
ഏപ്രില്‍ 22-നുശേഷമുള്ള നമ്മുടെ രാഷ്ട്രീയനേതൃത്വത്തിന്റെ പെരുമാറ്റത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഗൗരവത്തിലെടുക്കുന്നത് ഇനിയും വൈകിച്ചുകൂടാ. ഇവിടെ അതേക്കുറിച്ച് സ്പര്‍ശിച്ചുപോകാന്‍ മാത്രമേ കഴിയൂ. അതിലേക്ക് പോകുംമുന്‍പ് അതിര്‍ത്തിക്കപ്പുറത്തുണ്ടായ മണ്ടന്‍പ്രകടനങ്ങളിലേക്ക് ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്.
യുദ്ധത്തില്‍ പരാജയപ്പെട്ട സൈനികമേധാവിക്ക് ഏതെങ്കിലും രാജ്യം സ്ഥാനക്കയറ്റം നല്‍കുമോ? എന്നാല്‍, പാകിസ്താന്‍ അതുചെയ്യും. ഒരിക്കലല്ല രണ്ടുതവണ അവരങ്ങനെചെയ്തിട്ടുണ്ട്. 1965-ലെ ഇന്ത്യയുമായുള്ള യുദ്ധത്തില്‍ ലക്ഷ്യങ്ങള്‍ നേടുന്നതില്‍ പരാജയപ്പെട്ടെങ്കിലും ജനറല്‍ അയ്യൂബ് ഖാന് ഫീല്‍ഡ്മാര്‍ഷലായി സ്ഥാനക്കയറ്റം നല്‍കി. ഇന്ത്യ യോടേറ്റ കനത്ത പ്രഹരത്തിനിടെ, ചുരുങ്ങിയത് ചില പ്രദേശങ്ങള്‍ പിടിച്ചെടുക്കാനും യുദ്ധടാങ്കുകള്‍ തകര്‍ക്കാനും തന്റെ സൈന്യത്തിന് കഴിഞ്ഞെന്ന് അദ്ദേഹത്തിന് അവകാശപ്പെടാന്‍ കഴിയുമായിരുന്നു.
പരാജയം മറക്കാന്‍ പ്രമോഷന്‍
പാകിസ്താന്റെ ഇപ്പോഴത്തെ സൈനികമേധാവിയായ അസിം മുനീറിനും അതേരീതിയില്‍ ഒരു സ്ഥാനക്കയറ്റം നല്‍കിയിരിക്കുകയാണ്. അതും പാകിസ്താന്‍ പ്രതിരോധത്തെ തങ്ങള്‍ക്ക് എളുപ്പംതകര്‍ക്കാന്‍കഴിയുമെന്ന് ഇന്ത്യന്‍സൈന്യം അദ്ദേഹത്തിനും മറ്റുള്ളവര്‍ക്കും കാണിച്ചുകൊടുത്തതിനുശേഷം. അദ്ദേഹത്തിന്റെ കീഴിലുള്ള കരസേനാവിഭാഗം യുദ്ധത്തില്‍ പങ്കെടുക്കാതിരുന്നിട്ടും മുനീറിനെ ഫീല്‍ഡ് മാര്‍ഷലാക്കി പ്രഖ്യാപനമുണ്ടായി. മുനീര്‍ തീര്‍ച്ചയായും സന്തോഷവാനായിരിക്കും. പഹല്‍ഗാം കൂട്ടക്കൊലയ്ക്ക് ഉത്തരവിടുമ്പോള്‍ താന്‍ എന്താണോ വ്യക്തിപരമായി ആഗ്രഹിച്ചിരുന്നത് അത് അദ്ദേഹത്തിന് ലഭിച്ചു. ഫീല്‍ഡ് മാര്‍ഷല്‍ എന്ന നിലയില്‍ അദ്ദേഹത്തിന് മരണംവരെ ആ പദവിയില്‍ തുടരാം. ഉയര്‍ന്ന ശമ്പളവും ഗൃഹനിര്‍മാണത്തിനുള്ള ഭൂമിപോലും അദ്ദേഹത്തിന് ലഭിക്കും. എന്നാല്‍, അദ്ദേഹത്തിന് യഥാര്‍ഥ നിയന്ത്രണാധികാരം ലഭിക്കുമോ എന്ന കാര്യം കാലം തെളിയിക്കേണ്ടതാണ്. സര്‍വീസില്‍നിന്ന് പിരിയുന്നതിന് ഏതാനും ദിവസംമുന്‍പ് അവസാനത്തെ പ്രമോഷന്‍ ലഭിച്ച ഒരാളെ സംബന്ധിച്ച് ഇതത്ര മോശമല്ല.
രാജ്യത്തെ രണ്ടാമത്തെ സന്തുഷ്ടനായ വ്യക്തി പാകിസ്താന്‍ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് ആയിരിക്കണം. തന്റെ കാലാവധി അഞ്ചുവര്‍ഷത്തേക്ക് നീട്ടണമെന്ന മുനീറിന്റെ ആവശ്യം അദ്ദേഹം വ്യക്തമായും അംഗീകരിച്ചുവെന്നത് സാങ്കേതികമായി ശരിയാണ്. എന്നിരുന്നാലും സ്ഥാനക്കയറ്റം സംബന്ധിച്ച നടപടിക്രമങ്ങള്‍ വരുന്ന നവംബറിലായിരിക്കും. അപ്പോള്‍ വിവാദങ്ങള്‍ ഉയരാനും സാധ്യതയുണ്ട്. എന്നാല്‍, ഷരീഫ് ഈ കടമ്പ ഇതിനോടകം മറികടന്നെന്നാണ് ഇപ്പോള്‍ തോന്നുന്നത്. ഇതിലും വലിയ പ്രശ്‌നവും അദ്ദേഹം മറികടന്നതായി തോന്നുന്നുണ്ട്.
പ്രമോഷന്‍ നല്‍കാതെ മുനീറിന് കാലാവധി നീട്ടിനല്‍കിയിരുന്നെങ്കില്‍ മറ്റൊരു അഞ്ചുവര്‍ഷത്തേക്കെങ്കിലും അദ്ദേഹം ഒരു ജനറലായി തുടരുമായിരുന്നു. അത്തരമൊരു സാഹചര്യത്തില്‍ സീനിയോറിറ്റി ക്രമത്തില്‍ അടുത്ത രണ്ടോ മൂന്നോ ലെഫ്റ്റനന്റ് ജനറല്‍മാര്‍ക്ക് ഫോര്‍സ്റ്റാര്‍ പദവി ലഭിക്കാതെ പിരിഞ്ഞുപോകേണ്ടിവന്നേനേ. വിവിധ സേനാ തലവന്മാരുടെ (ചീഫ്സ് ഓഫ് സ്റ്റാഫ്) കമ്മിറ്റി ചെയര്‍മാന്‍ എന്നത് ഒരു ഫോര്‍സ്റ്റാര്‍ പദവി ആയതുകൊണ്ട് വലിയ കാര്യമൊന്നുമില്ല. മൂന്ന് സേനാവിഭാഗത്തില്‍നിന്ന് ആ പദവിയിലേക്ക് എത്താനും കഴിയും. ഉയര്‍ന്നുവരാന്‍ ഇടയുള്ള മറ്റൊരു പ്രശ്‌നത്തിന് പരിഹാരം കാണാനും കഴിയും എന്നില്ല. എയര്‍ ചീഫ് മാര്‍ഷല്‍ സഹീര്‍ സിദ്ധുവിന്റെ കാര്യത്തില്‍ എന്തുചെയ്യും? അദ്ദേഹത്തിന്റെ ആളുകളാണല്ലോ എന്തെങ്കിലും പോരാട്ടം നടത്തിയിട്ടുള്ളത്.
തോറ്റാലും മാറാത്ത സമീപനം
പഹല്‍ഗാം തീരുമാനത്തിന്റെ രണ്ടാമത്തെ കാരണമായ പാകിസ്താന്‍ജനതയെ വീണ്ടും സൈന്യത്തോട് അടുപ്പിക്കുക എന്ന ലക്ഷ്യം നേടുന്നതില്‍ മുനീര്‍ വിജയിച്ചിട്ടുണ്ടോ? (പഹല്‍ഗാം കൂട്ടക്കൊലയ്ക്കുശേഷം കടുത്ത രോഷത്തോടെ ഇന്ത്യ പ്രതികരിച്ചാല്‍ സൈന്യത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ നഷ്ടപ്പെട്ട പാക് ജനതയെ വീണ്ടും സൈന്യത്തോട് കൂറുള്ളവരാക്കാമെന്നായിരുന്നു സിദ്ധാന്തം). മുനീറിന്റെ മഹത്ത്വത്തെ വാഴ്ത്തുന്ന ജാഥകള്‍ അവര്‍ സംഘടിപ്പിച്ചിരുന്നു. അമിതമായ വിധേയത്വം കാട്ടി സ്വയം പരിഹാസ്യമാകുന്നതില്‍ അവിടത്തെ മാധ്യമങ്ങള്‍ ഇന്ത്യയിലെ അലറി വിളിക്കുന്ന സ്തുതിപാഠകരെ കടത്തിവെട്ടി. പട്ടാളമേധാവികള്‍ക്ക് അനുകൂലമായി മുദ്രാവാക്യം വിളിക്കുന്നത് വര്‍ഷങ്ങളായി അവിടെ മദ്രസാ കരിക്കുലത്തിന്റെ ഭാഗമാണ്. മാധ്യമങ്ങളിലെ സ്വതന്ത്രമനസ്സുകള്‍ക്ക് എപ്പോഴാണ് തങ്ങള്‍ നിശ്ശബ്ദരായിരിക്കേണ്ടതെന്നും അറിയാം.
തീര്‍ച്ചയായും സംശയരഹിതമായ ഒരു കാര്യം, പട്ടാളം ഉണ്ടാക്കിവെച്ചിട്ടുള്ള ഘടനാപരമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായിട്ടില്ല എന്നതാണ്. തികച്ചും പ്രൊഫഷണലായ ഒരു സംഘടനാസംവിധാനം എന്ന നിലയില്‍പ്പോലും പാകിസ്താന് അതിന്റെ സൈന്യത്തെ പേറാനുള്ള കഴിവില്ല. സ്വന്തം സുഖസൗകര്യങ്ങള്‍ക്കുവേണ്ടിയും വിരമിച്ച ഉദ്യോഗസ്ഥരുടെ ക്ഷേമത്തിനുവേണ്ടിയും വന്‍തോതില്‍ വിഭവങ്ങള്‍ വെട്ടിവിഴുങ്ങുന്ന സൈന്യത്തെ താങ്ങാന്‍ പാകിസ്താന് ഒട്ടും കഴിയുകയില്ല. ചുരുക്കിപ്പറഞ്ഞാല്‍ പാകിസ്താനില്‍ നിലവിലുള്ള വ്യവസ്ഥിതിക്ക് അതിന്റെ ആഖ്യാനത്തിന്മേല്‍ തുടര്‍ന്നും നിയന്ത്രണമുണ്ടായേക്കാം. പക്ഷേ, പാകിസ്താന് വിപുലമായ പ്രവാസിസമൂഹം ഉള്ളതുകൊണ്ട് സത്യം തികട്ടി വരുകതന്നെ ചെയ്യും. തങ്ങളുടെ ഘടനാപരമായ പ്രശ്‌നങ്ങള്‍ കൈകാര്യംചെയ്യാന്‍ പാകിസ്താന് പറ്റില്ലെങ്കിലും ഇന്ത്യയെ ശല്യംചെയ്യുകയെന്ന അവരുടെ പതിവുകളി തുടരാനാണ് സാധ്യത.
പരമാവധി വിഭവങ്ങളോടുകൂടിയ തികച്ചും പ്രൊഫഷണലായ ഒരു സൈന്യം നമുക്ക് ഉണ്ടെന്ന തിരിച്ചറിവുണ്ടായതാണ് ഏറ്റവും പ്രധാനം. ഉപകരണങ്ങളുടെ കാര്യത്തില്‍ നിര്‍ണായകമായ വിടവുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. നേടിയ വിജയങ്ങളില്‍ സംതൃപ്തരായി ആലസ്യത്തിലാവുന്ന നമ്മുടെ പഴയശീലത്തിലേക്ക് വഴുതിപ്പോകാനുള്ള സാധ്യതയെക്കുറിച്ചും അവര്‍ക്ക് ഉത്കണ്ഠയുണ്ട്. ചൈന വളരെവേഗത്തില്‍ അടുത്ത തലമുറ യുദ്ധവിമാനങ്ങള്‍ പാകിസ്താനു കൈമാറും എന്ന വാര്‍ത്ത നമുക്കുള്ള ഒരു മുന്നറിയിപ്പാണ്.
ആധുനിക സാങ്കേതികവിദ്യയുടെ വിവിധ വശങ്ങള്‍ സ്വായത്തമാക്കാനും അതില്‍ പ്രാവീണ്യം തെളിയിക്കാനും വിന്യസിക്കാനുമുള്ള കഴിവ് ഇന്ത്യന്‍സൈന്യം തെളിയിച്ചത് രാഷ്ട്രത്തിന്റെ ശക്തി ഒരിക്കല്‍ക്കൂടി ഓര്‍മ്മപ്പെടുത്തുന്നതാണ്. നമ്മുടെ കരുത്തിനെക്കുറിച്ച് നമുക്ക് കൂടുതല്‍ ആഴത്തിലുള്ള ധാരണ ഉണ്ടാവുകയും ലോകരംഗത്ത് അതിനനുസരിച്ച് നാം പെരുമാറാന്‍ പഠിക്കുകയും ചെയ്യേണ്ടതുണ്ട്.
സ്ഥിരത പാലിക്കണം
പഴയപോലെ ഇന്ത്യയെ പാകിസ്താനുമായി വീണ്ടും കൂട്ടിയിണക്കി ('ഇന്ത്യ-പാക്') പറയുമോ എന്നതിനെക്കുറിച്ച് നാം ആശങ്കപ്പെടേണ്ട കാര്യമെന്താണ്? ഇന്ത്യയെ പാകിസ്താനുമായി തുലനംചെയ്യാന്‍ ലോകത്തെ മറ്റു രാജ്യങ്ങള്‍ തുര്‍ക്കിയെയും അസര്‍ബയ്ജാനെയുംപോലെ അത്ര മണ്ടന്മാരാണോ? (ചൈനയുടെ ചായ്വിന് അവരുടേതായ കാരണങ്ങളുണ്ട്). അതുപോലെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥന്മാരും പുറത്തുവിട്ട മധ്യസ്ഥതയെക്കുറിച്ചുള്ള അവ്യക്തമായ സംസാരം നാം അവഗണിക്കേണ്ടതായിരുന്നു. യുക്രൈനെയോ പലസ്തീന്‍കാരെയോ ചര്‍ച്ചാമേശയില്‍ എത്തിക്കാന്‍ കഴിയാത്തവര്‍ക്കാണോ നമ്മളെ നിര്‍ബന്ധിക്കാന്‍ കഴിയുന്നത്.
ഇന്ത്യ പുതിയ 'സിദ്ധാന്തം' പ്രഖ്യാപിക്കേണ്ടതുണ്ടായിരുന്നോ എന്നതും ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. പ്രത്യേകിച്ചും വിശദാംശങ്ങളില്‍ ഇത് എന്താണ് അര്‍ഥമാക്കുന്നതെന്ന് വ്യക്തമല്ലാത്ത സാഹചര്യത്തില്‍. 'ഏതൊരു ഭീകര പ്രവര്‍ത്തനവും രാജ്യത്തോടുള്ള യുദ്ധമായി കണക്കാക്കും' എന്നോ 'ഭീകരതയോട് ഒട്ടും ക്ഷമിക്കില്ല' എന്നോ പറയുമ്പോള്‍ നാം യഥാര്‍ഥത്തില്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കേണ്ടതുണ്ട്. ഭീകരാക്രമണത്തിന്റെ വലുപ്പമോ സ്വഭാവമോ കണക്കിലെടുക്കാതെ നാം പാകിസ്താനെതിരേ മിസൈലുകള്‍ പായിക്കുമെന്നാണോ ഇതുകൊണ്ട് അര്‍ഥമാക്കുന്നത്. ഒരാള്‍ പറഞ്ഞപോലെ 'മൃദുവായി സംസാരിക്കുകയും കൈവശം വലിയ വടി വെക്കുകയെന്നതുമാണ് ഏറ്റവും നല്ലത്'. ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി ചെയ്തതുപോലെ നാം സ്ഥിരതയോടെ അത് ചെയ്യുകയാണെങ്കില്‍ നമ്മുടെ 'സാധാരണത്വ'ത്തില്‍ ഒരു മാറ്റമുണ്ടായെന്ന് ലോകമറിയും.
(പാകിസ്താനിലും അഫ്ഗാനിസ്താനിലും മാധ്യമപ്രവര്‍ത്തകനായ ലേഖകന്‍ മാതൃഭൂമി മുന്‍ പത്രാധിപരാണ്)
Content Highlights: Analysis of Pakistan`s military promotions following Operation Sindoor setback
Published: 12 Jun 2025, 07:38 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented