത്തെ നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യത്തിന്റെ ഔദ്യോഗിക അന്ത്യം എന്നാണ് നിയമവിദഗ്ധര്‍ വിശേഷിപ്പിച്ചത്. പാകിസ്താന്റെ 'രാഷ്ട്രീയ ഡിഎന്‍എയുടെ പുനഃക്രമീകരണം' എന്ന്് പ്രതിഷേധിച്ച് രാജിവെച്ച ന്യായാധിപന്മാര് അഭിപ്രായപ്പെട്ടു. സൈന്യം തിരക്കഥയെഴുതി നീതിന്യായ സംവിധാനം അഭിനയിക്കുകയാണ്. 1973-ലെ പാകിസ്താന് ഭരണഘടന അനുശാസിക്കുന്ന അധികാര വിഭജനവും അടിസ്ഥാന ഘടനയുമാണ് പുതിയ ഭേദഗതിയിലൂടെ ഇല്ലാതായിരിക്കുന്നതെന്ന് അവര്‍ ചൂണ്ടിക്കാട്ടി. നീതിന്യായ വ്യവസ്ഥയുടെ അന്ത്യകര്‍മ്മങ്ങള്‍ നടത്തിക്കഴിഞ്ഞുവെന്ന് പാകിസ്താന് മാധ്യമമായ ഡോണ്‍ അവരുടെ എഡിറ്റോറിയലില്‍ വിമര്‍ശനമുയര്‍ത്തി. മറ്റൊരു ജനാധിപത്യ രാജ്യത്തും സൈനിക മേധാവി സംയുക്ത സൈനിക വിഭാഗങ്ങളുടെ തലവനായി നിയോഗിക്കപ്പെട്ടിട്ടില്ലെന്ന് ജോര്‍ജ്ജ്ടൗണ്‍ സര്‍വകലാശാലയിലെ നിയമവിദഗ്ധന് അകില് ഷാ പ്രതികരിച്ചു. മുന്‍ ഏകാധിപതികള്‍ക്ക് സ്വപ്നം കാണാന്‍ മാത്രം കഴിയുന്ന കാര്യമാണ് പാര്‍ലമെന്റ് ചെയ്തിരിക്കുന്നത്, ഇതൊരു സ്വേച്ഛാധിപത്യപരമായ നിയമവാഴ്ചയാണെന്ന മുന്നറിയിപ്പും അകില് പങ്കുവെച്ചു.
ഇമ്രാന് ഖാനുമായി ശത്രുത
ഇമ്രാന് ഖാന് പ്രധാനമന്ത്രിയായിരിക്കെ 2019ല്‍ ഇന്റലിജന്‍സ് മേധാവി സ്ഥാനത്ത് നിന്ന് അസീം മുനീറിനെ നീക്കിയിരുന്നു. ഇതാണ് ഇരുവരും തമ്മിലുള്ള തര്‍ക്കങ്ങളുടെ ആദ്യത്തെ പരസ്യമായ നടപടിയെന്നാണ് കാണപ്പെടുന്നത്. പദവിയിലേറി എട്ട് മാസം പൂര്‍ത്തിയാവുന്നതിന് മുന്‍പായിരുന്നു ഈ സര്‍പ്രൈസ് നടപടി. സൈനിക മേധാവിയായിരുന്ന ജനറല്‍ ഖമര്‍ ജാവേദ് ബജ്വ ആയിരുന്നു 2018ല്‍ അസീം മുനീറിനെ ഈ പദവിയിലേക്ക് തിരഞ്ഞെടുത്തത്. ഇമ്രാന് ഖാന് നയിക്കുന്ന പുതിയ പിടിഐ സര്‍ക്കാരിനും പാക് സൈന്യത്തിനും ഇടയിലുള്ള സഹകരണത്തിന്റെ പ്രതീകമായിരുന്നു അസീം മുനീറിന്റെ അന്നത്തെ നിയമനം. 2018 തിരഞ്ഞെടുപ്പില്‍ ഇമ്രാന്റേയും പിടിഐയുടേയും വിജയത്തിന് പിന്നില്‍ സൈന്യത്തിന്റെ പരോക്ഷ പിന്തുണയുണ്ടായിരുന്നു, ഇതിനുള്ള പ്രതിഫലമെന്നോണമായിരുന്നു ഇന്റലിജന്‍സ് മേധാവി സ്ഥാനത്തേക്കുള്ള മുനീറിന്റെ നിയമനമെന്ന് വിശ്വസിക്കപ്പെട്ടു. എന്നാല്‍ ചുരുക്കം ദിവസങ്ങളുടെ ആയുസ്സ് മാത്രമേ ആ രാഷ്ട്രീയ സൗഹൃദത്തിനുണ്ടായിരുന്നുള്ളൂ. മൂന്ന് വര്‍ഷ ടേമില്‍ എട്ടുമാസം മാത്രം പൂര്‍ത്തിയാക്കിയ മുനീറിനെ മാറ്റിയ നടപടിക്ക് സൈന്യം യാതൊരു വിശദീകരണവും നല്‍കിയില്ല.
2019 ജൂണ്‍ 16-ന് മുനീറിനെ മാറ്റി ലെഫ്റ്റനന്റ് ജനറല്‍ ഫൈസ് ഹമീദിനെ ഇന്റലിജന്‍സ് മേധാവിയാക്കി. ഗുജ്റാന്‍വാലയിലെ കോര്‍പ്സ് കമാന്‍ഡറായിട്ടായിരുന്നു അസീം മുനീറിനെ സ്ഥാനം മാറ്റിയത്. വളരെ സ്വാഭാവികമായ നടപടി ക്രമമെന്നാണ് ഇതിനെ സര്‍ക്കാര്‍ വിശദീകരിച്ചത്. എന്നാല്‍ രാഷ്ട്രീയ വഴിത്തിരിവുകളുണ്ടായേക്കാവുന്ന വലിയ രഹസ്യങ്ങള്‍ ഈ നടപടിക്ക് പിന്നിലുണ്ടായിരുന്നു. ഇമ്രാന് ഖാന്റെ ഭാര്യ ബുഷ്റ ബീവിക്കും അടുപ്പക്കാര്ക്കുമെതിരേയുള്ള അഴിമതി ആരോപണങ്ങള്‍ അസീം മുനീര്‍ റിപ്പോര്‍ട്ട് ചെയ്തതാണ് ഈ നടപടിയിലേക്ക് നയിച്ചതെന്ന റിപ്പോര്‍ട്ടുകള്‍ പിന്നീട് പുറത്തുവന്നു.ബുഷ്റ ബീവിയെ ചുറ്റിപ്പറ്റിയുള്ള ആരോപണങ്ങള്‍ അന്വേഷിക്കാന്‍ അസീം മുനീര്‍ പ്രത്യേകം താല്പര്യം പ്രകടിപ്പിച്ചിരുന്നു. ഇക്കാര്യം ഇമ്രാന് ഖാന് നിഷേധിച്ചുു. 'ജനറല്‍ അസിം എന്റെ ഭാര്യയുടെ അഴിമതിയെ കുറിച്ച് യാതൊരു തെളിവും കാണിച്ചില്ല, അതിന്റെ പേരില്‍ അദ്ദേഹത്തെ രാജിവെപ്പിച്ചതുമില്ല' എന്നാണ് ഈ വിഷയത്തെ കുറിച്ച് ഇമ്രാന് ഖാന് എക്സിലൂടെ പ്രതികരിച്ചത്. ആ സംഭവം ഇരുവരും തമ്മിലുള്ള വിശ്വാസക്കുറവിന്റെ തുടക്കമായിരുന്നു.
ഇമ്രാന്റെ വീഴ്ചയും മുനീറിന്റെ വളര്‍ച്ചയും
2022 ഏപ്രിലില്‍ ദേശീയ അസംബ്ലിയിലെ വിശ്വാസവോട്ടില്‍ പരാജയപ്പെട്ടതോടെയാണ് ഇമ്രാന് ഖാന് പദവിയില്‍ നിന്ന് പുറത്താക്കപ്പെട്ടത്. അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കപ്പെട്ട ആദ്യ പാകിസ്താന് പ്രധാനമന്ത്രിയായിരുന്നു അദ്ദേഹം. വിശ്വാസവോട്ടെടുപ്പില്‍ 342 അംഗ സഭയില്‍ പ്രതിപക്ഷം 174 വോട്ടുകള്‍ നേടി.2023 ഓഗസ്റ്റ് മുതലാണ് ഇമ്രാന് ഖാന് നിരവധി കേസുകളില്‍ ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിയുന്നത്. 140ഓളം കേസുകളാണ് ഇമ്രാന്റെ പേരിലുള്ളത്. പാകിസ്താനില്‍ അറസ്റ്റിലാവുന്ന ഏഴാമത്തെ പ്രധാനമന്ത്രിയായിരുന്നു ഇമ്രാന് ഖാന്.
2023 മേയ് 9 മുതല്‍ ഇമ്രാന് ഖാന് ജയിലിലാണ്. സൈഫര്‍ കേസ്, തൊഷഖാന കേസ്, ഇദ്ദത്ത് കേസ്, അല്‍-ഖാദിര്‍ ട്രസ്റ്റ് കേസ് തുടങ്ങി ഇരുപതിലധികം കേസുകളില്‍ ശിക്ഷിക്കപ്പെട്ടുകൊണ്ടാണ് ഇമ്രാന് ഖാന്റെ തടവുശിക്ഷ. ജയിലിലാണെങ്കിലും ഇമ്രാന് ഖാന് പാകിസ്താനിലെ ഏറ്റവും ജനകീയ നേതാവായി തുടരുകയാണ്. ഖാന്റെ പാര്‍ട്ടിയായ പിടിഐയുടെ സ്വാധീനവും പ്രക്ഷോഭങ്ങളും സോഷ്യല്‍ മീഡിയയിലെ ആധിപത്യത്തിനുമൊപ്പം, യുവാക്കളുടെ പിന്തുണയും ഇമ്രാന് ഖാനുണ്ട്. ഖാനെ മുനീറിനേക്കാള്‍ ശക്തനാക്കുന്ന ഘടകങ്ങളാണിത്, സര്വസൈനാധിപനെങ്കിലും അസീം മുനീറും ഇത് ഭയപ്പെടുന്നു.
രാജ്യത്തിന്റെ സൈനിക മേധാവിയായിരിക്കെ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീര്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കും വെല്ലുവിളികള്‍ക്കും പിന്നില്‍ രാജ്യത്തൊരു പട്ടാള അട്ടിമറിക്കുള്ള സാധ്യതകളാണ് പ്രകടിപ്പിക്കുന്നതെന്ന വ്യാഖ്യാനങ്ങള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ഫീല്‍ഡ് മാര്ഷലായുള്ള പാകിസ്താന്റെ ചരിത്രത്തിലെ അപൂര്‍വമായ ഒരു സ്ഥാനക്കയറ്റവും അസീം മുനീര്‍ നടത്തിയ അന്താരാഷ്ട്ര നയതന്ത്ര പര്യടനങ്ങളുമെല്ലാം ഇതിന്റെ സൂചനകളായിരുന്നു.
തീവ്രമായ കാഴ്ചപ്പാടുള്ള ആളാണ് അസീം മുനീര്‍. അധികാരത്തിലുള്ള രാഷ്ട്രീയക്കാരില്‍ വലിയ മതിപ്പാണ് അദ്ദേഹത്തിനുള്ളത്. പാകിസ്താന് സൈന്യത്തിലെ എല്ലാ പ്രധാന സ്ഥാനങ്ങളും അദ്ദേഹം വഹിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ സൈന്യത്തിലെ എല്ലാ വിഭാഗത്തിലും അസീം മുനീര്‍ സ്വീകാര്യനാണ്. എതിര് ശബ്ദങ്ങളെ ഉരുക്കുമുഷ്ടി കൊണ്ട് നേരിടുന്നതിലും കുപ്രസിദ്ധനാണ് മുനീര്‍. ഇന്ത്യയുള്‍പ്പെടെയുള്ള അയല്‍രാജ്യങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാനും അന്താരാഷ്ട്രതലത്തില്‍ സ്ഥാനമുറപ്പിക്കാനും അസീം മുനീറിനെപ്പോലൊരാളെ പാകിസ്താന് ആവശ്യമുണ്ട്. സൈനികമേധാവി എന്ന നിലയില്‍ തന്ത്രപ്രധാനമായ സ്ഥാനം ഉറപ്പിക്കാന്‍ അസീം മുനീറും ശ്രമിച്ചു. പുതിയ സ്ഥാനങ്ങളും പകരംവെയ്ക്കാനില്ലാത്ത പദവിയും അതിന്റെ ഫലം മാത്രം.
മുന്നോട്ടെന്ത്?
ഭരണഘടനാ പരിഷ്കാരമാണ് പാകിസ്താനിലുണ്ടായിരിക്കുന്നതെങ്കിലും യഥാര്‍ഥത്തില്‍ ഇതൊരു രാഷ്ട്രീയ പ്രതിസന്ധി കൂടിയാണ്. രാജ്യത്ത് സൈന്യത്തിന്റെ സ്വാധീനം വര്‍ധിക്കും. 2027-ല്‍ മുനീര്‍ വിരമിക്കേണ്ടതായിരുന്നു. എന്നാല്‍ മുനീറിന്റെ കാലം അതും കഴിഞ്ഞ് മുന്നോട്ടുപോകും. 2028-29ലെ പൊതുതിരഞ്ഞെടുപ്പിന് അസീം മുനീര്‍ മേല്‍നോട്ടം വഹിക്കും. വിശ്വസ്തരായ ജഡ്ജിമാരെ നിയമിക്കുകയും പ്രതിപക്ഷത്തെ നിര്‍വീര്യമാക്കുകയും ചെയ്യും. രാഷ്ട്രീയ സ്വേച്ഛാധിപത്യത്തിലേക്ക് ഇത് വഴിതുറക്കും. ശക്തമായ ജനകീയ അടിത്തറയുള്ള ഇമ്രാന് ഖാനെ മാത്രമാണ് മുനീര്‍ ഭയപ്പെട്ടിരുന്നത്. പരമാധികാരിയായ സ്വയം അവരോധിക്കപ്പെട്ടെങ്കിലും ജയിലിന് പുറത്ത്, പാകിസ്താനിലാകെ ഇമ്രാന് ഖാനുള്ള ജനകീയ പിന്തുണയെ കണ്ടില്ലെന്ന് നടിക്കാന്‍ മുനീറിന് സാധിക്കില്ല. തടവിലാക്കപ്പെട്ട മുന്‍ പ്രധാനമന്ത്രി എവിടെയാണെന്നോ അദ്ദേഹത്തിന്റെ ആരോഗ്യനിലയെന്താണെന്നോ എന്നതിനെക്കുറിച്ച് ഒരു ദിവസത്തില്‍ കൂടുതല്‍ നിശ്ശബ്ദത പാലിക്കാന്‍ പോലും അസീം മുനീറിനോ അദ്ദേഹത്തിന് ചുക്കാന്‍ പിടിക്കുന്ന സര്‍ക്കാരിനോ കഴിഞ്ഞിരുന്നില്ല. കാരണം മരണത്തെ ചൊല്ലിയുള്ള അഭ്യൂഹങ്ങളില്‍ പോലും ആയിരക്കണക്കിന് ആളുകളാണ് ഇമ്രാന് തടവിലാക്കപ്പെട്ട ജയിലിന് മുന്നില്‍ തടിച്ചുകൂടിയത്. എന്നാല്‍ ജയിലിനുള്ളില്‍ ഖാന് നിശബ്ദനായി തുടരുകയാണ്. രാഷ്ട്രീയ അസ്ഥിരത കൊടുമ്പിരി കൊണ്ടാല്‍ യുവാക്കളും പൊതുസമൂഹവും നയിക്കുന്ന ജനകീയ പ്രതിഷേധം പൊട്ടിപ്പുറപ്പെടാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
Content Highlights: Pakistan`s constitution amended, granting supreme power to the army under Field Marshal Asim Munir. Explore the implications of this `silent coup` and its impact on the judiciary and governance.
Published: 02 Dec 2025, 03:07 pm IST
ABOUT THE AUTHOR

Aswathy Anil
aswathyanil@mpp.co.inGet Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented