'മേരിക്കയുടെ നടപടി വെനസ്വേലയുടെ പരമാധികാരത്തിന് മേലെയുള്ള കടന്നുകയറ്റമാണ്. ക്രൂരവും കൂസലില്ലാത്തതുമായ അമേരിക്കൻ പാരമ്പര്യം ഒരിക്കൽക്കൂടി വ്യക്തമാക്കുന്നതാണ് മഡുറോയ്‌ക്കെതിരേയുള്ള നടപടി. അത് ഒരു തരത്തിലും ഞങ്ങൾക്ക് അംഗീകരിക്കാൻ കഴിയില്ല. ഈ നടപടിയെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു.' ആഗോള വിഷയങ്ങളിൽ പൊതുവേ നിശബ്ദ തുടരുന്നതാണ് ഉത്തരകൊറിയയുടെ രീതി. എന്നാൽ മഡുറോ ബന്ദിയാക്കപ്പെട്ടതിന് പിന്നാലെ മൗനം വെടിഞ്ഞ് അവർ അമേരിക്കയ്‌ക്കെതിരേ രംഗത്തെത്തി. പുതിയ ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ച് ദിവസങ്ങൾ കഴിയുന്നതിന് മുൻപേയായിരുന്നു അമേരിക്കയ്‌ക്കെതിരേ ഉത്തരകൊറിയയുടെ നിശിത വിമർശനം. വെനസ്വേലയിലെ അമേരിക്കൻ നടപടിക്ക് ശേഷവും ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിച്ച് ഉത്തരകൊറിയ ശക്തിപ്രകടനം നടത്തി. നടപടികളിൽ അയവ് വരുത്തിയില്ലെങ്കിൽ അനന്തരഫലങ്ങൾ ഉണ്ടായേക്കാമെന്ന പരോക്ഷ സൂചനയും അവർ നൽകുന്നുണ്ട്. എന്താണ് ഉത്തര കൊറിയയ്ക്ക് വെനസ്വേലയ്ക്ക് മേലുള്ള താൽപര്യം? അമേരിക്കയുമായുള്ള വെനസ്വേലയുടെ പ്രശ്‌നത്തിൽ കിം ഇടപെടുമോ?

To advertise here,

കിം-മഡുറോ; അമേരിക്കൻ വിരുദ്ധ സഖ്യം

ചരിത്രപരമായി സൗഹൃദം പുലർത്തുന്ന രാജ്യങ്ങളാണ് ഉത്തര കൊറിയയും വെനസ്വേലയും. ദശാബ്ദങ്ങൾക്ക് മുൻപുതന്നെ ഇരുവരും നയതന്ത്രബന്ധം പുലർത്തിയിരുന്നു. അതിനുമപ്പുറം അമേരിക്കൻ വിരുദ്ധ നിലപാടുകളിൽ വേരൂന്നിയ ബന്ധമാണ് ഇരുവരും തമ്മിലുള്ളത്. 1965 മുതലാണ് ഇരു രാജ്യങ്ങളും ഔദ്യോഗിക നയതന്ത്രബന്ധം സ്ഥാപിച്ചത്. 1974ൽ വെനസ്വേല, ഉത്തര കൊറിയയെ ഒരു പരമാധികാര രാഷ്ട്രമായി അംഗീകരിച്ചു. 1999ന് ശേഷം ഹ്യൂഗോ ഷാവേസ്, നിക്കോളാസ് മഡുറോ എന്നിവരുടെ ഭരണകാലത്ത് ഈ ബന്ധം ശക്തമാവുകയും ചെയ്തു. പരസ്പരമുള്ള നയതന്ത്ര അംഗീകാരം, ഉന്നതതല സന്ദർശനങ്ങൾ, വ്യാപാര-സാമ്പത്തിക സഹകരണം എന്നിവ അവർ നിലനിർത്തി. 2018ൽ ഉത്തരകൊറിയൻ വിദേശകാര്യമന്ത്രി കിം യോങ്-നാം വെനസ്വേലയിലെ കാരക്കാസ് സന്ദർശിച്ചപ്പോൾ ഒപ്പിട്ട കരാറുകളോടെയാണ് ബന്ധം തന്ത്രപരമായ പങ്കാളിത്തമായി വികസിച്ചത്. ഏറെക്കാലങ്ങൾക്ക് മുൻപ് ഇരു രാജ്യങ്ങളും തമ്മിൽ എണ്ണയും സാങ്കേതികവിദ്യയും കൈമാറ്റം ചെയ്തതായുള്ള റിപ്പോർട്ടുകളുണ്ട്. എന്നാൽ, ഐക്യരാഷ്ട്രസഭാ ഉപരോധങ്ങൾ നിലനിൽക്കുന്നതിനാലും ഭൂമിശാസ്ത്രപരമായ പരിമിതികളും കാരണം നിലവിൽ ആയുധങ്ങളോ സാങ്കേതികവിദ്യയോ കൈമാറ്റം ചെയ്യുന്നില്ല. പല പ്രതിസന്ധി ഘട്ടങ്ങളിലും പരസ്പരം പിന്തുണച്ചുകൊണ്ടുള്ള പ്രസ്താവനകളും ഇരുവരും നടത്തിയിട്ടുണ്ടെങ്കിലും സഹകരണം പ്രായോഗികതലത്തിലേക്ക് എത്തുന്നതിൽ തടസ്സങ്ങളുണ്ട്.

2019ലെ പ്രസിഡന്റ് പ്രതിസന്ധിയിൽ മഡുറോയെ പിന്തുണച്ചുകൊണ്ടുള്ള നിലപാടായിരുന്നു ഉത്തര കൊറിയ സ്വീകരിച്ചത്. പലതവണയായി വെനസ്വേലയ്‌ക്കെതിരേ അമേരിക്ക നടത്തിയ പ്രകോപനത്തിലും മഡുറോയെ പിന്തുണയ്ക്കുക മാത്രമല്ല, ആക്രമിക്കപ്പെട്ടാൽ സൈനിക സഹായം വാഗ്ദാനം ചെയ്യുക വരെയുണ്ടായി. എങ്കിലും ആ വാഗ്ദാനങ്ങൾക്ക് മേൽ മറ്റ് നടപടികളുണ്ടായിട്ടില്ല. വെനസ്വേലൻ പ്രതിനിധികളെ ഉത്തര കൊറിയ പലതവണ സ്വീകരിച്ചിട്ടുണ്ട്. ഉത്തര കൊറിയയിൽ നിന്നുള്ള ഉന്നതതല സംഘം വെനസ്വേലയും സന്ദർശിച്ചിട്ടുണ്ട്. ഇരു രാഷ്ട്രങ്ങളും തമ്മിൽ ആഴത്തിലുള്ള സൗഹൃദത്തെ സാമ്രാജ്യത്വ വിരുദ്ധ കൂട്ടുകെട്ടെന്നാണ് അമേരിക്കൻ സഖ്യം വിശേഷിപ്പിക്കുന്നത്.

വെനസ്വേലയിൽ ഉത്തര കൊറിയ ഇടപെടുമോ?

വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നടപടികൾക്കെതിരെ, പ്രത്യേകിച്ച് പ്രസിഡന്റ് നിക്കോളാസ് മഡുറോയെ ബന്ദിയാക്കിയതിനെതിരെ ഉത്തര കൊറിയ ശക്തമായി പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. ആവശ്യമെങ്കിൽ ഇടപെടുമെന്ന വാഗ്ദാനങ്ങൾ നൽകിയെങ്കിലും ഇതുവരേയും സൈനികമോ ഭൗതികമോ ആയ ഇടപെടൽ നടത്തിയതായുള്ള തെളിവുകളൊന്നും ലഭ്യമല്ല. വെനസ്വേലയെ പിന്തുണച്ചുകൊണ്ടുള്ള കിം ജോങ് ഉന്നിന്റെ പ്രതികരണങ്ങൾ മഡുറോ ഭരണകൂടത്തോടുള്ള ചരിത്രപരമായ സൗഹൃദവുമായി യോജിച്ചുപോകുന്നുണ്ട്. എന്നാൽ നിലവിലെ പിന്തുണ വെറും വാക്കുകളിലും ആഭ്യന്തര മിസൈൽ പരീക്ഷണങ്ങളിലും ഒതുങ്ങുകയാണ്.

മഡുറോയെ യുഎസ് പിടികൂടിയതിന് ശേഷം ഈ നടപടിയെ ഉത്തര കൊറിയ കുറ്റപ്പെടുത്തി. മിസൈൽ പരീക്ഷണങ്ങളെ ഈ നടപടിയുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള പരാമർശങ്ങളുമുണ്ടായി. അതിലൂടെ വെനസ്വേലയ്ക്കുള്ള ഐക്യദാർഢ്യം ഒന്നുകൂടി ഉറപ്പിച്ചു. ഉത്തര കൊറിയയുടെ എംബസി വെനസ്വേലയിലെ കാരക്കാസിൽ സജീവമായി പ്രവർത്തിക്കുന്നുണ്ട്. വെനസ്വേലയിലെ അസ്വസ്ഥതകൾക്കിടയിലും ഇരുവർക്കുമിടയിലെ പ്രധാന ചാനലായി തുടരുകയാണിത്.

അമേരിക്കയുടേത് വെനസ്വേലയുടെ പരമാധികാരത്തിന്മേലുള്ള ഗുരുതരമായ കടന്നുകയറ്റമാണെന്നാണ് ഉത്തര കൊറിയ പറഞ്ഞത്. പ്രാദേശിക മേൽക്കോയ്മ നേടാനുള്ള പ്രവൃത്തിയായും അവർ ഇതിനെ കണക്കാക്കുന്നു. അതിനാൽ അമേരിക്കയ്‌ക്കെതിരേ ലോകവ്യാപകമായ പ്രതിഷേധങ്ങൾ നടക്കണമെന്ന് ഉത്തര കൊറിയ ആഹ്വാനം ചെയ്തു. അല്ലാത്തപക്ഷം പ്രാദേശിക സ്ഥിരതയ്ക്ക് വെല്ലുവിളിയാണെന്ന് ഉത്തര കൊറിയൻ വിദേശകാര്യമന്ത്രാലയം ചൂണ്ടിക്കാട്ടി. ജനുവരി 3ന് നടന്ന അമേരിക്കൻ ആക്രമണങ്ങൾക്ക് ശേഷവും ഉത്തര കൊറിയ ഹൈപ്പർസോണിക് മിസൈൽ പരീക്ഷണങ്ങൾ നടത്തിയിരുന്നു. എന്നാൽ, വെനസ്വേലയിൽ സൈനിക ഇടപെടൽ നടത്താനുള്ള ഉദ്ദേശത്തേക്കാൾ ഉത്തര കൊറിയ അവരുടെ ആണവ പ്രതിരോധം ശക്തിപ്പെടുത്തുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. അതിനപ്പുറം മറ്റൊരു നീക്കം നടത്താൻ ഉത്തര കൊറിയൻ സൈന്യമോ കിം ജോങ് ഉന്നോ തയ്യാറാവില്ലെന്നും അവർ കൂട്ടിച്ചേർത്തു.

ഭൂമിശാസ്ത്രപരമായി രണ്ട് ധ്രുവങ്ങളിലാണ് ഉത്തര കൊറിയയും വെനസ്വേലയും. ഈ ദൂരം തന്നെ പ്രധാന തടസ്സമാണ്. ഭൗമപരമായ അകലം, വിഭവങ്ങളുടെ പരിമിതി, യുഎസ് സമ്മർദങ്ങൾക്കിടയിൽ സ്വന്തം സുരക്ഷയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ഒരുക്കങ്ങൾ കാരണം ഉത്തര കൊറിയ നേരിട്ട് ഇടപെടാനുള്ള സാധ്യതയില്ല. യുഎസ് വിരുദ്ധ പ്രചാരണതന്ത്രത്തിന്റെ ഭാഗമായി മാത്രം നടത്തുന്ന വാചക ഐക്യദാർഢ്യമാണ് ഉത്തര കൊറിയയുടേത്, എന്നാൽ ഭൗതിക സഹായമോ സൈനിക പിന്തുണയോ വർധിപ്പിക്കുന്നതിലേക്ക് ഉത്തര കൊറിയ നീങ്ങില്ലെന്നും അവർ കണക്കുകൂട്ടുന്നു.

വിമർശിച്ച് റഷ്യയും

റഷ്യയും അമേരിക്കയുടെ നടപടിയെ ശക്തമായി അപലപിച്ചിട്ടുണ്ട്. വെനസ്വേലയ്‌ക്കെതിരെ അമേരിക്ക നടത്തിയ ആക്രമണം ഞെട്ടിക്കുന്നതും അപലപനീയവുമാണെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. അമേരിക്കയുടെ വാദങ്ങൾ അടിസ്ഥാനരഹിതമാണെന്നും നയതന്ത്രത്തേക്കാൾ പ്രത്യയശാസ്ത്രപരമായ ശത്രുതയാണ് ഈ നീക്കത്തിന് പിന്നിലെന്നും റഷ്യ കുറ്റപ്പെടുത്തി. അന്താരാഷ്ട്ര നിയമങ്ങളെ ലംഘിക്കുന്ന നടപടിയാണ് അമേരിക്ക നടത്തിയത്. വെനസ്വേലൻ ജനതയ്ക്ക് റഷ്യ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും സംഘർഷം ഒഴിവാക്കാൻ സംയമനം പാലിക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തു. നയതന്ത്ര മാർഗങ്ങളിലൂടെ കാരക്കാസിന്റെ പരമാധികാരത്തെ പിന്തുണയ്ക്കുന്നത് തുടരുമെന്ന് പ്രതിജ്ഞയെടുക്കുന്നതായും റഷ്യ വ്യക്തമാക്കിയിട്ടുണ്ട്. ശക്തി പ്രകടിപ്പിക്കുന്നതിനേക്കാൾ രാഷ്ട്രീയ ചർച്ച നടത്തി പരിഹരിക്കാനുള്ള ശ്രമങ്ങൾ നടത്തണമെന്നും റഷ്യൻ വിദേശകാര്യമന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിൽ ആഹ്വാനം ചെയ്തിട്ടുണ്ട്.

തങ്ങളുടെ പ്രാദേശിക സ്വാധീനത്തിനേറ്റ തിരിച്ചടിയായി കൂടി റഷ്യ ഇതിനെ കണക്കാക്കുന്നുണ്ട്. കാരക്കാസിലെ എണ്ണ നിക്ഷേപത്തിന് മേലുള്ള താൽപര്യമാണ് റഷ്യയ്ക്കും പ്രധാനം. എന്നാൽ, യുക്രൈനുമായുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വെനസ്വേലയിൽ ഒരു സൈനിക നടപടി നടത്താൻ റഷ്യ മുതിരില്ല. നേരിട്ടുള്ള ഏറ്റുമുട്ടൽ ഒഴിവാക്കി യുഎസ് വിരുദ്ധ സഖ്യകക്ഷികളെ അണിനിരത്താനാണ് റഷ്യയും ലക്ഷ്യമിടുന്നത്. വെനസ്വേലയ്ക്ക് മേൽ അമേരിക്ക ഏർപ്പെടുത്തിയ ഉപരോധങ്ങളെ മറികടക്കാൻ, വലിയ തോതിൽ വായ്പയും ആയുധങ്ങളും റഷ്യ നൽകിയിരുന്നു.

എന്താണ് അമേരിക്ക-വെനസ്വേല പ്രശ്‌നം?

അമേരിക്കയ്ക്ക് ഭീഷണി ഉയർത്തുന്ന ലഹരിക്കടത്ത് ഉൾപ്പെടെയുള്ള ആരോപണങ്ങളുന്നയിച്ചാണ് സ്വതന്ത്രപരമാധികാര രാഷ്ട്രമായ വെനസ്വേലയിൽ അതിക്രമിച്ച് കടന്ന് പ്രസിഡന്റ് നിക്കോളാസ് മഡുറോയേയും ഭാര്യയേയും അമേരിക്ക ബന്ദികളാക്കിയത്. കരാക്കസിലെ പ്രസിഡന്റിന്റെ വസതിയിൽ നിന്നായിരുന്നു ഇരുവരേയും പിടികൂടിയത്. രാജ്യത്തിന്റെ ഭരണം അമേരിക്ക ഏറ്റെടുക്കുമെന്ന് ട്രംപ് പ്രഖ്യാപിക്കുകയും ചെയ്തു. വെനസ്വേലയിൽ അമേരിക്കൻ ഹെലികോപ്റ്ററുകൾ മിസൈലുകളും റോക്കറ്റുകളും വിക്ഷേപിച്ചു. വെനസ്വേലൻ തലസ്ഥാനമായ കാരക്കാസിൽ ഉൾപ്പെടെ ഏഴിടങ്ങളിൽ സ്ഫോടനങ്ങൾ നടത്തിയിരുന്നു.

അമേരിക്കയുടെയും പടിഞ്ഞാറൻ രാജ്യങ്ങളുടെയും താൽപര്യങ്ങളുമായി പൊരുത്തപ്പെടുന്ന സർക്കാർ വെനസ്വേലയിൽ വരണമെന്നാണ് ട്രംപ് ആഗ്രഹിക്കുന്നത്. എന്നാൽ, നിലവിലെ സ്ഥിതി അതല്ലാത്തതിനാൽ ഏത് വിധേനയും വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ കീഴിലുള്ള കമ്മ്യൂണിസ്റ്റ് ഭരണകൂടത്തെ താഴെയിറക്കാനാണ് ട്രംപ് ലക്ഷ്യമിടുന്നത്. ദശാബ്ദങ്ങളായി അമേരിക്കയുടെ നോട്ടപ്പുള്ളിയാണ് മഡുറോ. 'അഴിമതിക്കാരൻ', 'നാർക്കോ-ഭീകരവാദി' എന്നൊക്കെയാണ് അമേരിക്ക മഡുറോയെ വിശേഷിപ്പിക്കുന്നത് പോലും.

ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നം വർഷങ്ങളായി നീറിപ്പുകയുന്ന ഒന്നാണ്. വെനസ്വേലയിൽ സ്വാധീനം ലഭിക്കാൻ ട്രംപ് പലതരത്തിലുള്ള ശ്രമങ്ങൾ കാലങ്ങളായി നടത്തിവരുന്നുണ്ട്. ഷാവോസ് പ്രസിഡന്റായ കാലം മുതൽക്കേ അട്ടിമറിക്കുള്ള ശ്രമങ്ങളും അമേരിക്ക നടത്തുന്നുണ്ട്. അധികാരത്തിലേറിയപ്പോൾ ട്രംപും അത് തുടർന്നു. വെനസ്വേലയിൽ പ്രവർത്തിക്കുന്ന അമേരിക്കൻ ഊർജ്ജ കമ്പനികൾക്കുള്ള ലൈസൻസുകൾ ട്രംപ് 2025-ന്റെ തുടക്കത്തിൽ തന്നെ നിർത്തലാക്കിയിരുന്നു. പിന്നീട് അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളെ ലക്ഷ്യമിട്ട് താരിഫ് ഏർപ്പെടുത്തി. ഓഗസ്റ്റിൽ മഡുറോയെ പിടികൂടുന്നതിനുള്ള പ്രതിഫലം 50 മില്യൺ ഡോളറായി വർധിപ്പിച്ചു. വെനസ്വേലയെ ലക്ഷ്യമിട്ട് സൈനികരെ വിന്യസിപ്പിക്കുകയും നിരീക്ഷണം ശക്തമാക്കുകയും ചെയ്തിരുന്നു. യുഎസ് നടപടികളിൽ നൂറുകണക്കിനാളുകൾക്ക് ജീവൻ നഷ്ടപ്പെടുക പോലുണ്ടായി. വെനസ്വേലയിൽ നിന്ന് പുറത്തേക്കോ തിരിച്ചോ എണ്ണക്കപ്പലുകൾക്ക് സഞ്ചരിക്കാനുള്ള അനുവാദം നൽകിയിരുന്നില്ല. എണ്ണ കയറ്റുമതിയിൽ നിന്നുള്ള വരുമാനത്തെ പ്രതിരോധത്തിലാക്കുകയായിരുന്നു ഇതിനു പിന്നിലുള്ള ഉദ്ദേശം. ഇതിലൂടെ സർക്കാർ പ്രതിസന്ധിയിലാകുമെന്ന് ട്രംപ് കണക്കുകൂട്ടി. മയക്കുമരുന്ന് ശൃംഖലകളുമായി ബന്ധം ആരോപിച്ച് കപ്പലുകൾക്കെതിരേ നാവിക ആക്രമണങ്ങൾ നടത്താനുള്ള നിർദേശങ്ങളും ട്രംപ് നൽകിയിരുന്നു.

ലോകത്തെ ഏറ്റവും അപകടകാരികളായ മയക്കുമരുന്ന് കടത്തുകാരുടെയും നാർക്കോഭീകരരുടെയും പങ്കാളിയാണ് മഡുറോ, സിനലോവ, ട്രെൻ ഡെ ആരഗ്വ എന്നീ കുപ്രസിദ്ധ ലഹരിക്കടത്തുസംഘങ്ങൾക്ക് മഡുറോസർക്കാരുമായി അടുത്തബന്ധമുണ്ട്. ഇവർക്ക് നിയമസംരക്ഷണവും മയക്കുമരുന്നുകടത്താൻ പിന്തുണയും മഡുറോയും കുടുംബവും നൽകി, പണം നൽകാത്തവരെയും മയക്കുമരുന്നുകടത്ത് തടസ്സപ്പെടുത്തിയവരെയും തട്ടിക്കൊണ്ടുപോകാനും മർദിക്കാനും വധിക്കാനും മഡുറോ ഉത്തരവിട്ടു തുടങ്ങിയ ആരോപണങ്ങളാണ് ട്രംപ് ഉന്നയിക്കുന്നത്. എന്നാൽ,  മഡുറോയെ ബന്ദിയാക്കിയതിന് പിന്നിൽ അതുമാത്രമല്ല ട്രംപിന്റെ ലക്ഷ്യം.

ലോകത്ത് ഇതുവരെ കണ്ടെത്തിയതിൽവെച്ച് ഏറ്റവും വലിയ എണ്ണനിക്ഷേപമുള്ള രാജ്യമാണ് വെനസ്വേല. എണ്ണ ഉത്പാദകരാജ്യങ്ങളുടെ കൂട്ടായ്മയായ 'ഒപെകി'ന്റെ കണക്കനുസരിച്ച് 30,322 കോടി വീപ്പയോളം എണ്ണവരുമിത്. അതായത് ആഗോള എണ്ണസമ്പത്തിന്റെ 17 ശതമാനം. ശേഖരം കൂടുതലെങ്കിലും പ്രതിദിനം 10 ലക്ഷം വീപ്പ എണ്ണയേ കുഴിച്ചെടുക്കുന്നുള്ളൂ. പശ്ചാത്തലസൗകര്യക്കുറവ്, നിക്ഷേപത്തിലെ കുറവ്, അഴിമതി തുടങ്ങിയവ കാരണമാണ് എണ്ണ കുഴിച്ചെടുക്കുന്നതിന് പ്രതിസന്ധി സൃഷ്ടിക്കുന്നത്. 2019-ൽ ആദ്യ ട്രംപ് സർക്കാരിന്റെ ആദ്യകാലത്ത് യുഎസ് വെനസ്വേലയുടെ എണ്ണവ്യാപാരത്തിന് ഉപരോധമേർപ്പെടുത്തിയിരുന്നു. അന്ന് ഉത്പാദനം 3.5 ലക്ഷം വീപ്പയായി ചുരുങ്ങി. വെനസ്വേലൻ എണ്ണയുടെ 80 ശതമാനവും വാങ്ങുന്നത് ചൈനയാണ്.

മഡുറോയെ ബന്ധിയാക്കുന്നതിലൂടെ വെനസ്വേലയിലെ ഭരണത്തെ അട്ടിമറിക്കാനാണ് ട്രംപ് ലക്ഷ്യമിടുന്നത്. അമേരിക്കയുടെ ചൊൽപ്പടിക്ക് താളം തുള്ളുന്ന സർക്കാരിനെ വെനസ്വേലയിൽ സ്ഥാപിക്കണം, അല്ലെങ്കിൽ കുന്നുകൂടിയ സമ്പത്തുള്ള രാജ്യം തന്റെ ചൊൽപ്പടിയിലെത്തിക്കാൻ ട്രംപ് പദ്ധതിയിടുന്നു.

വെനസ്വേലയ്ക്ക് അടിയോ ആശ്വാസമോ?

സൗദി അറേബ്യയും യുഎഇയും ഉൾപ്പെടെ അംഗങ്ങളായ ലോകത്തെ എണ്ണ കയറ്റുമതി രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ഒപെക്കിന്റെ സ്ഥാപക അംഗമാണ് വെനസ്വേല. ലോകത്ത് ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ക്രൂഡ് ഓയിൽ ശേഖരത്തിനുടമ. 303 ബില്യൺ ബാരൽ ക്രൂഡ് ഓയിൽ ശേഖരമാണ് (ഓയിൽ റിസർവ്) വെനസ്വേലയിലുള്ളത്. ലോകത്തെ മൊത്തം എണ്ണശേഖരത്തിന്റെ 17%. സൗദി അറേബ്യ, റഷ്യ, ഇറാൻ, കാനഡ, ഇറാഖ് തുടങ്ങിയവയെല്ലാം വെനസ്വേലയ്ക്ക് പിന്നിലാണ്.

കുന്നുകൂടിയ സമ്പത്തുണ്ടെങ്കിലും സാമ്പത്തിക അസമത്വവും പ്രതിസന്ധികളും നേരിടുന്ന രാജ്യമാണ് വെനസ്വേല. മഡുറോയുടെ ഭരണത്തിൻ കീഴിൽ വർഷങ്ങളായി രാജ്യം സാമ്പത്തിക തകർച്ചയ്ക്കും അടിച്ചമർത്തലും നേരിടുകയാണെന്നാണ് ഒരു വിഭാഗം വാദിക്കുന്നത്. രാജ്യം അഭിവൃദ്ധിയിലാണെന്ന് വാദിക്കുന്ന മഡുറോ പക്ഷക്കാരും ഒരുഭാഗത്തുണ്ട്. എന്നാൽ കണക്കുകൾ അതല്ല പറയുന്നത്. ദുർഭരണം, പണപ്പെരുപ്പം, എണ്ണയെ മാത്രമുള്ള ആശ്രയം, അന്താരാഷ്ട്ര ഉപരോധങ്ങൾ എന്നിവ കാരണം വെനസ്വേല കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ്.

2013-ൽ നിക്കോളാസ് മഡുറോയുടെ ഭരണകാലത്താണ് ഈ തകർച്ച ആരംഭിച്ചത്. തെറ്റായ സാമ്പത്തിക പരിഷ്‌കരണം മൂലം 2018ൽ പണപ്പെരുപ്പം 130,060% ആയി ഉയർന്നു. 2021 ആകുമ്പോഴേക്കും ജി.ഡി.പി 75% ൽ കൂടുതൽ ചുരുങ്ങി. ദക്ഷിണ അമേരിക്കയിലെ ഏറ്റവും സമ്പന്നമായ എണ്ണ രാജ്യം 'സോംബി സമ്പദ്​വ്യവസ്ഥയായി' മാറി. ജനങ്ങളുടെ ബാധ്യത കുറയ്ക്കാൻ സർക്കാർ വലിയ തോതിൽ സബ്‌സിഡി ഏർപ്പെടുത്തി. തൊഴിലില്ലായ്മ രൂക്ഷമായതോടെ ആളോഹരി വരുമാനത്തെ അത് ബാധിച്ചു. പണപ്പെരുപ്പത്തിന് പിന്നാലെ കറൻസി വിലയിടിഞ്ഞതോടെ ഒരുഘട്ടത്തിൽ ആളുകൾ ബാർട്ടർ സംവിധാനമടക്കമുള്ള സംവിധാനങ്ങളിലേക്ക് പോലും തിരിഞ്ഞിരുന്നു.

നേരത്തെ വെനസ്വേലയിൽ അമേരിക്കൻ കമ്പനികൾ വൻതോതിൽ നിക്ഷേപം നടത്തിയിരുന്നു. എന്നാൽ, 1976ൽ വിദേശ കമ്പനികളെ പുറത്താക്കിയ വെനസ്വേല, എണ്ണക്കമ്പനികളെ ദേശസാൽക്കരിക്കുകയും പൊതുമേഖലയിൽ പിഡിവിഎസ്എ എന്ന കമ്പനി സ്ഥാപിക്കുകയും ചെയ്തു. ഇതോടെയാണ് എണ്ണ വ്യവസായത്തിന് തിരിച്ചടിയേറ്റത്. പൊതുവേ കട്ടി കൂടിയ, ഹെവി ക്രൂഡ് ഓയിലാണ് അവരുടേത്. ഇത് സംസ്‌കരിക്കാൻ സാധാരണയിൽ കൂടിയ സംവിധാനങ്ങളാവശ്യമാണ്. സാധാരണ ക്രൂഡ് ഓയിൽ പോലെ വാങ്ങി റിഫൈനറികളിൽ ഉപയോഗിക്കാനാവില്ല. ഇത് സംസ്‌കരിക്കാൻ ചെലവ് കൂടുതലായതിനാൽ എണ്ണ കമ്പനികൾ ഈ ക്രൂഡ് ഓയിൽ വാങ്ങാൻ മടിക്കും. എണ്ണനിക്ഷേപമുണ്ടായിട്ടും അത് വരുമാനമാക്കാനുള്ള സംവിധാനമില്ലാത്തത് രാജ്യത്തിന് തിരിച്ചടിയായി.

2025 അവസാനത്തോടെ, ഷെവ്‌റോൺ ലൈസൻസുകളിലൂടെ പ്രതിദിനം 900,000 ബാരൽ എണ്ണ ഉത്പാദനം വർധിച്ചതോടെ രാജ്യത്തിന് ചെറിയ പുരോഗതിയുണ്ടായിരുന്നു. എന്നാൽ പണപ്പെരുപ്പം 50-100% നിലനിന്നു, കടം 150 ബില്യൺ ഡോളർ കവിഞ്ഞു. ഉപരോധങ്ങൾ ക്ഷാമത്തിന് കാരണമായി. 2025 ൽ 9% വളർച്ചയുണ്ടായതായി മഡുറോ അവകാശപ്പെട്ടെങ്കിലും സ്വതന്ത്ര സർവേകൾ സാമ്പത്തിക മാന്ദ്യമാണ് പ്രവചിച്ചത്.

എന്നാൽ മഡുറോയെ പുറത്താക്കി അമേരിക്ക വെനസ്വേലയുടെ ഭരണമേറ്റെടുക്കുന്നത് രാജ്യത്തിന് വെളിച്ചം പകരുമെന്നാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നത്. വെനസ്വേലയിലെ സാധാരണക്കാർ പലരും ആശ്വാസവും പ്രതീക്ഷയും പ്രകടിപ്പിച്ചു. ഭരണകൂട പക്ഷക്കാരുടെ ഭീഷണികൾക്കിടയിലും യുഎസ് നടപടിയെ വിമോചനമായി കാണുന്നുവെന്നാണ് പ്രതിപക്ഷ പാർട്ടികൾ പ്രതികരിച്ചത്.

മഡുറോയെ തട്ടിക്കൊണ്ടുപോയതിൽ വ്യാപകമായ പ്രതിഷേധങ്ങളും വെനസ്വേലയുടെ ഭാഗത്തുനിന്നുയരുന്നുണ്ട്. പ്രസിഡന്റ് ഇല്ലാതായതോടെ രാജ്യം അസ്ഥിരമാവുമെന്നും അമേരിക്കയുടെ വാദങ്ങളും ഗൂഢലക്ഷ്യങ്ങളും രാജ്യത്തെ ഒരിക്കലും രക്ഷിക്കില്ലെന്ന് വാദിക്കുന്നവരുമുണ്ട്. വെനസ്വേലയിലെ നിലവിലെ സ്ഥിതികളെ എങ്ങനെയാണ് രാജ്യം മറികടക്കുകയെന്ന് നിശ്ചയമില്ല. വെനസ്വേലയുടെ ഭരണമേറ്റെടുക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടെ ഇടക്കാല പ്രസിഡന്റായി അധികാരത്തിലെത്തിയ ഡെൽസി റോഡ്രിഗസിനും സംഘത്തിനും രാജ്യത്തിന് വേണ്ടി എന്താണ് ചെയ്യാൻ കഴിയുക? എന്താണ് ട്രംപിന്റെ പദ്ധതിയെന്ന് കാത്തിരുന്നറിയണം.