ധാക്ക: ബംഗ്ലാദേശില്‍ ഇടക്കാല സര്‍ക്കാരും സൈന്യവും തമ്മില്‍ ഭിന്നത രൂക്ഷമാകുന്നതായി റിപ്പോര്‍ട്ടുകള്‍. ഇടക്കാല സര്‍ക്കാരിന്റെ നയങ്ങളോട് പരസ്യമായി വിയോജിപ്പ് പ്രകടിപ്പിച്ചിരിക്കുകയാണ് സൈനിക മേധാവിയായ വക്കര്‍ ഉസ് സമന്‍. തിരഞ്ഞെടുപ്പ് നടത്താന്‍ യൂനുസ് സര്‍ക്കാര്‍ വൈകുന്നതും മ്യാന്‍മാറിലെ റാഖൈനില്‍ സഹായമെത്തിക്കാന്‍ ഇടനാഴി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളുമാണ് സൈനികമേധാവിയുടെ പരസ്യപ്രതികരണത്തിലേക്ക് നയിച്ചത്. ബുധനാഴ്ച ധാക്കയില്‍ സൈനിക ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കവെ വിവാദമായ റാഖൈന്‍ ഇടനാഴി എന്ന ആശയം സൈനിക മേധാവി തള്ളിക്കളഞ്ഞു. ഇതോടെ മ്യാന്മറില്‍ ആഭ്യന്തര യുദ്ധം നടക്കുന്ന രാഖൈന്‍ പ്രവിശ്യയിലേക്ക് സഹായം എത്തിക്കാനായി വിഭാവനം ചെയ്ത പദ്ധതിയില്‍ നിന്ന് ബംഗ്ലാദേശ് പിന്മാറിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇടക്കാല സര്‍ക്കാരിലെ വിദേശകാര്യ ഉപദേഷ്ടാവ് തൗഹിദ് ഹുസൈന്‍ യുഎന്‍ നിര്‍ദ്ദേശിച്ച റാഖൈന്‍ ഇടനാഴിക്ക് ഇടക്കാല സര്‍ക്കാര്‍ അംഗീകാരം നല്‍കിയെന്ന് ഏകപക്ഷീയമായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സൈനിക മേധാവി ഇതിനെ എതിര്‍ത്തത്. ഉപാധികളോടെയാണ് യു.എന്‍ നിര്‍ദ്ദേശത്തിന് അംഗീകാരം നല്‍കിയെന്ന് തൗഹിദ് ഹുസൈന്‍ പറഞ്ഞെങ്കിലും എന്താണ് ആ ഉപാധികളെന്ന് വ്യക്തമാക്കിയില്ല. യു.എസിന്റെ താത്പര്യങ്ങള്‍ക്ക് വഴങ്ങി രാജ്യത്ത് തിരഞ്ഞെടുപ്പ് നടത്താതെ അധികാരത്തില്‍ തുടരാനുള്ള ശ്രമമാണ് ഇടക്കാല സര്‍ക്കാരിന്റെ മുഖ്യ ഉപദേഷ്ടാവായ മുഹമ്മദ് യൂനിസ് നടത്തുന്നതെന്നുമുള്ള വിമര്‍ശനങ്ങള്‍ക്കിടെയാണ് സൈനിക മേധാവി പദ്ധതിയെ എതിര്‍ത്ത് രംഗത്ത് വന്നത്.
'പരമാധികാരത്തിന് ഹാനികരമായ ഒരു പ്രവര്‍ത്തനത്തിലും ബംഗ്ലാദേശ് സൈന്യം ഒരിക്കലും ഇടപെടില്ല. ആരെയും അതിന് അനുവദിക്കുകയുമില്ല. ഏത് നടപടിയും ദേശീയ താല്പര്യം മുന്‍നിര്‍ത്തിയുള്ളതായിരിക്കണം. എന്ത് ചെയ്താലും അതിന് രാഷ്ട്രീയ സമവായമുണ്ടാക്കണം' വക്കര്‍ ഉസ് സമന്‍ പറഞ്ഞു. ഇതിന് പുറമെ രാജ്യത്ത് നേരത്തെ തിരഞ്ഞെടുപ്പ് നടത്താനും, സൈനിക കാര്യങ്ങളില്‍ ഇടപെടുന്നത് നിര്‍ത്താനും വക്കര്‍ ഉസ് സമന്‍ ഇടക്കാല സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. റാഖൈന്‍ ഇടനാഴി പദ്ധതി പോലുള്ള പ്രധാന വിഷയങ്ങളില്‍ സൈന്യത്തെ കാര്യങ്ങള്‍ അറിയിക്കണമെന്നും സൈനിക മേധാവി ആവശ്യപ്പെട്ടു. ഡിസംബറോടെ രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് നടത്തണമെന്നും തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിന് മാത്രമേ രാജ്യത്തിന്റെ ഗതി നിര്‍ണ്ണയിക്കാനാവൂ എന്നും അദ്ദേഹം പറഞ്ഞുവെച്ചു.
സൈനിക മേധാവി പരസ്യമായി എതിര്‍ത്തതോടെ പദ്ധതിയില്‍ നിന്ന് ഇടക്കാല സര്‍ക്കാര്‍ പിന്മാറുകയാണെന്നാണ് സൂചന. സര്‍ക്കാര്‍ ഒരു കക്ഷിയുമായും ഇടനാഴിയെക്കുറിച്ച് ചര്‍ച്ച ചെയ്തിട്ടില്ലെന്നും ഭാവിയില്‍ അങ്ങനെ ചെയ്യില്ലെന്നും വ്യക്തമാക്കി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഖലീലുര്‍ റഹ്‌മാന്‍ പിന്നാലെ രംഗത്ത് വന്നു.
ഐക്യരാഷ്ട്രസഭയുടെ നിര്‍ദ്ദേശമാണ് രാഖൈന്‍ കോറിഡോര്‍. കിഴക്കന്‍ ബംഗ്ലാദേശിലെ ചിറ്റഗോങ് ഡിവിഷനില്‍ നിന്ന് ആരംഭിക്കുന്ന ഈ ഇടനാഴി, യുദ്ധം തകര്‍ത്ത മ്യാന്‍മറിലെ റാഖൈന്‍ മേഖലയിലെ സാധാരണക്കാര്‍ക്ക് സഹായം എത്തിക്കുന്നതിനുള്ള ഒരു മാര്‍ഗ്ഗമായിട്ടാണ് പരിഗണിച്ചിരുന്നത്. എന്നിരുന്നാലും, ബംഗ്ലാദേശിനുള്ളില്‍ നിന്ന്, ഖാലിദ സിയയുടെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയും (ബിഎന്‍പി) ഏതാനും ഇടതു പാര്‍ട്ടികളും ഉള്‍പ്പെടെ നിരവധി പേര്‍ ഇതിനെ എതിര്‍ത്തതോടെ പിന്നാലെ വിവാദമായി മാറി. ഇതിനിടെയാണ സൈനിക മേധാവിയും സര്‍ക്കാരിനെതിരെ രംഗത്ത് വന്നത്. പദ്ധതി ബംഗ്ലാദേശിന്റെ പരമാധികാരത്തിന് ഭീഷണിയാണെന്നാണ് എതിര്‍ക്കുന്നവരുടെ വാദം. മനുഷ്യത്വപരമായ ഇടനാഴിയിലൂടെയുള്ള സഹായം പിന്നീട് മ്യാന്മറിലും ബംഗ്ലാദേശിലും വിദേശ ഇടപെടലിനുള്ള മാര്‍ഗമായി മാറുമെന്നുള്ള ഭയം ഇതിനെ എതിര്‍ക്കുന്നവര്‍ക്കുണ്ട്.
വിദ്യാര്‍ഥി പ്രക്ഷോഭത്തിന് പിന്നാലെ അധികാരത്തില്‍ വന്ന ഇടക്കാല സര്‍ക്കാരിനെ സൈന്യം അംഗീകരിച്ചിരുന്നുവെങ്കിലും പിന്നാലെ പല വിഷയങ്ങളിലും സൈനിക മേധാവി സര്‍ക്കാരുമായി ഇടയുന്നതാണ് കണ്ടത്. ബംഗ്ലാദേശ് റൈഫില്‍സ് കലാപകാരികളെ വിട്ടയക്കാനുള്ള തീരുമാനമാണ് സൈനിക മേധാവിയെ ചൊടിപ്പിച്ചതെന്നാണ് സൂചന. 2009 ഫെബ്രുവരിയില്‍ നടന്ന കലാപത്തില്‍ 57 സൈനിക ഉദ്യോഗസ്ഥരെയും മറ്റു 16 പേരെയും വധിച്ച സംഭവത്തില്‍ 300 ഓളം കലാപകരികളെ ശിക്ഷിച്ചിരുന്നു. ഇവരെ ഈ വര്‍ഷം വെറുതെ വിട്ടിരുന്നു. യൂനുസ് ഭരണകൂടവുമായി അടുത്ത ബന്ധമുള്ള ഹിസ്ബുത്-തഹ്രിര്‍ പോലുള്ള ഇസ്‌ലാമിക സംഘടനകളാണ് മോചനത്തിനായി വാദിച്ചത്. ഈ നീക്കം വഞ്ചനയായാണ് സൈന്യം കാണുന്നത്.
നിലവില്‍ യൂനസ് സര്‍ക്കാറിന്റെ സൈനിക ഉപദേഷ്ടാവായ ലെഫ്റ്റനന്റ് ജനറല്‍ കമറുല്‍ ഹസന്‍ അടുത്ത സൈനിക മേധാവിയാകാന്‍ യുഎസിന്റെ സഹായം തേടിയതായുള്ള റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സൈന്യത്തിനുള്ളില്‍ അട്ടിമറി നടക്കാനുള്ള സാധ്യത ഇന്ത്യ രഹസ്യമായി അറിയിച്ചതിനെ തുടര്‍ന്ന് സൈനിക മേധാവി ഈ നീക്കം പൊളിച്ചിരുന്നു. മെയ് 11 ന് സൈനിക മേധാവി കമറുല്‍ ഹസനെ പിരിച്ചുവിടാന്‍ ശ്രമിച്ചിരുന്നെങ്കിലും മുഹമ്മദ് യൂനുസ് ഉത്തരവ് തടഞ്ഞതും സര്‍ക്കാറുമായുള്ള സൈന്യത്തിന്റെ ഭിന്നത ഇരട്ടിപ്പിച്ചു.
അതേസമയം ബംഗ്ലാദേശില്‍ ഭരണഘടന അസാധുവാക്കാനടക്കം യൂനസ് സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന വാര്‍ത്തകളുണ്ടായിരുന്നു. തനിക്ക് താത്പര്യമുള്ളയാളെ സൈനിക മേധാവിയാക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സര്‍ക്കാരിന് വഴങ്ങാത്ത വക്കറിനെ ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് പുതിയ സംഭ വികാസങ്ങള്‍. ഇടക്കാല സര്‍ക്കാരും സൈന്യവും തമ്മിലുള്ള ഭിന്നത വര്‍ധിക്കുന്നത് പട്ടാള അട്ടിമറിയിലേക്ക് നയിക്കുമോയെന്നാണ് ആശങ്ക. ഇത് ഒഴിവാക്കി അധികാരത്തില്‍ തുടരാനാണ് യൂനുസിന്റെ ശ്രമം.
Content Highlights: Bangladesh`s military chief openly opposes the interim government`s policies
Published: 22 May 2025, 09:06 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented